എഴുപത്തിമൂന്നാം ദിവസം: 1 സാമുവേല്‍ 9 - 12


അദ്ധ്യായം 9

സാവൂള്‍ സാമുവലിൻ്റെയടുക്കല്‍

1: ബഞ്ചമിന്‍ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയേലിൻ്റെ മകനായിരുന്നു. അബിയേല്‍ സെരോറിൻ്റെയും സെരോര്‍ ബക്കോറാത്തിൻ്റെയും ബക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബഞ്ചമിന്‍ഗോത്രക്കാരനും ധനികനുമായിരുന്നു.
2: കിഷിന് സാവൂള്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാള്‍ കോമളനായി ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു. അവൻ്റെ തോളൊപ്പമുയരമുള്ള ആരുമുണ്ടായിരുന്നില്ല.
3: ഒരിക്കല്‍ സാവൂളിൻ്റെ പിതാവായ കിഷിൻ്റെ കഴുതകള്‍ കാണാതായി. അവന്‍ സാവൂളിനോടു പറഞ്ഞു: ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെയന്വേഷിക്കുക.
4: അവര്‍ എഫ്രായിംമലനാട്ടിലും ഷലീഷാദേശത്തുമന്വേഷിച്ചു; കണ്ടെത്തിയില്ല. ഷാലിംദേശത്തും തിരക്കി; അവിടെയുമില്ലായിരുന്നു. അനന്തരം, ബഞ്ചമിൻ്റെ നാട്ടിലന്വേഷിച്ചു; കണ്ടെത്തിയില്ല.
5: സൂഫിൻ്റെ ദേശത്തെത്തിയപ്പോള്‍ സാവൂള്‍ ഭൃത്യനോടു പറഞ്ഞു: നമുക്കു തിരികെപ്പോകാം. അല്ലെങ്കില്‍, പിതാവു കഴുതകളുടെ കാര്യംവിട്ടു നമ്മെപ്പറ്റി ആകുലചിത്തനാകും.
6: ഭൃത്യന്‍ പറഞ്ഞു: ഈ പട്ടണത്തില്‍ വളരെ പ്രശസ്തനായൊരു ദൈവപുരുഷനുണ്ട്. അവന്‍ പറയുന്നതെല്ലാം അതുപോലെ സംഭവിക്കും. നമുക്കങ്ങോട്ടുപോകാം. ഒരുപക്ഷേ, നമ്മുടെ കാര്യം സാധിക്കുന്നതിനുള്ള മാര്‍ഗ്ഗം അവന്‍ കാണിച്ചുതരും.
7: സാവൂളവനോടു ചോദിച്ചു: നമ്മള്‍ ചെല്ലുമ്പോള്‍ എന്താണവനു കൊടുക്കുക. നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ തീര്‍ന്നുപോയി. അവനുകൊടുക്കാന്‍ ഒന്നും നമ്മുടെ കൈയിലില്ലല്ലോ.
8:ഭൃത്യന്‍ പറഞ്ഞു: എൻ്റെ കൈയില്‍ കാല്‍ഷെക്കല്‍ വെള്ളിയുണ്ട്. അതവനു കൊടുക്കാം. നമ്മുടെ കഴുതകളെ എവിടെക്കണ്ടെത്താമെന്ന് അവന്‍ പറഞ്ഞുതരും.
9: പണ്ട്, ഇസ്രായേലിലൊരുവന്‍ ദൈവഹിതമാരായാന്‍പോകുമ്പോള്‍ നമുക്കു ദീര്‍ഘദര്‍ശിയുടെ അടുത്തുപോകാമെന്നു പറഞ്ഞിരുന്നു. പ്രവാചകന്‍, അക്കാലത്ത് ദീര്‍ഘദര്‍ശിയെന്നാണു വിളിക്കപ്പെട്ടിരുന്നത്.
10: കൊള്ളാം, നമുക്കു പോകാം, സാവൂള്‍ പറഞ്ഞു. അവര്‍ ദൈവപുരുഷന്‍ താമസിക്കുന്ന പട്ടണത്തിലേക്കു പോയി.
11: അവര്‍ പട്ടണത്തിലേക്കുള്ള കയറ്റംകയറുമ്പോള്‍ വെള്ളംകോരാന്‍വന്ന യുവതികളോടു ചോദിച്ചു: ദീര്‍ഘദര്‍ശി ഇവിടെയെങ്ങാനുമുണ്ടോ?
12: ഉണ്ട്, അവര്‍ പറഞ്ഞു, അതാ, നിങ്ങളുടെ മുമ്പിൽ‍പ്പോകുന്നു, വേഗംചെല്ലുവിന്‍. അവനിപ്പോള്‍ പട്ടണത്തില്‍ വന്നതേയുള്ളു. ഇന്നു മലമുകളില്‍ ജനങ്ങള്‍ക്ക് ഒരു ബലിസമര്‍പ്പിക്കാനുണ്ട്.
13: പട്ടണത്തില്‍ച്ചെന്നാലുടനെ, ഭക്ഷണംകഴിക്കാന്‍ മലമുകളിലേക്കു പോകുന്നതിനുമുമ്പ് അവനെ നിങ്ങള്‍ക്കു കാണാം. അവന്‍ ബലിയര്‍പ്പിക്കുന്നതിനുമുമ്പു ജനങ്ങള്‍ ഭക്ഷിക്കുകയില്ല. ക്ഷണിക്കപ്പെട്ടവര്‍ പിന്നീടാണു ഭക്ഷിക്കുന്നത്. ഇപ്പോള്‍ത്തന്നെ പൊയ്‌ക്കൊള്ളൂ. ഉടനെ അവനെക്കാണാം.
14: അവര്‍ പട്ടണത്തില്‍ച്ചെന്നു; മലമുകളിലേക്കു പോകുന്നവഴിക്ക് അവനെ കണ്ടു.
15: സാവൂള്‍ വന്നതിൻ്റെ തലേദിവസം കര്‍ത്താവ് സാമുവലിനു വെളിപ്പെടുത്തിയിരുന്നു:
16: നാളെ ഈ സമയത്തു ബഞ്ചമിൻ്റെ നാട്ടില്‍നിന്ന് ഒരുവനെ ഞാന്‍ നിൻ്റെയടുക്കലയയ്ക്കും. അവനെ നീ, എൻ്റെ ജനത്തിൻ്റെ രാജാവായി അഭിഷേകംചെയ്യണം. ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് അവരെ അവന്‍ രക്ഷിക്കും. എൻ്റെ ജനത്തിൻ്റെ കഷ്ടത ഞാന്‍ കാണുകയും അവരുടെ നിലവിളി ഞാന്‍ ശ്രവിക്കുകയുംചെയ്തിരിക്കുന്നു.
17: സാവൂള്‍ സാമുവലിൻ്റെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഞാന്‍ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ്. എൻ്റെ ജനത്തെ ഭരിക്കുന്നവന്‍ ഇവനാണ്.
18: സാവൂള്‍ പട്ടണവാതില്‍ക്കല്‍വച്ച് സാമുവലിനെ സമീപിച്ചു ചോദിച്ചു: ദീര്‍ഘദര്‍ശിയുടെ ഭവനമെവിടെയാണെന്നു കാണിച്ചുതരാമോ?
19: സാമുവല്‍ പറഞ്ഞു: ഞാന്‍തന്നെയാണവന്‍. മലമുകളിലേക്ക് എൻ്റെമുമ്പേ നടന്നുകൊള്ളുക. ഇന്ന് എൻ്റെകൂടെ ഭക്ഷണം കഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു പറഞ്ഞുതരാം.
20: മൂന്നുദിവസം മുമ്പുകാണാതായ കഴുതകളെക്കുറിച്ച് ആകുലചിത്തനാകേണ്ടാ. അവയെ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലില്‍ അഭികാമ്യമായതെല്ലാം ആര്‍ക്കുള്ളതാണ്? നിനക്കും നിൻ്റെ പിതൃഭവനത്തിലുള്ളവര്‍ക്കുമല്ലയോ?
21: സാവൂള്‍ പ്രതിവചിച്ചു: ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറിയ ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ടവനല്ലേ ഞാൻ‍? അതില്‍ത്തന്നെ ഏറ്റവുമെളിയ കുടുംബമല്ലേ എന്റേത്? പിന്നെന്തുകൊണ്ടാണ് എന്നോടിങ്ങനെ അങ്ങു സംസാരിക്കുന്നത്?
22: അനന്തരം, സാമുവലവരെ ഭക്ഷണശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. മുപ്പതോളംവരുന്ന അതിഥികളുടെയിടയില്‍ പ്രമുഖസ്ഥാനത്തിരുത്തി.
23: പാചകനോട് അവന്‍ പറഞ്ഞു: ഞാന്‍ നിന്നോട്, എടുത്തുവയ്ക്കാന്‍ പറഞ്ഞഭാഗം കൊണ്ടുവരുക.
24: പാചകന്‍ കാല്‍ക്കുറക് കൊണ്ടുവന്നു സാവൂളിനു വിളമ്പി. സാമുവല്‍ പറഞ്ഞു: നിനക്കുവേണ്ടി മാറ്റിവച്ചിരുന്നതാണിത്; ഭക്ഷിച്ചാലും; വിരുന്നുകാരോടൊത്തു ഭക്ഷിക്കുന്നതിനു നിനക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നതാണ്. അന്നു സാവൂള്‍ സാമുവലിനോടൊത്തു ഭക്ഷിച്ചു.
25: അവര്‍ മലമുകളില്‍നിന്നിറങ്ങി പട്ടണത്തിലെത്തി. വീടിൻ്റെ മുകള്‍ത്തട്ടില്‍ കിടക്ക തയ്യാറാക്കിയിരുന്നു. സാവൂള്‍ അവിടെ കിടന്നുറങ്ങി.

സാവൂള്‍ അഭിഷിക്തനാകുന്നു

26: പ്രഭാതമായപ്പോള്‍ സാമുവല്‍ വീടിൻ്റെ മുകള്‍ത്തട്ടില്‍ച്ചെന്നു സാവൂളിനെ വിളിച്ചു. എഴുന്നേല്‍ക്കുക; നീ പോകേണ്ടവഴി ഞാന്‍ കാണിച്ചുതരാം. സാവൂള്‍ എഴുന്നേറ്റ് അവനോടുകൂടെ വഴിയിലേക്കിറങ്ങി.
27: നഗരപ്രാന്തത്തിലെത്തിയപ്പോള്‍ സാമുവല്‍ സാവൂളിനോടു പറഞ്ഞു: ഭൃത്യനോടു മുമ്പേപൊയ്‌ക്കൊള്ളാന്‍ പറയുക. അവന്‍ പൊയ്ക്കഴിയുമ്പോള്‍ ഒരു നിമിഷം ഇവിടെ നില്‍ക്കുക. അപ്പോള്‍ ദൈവത്തിൻ്റെ വചനം ഞാന്‍ നിന്നോടുപറയാം.


അദ്ധ്യായം 10

1: സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിൻ്റെ ശിരസ്സിലൊഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു തൻ്റെ ജനത്തിൻ്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലുംനിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണം. തൻ്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവു നിന്നെ വാഴിച്ചിരിക്കുന്നുവെന്നതിൻ്റെ അടയാളമിതായിരിക്കും:
2: ഇന്നു നീ എന്നെവിട്ടു പോകുമ്പോള്‍ ബഞ്ചമിൻ്റെ നാട്ടിലെ സെല്‍സാഹില്‍ റാഹേലിൻ്റെ ശവകുടീരത്തിനുസമീപം രണ്ടാളുകളെ നീ കാണും. നീയന്വേഷിച്ച കഴുതകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എൻ്റെ മകനെന്തുപറ്റി എന്നുചോദിച്ചുകൊണ്ടു നിന്നെക്കുറിച്ചാണു നിൻ്റെ പിതാവ് ഉത്കണ്ഠാകുലനായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും.
3: അവിടെനിന്നു താബോറിലെ ഓക്കുവൃക്ഷത്തിനു സമീപമെത്തുമ്പോള്‍ ബഥേലില്‍, ദൈവത്തിനു ബലിയര്‍പ്പിക്കാന്‍പോകുന്ന മൂന്നുപേരെ നീ കണ്ടുമുട്ടും. ഒരുവന്‍ മൂന്ന് ആട്ടിന്‍കുട്ടികളെയെടുത്തിരിക്കും; രണ്ടാമന്‍ മൂന്നപ്പവും മൂന്നാമന്‍ ഒരു തോല്‍ക്കുടം വീഞ്ഞും.
4: അവര്‍ നിന്നെയഭിവാദനംചെയ്ത്, രണ്ടപ്പം നിനക്കു നല്കും, അതു നീ സ്വീകരിക്കണം.
5: അനന്തരം, ഫിലിസ്ത്യര്‍ കൂടാരമടിച്ചിരിക്കുന്ന ഗിബെയായിലുള്ള ദൈവത്തിൻ്റെ മലയില്‍ നീയെത്തും. പട്ടണത്തിലേക്കു കടക്കുമ്പോള്‍ സാരംഗി, ചെണ്ട, കുഴല്‍, കിന്നരം എന്നീ വാദ്യമേളങ്ങളോടെ മലമുകളില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ നീ കണ്ടു മുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
6: അപ്പോള്‍ കര്‍ത്താവിൻ്റെയാത്മാവ് ശക്തമായി നിന്നിലാവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും.
7: ഇവ സംഭവിക്കുമ്പോള്‍ യുക്തംപോലെ ചെയ്തുകൊള്ളുക, ദൈവം നിന്നോടുകൂടെയുണ്ട്.
8: എനിക്കു മുമ്പേ ഗില്‍ഗാലിലേക്കു നീ പോകണം. ദഹനബലികളും സമാധാനബലികളുമര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണു ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചുതരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക.
9: സാവൂള്‍ സാമുവലിൻ്റെയടുക്കല്‍നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ദൈവം അവനൊരു പുതിയ ഹൃദയം നല്കി. സാമുവല്‍ പറഞ്ഞതെല്ലാം അന്നുതന്നെ സംഭവിച്ചു.
10: സാവൂളും ഭൃത്യനും ഗിബെയായിലെത്തിയപ്പോള്‍ പ്രവാചകഗണത്തെ കണ്ടു. ഉടന്‍ ദൈവത്തിൻ്റെയാത്മാവ് അവനില്‍ ശക്തമായി പ്രവര്‍ത്തിച്ചു. അവനും അവരോടൊത്തു പ്രവചിച്ചു.
11: സാവൂളിനെ, മുമ്പ് അറിയാമായിരുന്നവരെല്ലാം അവന്‍ പ്രവചിക്കുന്നതുകണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: കിഷിൻ്റെ മകനെന്തുപറ്റി? സാവൂളും പ്രവാചകനോ?
12: അവിടത്തുകാരില്‍ ഒരാള്‍ ചോദിച്ചു: അവരുടെ പിതാവാരാണ്? അങ്ങനെ, സാവൂളും ഒരു പ്രവാചകനോ എന്നത് ഒരു പഴഞ്ചൊല്ലായിത്തീര്‍ന്നു.
13: പ്രവചനംകഴിഞ്ഞ്, അവന്‍ മലമുകളിലെത്തി.
14: സാവൂളിൻ്റെ പിതൃസഹോദരന്‍ അവനോടും ഭൃത്യനോടും ചോദിച്ചു: നിങ്ങള്‍ എവിടെപ്പോയിരിക്കുകയായിരുന്നു? കഴുതകളെ തിരക്കിപോയതായിരുന്നു. അവയെക്കാണായ്കയാല്‍ ഞങ്ങള്‍ സാമുവലിൻ്റെയടുക്കല്‍പ്പോയി എന്ന് അവന്‍ പറഞ്ഞു.
15: സാമുവല്‍ നിങ്ങളോടെന്തുപറഞ്ഞു എന്നവന്‍ ചോദിച്ചു.
16: സാവൂള്‍ പറഞ്ഞു: കഴുതകളെക്കണ്ടുകിട്ടിയെന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു: എന്നാല്‍, താന്‍ രാജാവാകാന്‍പോകുന്നതിനെപ്പറ്റി സാമുവല്‍ പറഞ്ഞതൊന്നും അവനോടു പറഞ്ഞില്ല.
17: സാമുവല്‍ ജനത്തെ മിസ്പായില്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ വിളിച്ചുകൂട്ടി. ഇസ്രായേല്‍ ജനത്തോട് അവന്‍ പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരമരുളിച്ചെയ്യുന്നു:
18: ഇസ്രായേലിനെ ഈജിപ്തില്‍നിന്നു ഞാന്‍ കൊണ്ടുവന്നു. ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകലരാജാക്കന്മാരുടെയും കൈകളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.
19: എന്നാല്‍, എല്ലാ ദുരിതങ്ങളിലും അത്യാഹിതങ്ങളിലുംനിന്നു നിങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ ഇന്നു നിങ്ങളുപേക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു രാജാവിനെ വാഴിച്ചുതരുക എന്നു നിങ്ങളാവശ്യപ്പെട്ടു. അതുകൊണ്ട് ഇപ്പോള്‍, ഗോത്രത്തിൻ്റെയും, കുലത്തിൻ്റെയുംക്രമത്തില്‍ കര്‍ത്താവിൻ്റെ മുമ്പില്‍ നില്‍ക്കുവിന്‍.
20: അനന്തരം, സാമുവല്‍ ഇസ്രായേല്‍ഗോത്രങ്ങളെയെല്ലാം തൻ്റെയടുക്കല്‍വരുത്തി കുറിയിട്ടു ബഞ്ചമിന്‍ഗോത്രത്തെയെടുത്തു.
21: ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങളെയെല്ലാം തൻ്റെയടുക്കല്‍ വരുത്തി. മത്രികുടുംബത്തിനാണ് കുറി വീണത്. അവസാനം മത്രികുടുംബാംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കിഷിൻ്റെ മകനായ സാവൂളിനെ കുറിയിട്ടു സ്വീകരിച്ചു. എന്നാല്‍, അവരന്വേഷിച്ചപ്പോള്‍ അവനെ കണ്ടില്ല.
22: അവനിവിടെ വന്നിട്ടുണ്ടോ എന്ന് അവര്‍ കര്‍ത്താവിനോടു ചോദിച്ചു. അവന്‍ ഇതാ ഭാണ്ഡങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു എന്നു കര്‍ത്താവു പറഞ്ഞു.
23: അവരോടിച്ചെന്ന് അവനെ കൂട്ടിക്കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍ മറ്റാരെയുംകാള്‍ അവൻ്റെ ശിരസ്സും തോളും ഉയര്‍ന്നുനിന്നിരുന്നു.
24: സാമുവല്‍ ജനക്കൂട്ടത്തോടു ചോദിച്ചു: കര്‍ത്താവു തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല. അപ്പോള്‍, രാജാവു നീണാള്‍വാഴട്ടെയെന്നു ജനം ആര്‍ത്തുവിളിച്ചു.
25: അനന്തരം, സാമുവല്‍ രാജധര്‍മ്മത്തെപ്പറ്റി ജനങ്ങളോടു പറഞ്ഞു. അതെല്ലാം ഒരു പുസ്തകത്തിലെഴുതി കര്‍ത്താവിൻ്റെ മുമ്പില്‍വച്ചു. പിന്നീട്, ജനത്തെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു.
26: സാവൂളും ഗിബെയായിലുള്ള തൻ്റെ ഭവനത്തിലേക്കു മടങ്ങി. ദൈവത്താല്‍ പ്രചോദിതരായ ഏതാനും യുദ്ധവീരന്മാരും അവനെയനുഗമിച്ചു.
27: എന്നാല്‍, ചില കുബുദ്ധികള്‍ ചോദിച്ചു: നമ്മെ രക്ഷിക്കാന്‍ ഇവനു സാധിക്കുമോ? അവരവനെ അധിക്ഷേപിച്ചു. കാഴ്ചയൊന്നും അവര്‍ കൊടുത്തുമില്ല. അവനതു ഗൗനിച്ചില്ല.


അദ്ധ്യായം 11

അമ്മോന്യരെ തോല്പിക്കുന്നു.

1: ഏകദേശം ഒരുമാസംകഴിഞ്ഞ്, അമ്മോന്‍ രാജാവായ നാഹാഷ്, സൈന്യസന്നാഹത്തോടെ യാബേഷ്‌ഗിലയാദ് ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്ധിചെയ്താല്‍ നിന്നെ ഞങ്ങളുടെ രാജാവാക്കാം.
2: നാഹാഷ് പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും വലത്തുകണ്ണു ചുഴന്നെടുക്കും. ഈ വ്യവസ്ഥയില്‍ ഞാന്‍ നിങ്ങളുമായി ഒരുടമ്പടിചെയ്യാം. അങ്ങനെ ഞാന്‍ ഇസ്രായേലിനെ മുഴുവന്‍ പരിഹാസപാത്രമാക്കും.
3: യാബെഷിലെ ശ്രേഷ്ഠന്മാര്‍ മറുപടി പറഞ്ഞു: ഇസ്രായേലിലെ എല്ലാദേശങ്ങളിലേക്കും ദൂതന്മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴുദിവസത്തെ അവധിതരുക. ആരും ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ നിനക്കു വിധേയരായിക്കൊള്ളാം.
4: ദൂതന്മാര്‍ സാവൂള്‍ വസിച്ചിരുന്ന ഗിബെയായിലെത്തി. വിവരമറിയിച്ചു. ജനം വാവിട്ടു നിലവിളിച്ചു.
5: സാവൂള്‍ വയലില്‍നിന്നു കാളകളെയുംകൊണ്ടുവരുകയായിരുന്നു. ജനം കരയത്തക്കവിധം എന്തുണ്ടായെന്ന് അവന്‍ തിരക്കി. യാബെഷ്‌നിവാസികള്‍ പറഞ്ഞകാര്യം അവരവനെയറിയിച്ചു.
6: ഇതുകേട്ടപ്പോള്‍ ദൈവത്തിൻ്റെയാത്മാവ് അവനില്‍ ശക്തമായി ആവസിച്ചു. അവൻ്റെ കോപം ആളിക്കത്തി.
7: അവന്‍ ഒരേര്‍ക്കാളയെ വെട്ടിനുറുക്കി ദൂതന്മാര്‍വഴി ഇസ്രായേല്‍ദേശത്തെല്ലാം കൊടുത്തയച്ചു. സാവൂളിൻ്റെയും സാമുവലിൻ്റെയുംപിന്നാലെ വരാന്‍ മടിക്കുന്നവന്‍ ആരായാലും അവൻ്റെ കാളകളോടും ഇപ്രകാരംചെയ്യുമെന്നു പറഞ്ഞുവിട്ടു. ഇതുകേട്ടമാത്രയില്‍ കര്‍ത്താവ് തങ്ങളോടു പ്രവര്‍ത്തിച്ചേക്കാവുന്നതോര്‍ത്ത് ചകിതരായി അവര്‍ ഒന്നടങ്കം പുറപ്പെട്ടു.
8: സാവൂള്‍ അവരെ ബസേക്കില്‍ ഒരുമിച്ചുകൂട്ടി. ഇസ്രായേലില്‍നിന്നു മൂന്നുലക്ഷംപേരും യൂദായില്‍നിന്നു മുപ്പതിനായിരംപേരുമുണ്ടായിരുന്ന.
9: യാബെഷ് ഗിലയാദില്‍നിന്നുചെന്ന ദൂതന്മാരോട് അവര്‍ പറഞ്ഞു: നാളെ ഉച്ചയ്ക്കുമുമ്പ് അവര്‍ വിമുക്തരാകുമെന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബെഷിലെ ജനങ്ങള്‍ ഈ വിവരമറിഞ്ഞപ്പോള്‍ ആനന്ദതുന്ദിലരായി.
10: അവര്‍ നാഹാഷിനോടു പറഞ്ഞു: നാളെ ഞങ്ങള്‍ നിനക്കു കീഴ്‌പ്പെട്ടുകൊള്ളാം. ഇഷ്ടമുള്ളതു ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക.
11: പിറ്റേദിവസം പ്രഭാതത്തില്‍ സാവൂള്‍ തൻ്റെ ജനത്തെ മൂന്നുവിഭാഗമായി തിരിച്ചു. ശത്രുപാളയത്തിലേക്കു പുലരിയില്‍ത്തന്നെ അവര്‍ ഇരച്ചു കയറി. അമ്മോന്യരെ ആക്രമിച്ചു. ഉച്ചവരെ അവര്‍ ശത്രുക്കളെ സംഹരിച്ചു. ശേഷിച്ചവര്‍ ചിതറി, ഒറ്റപ്പെട്ടുപോയി.
12: അപ്പോള്‍ ഇസ്രായേല്യര്‍ സാമുവലിനോടു പറഞ്ഞു: സാവൂള്‍ ഞങ്ങളുടെ രാജാവാകരുതെന്നു പറഞ്ഞവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങള്‍ക്കവരെ വകവരുത്തണം.
13: സാവൂള്‍ പറഞ്ഞു: ഇന്നേതായാലും ആരെയും കൊല്ലേണ്ടാ. കര്‍ത്താവ് ഇസ്രായേലിനു മോചനംനല്കിയ ദിനമാണിന്ന്.
14: സാമുവല്‍ അവരോടു പറഞ്ഞു: നമുക്ക് ഗില്‍ഗാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടെ സാവൂളിനെ രാജാവായി പ്രഖ്യാപിക്കാം.
15: എല്ലാവരും ഗില്‍ഗാലിലേക്കു പോയി. അവിടെ വിശുദ്ധസ്ഥലത്തുവച്ച് സാവൂളിനെ അവര്‍ രാജാവായി പ്രഖ്യാപിച്ചു. അവര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ സമാധാനബലികളര്‍പ്പിച്ചു. സാവൂളും ഇസ്രായേല്‍ജനവും സാഘോഷം ഉല്ലസിച്ചു.


അദ്ധ്യായം 12

സാമുവല്‍ വിടവാങ്ങുന്നു

1: സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്തുതന്നു. ഞാന്‍ രാജാവിനെ നിങ്ങള്‍ക്കു വാഴിച്ചുതന്നു.
2: ഇപ്പോള്‍ നിങ്ങളെ നയിക്കാന്‍ ഒരു രാജാവുണ്ട്. ഞാന്‍ വൃദ്ധനായി, ജരാനരകള്‍ ബാധിച്ചു. എൻ്റെ പുത്രന്മാരാകട്ടെ നിങ്ങളോടുകൂടെയുണ്ട്. യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചുപോന്നു.
3: ഇതാ ഞാന്‍ നിങ്ങളുടെമുമ്പില്‍ നില്‍ക്കുന്നു. ഞാനെന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ കര്‍ത്താവിൻ്റെയും അവിടുത്തെ അഭിഷിക്തൻ്റെയും മുമ്പില്‍വച്ച് ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുവിന്‍. ഞാന്‍ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടുണ്ടോ? ആരില്‍നിന്നെങ്കിലും കൈക്കൂലിവാങ്ങി സത്യത്തിനുനേരേ കണ്ണടച്ചിട്ടുണ്ടോ? ഇവയിലേതെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.
4: അവര്‍ പറഞ്ഞു: അങ്ങു ഞങ്ങളെ വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടില്ല. ആരിൽനിന്നും യാതൊന്നും അപഹരിച്ചിട്ടുമില്ല.
5: അവനവരോടു പറഞ്ഞു: ഞാന്‍ തികച്ചും നിഷ്‌കളങ്കനാണെന്നു നിങ്ങള്‍ കണ്ടുവെന്നതിനു കര്‍ത്താവും അവിടുത്തെ അഭിഷിക്തനും സാക്ഷിയാണ്. അവര്‍ പ്രതിവചിച്ചു; അതേ, കര്‍ത്താവു സാക്ഷി.
6: സാമുവല്‍ തുടര്‍ന്നു: മോശയെയും അഹറോനെയും നിയമിക്കുകയും നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കുകയുംചെയ്ത കര്‍ത്താവു സാക്ഷി.
7: കേട്ടുകൊള്ളുവിന്‍. നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും കര്‍ത്താവുചെയ്ത വലിയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നിങ്ങളെ ഞാന്‍ കര്‍ത്താവിൻ്റെ മുമ്പില്‍ കുറ്റപ്പെടുത്താന്‍ പോകുകയാണ്.
8: യാക്കോബ് ഈജിപ്തിലെത്തുകയും അവൻ്റെ സന്തതികളെ ഈജിപ്തുകാര്‍ ഞെരുക്കുകയുംചെയ്തപ്പോള്‍ നിങ്ങളുടെ പിതാക്കന്മാര്‍ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു. അവിടുന്നു മോശയെയും അഹറോനെയും അയച്ചു. അവര്‍ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു താമസിപ്പിച്ചു.
9: പക്ഷേ, അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിച്ചു. അവിടുന്നവരെ ഹസോറിലെ യാബിന്‍രാജാവിൻ്റെ സേനാധിപനായ സിസേറായുടെയും ഫിലിസ്ത്യരുടെയും മൊവാബുരാജാവിൻ്റെയും കരങ്ങളിലേല്പിച്ചു. അവര്‍ ഇസ്രായേല്യരോടു യുദ്ധംചെയ്തു.
10: ഇസ്രായേല്‍ കര്‍ത്താവിനോടു നിലവിളിച്ചുപറഞ്ഞു: ഞങ്ങള്‍ പാപംചെയ്തുപോയി. കര്‍ത്താവിനെയുപേക്ഷിച്ചു ബാലിൻ്റെയും അഷ്ത്താര്‍ത്തെയുടെയും ബിംബങ്ങളെ ഞങ്ങളാരാധിച്ചു. ഇപ്പോള്‍ ശത്രുക്കളുടെ കരങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കുക. ഞങ്ങള്‍ അവിടുത്തെ സേവിച്ചുകൊള്ളാം.
11: കര്‍ത്താവു ജറുബ്ബാലിനെയും ബാറാക്കിനെയും ജഫ്തായെയും സാമുവലിനെയുമയച്ച്, എല്ലാ ശത്രുക്കളിലുംനിന്ന് നിങ്ങളെ രക്ഷിച്ചു.
12: നിങ്ങള്‍ സുരക്ഷിതരായി വസിച്ചു. അമ്മോന്യരുടെ രാജാവായ നാഹാഷ് ആക്രമിക്കാനുദ്യമിച്ചപ്പോള്‍ ദൈവമായ കര്‍ത്താവു നിങ്ങളുടെ രാജാവായിരിക്കെ, ഭരിക്കാനൊരു രാജാവുവേണമെന്നു നിങ്ങളെന്നോടു പറഞ്ഞു.
13: നിങ്ങളുടെ ആവശ്യമനുസരിച്ചു നിങ്ങള്‍ തിരഞ്ഞെടുത്ത രാജാവിനെക്കണ്ടാലും! ഇതാ കര്‍ത്താവ് നിങ്ങള്‍ക്കായി ഒരു രാജാവിനെ വാഴിച്ചിരിക്കുന്നു.
14: നിങ്ങള്‍ കര്‍ത്താവിനെ ബഹുമാനിക്കുകയും സേവിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും കല്പനകള്‍ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയുംചെയ്താല്‍ എല്ലാം ശുഭമായിരിക്കും.
15: നിങ്ങള്‍ കര്‍ത്താവിൻ്റെ സ്വരം ശ്രവിക്കാതിരിക്കുകയും അവിടുത്തെ കല്പനകള്‍ നിരസിക്കുകയുംചെയ്താല്‍ അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനുമെതിരായിരിക്കും.
16: നിങ്ങളുടെ മുമ്പാകെ കര്‍ത്താവു പ്രവര്‍ത്തിക്കാന്‍പോകുന്ന ഈ മഹാകാര്യംകാണാന്‍ നിങ്ങള്‍ ശ്രദ്ധയോടെ കാത്തുനില്‍ക്കുവിന്‍.
17: ഇതു ഗോതമ്പുകൊയ്യുന്ന കാലമല്ലേ? ഇടിയും മഴയുമയയ്ക്കാന്‍ കര്‍ത്താവിനെവിളിച്ചു ഞാനപേക്ഷിക്കും. ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട്, കര്‍ത്താവിൻ്റെ ദൃഷ്ടിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച ദുഷ്ടതയെന്തെന്ന്, അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.
18: സാമുവല്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് ഇടിയും മഴയുമയച്ചു. ജനം കര്‍ത്താവിനെയും സാമുവലിനെയും ഭയപ്പെട്ടു.
19: അവര്‍ സാമുവലിനോടപേക്ഷിച്ചു: ഞങ്ങള്‍ മരിക്കാതിരിക്കാന്‍ അങ്ങയുടെ ദൈവമായ കര്‍ത്താവിനോട് ഈ ദാസന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ! രാജാവിനെ ചോദിച്ചതുകൊണ്ട് മറ്റെല്ലാ പാപങ്ങള്‍ക്കുംപുറമേ ഈ പാപവും ഞങ്ങള്‍ ചെയ്തു.
20: സാമുവല്‍ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങള്‍ ഈ തിന്മകളെല്ലാം ചെയ്തു. എന്നാലും, കര്‍ത്താവിനെ അനുഗമിക്കുന്നതില്‍നിന്നു പിന്മാറരുത്. പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ സേവിക്കുവിന്‍.
21: നിങ്ങള്‍ക്കുപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേക്ക് നിങ്ങള്‍ തിരിയരുത്; അവ വ്യര്‍ത്ഥമാണ്.
22: തൻ്റെ ഉത്കൃഷ്ടനാമത്തെപ്രതി കര്‍ത്താവു തൻ്റെ ജനത്തെ പരിത്യജിക്കുകയില്ല. നിങ്ങളെ തൻ്റെ ജനമാക്കാന്‍ അവിടുന്നു പ്രസാദിച്ചിട്ടുണ്ടല്ലോ.
23: നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ത്ഥിക്കാതെ കര്‍ത്താവിനെതിരേ പാപംചെയ്യാന്‍ അവിടുന്നെനിക്കിടവരുത്താതിരിക്കട്ടെ! ഞാന്‍ നിങ്ങള്‍ക്കു നേര്‍വഴിയുപദേശിക്കും.
24: നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും വിശ്വസ്തതയോടുംകൂടെ കര്‍ത്താവിനെ സേവിക്കുവിന്‍. അവിടുന്നു നിങ്ങള്‍ക്കുചെയ്ത മഹാകാര്യങ്ങള്‍ സ്മരിക്കുവിന്‍.
25: ഇനിയും പാപംചെയ്താല്‍ അവിടുന്നു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും നീക്കിക്കളയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ