എണ്‍പതാം ദിവസം: 2 സാമുവേല്‍ 1 - 3



അദ്ധ്യായം 1

സാവൂളിൻ്റെ മരണവാര്‍ത്ത

1: സാവൂളിൻ്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്‌ലാഗില്‍ രണ്ടുദിവസം പാര്‍ത്തു.
2: മൂന്നാംദിവസം സാവൂളിൻ്റെ പാളയത്തില്‍നിന്ന് ഒരാള്‍ വസ്ത്രംകീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിൻ്റെയടുക്കല്‍വന്നു സാഷ്ടാംഗം നമസ്കരിച്ചു.
3: നീ എവിടെനിന്നു വരുന്നെന്നു ദാവീദ് ചോദിച്ചതിന്, ഇസ്രായേല്‍പ്പാളയത്തില്‍നിന്ന് ഞാനോടിപ്പോന്നിരിക്കയാണെന്ന് അവന്‍ മറുപടിനല്കി.
4: ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. ഒട്ടേറെപ്പേര്‍ മരിച്ചുവീണു. സാവൂളും മകന്‍ ജോനാഥാനും കൊല്ലപ്പെട്ടു.
5: ദാവീദവനോടു ചോദിച്ചു: സാവൂളും ജോനാഥാനും മരിച്ചെന്നു നീയെങ്ങനെയറിഞ്ഞു?
6: അവന്‍ പറഞ്ഞു: യദൃച്ഛയാ ഞാന്‍ ഗില്‍ബോവക്കുന്നിലെത്തി. അവിടെ സാവൂള്‍ കുന്തം ഊന്നിനില്‍ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പടയും അവൻ്റെയടുത്തേക്കു പാഞ്ഞുവരുന്നതും ഞാന്‍ കണ്ടു.
7: അവന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ എന്നെക്കണ്ട്, എന്നെ വിളിച്ചു. ഞാന്‍ വിളികേട്ടു.
8: അവന്‍ ചോദിച്ചു: നീയാരാണ്? ഒരമലേക്യന്‍, ഞാന്‍ മറുപടി പറഞ്ഞു.
9: അവനെന്നോടു പറഞ്ഞു: വന്നെന്നെ കൊല്ലുക; ഞാന്‍ ഇതാ വേദനകൊണ്ടു നീറുന്നു; എൻ്റെ പ്രാണന്‍ വിട്ടുപോകുന്നില്ലല്ലോ.
10: അപ്പോള്‍ ഞാനടുത്തുചെന്ന്, അവനെ വധിച്ചു. അവന്‍ വീണുപോയാല്‍ മരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. അവന്‍ ധരിച്ചിരുന്ന കിരീടവും തോള്‍വളയും ഞാനെടുത്തു. ഇതാ, അവ അങ്ങയുടെയടുക്കല്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു.
11: അപ്പോള്‍, ദാവീദ് ദുഃഖാതിരേകത്താല്‍ വസ്ത്രംകീറി. കൂടെയുള്ളവരും അങ്ങനെചെയ്തു.
12: സാവൂളും മകന്‍ ജോനാഥാനും കര്‍ത്താവിൻ്റെ ജനമായ ഇസ്രായേല്‍ക്കുടുംബാംഗങ്ങളും യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ചു വിലപിക്കുകയും സന്ധ്യവരെ ഉപവസിക്കുകയുംചെയ്തു.
13: വിവരം പറഞ്ഞ യുവാവിനോട്, നീ എവിടെനിന്നു വരുന്നെന്നു ദാവീദ് ചോദിച്ചതിന്, ഇവിടെ വന്നുപാര്‍ക്കുന്ന ഒരമലേക്യന്‍ എന്ന് അവനുത്തരം നല്കി.
14: ദാവീദവനോടു ചോദിച്ചു: കര്‍ത്താവിൻ്റെ അഭിഷിക്തനെ വധിക്കാന്‍ കൈനീട്ടുന്നതിനു നീയെങ്ങനെ ധൈര്യപ്പെട്ടു?
15: ദാവീദ് സേവകരില്‍ ഒരുവനെ വിളിച്ച് അവനെ കൊന്നുകളയുക എന്നാജ്ഞാപിച്ചു. അവന്‍ ആ അമലേക്യനെ വധിച്ചു.
16: ദാവീദ് അമലേക്യനോടു പറഞ്ഞു: നിൻ്റെ രക്തത്തിനുത്തരവാദി നീതന്നെ, കര്‍ത്താവിൻ്റെ അഭിഷിക്തനെ ഞാന്‍ കൊന്നുവെന്നു നിൻ്റെ വായ്കൊണ്ടുതന്നെ നീ നിനക്കെതിരേ സാക്ഷ്യംപറഞ്ഞുവല്ലോ.

ദാവീദിൻ്റെ വിലാപം

17: സാവൂളിനെയും മകന്‍ ജോനാഥാനെയുംകുറിച്ച് ദാവീദ് ഒരു വിലാപഗാനം പാടി.
18: യൂദാജനങ്ങളെ അതു പഠിപ്പിക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. യാഷാറിൻ്റെ പുസ്തകത്തില്‍ ഇതു രേഖപ്പെടുത്തിയിരിക്കുന്നു.
19: ഇസ്രായേലേ, നിൻ്റെ മഹത്വം
നിൻ്റെ ഗിരികളില്‍ നിഹതമായി
ശക്തന്മാര്‍ നിപതിച്ചതെങ്ങനെ?
ഗത്തില്‍ ഇതു പറയരുത്.
20: അഷ്‌ക്കലോന്‍ തെരുവുകളില്‍ ഇതു പ്രസിദ്ധമാക്കരുത്.
ഫിലിസ്ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കാനും
വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കാനുംതന്നെ.
21: ഗില്‍ബോവാ പര്‍വതങ്ങളേ,
നിങ്ങളില്‍ മഞ്ഞോ മഴയോ പെയ്യാതിരിക്കട്ടെ!
നിങ്ങളുടെ നിലങ്ങള്‍ ഫലശൂന്യമാകട്ടെ!
എന്തെന്നാല്‍, അവിടെയല്ലോ, ശക്തന്മാരുടെ പരിച
അവഹേളിക്കപ്പെട്ടത്,
അവിടെയല്ലോ സാവൂളിൻ്റെ പരിച 
എണ്ണപുരട്ടാതെ കിടന്നത്.
22: നിഹതന്മാരുടെ രക്തത്തില്‍നിന്നും
ശക്തന്മാരുടെ മേദസ്സില്‍നിന്നും
ജോനാഥാൻ്റെ വില്ലു പിന്തിരിഞ്ഞില്ല.
സാവൂളിൻ്റെ വാള്‍ വൃഥാ പിന്‍വാങ്ങിയില്ല.
23: സാവൂളും ജോനാഥാനും,
പ്രിയരും പ്രാണപ്രിയരും,
ജീവിതത്തിലും മരണത്തിലും 
അവര്‍ വേര്‍പിരിഞ്ഞില്ല.
കഴുകനെക്കാള്‍ വേഗമുള്ളവര്‍!
സിംഹത്തെക്കാള്‍ ബലമുള്ളവര്‍!
24: ഇസ്രായേല്‍ പുത്രിമാരേ,
സാവൂളിനെച്ചൊല്ലിക്കരയുവിന്‍.
അവന്‍ നിങ്ങളെ മോടിയായി കടുംചെമപ്പുടുപ്പിച്ചു;
ആടകളില്‍ പൊന്നാഭരണമണിയിച്ചു.
25: യുദ്ധത്തില്‍ ശക്തന്മാര്‍ വീണതെങ്ങനെ?
നിൻ്റെ ഗിരികളില്‍ 
ജോനാഥാന്‍ വധിക്കപ്പെട്ടു കിടക്കുന്നു.
26: സോദരാ, ജോനാഥാന്‍,
നിന്നെയോര്‍ത്തു ഞാന്‍ ദുഃഖിക്കുന്നു;
നീയെനിക്ക് അതിവത്സലനായിരുന്നു;
എന്നോടുള്ള നിൻ്റെ സ്‌നേഹം
സ്ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധമായിരുന്നു.
27: ശക്തന്മാര്‍ വീണുപോയതും
ആയുധങ്ങള്‍ തകര്‍ന്നുപോയതുമെങ്ങനെ?

അദ്ധ്യായം 2

ദാവീദ് അഭിഷിക്തന്‍

1: ദാവീദ് കര്‍ത്താവിനോടാരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവു മറുപടി നല്കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്നരുളിച്ചെയ്തു.
2: ദാവീദ് അങ്ങോട്ടു പോയി. ജസ്രേല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിൻ്റെ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.
3: അവന്‍ തൻ്റെ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രോണിൻ്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.
4: യൂദായിലെ ജനങ്ങള്‍വന്ന്, ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു. യാബേഷ്-ഗിലയാദിലെ ആളുകളാണ്, സാവൂളിനെ സംസ്‌കരിച്ചതെന്ന് അവര്‍ ദാവീദിനോടു പറഞ്ഞു.
5: അപ്പോള്‍, ദാവീദ് ദൂതന്മാരെ അയച്ച്‌ യാബേഷ്-ഗിലയാദിലെ ആളുകളോടു പറഞ്ഞു: കര്‍ത്താവു നിങ്ങളെയനുഗ്രഹിക്കട്ടെ! നിങ്ങളുടെ രാജാവായ സാവൂളിൻ്റെ ശവസംസ്‌കാരം നടത്തി, അവനോടു നിങ്ങള്‍, ഇത്രയും ദയകാണിച്ചിരിക്കുന്നുവല്ലോ.
6: കര്‍ത്താവു നിങ്ങളോട്, ദയയും വിശ്വസ്തതയുംകാണിക്കുമാറാകട്ടെ!
7: നിങ്ങള്‍ ഇതു ചെയ്തതുകൊണ്ട് ഞാനും നിങ്ങളോടു ദയകാണിക്കും. നിങ്ങളുടെ കരങ്ങള്‍ ശക്തമായിരിക്കട്ടെ! ധീരന്മാരായിരിക്കുവിന്‍. നിങ്ങളുടെ യജമാനനായ സാവൂള്‍ മരിച്ചു; യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
8: നേറിൻ്റെ മകനും സാവൂളിൻ്റെ സൈന്യാധിപനുമായ അബ്‌നേര്‍ സാവൂളിൻ്റെ മകന്‍ ഇഷ്‌ബോഷെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയിരുന്നു.
9: അബ്‌നേര്‍ അവനെ ഗിലയാദ്, ആഷേര്‍, ജസ്രേല്‍, എഫ്രായിം, ബഞ്ചമിന്‍ തുടങ്ങി ഇസ്രായേല്‍മുഴുവനിലും രാജാവായി വാഴിച്ചു.
10: രാജാവാകുമ്പോള്‍ സാവൂളിൻ്റെ മകന്‍ ഇഷ്‌ബോഷെത്തിനു നാല്‍പതു വയസ്സായിരുന്നു. അവന്‍ രണ്ടുവര്‍ഷം ഭരിച്ചു. എന്നാല്‍, യൂദാഭവനം ദാവീദിനോടു ചേര്‍ന്നുനിന്നു.
11: ദാവീദ്‌ യൂദാഭവനത്തില്‍ രാജാവായി. ഹെബ്രോണില്‍ ഏഴുവര്‍ഷവും ആറുമാസവും ഭരിച്ചു.
12: നേറിൻ്റെ മകന്‍ അബ്‌നേറും സാവൂളിൻ്റെ മകനായ ഇഷ്‌ബോഷെത്തിൻ്റെ ദാസന്മാരും മഹനയീമില്‍നിന്നു ഗിബയോനിലേക്കു പോയി.
13: സെരൂയയുടെ മകന്‍ യോവാബും ദാവീദിൻ്റെ ഭൃത്യന്മാരും ഗിബയോനിലെ കുളത്തിനരികെവച്ച് അവരെ കണ്ടുമുട്ടി. അവര്‍ കുളത്തിനിരുവശത്തായി ഇരുന്നു.
14: അബ്‌നേര്‍ യോവാബിനോടു പറഞ്ഞു: യുവാക്കളെഴുന്നേറ്റ്, നമ്മുടെ മുമ്പാകെ പയറ്റിനോക്കട്ടെ. അങ്ങനെയാകട്ടെ, യോവാബ് പ്രതിവചിച്ചു.
15: സാവൂളിൻ്റെ മകന്‍ ഇഷ്‌ബോഷെത്തിൻ്റെ ഭാഗത്തുനിന്ന് ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട പന്ത്രണ്ടുപേര്‍ എഴുന്നേറ്റ്, ദാവീദിൻ്റെ ഭൃത്യന്മാരില്‍ പന്ത്രണ്ടുപേരുമായി ഏറ്റുമുട്ടി.
16: ഓരോരുത്തനും എതിരാളിയെ തലക്കുപിടിച്ച് അവൻ്റെ പള്ളയ്ക്കു വാള്‍ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ട് ഗിബയോനിലെ ആ സ്ഥലത്തിന് ഹെല്‍ക്കത്ത് ഹസ്സൂറിം എന്നു പേരുണ്ടായി.
17: അന്നത്തെ യുദ്ധം അത്യുഗ്രമായിരുന്നു. ദാവീദിൻ്റെ ഭൃത്യന്മാരുടെ മുമ്പിൽ അബ്‌നേറും ഇസ്രായേല്‍ക്കാരും തോറ്റോടി.
18: യോവാബ്, അബിഷായി, അസഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും അവിടെയുണ്ടായിരുന്നു. അസഹേല്‍ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
19: അസഹേല്‍ ഇടംവലംതിരിയാതെ അബ്നേറിനെ പിന്തുടര്‍ന്നു.
20: അബ്‌നേര്‍ പിറകോട്ടു തിരിഞ്ഞു ചോദിച്ചു: ഇതു നീയോ, അസഹേലേ? അതേ, ഞാന്‍തന്നെ, അവന്‍ പറഞ്ഞു.
21: അബ്‌നേര്‍ അവനോടു പറഞ്ഞു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്‌, യോദ്ധാക്കളില്‍ ആരെയെങ്കിലും കൊള്ളയടിച്ചുകൊള്ളുക. എന്നാല്‍, അസഹേല്‍ പിന്മാറാതെ അവനെ പിന്തുടര്‍ന്നു.
22: അബ്നേര്‍ അസഹേലിനോടു വീണ്ടുംപറഞ്ഞു: എന്നെ പിന്തുടരുന്നതു മതിയാക്കൂ. ഞാന്‍ നിന്നെ എന്തിനു കൊല്ലണം? ഞാന്‍ നിൻ്റെ സഹോദരന്‍ യോവാബിൻ്റെ മുഖത്ത് എങ്ങനെ നോക്കും?
23: എന്നിട്ടും അവന്‍ വിട്ടുമാറാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്‌നേര്‍ തന്റെ കുന്തത്തിൻ്റെ പിന്‍ഭാഗംകൊണ്ട് അവൻ്റെ വയറിനു കുത്തി. വയറുതുളച്ചു കുന്തം പുറത്തുചാടി. അവന്‍ അവിടെത്തന്നെ മരിച്ചുവീണു. അവിടെ എത്തിയവരെല്ലാം സ്തബ്ദ്ധരായി നിന്നുപോയി.
24: എന്നാല്‍, യോവാബും അബിഷായിയും അബ്‌നേറിനെ പിന്തുടര്‍ന്നു.
25: സൂര്യനസ്തമിച്ചപ്പോള്‍ അവന്‍ ഹിബയോന്‍ മരുഭൂമിയിലേക്കുള്ള വഴിമദ്ധ്യേ കിടക്കുന്ന ഗീയായുടെ മുമ്പില്‍ സ്ഥിതിചെയ്യുന്ന അമ്മായില്‍ നിലയുറപ്പിച്ചു.
26: അബ്‌നേര്‍ യോവാബിനോടു വിളിച്ചുപറഞ്ഞു: നാമെന്നും യുദ്ധംചെയ്തുകൊണ്ടിരിക്കണമോ? അവസാനം കയ്‌പേറിയതായിരിക്കുമെന്ന് നിനക്കറിഞ്ഞുകൂടേ? സഹോദരന്മാരെ അനുധാവനം ചെയ്യരുതെന്ന് നിൻ്റെ ആള്‍ക്കാരോട് ആജ്ഞാപിക്കാന്‍ ഇനി വൈകണമോ?
27: യോവാബ് മറുപടി നല്കി: നീ ഇതു പറയാതിരുന്നെങ്കില്‍, എൻ്റെ ആള്‍ക്കാര്‍ നാളെ രാവിലെവരെ നിങ്ങളെ പിന്തുടരുമായിരുന്നെന്ന് ജീവനുള്ള ദൈവത്തെക്കൊണ്ടു ഞാന്‍ സത്യം ചെയ്യുന്നു.
28: അങ്ങനെ യോവാബ് കാഹളമൂതി. ആളുകള്‍ നിന്നു. അവര്‍ പിന്നെ ഇസ്രായേല്‍ക്കാരെ അനുധാവനംചെയ്യുകയോ അവരോടു പൊരുതുകയോ ചെയ്തില്ല.
29: അബ്‌നേറും അവൻ്റെ ആളുകളും അന്നു രാത്രിമുഴുവന്‍ അരാബാവഴി നടന്നു. അവര്‍ ജോര്‍ദാന്‍കടന്നു പിറ്റേദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി.
30: അബ്‌നേറിനെ പിന്തുടരുന്നതു മതിയാക്കി യോവാബ് തിരിച്ചുപോന്നു. അവന്‍ തൻ്റെ ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടിയപ്പോള്‍ അസഹേലിനെക്കൂടാതെ ദാവീദിൻ്റെ ഭൃത്യന്മാരില്‍ പത്തൊമ്പതുപേര്‍ കുറവുണ്ടായിരുന്നു.
31: ദാവീദിൻ്റെ സേവകരാകട്ടെ, അബ്‌നേറിൻ്റെ ആളുകളായ ബഞ്ചമിന്‍ഗോത്രക്കാരില്‍ മുന്നൂറ്റിയറുപതുപേരെ വധിച്ചിരുന്നു.
32: അവര്‍ അസഹേലിനെ ബേത്‌ലെഹെമില്‍ അവൻ്റെ പിതാവിൻ്റെ കല്ലറയില്‍ അടക്കം ചെയ്തു. യോവാബും ആളുകളും രാത്രിമുഴുവന്‍ നടന്ന്, നേരംപുലര്‍ന്നപ്പോള്‍ ഹെബ്രോണിലെത്തി.

അദ്ധ്യായം 3

1: സാവൂളിൻ്റെ ഭവനവും ദാവീദിൻ്റെ ഭവനവുംതമ്മില്‍ നീണ്ടയുദ്ധം നടന്നു. ദാവീദ് മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു; സാവൂളിൻ്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു.

ദാവീദിൻ്റെ പുത്രന്മാര്‍


2: ദാവീദിനു ഹെബ്രോണില്‍വച്ചു പുത്രന്മാര്‍ ജനിച്ചു. ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ച അംനോണ്‍ ആയിരുന്നു ഒന്നാമന്‍.
3: കാര്‍മല്‍ക്കാരന്‍ നാബാലിൻ്റെ വിധവയായിരുന്ന അബിഗായലില്‍ ജനിച്ച ഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലോമിനെ പ്രസവിച്ചത് ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖായാണ്.
4: ഹഗ്ഗീത്തില്‍ നാലാമന്‍ അദോനിയായും, അബിത്താലില്‍ അഞ്ചാമന്‍ ഷെഫത്തിയായും,
5: ഭാര്യയായ എഗ്‌ലായില്‍ ആറാമന്‍ ഇത്രയാമും ജനിച്ചു. ഇവരാണ് ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്‍.

ദാവീദും അബ്‌നേറും

6: സാവൂളിൻ്റെ കുടുംബവും ദാവീദിൻ്റെ കുടുംബവുംതമ്മില്‍ യുദ്ധംനടന്നുകൊണ്ടിരിക്കെ, അബ്‌നേര്‍ സാവൂളിൻ്റെ കുടുംബത്തില്‍ പ്രാബല്യംനേടിക്കൊണ്ടിരുന്നു.
7: സാവൂളിന് ഒരുപനാരിയുണ്ടായിരുന്നു. അവള്‍ അയ്യായുടെ മകള്‍ റിസ്പാ ആയിരുന്നു. ഇഷ്‌ബോഷെത്ത് അബ്‌നേറിനോടു ചോദിച്ചു: നീ എൻ്റെ പിതാവിൻ്റെ ഉപനാരിയുമായി ശയിച്ചതെന്തിന്?
8: അപ്പോള്‍, അബ്നേര്‍ ക്രുദ്ധനായി പറഞ്ഞു: ഞാന്‍ യൂദാപക്ഷത്തെ ഒരു നായാണെന്നു നീ കരുതുന്നവോ? നിൻ്റെ പിതാവായ സാവൂളിൻ്റെ ഭവനത്തോടും സഹോദരന്മാരോടും സ്‌നേഹിതന്മാരോടും ഇന്നോളം ഞാന്‍ വിശ്വസ്തത പുലര്‍ത്തി. ദാവീദിൻ്റെ പിടിയില്‍പെടാതെ ഞാന്‍ നിന്നെ രക്ഷിച്ചു. എന്നിട്ടും സ്ത്രീസംബന്ധമായ കുറ്റം എന്നില്‍ ആരോപിക്കുന്നുവോ?
9: സാവൂളിൻ്റെ ഭവനത്തില്‍നിന്നു രാജ്യമെടുത്ത്,
10: ദാന്‍മുതല്‍ ബേര്‍ഷെബാ വരെ ഇസ്രായേലിലും യൂദായിലും ദാവീദിൻ്റെ സിംഹാസനം സ്ഥാപിക്കുമെന്നു കര്‍ത്താവു ദാവീദിനോടു സത്യം ചെയ്തിട്ടുള്ളത് ഞാന്‍ ദാവീദിനു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍, ദൈവം ഈ അബ്‌നേറിനെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.
11: അബ്നേറിനെ അത്യധികം ഭയപ്പെട്ടതുകൊണ്ട് ഇഷ്‌ബോഷെത്തിന് ഒരു വാക്കുപോലും മറുപടിപറയാന്‍കഴിഞ്ഞില്ല.
12: ഹെബ്രോണില്‍ ദാവീദിൻ്റെ അടുക്കലേക്കു ദൂതന്മാരെ അയച്ച് അബ്‌നേര്‍ അറിയിച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക. ഇസ്രായേല്‍മുഴുവനെയും നിൻ്റെപക്ഷത്തു കൊണ്ടുവരുന്നതിനു ഞാന്‍ സഹായിക്കാം.
13: ദാവീദ് മറുപടി പറഞ്ഞു: കൊള്ളാം, ഞാനുടമ്പടിചെയ്യാം; പക്ഷേ, ഒരു വ്യവസ്ഥ, എന്നെക്കാണാന്‍ വരുമ്പോള്‍ സാവൂളിൻ്റെ മകള്‍ മിഖാലിനെ ആദ്യംതന്നെ കൂട്ടിക്കൊണ്ടുവരണം.
14: അനന്തരം, ദാവീദ് സാവൂളിൻ്റെ മകന്‍ ഇഷ്‌ബോഷെത്തിനോടു ദൂതന്മാരെ അയച്ചു പറഞ്ഞു: എൻ്റെ ഭാര്യ മിഖാലിനെ തിരിച്ചുതരിക. നൂറു ഫിലിസ്ത്യരുടെ അഗ്രചര്‍മ്മംകൊടുത്താണ്, ഞാനവളെ പരിഗ്രഹിച്ചത്.
15: ഇഷ്‌ബോഷെത്ത് ആളയച്ച് ലായിഷിൻ്റെ മകനും മിഖാലിൻ്റെ ഭര്‍ത്താവുമായ ഫല്‍തിയേലിൻ്റെയടുക്കല്‍നിന്ന് അവളെ മടക്കിവരുത്തി. 
16: അവളുടെ ഭര്‍ത്താവു കരഞ്ഞുകൊണ്ടു ബഹൂറിംവരെ പിന്നാലെചെന്നു. അബ്‌നേര്‍ അവനോടു മടങ്ങിപ്പോകൂ എന്നു പറഞ്ഞു. അവന്‍ മടങ്ങിപ്പോയി.
17: അബ്‌നേര്‍ ഇസ്രായേല്‍ ശ്രേഷ്ഠന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായിക്കിട്ടാന്‍ നിങ്ങളാഗ്രഹിച്ചിരുന്നല്ലോ.
18: ഇപ്പോളിതാ, അങ്ങനെ ചെയ്യുവിന്‍. എൻ്റെ ദാസനായ ദാവീദിൻ്റെ കരംകൊണ്ട്, എൻ്റെ ജനമായ ഇസ്രായേലിനെ ഫിലിസ്ത്യരുടെയും മറ്റു ശത്രുക്കളുടെയും കൈയില്‍നിന്നു രക്ഷിക്കുമെന്നു കര്‍ത്താവു ദാവീദിനോടു വാഗ്ദാനംചെയ്തിട്ടുണ്ടല്ലോ..
19: അബ്‌നേര്‍ ബഞ്ചമിന്‍ ഗോത്രക്കാരോടും സംസാരിച്ചു. ഇസ്രായേല്‍ ഗോത്രക്കാരുടെയും ബഞ്ചമിന്‍ ഗോത്രത്തിൻ്റെയും സമ്മതം ദാവീദിനെയറിയിക്കാന്‍ അബ്‌നേര്‍ ഹെബ്രോണിലേക്കു പോയി.
20: ഇരുപതാളുകളുമായി അബ്‌നേര്‍ ഹെബ്രോണില്‍ ദാവീദിൻ്റെയടുക്കലെത്തി. അവര്‍ക്കുവേണ്ടി ദാവീദ് ഒരു വിരുന്നൊരുക്കി.
21: അബ്‌നേര്‍ ദാവീദിനോടു പറഞ്ഞു: ഞാന്‍ ചെന്ന്, ഇസ്രായേല്‍മുഴുവനെയും എൻ്റെ യജമാനനായ രാജാവിൻ്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവരാം. അവരങ്ങയോട് ഒരുടമ്പടിചെയ്യട്ടെ. അങ്ങാഗ്രഹിക്കുന്നതുപോലെ എല്ലാവരുടെയുംമേല്‍ രാജാവായി വാഴുകയും ചെയ്യാം. ദാവീദ് അബ്നേറിനെ പറഞ്ഞയച്ചു. അവന്‍ സമാധാനത്തോടെ പോയി.
22: അപ്പോള്‍ത്തന്നെ ദാവീദിൻ്റെ ദാസന്മാര്‍ യോവാബിനോടൊപ്പം ഒരു കവര്‍ച്ചകഴിഞ്ഞു കൊള്ളവസ്തുക്കളുമായി മടങ്ങിയെത്തി. അപ്പോള്‍ അബ്‌നേര്‍ ഹെബ്രോണില്‍ ദാവീദിനോടുകൂടെയുണ്ടായിരുന്നില്ല. എന്തെന്നാല്‍, ദാവീദ് അവനെ മടക്കിയയ്ക്കുകയും അവന്‍ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നു.
23: നേറിൻ്റെ മകന്‍ അബ്‌നേര്‍ രാജാവിൻ്റെയടുക്കല്‍ വന്നു; രാജാവ്, അവനെ സമാധാനത്തോടെ മടക്കിയയച്ചു എന്നു സൈന്യസമേതം മടങ്ങിവന്ന യോവാബറിഞ്ഞു.
24: യോവാബ് രാജാവിനോടു ചോദിച്ചു: അങ്ങ് ഈ ചെയ്തതെന്ത്? അബ്‌നേര്‍ അങ്ങയുടെയടുക്കല്‍ വന്നിരുന്നല്ലോ. അങ്ങവനെ വെറുതെ വിട്ടതെന്തുകൊണ്ട്?
25: അങ്ങയുടെ വ്യാപാരങ്ങള്‍ ഒറ്റുനോക്കി അങ്ങയെ വഞ്ചിക്കാനാണ് നേറിൻ്റെ മകന്‍ അബ്‌നേര്‍ വന്നതെന്ന് അങ്ങറിയുന്നില്ലേ?
26: ദാവീദിൻ്റെ സന്നിധിയില്‍നിന്നു പുറത്തുവന്ന യോവാബ് അബ്‌നേറിൻ്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവരവനെ സീറായുടെ കിണറ്റിനരികില്‍നിന്നു തിരികെ കൊണ്ടുവന്നു. ദാവീദ് ഇതറിഞ്ഞില്ല.
27: അബ്‌നേര്‍ ഹെബ്രോണില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യം പറയുവാനെന്നോണം യോവാബ് അവനെ പടിവാതില്‍ക്കലേക്കു തനിച്ചുകൊണ്ടുപോയി; വയറ്റത്തുകുത്തി അവനെക്കൊന്ന്, തൻ്റെ സഹോദരനായ അസഹേലിനെ കൊന്നതിനു പകരംവീട്ടി.
28: ഈ വിവരമറിഞ്ഞു ദാവീദ് പറഞ്ഞു: നേറിൻ്റെ മകന്‍ അബ്‌നേറിൻ്റെ രക്തം സംബന്ധിച്ച് എനിക്കും എൻ്റെ രാജ്യത്തിനും കര്‍ത്താവിൻ്റെ മുമ്പാകെ കുറ്റമില്ല.
29: ഇതു യോവാബിൻ്റെയും അവൻ്റെ പിതൃഭവനത്തിൻ്റെയുംമേലായിരിക്കട്ടെ! യോവാബിൻ്റെ ഭവനത്തില്‍ രക്തസ്രാവക്കാരനോ കുഷ്ഠരോഗിയോ ഊന്നുവടിയില്ലാതെ നടക്കാന്‍പറ്റാത്തവനോ വാളിനിരയാകുന്നവനോ പട്ടിണികിടക്കുന്നവനോ വിട്ടൊഴിയാതിരിക്കട്ടെ.
30: തങ്ങളുടെ സഹോദരനായ അസഹേലിനെ അബ്‌നേര്‍ ഗിബയോനിലെ യുദ്ധത്തില്‍വച്ചു കൊന്നതുകൊണ്ട്, യോവാബും സഹോദരന്‍ അബിഷായിലും അവനെ കൊന്നുകളഞ്ഞു.
31: ദാവീദ് യോവാബിനോടും കൂടെയുണ്ടായിരുന്നവരോടും കല്പിച്ചു; നിങ്ങള്‍ വസ്ത്രംകീറി ചാക്കുടുത്ത് അബ്‌നേറിനെക്കുറിച്ചു വിലപിക്കുവിന്‍. ദാവീദ് ശവമഞ്ചത്തെ പിന്തുടര്‍ന്നു.
32: അബ്‌നേറിനെ ഹെബ്രോണില്‍ സംസ്‌കരിച്ചു. രാജാവ് കല്ലറയ്ക്കരികെനിന്ന് ഉച്ചത്തില്‍ കരഞ്ഞു.
33: സകലജനവും വിലപിച്ചു. അബ്‌നേറിനെപ്രതി രാജാവ് ഇങ്ങനെ വിലപിച്ചു: ഭോഷനെപ്പോലെയല്ലയോ അബ്‌നേറിനു മരിക്കേണ്ടിവന്നത്.
34: നിൻ്റെ കരങ്ങള്‍ ബന്ധിച്ചിരുന്നില്ല, നിൻ്റെ പാദങ്ങള്‍ കെട്ടിയിരുന്നില്ല. ദുഷ്ടരാല്‍ കൊല്ലപ്പെടുന്നവനെപ്പോലെയാണല്ലോ നീ കൊല്ലപ്പെട്ടത്. അവനെച്ചൊല്ലി ജനം പിന്നെയും കരഞ്ഞു.
35: ഭക്ഷണംകഴിക്കാന്‍ ദാവീദിനെ അന്നുപകല്‍മുഴുവന്‍ ജനം നിര്‍ബന്ധിച്ചു. എന്നാല്‍, ദാവീദ് സത്യംചെയ്തു പറഞ്ഞു: സൂര്യാസ്തമയത്തിനു മുമ്പു ഞാന്‍ എന്തെങ്കിലും ഭക്ഷിച്ചാല്‍ ദൈവം എന്നെ കൊന്നുകളയട്ടെ! രാജാവു ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു.
36: അത്, അവരെ തൃപ്തരാക്കി.
37: നേറിൻ്റെ മകനായ അബ്‌നേറിനെ കൊന്നതു രാജാവിൻ്റെ ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് സകലജനവും ഇസ്രായേല്‍മുഴുവനും മനസ്സിലാക്കി.
38: രാജാവു ഭൃത്യന്മാരോടു പറഞ്ഞു: പ്രഭുവും മഹാനുമായ ഒരുവനാണ് ഇന്ന് ഇസ്രായേലില്‍ മരിച്ചതെന്ന് നിങ്ങളറിയുന്നില്ലേ?
39: അഭിഷിക്തനായ രാജാവെങ്കിലും ഞാനിന്നു ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഇവര്‍ എൻ്റെ വരുതിയിലൊതുങ്ങാത്തവിധം ക്രൂരന്മാരത്രേ. ദുഷ്ടനോട് അവൻ്റെ ദുഷ്ടതയ്‌ക്കൊത്തവണ്ണം കര്‍ത്താവു പ്രതികാരംചെയ്യട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ