അറുപത്തൊമ്പതാം ദിവസം: ന്യായാധിപന്മാര്‍ 18 - 21


അദ്ധ്യായം 18

ദാന്‍, ലായിഷ് പിടിക്കുന്നു

1: അക്കാലത്ത്, ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ഗോത്രക്കാര്‍ അധിവസിക്കാന്‍ അവകാശഭൂമിയന്വേഷിക്കുന്ന കാലമായിരുന്നു അത്. ഇസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍ ഒരു സ്ഥലം അന്നുവരെ അവര്‍ക്കവകാശമായി ലഭിച്ചിരുന്നില്ല.
2: അവര്‍ സോറായില്‍നിന്നും എഷ്താവോലില്‍നിന്നും തങ്ങളുടെ ഗോത്രക്കാരായ കഴിവുറ്റ അഞ്ചുപേരെ ദേശം ഒറ്റുനോക്കുന്നതിനയച്ചു. അവര്‍ പറഞ്ഞു: പോയി ദേശം നിരീക്ഷിച്ചുവരുവിന്‍. അവര്‍ മലനാടായ എഫ്രായിമില്‍, മിക്കായുടെ വീട്ടിലെത്തി. അവിടെത്താമസിച്ചു.
3: മിക്കായുടെ ഭവനത്തെ സമീപിച്ചപ്പോള്‍ അവര്‍ ആ യുവലേവ്യൻ്റെ ശബ്ദം തിരിച്ചറിഞ്ഞു. അവരടുത്തുചെന്നു ചോദിച്ചു. നിന്നെ ഇവിടെക്കൊണ്ടുവന്നതാരാണ്? നീയിവിടെ എന്തുചെയ്യുന്നു? നിൻ്റെ തൊഴിലെന്താണ്?
4: അവന്‍ പറഞ്ഞു: മിക്കാ ഇങ്ങനെ ചെയ്തു. അവനെന്നെ ശമ്പളത്തിനു നിര്‍ത്തിയിരിക്കുന്നു. ഞാനവൻ്റെ പുരോഹിതനാണ്.
5: അവരവനോടഭ്യര്‍ത്ഥിച്ചു: ഞങ്ങളുടെ യാത്രയുടെയുദ്ദ്യേശ്യം നിറവേറുമോയെന്നു നീ ദൈവത്തോട് ആരാഞ്ഞറിയുക.
6: പുരോഹിതന്‍ പറഞ്ഞു: സമാധാനമായിപ്പോകുവിന്‍. നിങ്ങളുടെ ഈ യാത്രയില്‍ കര്‍ത്താവു നിങ്ങളെ സംരക്ഷിക്കും.
7: ആ അഞ്ചുപേര്‍ അവിടെനിന്നു പുറപ്പെട്ടു ലായിഷിലെത്തി. സീദോന്യരെപ്പോലെ സുരക്ഷിതരും പ്രശാന്തരും നിര്‍ഭയരുമായ അവിടത്തെ ജനങ്ങളെ കണ്ടു. അവര്‍ക്ക്, ഒന്നിനും കുറവില്ലായിരുന്നു. അവര്‍ സമ്പന്നരായിരുന്നു. സീദോന്യരില്‍നിന്ന് അകലെത്താമസിക്കുന്ന ഇവര്‍ക്ക് ആരുമായും സംസര്‍ഗ്ഗവുമില്ലായിരുന്നു.
8: സോറായിലും എഷ്താവോലിലുമുള്ള സഹോദരന്മാരുടെയടുത്തു തിരിച്ചെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: നിങ്ങള്‍ ശേഖരിച്ച വിവരങ്ങളെന്തെല്ലാം?
9: അവര്‍ പറഞ്ഞു: നമുക്കുപോയി അവരെയാക്രമിക്കാം. ഞങ്ങള്‍ ആ സ്ഥലം കണ്ടു; വളരെ ഫലഭൂയിഷ്ഠമായ സ്ഥലം. നിഷ്‌ക്രിയരായിരിക്കാതെ വേഗംചെന്നു ദേശം കൈവശമാക്കുവിന്‍.
10: നിങ്ങള്‍ ചെല്ലുമ്പോള്‍ ശങ്കയില്ലാത്തൊരു ജനത്തെയായിരിക്കും കണ്ടുമുട്ടുക. വളരെ വിശാലമായ, ഒന്നിനും ക്ഷാമമില്ലാത്ത ആ പ്രദേശം, ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
11: ദാന്‍ഗോത്രത്തിലെ ആയുധധാരികളായ അറുനൂറുപേര്‍ സോറായിലും എഷ്താവോലിലുംനിന്നു പുറപ്പെട്ടു.
12: അവര്‍ യൂദായിലെ കിരിയാത്ത്യെയാറിമില്‍ച്ചെന്നു പാളയമടിച്ചു. ഇക്കാരണത്താല്‍ ആ സ്ഥലം മഹനേദാന്‍ എന്ന പേരില്‍ ഇന്നുമറിയപ്പെടുന്നു. അത്, കിരിയാത്ത്യെയാറിമിനു പടിഞ്ഞാറാണ്. 
13: അവിടെനിന്ന് അവര്‍ എഫ്രായിംമലനാട്ടിലേക്കു കടന്ന്, മിക്കായുടെ ഭവനത്തിലെത്തി.
14: ലായിഷ്‌ദേശത്ത് ചാരവൃത്തിനടത്തുന്നതിനു പോയിരുന്ന ആ അഞ്ചുപേര്‍ അവരുടെ സഹോദരന്മാരോടു പറഞ്ഞു: ഈ ഭവനങ്ങളിലൊന്നില്‍ ഒരു എഫോദും, കുലവിഗ്രഹങ്ങളും ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവുമുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? എന്താണു ചെയ്യേണ്ടതെന്ന് ആലോചിക്കുവിന്‍.
15: അവര്‍ തിരിഞ്ഞു മിക്കായുടെ ഭവനത്തില്‍ത്താമസിക്കുന്ന യുവലേവ്യൻ്റെയടുത്തുചെന്നു കുശലം ചോദിച്ചു.
16: പടക്കോപ്പുകളണിഞ്ഞ അറുനൂറു ദാന്‍കാര്‍ പടിവാതില്‍ക്കല്‍നിന്നു.
17: ചാരവൃത്തിനടത്താന്‍പോയിരുന്ന ആ അഞ്ചുപേര്‍ കടന്നുചെന്നു കൊത്തുവിഗ്രഹവും എഫോദും കുലവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവുമെടുത്തു. ആ സമയത്ത്, പടിവാതില്‍ക്കല്‍ പുരോഹിതന്‍ ആയുധധാരികളായ അറുനൂറുപേരോടൊപ്പം നില്ക്കുകയായിരുന്നു.
18: അവര്‍ മിക്കായുടെ ഭവനത്തില്‍ പ്രവേശിച്ചു കൊത്തുവിഗ്രഹവും എഫോദും കുലവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവുമെടുത്തപ്പോള്‍, നിങ്ങള്‍ എന്താണീച്ചെയ്യുന്നതെന്നു പുരോഹിതന്‍ ചോദിച്ചു.
19: അവര്‍ പറഞ്ഞു: മിണ്ടരുത്; വായ്‌പൊത്തി ഞങ്ങളോടുകൂടെ വരുക. ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമാകുക. ഒരുവൻ്റെ വീടിനുമാത്രം പുരോഹിതനായിരിക്കുന്നതോ ഇസ്രായേലില്‍ ഒരു ഗോത്രത്തിനും വംശത്തിനും പുരോഹിതനായിരിക്കുന്നതോ ഏതാണു നിനക്കു നല്ലത്?
20: പുരോഹിതൻ്റെ ഹൃദയം സന്തുഷ്ടമായി; അവന്‍ എഫോദും കുലവിഗ്രഹങ്ങളും കൊത്തുവിഗ്രഹവുമെടുത്ത് അവരോടുകൂടെപ്പോയി.
21: അവരവിടെനിന്നു തിരിഞ്ഞു കുട്ടികളെയും കന്നുകാലികളെയും വസ്തുവകകളോടൊപ്പം മുമ്പില്‍നിറുത്തി യാത്രയായി.
22: അവര്‍ കുറെദൂരം ചെന്നപ്പോള്‍ മിക്കാ അയല്‍വാസികളെ ഒന്നിച്ചുകൂട്ടി, ദാന്‍കാരെ പിന്തുടര്‍ന്ന് അവരുടെ മുമ്പില്‍ക്കയറി.
23: അവര്‍ ദാന്‍കാരുടെനേരേ അട്ടഹസിച്ചപ്പോള്‍, ദാന്‍കാര്‍ തിരിഞ്ഞു മിക്കായോടു ചോദിച്ചു: ഈ ആളുകളെയുംകൂട്ടിവരാന്‍ നിനക്കെന്തുപറ്റി?
24: അവന്‍ പറഞ്ഞു: ഞാനുണ്ടാക്കിയ ദേവന്മാരെ നിങ്ങള്‍ കൈവശമാക്കി; എൻ്റെ പുരോഹിതനെയും കൊണ്ടുപോകുന്നു. എന്താണെനിക്കിനി ശേഷിച്ചിരിക്കുന്നത്? എന്നിട്ടും എനിക്കെന്തുപറ്റിയെന്നു നിങ്ങള്‍ ചോദിക്കുന്നോ?
25: ദാന്‍കാര്‍ അവനോടു പറഞ്ഞു: മിണ്ടാതിരിക്കുക. വല്ലവരും കോപിച്ചു നിൻ്റെമേല്‍ ചാടിവീണു നിന്നെയും കുടുംബത്തെയും കൊന്നുകളഞ്ഞെന്നുവരാം. ദാന്‍കാര്‍ അവരുടെ വഴിക്കുപോയി.
26: തനിക്കു ചെറുക്കാനാവാത്തവിധം ശക്തരാണവര്‍ എന്നുകണ്ടു മിക്കാ വീട്ടിലേക്കു മടങ്ങി.
27: മിക്കാ ഉണ്ടാക്കിയ വസ്തുക്കളോടൊപ്പം അവൻ്റെ പുരോഹിതനെയും അവര്‍ കൊണ്ടുപോയി. ശങ്കയില്ലാത്തവരും ശാന്തരുമായി ജീവിച്ചിരുന്ന ലായിഷിലെ ജനങ്ങളുടെയടുത്ത് അവരെത്തി; അവരെ വാളിനിരയാക്കി, പട്ടണം തീവച്ചു നശിപ്പിച്ചു.
28: അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കാരണം അവര്‍ സീദോനില്‍നിന്ന് വളരെയകലെയായിരുന്നു. അവര്‍ക്ക് ആരുമായും സമ്പര്‍ക്കവുമില്ലായിരുന്നു. ബത്‌റെഹോബിലുള്ള താഴ്‌വരയിലായിരുന്നു ലായിഷ്. ദാന്‍കാര്‍ ആ പട്ടണം പുതുക്കിപ്പണിത്, അവിടെത്താമസമാക്കി.
29: ഇസ്രായേലിൻ്റെ മകനും തങ്ങളുടെ ഗോത്രപിതാവുമായ ദാനിൻ്റെ പേര്‍ ആ സ്ഥലത്തിനവര്‍ നല്കി. ലായിഷ് എന്നായിരുന്നു അതിൻ്റെ ആദ്യത്തെപ്പേര്.
30: ദാന്‍കാര്‍ കൊത്തുവിഗ്രഹം തങ്ങള്‍ക്കായി സ്ഥാപിച്ചു. മോശയുടെ പുത്രനായ ഗര്‍ഷോമിൻ്റെ പുത്രന്‍ ജോനാഥാനും പുത്രന്മാരും പ്രവാസകാലംവരെ ദാന്‍ഗോത്രത്തിൻ്റെ പുരോഹിതന്മാരായിരുന്നു.
31: ദൈവത്തിൻ്റെ ആലയം ഷീലോയില്‍ ആയിരുന്നിടത്തോളംകാലം മിക്കാ ഉണ്ടാക്കിയ കൊത്തുവിഗ്രഹം അവരവിടെ പ്രതിഷ്ഠിച്ചു.



അദ്ധ്യായം 19

ഗിബെയാക്കാരുടെ മ്ലേച്ഛത

1: ഇസ്രായേലില്‍ രാജവാഴ്ചയില്ലാതിരുന്ന അക്കാലത്ത്, എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരു ലേവ്യന്‍, യൂദായിലെ ഒരു ബേത്‌ലെഹെംകാരിയെ ഉപനാരിയായി സ്വീകരിച്ചു.
2: അവളവനോടു പിണങ്ങി, യൂദായിലെ ബേത്‌ലെഹെമിലുള്ള തൻ്റെ പിതാവിൻ്റെ ഭവനത്തിലേക്കു തിരികെപ്പോയി, ഏകദേശം നാലുമാസം താമസിച്ചു.
3: അപ്പോള്‍ അനുനയംപറഞ്ഞ്, അവളെ തിരികെക്കൊണ്ടുവരാന്‍ ഭര്‍ത്താവ് ഇറങ്ങിത്തിരിച്ചു; കൂടെ ഒരു വേലക്കാരനുമുണ്ടായിരുന്നു. രണ്ടു കഴുതകളെയും അവന്‍ കൊണ്ടുപോയി. അവനവളുടെ പിതാവിൻ്റെ ഭവനത്തിലെത്തി. യുവതിയുടെ പിതാവ് അവനെ സന്തോഷത്തോടെ സ്വീകരിച്ചു.
4: അവിടെത്താമസിക്കാന്‍ അമ്മായിയപ്പന്‍ നിര്‍ബ്ബന്ധിച്ചു. മൂന്നുദിവസം അവനവിടെ താമസിച്ചു.
5: നാലാംദിവസം പ്രഭാതത്തില്‍ അവരെഴുന്നേറ്റു. അവന്‍ യാത്രയ്‌ക്കൊരുങ്ങി. എന്നാല്‍, യുവതിയുടെ പിതാവ്, അവനോടു പറഞ്ഞു. അല്പം ആഹാരംകഴിച്ചു ക്ഷീണംതീര്‍ത്തു പോകാം.
6: അങ്ങനെ അവര്‍ രണ്ടുപേരും ഒരുമിച്ചിരുന്നു തിന്നുകയും കുടിക്കുകയും ചെയ്തു. യുവതിയുടെ പിതാവു പറഞ്ഞു: രാത്രി ഇവിടെ കഴിക്കുക. നിൻ്റെ ഹൃദയം സന്തുഷ്ടമാകട്ടെ.
7: അവന്‍ പോകാനെഴുന്നേറ്റെങ്കിലും അമ്മായിയപ്പൻ്റെ നിര്‍ബ്ബന്ധംകൊണ്ടു വീണ്ടും അവിടെ താമസിച്ചു.
8: അഞ്ചാംദിവസം അതിരാവിലെ പോകാന്‍ അവന്‍ തയ്യാറായി. അപ്പോഴും യുവതിയുടെ പിതാവു പറഞ്ഞു: ഭക്ഷണംകഴിച്ചു ക്ഷീണംമാറ്റുക. വെയിലാറുന്നതുവരെ താമസിക്കുക. അങ്ങനെ അവരൊന്നിച്ചു ഭക്ഷണംകഴിച്ചു.
9: ലേവ്യനും അവൻ്റെ ഉപനാരിയും വേലക്കാരനും പോകാന്‍ തയ്യാറായി. അപ്പോള്‍ അവൻ്റെ അമ്മായിയപ്പന്‍ പറഞ്ഞു: ഇതാ, നേരംവൈകി. രാത്രി ഇവിടെത്താമസിക്കുക. ഇവിടെത്താമസിച്ച് ആഹ്ലാദിക്കുക. നാളെ അതിരാവിലെയെഴുന്നേറ്റു വീട്ടിലേക്കു പോകാം.
10: എന്നാല്‍, ആ രാത്രി അവിടെപ്പാര്‍ക്കാന്‍ അവന്‍ തയ്യാറായില്ല. അപ്പോള്‍ത്തന്നെ പുറപ്പെട്ട്, ജബൂസിന് - ജറുസലെമിന് - എതിര്‍ഭാഗത്തെത്തി. ഉപനാരിയും ജീനിയിട്ട രണ്ടു കഴുതകളും കൂടെയുണ്ടായിരുന്നു.
11: അവര്‍ ജബൂസിൻ്റെയടുത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. ഭൃത്യന്‍ യജമാനനോടു പറഞ്ഞു: നമുക്കു ജബൂസ്യരുടെ ഈ പട്ടണത്തില്‍ രാത്രി ചെലവഴിക്കാം.
12: അവൻ്റെ യജമാനന്‍ പറഞ്ഞു: ഇസ്രായേല്യരുടേതല്ലാത്ത അന്യനഗരത്തില്‍ നാം പ്രവേശിക്കരുത്. നമുക്കു ഗിബെയായിലേക്കു പോകാം.
13: അവന്‍ തുടര്‍ന്നു: നമുക്ക്, ഈക്കാണുന്ന സ്ഥലങ്ങളിലൊന്നിലേക്കു പോകാം. ഗിബെയായിലോ റാമായിലോ രാത്രികഴിക്കാം.
14: അവര്‍ യാത്ര തുടര്‍ന്നു. ബഞ്ചമിന്‍ഗോത്രക്കാരുടെ പട്ടണമായ ഗിബെയായിലെത്തിയപ്പോള്‍ സൂര്യനസ്തമിച്ചു.
15: അവര്‍ ഗിബെയായില്‍ രാത്രി ചെലവഴിക്കാന്‍ ചെന്നു. അവന്‍ നഗരത്തില്‍ തുറസ്സായ സ്ഥലത്തിരുന്നു. കാരണം, ഒരു മനുഷ്യനും രാത്രികഴിക്കുന്നതിന് അവരെ സ്വാഗതംചെയ്തില്ല.
16: അപ്പോളതാ, ഒരു വൃദ്ധന്‍ വയലിലെ വേലകഴിഞ്ഞു മടങ്ങിവരുന്നു. അവന്‍ എഫ്രായിംമലനാട്ടുകാരനും, ഗിബെയായില്‍ വന്നുതാമസിക്കുന്നവനുമായിരുന്നു. സ്ഥലവാസികള്‍ ബഞ്ചമിന്‍ഗോത്രക്കാരായിരുന്നു.
17: അവന്‍ കണ്ണുയര്‍ത്തിനോക്കിയപ്പോള്‍ പൊതുസ്ഥലത്തിരുന്ന വഴിയാത്രക്കാരനെക്കണ്ടു. അവന്‍ ചോദിച്ചു: നീ എവിടെപ്പോകുന്നു? എവിടെനിന്നു വരുന്നു?
18: അവന്‍ പറഞ്ഞു: യൂദായില്‍ ബേത്‌ലെഹെമില്‍നിന്ന്, എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശത്തേക്കു പോവുകയാണു ഞങ്ങള്‍. ഞാന്‍ ആ ദേശക്കാരനാണ്. ഞാന്‍ യൂദായിലെ ബേത്‌ലെഹെമില്‍ പോയതാണ്. ഇപ്പോള്‍ എൻ്റെ വീട്ടിലേക്കു മടങ്ങുന്നു. ആരും എനിക്കഭയം തരുന്നില്ല.
19: കഴുതകള്‍ക്കുവേണ്ട പുല്ലും വൈക്കോലും, ഈ ദാസനും ദാസിക്കും ഈ ചെറുപ്പക്കാരനുംവേണ്ട അപ്പവും വീഞ്ഞും ഞങ്ങളുടെ കൈവശമുണ്ട്. ഒന്നിനും കുറവില്ല.
20: വൃദ്ധന്‍ പറഞ്ഞു: സമാധാനമായിരിക്കുക. വേണ്ടതൊക്കെ ഞാന്‍ ചെയ്തുതരാം. ഈ പൊതുസ്ഥലത്തു രാത്രികഴിക്കരുത്.
21: വൃദ്ധന്‍ അവരെ വീട്ടില്‍ക്കൊണ്ടുപോയി. കഴുതകള്‍ക്കു തീറ്റികൊടുത്തു. അവര്‍ കാലുകഴുകി, ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
22: അങ്ങനെ അവര്‍ സന്തുഷ്ടചിത്തരായിരിക്കുമ്പോള്‍ നഗരത്തിലെ ചില ആഭാസന്മാര്‍ വീടുവളഞ്ഞ്, വാതിലിലിടിച്ചു. വീട്ടുടമസ്ഥനായ വൃദ്ധനോടവര്‍ പറഞ്ഞു: നിൻ്റെ വീട്ടില്‍ വന്നിരിക്കുന്ന ആ മനുഷ്യനെ പുറത്തുകൊണ്ടുവരിക. ഞങ്ങള്‍ അവനുമായി രമിക്കട്ടെ.
23: വീട്ടുടമസ്ഥന്‍ പുറത്തേക്കുവന്ന്, അവരോടു പറഞ്ഞു: സഹോദരന്മാരേ, നിങ്ങള്‍ ഈ തിന്മ ചെയ്യരുത്. ഈ മനുഷ്യന്‍ എൻ്റെ അതിഥിയാണല്ലോ. ഈ മ്ലേച്ഛപ്രവൃത്തി നിങ്ങള്‍ ചെയ്യരുത്.
24: എനിക്കു കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരുപനാരിയുമുണ്ട്. ഞാനവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു പ്രവര്‍ത്തിച്ചുകൊള്ളുക. എന്നാല്‍ ഈ മനുഷ്യനോടു നികൃഷ്ടതകാണിക്കരുത്.
25: എന്നാല്‍, അവര്‍ വൃദ്ധൻ്റെ വാക്കു കേട്ടില്ല. ലേവ്യന്‍ തൻ്റെ ഉപനാരിയെ അവര്‍ക്കു വിട്ടുകൊടുത്തു. അവരവളെ മാനഭംഗപ്പെടുത്തി. പ്രഭാതംവരെ അവളുമായി രമിച്ചു. പ്രഭാതമായപ്പോഴേക്കും അവരവളെ വിട്ടയച്ചു.
26: ആ സ്ത്രീ വന്നു തൻ്റെ നാഥന്‍ കിടന്നിരുന്ന വീടിൻ്റെ വാതില്‍ക്കല്‍ തളര്‍ന്നുവീണു. വെളിച്ചംപരക്കുന്നതുവരെ അവളവിടെക്കിടന്നു.
27: അവന്‍ രാവിലെ എഴുന്നേറ്റു വാതില്‍തുറന്നു യാത്രതുടരാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ ഉപനാരി, കൈകള്‍ കട്ടിളപ്പടിമേല്‍വച്ച് വാതില്‍ക്കല്‍ കിടക്കുന്നതു കണ്ടു.
28: അവനവളോടു പറഞ്ഞു: എഴുന്നേല്‍ക്കൂ. നമുക്കു പോകാം. പക്ഷേ, ഒരു മറുപടിയുമുണ്ടായില്ല. അവന്‍ അവളെയെടുത്തു കഴുതപ്പുറത്തുവച്ച്, സ്വന്തം വീട്ടിലേക്കു പോയി.
29: വീട്ടിലെത്തിയ ഉടനെ അവനൊരു കത്തിയെടുത്ത്, തൻ്റെ ഉപനാരിയെ അവയവങ്ങള്‍ഛേദിച്ചു പന്ത്രണ്ടുകഷണങ്ങളാക്കി ഇസ്രായേലില്‍ എല്ലായിടത്തേക്കും കൊടുത്തയച്ചു. അതു കണ്ടവരെല്ലാം പറഞ്ഞു:
30: ഇസ്രായേല്‍ ഈജിപ്തില്‍നിന്നു വന്നതിനുശേഷം ഇന്നുവരെ ഇപ്രകാരമൊന്നു സംഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഇതെപ്പറ്റി ആലോചിച്ചു തീരുമാനിക്കുവിന്‍.

 അദ്ധ്യായം 20

ബഞ്ചമിനെ ശിക്ഷിക്കുന്നു

1: ദാന്‍മുതല്‍ ബേര്‍ഷെബവരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏകമനസ്സോടെ മിസ്പായില്‍ കര്‍ത്താവിൻ്റെ മുമ്പില്‍ ഒരുമിച്ചുകൂടി.
2: ജനപ്രമാണികളും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ദൈവജനത്തിൻ്റെ സഭയില്‍ ഹാജരായി; ഖഡ്ഗധാരികളുടെ ആ കാലാള്‍പ്പട നാലുലക്ഷംപേരടങ്ങിയതായിരുന്നു.
3: ഇസ്രായേല്‍ മിസ്പായിലേക്കു പോയിരിക്കുന്നുവെന്ന് ബഞ്ചമിന്‍ഗോത്രക്കാര്‍ കേട്ടു. ഇത്രവലിയ ദുഷ്ടത എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുകയെന്ന് ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു.
4: കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: ബഞ്ചമിന്‍ഗോത്രത്തിൻ്റെ അധീനതയിലുള്ള ഗിബെയായില്‍ ഞാനും എൻ്റെ ഉപനാരിയും രാത്രിയില്‍ താമസിക്കാന്‍ചെന്നു.
5: ഗിബെയായിലെ ആളുകള്‍ രാത്രി എനിക്കെതിരായിവന്ന്, എന്നെക്കൊല്ലാന്‍ വീടുവളഞ്ഞു. എൻ്റെ ഉപനാരിയെ അവര്‍ ബലാത്സംഗം ചെയ്തു. അങ്ങനെ, അവള്‍ മരിച്ചു.
6: അവളെ ഞാന്‍ കഷണങ്ങളായി മുറിച്ച്, ഇസ്രായേല്‍ക്കാരുടെ ദേശത്തെല്ലാം കൊടുത്തയച്ചു. അത്രവലിയ മ്ലേച്ഛതയാണ് അവര്‍ ഇസ്രായേലില്‍ കാണിച്ചിരിക്കുന്നത്.
7: അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് എന്തുചെയ്യണമെന്നാണ് ഇവിടെക്കൂടിയിരിക്കുന്ന നിങ്ങളുടെ ഉപദേശം?
8: ജനം മുഴുവന്‍ ഏകമനസ്സായി എഴുന്നേറ്റുനിന്നു ശപഥംചെയ്തു. ഞങ്ങളിലൊരുവന്‍പോലും കൂടാരത്തിലേക്കോ വീട്ടിലേക്കോ മടങ്ങിപ്പോവുകയില്ല.
9: ഗിബെയായോടു നമുക്കിങ്ങനെ ചെയ്യാം. നറുക്കിട്ട് നമുക്കതിനെയാക്രമിക്കാം.
10: ഇസ്രായേലിലെ ഓരോ ഗോത്രത്തിലുംനിന്നു നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിനു നമുക്ക് ആളുകളെ തിരഞ്ഞെടുക്കാം. ബഞ്ചമിന്‍ഗോത്രത്തിലെ ഗിബെയാനഗരം ഇസ്രായേലില്‍ചെയ്ത ക്രൂരകൃത്യത്തിനു പ്രതികാരംചെയ്യാന്‍ ജനങ്ങള്‍ വരുമ്പോള്‍ ഈ തിരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്കു ഭക്ഷണം കൊണ്ടുവരട്ടെ.
11: ഇസ്രായേല്‍ജനം മുഴുവന്‍ പട്ടണത്തിനെതിരേ ഒറ്റക്കെട്ടായി നിന്നു.
12: ഇസ്രായേല്‍ഗോത്രങ്ങള്‍ ബഞ്ചമിന്‍ഗോത്രത്തിലെങ്ങും ദൂതന്മാരെയയച്ചറിയിച്ചു: എത്ര ഘോരമായ തിന്മയാണു നിങ്ങളുടെയിടയില്‍ സംഭവിച്ചിരിക്കുന്നത്.
13: അതുകൊണ്ടു ഗിബെയായിലുള്ള ആ നീചന്മാരെ ഞങ്ങള്‍ക്കു വിട്ടുതരുവിന്‍. ഇസ്രായേലില്‍നിന്നു തിന്മ നീക്കംചെയ്യേണ്ടതിന് ഞങ്ങളവരെ കൊന്നുകളയട്ടെ. എന്നാല്‍, ബഞ്ചമിന്‍ഗോത്രക്കാര്‍ തങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്‍ക്കാരുടെ വാക്കുകള്‍ വകവച്ചില്ല.
14: ഇസ്രായേല്‍ജനത്തിനെതിരേ യുദ്ധംചെയ്യാന്‍ അവര്‍ പട്ടണങ്ങളില്‍നിന്നു ഗിബെയായില്‍ ഒന്നിച്ചുകൂടി.
15: ഗിബെയാവാസികളില്‍നിന്നുതന്നെ എണ്ണപ്പെട്ട എഴുനൂറു പ്രഗദ്ഭന്മാരുണ്ടായിരുന്നു. അവര്‍ക്കു പുറമേ, വാളെടുക്കാന്‍പോന്ന ഇരുപത്താറായിരം ബഞ്ചമിന്‍ഗോത്രജരുമുണ്ടായിരുന്നു.
16: അവരില്‍ പ്രഗദ്ഭന്മാരായ എഴുനൂറ് ഇടത്തുകൈയന്മാരുണ്ടായിരുന്നു. ഇവര്‍ ഒരു തലമുടിയിഴയ്ക്കുപോലും ഉന്നംതെറ്റാത്ത കവണക്കാരായിരുന്നു.
17: മറുവശത്തു ബഞ്ചമിന്‍ഗോത്രക്കാര്‍ക്കെതിരേ, ഖഡ്ഗധാരികളായ നാലുലക്ഷം ഇസ്രായേല്‍യോദ്ധാക്കളണിനിരന്നു.
18: ഇസ്രായേല്‍ജനം ബഥേലിലെത്തി. ബഞ്ചമിന്‍ഗോത്രക്കാരോടു യുദ്ധംചെയ്യാന്‍ തങ്ങളിലാരാണ് ആദ്യംപോകേണ്ടതെന്നു ദൈവത്തോടാരാഞ്ഞു. യൂദാ ആദ്യംപോകട്ടെയെന്നു കര്‍ത്താവരുളിച്ചെയ്തു.
19: ഇസ്രായേല്‍ജനം രാവിലെയെഴുന്നേറ്റു ഗിബെയായ്ക്കെതിരായി പാളയമടിച്ചു.
20: അവര്‍ ബഞ്ചമിന്‍ഗോത്രത്തിനെതിരായി യുദ്ധത്തിനിറങ്ങി; ഗിബെയായില്‍ അവര്‍ക്കെതിരായി അണിനിരന്നു.
21: ബഞ്ചമിന്‍ഗോത്രക്കാര്‍ ഗിബെയായില്‍നിന്നു വന്ന്, ഇരുപത്തീരായിരം ഇസ്രായേല്‍ക്കാരെ അന്നരിഞ്ഞുവീഴ്ത്തി.
22: എങ്കിലും ഇസ്രായേല്‍ക്കാര്‍ ധൈര്യംസംഭരിച്ചു. ആദ്യദിവസം അണിനിരന്നിടത്തുതന്നെ വീണ്ടുമണിനിരന്നു. 
23: അവര്‍ സായാഹ്നംവരെ കര്‍ത്താവിൻ്റെമുമ്പില്‍ക്കരഞ്ഞു. സഹോദരന്മാരായ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരേ വീണ്ടും യുദ്ധത്തിനു പോകണമോ എന്ന് അവിടുത്തോടാരാഞ്ഞു. ചെല്ലുകയെന്നു കര്‍ത്താവരുളിച്ചെയ്തു.
24: അങ്ങനെ ഇസ്രായേല്‍ക്കാര്‍ ബഞ്ചമിന്‍ഗോത്രത്തിനെതിരായി രണ്ടാംദിവസവുമണിനിരന്നു. 
25: ബഞ്ചമിന്‍ഗോത്രക്കാര്‍ രണ്ടാംദിവസവും ഗിബെയായില്‍നിന്നുവന്ന് അവരെ നേരിട്ടു. ഖഡ്ഗധാരികളായ പതിനെണ്ണായിരം ഇസ്രായേല്‍ക്കാരെ വധിച്ചു.
26: അപ്പോള്‍ ഇസ്രായേല്‍ജനം മുഴുവനും, യോദ്ധാക്കളെല്ലാംചേര്‍ന്ന് ബഥേലില്‍വന്നു കരഞ്ഞു. അവര്‍, ആ ദിവസം സായാഹ്നംവരെ കര്‍ത്താവിൻ്റെമുമ്പിലുപവസിക്കുകയും ദഹനബലികളും സമാധാനബലികളുമര്‍പ്പിക്കുകയും ചെയ്തു.
27: ഇസ്രായേല്‍ജനം കര്‍ത്താവിൻ്റെ ഹിതമാരാഞ്ഞു.
28: ദൈവത്തിൻ്റെ വാഗ്ദാനപേടകം അന്നാളുകളില്‍ അവിടെയായിരുന്നു. അഹറോൻ്റെ പുത്രനായ എലെയാസറിൻ്റെ പുത്രന്‍ ഫിനെഹാസായിരുന്നു അന്നു പൗരോഹിത്യശുശ്രൂഷനടത്തിയിരുന്നത്. അവര്‍ ചോദിച്ചു: ഞങ്ങളുടെ സഹോദരന്മാരായ ബഞ്ചമിന്‍ഗോത്രത്തിനെതിരായി ഞങ്ങള്‍ യുദ്ധത്തിനു വീണ്ടും പുറപ്പെടണമോ? അതോ പിന്മാറണമോ? നിങ്ങള്‍ പോകുക; നാളെ ഞാനവരെ നിങ്ങളുടെ കൈയിലേല്പിക്കുമെന്നു കര്‍ത്താവുത്തരമരുളി.
29: ഇസ്രായേല്‍ക്കാര്‍ ഗിബെയായ്ക്കുചുറ്റും ആളുകളെ പതിയിരുത്തി.
30: അതിനുശേഷം ബഞ്ചമിന്‍ ഗോത്രത്തിനെതിരായി ഇസ്രായേല്‍ മൂന്നാം ദിവസവും യുദ്ധത്തിനിറങ്ങി, മറ്റു രണ്ടവസരങ്ങളിലെപ്പോലെ ഗിബെയായ്ക്കെതിരായി അണിനിരന്നു.
31: ബഞ്ചമിന്‍ഗോത്രക്കാരും ഇസ്രായേല്‍ജനത്തിനെതിരായി പട്ടണത്തില്‍നിന്നു പുറത്തുവന്നു; മുന്നവസരങ്ങളിലെപ്പോലെ ബഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍വച്ചും വിജനപ്രദേശത്തുവച്ചും അവര്‍ കൊലതുടങ്ങി. മുപ്പതോളം ഇസ്രായേല്‍ക്കാര്‍ വധിക്കപ്പെട്ടു.
32: ബഞ്ചമിന്‍ഗോത്രക്കാര്‍ പറഞ്ഞു: അവര്‍ ആദ്യത്തെപ്പോലെതന്നെ തുരത്തപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഇസ്രായേല്‍ജനം കൂടിയാലോചിച്ചു: നമുക്കു പലായനംചെയ്യാം. അങ്ങനെ അവരെ നമുക്കു പെരുവഴിയിലേക്കാനയിക്കാം.
33: ഇസ്രായേല്‍ ഒന്നടങ്കം തങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട് ബാല്‍താമാറില്‍ അണിനിരന്നു. ഗേബായ്ക്കു പടിഞ്ഞാറുവശത്തു പതിയിരുന്ന ഇസ്രായേല്യരും ഓടിക്കൂടി.
34: ഗിബെയായ്ക്കെതിരായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം ഇസ്രായേല്യര്‍ അണിനിരന്നു. ഉഗ്രമായ പോരാട്ടംനടന്നു. തങ്ങള്‍ക്കു നാശം അടുത്തിരിക്കുന്നുവെന്നു ബഞ്ചമിന്‍ഗോത്രക്കാരറിഞ്ഞില്ല.
35: കര്‍ത്താവ് ഇസ്രായേല്യരുടെമുമ്പില്‍ ബഞ്ചമിന്‍ഗോത്രക്കാരെ പരാജയപ്പെടുത്തി; ഖഡ്ഗധാരികളായ ഇരുപത്തയ്യായിരത്തിയൊരുന്നൂറുപേരെ ആ ദിവസം ഇസ്രായേല്‍ക്കാര്‍ വകവരുത്തി.
36: തങ്ങള്‍ പരാജയപ്പെട്ടുവെന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ മനസ്സിലാക്കി. ഗിബെയായ്ക്കെതിരേ പതിയിരുത്തിയിരുന്നവരില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഇസ്രായേല്‍ക്കാര്‍ അവിടെനിന്നു പിന്‍വാങ്ങി.
37: പതിയിരുപ്പുകാര്‍ ഗിബെയായിലേക്കു തള്ളിക്കയറി; പട്ടണം മുഴുവന്‍ വാളിനിരയാക്കി.
38: ഇസ്രായേല്‍ക്കാരും പതിയിരുപ്പുകാരും അടയാളമായി പട്ടണത്തില്‍ ഒരു വലിയ പുകപടലമുയര്‍ത്തണമെന്നു തമ്മില്‍ പറഞ്ഞൊത്തിരുന്നു.
39: അതുകാണുമ്പോള്‍ ഇസ്രായേല്‍ക്കാര്‍ യുദ്ധക്കളത്തിലേക്കു തിരിച്ചുവരണമെന്നായിരുന്നു ധാരണ. യുദ്ധമാരംഭിച്ച്, ഏതാണ്ടു മുപ്പത് ഇസ്രായേല്‍ക്കാരെ വധിച്ചപ്പോഴേക്കും ആദ്യയുദ്ധത്തിലെപ്പോലെ അവര്‍ നമ്മോടു പരാജയപ്പെട്ടിരിക്കുന്നു എന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ പറഞ്ഞു.
40: പക്ഷേ, പട്ടണത്തില്‍നിന്നു പുകപടലമുയരാന്‍തുടങ്ങിയപ്പോള്‍ ബഞ്ചമിന്‍ഗോത്രക്കാര്‍ തിരിഞ്ഞുനോക്കി. അതാ പട്ടണം കത്തി, പുകപടലം ആകാശത്തിലേക്കുയര്‍ന്നു.
41: ഇസ്രായേല്‍ക്കാര്‍ തിരിച്ചുവന്നു; ബഞ്ചമിന്‍കാര്‍ സംഭ്രാന്തരായി. നാശമടുത്തെന്ന് അവര്‍ കണ്ടു.
42: അതുകൊണ്ട് അവര്‍ ഇസ്രായേല്‍ക്കാരെവിട്ടു മരുഭൂമിയിലേക്കു പലായനംചെയ്തു. പക്ഷേ, അവര്‍ കുടുങ്ങിയതേയുള്ളു. പട്ടണത്തില്‍നിന്നു വന്നവര്‍ അവരോടേറ്റുമുട്ടി അവരെ നശിപ്പിച്ചു.
43: ഇസ്രായേല്‍ക്കാര്‍ ബഞ്ചമിന്‍ഗോത്രക്കാരെ വളഞ്ഞു. നോഹാഹുമുതല്‍ കിഴക്ക്, ഗിബെയാവരെ പിന്തുടര്‍ന്ന്, അവരെ നിശ്ശേഷം പരാജയപ്പെടുത്തി.
44: യുദ്ധവീരന്മാരായ പതിനെണ്ണായിരം ബഞ്ചമിന്‍ഗോത്രക്കാര്‍ നിലംപതിച്ചു.
45: ശേഷിച്ചവര്‍ തിരിഞ്ഞു, മരുഭൂമിയില്‍ റിമ്മോണ്‍പാറയിലേക്കോടി. അവരില്‍ അയ്യായിരംപേര്‍ പെരുവഴിയില്‍വച്ചു കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ഗിദോംവരെ ഇസ്രായേല്‍ക്കാര്‍ അനുധാവനംചെയ്തു. അവരില്‍ രണ്ടായിരംപേരും വധിക്കപ്പെട്ടു.
46: അങ്ങനെ, അന്നു ബഞ്ചമിന്‍ഗോത്രക്കാരായ ഇരുപത്തയ്യായിരം ധീരയോദ്ധാക്കള്‍ കൊല്ലപ്പെട്ടു.
47: എന്നാല്‍, അറുന്നൂറുപേര്‍ മരുഭൂമിയില്‍ റിമ്മോണ്‍പാറയിലേക്ക് ഓടി രക്ഷപ്പെട്ടു.
48: അവിടെ നാലുമാസം താമസിച്ചു. ഇസ്രായേല്‍ തിരിച്ചുവന്ന്, ബഞ്ചമിന്‍ഗോത്രക്കാരുടെ ദേശം വീണ്ടുമാക്രമിച്ചു. മനുഷ്യരെയും മൃഗങ്ങളെയും കണ്ണിൽക്കണ്ട എല്ലാറ്റിനെയും വാളിനിരയാക്കി; പട്ടണങ്ങള്‍ക്കു തീവച്ചു.

അദ്ധ്യായം 21

ബഞ്ചമിൻ്റെ നിലനില്പ്

1: ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി ശപഥംചെയ്തിട്ടുണ്ടായിരുന്നു: നമ്മിലാരും നമ്മുടെ പെണ്‍കുട്ടികളെ ബഞ്ചമിന്‍ഗോത്രക്കാര്‍ക്കു വിവാഹംചെയ്തുകൊടുക്കുകയില്ല..
2: അവര്‍ ബഥേലില്‍വന്നു സായാഹ്നംവരെ ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്‌പോടെ കരഞ്ഞു.
3: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകത്തക്കവണ്ണം ഈ നാശം വന്നുഭവിച്ചതെന്തുകൊണ്ട്?
4: ജനം പിറ്റെദിവസം പുലര്‍ച്ചയ്ക്ക് ഒരു ബലിപീഠം നിര്‍മ്മിച്ച് അതില്‍ ദഹനബലികളും സമാധാനബലികളുമര്‍പ്പിച്ചു. 
5: കര്‍ത്താവിൻ്റെ മുമ്പില്‍ സമ്മേളിക്കാത്ത ഗോത്രമേതെന്ന് ഇസ്രായേല്‍ക്കാര്‍ തിരക്കി. മിസ്പായില്‍ കര്‍ത്താവിൻ്റെമുമ്പാകെ വരാത്തവനെ കൊന്നുകളയണമെന്ന് അവര്‍ ദൃഢപ്രതിജ്ഞ ചെയ്തിരുന്നു.
6: തങ്ങളുടെ സഹോദരഗോത്രമായ ബഞ്ചമിനോട് ഇസ്രായേലിനനുകമ്പതോന്നി. അവര്‍ പറഞ്ഞു: ഇസ്രായേലില്‍ ഒരു ഗോത്രം ഇന്നറ്റുപോയിരിക്കുന്നു.
7: ശേഷിച്ചിരിക്കുന്ന ബഞ്ചമിന്‍വംശജര്‍ക്കു ഭാര്യമാരെ ലഭിക്കാന്‍ നാമെന്തുചെയ്യണം? നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുക്കുകയില്ലെന്ന് കര്‍ത്താവിൻ്റെ മുമ്പില്‍ നാം ശപഥംചെയ്തുപോയല്ലോ.
8: മിസ്പായില്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍വരാത്ത ഏതെങ്കിലും ഇസ്രായേല്‍ഗോത്രമുണ്ടോയെന്ന് അവര്‍ തിരക്കി. യാബേഷ് - ഗിലയാദില്‍നിന്ന് ആരും സമ്മേളനത്തിനു സന്നിഹിതരായിരുന്നില്ല.
9: ജനത്തെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ യാബേഷ്-ഗിലയാദിലെ നിവാസികളില്‍ ഒരുവന്‍പോലും അവിടെയുണ്ടായിരുന്നില്ല.
10: അതുകൊണ്ട് ആ സമൂഹം യുദ്ധവീരന്മാരായ പന്തീരായിരം ആളുകളെ അവിടേക്കു നിയോഗിച്ചുകൊണ്ടു കല്പിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം യാബേഷ്-ഗിലയാദിലെ നിവാസികളെ വാളിനിരയാക്കുക.
11: ഇതാണു നിങ്ങള്‍ ചെയ്യേണ്ടത്; എല്ലാ പുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും നശിപ്പിച്ചുകളയണം. യാബേഷ്-ഗിലയാദ് നിവാസികളില്‍ പുരുഷനെയറിഞ്ഞിട്ടില്ലാത്ത നാനൂറു കന്യകമാരുണ്ടായിരുന്നു.
12: അവരെ കാനാന്‍ദേശത്തു ഷീലോയിലെ പാളയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു.
13: അപ്പോള്‍ സമൂഹംമുഴുവന്‍ ഒന്നുചേര്‍ന്ന്, റിമ്മോണ്‍പാറയില്‍ താമസിച്ചിരുന്ന ബഞ്ചമിന്‍ഗോത്രക്കാരുടെയടുക്കല്‍ ആളയച്ചു സമാധാനപ്രഖ്യാപനംനടത്തി.
14: ബഞ്ചമിന്‍ഗോത്രക്കാര്‍ തിരിച്ചുവന്നു. യാബേഷ് -ഗിലയാദില്‍നിന്നു ജീവനോടെ രക്ഷിച്ച ആ സ്ത്രീകളെ അവര്‍ക്കു ഭാര്യമാരായി കൊടുത്തു. എന്നാല്‍, എല്ലാവര്‍ക്കും തികഞ്ഞില്ല.
15: ഇസ്രായേല്‍ഗോത്രങ്ങള്‍ക്കിടയില്‍ കര്‍ത്താവ് ഒരു വിടവു സൃഷ്ടിച്ചതുകൊണ്ട്, ജനത്തിനു ബഞ്ചമിന്‍ വംശജരോടലിവുതോന്നി.
16: അപ്പോള്‍ സമൂഹത്തിലെ ശ്രേഷ്ഠന്മാര്‍ പറഞ്ഞു: ബാക്കിയുള്ളവര്‍ക്കുകൂടെ ഭാര്യമാരെ ലഭിക്കാന്‍ നാമെന്താണു ചെയ്യുക? ബഞ്ചമിന്‍ഗോത്രത്തില്‍ സ്ത്രീകളറ്റുപോയല്ലോ.
17: അവര്‍ തുടര്‍ന്നു: ഇസ്രായേലില്‍ ഒരു ഗോത്രം മണ്‍മറഞ്ഞു പോകാതിരിക്കാന്‍, ബഞ്ചമിന്‍ഗോത്രത്തില്‍ അവശേഷിച്ചിരുന്നവര്‍ക്ക് ഒരവകാശം വേണമല്ലോ.
18: എന്നാല്‍, നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി നല്‍കുക സാദ്ധ്യമല്ല. കാരണം, ബഞ്ചമിന്‍വംശജനു ഭാര്യയെ നല്‍കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കുമെന്ന് ഇസ്രായേല്‍ജനം ശപഥംചെയ്തിട്ടുണ്ട്.
19: അവര്‍ പറഞ്ഞു: ബഥേലിനു വടക്കും ബഥേലില്‍നിന്നു ഷെക്കെമിലേക്കുള്ള പെരുവഴിയുടെ കിഴക്കും ലബോനായ്ക്കു തെക്കുമുള്ള ഷീലോയില്‍ കര്‍ത്താവിൻ്റെയുത്സവം വര്‍ഷംതോറും ആഘോഷിക്കാറുണ്ടല്ലോ.
20: ബഞ്ചമിന്‍കാരോട് അവര്‍ നിര്‍ദേശിച്ചു: നിങ്ങള്‍പോയി മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിക്കുവിന്‍.
21: ഷീലോയിലെ യുവതികള്‍ നൃത്തംചെയ്യാന്‍വരുന്നതു കാണുമ്പോള്‍ മുന്തിരിത്തോട്ടത്തില്‍നിന്നു പുറത്തുവന്ന്, ഓരോരുത്തരും ഓരോ സ്ത്രീയെ പിടിച്ചു ഭാര്യയാക്കി ബഞ്ചമിന്‍ദേശത്തേക്കുപോകുവിന്‍.
22: അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ പരാതിയുമായി ഞങ്ങളെ സമീപിച്ചാല്‍, ഞങ്ങളവരോട് ഇങ്ങനെ സമാധാനം പറഞ്ഞുകൊള്ളാം: അവരോടു ക്ഷമിക്കുവിന്‍. യുദ്ധത്തില്‍ ഞങ്ങളവര്‍ക്കായി സ്ത്രീകളെ കൈവശപ്പെടുത്തിയില്ല. നിങ്ങളവര്‍ക്കു കൊടുത്തതുമില്ല. കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ കുറ്റക്കാരാകുമായിരുന്നു.
23: ബഞ്ചമിന്‍ഗോത്രജര്‍ തങ്ങളുടെ എണ്ണത്തിനനുസരിച്ചു ഭാര്യമാരെ, നൃത്തംചെയ്യാന്‍വന്ന യുവതികളില്‍നിന്നു പിടിച്ചുകൊണ്ടുപോയി. തങ്ങള്‍ക്കവകാശമായി ലഭിച്ച സ്ഥലത്തു മടങ്ങിച്ചെന്ന്, പട്ടണംപുതുക്കി, അവരവിടെ വസിച്ചു.
24: ഇസ്രായേല്‍ജനം അവിടെനിന്നു മടങ്ങി; ഓരോരുത്തരും താന്താങ്ങളുടെ ഗോത്രത്തിലേക്കും ഭവനത്തിലേക്കും അവകാശഭൂമിയിലേക്കും പോയി.
25: അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ഓരോരുത്തനും തനിക്കു യുക്തമെന്നു തോന്നിയതു ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ