എണ്‍പത്തൊന്നാം ദിവസം: 2 സാമുവേല്‍ 4 - 7


അദ്ധ്യായം 4

ഇഷ്‌ബോഷെത്ത് വധിക്കപ്പെടുന്നു

1: അബ്‌നേര്‍ ഹെബ്രോണില്‍വച്ചു മരിച്ചെന്നുകേട്ടപ്പോള്‍ സാവൂളിൻ്റെ മകന്‍ ഇഷ്‌ബോഷെത്ത് നഷ്ടധൈര്യനായി. ഇസ്രായേല്‍ മുഴുവനമ്പരന്നു.
2: സാവൂളിൻ്റെ മകനു രണ്ടു കൊള്ളത്തലവന്മാരുണ്ടായിരുന്നു. ബാനായും റേഖാബും. ബറോത്തില്‍നിന്നുള്ള ബഞ്ചമിന്‍ഗോത്രക്കാരനായ റിമ്മോൻ്റെ പുത്രന്മാരായിരുന്നു ഇവര്‍. ബറോത്ത്, ബഞ്ചമിൻ്റെ ഭാഗമായി കരുതപ്പെടുന്നു.
3: ബറോത്യര്‍ ഗിത്തയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെ അവിടെ പരദേശികളായി വസിക്കുന്നു.
4: സാവൂളിൻ്റെ മകന്‍ ജോനാഥാന് മുടന്തനായിത്തീര്‍ന്ന ഒരു പുത്രനുണ്ടായിരുന്നു. സാവൂളിനെയും ജോനാഥാനെയുംകുറിച്ചുള്ള വാര്‍ത്ത ജസ്രേലില്‍നിന്നെത്തുമ്പോള്‍ അവനു്, അഞ്ചു വയസ്സുണ്ടായിരുന്നു. അവൻ്റെ വളര്‍ത്തമ്മ അവനെയുമെടുത്തുകൊണ്ടോടി. അവള്‍ തിടുക്കത്തിലോടുമ്പോൾ അവന്‍ വീണു്, ഇരുകാലിലും മുടന്തുണ്ടായി. മെഫിബോഷെത്ത് എന്നായിരുന്നു അവൻ്റെ പേരു്.
5: ബറോത്യനായ റിമ്മോന്റെ പുത്രന്മാരായ റേഖാബും ബാനായും ഇഷ്‌ബോഷെത്തിന്റെ അടുക്കലേക്കു പുറപ്പെട്ടു. ഉച്ചയായപ്പോഴേക്കും അവര്‍ അവന്റെ വീട്ടിലെത്തി. അവന്‍ വിശ്രമിക്കുകയായിരുന്നു.
6: വാതില്‍ക്കല്‍ ഗോതമ്പുപാറ്റിക്കൊണ്ടിരുന്ന സ്ത്രീ, മയക്കംപിടിച്ച് ഉറങ്ങിപ്പോയതുകൊണ്ടു്, റേഖാബും സഹോദരന്‍ ബാനായും വീട്ടിനുള്ളിലേക്കു പതുങ്ങിക്കടന്നു.
7: അവര്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഇഷ്‌ബോഷെത്ത് ഉറക്കറയില്‍ കിടക്കുകയായിരുന്നു. അവരവനെ വെട്ടിക്കൊന്നു. മുറിച്ചെടുത്ത തലയുമായി അവര്‍ രാത്രിമുഴുവന്‍ അരാബായിലൂടെ യാത്രചെയ്തു.
8: അവര്‍ ഇഷ്‌ബോഷെത്തിന്റെ തല ഹെബ്രോണില്‍ ദാവീദിന്റെ മുമ്പില്‍ കൊണ്ടുവന്ന്, രാജാവിനോടു പറഞ്ഞു: നിന്നെ വധിക്കാന്‍ശ്രമിച്ച നിന്റെ ശത്രുവായ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിന്റെ തലയിതാ. ഇന്ന് എന്റെ യജമാനനായ രാജാവിനുവേണ്ടി കര്‍ത്താവ് സാവൂളിനോടും അവന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു.
9: എന്നാല്‍ ദാവീദ് ബറോത്യനായ റിമ്മോന്റെ മക്കള്‍ റേഖാബിനോടും ബാനായോടും പറഞ്ഞു:
10: എന്നെ, സകല വിപത്തുകളിലുംനിന്നുരക്ഷിച്ച, ജീവിക്കുന്ന കര്‍ത്താവാണേ, സദ്വാര്‍ത്ത എന്ന ഭാവത്തില്‍ ഇതാ സാവൂള്‍ മരിച്ചിരിക്കുന്നുവെന്ന് എന്നോടു പറഞ്ഞവനെ ഞാന്‍ സിക്‌ലാഗില്‍വച്ച്‌ കൊന്നുകളഞ്ഞു. ഇതായിരുന്നു അവന്റെ ശുഭവാര്‍ത്തയ്ക്കുള്ള എന്റെ പ്രതിഫലം.
11: സ്വഭവനത്തില്‍ ഉറങ്ങിക്കിടന്ന ഒരു നീതിമാനെ കൊന്നുകളഞ്ഞ ദുഷ്ടന്മാരോട് ഞാന്‍ എത്രയധികം പ്രതികാരം ചെയ്യുകയില്ല! അവന്റെ രക്തത്തിനു ഞാന്‍ പകരംവീട്ടി നിങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചുകളയാതിരിക്കുമോ?
12:ദാവീദ് തന്റെ സേവകരോടു കല്പിച്ചു. അവര്‍ അവരെക്കൊന്ന്, കൈകാലുകള്‍ മുറിച്ചെടുത്തു ഹെബ്രോണിലെ കുളത്തിനരികെ അവരെത്തൂക്കി. എന്നാല്‍, ഇഷ്‌ബോഷെത്തിന്റെ തല, അവര്‍ ഹെബ്രോണില്‍ അബ്‌നേറിന്റെ കല്ലറയില്‍ അടക്കംചെയ്തു.

അദ്ധ്യായം 5

ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ്

1: ഇസ്രായേല്‍ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെയടുത്തുവന്നു പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണു്.
2: സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനുമായിരിക്കുമെന്നു കര്‍ത്താവരുളിച്ചെയ്തിട്ടുണ്ടല്ലോ.
3: ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ ഹെബ്രോണില്‍ രാജാവിന്റെയടുത്തുവന്നു. ദാവീദ് രാജാവ്, അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍, അവരുമായി ഉടമ്പടിചെയ്തു. ഇസ്രായേലിന്റെ രാജാവായി, ദാവീദിനെ അവര്‍ അഭിഷേകംചെയ്തു.
4: ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്സായിരുന്നു.
5: അവന്‍ നാല്പതുവര്‍ഷം ഭരിച്ചു. ഹെബ്രോണില്‍ യൂദായെ ഏഴു വര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു; ജറുസലെമില്‍ ഇസ്രായേലിനെയും യൂദായെയും മുപ്പത്തിമൂന്നു വര്‍ഷവും.
6: രാജാവും സൈന്യവും ജറുസലേമിലേക്ക്, ജബൂസ്യര്‍ക്കെതിരേ പുറപ്പെട്ടു. ദാവീദിന് ഇവിടെ കടക്കാന്‍കഴിയുകയില്ലെന്നു വിചാരിച്ച്, അവരവനോടു പറഞ്ഞു: നിനക്കിവിടെക്കടക്കാനാവില്ല. നിന്നെത്തടയാന്‍ കുരുടനും മുടന്തനുംമതി.
7: ദാവീദ് സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ദാവീദിന്റെ നഗരമെന്ന് അതറിയപ്പെടുന്നു.
8: അന്നു ദാവീദ് പറഞ്ഞു: ജബൂസ്യരെ കൊല്ലാനാഗ്രഹിക്കുന്നവര്‍ നീര്‍പ്പാത്തിയില്‍ക്കൂടെ കടന്നുചെല്ലട്ടെ. ദാവീദ് വെറുക്കുന്ന മുടന്തരെയും കുരുടരെയും ആക്രമിക്കട്ടെ. അങ്ങനെ കുരുടരും മുടന്തരും ആലയത്തില്‍ പ്രവേശിക്കരുത് എന്ന ചൊല്ലുണ്ടായി.
9: ദാവീദ് കോട്ടയില്‍ താമസമാക്കി; അതിനു ദാവീദിന്റെ നഗരമെന്നു പേരിട്ടു; ദാവീദ് നഗരത്തെ മില്ലോമുതല്‍ ഉള്ളിലേക്കു ചുറ്റും പടുത്തുയര്‍ത്തി.
10: ദാവീദ് മേല്‍ക്കുമേല്‍ പ്രാബല്യംനേടി. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു.
11: ടയിര്‍രാജാവായ ഹീരാം, ദാവീദിന്റെയടുക്കലേക്കു ദൂതന്മാരെ അയച്ചു. മരപ്പണിക്കാരെയും കല്പണിക്കാരെയും അവരോടൊപ്പം ദേവദാരുവും അവനയച്ചു. അവര്‍ ദാവീദിനു കൊട്ടാരം പണിതുകൊടുത്തു.
12: കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം തന്നില്‍ സ്ഥിരപ്പെടുത്തിയെന്നും അവിടുത്തെ ജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വം അവിടുന്നുന്നതമാക്കിയെന്നും ദാവീദ് ഗ്രഹിച്ചു.
13: ഹെബ്രോണില്‍നിന്നു വന്നതിനുശേഷം ദാവീദ് ജറുസലെമില്‍നിന്ന് കൂടുതല്‍ ഉപനാരികളെയും ഭാര്യമാരെയും സ്വീകരിച്ചു. അവനു കൂടുതല്‍ പുത്രീപുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
14: ജറുസലെമില്‍വച്ച് അവനു ജനിച്ചവര്‍ ഇവരാണ്: ഷമ്മൂവ, ഷോബാബ്, നാഥാന്‍, സോളമന്‍,
15: ഇബ്ഹാര്‍, എലിഷുവ, നെഫെഗ്, ജാഫിയ,
16: എലിഷാമ, എലിയാദ, എലിഫെലെത്ത്.

ഫിലിസ്ത്യരെ തോല്പിക്കുന്നു

17: ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതുകേട്ട്, ദാവീദ് കോട്ടയ്ക്കുള്ളില്‍ അഭയംപ്രാപിച്ചു.
18: ഫിലിസ്ത്യര്‍ റഫായിംതാഴ്‌വരയില്‍ പാളയമടിച്ചു.
19: ദാവീദ് കര്‍ത്താവിനോടാരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പുറപ്പെടണമോ? അവരെ അങ്ങ് എന്റെ കൈയിലേല്പിച്ചുതരുമോ? പുറപ്പെടുക, ഫിലിസ്ത്യരെ തീര്‍ച്ചയായും ഞാന്‍ നിന്റെ കൈയിലേല്പിക്കും. കര്‍ത്താവ് ദാവീദിനോട് അരുളിച്ചെയ്തു.
20: ദാവീദ് ബാല്‍പെരാസിമില്‍വച്ച് അവരെ തോല്പിച്ചു. വെള്ളച്ചാട്ടംപോലെ കര്‍ത്താവെന്റെ ശത്രുക്കളെ എന്റെ മുമ്പില്‍ ചിതറിച്ചു എന്ന് അവന്‍ പറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ബാല്‍പെരാസിം എന്നുപേരുണ്ടായി.
21: ഫിലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെയുപേക്ഷിച്ചു. ദാവീദും ആളുകളും അവയെടുത്തുകൊണ്ടുപോയി.
22: ഫിലിസ്ത്യര്‍ വീണ്ടും വന്നു റഫായിംതാഴ്‌വരയില്‍ പാളയമടിച്ചു.
23: ദാവീദ് കര്‍ത്താവിനോടാരാഞ്ഞപ്പോള്‍ അവിടുന്നരുളിചെയ്തു: നീ നേരേചെന്ന് ആക്രമിക്കരുത്. വളഞ്ഞുചെന്ന് ബള്‍സാ വൃക്ഷങ്ങള്‍ക്കെതിരേവച്ച് പിന്നില്‍ക്കൂടെ ആക്രമിക്കുക.
24: ബള്‍സാ വൃക്ഷങ്ങള്‍ക്കുമുകളില്‍ അണിനീങ്ങുന്ന ശബ്ദംകേള്‍ക്കുമ്പോള്‍ കടന്നാക്രമിക്കുക. ഫിലിസ്ത്യസൈന്യത്തെ തകര്‍ത്തുകളയാന്‍ കര്‍ത്താവു കല്പിച്ചതുപോലെ ദാവീദ് ചെയ്തു.
25:ഗേബാമുതല്‍ ഗേസര്‍വരെ ഫിലിസ്ത്യരെത്തുരത്തി.

അദ്ധ്യായം 6


കര്‍ത്താവിന്റെ പേടകം

1: ദാവീദ് വീണ്ടും ഇസ്രായേലിലെ സമര്‍ത്ഥരായ മുപ്പതിനായിരം യോദ്ധാക്കളെ ഒരുമിച്ചുകൂട്ടി.
2: അവന്‍ അവരോടൊപ്പമുള്ള സകലജനത്തോടുംകൂടെ കെരൂബുകള്‍ക്കിടയില്‍ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമംധരിക്കുന്ന ദൈവത്തിന്റെ പേടകം ബാലേയൂദായില്‍നിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു.
3: അവര്‍ ദൈവത്തിന്റെ പേടകം ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി, മലയിലുള്ള അബിനാദാബിന്റെ വീട്ടില്‍നിന്നു കൊണ്ടുവന്നു. അബിനാദാബിന്റെ പുത്രന്മാരായ ഉസ്സായും അഹിയോയുമാണു ദൈവത്തിന്റെ പേടകമിരുന്ന വണ്ടിതെളിച്ചത്.
4: അഹിയോ പേടകത്തിനുമുമ്പേ നടന്നു.
5: ദാവീദും ഇസ്രായേല്‍ഭവനവും സന്തോഷത്തോടും സര്‍വ്വശക്തിയോടുംകൂടെ കിന്നരം, വീണ, ചെണ്ട, മുരജം, കൈത്താളം എന്നിവയുപയോഗിച്ചു കര്‍ത്താവിന്റെമുമ്പില്‍ പാട്ടുപാടി നൃത്തംചെയ്തു.
6: അവര്‍ നാക്കോന്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാളവിരണ്ടതുകൊണ്ടു് ഉസ്സാ കൈനീട്ടി ദൈവത്തിന്റെ പേടകത്തെപ്പിടിച്ചു.
7: കര്‍ത്താവിന്റെ കോപം ഉസ്സായ്‌ക്കെതിരേ ജ്വലിച്ചു; അനാദരമായി പേടകത്തിനുനേരേ കൈനീട്ടിയതുകൊണ്ടു് ദൈവമവനെ കൊന്നുകളഞ്ഞു; അവന്‍ ദൈവത്തിന്റെ പേടകത്തിനരികെ മരിച്ചുവീണു. 
8: കര്‍ത്താവു ക്രുദ്ധനായി ഉസ്‌സായെ കൊന്നതുനിമിത്തം ദാവീദ് കോപിച്ചു. ആ സ്ഥലത്തിന് ഇന്നുവരെ പേരെസ്ഉസ്സാ എന്നു പേര്‍വിളിക്കുന്നു.
9: അന്നു ദാവീദിനു കര്‍ത്താവിനോടു ഭയംതോന്നി. കര്‍ത്താവിന്റെ പേടകം എന്റെയടുത്തു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കുമെന്ന് അവന്‍ ചിന്തിച്ചു.
10: പേടകം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവരാന്‍ അവനു മനസ്സുവന്നില്ല. ദാവീദ് അത് ഹിത്യനായ ഓബദ് ഏദോമിന്റെ വീട്ടില്‍ സ്ഥാപിച്ചു.
11: കര്‍ത്താവിന്റെ പേടകം അവിടെ മൂന്നുമാസമിരുന്നു. കര്‍ത്താവ് ഓബദ്ഏദോമിനെയും കുടുംബത്തെയുമനുഗ്രഹിച്ചു.
12:ദൈവത്തിന്റെ പേടകംനിമിത്തം കര്‍ത്താവ് ഓബദ്ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചുവെന്നു ദാവീദറിഞ്ഞു. അതുകൊണ്ട്, ദാവീദ് ദൈവത്തിന്റെ പേടകം അവിടെനിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷപൂര്‍വം കൊണ്ടുവന്നു.
13: കര്‍ത്താവിന്റെ പേടകംവഹിച്ചിരുന്നവര്‍ ആറുചുവടു നടന്നപ്പോള്‍ അവന്‍ ഒരു കാളയെയും തടിച്ച കിടാവിനെയും ബലികഴിച്ചു.
14: ദാവീദ് കര്‍ത്താവിന്റെ മുമ്പാകെ സര്‍വ്വശക്തിയോടുംകൂടെ നൃത്തംചെയ്തു. ചണനൂല്‍കൊണ്ടുള്ള ഒരു അരക്കച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ.
15: അങ്ങനെ ദാവീദും ഇസ്രായേല്‍ഭവനവും ആര്‍പ്പുവിളിച്ചും കാഹളംമുഴക്കിയും കര്‍ത്താവിന്റെ പേടകം കൊണ്ടുവന്നു.
16: കര്‍ത്താവിന്റെ പേടകം ദാവീദിന്റെ നഗരത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്റെ മകള്‍ മിഖാല്‍ ജനലില്‍കൂടെ നോക്കി. ദാവീദുരാജാവ് കര്‍ത്താവിന്റെമുമ്പില്‍ തുള്ളിച്ചാടി നൃത്തംവയ്ക്കുന്നതു കണ്ടു.
17: അവള്‍ക്കു നിന്ദതോന്നി. അവര്‍ കര്‍ത്താവിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് പ്രത്യേകം നിര്‍മ്മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു. ദാവീദ് കര്‍ത്താവിന്റെ മുമ്പില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.
18: അര്‍പ്പണം കഴിഞ്ഞപ്പോള്‍, ദാവീദ് സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തില്‍ ജനങ്ങളെയനുഗ്രഹിച്ചു. 
19: സ്ത്രീപുരുഷഭേദമെന്നിയേ ഇസ്രായേല്‍സമൂഹത്തിനുമുഴുവന്‍ ആളൊന്നിന് ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയുംവീതം വിതരണം ചെയ്തു. പിന്നെ ജനം വീട്ടിലേക്കു മടങ്ങി.
20: തന്റെ കുടുംബത്തെ അനുഗ്രഹിക്കാന്‍ ദാവീദ് മടങ്ങിച്ചെന്നു. സാവൂളിന്റെ മകള്‍ മിഖാല്‍ ഇറങ്ങിവന്ന് അവനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തന്റെ ദാസന്മാരുടെ സ്ത്രീകളുടെമുമ്പില്‍ ആഭാസനെപ്പോലെ നിര്‍ലജ്ജം അവന്‍ നഗ്നതപ്രദര്‍ശിപ്പിച്ചില്ലേ? ദാവീദ് മിഖാലിനോട് പറഞ്ഞു:
21: നിന്റെ പിതാവിനും കുടുംബത്തിനുംമേല്‍ കര്‍ത്താവിന്റെ ജനമായ ഇസ്രായേലിനു രാജാവായി നിയമിക്കുന്നതിന് എന്നെ തെരഞ്ഞെടുത്ത കര്‍ത്താവിന്റെമുമ്പാകെയാണു ഞാന്‍ നൃത്തംചെയ്തത്.
22: കര്‍ത്താവിന്റെമുമ്പില്‍ ഞാന്‍ ആനന്ദനൃത്തംചെയ്യും. അതേ, കര്‍ത്താവിന്റെ മഹത്വത്തിന് ഞാന്‍ നിന്റെ മുമ്പില്‍ ഇതില്‍ക്കൂടുതല്‍ അധിക്ഷേപാര്‍ഹനും നിന്ദ്യനുമാകും. എന്നാല്‍, നീ പറഞ്ഞ ആ പെണ്‍കുട്ടികള്‍ ഇതുനിമിത്തം എന്നെ ബഹുമാനിക്കും.
23:സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു.


അദ്ധ്യായം 7

നാഥാന്റെ പ്രവചനം
1: രാജാവു കൊട്ടാരത്തില്‍ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്കുകയും ചെയ്തു.
2: അപ്പോള്‍ അവന്‍ നാഥാന്‍ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരുകൊണ്ടുള്ള കൊട്ടാരത്തില്‍ ഞാന്‍ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ കൂടാരത്തിലിരിക്കുന്നു.
3: നാഥാന്‍ പ്രതിവചിച്ചു: യുക്തംപോലെ ചെയ്തുകൊള്ളുക, കര്‍ത്താവു നിന്നോടുകൂടെയുണ്ട്.
4: എന്നാല്‍, ആ രാത്രി കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു:
5: എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?
6: ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതുമുതല്‍ ഇന്നുവരെ ഞാന്‍ ഒരാലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തില്‍ വസിച്ചുകൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു.
7: ഇസ്രായേല്‍ക്കാരോടുകൂടെ സഞ്ചരിക്കുന്നതിനിടയ്ക്ക് എവിടെവച്ചെങ്കിലും എന്റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ ഞാന്‍ നിയമിച്ച നേതാക്കന്മാരില്‍ ആരോടെങ്കിലും നിങ്ങള്‍ എനിക്കു ദേവദാരുകൊണ്ട് ഒരാലയം പണിയാത്തതെന്ത് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
8: അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തുനിന്നെടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാന്‍ നിയമിച്ചു.
9: നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുമ്പില്‍ നിന്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു;
10: ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും.
11: എന്റെ ജനമായ ഇസ്രായേലിനു ഞാനൊരു സ്ഥലം കല്പിച്ചുകൊടുക്കും. അവരിനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന്, ഞാനവരെ നട്ടുപിടിപ്പിക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ നിയമിച്ചാക്കുന്നതിനുമുമ്പുള്ള കാലത്തെപ്പോലെ ദുഷ്ടന്മാര്‍ അവരെയിനി പീഡിപ്പിക്കുകയില്ല. ശത്രുക്കളില്‍നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവരുളിച്ചെയ്യുന്നു.


12: ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാനുയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും.
13: അവനെനിക്ക് ആലയം പണിയും; അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും.
14: ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനുമായിരിക്കും. അവന്‍ തെറ്റുചെയ്യുമ്പോള്‍ മാനുഷികമായ ദണ്ഡും ചമ്മട്ടിയുമുപയോഗിച്ചു ഞാനവനെ ശിക്ഷിക്കും.
15: എങ്കിലും നിന്റെ മുമ്പില്‍നിന്ന് ഞാന്‍ തള്ളിക്കളഞ്ഞ സാവൂളില്‍നിന്നെന്നപോലെ അവനില്‍നിന്ന് എന്റെ സ്ഥിരസ്‌നേഹം ഞാന്‍ പിന്‍വലിക്കുകയില്ല.
16: നിന്റെ കുടുംബവും രാജത്വവും എന്റെ മുമ്പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.
17: ഈ വാക്കുകളും ദര്‍ശനവും നാഥാന്‍ ദാവീദിനെ അറിയിച്ചു.


ദാവീദിന്റെ നന്ദിപ്രകാശനം

18: അപ്പോള്‍ ദാവീദുരാജാവ് കൂടാരത്തിനകത്തുചെന്നു കര്‍ത്താവിന്റെ സന്നിധിയിലിരുന്നു പ്രാര്‍ത്ഥിച്ചു.
19: ദൈവമായ കര്‍ത്താവേ, അങ്ങെന്നെ ഇത്രത്തോളമുയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കര്‍ത്താവേ, ഇത്, അങ്ങേയ്ക്കെത്ര നിസ്സാരം! വരുവാനുള്ള ദീര്‍ഘകാലത്തേക്ക് അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും അങ്ങരുളിച്ചെയ്തിരിക്കുന്നുവല്ലോ.
20: ഇതിലധികമായി അടിയനു് അങ്ങയോടെന്തുപറയാനാവും? ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങറിയുന്നുവല്ലോ.
21: അങ്ങയുടെ വാഗ്ദാനവും, ഹിതവുമനുസരിച്ച് അങ്ങയുടെ ദാസനെ അറിയിക്കേണ്ടതിന് ഈ വന്‍കാര്യങ്ങളെല്ലാം അങ്ങ് നിറവേറ്റിയിരിക്കുന്നുവല്ലോ.
22: ദൈവമായ കര്‍ത്താവേ, അങ്ങുന്നതനത്രേ! അങ്ങതുല്യനാണ്. ഞങ്ങള്‍ കാതുകൊണ്ടു കേട്ടതനുസരിച്ച്, അവിടുന്നല്ലാതെ വേറെ ദൈവമില്ല.
23: അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിനു് അടിമത്തത്തില്‍നിന്ന് അങ്ങു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനമില്ല. അവര്‍ക്കുവേണ്ടി അങ്ങു നിര്‍വ്വഹിച്ച അദ്ഭുതകരമായ മഹാകാര്യങ്ങള്‍ അങ്ങയുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയിരിക്കുന്നു. അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിന് ഈജിപ്തില്‍നിന്ന് അങ്ങു സ്വതന്ത്രരാക്കിയ അവര്‍ മുന്നേറിയപ്പോള്‍ മറ്റു ജനതകളെയും അവരുടെ ദേവന്മാരെയും അങ്ങ് ഓടിച്ചുകളഞ്ഞല്ലോ.
24: ഇസ്രായേല്‍ എന്നേക്കും അങ്ങയുടെ ജനമായിരിക്കേണ്ടതിന് അവരെ അങ്ങു സ്ഥിരപ്പെടുത്തി. കര്‍ത്താവേ, അങ്ങവര്‍ക്കു ദൈവമായിത്തീര്‍ന്നു.
25: ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനോടും കുടുംബത്തോടും അരുളിച്ചെയ്തിരിക്കുന്ന വചനം എന്നേക്കും സ്ഥിരപ്പെടുത്തി, അങ്ങയുടെ വാക്കു നിവര്‍ത്തിക്കണമേ!
26: അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ! സര്‍വ്വശക്തനായ കര്‍ത്താവാണ് ഇസ്രായേലിന്റെ ദൈവമെന്നു പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെ ദാസനായ ദാവീദിന്റെ കുടുംബം അങ്ങയുടെ മുമ്പില്‍ സുസ്ഥിരമാകട്ടെ!
27: സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഞാന്‍ നിന്റെ വംശമുറപ്പിക്കുമെന്നുപറഞ്ഞ്, അങ്ങയുടെ ദാസന് ഇതു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട്, അങ്ങയോടിങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെട്ടിരിക്കുന്നു.
28: ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം; അങ്ങയുടെ വചനം സത്യം; ഈ നല്ലകാര്യം അടിയനോടങ്ങു വാഗ്ദാനംചെയ്തിരിക്കുന്നുവല്ലോ.
29: അടിയന്റെ കുടുംബം അങ്ങയുടെ മുമ്പില്‍നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ