എഴുപത്തിനാലാം ദിവസം: 1 സാമുവേല്‍ 13 - 14



അദ്ധ്യായം 13

സാവൂള്‍ തിരസ്കൃതനാകുന്നു

1: രാജാവാകുമ്പോള്‍ സാവൂളിനു .... വയസ്സുണ്ടായിരുന്നു. അവന്‍ .... വര്‍ഷം ഇസ്രായേലിനെ ഭരിച്ചു.
2: സാവൂള്‍ ഇസ്രായേലില്‍നിന്നു മൂവായിരംപേരെത്തിരഞ്ഞെടുത്തു. രണ്ടായിരംപേര്‍ അവനോടൊത്തു മിക്മാഷിലും ബഥേല്‍മലനാട്ടിലും നിന്നു; ആയിരംപേര്‍ ജോനാഥാനോടുകൂടെ ബഞ്ചമിൻ്റെ ഗിബെയാദേശത്തുമായിരുന്നു. ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്കയച്ചു.
3: ഗേബായിലുള്ള ഫിലിസ്ത്യരുടെ കാവല്‍സൈന്യത്തെ ജോനാഥാന്‍ പരാജയപ്പെടുത്തി. ഫിലിസ്ത്യര്‍ അതറിഞ്ഞു. ഹെബ്രായര്‍ കേള്‍ക്കട്ടെ എന്നുപറഞ്ഞ്, സാവൂള്‍ രാജ്യമൊട്ടുക്കു കാഹളംമുഴക്കി.
4: സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്മാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായേല്യരറിഞ്ഞു. അതിനാല്‍, അവര്‍ ഗില്‍ഗാലില്‍ സാവൂളിൻ്റെയടുക്കല്‍ വന്നുകൂടി.
5: ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധംചെയ്യാന്‍ സൈന്യത്തെ ഒരുമിച്ചുകൂട്ടി - മുപ്പതിനായിരം രഥങ്ങള്‍, ആറായിരം കുതിരപ്പടയാളികള്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പട. അവര്‍ ബത്താവനു കിഴക്കുള്ള മിക്‌മാഷില്‍ കൂടാരമടിച്ചു.
6: അപകടസ്ഥിതിയിലാണെന്നു മനസ്സിലായപ്പോള്‍ ഇസ്രായേല്യര്‍ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലുമൊളിച്ചു.
7: ചിലര്‍ ജോര്‍ദ്ദാന്‍നദികടന്നു ഗാദിലും ഗിലയാദിലും എത്തി. സാവൂള്‍ ഗില്‍ഗാലില്‍ത്തന്നെയുണ്ടായിരുന്നു. അനുയായികളാകട്ടെ ചകിതരുമായിരുന്നു.
8: സാവൂള്‍ സാമുവലിൻ്റെ നിര്‍ദ്ദേശമനുസരിച്ച്, ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, അവന്‍ ഗില്‍ഗാലില്‍ വന്നില്ല. അതിനാല്‍, ജനം സാവൂളിനെ വിട്ടുപിരിയാന്‍ തുടങ്ങി.
9: സാവൂള്‍ പറഞ്ഞു: ദഹനബലിക്കും സമാധാനബലിക്കുമുള്ള വസ്തുക്കള്‍ എൻ്റെയടുത്തു കൊണ്ടുവരുവിന്‍. എന്നിട്ട് അവന്‍തന്നെ ദഹനബലിയര്‍പ്പിച്ചു.
10: ദഹനബലിയര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി. അവനെ അഭിവാദനംചെയ്തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേക്കുചെന്നു.
11: നീയെന്താണു ചെയ്തത്? സാമുവല്‍ ചോദിച്ചു. സാവൂള്‍ പറഞ്ഞു: ജനങ്ങള്‍ എന്നെവിട്ടു ചിതറിപ്പോകുന്നതും നിശ്ചിതദിവസമായിട്ടും അങ്ങു വരാതിരിക്കുന്നതും ഫിലിസ്ത്യര്‍ മിക്‌മാഷില്‍ ഒരുമിച്ചുകൂടുന്നതും ഞാന്‍ കണ്ടു.
12: ഗില്‍ഗാലില്‍വച്ച് ഫിലിസ്ത്യര്‍ എന്നെയാക്രമിക്കുന്നുവെന്നും കര്‍ത്താവിൻ്റെ സഹായം ഞാനപേക്ഷിച്ചിട്ടില്ലല്ലോയെന്നും ഞാനോര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.
13: സാമുവല്‍ പറഞ്ഞു: നീ വിഡ്ഢിത്തമാണു ചെയ്തത്. നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ കല്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്നു നിൻ്റെ രാജത്വം ഇസ്രായേലില്‍ എന്നേയ്ക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
14: എന്നാല്‍, നിൻ്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിൻ്റെ കല്പനകള്‍ നീ അനുസരിക്കായ്കയാല്‍, തൻ്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്നവനെ നിയോഗിച്ചുകഴിഞ്ഞു.
15: സാമുവല്‍ ഗില്‍ഗാലില്‍നിന്ന് ബഞ്ചമിൻ്റെ ഗിബെയായിലേക്കു പോയി. അറുനൂറോളംപേര്‍മാത്രമേ സാവൂളിനോടുകൂടെ അവശേഷിച്ചിരുന്നുള്ളു.
16: സാവൂളും പുത്രന്‍ ജോനാഥാനും ആ ജനങ്ങളും ബഞ്ചമിൻ്റെ ഗേബാദേശത്തു പാളയമടിച്ചു. ഫിലിസ്ത്യര്‍ മിക്‌മാഷിലും കൂടാരമടിച്ചു.
17: ഫിലിസ്ത്യരുടെ പാളയത്തില്‍നിന്ന് മൂന്നു സംഘങ്ങള്‍ കവര്‍ച്ചയ്ക്കു പുറപ്പെട്ടു. ഒരു സംഘം ഷുവാല്‍ദേശത്തെ ഓഫ്രായിലേക്കു തിരിച്ചു.
18: മറ്റൊന്നു ബത്‌ഹൊറോനിലേക്കും മൂന്നാമത്തേതു മരുഭൂമിക്കഭിമുഖമായിക്കിടക്കുന്ന സെബോയിംതാഴ്‌വരയ്ക്കു മുകളിലുള്ള അതിര്‍ത്തിയിലേക്കും പോയി.
19: അക്കാലത്ത് ഇസ്രായേലിലൊരിടത്തും കൊല്ലന്മാരില്ലായിരുന്നു. ഹെബ്രായര്‍ വാളും കുന്തവുമുണ്ടാക്കാതിരിക്കാന്‍ ഫിലിസ്ത്യര്‍ മുന്‍കരുതലെടുത്തിരുന്നു.
20: ഇസ്രായേല്യര്‍ക്ക് തങ്ങളുടെ കൊഴു, തൂമ്പാ, കോടാലി, അരിവാള്‍ എന്നിവ മൂര്‍ച്ചവരുത്തുന്നതിനു ഫിലിസ്ത്യരുടെയടുക്കല്‍ പോകേണ്ടിയിരുന്നു.
21: കൊഴുവിനും തൂമ്പായ്ക്കും മൂന്നില്‍ രണ്ടു ഷെക്കലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ഷെക്കലുമായിരുന്നു നിരക്ക്.
22: യുദ്ധദിവസം സാവൂളിനും പുത്രന്‍ ജോനാഥാനുമൊഴികേ മറ്റാര്‍ക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല.
23: ഫിലിസ്ത്യരുടെ കാവല്‍സേന മിക്‌മാഷ്-ചുരത്തിലേക്കു നീങ്ങി.

അദ്ധ്യായം 14

ജോനാഥാൻ്റെ സാഹസികത

1: ഒരു ദിവസം സാവൂളിൻ്റെ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: വരൂ, അക്കരെ ഫിലിസ്ത്യസേനയുടെ പാളയംവരെ നമുക്കൊന്നു പോകാം. എന്നാല്‍, ഇക്കാര്യം അവന്‍ പിതാവിനെയറിയിച്ചില്ല.
2: സാവൂള്‍, ഗിബെയായുടെ അതിര്‍ത്തിയിലെ മിഗ്രോനില്‍ മാതളനാരകത്തിൻ്റെ കീഴിലായിരുന്നു. അവനോടുകൂടെ ഏകദേശം അറുനൂറു പടയാളികളാണുണ്ടായിരുന്നത്.
3: അഹിത്തൂബിൻ്റെ മകന്‍ അഹിയായാണ് എഫോദു ധരിച്ചിരുന്നത്. അഹിത്തൂബ് ഇക്കാബോദിൻ്റെ സഹോദരനും ഫിനെഹാസിൻ്റെ പുത്രനുമായിരുന്നു. ഷീലോയില്‍ കര്‍ത്താവിൻ്റെ പുരോഹിതനായിരുന്ന ഏലിയുടെ പുത്രനാണ് ഫിനെഹാസ്. ജോനാഥാന്‍ പോയവിവരം ജനമറിഞ്ഞിരുന്നില്ല.
4: ജോനാഥാന്‍ ഫിലിസ്ത്യസൈന്യത്തിൻ്റെനേരേചെല്ലാന്‍നോക്കിയ വഴിയുടെ അപ്പുറവും ഇപ്പുറവും കടുംതൂക്കായ ഓരോ പാറയുണ്ടായിരുന്നു - ഒന്ന്, ബോസെസ് മറ്റേതു സേനെ.
5: ഒന്നു മിക്മാഷിനഭിമുഖമായി വടക്കുവശത്തും, മറ്റേതു ഗേബായ്ക്ക് അഭിമുഖമായി തെക്കുവശത്തും ഉയര്‍ന്നുനിന്നിരുന്നു.
6: ജോനാഥാന്‍ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: വരുക, നമുക്ക് ഈ അപരിച്ഛേദിതരായ സൈന്യത്തിൻ്റെനേരേ ചെല്ലാം. കര്‍ത്താവു നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആളേറിയാലും കുറഞ്ഞാലും കര്‍ത്താവിനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ.
7: ആയുധവാഹകന്‍ അവനോടു പറഞ്ഞു: അങ്ങയുടെ ഇഷ്ടംപോലെ. ഞാന്‍ അങ്ങയുടെ കൂടെത്തന്നെയുണ്ട്. അങ്ങയുടെ ഇഷ്ടമാണ് എന്റേതും
8: ജോനാഥാന്‍പ്രതിവചിച്ചു: നമുക്ക് അവരുടെനേരേചെന്ന്, അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാം.
9: ഞങ്ങള്‍ വരുവോളം അനങ്ങിപ്പോകരുതെന്ന് അവര്‍ പറഞ്ഞാല്‍ മുമ്പോട്ടുപോകാതെ നമുക്കവിടെത്തന്നെ നില്‍ക്കാം;
10: കടന്നുവരുവിന്‍ എന്നു പറഞ്ഞാല്‍ നമുക്കു കയറിച്ചെല്ലാം. കര്‍ത്താവ് അവരെ നമ്മുടെ കൈയിലേല്പിച്ചിരിക്കുന്നു എന്നതിന് അതായിരിക്കുമടയാളം.
11: അങ്ങനെ അവരിരുവരും ഫിലിസ്ത്യസേനയുടെമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇതാ, ഒളിച്ചിരുന്ന ഗുഹകളില്‍നിന്നു ഹെബ്രായര്‍ പുറത്തുവരുന്നുവെന്നു ഫിലിസ്ത്യര്‍ വിളിച്ചുപറഞ്ഞു.
12: കാവല്‍സൈന്യം ജോനാഥാനെയും ആയുധവാഹകനെയും അഭിവാദനംചെയ്തുകൊണ്ടു പറഞ്ഞു: ഇങ്ങോട്ടു കയറിവരുവിന്‍. ഞങ്ങള്‍ ഒരു കാര്യം കാണിച്ചുതരാം. ജോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: എൻ്റെ പിന്നാലെ വരുക. കര്‍ത്താവവരെ ഇസ്രായേലിൻ്റെ കരങ്ങളിലേല്പിച്ചിരിക്കുന്നു.
13: ജോനാഥാന്‍ ഇഴഞ്ഞു മുകളില്‍ക്കയറി; ആയുധവാഹകന്‍ പിന്നാലെയും. കാവല്‍സൈന്യം ജോനാഥാൻ്റെ മുമ്പില്‍ വീണു. ആയുധവാഹകനാകട്ടെ ഓരോരുത്തരെയായി വധിച്ചു.
14: ജോനാഥാനും അവനുംകൂടി നടത്തിയ ആ ആദ്യസംഹാരത്തില്‍ ഒരേക്കര്‍ സ്ഥലത്തിനുള്ളില്‍ ഇരുപതുപേരെ വധിച്ചു.
15: പാളയത്തിലും പോര്‍ക്കളത്തിലും ജനങ്ങള്‍ക്കിടയിലും അമ്പരപ്പുളവായി. കാവല്‍സൈന്യവും കവര്‍ച്ചക്കാരും നടുങ്ങി, ഭൂമി കുലുങ്ങി. അതിഭയങ്കരമായ സംഭ്രാന്തി പടര്‍ന്നു.
16: പുരുഷാരം ചിന്നിച്ചിതറിയോടുന്നതു ബഞ്ചമിനിലെ ഗിബെയായിലുണ്ടായിരുന്ന സാവൂളിൻ്റെ കാവല്‍ക്കാര്‍ കണ്ടു.
17: അപ്പോള്‍ സാവൂള്‍ തന്നോടുകൂടെയുണ്ടായിരുന്ന ജനത്തോടു പറഞ്ഞു: നമ്മുടെ കൂട്ടത്തില്‍നിന്നു പോയതാരെന്നറിയാന്‍ എണ്ണിനോക്കുവിന്‍. അവര്‍ നോക്കിയപ്പോള്‍ ജോനാഥാനും ആയുധവാഹകനും അവിടെയില്ലായിരുന്നു.
18: ദൈവത്തിൻ്റെ പേടകം ഇവിടെ കൊണ്ടുവരുകയെന്ന് സാവൂള്‍ അഹിയായോടു പറഞ്ഞു. അക്കാലത്ത് ഇസ്രായേല്യരോടുകൂടെയായിരുന്നു, ദൈവത്തിൻ്റെ പേടകം.
19: സാവൂള്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഫിലിസ്ത്യപാളയത്തിലെ ബഹളം മേല്‍ക്കുമേല്‍ വര്‍ദ്ധിച്ചു. കൈപിന്‍വലിക്കുക എന്നു സാവൂള്‍ പുരോഹിതനോടു പറഞ്ഞു.
20: അനന്തരം, സാവൂളും കൂടെയുണ്ടായിരുന്ന ജനവും അണിനിരന്ന്‌ യുദ്ധസ്ഥലത്തേക്കു ചെന്നു. ഫിലിസ്ത്യര്‍ പരസ്പരം പടവെട്ടി നശിക്കുന്നതാണ് അവര്‍ അവിടെ കണ്ടത്.
21: നേരത്തെ ഫിലിസ്ത്യരോടുകൂടെ ആയിരുന്നവരും അവരുടെ പാളയത്തില്‍ച്ചേര്‍ന്നവരുമായ ഹെബ്രായര്‍ സാവൂളിനോടും ജോനാഥാനോടുംകൂടെയുണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷംചേര്‍ന്നു.
22: എഫ്രായിം മലനാട്ടിലൊളിച്ചിരുന്ന ഇസ്രായേല്യരും ഫിലിസ്ത്യര്‍ തോറ്റോടിയെന്നറിഞ്ഞ്, പക്ഷംചേര്‍ന്ന് അവരെ പിന്തുടര്‍ന്നു.
23: അങ്ങനെ, കര്‍ത്താവന്ന് ഇസ്രായേലിനെ രക്ഷിച്ചു; ബത്താവന് അപ്പുറംവരെ യുദ്ധംനടന്നു.
24: ഇസ്രായേല്യര്‍ അന്നസ്വസ്ഥരായിരുന്നു. കാരണം ശത്രുക്കളോടു പ്രതികാരംചെയ്യുവോളം സന്ധ്യയ്ക്കുമുമ്പേ ഭക്ഷണംകഴിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെയെന്നു സാവൂള്‍ പറയുകയും ജനങ്ങളെക്കൊണ്ട് അങ്ങനെ ശപഥംചെയ്യിക്കുകയും ചെയ്തിരുന്നു. തന്മൂലം, ആരും ഭക്ഷണംകഴിച്ചില്ല.
25: ജനം ഒരു കാട്ടുപ്രദേശത്തെത്തി, അവിടെ തേന്‍കട്ടകള്‍ നിലത്തുവീണുകിടപ്പുണ്ടായിരുന്നു.
26: കാട്ടില്‍ക്കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റുവീഴുന്നത് അവര്‍ കണ്ടു. എന്നാല്‍ ശപഥമോര്‍ത്ത് അവരാരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
27: ജോനാഥാനാകട്ടെ തൻ്റെ പിതാവ് ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ച വിവരമറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം തേന്‍കട്ടയില്‍മുക്കി അതു ഭക്ഷിച്ചു. ഉടനെ അവൻ്റെ കണ്ണ് പ്രകാശിച്ചു.
28: അപ്പോള്‍ ഒരുവന്‍ വന്നു പറഞ്ഞു: ഇന്നെന്തെങ്കിലും ഭക്ഷിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെയെന്ന്, നിൻ്റെ പിതാവു ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ചിട്ടുണ്ട്. അവര്‍ ക്ഷീണിച്ചുമിരിക്കുന്നു.
29: ജോനാഥാന്‍ പ്രതിവചിച്ചു: എൻ്റെ പിതാവ് ഈ ദേശത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു. അല്പം തേന്‍കഴിച്ചപ്പോള്‍ എൻ്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലേ?
30: ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ജനം വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു! ഫിലിസ്ത്യരെ എത്രയോ അധികം കൊന്നൊടുക്കുവാന്‍ സാധിക്കുമായിരുന്നു!
31: അവര്‍ ഫിലിസ്ത്യരെ മിക്മാഷ് മുതല്‍ അയ്യാലോന്‍വരെ അനുധാവനംചെയ്തു സംഹരിച്ചു. ജനം അത്യധികം ക്ഷീണിച്ചിരുന്നു.
32: അവര്‍ കൊള്ളവസ്തുക്കളായ ആടുമാടുകളെയും കിടാക്കളെയും പാഞ്ഞുചെന്നുപിടിച്ചു നിലത്തടിച്ചുകൊന്ന് രക്തത്തോടെ ഭക്ഷിച്ചു.
33: അവര്‍ സാവൂളിനോടു പറഞ്ഞു: രക്തത്തോടുകൂടി ഭക്ഷിക്കുകയാല്‍ ജനം കര്‍ത്താവിനെതിരേ പാപം ചെയ്തിരിക്കുന്നു. സാവൂള്‍ പറഞ്ഞു: നിങ്ങള്‍ അവിശ്വസ്തതകാണിച്ചിരിക്കുന്നു. വലിയ ഒരു കല്ല് എൻ്റെയടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍.
34: ഓരോരുത്തനും അവനവൻ്റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്നു കൊന്നുതിന്നാനും, രക്തത്തോടുകൂടെ ഭക്ഷിച്ച്, കര്‍ത്താവിനെതിരേ പാപം ചെയ്യാതിരിക്കാനും നിങ്ങള്‍ എല്ലാ ജനങ്ങളോടും പറയുവിന്‍. അന്നുരാത്രി ഓരോരുത്തരും കാളകളെകൊണ്ടുവന്ന് അവിടെവച്ചു കൊന്നു.
35: സാവൂള്‍ കര്‍ത്താവിനൊരു ബലിപീഠമുണ്ടാക്കി. അവന്‍ പണിയിച്ച ആദ്യത്തെ ബലിപീഠമാണത്.
36: സാവൂള്‍ പറഞ്ഞു: നമുക്കു രാത്രിയിലും ഫിലിസ്ത്യരെ പിന്തുടര്‍ന്നു പ്രഭാതംവരെ കൊള്ളയടിക്കുകയും സകലരെയും കൊന്നൊടുക്കുകയും ചെയ്യാം. അങ്ങേയ്ക്കുചിതമെന്നുതോന്നുന്നതു ചെയ്യുകയെന്ന് ജനം മറുപടി പറഞ്ഞു. എന്നാല്‍, പുരോഹിതന്‍ നമുക്കു ദൈവത്തോടാരായാം എന്നുപറഞ്ഞു.
37: സാവൂള്‍ ദൈവത്തോടു ചോദിച്ചു: ഞാന്‍ ഫിലിസ്ത്യരെ പിന്തുടരണമോ? അങ്ങവരെ ഇസ്രായേലിൻ്റെ കരങ്ങളിലേല്പിക്കുമോ? എന്നാല്‍, അവിടുന്ന് അന്നവനു മറുപടി നല്കിയില്ല.
38: സാവൂള്‍ കല്പിച്ചു: ജനത്തിലെ പ്രമാണികളെല്ലാവരും അടുത്തുവരട്ടെ. ഇന്ന് ഈ പാപമെങ്ങനെ സംഭവിച്ചെന്ന് അന്വേഷിച്ചറിയാം.
39: ഇസ്രായേലിൻ്റെ രക്ഷകനായ കര്‍ത്താവാണേ, ഇതു ചെയ്തത് എൻ്റെ മകന്‍ ജോനാഥാന്‍തന്നെയാണെങ്കിലും, മരിക്കണം.
40: ആരുമുത്തരം പറഞ്ഞില്ല. അവന്‍ എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: നിങ്ങള്‍ ഒരുഭാഗത്തു നില്‍ക്കുവിന്‍; ഞാനും എൻ്റെ മകന്‍ ജോനാഥാനും മറുഭാഗത്തും നില്‍ക്കാം. നിൻ്റെ ഇഷ്ടംപോലെയാവട്ടെയെന്നു ജനം പറഞ്ഞു.
41: സാവൂള്‍ അപേക്ഷിച്ചു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവേ, ഇന്ന്, അങ്ങയുടെ ദാസനോട് ഉത്തരംപറയാത്തതെന്ത്? ഈ പാപം എന്റേതോ എൻ്റെ മകന്‍ ജോനാഥാന്റേതോ ആണെങ്കില്‍ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവേ, അങ്ങ് ഉറീംകൊണ്ടും ഇസ്രായേല്‍ജനത്തിന്റേതെങ്കില്‍ തുമ്മീംകൊണ്ടും അടയാളം കാണിക്കണമേ. ജോനാഥാനും സാവൂളും കുറ്റക്കാരായി കാണപ്പെട്ടു. ജനം രക്ഷപെട്ടു.
42: സാവൂള്‍ പറഞ്ഞു: എൻ്റെയും എൻ്റെ മകന്‍ ജോനാഥാൻ്റെയുംപേരില്‍ കുറിയിടുവിന്‍. കുറി ജോനാഥാൻ്റെ പേരില്‍ വീണു.
43: സാവൂള്‍ ജോനാഥാനോടു ചോദിച്ചു: നീയെന്താണു ചെയ്തത്? എന്നോടു പറയുക. ജോനാഥാന്‍ പറഞ്ഞു: എൻ്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി അല്പം തേന്‍ ഞാന്‍ രുചിച്ചു. ഞാനിതാ മരിക്കാന്‍ തയ്യാറാണ്.
44: ജോനാഥാന്‍, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവമെന്നെ ശിക്ഷിക്കട്ടെ.
45: അപ്പോള്‍ ജനം സാവൂളിനോടു പറഞ്ഞു: ഇസ്രായേലിനു വന്‍വിജയം നേടിക്കൊടുത്ത ജോനാഥാന്‍ മരിക്കണമെന്നോ? അതുപാടില്ല. കര്‍ത്താവാണേ സത്യം! അവൻ്റെ തലയിലെ ഒരു മുടിപോലും നിലത്തുവീണുകൂടാ. അവന്‍ ദൈവേഷ്ടമാണ് ഇന്നു പ്രവര്‍ത്തിച്ചത്. അങ്ങനെ ജനം ജോനാഥാനെ രക്ഷിച്ചു. അവന്‍ വധിക്കപ്പെട്ടില്ല.
46: സാവൂള്‍ ഫിലിസ്ത്യരെ പിന്തുടരാതെ മടങ്ങി. ഫിലിസ്ത്യരാകട്ടെ തങ്ങളുടെ സ്ഥലത്തേക്കു പോയി.
47: ഇസ്രായേലിൻ്റെ രാജാവായതിനുശേഷം മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫിലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം സാവൂള്‍ പൊരുതി. അവന്‍ ചെന്നിടങ്ങളിലെല്ലാം വിജയംവരിച്ചു.
48: അവന്‍ അമലേക്യരോടും വീറോടെ പൊരുതിജയിച്ചു. ഇസ്രായേലിനെ കവര്‍ച്ചക്കാരുടെ കരങ്ങളില്‍നിന്നു മോചിപ്പിച്ചു.
49: സാവൂളിൻ്റെ പുത്രന്മാര്‍ ജോനാഥാനും ഇഷ്വിയും മല്‍ക്കിഷ്വയുമായിരുന്നു. പുത്രിമാരില്‍ മൂത്തവള്‍ മേരബ്, ഇളയവള്‍ മിഖാല്‍.
50: അഹിമാസിൻ്റെ മകള്‍ അഹിനോവാം ആയിരുന്നു സാവൂളിൻ്റെ ഭാര്യ. പിതൃസഹോദരനായ നേറിൻ്റെ മകന്‍ അബ്‌നേര്‍ സേനാപതിയും.
51: സാവൂളിൻ്റെ പിതാവ് കിഷും അബ്‌നേറിൻ്റെ പിതാവ്‌ നേറും അബിയേലിൻ്റെ പുത്രന്മാരായിരുന്നു.
52: സാവൂളിൻ്റെ ഭരണകാലംമുഴുവന്‍ ഫിലിസ്ത്യരുമായി ഉഗ്രയുദ്ധംനടന്നു. ശക്തരും ധീരരുമായവരെയെല്ലാം അവന്‍ തന്നോടുകൂടെച്ചേര്‍ത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ