അറുപത്തേഴാംദിവസം: ന്യായാധിപന്മാര്‍ 10 - 12


അദ്ധ്യായം 10

തോല

1: അബിമെലക്കിനുശേഷം ഇസ്രായേലിനെ രക്ഷിക്കാന്‍ തോല നിയുക്തനായി. ഇസാക്കര്‍ഗോത്രജനായ ദോദോയുടെ പുത്രന്‍ പൂവ്വാ ആയിരുന്നു ഇവൻ്റെ പിതാവ്.
2: അവന്‍ എഫ്രായിംമലനാട്ടിലെ ഷാമീറില്‍ ജീവിച്ചുകൊണ്ട് ഇസ്രായേലിനെ ഇരുപത്തിമൂന്നുവര്‍ഷം നയിച്ചു; മരിച്ച്, അവിടെത്തന്നെ അടക്കപ്പെട്ടു.

ജായിര്‍

3: തുടര്‍ന്ന്, ഗിലയാദുകാരനായ ജായിര്‍ വന്നു. അവന്‍ ഇസ്രായേലില്‍ ഇരുപത്തിരണ്ടു വര്‍ഷം ന്യായപാലനംനടത്തി.
4: അവനു മുപ്പതു പുത്രന്മാരുണ്ടായിരുന്നു. അവര്‍ കഴുതപ്പുറത്തു സവാരിചെയ്തു. ഗിലയാദുദേശത്ത് ഇന്നും ഹാവോത്ത്ജായിര്‍ എന്നറിയപ്പെടുന്ന മുപ്പതു പട്ടണങ്ങള്‍ അവരുടെ അധീനതയിലായിരുന്നു.
5: ജായിര്‍ മരിച്ച്, കാമോനില്‍ അടക്കപ്പെട്ടു.

ജഫ്താ

6: ഇസ്രായേല്‍ വീണ്ടും കര്‍ത്താവിൻ്റെമുമ്പില്‍ തിന്മചെയ്തു. അവര്‍ ബാല്‍ദേവന്മാരെയും അസ്താര്‍ത്തെദേവതകളെയും സിറിയാ, സീദോന്‍, മൊവാബ്, അമ്മോന്‍, ഫിലിസ്ത്യാ എന്നിവിടങ്ങളിലെ ദേവന്മാരെയും സേവിച്ചു; കര്‍ത്താവിനെ അവര്‍ പരിത്യജിച്ചു; അവിടുത്തെ സേവിച്ചതുമില്ല.
7: കര്‍ത്താവിൻ്റെ കോപം, ഇസ്രായേലിനെതിരേ ജ്വലിച്ചു; ഫിലിസ്ത്യര്‍ക്കും അമ്മോന്യര്‍ക്കും കര്‍ത്താവ്, അവരെയേല്പിച്ചുകൊടുത്തു.
8: ആ വര്‍ഷം അവര്‍ ഇസ്രായേല്‍മക്കളെ ക്രൂരമായി ഞെരുക്കി. ജോര്‍ദ്ദാനക്കരെ ഗിലയാദിലുള്ള അമോര്യരുടെ സ്ഥലത്തു വസിച്ചിരുന്ന ഇസ്രായേല്യരെമുഴുവന്‍ പതിനെട്ടുവര്‍ഷം അവര്‍ പീഡിപ്പിച്ചു.
9: അമ്മോന്യര്‍ ജോര്‍ദ്ദാന്‍കടന്ന്, യൂദാ, ബഞ്ചമിന്‍, എഫ്രായിം എന്നീ ഗോത്രങ്ങളോടു യുദ്ധംചെയ്യാന്‍ വന്നു. തന്മൂലം, ഇസ്രായേല്‍ വലിയ ക്ലേശമനുഭവിച്ചു.
10: ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഞങ്ങളുടെ ദൈവത്തെ മറന്നു ബാലിനെ സേവിച്ചതുകൊണ്ട്, ഞങ്ങള്‍ അങ്ങേയ്ക്കെതിരെ പാപം ചെയ്തിരിക്കുന്നു.
11: കര്‍ത്താവ് ഇസ്രായേല്‍ക്കാരോടു ചോദിച്ചു: ഈജിപ്തുകാര്‍, അമോര്യര്‍, അമ്മോന്യര്‍, ഫിലിസ്ത്യര്‍ എന്നിവരില്‍നിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചില്ലേ?
12: സീദോന്യരും അമലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചു. അപ്പോഴൊക്കെ നിങ്ങളെന്നോടു നിലവിളിച്ചു.
13: ഞാന്‍ നിങ്ങളെ അവരുടെ കൈയ്യില്‍നിന്നു മോചിപ്പിക്കുകയുംചെയ്തു. എങ്കിലും നിങ്ങള്‍, എന്നെയുപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു. അതുകൊണ്ട്, ഇനിയൊരിക്കലും ഞാന്‍ നിങ്ങളെ രക്ഷിക്കുകയില്ല.
14: പോയി, നിങ്ങള്‍ തിരഞ്ഞെടുത്ത ദേവന്മാരോടു നിലവിളിക്കുവിന്‍. കഷ്ടതയില്‍നിന്ന് അവര്‍ നിങ്ങളെ മോചിപ്പിക്കട്ടെ. ഇസ്രായേല്‍ജനം കര്‍ത്താവിനോടു പറഞ്ഞു:
15: ഞങ്ങള്‍ പാപംചെയ്തുപോയി! അങ്ങേയ്ക്കിഷ്ടമുള്ളത് ഞങ്ങളോടു ചെയ്തുകൊള്ളുക. ഇക്കുറി ഞങ്ങളെ രക്ഷിക്കുക എന്നുമാത്രം ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
16: അവര്‍ അന്യദേവന്മാരെ തങ്ങളുടെയിടയില്‍നിന്നു നീക്കംചെയ്ത്, കര്‍ത്താവിനെ സേവിച്ചു. ഇസ്രായേലിൻ്റെ കഷ്ടതകണ്ട് അവിടുന്നു രോഷാകുലനായി.
17: അമ്മോന്യര്‍ യുദ്ധത്തിനൊരുങ്ങി, ഗിലയാദില്‍ താവളമടിച്ചു;
18: ഇസ്രായേല്‍ജനം ഒന്നിച്ചുചേര്‍ന്നു മിസ്പായിലും താവളമടിച്ചു. ഗിലയാദിലെ നേതാക്കന്മാരായ ആളുകള്‍ പരസ്പരം പറഞ്ഞു: അമ്മോന്യരോടു യുദ്ധമാരംഭിക്കുന്നതാരോ, അവനായിരിക്കും ഗിലയാദ് നിവാസികള്‍ക്ക് അധിപന്‍.

അദ്ധ്യായം 11

1: ഗിലയാദുകാരനായ ജഫ്താ, ശക്തനായ സേനാനിയായിരുന്നു. പക്ഷേ, അവന്‍ വേശ്യാപുത്രനായിരുന്നു. ഗിലയാദ് ആയിരുന്നു അവൻ്റെ പിതാവ്.
2: ഗിലയാദിനു സ്വഭാര്യയിലും പുത്രന്മാരുണ്ടായിരുന്നു. അവര്‍ വളര്‍ന്നപ്പോള്‍ ജഫ്തായെ പുറംതള്ളിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ പിതാവിൻ്റെ അവകാശം നിനക്കു ലഭിക്കുവാന്‍ പാടില്ല. നീ അന്യസ്ത്രീയുടെ മകനാണല്ലോ.
3: അപ്പോള്‍ ജഫ്താ തൻ്റെ സഹോദരന്മാരില്‍നിന്നോടിപ്പോയി, തോബ് എന്ന സ്ഥലത്തുചെന്നു താമസിച്ചു. ഒരു നീചസംഘം അവനോടുചേര്‍ന്നു കൊള്ളചെയ്തു നടന്നിരുന്നു.
4: അക്കാലത്താണ് അമ്മോന്യര്‍ ഇസ്രായേലിനെതിരേ യുദ്ധത്തിനു വന്നത്.
5: അപ്പോള്‍ ഗിലയാദിലെ ശ്രേഷ്ഠന്മാര്‍ ജഫ്തായെ തോബു ദേശത്തുനിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോയി.
6: അവര്‍ ജഫ്തായോടു പറഞ്ഞു: അമ്മോന്യരോടുള്ള യുദ്ധത്തില്‍ നീ ഞങ്ങളെ നയിക്കണം.
7: ജഫ്താ, ഗിലയാദിലെ ശ്രേഷ്ഠന്മാരോടു ചോദിച്ചു: നിങ്ങളെന്നെ വെറുക്കുകയും എൻ്റെ പിതാവിൻ്റെ ഭവനത്തില്‍നിന്ന് അടിച്ചിറക്കുകയും ചെയ്തില്ലേ? അപകടത്തില്‍പ്പെട്ടപ്പോള്‍, നിങ്ങളെൻ്റെയടുക്കല്‍ വന്നിരിക്കുന്നുവോ?
8: ശ്രേഷ്ഠന്മാര്‍ ജഫ്തായോടു പറഞ്ഞു: നീ ഞങ്ങളോടുകൂടെ വന്ന്, അമ്മോന്യരോടു യുദ്ധംചെയ്യേണ്ടതിനും ഗിലയാദ്‌നിവാസികളായ ഞങ്ങളെല്ലാവരുടെയും നേതാവായിരിക്കേണ്ടതിനുംതന്നെയാണു ഞങ്ങള്‍ നിൻ്റെയടുത്തേക്കു വന്നിരിക്കുന്നത്.
9: ജഫ്താ അവരോടു പറഞ്ഞു: അമ്മോന്യരോടു പോരാടാന്‍ നിങ്ങളെന്നെ കൊണ്ടുപോകുകയും കര്‍ത്താവവരെ എനിക്കേല്പിച്ചുതരുകയുംചെയ്താല്‍, ഞാന്‍ നിങ്ങളുടെ നേതാവാകും.
10: ശ്രേഷ്ഠന്മാര്‍ പ്രതിവചിച്ചു: കര്‍ത്താവു നമുക്കു സാക്ഷിയായിരിക്കട്ടെ; നീ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യും, തീര്‍ച്ച.
11: അവന്‍ ഗിലയാദിലെ ശ്രേഷ്ഠന്മാരോടുകൂടെ പോയി. ജനം അവനെ നേതാവായി സ്വീകരിച്ചു. മിസ്പായില്‍ കര്‍ത്താവിൻ്റെ മുമ്പില്‍വച്ച് ജഫ്താ ജനങ്ങളോടു സംസാരിച്ചു.
12: ജഫ്താ ദൂതന്മാരെയയച്ച്, അമ്മോന്യരാജാവിനോടു ചോദിച്ചു: എൻ്റെ ദേശത്തോടു യുദ്ധംചെയ്യാന്‍ നിനക്കെന്നോടെന്താണു വിരോധം?
13: അമ്മോന്യ രാജാവ്, ജഫ്തായുടെ ദൂതന്മാരോടു പറഞ്ഞു: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വന്നപ്പോള്‍ അര്‍നോണ്‍മുതല്‍ ജാബോക്കും ജോര്‍ദ്ദാനുംവരെയുള്ള എൻ്റെ സ്ഥലം കൈവശപ്പെടുത്തി. അതിപ്പോള്‍ യുദ്ധംകൂടാതെ എനിക്കു തിരികെക്കിട്ടണം.
14: ജഫ്താ വീണ്ടും ദൂതന്മാരെ അയച്ച്
15: അമ്മോന്യരാജാവിനോടു പറഞ്ഞു: ജഫ്താ ഇങ്ങനെ അറിയിക്കുന്നു, മോവാബ്യരുടെയോ അമ്മോന്യരുടെയോ ദേശം ഇസ്രായേല്‍ കൈയടക്കിയില്ല.
16: അവര്‍ ഈജിപ്തില്‍നിന്നുവരുംവഴി മരുഭൂമിയില്‍ക്കൂടെ ചെങ്കടല്‍വരെയും അവിടെനിന്നു കാദെഷ്‌വരെയുമെത്തി.
17: ഇസ്രായേലന്ന്, ഏദോംരാജാവിനോടു ദൂതന്മാര്‍വഴി, നിൻ്റെ ദേശത്തിലൂടെ കടന്നുപോകാന്‍ തങ്ങളെയനുവദിക്കണമെന്നപേക്ഷിച്ചു. പക്ഷേ, അവനതു സമ്മതിച്ചില്ല. മോവാബു രാജാവിനോടും അവരാളയച്ചു പറഞ്ഞു; അവനും സമ്മതിച്ചില്ല. അതിനാല്‍, ഇസ്രായേല്‍ കാദെഷില്‍ത്തന്നെ താമസിച്ചു. 
18: അവര്‍ മരുഭൂമിയിലൂടെ യാത്രചെയ്തു. ഏദോമും മോവാബുംചുറ്റി മോവാബിനു കിഴക്കെത്തി. അര്‍നോൻ്റെ മറുകരെ താവളമടിച്ചു. മോവാബില്‍ അവര്‍ പ്രവേശിച്ചതേയില്ല. മോവാബിൻ്റെ അതിര്‍ത്തി അര്‍നോണ്‍ ആണല്ലോ.
19: ഇസ്രായേല്‍ ഹെഷ്ബോണിലെ അമോര്യരാജാവായ സീഹോൻ്റെയടുക്കല്‍ ദൂതന്മാരെയയച്ച് നിങ്ങളുടെ ദേശത്തുകൂടെ ഞങ്ങളുടെ സ്ഥലത്തേക്കു പോകാനനുവദിക്കണം എന്നപേക്ഷിച്ചു. 
20: എന്നാല്‍, തൻ്റെ ദേശത്തുകൂടെ ഇസ്രായേലിനെ കടത്തിവിടാന്‍ സീഹോനു വിശ്വാസംവന്നില്ല. മാത്രമല്ല, സീഹോന്‍ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി, യാഹാസില്‍ താവളമടിച്ച്, ഇസ്രായേലിനോടു പൊരുതി.
21: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവു സീഹോനെയും അവൻ്റെ ജനത്തെയും ഇസ്രായേല്‍ക്കാരുടെ കൈയിലേല്പിച്ചു. ഇസ്രായേല്‍ അവരെ പരാജയപ്പെടുത്തി, ആ സ്ഥലത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശം അവര്‍ പിടിച്ചെടുത്തു.
22: അര്‍നോണ്‍മുതല്‍ ജാബോക്കുവരെയും മരുഭൂമിമുതല്‍ ജോര്‍ദ്ദാന്‍വരെയുമുള്ള അമോര്യരുടെ ദേശംമുഴുവന്‍ കൈവശപ്പെടുത്തി.
23: അങ്ങനെ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവുതന്നെ തൻ്റെ ജനമായ ഇസ്രായേലിൻ്റെ മുമ്പില്‍നിന്ന് അമോര്യരെ തുരത്തിയിരിക്കേ, നീ അവ കൈവശമാക്കാന്‍പോകുന്നുവോ?
24: നിൻ്റെ ദൈവമായ കെമോഷ് നിനക്കു തരുന്നത് നീ കൈവശംവയ്ക്കുന്നില്ലേ? ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങള്‍ക്ക് ഒഴിപ്പിച്ചുതരുന്നതൊക്കെ ഞങ്ങള്‍ കൈവശമാക്കും.
25: മോവാബുരാജാവായ സിപ്പോറിൻ്റെ പുത്രന്‍ ബാലാക്കിനെക്കാള്‍ ശ്രേഷ്ഠനാണോ നീ? അവനെപ്പോഴെങ്കിലും ഇസ്രായേലിനെ എതിര്‍ത്തിട്ടുണ്ടോ? അവര്‍ക്കെതിരേ യുദ്ധത്തിനിറങ്ങിയിട്ടുണ്ടോ?
26: ഇസ്രായേല്‍ ഹെഷ്‌ബോണിലും അതിൻ്റെ ഗ്രാമങ്ങളിലും അരോവറിലും അതിൻ്റെ ഗ്രാമങ്ങളിലും അര്‍നോണ്‍തീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറുവര്‍ഷം താമസിച്ചകാലത്തു നീയെന്തുകൊണ്ടവ വീണ്ടെടുത്തില്ല.
27: ആകയാല്‍, ഞാന്‍ നിന്നോട് ഒരപരാധവും ചെയ്തിട്ടില്ല. ആ നിലയ്ക്ക്, എന്നോടു യുദ്ധംചെയ്യുന്നതു തെറ്റാണ്. ന്യായാധിപനായ കര്‍ത്താവ് ഇസ്രായേല്യര്‍ക്കും അമ്മോന്യര്‍ക്കുമിടയ്ക്ക്, ഇന്നു ന്യായവിധി നടത്തട്ടെ!
28: എന്നാല്‍, ജഫ്തായുടെ സന്ദേശം അമ്മോന്യ രാജാവു വകവച്ചില്ല.
29: കര്‍ത്താവിൻ്റെ ആത്മാവു ജഫ്തായുടെമേല്‍ ആവസിച്ചു. അവന്‍ ഗിലയാദ്, മനാസ്സെ എന്നിവിടങ്ങളില്‍ക്കൂടെ ഗിലയാദിലെ മിസ്പായിലേക്കുകടന്ന്, അമ്മോന്യരുടെ ദേശത്തേക്കുപോയി.
30: ജഫ്താ കര്‍ത്താവിന് ഒരു നേര്‍ച്ചനേര്‍ന്നു. അങ്ങ് അമ്മോന്യരെ എൻ്റെ കൈയ്യിലേല്പിക്കുമെങ്കില്‍
31: ഞാനവരെ തോല്പിച്ചു, ജേതാവായി തിരികെച്ചെല്ലുമ്പോള്‍ എന്നെയെതിരേല്‍ക്കാന്‍ പടിവാതില്‍ക്കലേക്ക് ആദ്യം വരുന്നതാരായിരുന്നാലും അവന്‍ കര്‍ത്താവിന്റേതായിരിക്കും. ഞാനവനെ ദഹനബലിയായി അവിടുത്തേക്കു അര്‍പ്പിക്കും.
32: ജഫ്താ, യുദ്ധംചെയ്യാന്‍ അമ്മോന്യരുടെ അതിര്‍ത്തി കടന്നു; കര്‍ത്താവവരെ അവൻ്റെ കൈയിലേല്പിച്ചു.
33: അരോവര്‍മുതല്‍ മിന്നിത്തിനു സമീപംവരെയും ആബേല്‍കെരാമിംവരെയും ഇരുപതു പട്ടണങ്ങളില്‍ അവനവരെ വകവരുത്തി; വലിയ കൂട്ടക്കൊല നടന്നു. അമ്മോന്യര്‍ ഇസ്രായേലിനു കീഴടങ്ങി.
34: ജഫ്താ മിസ്പായിലുള്ള തൻ്റെ വീട്ടിലേക്കു വന്നു. അതാ, അവൻ്റെ മകള്‍ തപ്പുകൊട്ടി നൃത്തംവച്ച് അവനെയെതിരേല്‍ക്കാന്‍ വരുന്നു. അവള്‍, അവൻ്റെ ഏകസന്താനമായിരുന്നു. വേറെ മകനോ മകളോ അവനില്ലായിരുന്നു.
35: അവളെക്കണ്ടപ്പോള്‍ അവന്‍ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീയെന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീയെന്നെ വല്ലാത്ത വിഷമത്തിലാക്കിയിരിക്കുന്നു. ഞാന്‍ കര്‍ത്താവിനു വാക്കുകൊടുത്തുപോയി. നേര്‍ച്ചയില്‍നിന്നു പിന്മാറാന്‍ എനിക്കു സാധിക്കുകയില്ല.
36: അവള്‍ പറഞ്ഞു: പിതാവേ, അങ്ങു കര്‍ത്താവിനു വാക്കുകൊടുത്തെങ്കില്‍ അതനുസരിച്ച് എന്നോടു ചെയ്തുകൊള്ളുക. കര്‍ത്താവു ശത്രുക്കളായ അമ്മോന്യരോടു പ്രതികാരംചെയ്തല്ലോ.
37: അവള്‍ തുടര്‍ന്നു: ഒരു കാര്യം എനിക്കു ചെയ്തുതരണം. സഖിമാരോടൊത്തു പര്‍വ്വതങ്ങളില്‍ പോയി എൻ്റെ കന്യാത്വത്തെപ്രതി രണ്ടുമാസത്തേക്കു വിലപിക്കാന്‍ എന്നെയനുവദിക്കണം.
38: പൊയ്‌ക്കൊള്ളുക എന്നു പറഞ്ഞ്, അവന്‍ രണ്ടു മാസത്തേക്ക് അവളെയയച്ചു. അവള്‍ പര്‍വ്വതങ്ങളില്‍ സഖിമാരൊടൊപ്പം താമസിച്ചു തൻ്റെ കന്യാത്വത്തെപ്പറ്റി വിലപിച്ചു.
39: രണ്ടുമാസംകഴിഞ്ഞ്, അവള്‍ പിതാവിൻ്റെ പക്കലേക്കു തിരിച്ചുവന്നു.
40: അവന്‍ നേര്‍ന്നിരുന്നതുപോലെ അവളോടു ചെയ്തു. അവളൊരിക്കലും പുരുഷനെ അറിഞ്ഞിരുന്നില്ല. ഗിലയാദുകാരനായ ജഫ്തായുടെ പുത്രിയെയോര്‍ത്ത്, ഇസ്രായേല്‍പുത്രിമാര്‍ വര്‍ഷംതോറും നാലുദിവസം കരയാന്‍പോകുക പതിവായിത്തീര്‍ന്നു.

അദ്ധ്യായം 12

1: എഫ്രായിംകാര്‍ യുദ്ധത്തിനൊരുങ്ങി. അവര്‍ സഫോണിലേക്കുചെന്ന്, ജഫ്തായോടു പറഞ്ഞു: അമ്മോന്യരോടു യുദ്ധംചെയ്യാന്‍ നീ അതിര്‍ത്തികടന്നപ്പോള്‍ നിന്നോടൊപ്പംവരാന്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തുകൊണ്ട്? നിന്നെയും നിൻ്റെ ഭവനത്തെയും ഞങ്ങളഗ്നിക്കിരയാക്കും.  
2: ജഫ്താ അവരോടു പറഞ്ഞു: ഞാനും എൻ്റെ ജനവും അമ്മോന്യരുമായി വലിയ കലഹത്തിലായി. ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ അവരുടെ കൈകളില്‍നിന്ന് നിങ്ങളെന്നെ രക്ഷിച്ചില്ല.
3: നിങ്ങളെന്നെ രക്ഷിക്കുകയില്ലെന്നുകണ്ടപ്പോള്‍, ഞാനെൻ്റെ ജീവന്‍ കൈയിലെടുത്ത്, അമ്മോന്യര്‍ക്കെതിരേ ചെന്നു. കര്‍ത്താവവരെ എൻ്റെ കൈയിലേല്പിക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍ നിങ്ങളെനിക്കെതിരേ യുദ്ധംചെയ്യാന്‍വരുന്നോ?
4: ജഫ്താ ഗിലയാദുകാരെയെല്ലാം ഒന്നിച്ചുകൂട്ടി, എഫ്രായിമിനോടു യുദ്ധംചെയ്തു. ഗിലയാദുകാര്‍ എഫ്രായിമിൻ്റെയും മനാസ്സെയുടെയുമിടയില്‍ വെറും അഭയാര്‍ത്ഥികളാണെന്ന് എഫ്രായിംകാര്‍ പറഞ്ഞതുകൊണ്ടു ഗിലയാദുകാര്‍ അവരെത്തകര്‍ത്തുകളഞ്ഞു.
5: എഫ്രായിംകാരോടെതിര്‍ത്ത് ഗിലയാദുകാര്‍ ജോര്‍ദ്ദാൻ്റെ കടവുകള്‍ പിടിച്ചെടുത്തു. എഫ്രായിമില്‍നിന്ന് ഒരഭയാര്‍ത്ഥി എപ്പോഴെങ്കിലും ഓടിപ്പോകുമ്പോള്‍, അക്കരയ്ക്കു പൊയ്‌ക്കൊള്ളട്ടെയെന്നു ചോദിച്ചാല്‍ നീ ഒരു എഫ്രായിംകാരനോ എന്നു ഗിലയാദുകാര്‍ ചോദിക്കും.
6: അല്ല എന്ന് അവന്‍ പറഞ്ഞാല്‍ അവനോടു ഷിബ്‌ബോലത്ത് എന്ന് ഉച്ചരിക്കാന്‍ പറയും. ശരിയായി ഉച്ചരിക്കാതെ സിബ്‌ബോലത്ത് എന്നുപറഞ്ഞാല്‍ അവരവനെപ്പിടിച്ചു ജോര്‍ദ്ദാൻ്റെ കടവുകളില്‍വച്ചു കൊല്ലും. നാല്പത്തീരായിരം ഏഫ്രായിംകാര്‍ അന്നാളുകളില്‍ വധിക്കപ്പെട്ടു.
7: ജഫ്താ, ഇസ്രായേലില്‍ ആറുവര്‍ഷം ന്യായപാലനംനടത്തി. ഗിലയാദുകാരനായ ജഫ്താ മരിച്ചു. സ്വന്തം പട്ടണമായ ഗിലയാദില്‍ അടക്കപ്പെട്ടു.

ഇബ്‌സാന്‍

8: അവനുശേഷം ബേത്‌ലെഹെംകാരനായ ഇബ്‌സാന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി. ,
9: അവനു മുപ്പതു പുത്രന്മാരും സ്വന്തം കുലത്തിനുവെളിയില്‍ വിവാഹംകഴിച്ചുകൊടുത്തിരുന്ന മുപ്പതു പുത്രിമാരും, തൻ്റെ പുത്രന്മാര്‍ക്കുവേണ്ടി കുലത്തിനുവെളിയില്‍നിന്നു സ്വീകരിച്ച മുപ്പതു പുത്രിമാരുമുണ്ടായിരുന്നു. 
10: അവന്‍ ഏഴുവര്‍ഷം ഇസ്രായേലില്‍ ന്യായപാലനംനടത്തി. ഇബ്‌സാന്‍ മരിച്ചു ബേത്‌ലെഹെമില്‍ അടക്കപ്പെട്ടു.

ഏലോന്‍

11: അവനുശേഷം സെബുലൂണ്‍കാരനായ ഏലോന്‍ ഇസ്രായേലില്‍ പത്തുവര്‍ഷം ന്യായപാലനംനടത്തി.
12: ഏലോന്‍ മരിച്ചു. സെബുലൂണ്‍ദേശത്ത് അയ്യാലോണില്‍ അവനെ സംസ്‌കരിച്ചു.

അബ്‌ദോന്‍

13: പിന്നീട് പിറഥോന്യനായ ഹില്ലേലിൻ്റെ മകന്‍ അബ്‌ദോന്‍ ഇസ്രായേലില്‍ ന്യായാധിപനായി.
14: അവനു നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരുമുണ്ടായിരുന്നു. അവര്‍ക്കു സഞ്ചരിക്കാന്‍ എഴുപതു കഴുതകളുമുണ്ടായിരുന്നു. അവന്‍ ഇസ്രായേലില്‍ എട്ടുവര്‍ഷം ന്യായപാലനം നടത്തി.
15: പിറഥോന്യനായ ഹില്ലേലിൻ്റെ പുത്രന്‍ അബ്‌ദോന്‍ മരിച്ചു; അമലേക്യരുടെ മലനാട്ടില്‍ എഫ്രായിംദേശത്തെ പിറഥോനില്‍ സംസ്‌കരിക്കപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ