അറുപത്താറാംദിവസം: ന്യായാധിപന്മാര്‍ 7 - 9


അദ്ധ്യായം 7

മിദിയാന്‍കാരെ തോല്പിക്കുന്നു

1: ജറുബ്ബാലും -ഗിദെയോൻ- സംഘവും അതിരാവിലെയെഴുന്നേറ്റ്, ഹാരോദുനീരുറവയ്ക്കുസമീപം പാളയമടിച്ചു. മിദിയാൻ്റെ താവളം, വടക്കു മോറിയാക്കുന്നിൻ്റെ താഴ്‌വരയിലായിരുന്നു.
2: കര്‍ത്താവ് ഗിദെയോനോടു പറഞ്ഞു: "നിങ്ങളുടെ സംഖ്യ അധികമായതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈയിലേല്പിക്കുന്നില്ല. സ്വന്തം കൈകൊണ്ടുതന്നെ രക്ഷപ്രാപിച്ചെന്ന്, ഇസ്രായേല്‍ എൻ്റെനേരേനോക്കി വീമ്പടിച്ചേക്കും.
3: അതുകാണ്ടു ഭയന്നുവിറയ്ക്കുന്നവര്‍ വീടുകളിലേക്കു തിരിച്ചുപൊയ്‌ക്കൊള്ളുക എന്നു ജനത്തോടു പറയണം. ഗിദെയോന്‍ അവരെ പരിശോധിച്ചു. ഇരുപത്തീരായിരംപേര്‍ തിരിച്ചുപോയി; പതിനായിരംപേര്‍ ശേഷിച്ചു.
4: കര്‍ത്താവു വീണ്ടും ഗിദെയോനോടു പറഞ്ഞു: ജനങ്ങള്‍ ഇപ്പോഴുമധികമാണ്. അവരെ ജലാശയത്തിലേക്കു കൊണ്ടുവരുക. അവിടെവച്ചു ഞാനവരെ നിനക്കുവേണ്ടി പരിശോധിക്കാം. ഇവന്‍ നിന്നോടുകൂടെ പോരട്ടെയെന്നു ഞാന്‍ ആരെപ്പറ്റിപറയുന്നുവോ അവന്‍ നിന്നാടുകൂടെ വരട്ടെ. ഇവന്‍ നിന്നോടുകൂടെ പോരേണ്ടായെന്നു ഞാന്‍ ആരെക്കുറിച്ചു പറയുന്നുവോ അവന്‍ പോരേണ്ടാ.
5: ഗിദെയോന്‍, ജനത്തെ ജലത്തിനുസമീപം കൊണ്ടുവന്നു. കര്‍ത്താവു പറഞ്ഞു: നായെപ്പോലെ വെള്ളം നക്കികുടിക്കുന്നവരെ നീ മാറ്റി നിറുത്തണം. മുട്ടുകുത്തി കുടിക്കുന്നവരെ വേറെയും നിറുത്തുക.
6: കൈയില്‍ക്കോരി, വായോടടുപ്പിച്ചു നക്കിക്കുടിച്ചവര്‍ മുന്നൂറുപേരായിരുന്നു. മറ്റുള്ളവര്‍ വെള്ളംകുടിക്കാന്‍ മുട്ടുകുത്തി.
7: കര്‍ത്താവു ഗിദെയോനോടു പറഞ്ഞു: വെള്ളം നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാന്‍ നിങ്ങളെ വീണ്ടെടുക്കും. മിദിയാന്‍കാരെ നിൻ്റെ കൈയിലേല്പിക്കും; മറ്റുള്ളവര്‍ താന്താങ്ങളുടെ ഭവനങ്ങളിലേക്കു പോകട്ടെ. അവര്‍ ജനത്തില്‍നിന്നു കാഹളങ്ങളും ഭരണികളും ശേഖരിച്ചു.
8: മുന്നൂറുപേരെ നിറുത്തിയിട്ട്, ബാക്കി ഇസ്രായേല്യരെ സ്വന്തം കൂടാരങ്ങളിലേക്കു തിരിച്ചയച്ചു. അവര്‍ക്കുതാഴേ, താഴ്‌വരയിലായിരുന്നു മിദിയാന്‍കാരുടെ താവളം.
9: ആ രാത്രിയില്‍ കര്‍ത്താവവനോടു പറഞ്ഞു: എഴുന്നേറ്റു താവളത്തിനരികിലേക്കു ചെല്ലുക. ഞാനതു നിനക്കു വിട്ടുതന്നിരിക്കുന്നു.
10: എന്നാല്‍, താഴേക്കിറങ്ങിച്ചെല്ലാന്‍ നിനക്കു ഭയമാണെങ്കില്‍ ഭൃത്യന്‍ പൂരായെക്കൂടെ കൊണ്ടുപോവുക.
11: അവന്‍ പറയുന്നതു നീ കേള്‍ക്കുക. അപ്പോള്‍ താവളത്തിനെതിരേനീങ്ങാന്‍ നിനക്കു കരുത്തു ലഭിക്കും. ഭൃത്യനായ പൂരായോടുകൂടെ ആയുധധാരികളായ ശത്രുഭടന്മാരുടെ പുറംതാവളത്തിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു.
12: മിദിയാന്‍കാര്‍, അമലേക്യര്‍, പൗരസ്ത്യര്‍ - ഇവരുടെ കൂട്ടം താഴ്‌വരയില്‍ വെട്ടുകിളികള്‍പോലെ അസംഖ്യമായിരുന്നു. അവരുടെ ഒട്ടകങ്ങള്‍ കടല്‍പ്പുറത്തെ മണല്‍പോലെ സംഖ്യാതീതമായിരുന്നു.
13: ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരാള്‍ സ്‌നേഹിതനോട് ഒരു സ്വപ്നം വിവരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു; മിദിയാന്‍കാരുടെ താവളത്തിലേക്ക് ഒരു ബാര്‍ലിയപ്പം ഉരുണ്ടുരുണ്ടുവന്നു കൂടാരത്തിന്മേല്‍ത്തട്ടി. കൂടാരം മേല്‍കീഴായിമറിഞ്ഞു നിലംപരിചായി.
14: അവൻ്റെ സ്‌നേഹിതന്‍ പറഞ്ഞു: ഇത് ഇസ്രായേല്യനായ യോവാഷിൻ്റെ പുത്രന്‍ ഗിദെയോൻ്റെ വാളല്ലാതെ മറ്റൊന്നുമല്ല. അവൻ്റെ കൈകളില്‍ ദൈവം മിദിയാന്‍കരെയും സൈന്യത്തെയുമേല്പിച്ചിരിക്കുന്നു.
15: സ്വപ്നവും അതിൻ്റെ വ്യാഖ്യാനവുംകേട്ടപ്പോള്‍ ഗിദെയോന്‍ ദൈവത്തെ വണങ്ങി. അവന്‍ ഇസ്രായേലിൻ്റെ താവളത്തിലേക്കു തിരിച്ചുചെന്നുപറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, കര്‍ത്താവു മിദിയാന്‍സൈന്യത്തെ നിങ്ങളുടെ കരങ്ങളിലേല്പിച്ചിരിക്കുന്നു.
16: അവന്‍ ആ മുന്നൂറുപേരെ മൂന്നു ഗണമായി തിരിച്ചു; അവരുടെ കൈകളില്‍ കാഹളങ്ങളും ഒഴിഞ്ഞഭരണികളില്‍ പന്തങ്ങളും കൊടുത്തുകൊണ്ടു പറഞ്ഞു:
17: എന്നെ നോക്കുവിന്‍; ഞാന്‍ ചെയ്യുന്നതുപോലെ ചെയ്യുവിന്‍. പാളയത്തിൻ്റെ അതിര്‍ത്തിയില്‍ചെല്ലുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യണം.
18: ഞാനും എൻ്റെകൂടെയുള്ളവരും കാഹളംമുഴക്കുമ്പോള്‍ പാളയത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കാഹളംമുഴക്കി, കര്‍ത്താവിനും ഗിദെയോനുംവേണ്ടി എന്നുദ്‌ഘോഷിക്കണം.
19: മദ്ധ്യയാമാരംഭത്തില്‍ ഭടന്മാര്‍ കാവല്‍മാറുമ്പോള്‍ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിൻ്റെ അതിര്‍ത്തിയിലെത്തി. അവര്‍ കാഹളംമുഴക്കി, കൈയിലുണ്ടായിരുന്ന ഭരണികളുടച്ചു.
20: മൂന്നു ഗണങ്ങളും കാഹളം മുഴക്കി, ഭരണികളുടച്ചു. ഇടത്തുകൈയില്‍ പന്തവും വലത്തുകൈയ്യില്‍ കാഹളവും പിടിച്ചു. കര്‍ത്താവിനും ഗിദെയോനുംവേണ്ടി ഒരു വാള്‍ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു.
21: താവളത്തിനുചുറ്റും ഓരോരുത്തരും താന്താങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു. ശത്രുസേന ഓടിപ്പോയി; അവര്‍ നിലവിളിച്ചുകൊണ്ട് ഓടി രക്ഷപെട്ടു.
22: ആ മുന്നൂറു കാഹളങ്ങള്‍ മുഴങ്ങിയപ്പോള്‍ തൻ്റെ കൂട്ടുകാരനെയും സഹയോദ്ധാക്കളെയും വാള്‍കൊണ്ടുവെട്ടാന്‍ കര്‍ത്താവു പാളയത്തിലെ ഭടന്മാരെ പ്രേരിപ്പിച്ചു. പട്ടാളം സെരേറ ലക്ഷ്യമാക്കി ബത്ത്ഷിത്താവരെയും, തബാത്തില്‍ക്കൂടി അബല്‍മെഹോലയുടെ അതിരുവരെയും ഓടി.
23: നഫ്താലി, ആഷേര്‍, മനാസ്സെ ഗോത്രങ്ങളില്‍നിന്നു വിളിച്ചുകൂട്ടിയ ഇസ്രായേല്‍ക്കാര്‍ മിദിയാന്‍കാരെ പിന്തുടര്‍ന്നു.
24: ഗിദെയോന്‍ എഫ്രായിംമലനാടിൻ്റെ എല്ലാ ഭാഗങ്ങളിലും ദൂതന്മാരെയയച്ചു പറഞ്ഞു: മിദിയാന്‍കാര്‍ക്കെതിരേ ഇറങ്ങിവരുവിന്‍; ബത്ത്ബാറയും ജോര്‍ദ്ദാനുംവരെയുള്ള ജലാശയങ്ങള്‍ പിടിച്ചടക്കുവിന്‍. എഫ്രായിംകാര്‍ ഒരുമിച്ചുകൂടി ബത്ത്ബാറയും ജോര്‍ദ്ദാനുംവരെയുള്ള ജലാശയങ്ങള്‍ കൈവശമാക്കി.
25: മിദിയാനെ പിന്തുടരവേ ഓറെബ്, സേബ് എന്നീ മിദിയാന്‍പ്രഭുക്കളെ അവര്‍ പിടികൂടി. ഓറെബിനെ ഓറെബ് ശിലയില്‍വച്ചും സേബിനെ സേബ് മുന്തിരിച്ചക്കിനരികേവച്ചും കൊന്നുകളഞ്ഞു. ഓറെബിൻ്റെയും സേബിൻ്റെയും തലകള്‍ അവര്‍ ജോര്‍ദ്ദാൻ്റെ അക്കരെ, ഗിദെയോൻ്റെയടുത്തു കൊണ്ടുചെന്നു.

 അദ്ധ്യായം 8

1: എഫ്രായിംകാര്‍ ഗിദെയോനോടു പറഞ്ഞു: നീ എന്താണിങ്ങനെ ചെയ്തത്? മിദിയാനോടു യുദ്ധത്തിനുപോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?
2: അവരവനെ നിഷ്‌കരുണം കുറ്റപ്പെടുത്തി. അവനവരോടു പറഞ്ഞു: നിങ്ങള്‍ ചെയ്തതിനോടു തുലനംചെയ്യുമ്പോള്‍ ഞാന്‍ ചെയ്തതെത്ര നിസ്സാരം! എഫ്രായിമിലെ കാലാപെറുക്കല്‍ അബിയേസറിലെ മുന്തിരിക്കൊയ്ത്തിനെക്കാള്‍ എത്രയോ മെച്ചം!
3: മിദിയാന്‍പ്രഭുക്കളായ ഓറെബിനെയും സേബിനെയും നിങ്ങളുടെ കൈകളില്‍ ദൈവമേല്പിച്ചു. നിങ്ങളോടു താരതമ്യംചെയ്യുമ്പോള്‍ എനിക്കു ചെയ്യാന്‍കഴിഞ്ഞത് എത്ര നിസ്സാരം! ഇതുകേട്ടപ്പോള്‍ അവരുടെ കോപം ശമിച്ചു.
4: നന്നേ ക്ഷീണിച്ചിരുന്നിട്ടും ഗിദെയോനും അവനോടൊപ്പമുണ്ടായിരുന്ന മുന്നൂറുപേരും ശത്രുക്കളെ പിന്തുടര്‍ന്നു ജോര്‍ദ്ദാൻ്റെ മറുകര കടന്നു.
5: സുക്കോത്തിലെ ജനങ്ങളോട് അവന്‍ പറഞ്ഞു: ദയവായി എൻ്റെ അനുയായികള്‍ക്കു കുറച്ച് അപ്പം കൊടുക്കുവിന്‍. അവര്‍ ക്ഷീണിച്ചിരിക്കുന്നു. ഞാന്‍ മിദിയാന്‍രാജാക്കന്മാരായ സേബായെയും സല്‍മുന്നായെയും പിന്തുടര്‍ന്നാക്രമിക്കാന്‍പോകുകയാണ്.
6: സുക്കോത്തിലെ പ്രമാണികള്‍ ചോദിച്ചു: സേബായും സല്‍മുന്നായും നിൻ്റെ കൈയില്‍പ്പെട്ടുകഴിഞ്ഞോ? എന്തിനു നിൻ്റെ പട്ടാളത്തിനു ഞങ്ങള്‍ അപ്പം തരണം? ഗിദെയോന്‍ പറഞ്ഞു:
7: ആകട്ടെ; സേബായെയും സല്‍മുന്നായെയും കര്‍ത്താവ് എൻ്റെ കൈയിലേല്പിച്ചുകഴിയുമ്പോള്‍ നിങ്ങളുടെ ദേഹം കാട്ടിലെ മുള്ളുകൊണ്ടും കാരമുള്ളുകൊണ്ടും ഞാന്‍ ചീന്തിക്കീറും. അവിടെനിന്ന് അവന്‍ പെനുവേലിലേക്കു പോയി. അവരോടും അപ്രകാരംതന്നെ ആവശ്യപ്പെട്ടു. എന്നാല്‍, അവരും സുക്കോത്തുദേശക്കാരെപ്പോലെതന്നെ മറുപടി നല്കി.
8: അവന്‍ പെനുവേല്‍നിവാസികളോടു പറഞ്ഞു:
9: വിജയിയായി തിരിച്ചുവരുമ്പോള്‍ ഈ ഗോപുരം ഞാന്‍ തകര്‍ത്തുകളയും.
10: സേബായും സല്‍മുന്നായും പതിനയ്യായിരത്തോളം ഭടന്മാരോടുകൂടെ കാര്‍ക്കോറില്‍ താവളമടിച്ചിരുന്നു. പൗരസ്ത്യദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചവരാണവര്‍. യുദ്ധംചെയ്തവരില്‍ ഒരു ലക്ഷത്തിയിരുപതിനായിരംപേര്‍ കൊല്ലപ്പെട്ടിരുന്നു.
11: ഗിദെയോന്‍ നോബാഹിനും യോഗ്‌ബെയായ്ക്കും കിഴക്കുള്ള നാട്ടുപാതയിലൂടെചെന്ന്, സുരക്ഷിതരെന്നു വിചാരിച്ചിരുന്ന ആ സൈന്യത്തെയാക്രമിച്ചു.
12: സേബായും സല്‍മുന്നായും പലായനംചെയ്തു. ഗിദെയോന്‍ അവരെ പിന്തുടര്‍ന്നു പിടിച്ചു. പട്ടാളത്തില്‍ വലിയ സംഭ്രാന്തിയുണ്ടായി.
13: അനന്തരം, യോവാഷിൻ്റെ പുത്രന്‍ ഗിദെയോന്‍ പടക്കളത്തില്‍നിന്നു ഹേറെസ്‌കയറ്റംവഴി മടങ്ങി.
14: വഴിയില്‍ അവന്‍ സുക്കോത്തുകാരനായ ഒരു ചെറുപ്പക്കാരനെ പിടിച്ചുനിറുത്തി ചോദ്യംചെയ്തു. അവന്‍, പ്രമാണികളും ശ്രേഷ്ഠന്മാരുമായ എഴുപത്തിയേഴാളുകളുടെ പേരെഴുതിക്കൊടുത്തു.
15: ഗിദെയോന്‍ സുക്കോത്തില്‍ച്ചെന്ന്, അവിടുത്തെ ജനങ്ങളോടു പറഞ്ഞു: ഇതാ സേബായും സല്‍മുന്നായും. ക്ഷീണിച്ച ഭടന്മാര്‍ക്കു ഭക്ഷണംകൊടുക്കാന്‍ സേബായും സല്‍മുന്നായും നിൻ്റെ കൈകളില്‍ പെട്ടുകഴിഞ്ഞോ എന്നുപറഞ്ഞു നിങ്ങളധിക്ഷേപിച്ചില്ലേ?
16: അവന്‍ പട്ടണത്തിലെ ശ്രേഷ്ഠന്മാരെ പിടികൂടി കാട്ടിലെ മുള്ളും കാരമുള്ളുംകൊണ്ട് അവരെ പാഠംപഠിപ്പിച്ചു.
17: അവന്‍ പെനുവേല്‍ഗോപുരം തകര്‍ത്തു നഗരവാസികളെ കൊന്നൊടുക്കി.
18: ഗിദെയോന്‍ സേബായോടും സല്‍മുന്നായോടും ചോദിച്ചു: താബോറില്‍ നിങ്ങള്‍ നിഗ്രഹിച്ചവരെവിടെ? അവര്‍ മറുപടി പറഞ്ഞു: നിന്നെപ്പോലെതന്നെയായിരുന്നു അവരോരുത്തരും. അവര്‍ രാജകുമാരന്മാര്‍ക്കു സദൃശരായിരുന്നു.
19: അവന്‍ പറഞ്ഞു: അവരെൻ്റെ സഹോദരന്മാരായിരുന്നു- എൻ്റെ അമ്മയുടെ പുത്രന്മാര്‍. കര്‍ത്താവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങളവരുടെ ജീവന്‍ രക്ഷിച്ചിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു.
20: തൻ്റെ ആദ്യജാതനായ യഥറിനോട് ഗിദെയോന്‍ പറഞ്ഞു: എഴുന്നേറ്റ് അവരെ കൊല്ലുക; എന്നാല്‍, ആ യുവാവ് വാളൂരിയില്ല.
21: നന്നേ ചെറുപ്പമായിരുന്നതിനാല്‍ അവന്‍ ഭയപ്പെട്ടു. അപ്പോള്‍ സേബായും സല്‍മുന്നായും പറഞ്ഞു: നീതന്നെ ഞങ്ങളെ കൊല്ലുക. ഒരുവന്‍ എങ്ങനെയോ അതുപോലെയാണ് അവൻ്റെ ബലവും. ഗിദെയോന്‍ അവരെ വധിച്ചു. അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങള്‍ അവനെടുത്തു.
22: ഇസ്രായേല്‍ജനം ഗിദെയോനോടു പറഞ്ഞു: നീയും നിൻ്റെ പുത്രനും പൗത്രനും ഞങ്ങളെ ഭരിക്കുക. നീ ഞങ്ങളെ മിദിയാൻ്റെ കൈയ്യില്‍നിന്നു രക്ഷിച്ചുവല്ലോ.
23: ഗിദെയോന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ ഭരിക്കയില്ല. എൻ്റെ മകനും ഭരിക്കയില്ല. പിന്നെയോ, കര്‍ത്താവു നിങ്ങളെ ഭരിക്കും.
24: അവന്‍ തുടര്‍ന്നു: ഒരു കാര്യമേ ഞാന്‍ ചോദിക്കുന്നുള്ളു. കൊള്ളചെയ്തുകിട്ടിയ കര്‍ണ്ണാഭരണങ്ങള്‍ ഓരോരുത്തനും എനിക്കുതരുക - മിദിയാന്‍കാര്‍ ഇസ്മായേല്യരായിരുന്നതിനാല്‍ അവര്‍ക്കു സ്വര്‍ണ്ണകുണ്ഡലങ്ങളുണ്ടായിരുന്നു.
25: ഞങ്ങള്‍ സന്തോഷത്തോടെ അതു നിനക്കുതരാം എന്നുപറഞ്ഞ് അവര്‍ ഒരു വസ്ത്രം വിരിച്ചു. ഓരോരുത്തനും കൊള്ളയില്‍ക്കിട്ടിയ കുണ്ഡലം അതിലിട്ടു.
26: അവനുലഭിച്ച പൊന്‍കുണ്ഡലങ്ങളുടെ തൂക്കം ആയിരത്തെഴുനൂറു ഷെക്കലായിരുന്നു. മിദിയാന്‍ രാജാക്കന്മാര്‍ അണിഞ്ഞിരുന്ന കണ്ഠാഭരണം, പതക്കം, ചെങ്കുപ്പായം, ഒട്ടകങ്ങളുടെ കഴുത്തുപട്ട എന്നിവയ്ക്കുപുറമേയാണിത്.
27: ഗിദെയോന്‍ അവകൊണ്ട് ഒരു എഫോദ് നിര്‍മ്മിച്ചു തൻ്റെ പട്ടണമായ ഓഫ്രായില്‍ സ്ഥാപിച്ചു. ഇസ്രായേല്‍ക്കാര്‍ അതിനെയാരാധിച്ച്ര്, കർത്താവിനോട് അവിശ്വസ്തതകാണിച്ചു. ഇതു ഗിദെയോനും കുടുംബത്തിനും കെണിയായിത്തീര്‍ന്നു. മിദിയാന്‍ ഇസ്രായേലിനു കീഴടങ്ങി.
28: വീണ്ടും തലയുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഗിദെയോൻ്റെകാലത്തു നാല്പതുവര്‍ഷം ദേശത്തു ശാന്തിയുണ്ടായി.

ഗിദെയോൻ്റെ മരണം

29: യോവാഷിൻ്റെ മകന്‍ ജറുബ്ബാല്‍ മടങ്ങിവന്നു സ്വന്തംവീട്ടില്‍ താമസമാക്കി.
30: ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു; അവരില്‍ എഴുപതു പുത്രന്മാര്‍ ജനിച്ചു.
31: അവന്, ഷെക്കെമിലെ ഉപനാരിയില്‍ ഒരു പുത്രനുണ്ടായി. അബിമെലക്ക് എന്ന് അവനു പേരിട്ടു.
32: യോവാഷിൻ്റെ പുത്രന്‍ ഗിദെയോന്‍ വൃദ്ധനായി മരിച്ചു. അവനെ അബിയേസര്‍വംശജരുടെ ഓഫ്രായില്‍, പിതാവായ യോവാഷിൻ്റെ കല്ലറയില്‍ സംസ്‌കരിച്ചു.
33: ഗിദെയോന്‍ മരിച്ചയുടനെ ഇസ്രായേല്‍ കര്‍ത്താവിനോട് അവിശ്വസ്തത കാട്ടി. ബാല്‍ദേവന്മാരെ ആരാധിച്ചു; ബാല്‍ബറീത്തിനെ തങ്ങളുടെ ദൈവമാക്കി.
34: ചുറ്റുമുള്ള എല്ലാ ശത്രുക്കളുടെയും കരങ്ങളില്‍നിന്നു തങ്ങളെ വിടുവിച്ച ദൈവമായ കര്‍ത്താവിനെ ഇസ്രായേല്‍ സ്മരിച്ചില്ല. ജറുബ്ബാല്‍ -ഗിദെയോന്‍ - ചെയ്ത നന്മ ഇസ്രായേല്‍ മറന്നു. അവൻ്റെ കുടുംബത്തോട് ഒട്ടും കരുണകാണിച്ചില്ല.

അദ്ധ്യായം 9

അബിമെലക്ക്

1: ജറുബ്ബാലിൻ്റെ പുത്രനായ അബിമെലക്ക് ഷെക്കെമില്‍ച്ചെന്നു തൻ്റെ അമ്മയുടെ ബന്ധുക്കളോടും വംശക്കാരോടും പറഞ്ഞു:
2: നിങ്ങള്‍ ഷെക്കെം പൗരന്മാരോടു രഹസ്യമായി ചോദിക്കുവിന്‍: ജറൂബ്ബാലിൻ്റെ എഴുപത് പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരാള്‍മാത്രം നിങ്ങളെ ഭരിക്കുന്നതോ ഏതാണു നിങ്ങള്‍ക്കു നല്ലത്? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവുമാണെന്നുമോര്‍ത്തുകൊള്ളുവിന്‍.
3: അവൻ്റെ അമ്മയുടെ ബന്ധുക്കള്‍ അബിമെലക്കിനുവേണ്ടി ഇക്കാര്യം ഷെക്കെംനിവാസികളോടു രഹസ്യമായി പറഞ്ഞു: അവരുടെ ഹൃദയം അബിമെലക്കിങ്കലേക്കു ചാഞ്ഞു. അവന്‍ നമ്മുടെ സഹോദരനാണല്ലോ എന്ന് അവര്‍ പറഞ്ഞു.
4: ബാല്‍ബെറീത്തിൻ്റെ ക്ഷേത്രത്തില്‍നിന്ന് എഴുപതു വെള്ളിനാണയമെടുത്ത്, അവര്‍ അബിമെലക്കിനു കൊടുത്തു.
5: അവന്‍ കുറെ ചട്ടമ്പികളെ തൻ്റെ അനുയായികളാക്കി. അവന്‍ ഓഫ്രായില്‍ തൻ്റെ പിതൃഭവനത്തിലേക്കു പോയി. സ്വന്തം സഹോദരന്മാരും ജറുബ്ബാലിൻ്റെ മക്കളുമായ എഴുപതുപേരെയും ഒരേകല്ലില്‍വച്ചു കൊന്നു. എന്നാല്‍, ജറുബ്ബാലിൻ്റെ ഇളയപുത്രന്‍ യോത്താം ഒളിച്ചിരുന്നതുകൊണ്ടു രക്ഷപെട്ടു.
6: ഷെക്കെമിലെയും ബത്മില്ലോയിലെയും എല്ലാ പൗരന്മാരും ഒന്നിച്ചുകൂടി. ഷെക്കെമിലെ സ്തംഭത്തോടുചേര്‍ന്നുള്ള ഓക്കുമരത്തിൻ്റെ സമീപംവച്ച് അബിമെലക്കിനെ രാജാവായി വാഴിച്ചു.
7: യോത്താം ഇതറിഞ്ഞു ഗരിസിംമലയുടെ മുകളില്‍ക്കയറിനിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഷെക്കെം നിവാസികളേ, ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിനു ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍.
8: ഒരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കൊരു രാജാവിനെ അഭിഷേകംചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങളുടെമേല്‍ വാഴുകയെന്ന് അവര്‍ ഒലിവുമരത്തോടു പറഞ്ഞു.
9: ഒലിവുമരം അവരോടു പറഞ്ഞു: ദേവന്മാരെയും മനുഷ്യരെയും ഒന്നുപോലെ ബഹുമാന്യരാക്കുന്ന എൻ്റെ എണ്ണ മറന്നു വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ ഞാന്‍ പോകണമെന്നോ?
10: വൃക്ഷങ്ങള്‍ അത്തിമരത്തോടു പറഞ്ഞു:
11: നീ വന്നു ഞങ്ങളെ ഭരിക്കുക. അത്തിമരം അവരോടു പറഞ്ഞു: രുചിയേറിയ എൻ്റെ പഴമുപേക്ഷിച്ച്, ഞാന്‍ വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ പോകണമെന്നോ?
12: അപ്പോള്‍ അവ മുന്തിരിയോടു പറഞ്ഞു: നീ വന്നു ഞങ്ങളുടെമേല്‍ വാഴുക.
13: എന്നാല്‍, മുന്തിരി പറഞ്ഞു: ദേവന്മാരെയും മനുഷ്യരെയും സന്തോഷിപ്പിക്കുന്ന എൻ്റെ വീഞ്ഞുപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ ഞാന്‍ വരണമെന്നോ?
14: അപ്പോള്‍, വൃക്ഷങ്ങളെല്ലാം ഒന്നുചേര്‍ന്ന്, മുള്‍പ്പടര്‍പ്പിനോടു പറഞ്ഞു: ഞങ്ങളുടെമേല്‍ വാഴുക. മുള്‍പ്പടര്‍പ്പു പറഞ്ഞു:
15: നിങ്ങളെന്നെ നല്ല മനസ്സോടെയാണ് അഭിഷേകംചെയ്യുന്നതെങ്കില്‍ എൻ്റെ തണലില്‍ അഭയംതേടുവിന്‍. അല്ലാത്തപക്ഷം മുള്‍പ്പടര്‍പ്പില്‍നിന്നു തീയിറങ്ങി ലെബനോനിലെ ദേവദാരുക്കളെ നശിപ്പിക്കട്ടെ!
16: നിങ്ങള്‍ പരമാര്‍ത്ഥഹൃദയത്തോടെയാണോ അബിമെലക്കിനെ രാജാവാക്കുന്നത്? ജറുബ്ബാലിനോടും ഭവനത്തോടും അവൻ്റെ പ്രവൃത്തികള്‍ അര്‍ഹിക്കുന്ന വിധമാണോ നിങ്ങള്‍ പെരുമാറുന്നത്?
17: എൻ്റെ പിതാവു നിങ്ങള്‍ക്കുവേണ്ടി പോരാടി; ജീവനെ തൃണവദ്ഗണിച്ച് മിദിയാന്‍കാരുടെ കൈയില്‍നിന്നു നിങ്ങളെ വീണ്ടെടുത്തു.
18: ഇപ്പോള്‍ നിങ്ങള്‍ എൻ്റെ പിതാവിൻ്റെ കുടുംബത്തിനെതിരേ കരമുയര്‍ത്തിയിരിക്കുന്നു; അവൻ്റെ എഴുപതു പുത്രന്മാരേ ഒരേകല്ലില്‍വച്ചു നിങ്ങള്‍ വധിച്ചു. എന്നിട്ട്, എൻ്റെ പിതാവിനു ദാസിയില്‍ജനിച്ച അബിമെലക്കിനെ, നിങ്ങളുടെ ബന്ധുവായതുകൊണ്ട്, ഷെക്കെമില്‍ രാജാവായി വാഴിക്കുകയുംചെയ്തിരിക്കുന്നു.
19: നിങ്ങള്‍ പരമാര്‍ത്ഥഹൃദയത്തോടെയാണു ജറുബ്ബാലിനോടും കുടുംബത്തോടും പ്രവര്‍ത്തിച്ചതെങ്കില്‍, അബിമെലക്കില്‍ സന്തോഷിക്കുവിന്‍; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.
20: അല്ലാത്തപക്ഷം, അബിമെലക്കില്‍നിന്നു തീയിറങ്ങി ഷെക്കെമിലെയും ബത്ത്മില്ലോയിലെയും ജനങ്ങളെ വിഴുങ്ങട്ടെ; ഷെക്കെമില്‍നിന്നും ബത്ത്മില്ലോയില്‍നിന്നും തീയിറങ്ങി അബിമെലക്കിനേയും വിഴുങ്ങട്ടെ.
21: യോത്താം സഹോദരനായ അബിമെലക്കിനെ ഭയന്നു പലായനംചെയ്തു; ബേറില്‍ചെന്നു താമസിച്ചു.
22: അബിമെലക്ക് മൂന്നുവര്‍ഷം ഇസ്രായേല്‍ ഭരിച്ചു.
23: അബിമെലക്കിനും ഷെക്കെംനിവാസികള്‍ക്കുമിടയ്ക്കു ദൈവം ഒരു ദുരാത്മാവിനെയയച്ചു; ഷെക്കെംനിവാസികള്‍ അബിമെലക്കിനെ വഞ്ചിച്ചു.
24: അങ്ങനെ ജറുബ്ബാലിൻ്റെ എഴുപതു മക്കളോടുചെയ്ത അക്രമത്തിനു പ്രതികാരമുണ്ടായി; അവരുടെ രക്തം ഘാതകനായ അബിമെലക്കിൻ്റെയും കൂട്ടുനിന്ന ഷെക്കെംകാരുടെയുംമേല്‍ പതിച്ചു.
25: ഷെക്കെംകാര്‍ മലമുകളില്‍ അവനെതിരേ ആളുകളെ പതിയിരുത്തി; ആ വഴിയെ കടന്നുപോയ എല്ലാവരെയും അവര്‍ കൊള്ളയടിച്ചു. ഇത് അബിമെലക്കറിഞ്ഞു.
26: ഏബദിൻ്റെ പുത്രനായ ഗാല്‍, തൻ്റെ ബന്ധുക്കളുമായി ഷെക്കെമിലേക്കു നീങ്ങി; ഷെക്കെംനിവാസികള്‍ അവനില്‍ വിശ്വാസമര്‍പ്പിച്ചു.
27: അവര്‍ വയലില്‍നിന്നു മുന്തിരിശേഖരിച്ചു ചവിട്ടിപ്പിഴിഞ്ഞ് ഉത്സവമാഘോഷിച്ചു; തങ്ങളുടെ ദേവൻ്റെ ക്ഷേത്രത്തില്‍ച്ചെന്നു തിന്നുകുടിച്ച് അബിമെലക്കിനെ ശപിച്ചു.
28: ഏബദിൻ്റെ പുത്രന്‍ ഗാല്‍ ചോദിച്ചു: ആരാണീ അബിമെലക്ക്? അവനെ സേവിക്കേണ്ടതിന് ഷെക്കെംകാരായ നാമാര്? ജറുബ്ബാലിൻ്റെ പുത്രനും അവൻ്റെ കിങ്കരനായ സെബൂളും ഷെക്കെമിൻ്റെ പിതാവായ ഹാമോറിൻ്റെ ആളുകളെ സേവിച്ചില്ലേ?
29: ഈ ജനം എൻ്റെ കീഴിലായിരുന്നെങ്കില്‍ ഞാന്‍ അബിമെലക്കിനെ വകവരുത്തുമായിരുന്നു. ഞാനവനോടു നിൻ്റെ സൈന്യശക്തി വലുതാക്കി ഇറങ്ങിവരൂ എന്നു പറയുമായിരുന്നു.
30: ഗാല്‍ പറഞ്ഞതുകേട്ടപ്പോള്‍ നഗരാധിപനായ സെബൂളിന് കോപം ജ്വലിച്ചു.
31: അവന്‍ അറുമായില്‍ അബിമെലക്കിൻ്റെയടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ അറിയിച്ചു: ഗാലും അവൻ്റെ ആളുകളും ഷെക്കെമില്‍ വന്നിരിക്കുന്നു; നിനക്കെതിരേ അവര്‍ നഗരവാസികളെ ഇളക്കുന്നു. അതുകൊണ്ടു നീ സൈന്യത്തോടുകൂടെ പുറപ്പെട്ട്,
32: രാത്രി വയലില്‍ പതിയിരിക്കുക.
33: അതിരാവിലെ സൂര്യനുദിച്ചുയരുമ്പോള്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ച് ആക്രമിക്കുക. ഗാലും സൈന്യവുമെതിര്‍ക്കുമ്പോള്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുക.
34: അബിമെലക്കും സൈന്യവും രാത്രിയിലെഴുന്നേറ്റു ഷെക്കെമിനെതിരായി നാലുഗണങ്ങളായി പതിയിരുന്നു.
35: ഗാല്‍ പുറത്തുവന്നു നഗരകവാടത്തിൻ്റെ മുമ്പില്‍ നിലയുറപ്പിച്ചു. അബിമെലക്കും സൈന്യവും ഒളിയിടങ്ങളില്‍നിന്നെഴുന്നേറ്റു.
36: ഗാല്‍ അവരെക്കണ്ടപ്പോള്‍ സെബൂളിനോടു പറഞ്ഞു: അതാ, മലമുകളില്‍നിന്ന് ആളുകള്‍ ഇറങ്ങിവരുന്നു. സെബൂള്‍ അവനോടു പറഞ്ഞു: മലയുടെ നിഴല്‍കണ്ടു മനുഷ്യരാണെന്നു നിനക്കു തോന്നുകയാണ്.
37: ഗാല്‍ വീണ്ടും അവനോടു പറഞ്ഞു: അതാ ദേശത്തിൻ്റെ മദ്ധ്യത്തില്‍നിന്ന് ആളുകള്‍ ഇറങ്ങിവരുന്നു. ഒരുകൂട്ടം ആളുകള്‍ ശകുനക്കാരുടെ ഓക്കുമരത്തിൻ്റെ ഭാഗത്തുനിന്നു വരുന്നു.
38: സെബൂള്‍ ചോദിച്ചു: നിൻ്റെ പൊങ്ങച്ചം ഇപ്പോളെവിടെ? നാം സേവിക്കാന്‍ അബിമെലക്കാരെന്നു നീയല്ലേ ചോദിച്ചത്? നീയധിക്ഷേപിച്ച ജനമല്ലേ ഇത്? നീതന്നെ പോയി അവരോടു പൊരുതുക.
39: ഗാല്‍, ഷെക്കെംനിവാസികളുടെ നേതാവായി അബിമെലക്കിനോടു പോരാടി.
40: അബിമെലക്ക് അവനെ പിന്തുടര്‍ന്നു; അവന്‍ പലായനംചെയ്തു;
41: പട്ടണകവാടംവരെ അനേകര്‍ മുറിവേറ്റു വീണു. അബിമെലക്ക് അറൂമായില്‍ താമസമാക്കി. സെബൂള്‍, ഗാലിനെയും അവൻ്റെ ബന്ധുക്കളെയും ഷെക്കെമില്‍ താമസിക്കാന്‍ സമ്മതിക്കാതെ അവിടെനിന്നു തുരത്തി.
42: അടുത്തദിവസം ജനങ്ങള്‍ വയലിലേക്കു പോയി; അബിമെലക്ക് അതറിഞ്ഞു.
43: അവന്‍ സേനയെ മൂന്നുഗണമായി തിരിച്ചു വയലില്‍ പതിയിരുത്തി. പട്ടണങ്ങളില്‍നിന്ന് ആളുകള്‍ നടന്നുവരുന്നത് അവന്‍ കണ്ടു.
44: അവനവരെ എതിര്‍ത്തുകൊന്നു. അബിമെലക്കും അവനോടുകൂടെയുണ്ടായിരുന്ന ഒരു ഗണവും ഓടി നഗരകവാടത്തില്‍ ചെന്നുനിന്നു. മറ്റേ രണ്ടുഗണങ്ങള്‍ വയലില്‍ നിന്നിരുന്നവരുടെ അടുത്തേക്കു പാഞ്ഞുചെന്ന് അവരെക്കൊന്നു.
45: അബിമെലക്ക് ആ ദിവസംമുഴുവന്‍ പട്ടണത്തിനെതിരേ യുദ്ധംചെയ്ത്, അതു കൈയ്യടക്കി. അവിടെ പാര്‍ത്തിരുന്നവരെ കൊന്നു; പട്ടണം ഇടിച്ചുനിരത്തി, ഉപ്പു വിതറി.
46: ഷെക്കെമിലെ ഗോപുരവാസികള്‍ ഇതു കേട്ടപ്പോള്‍ എല്‍ബെറീത്ത് ക്ഷേത്രത്തിൻ്റെ കോട്ടയില്‍ കടന്നു.
47: ഷെക്കെം ഗോപുരവാസികള്‍മുഴുവന്‍ തടിച്ചുകൂടിയിരിക്കുന്നു എന്ന് അബിമെലക്കിനറിവുകിട്ടി.
48: സല്‍മോന്‍മലയിലേക്ക് അബിമെലക്ക് പടയാളികളുമായിപ്പോയി. അവന്‍ കോടാലികൊണ്ട് ഒരുകെട്ടു വിറകു വെട്ടിയെടുത്തു. അതു തോളിലേടുത്ത്, കൂടെയുള്ളവരോട്, ഞാന്‍ ചെയ്തതുപോലെ വേഗം നിങ്ങളും ചെയ്യുവിന്‍ എന്നുപറഞ്ഞു.
49: അവര്‍ ഓരോകെട്ടു വിറകുവെട്ടി അബിമെലക്കിൻ്റെ പിന്നാലെചെന്നു കോട്ടയോടു ചേര്‍ത്തിട്ടു തീവച്ചു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ആയിരത്തോളംവരുന്ന ഷെക്കെം ഗോപുരനിവാസികളെല്ലാം കൊല്ലപ്പെട്ടു.
50: പിന്നീട്, അബിമെലക്ക്, തെബെസിലേക്കുചെന്നു പാളയമടിച്ച്, അതു പിടിച്ചടക്കി.
51: പട്ടണത്തിനുള്ളില്‍ ഒരു ബലിഷ്ഠഗോപുരമുണ്ടായിരുന്നു. അവിടത്തെ സ്ത്രീപുരുഷന്മാരെല്ലാം ഓടിച്ചെന്ന് അതിനകത്തു കടന്നു വാതിലടച്ചിട്ടു ഗോപുരത്തിൻ്റെ മുകള്‍ത്തട്ടിലേക്കു കയറി.
52: അബിമെലക്ക്‌ ഗോപുരത്തിനടുത്തെത്തി അതിനെതിരേ യുദ്ധംചെയ്തു. ഗോപുരം അഗ്നിക്കിരയാക്കാന്‍ അതിൻ്റെ വാതില്‍ക്കലെത്തി.
53: അപ്പോള്‍ ഒരുവള്‍ തിരികല്ലിന്‍പിള്ളയെറിഞ്ഞ്, അബിമെലക്കിൻ്റെ തലയോട് ഉടച്ചു.
54: ഉടനെ അവന്‍ തൻ്റെ ആയുധവാഹകനായ യുവാവിനെ ബദ്ധപ്പെട്ടു വിളിച്ചു. ഒരു സ്ത്രീ എന്നെ കൊന്നുവെന്ന് എന്നെക്കുറിച്ചു പറയാതിരിക്കാന്‍ നിൻ്റെ വാളൂരി എന്നെക്കൊല്ലുക എന്നു പറഞ്ഞു. അവന്‍ വാളൂരി വെട്ടി; അബിമെലക്ക് മരിച്ചു.
55: അവന്‍ മരിച്ചെന്നു കണ്ടപ്പോള്‍ ഇസ്രായേല്‍ജനം തങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി, തൻ്റെ എഴുപതു സഹോദരന്മാരെക്കൊന്ന്,
56: പിതാവിനോടുചെയ്ത ദ്രോഹത്തിന്, അബിമെലക്കിനു ദൈവം, തക്കശിക്ഷ കൊടുത്തു. ഷെക്കെംനിവാസികളുടെ ദുഷ്ടതയ്ക്കു ദൈവം അവരെ ശിക്ഷിച്ചു;
57: ജറുബ്ബാലിൻ്റെ പുത്രനായ യോത്താമിൻ്റെ ശാപം അവരുടെമേല്‍ പതിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ