ഏഴുപത്തൊന്നാംദിവസം: 1 സാമുവേല്‍ 1 - 4


അദ്ധ്യായം 1

സാമുവലിൻ്റെ ജനനം

1: എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍, സൂഫ്‌വംശജനായ എല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവൻ്റെ പിതാവ്‌ യറോഹാമായിരുന്നു. യറോഹാം എലീഹുവിൻ്റെയും എലീഹു തോഹുവിൻ്റെയും തോഹു എഫ്രായിംകാരനായ സൂഫിൻ്റെയും പുത്രനായിരുന്നു
2: എല്ക്കാനയ്ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു - ഹന്നായും പെനീന്നായും. പെനീന്നായ്ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു.
3: എല്ക്കാന, സൈന്യങ്ങളുടെ കര്‍ത്താവിനെയാരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി വര്‍ഷംതോറും തൻ്റെ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസുമായിരുന്നു അവിടെ കര്‍ത്താവിൻ്റെ പുരോഹിതന്മാര്‍.
4: ബലിയര്‍പ്പിക്കുന്ന ദിവസം, എല്ക്കാന ഭാര്യ പെനീന്നായ്ക്കും അവളുടെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഓഹരി കൊടുത്തിരുന്നു.
5: ഹന്നായെ കൂടുതല്‍ സ്‌നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരംശംമാത്രമേ നല്കിയിരുന്നുള്ളു. എന്തെന്നാല്‍, കര്‍ത്താവവളെ വന്ധ്യയാക്കിയിരുന്നു.
6: വന്ധ്യതനിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു.
7: ആണ്ടുതോറും കര്‍ത്താവിൻ്റെ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവള്‍ ഹന്നായെ പ്രകോപിപ്പിച്ചിരുന്നു. അതിനാല്‍, ഹന്നാ കരയുകയും ഭക്ഷണംകഴിക്കാതിരിക്കുകയുംചെയ്തു.
8: ഭര്‍ത്താവായ എല്ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണു നീ കരയുകയും ഭക്ഷിക്കാതിരിക്കുകയുംചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരിലുമുപരിയല്ലേ?
9: ഷീലോയില്‍വച്ച്, അവര്‍ ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്തതിനുശേഷം, ഹന്നയെഴുന്നേറ്റു കര്‍ത്താവിൻ്റെ സന്നിധിയില്‍ചെന്നു. പുരോഹിതനായ ഏലി, ദേവാലയത്തിൻ്റെ വാതില്പടിക്കുസമീപം ഒരു പീഠത്തിലിരിക്കുകയായിരുന്നു.
10: അവള്‍ കര്‍ത്താവിനോടു ഹൃദയംനൊന്തു കരഞ്ഞുപ്രാര്‍ത്ഥിച്ചു.
11: അവളൊരു നേര്‍ച്ചനേര്‍ന്നു: സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടംകണ്ട്, അങ്ങെന്നെയനുസ്മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്മരിക്കരുതേ! എനിക്കൊരു പുത്രനെ നല്കിയാല്‍, അവൻ്റെ ജീവിതകാലംമുഴുവന്‍ അവനെ ഞാന്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കും. അവൻ്റെ ശിരസ്സില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കുകയില്ല.
12: ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ, ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
13: അവള്‍ ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരംമാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി.
14: ഏലിയവളോടു പറഞ്ഞു: എത്രനേരം നീ ഉന്മത്തയായിരിക്കും? നിൻ്റെ ലഹരിയവസാനിപ്പിക്കുക.
15: ഹന്നാ പ്രതിവചിച്ചു: എൻ്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെ മനോവേദനയനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിൻ്റെമുമ്പില്‍ എൻ്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു.
16: ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയുംമൂലമാണ് ഞാനിതുവരെ സംസാരിച്ചത്.
17: അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിൻ്റെ ദൈവം നിൻ്റെ പ്രാര്‍ത്ഥന സാധിച്ചുതരട്ടെ!
18: അവള്‍ പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള്‍പോയി ഭക്ഷണംകഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായിട്ടില്ല.
19: എല്ക്കാനയും കുടുംബവും അതിരാവിലെയെഴുന്നേറ്റു കര്‍ത്താവിനെയാരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവവളെ അനുസ്മരിക്കുകയുംചെയ്തു.
20: അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാനവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ്, അവളവനു സാമുവല്‍ എന്നു പേരിട്ടു.
21: എല്ക്കാന കുടുംബസമേതം കര്‍ത്താവിനു വര്‍ഷംതോറുമുള്ള ബലിയര്‍പ്പിക്കാനും നേര്‍ച്ച നിറവേറ്റാനും പോയി. എന്നാല്‍, ഹന്നാ പോയില്ല.
22: അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: കുഞ്ഞിൻ്റെ മുലകുടിമാറട്ടെ; അവന്‍ കര്‍ത്തൃസന്നിധിയില്‍പ്രവേശിച്ച് എന്നേയ്ക്കും അവിടെ വസിക്കുന്നതിന്, അപ്പോള്‍ കൊണ്ടുവന്നുകൊള്ളാം. എല്ക്കാന അവളോടു പറഞ്ഞു:
23: നിൻ്റെ യുക്തംപോലെ ചെയ്തുകൊള്ളുക. അവൻ്റെ മുലകുടി മാറട്ടെ. കര്‍ത്താവിനോടുള്ള വാക്കു നിറവേറ്റിയാല്‍ മതി. അങ്ങനെ അവള്‍ കുഞ്ഞിൻ്റെ മുലകുടിമാറുന്നതുവരെ വീട്ടില്‍ താമസിച്ചു.
24: പിന്നീട്, മൂന്നുവയസ്സുള്ളൊരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടുകൂടെ അവളവനെ ഷീലോയില്‍ കര്‍ത്താവിൻ്റെയാലയത്തിലേക്കു കൊണ്ടുവന്നു; സാമുവല്‍ അപ്പോള്‍ ബാലനായിരുന്നു.
25: അവര്‍ കാളക്കുട്ടിയെ ബലിയര്‍പ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെയടുക്കല്‍ കൊണ്ടുവന്നു.
26: അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ച സ്ത്രീതന്നെയാണു ഞാന്‍.
27: ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്; എൻ്റെ പ്രാര്‍ത്ഥന കര്‍ത്താവുകേട്ടു.
28: ആകയാല്‍, ഞാനവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന്‍ കര്‍ത്താവിനുള്ളവനായിരിക്കും. അവര്‍ കര്‍ത്താവിനെയാരാധിച്ചു.


അദ്ധ്യായം 2

ഹന്നായുടെ കീര്‍ത്തനം

1: ഹന്നാ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: എൻ്റെ ഹൃദയം കര്‍ത്താവിലാനന്ദിക്കുന്നു. എൻ്റെ ശിരസ്സ്, കര്‍ത്താവിലുയര്‍ന്നിരിക്കുന്നു. എൻ്റെയധരം, ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊല്‍, അവിടുത്തെ രക്ഷയില്‍, ഞാനാനന്ദിക്കുന്നു.
2: കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരാശ്രയമില്ല.
3: അഹന്തയോടെ മേലില്‍ സംസാരിക്കരുത്. നിൻ്റെ നാവില്‍നിന്നു ഗര്‍വ്വു പുറപ്പെടാതിരിക്കട്ടെ. കാരണം, കര്‍ത്താവു സര്‍വ്വജ്ഞനായ ദൈവമാണ്. പ്രവൃത്തികളെ വിലയിരുത്തുന്നത് അവിടുന്നാണല്ലോ.
4: വീരന്മാരുടെ വില്ലുകള്‍ തകരുന്നു. ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
5: സുഭിക്ഷമനുഭവിച്ചിരുവര്‍ ആഹാരത്തിനായി കൂലിപ്പണിചെയ്യുന്നു. വിശപ്പനുഭവിച്ചിരുവര്‍ സംതൃപ്തിയടയുന്നു, വന്ധ്യ ഏഴു പ്രസവിക്കുന്നു. സന്താനസമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.
6: കര്‍ത്താവു ജീവനെടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്നു പാതാളത്തിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയുംചെയ്യുന്നു
7: ദരിദ്രനും ധനികനുമാക്കുന്നതു കര്‍ത്താവാണ്. താഴ്ത്തുന്നതുമുയര്‍ത്തുന്നതും അവിടുന്നുതന്നെ.
8: ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്നുയര്‍ത്തുന്നു. അഗതിയെ കുപ്പയില്‍നിന്നു സമുദ്ധരിക്കുന്നു. അങ്ങനെയവരെ പ്രഭുക്കന്മാരോടൊപ്പമിരുത്തി, ഉന്നതസ്ഥാനങ്ങള്‍ക്കവകാശികളാക്കുന്നു. ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്റേതാണ്. അതിന്മേല്‍ അവിടുന്നു ലോകത്തെയുറപ്പിച്ചിരിക്കുന്നു.
9: തൻ്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. ദുഷ്ടന്മാര്‍ അന്ധകാരത്തിലുപേക്ഷിക്കപ്പെടുന്നു. ശക്തിയാല്‍ ആരും പ്രബലനാകുന്നില്ല.
10: കര്‍ത്താവു പ്രതിയോഗികളെ ഛിന്നഭിന്നമാക്കുന്നു. അവര്‍ക്കെതിരേ ആകാശത്തില്‍ ഇടിമുഴക്കുന്നു. അവിടുന്നു ഭൂമിയെമുഴുവന്‍ വിധിക്കും. തൻ്റെ രാജാവിനു ശക്തികൊടുക്കും. തൻ്റെ അഭിഷിക്തൻ്റെ ശിരസ്സുയരുമാറാക്കും.
11: അനന്തരം, എല്ക്കാന റാമായിലുള്ള തൻ്റെ ഭവനത്തിലേക്കു മടങ്ങി. ബാലനായ സാമുവലാകട്ടെ, പുരോഹിതനായ ഏലിയുടെ സാന്നിദ്ധ്യത്തില്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തുപോന്നു.

ഏലിയുടെ പുത്രന്മാര്‍

12: ഏലിയുടെ പുത്രന്മാര്‍ ദുര്‍മാര്‍ഗ്ഗികളും കര്‍ത്താവിനെ ബഹുമാനിക്കാത്തവരുമായിരുന്നു.
13: ജനങ്ങളില്‍നിന്നു പുരോഹിതന്മാര്‍ക്കു ലഭിക്കേണ്ട വിഹിതത്തെസ്സംബന്ധിക്കുന്ന നിയമം അവര്‍ മാനിച്ചില്ല.
14: ആരെങ്കിലും, ബലിയര്‍പ്പിച്ച മാംസം പാകംചെയ്യുമ്പോള്‍ പുരോഹിതൻ്റെ ഭൃത്യന്‍ പാത്രത്തില്‍ മുപ്പല്ലികൊണ്ടുകുത്തി, അതില്‍ക്കിട്ടുന്നതു മുഴുവന്‍ പുരോഹിതനുവേണ്ടിയെടുത്തിരുന്നു. ഷീലോയില്‍ വന്നിരുന്ന ഇസ്രായേല്‍ക്കാരോടെല്ലാം അവരിപ്രകാരമാണു പ്രവര്‍ത്തിച്ചത്.
15: കൂടാതെ, മേദസ്സു ദഹിപ്പിക്കുന്നതിനുമുമ്പുതന്നെ ബലിയര്‍പ്പിക്കുന്നവനോടു പുരോഹിതൻ്റെ ഭൃത്യന്‍ വന്നുപറയും: പുരോഹിതനുവേണ്ടി പാകംചെയ്യാന്‍ കുറേമാംസം തരുക; പച്ചമാംസമല്ലാതെ, വേവിച്ചത് അദ്ദേഹം സ്വീകരിക്കുകയില്ല.
16: ആദ്യം മേദസ്സു ദഹിപ്പിക്കട്ടെ; എന്നിട്ടു നിങ്ങള്‍ക്കിഷ്ടമുള്ളതെടുക്കാമെന്നു തടസ്സംപറഞ്ഞാല്‍, പോരാ, ഇപ്പോള്‍ത്തന്നെ വേണം; അല്ലെങ്കില്‍, ഞാന്‍ ബലംപ്രയോഗിച്ചെടുക്കുമെന്ന് അവന്‍ മറുപടി പറയുമായിരുന്നു.
17: ഏലിയുടെ പുത്രന്മാരുടെ പാപം ദൈവസന്നിധിയില്‍ ഗുരുതരമായിത്തീര്‍ന്നു. അത്ര അശ്രദ്ധയോടെയാണ് അവര്‍ കര്‍ത്താവിനുള്ള അര്‍ച്ചനയെ വീക്ഷിച്ചത്.
18: ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തുപോന്നു. ചണനൂല്‍കൊണ്ടുള്ള ഒരു വിശേഷവസ്ത്രമാണ് അവന്‍ ധരിച്ചിരുന്നത്.
19: ബലിയര്‍പ്പിക്കാന്‍ ഭര്‍ത്താവിനോടൊത്ത് വര്‍ഷംതോറും പോകുമ്പോള്‍ അവൻ്റെ അമ്മ ചെറിയ ഉടുപ്പുണ്ടാക്കി അവനു കൊടുത്തിരുന്നു.
20: കര്‍ത്താവിനു സമര്‍പ്പിച്ച ഈ കുട്ടിക്കുപകരം ഈ സ്ത്രീയില്‍നിന്നുതന്നെ വേറെ സന്താനങ്ങളെ ദൈവം നല്കട്ടെയെന്ന്, എല്‍ക്കാനയെയും ഭാര്യയെയും ഏലിയനുഗ്രഹിച്ചിരുന്നു. പിന്നീട്, അവര്‍ വീട്ടിലേക്കുപോകും.
21: കര്‍ത്താവ് ഹന്നായെ കടാക്ഷിച്ചു. അവള്‍ ഗര്‍ഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു. ബാലനായ സാമുവലാകട്ടെ കര്‍ത്താവിൻ്റെ സന്നിധിയില്‍ വളര്‍ന്നുവന്നു.
22: ഏലി വൃദ്ധനായി; തൻ്റെ പുത്രന്മാര്‍ ഇസ്രായേല്‍ ജനത്തോടു ചെയ്തിരുന്നതെല്ലാം അവന്‍ കേട്ടു. സമാഗമകൂടാരത്തിൻ്റെ പ്രവേശനകവാടത്തില്‍ ജോലിചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവര്‍ ശയിച്ചിരുന്ന വിവരവും അവനറിഞ്ഞു.
23: അവനവരോടു പറഞ്ഞു: എന്താണു നിങ്ങളീ ചെയ്യുന്നത്? നിങ്ങളുടെ ദുഷ്‌കൃത്യങ്ങളെപ്പറ്റി ഓരോരുത്തര്‍ പറയുന്നതു ഞാന്‍ കേള്‍ക്കുന്നു.
24: മക്കളേ, മേലാല്‍ അങ്ങനെചെയ്യരുത്. നിങ്ങളെപ്പറ്റി ദൈവജനം പറഞ്ഞു ഞാന്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ തീരെ നന്നല്ല.
25: മനുഷ്യൻ, മനുഷ്യനോടു പാപംചെയ്താല്‍ ദൈവം അവനുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കും; കര്‍ത്താവിനോടു പാപംചെയ്താല്‍ ആരു മാദ്ധ്യസ്ഥ്യം വഹിക്കും? പക്ഷേ, അവര്‍ പിതാവിൻ്റെ വാക്കു കേട്ടില്ല. കാരണം, അവരെ നശിപ്പിക്കാന്‍ കര്‍ത്താവു നിശ്ചയിച്ചിരുന്നു.
26: ബാലനായ സാമുവലാകട്ടെ കര്‍ത്താവിൻ്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു.
27: കര്‍ത്താവയച്ച ഒരാള്‍ ഏലിയുടെ അടുക്കല്‍ വന്നുപറഞ്ഞു: കര്‍ത്താവിപ്രകാരം പറയുന്നു: നിൻ്റെ പിതാവിൻ്റെ കുടുംബം ഈജിപ്തില്‍ ഫറവോയുടെ ഭവനത്തില്‍ അടിമയായിരിക്കുമ്പോള്‍ ഞാനവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തി.
28: എൻ്റെ ബലിപീഠത്തെ സമീപിക്കാനും ധൂപാര്‍പ്പണംനടത്താനും എൻ്റെ മുമ്പില്‍ എഫോദു ധരിക്കാനും ഇസ്രായേലിൻ്റെ എല്ലാ ഗോത്രങ്ങളിലുംനിന്നു ഞാനവനെ എൻ്റെ പുരോഹിതനായി തിരഞ്ഞെടുത്തു. ഇസ്രായേല്‍മക്കള്‍ ദഹനബലിക്കര്‍പ്പിച്ചതെല്ലാം നിൻ്റെ പിതൃഭവനത്തിനു ഞാന്‍ കൊടുത്തു.
29: എന്നിട്ടുമെന്തുകൊണ്ടാണ്, എനിക്കര്‍പ്പിക്കണമെന്നു കല്പിച്ചിട്ടുള്ള ബലികളെയും കാഴ്ചകളെയും നീ ആര്‍ത്തിയോടെ നോക്കുന്നത്? നിങ്ങള്‍ എൻ്റെ ജനം എനിക്കര്‍പ്പിക്കുന്ന സകലബലികളുടെയും വിശിഷ്ടഭാഗം തിന്നുകൊഴുത്തു. എന്നെക്കാള്‍ക്കൂടുതല്‍ നിൻ്റെ മക്കളെ നീ ബഹുമാനിക്കുന്നതെന്ത്?
30: അതിനാല്‍, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിൻ്റെയും നിൻ്റെ പിതാവിൻ്റെയും കുടുംബം നിത്യവും എനിക്കു ശുശ്രൂഷചെയ്യുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ കര്‍ത്താവായ ഞാന്‍ പ്രഖ്യാപിക്കുന്നു: ഇനി അങ്ങനെയായിരിക്കുകയില്ല. എന്നെയാദരിക്കുന്നവരെ ഞാനുമാദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും.
31: വാര്‍ദ്ധക്യത്തിലെത്താന്‍ ആര്‍ക്കുമിടയാകാത്തവിധം നിൻ്റെയും നിൻ്റെ പിതൃകുടുംബത്തിൻ്റെയും ശക്തി, ഞാന്‍ ക്ഷയിപ്പിക്കുന്ന ദിവസം ഇതാ അടുത്തിരിക്കുന്നു.
32: ഇസ്രായേല്‍ജനത്തില്‍ മറ്റുള്ളവര്‍ക്കു ഞാന്‍ നല്കുന്ന അനുഗ്രഹങ്ങള്‍കണ്ട്, നിങ്ങളസ്വസ്ഥരും അസൂയാലുക്കളുമാകും. പക്ഷേ, നിൻ്റെ കുടുംബത്തില്‍ പ്രായംചെന്നവരായി മേലിലാരുമുണ്ടാവുകയില്ല.
33: നിങ്ങളിലൊരുവനെ എൻ്റെ ബലിപീഠത്തില്‍നിന്ന് ഞാന്‍ വിച്ഛേദിക്കുകയില്ല. കണ്ണീരുകൊണ്ട് അവൻ്റെ കാഴ്ചമങ്ങുകയും ഹൃദയമുരുകുകയുംചെയ്യും. നിൻ്റെ സന്താനങ്ങള്‍ വാളിനിരയാകും.
34: നിൻ്റെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും ഒരേദിവസംതന്നെ മരിക്കും.
35: ഇതു നിനക്കടയാളമായിരിക്കും. എനിക്കുവേണ്ടി വിശ്വസ്തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എൻ്റെ ഹൃദയാഭിലാഷമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കും. അവൻ്റെ കുടുംബം ഞാന്‍ നിലനിര്‍ത്തും. എൻ്റെ അഭിഷിക്തൻ്റെ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷ ചെയ്യും.
36: നിൻ്റെ കുടുംബത്തിലവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു കഷണം അപ്പത്തിനുംവേണ്ടി അവനോടു യാചിച്ചുകൊണ്ടു പറയും: ഒരു കഷണം അപ്പം ലഭിക്കേണ്ടതിന്, എന്നെ ഏതെങ്കിലുമൊരു പുരോഹിതവൃത്തിക്കു ചേര്‍ക്കണമേ!


അദ്ധ്യായം 3

സാമുവലിനെ വിളിക്കുന്നു

1: ഏലിയുടെ സാന്നിദ്ധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തുപോന്നു. അക്കാലത്തു കര്‍ത്താവിൻ്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു. ദര്‍ശനങ്ങള്‍ വിരളമായിരുന്നു.
2: ഏലി ഒരു ദിവസം തൻ്റെ മുറിയില്‍ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാന്‍കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.
3: ദൈവത്തിൻ്റെമുമ്പിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവല്‍ ദേവലായത്തില്‍ ദൈവത്തിൻ്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു.
4: അപ്പോള്‍ കര്‍ത്താവു സാമുവലിനെ വിളിച്ചു:
5: സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ ഏലിയുടെയടുക്കലേക്കോടി, അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു.
6: കര്‍ത്താവു വീണ്ടും സാമുവലിനെ വിളിച്ചു: സാമുവല്‍! അവനെഴുന്നേറ്റ്, ഏലിയുടെയടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി പറഞ്ഞു: മകനേ, നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക.
7: കര്‍ത്താവാണു വിളിച്ചതെന്നു സാമുവലപ്പോഴുമറിഞ്ഞില്ല; കാരണം, അതുവരെ കര്‍ത്താവിൻ്റെ ശബ്ദം അവനു വെളിവാക്കപ്പെട്ടിരുന്നില്ല.
8: മൂന്നാമതും കര്‍ത്താവു സാമുവലിനെ വിളിച്ചു. അവനെഴുന്നേറ്റ്, ഏലിയുടെ അടുത്തുചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കര്‍ത്താവാണു ബാലനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്കു മനസ്സിലായി.
9: അതിനാല്‍, ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവല്‍ പോയിക്കിടന്നു.
10: അപ്പോള്‍ കര്‍ത്താവു വന്നുനിന്നു മുമ്പിലത്തെപ്പോലെ സാമുവല്‍! സാമുവല്‍! എന്നുവിളിച്ചു. സാമുവല്‍ പ്രതിവചിച്ചു: അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.
11: കര്‍ത്താവവനോടു പറഞ്ഞു: ഇസ്രായേല്‍ ജനതയോടു ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതുകേള്‍ക്കുന്നവൻ്റെ ഇരുചെവികളും തരിച്ചുപോകും.
12: ഏലിയുടെ കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്നു ഞാന്‍ ആദ്യന്തം നിര്‍വ്വഹിക്കും.
13: മക്കള്‍ ദൈവദൂഷണം പറയുന്നകാര്യമറിഞ്ഞിട്ടും അവരെ തടയാഞ്ഞതുമൂലം ഞാനവൻ്റെ കുടുംബത്തിൻ്റെമേല്‍ എന്നേക്കുമായി ശിക്ഷാവിധിനടത്താന്‍പോവുകയാണെന്നു ഞാന്‍ പറയുന്നു.
14: ഏലിക്കുടുംബത്തിൻ്റെ പാപത്തിനു ബലികളും കാഴ്ചകളും ഒരിക്കലും പരിഹാരമാവുകയില്ലെന്നു ഞാന്‍ ശപഥംചെയ്യുന്നു.
15: പ്രഭാതംവരെ സാമുവല്‍ കിടന്നു. അനന്തരം, അവന്‍ കര്‍ത്താവിൻ്റെ ആലയത്തിൻ്റെ വാതിലുകള്‍ തുറന്നു. തനിക്കുണ്ടായ ദര്‍ശനം ഏലിയോടു പറയാന്‍ അവന്‍ ഭയപ്പെട്ടു.
16: അപ്പോള്‍ ഏലി മകനേ, സാമുവല്‍! എന്നു വിളിച്ചു. ഞാനിതാ എന്ന് അവന്‍ വിളി കേട്ടു.
17: ഏലി ചോദിച്ചു: അവിടുന്നെന്താണു നിന്നോടു പറഞ്ഞത്? എന്നില്‍നിന്നു മറച്ചുവയ്ക്കരുത്. അവിടുന്നു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു മറച്ചുവച്ചാല്‍ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!
18: സാമുവല്‍ ഒന്നുംമറച്ചുവയ്ക്കാതെ എല്ലാം അവനോടു പറഞ്ഞു. അപ്പോള്‍ ഏലി അതു കര്‍ത്താവാണ്, അവിടുത്തേക്കു യുക്തമെന്നുതോന്നുന്നതു പ്രവര്‍ത്തിക്കട്ടെ എന്നു പറഞ്ഞു.
19: സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു. അവൻ്റെ വാക്കുകളിലൊന്നും വ്യര്‍ത്ഥമാകാന്‍ അവിടുന്നിടവരുത്തിയില്ല.
20: സാമുവല്‍ കര്‍ത്താവിൻ്റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നെന്ന് ദാന്‍മുതല്‍ ബേര്‍ഷെബവരെയുള്ള ഇസ്രായേല്‍ജനം മുഴുവനുമറിഞ്ഞു. 
21: കര്‍ത്താവു സാമുവലിനു ദര്‍ശനംനല്കിയ ഷീലോയില്‍വച്ച് അവിടുന്നു വീണ്ടുമവനോടു സംസാരിച്ചു തന്നെത്തന്നെ വെളിപ്പെടുത്തി.

അദ്ധ്യായം 4

1: സാമുവലിൻ്റെ വാക്ക്, ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേ യുദ്ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്ത്യര്‍ അഫെക്കിലും പാളയമടിച്ചു.
2: ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേ അണിനിരന്നു. യുദ്ധത്തില്‍ ഇസ്രായേല്യര്‍ പരാജയപ്പെട്ടു. യുദ്ധക്കളത്തില്‍വച്ചുതന്നെ നാലായിരത്തോളം ആളുകളെ ഫിലിസ്ത്യര്‍ വധിച്ചു.
3: ശേഷിച്ചവര്‍ പാളയത്തില്‍ത്തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ പറഞ്ഞു: ഫിലിസ്ത്യര്‍ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്തുകൊണ്ടു കര്‍ത്താവനുവദിച്ചു? നമുക്ക് ഷീലോയില്‍നിന്നു കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം. അവിടുന്നു നമ്മുടെ മദ്ധ്യേവന്ന്, ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിക്കും.
4: അങ്ങനെ, അവര്‍ ഷീലോയിലേക്കാളയച്ച്, കെരൂബുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു. പേടകത്തോടൊപ്പം ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസുമുണ്ടായിരുന്നു.
5: കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍മുഴുവന്‍ ആനന്ദംകൊണ്ട് ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിദ്ധ്വനിച്ചു.
വാഗ്ദാനപേടകം നഷ്ടപ്പെടുന്നു

6: ആ ശബ്ദം ഫിലിസ്ത്യര്‍ കേട്ടു. ഹെബ്രായരുടെ കൂടാരത്തില്‍നിന്നു പുറപ്പെടുന്ന ഈ ഉഗ്രാട്ടഹാസത്തിൻ്റെ സൂചനയെന്തെന്ന് അവര്‍ തിരക്കി. കര്‍ത്താവിൻ്റെ പേടകം കൂടാരത്തിലെത്തിയെന്ന് അവര്‍ മനസ്സിലാക്കി.
7: അപ്പോള്‍ ഫിലിസ്ത്യര്‍ ഭയചകിതരായി. അവര്‍ പറഞ്ഞു: പാളയത്തില്‍ ദേവന്മാരെത്തിയിട്ടുണ്ട്. നമ്മള്‍ നശിച്ചു! മുമ്പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.
8: ആ ദേവന്മാരുടെ ശക്തിയില്‍നിന്ന് ആരു നമ്മെ രക്ഷിക്കും? മരുഭൂമിയില്‍വച്ച് നിരവധി ബാധകള്‍കൊണ്ട് ഈജിപ്തുകാരെ ഞെരുക്കിയ ദേവന്മാരാണവര്‍.
9: ഫിലിസ്ത്യരേ, നിങ്ങള്‍ ധീരതയോടും പൗരുഷത്തോടുംകൂടെ യുദ്ധംചെയ്യുവിന്‍; അല്ലെങ്കില്‍ ഹെബ്രായര്‍ നമുക്കടിമകളായിരുന്നതുപോലെ നാം അവര്‍ക്കടിമകളാകേണ്ടിവരും. അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിന്‍.
10: ഫിലിസ്ത്യര്‍ യുദ്ധംചെയ്തു. ഇസ്രായേല്‍ പരാജയപ്പെട്ടു കൂടാരത്തിലേക്കു പലായനംചെയ്തു. വലിയൊരു നരവേട്ടനടന്നു. മുപ്പതിനായിരം പടയാളികള്‍ നിലംപതിച്ചു.
11: ദൈവത്തിൻ്റെ പേടകം ശത്രുക്കള്‍ കൈവശപ്പെടുത്തി. ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും വധിക്കപ്പട്ടു.
12: ബഞ്ചമിന്‍ഗോത്രജനായ ഒരാള്‍ അന്നുതന്നെ യുദ്ധരംഗത്തുനിന്നോടി ഷീലോയിലെത്തി. അവന്‍ വസ്ത്രം വലിച്ചുകീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്തിരുന്നു.
13: അവന്‍ ഷീലോയില്‍ എത്തുമ്പോള്‍ ഏലി വഴിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പീഠത്തില്‍ ഇരിക്കുകയായിരുന്നു. ദൈവത്തിൻ്റെ പേടകത്തെക്കുറിച്ച് ആകുലചിത്തനുമായിരുന്നു അവന്‍. പട്ടണത്തിലെത്തി, ദൂതന്‍ വാര്‍ത്തയറിയിച്ചപ്പോള്‍ പട്ടണവാസികള്‍ മുറവിളികൂട്ടി.
14: ഏലി അതുകേട്ടു. എന്താണീ മുറവിളി? അവനാരാഞ്ഞു. അപ്പോള്‍ ദൂതന്‍ ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു.
15: ഏലിക്കു തൊണ്ണൂറ്റെട്ടു വയസ്സുണ്ടായിരുന്നു. അവന്‍ മിക്കവാറും അന്ധനുമായിരുന്നു.
16: ദൂതന്‍ പറഞ്ഞു: ഞാന്‍ പടക്കളത്തില്‍നിന്നു രക്ഷപെട്ടോടി ഇവിടെയെത്തിയതാണ്. മകനേ, എന്തു സംഭവിച്ചു എന്ന് ഏലി ചോദിച്ചു.
17: അവന്‍ പറഞ്ഞു: ഇസ്രായേല്‍ ഫിലിസ്ത്യരോടു തോറ്റോടി. ജനങ്ങളില്‍ നല്ലൊരുഭാഗം കൊല്ലപ്പെട്ടു. അതു ഭയങ്കരമായ ഒരു പരാജയമായിരുന്നു. കൂടാതെ, അങ്ങയുടെ പുത്രന്മാരായ ഹോഫ്‌നിയെയും ഫിനെഹാസിനെയും അവര്‍ വധിച്ചു. ദൈവത്തിൻ്റെ പേടകം അവര്‍ കൈവശപ്പെടുത്തുകയും ചെയ്തു.
18: ദൈവത്തിൻ്റെ പേടകം എന്നു കേട്ടപ്പോള്‍ത്തന്നെ ഏലി വാതില്പടിക്കരികേയുള്ള പീഠത്തില്‍നിന്നു പിറകോട്ടു മറിഞ്ഞു. വൃദ്ധനും ക്ഷീണിതനുമായ അവന്‍ കഴുത്തൊടിഞ്ഞു മരിച്ചു. അവന്‍ നാല്പതുവര്‍ഷം ഇസ്രായേലില്‍ ന്യായാധിപനായിരുന്നു.
19: ഏലിയുടെ ഗര്‍ഭിണിയായ മരുമകള്‍ക്ക് - ഫിനെഹാസിൻ്റെ ഭാര്യയ്ക്കു - പ്രസവസമയമടുത്തിരുന്നു. ദൈവത്തിൻ്റെ പേടകം ശത്രുക്കള്‍ പിടിച്ചെടുത്തെന്നും തൻ്റെ അമ്മായിയപ്പനും ഭര്‍ത്താവും മരിച്ചെന്നും കേട്ടപ്പോള്‍ പ്രസവവേദന ശക്തിപ്പെട്ട് അവള്‍ ഉടനെ പ്രസവിച്ചു.
20: അവളെ പരിചരിച്ചിരുന്ന സ്ത്രീകള്‍ മരണാസന്നയായ അവളോടു ഭയപ്പെടേണ്ടാ, നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍, അവളതിനു മറുപടിപറയുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്തില്ല.
21: മഹത്വം ഇസ്രായേലില്‍നിന്നു വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തൻ്റെ കുഞ്ഞിന് ഇക്കാബോദ് എന്നു പേരിട്ടു. കാരണം, ദൈവത്തിൻ്റെ പേടകം പിടിക്കപ്പെടുകയും അവളുടെ അമ്മായിയപ്പനും ഭര്‍ത്താവും നഷ്ടപ്പെടുകയുംചെയ്തു.
22: അവള്‍ വീണ്ടും പറഞ്ഞു: ദൈവത്തിൻ്റെ പേടകം പിടിക്കപ്പെട്ടതിനാല്‍ മഹത്വം ഇസ്രായേലില്‍നിന്നു വിട്ടുപോയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ