എണ്‍പത്തിയഞ്ചാംദിവസം: 2 സാമുവേല്‍ 19 - 21


അദ്ധ്യായം 19

ദാവീദു ജറുസലെമിലേക്കു മടങ്ങുന്നു
1: അബ്‌സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബു കേട്ടു. 
2: രാജാവു തന്റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നെന്നു കേട്ടതുകൊണ്ട് അന്നത്തെ വിജയം ജനത്തിനും ദുഃഖമായിത്തീര്‍ന്നു.
3: തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച്, അവര്‍ പട്ടണത്തിലേക്കു പതുങ്ങിക്കയറി. 
4: രാജാവു മുഖംമറച്ച്, ഉച്ചത്തില്‍ നിലവിളിച്ചു: എന്റെ മകനേഅബ്‌സലോമേ! അബ്‌സലോമേ! എന്റെ മകനേ! 
5: അപ്പോള്‍ യോവാബ്, കൊട്ടാരത്തില്‍ രാജാവിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപനാരികളുടെയും ജീവന്‍രക്ഷിച്ച അങ്ങയുടെ സകലഭൃത്യന്മാരെയും അങ്ങിന്നു ലജ്ജിപ്പിച്ചിരിക്കുന്നു. 
6: അങ്ങയെ ദ്വേഷിക്കുന്നവരെ അങ്ങു സ്‌നേഹിക്കുകയുംസ്‌നേഹിക്കുന്നവരെ ദ്വേഷിക്കുകയുംചെയ്യുന്നു. അങ്ങയുടെ പടത്തലവന്മാരും സൈനികരും അങ്ങേയ്ക്ക് ഒന്നുമല്ലെന്ന് അങ്ങിന്നു തെളിയിച്ചിരിക്കുന്നു. അബ്‌സലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയുംചെയ്തിരുന്നെങ്കില്‍ അങ്ങേയ്ക്കു സന്തോഷമാകുമായിരുന്നുവെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കുന്നു. 
7: അതുകൊണ്ട്എഴുന്നേറ്റ് അങ്ങയുടെ ഭൃത്യന്മാരോടു ദയവായി സംസാരിക്കുകഅങ്ങിതു ചെയ്യുന്നില്ലെങ്കില്‍ അവരിലൊരുവന്‍പോലും നാളെ പ്രഭാതമാകുമ്പോള്‍ അങ്ങയോടൊപ്പമുണ്ടാവില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ സത്യംചെയ്യുന്നുഅത്, അങ്ങയുടെ യൗവനംമുതല്‍ ഇന്നുവരെ അങ്ങേയ്ക്കു സംഭവിച്ചിട്ടുള്ള എല്ലാ തിന്മകളെയുംകാള്‍ ഭയങ്കരമായിരിക്കും. 
8: രാജാവ്, എഴുന്നേറ്റു നഗരവാതില്‍ക്കല്‍ ഉപവിഷ്ടനായി. അതുകേട്ട് ജനം അവന്റെയടുക്കല്‍കൂടി. ഇതിനിടെ ഇസ്രായേല്യര്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു. 
9: ഇസ്രായേല്‍ഗോത്രങ്ങളിലെ ജനങ്ങള്‍ പരസ്പരം പറഞ്ഞു: രാജാവു നമ്മെ ശത്രുക്കളില്‍നിന്നും ഫിലിസ്ത്യരില്‍നിന്നും രക്ഷിച്ചു. ഇപ്പോഴോ അബ്‌സലോംനിമിത്തം അവന്‍ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു. 
10: അബ്‌സലോമിനെ നാം രാജാവായി അഭിഷേകംചെയ്തു. എന്നാല്‍, അവന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആകയാല്‍, ദാവീദു രാജാവിനെ തിരികെക്കൊണ്ടുവരാന്‍ ആരും ശ്രമിക്കാത്തതെന്ത്? 
11: ദാവീദുരാജാവ് പുരോഹിതന്മാരായ സാദോക്കിനും അബിയാഥറിനും ഈ സന്ദേശം കൊടുത്തയച്ചു: യൂദാശ്രേഷ്ഠന്മാരോടു പറയുവിന്‍: ഇസ്രായേലിന്റെ മുഴുവന്‍ അഭിപ്രായം രാജസന്നിധിയിലെത്തിയിരിക്കേരാജാവിനെ തിരികെക്കൊണ്ടുപോകുന്നതില്‍ അമാന്തിക്കുന്നതെന്ത്? 
12: എന്റെ ചാര്‍ച്ചക്കാരല്ലയോ നിങ്ങള്‍? എന്റെ അസ്ഥിയില്‍നിന്നും മാംസത്തില്‍നിന്നുമുള്ളവര്‍? എന്നെ തിരികെക്കൊണ്ടുപോകാന്‍ അവസാനം വരുന്നവര്‍ നിങ്ങളായിരിക്കണമോ? 
13: അമാസയോടു പറയുവിന്‍: നീ എന്റെ അസ്ഥിയും മാംസവുമല്ലയോയോവാബിന്റെ സ്ഥാനത്തു ഞാന്‍ നിന്നെ സൈന്യത്തിന്റെ അധിപതിയാക്കുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ! 
14: ദാവീദിന്റെ വാക്കുകള്‍ യൂദായില്‍ സകലരുടെയും ഹൃദയം കവര്‍ന്നു. അങ്ങ് സേവകന്മാരോടുകൂടെ മടങ്ങിവരുകയെന്ന് അവര്‍ അവനു സന്ദേശമയച്ചു. രാജാവു ജോര്‍ദ്ദാനിലേക്കു മടങ്ങിവന്നു. 
15: അവനെയെതിരേറ്റ്, നദികടത്തിക്കൊണ്ടുവരാന്‍ യൂദായിലെ ജനങ്ങള്‍ ഗില്‍ഗാലിലെത്തി. 
16: അവരോടൊപ്പം ബഹൂറിമില്‍നിന്നുള്ള ബഞ്ചമിന്‍വംശജനായ ഗേരയുടെ മകന്‍ ഷിമെയി ദാവീദിനെയെതിരേല്ക്കാന്‍ ബദ്ധപ്പെട്ടുചെന്നു. 
17: ബഞ്ചമിന്‍ ഗോത്രക്കാരായ ആയിരംപേരും അവനോടുകൂടെയുണ്ടായിരുന്നു. സാവൂളിന്റെ വീട്ടുകാര്യസ്ഥനായ സീബയും പതിനഞ്ചു പുത്രന്മാരോടും ഇരുപതു ഭൃത്യന്മാരോടുംകൂടെ ജോര്‍ദ്ദാനില്‍ രാജസന്നിധിയിലെത്തി. 
18: രാജകുടുംബത്തെ ഇക്കരെ കടത്താനും അവന്റെ ഇഷ്ടംചെയ്യാനും അവര്‍ നദികടന്നുചെന്നു. രാജാവു നദികടക്കാന്‍തുടങ്ങവെഗേരയുടെ മകന്‍ ഷിമെയി, അവന്റെമുമ്പില്‍ താണുവീണു. 
19: അവന്‍ രാജാവിനോടു പറഞ്ഞു: യജമാനനേഅങ്ങു ജറുസലെം വിട്ടുപോയ ദിവസം അടിയന്‍ചെയ്ത കുറ്റം അങ്ങു ക്ഷമിക്കുകയും മറക്കുകയും ചെയ്യണമേ! അത്, അങ്ങോര്‍ക്കരുതേ! 
20, 21അടിയനു തെറ്റുപറ്റിയെന്നറിയുന്നു. അതുകൊണ്ടു യജമാനനെ എതിരേല്‍ക്കാന്‍ അടിയനിതാ ജോസഫിന്റെ ഭവനത്തില്‍നിന്ന് എല്ലാവരിലുംമുമ്പേ വന്നിരിക്കുന്നു. സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: കര്‍ത്താവിന്റെ അഭിഷിക്തനെ ശപിച്ചതുകൊണ്ടു ഷിമെയിയെ വധിക്കേണ്ടതല്ലേ? 
22: ദാവീദു പറഞ്ഞു: സെരൂയയുടെ പുത്രന്മാരേനിങ്ങള്‍ക്കെന്തു കാര്യംനിങ്ങളെനിക്കു ശല്യമുണ്ടാക്കാന്‍ നോക്കുന്നുവോഇസ്രായേലില്‍ ആരെയെങ്കിലും ഇന്നു വധിക്കുകയോഞാനിന്ന് ഇസ്രായേലിന്റെ രാജാവാണ്. 
23: നീ മരിക്കുകയില്ല എന്നു രാജാവു ഷിമേയിക്കു വാക്കുകൊടുത്തു. 
24: സാവൂളിന്റെ പുത്രന്‍ മെഫിബോഷെത്ത് രാജാവിനെയെതിരേല്‍ക്കാന്‍ വന്നു. രാജാവു ജറുസലെം വിട്ടുപോയിതിരികെ സുരക്ഷിതനായി വരുന്നതുവരെ അവന്‍ പാദം കഴുകുകയോ താടിയൊതുക്കുകയോ വസ്ത്രമലക്കുകയോചെയ്തിട്ടില്ലായിരുന്നു.
25: രാജാവിനെയെതിരേല്‍ക്കാന്‍ ജറുസലെമില്‍നിന്ന് അവനെത്തിയപ്പോള്‍ രാജാവു ചോദിച്ചു: മെഫിബോഷേത്ത്നീ എന്നോടൊപ്പം പോരാഞ്ഞതെന്ത്? 
26: അവന്‍ പറഞ്ഞു: യജമാനനേഅടിയന്‍ മുടന്തനെന്ന് അങ്ങറിയുന്നുവല്ലോ. അങ്ങയോടൊപ്പം പോരേണ്ടതിന് കഴുതയ്ക്ക് ജീനിയിടാന്‍ അടിയന്‍ ഭൃത്യനോടു പറഞ്ഞു: എന്നാല്‍, അവന്‍ ചതിച്ചു. 
27: അവന്‍ യജമാനനോട് അടിയനെപ്പറ്റി നുണയും പറഞ്ഞുപിടിപ്പിച്ചു. എന്നാല്‍, അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്. അതുകൊണ്ട് ഇഷ്ടംപോലെ ചെയ്തുകൊള്ളുക. 
28: അങ്ങയുടെ മുമ്പില്‍ അടിയന്റെ പിതൃഭവനംമുഴുവന്‍ മരണയോഗ്യരായിരുന്നു. എന്നാല്‍ അങ്ങയുടെ മേശയില്‍ ഭക്ഷിക്കാന്‍ അടിയനവകാശം തന്നു. അങ്ങയോടപേക്ഷിക്കാന്‍ അടിയനു മറ്റെന്താണുള്ളത്? 
29: രാജാവ് അവനോടു പറഞ്ഞു: നീയിനി ഒന്നും പറയണമെന്നില്ല. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. നീയും സീബയും വസ്തു പങ്കിടുക. 
30: മെഫിബോഷെത്ത് രാജാവിനോടു പറഞ്ഞു: അതു മുഴുവന്‍ അവനെടുത്തുകൊള്ളട്ടെ. അങ്ങു സുരക്ഷിതനായി കൊട്ടാരത്തില്‍ മടങ്ങിയെത്തിയല്ലോ! എനിക്കതുമതി. 
31: രാജാവിനെ ജോര്‍ദ്ദാന്‍ കടത്തിവിടാന്‍ ഗിലയാദുകാരനായ ബര്‍സില്ലായി റൊഗെലിമില്‍നിന്നു വന്നു. 
32: അവന്‍ എണ്‍പതുവയസ്സുള്ള പടുവൃദ്ധനായിരുന്നു. വളരെ ധനികനായിരുന്ന അവനാണ് രാജാവിനു മഹനയീമില്‍വച്ച് ഭക്ഷണം നല്കിയിരുന്നത്. 
33: രാജാവ് അവനോടു പറഞ്ഞു: എന്നോടുകൂടെ ജറുസലെമിലേക്കു വരുകഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം. 
34: ബര്‍സില്ലായി രാജാവിനോടു പറഞ്ഞു: ഞാനിനി എത്രനാള്‍ ജീവിച്ചിരിക്കുംപിന്നെ ഞാന്‍ രാജാവിനോടുകൂടെ ജറുസലെമിലേക്കു പോരുന്നതെന്തിന്എനിക്കു വയസ്സ് എണ്‍പതായി. 
35: നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദുമറിഞ്ഞുകൂടാ. ആണിന്റെയായാലും പെണ്ണിന്റെയായാലും പാട്ടുകേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാന്‍ തിരുമേനിക്കു ഭാരമായിരിക്കും. 
36: ഇത്ര വലിയ പ്രതിഫലം അടിയനര്‍ഹിക്കുന്നില്ല. അതുകൊണ്ട് ജോര്‍ദ്ദാനിക്കരെ കുറെദൂരംമാത്രം ഞാന്‍ കൂടെപ്പോരാം. 
37: പിന്നെ മടങ്ങിപ്പോരാന്‍ അങ്ങെന്നെയനുവദിക്കണം. എന്റെ സ്വന്തം പട്ടണത്തില്‍, മാതാപിതാക്കളുടെ കല്ലറയ്ക്കരികില്‍ ഞാന്‍ വിശ്രമിച്ചുകൊള്ളട്ടെ. എന്നാല്‍, ഇതാ എന്റെ മകന്‍ കിംഹാം. അവനങ്ങയെ സേവിക്കും. അവന്‍ തിരുമേനിയോടുകൂടെ പോരട്ടെ. അങ്ങേയ്ക്കിഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും. 
38: രാജാവു പ്രതിവചിച്ചു: അതേ കിംഹാം എന്നോടുകൂടെ പോരട്ടെ. നിന്റെ ഇഷ്ടംപോലെ ഞാനവനു ചെയ്തുകൊടുക്കും. നീ ചോദിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും. 
39: ദാവീദും അനുയായികളും ജോര്‍ദ്ദാന്‍ കടന്നു. രാജാവ് ബര്‍സില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. അവന്‍ സ്വഭവനത്തിലേക്കു മടങ്ങി. രാജാവു ഗില്‍ഗാലിലേക്കു പോയി. 
40: കിംഹാമും അവനോടൊപ്പമുണ്ടായിരുന്നു. യൂദായിലെ ജനവും ഇസ്രായേല്യരില്‍ പകുതിയും അകമ്പടിസേവിച്ചു. 
41: ഇസ്രായേല്യര്‍വന്നു രാജാവിനോടു ചോദിച്ചു: യൂദായിലെ ഞങ്ങളുടെ സഹോദരന്മാര്‍ രാജാവിനെയും കുടുംബത്തെയും സേവകരെയും രഹസ്യമായി ജോര്‍ദ്ദാന്‍ കടത്തിയതെന്ത്?
42: യൂദായിലെ ജനം ഇസ്രായേല്യരോടു പറഞ്ഞു: രാജാവു ഞങ്ങളുടെ സ്വന്തമായതുകൊണ്ടു നിങ്ങള്‍ ക്ഷോഭിക്കുന്നതെന്തിന്രാജാവിന്റെ ചെലവിലാണോ ഞങ്ങളുടെ ഭക്ഷണംഅവന്‍ ഞങ്ങള്‍ക്കെന്തെങ്കിലും സമ്മാനം തന്നോ? 
43: ഇസ്രായേല്യര്‍ അവരോടു പറഞ്ഞു: രാജാവില്‍ ഞങ്ങള്‍ക്ക് പത്തോഹരിയുണ്ട്. നിങ്ങള്‍ക്കുള്ളതിനെക്കാള്‍ കൂടുല്‍ അവകാശം ഞങ്ങള്‍ക്ക് ദാവീദിലുണ്ട്. എന്നിട്ട് നിങ്ങള്‍ ഞങ്ങളെ അവഹേളിക്കുന്നോരാജാവിനെ തിരികെവരുത്തുന്ന കാര്യം പറഞ്ഞതു ഞങ്ങളല്ലേഎന്നാല്‍, യൂദായിലെ ജനത്തിന്റെ വാക്ക്, ഇസ്രായേല്യരുടേതിനെക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു. 

അദ്ധ്യായം 20

ഷേബയുടെ വിപ്ലവം
1: ഷേബ എന്നു പേരുള്ള ഒരു നീചനുണ്ടായിരുന്നു. ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ട ബിക്രിയുടെ മകനായ അവന്‍, കാഹളമൂതി വിളിച്ചുപറഞ്ഞു: ദാവീദുമായി നമുക്കു പങ്കില്ല. ജസ്സെയുടെ പുത്രനുമായി നമുക്കിടപാടില്ല. ഇസ്രായേലേനിങ്ങള്‍ വീട്ടിലേക്കു മടങ്ങുവിന്‍. 
2: അങ്ങനെ ഇസ്രായേല്യര്‍ ദാവീദിനെവിട്ടു ബിക്രിയുടെ മകന്‍ ഷേബയോടു ചേര്‍ന്നു. യൂദായിലെ ജനമാകട്ടെ ദാവീദു രാജാവിനോടുകൂടെ ഉറച്ചുനിന്ന്, ജോര്‍ദ്ദാന്‍മുതല്‍ ജറുസലെംവരെ അവനെനുഗമിച്ചു. 
3: ദാവീദ് ജറുസലെമില്‍ തന്റെ കൊട്ടാരത്തിലെത്തി. കൊട്ടാരം സൂക്ഷിക്കാനേല്പിച്ചിരുന്ന പത്ത് ഉപനാരികളെ വീട്ടുതടങ്കലിലാക്കി. അവരുടെ ജീവിതാവശ്യങ്ങള്‍ നല്കിയെങ്കിലും അവരുമായി അവന്‍ ശയിച്ചില്ല. അവര്‍ മരണംവരെ വീട്ടുതടങ്കലില്‍ വിധവകളെപ്പോലെ ജീവിച്ചു. 
4: രാജാവ് അമാസയോടു പറഞ്ഞു: യൂദായിലെ പുരുഷന്മാരെയുംകൂട്ടി മൂന്നു ദിവസത്തിനകം എന്റെ മുമ്പില്‍ വരുക. 
5: അമാസ അവരെ വിളിച്ചുകൂട്ടാന്‍ പോയി. എന്നാല്‍, രാജാവു കല്പിച്ചിരുന്ന സമയത്ത് അവന്‍ തിരിച്ചെത്തിയില്ല. 
6: അതുകൊണ്ട്ദാവീദ് അബിഷായിയോടു പറഞ്ഞു: ബിക്രിയുടെ മകന്‍ ഷേബ അബ്‌സലോമിനെക്കാള്‍ കൂടുതല്‍ ശല്യംചെയ്യും. അതുകൊണ്ട് സൈന്യവുമായി അവനെ പിന്തുടരുക. അല്ലെങ്കില്‍, അവന്‍ കോട്ടകളുള്ള വല്ല പട്ടണങ്ങളും കൈക്കലാക്കി നമ്മെ ശല്യപ്പെടുത്തും. 
7: അങ്ങനെ യോവാബും ക്രേത്യരും പെലേത്യരും സകലവീരന്മാരും ബിക്രിയുടെ മകന്‍ ഷേബയെ പിന്തുടരാന്‍ ജറുസലെമില്‍നിന്നു പുറപ്പെട്ടു.
8: അവര്‍ ഗിബയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവരെ സ്വീകരിക്കാന്‍ വന്നു. യോവാബ് പടച്ചട്ടയും അതിനുമീതേ വാളുറപ്പിച്ച അരപ്പട്ടയും ധരിച്ചിരുന്നു. അവന്‍ മുന്നോട്ടു നടന്നപ്പോള്‍ വാള്‍ പുറത്തേക്കു തള്ളിനിന്നു. 
9: സഹോദരാസുഖംതന്നെയോ എന്നു ചോദിച്ചുകൊണ്ട്, യോവാബ് അമാസയെ ചുംബിക്കാന്‍ വലത്തു കൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു. 
10: യോവാബിന്റെ കൈയിലുണ്ടായിരുന്ന വാള്‍ അമാസ ശ്രദ്ധിച്ചില്ല. യോവാബ് അവന്റെ വയറ്റത്തു കുത്തി. കുടല്‍ തറയില്‍ തെറിച്ചുവീണുരണ്ടാമതു കുത്തേണ്ടി വന്നില്ലഅവന്‍ മരിച്ചു. പിന്നെ യോവാബും അവന്റെ സഹോദരന്‍ അബിഷായിയും ബിക്രിയുടെ മകന്‍ ഷേബയെ അനുധാവനംചെയ്തു. 
11: യോവാബിന്റെ പടയാളികളിലൊരുവന്‍ അമാസയുടെ മൃതശരീരത്തിനരികെനിന്നു വിളിച്ചുപറഞ്ഞു: യോവാബിന്റെയും ദാവീദിന്റെയും പക്ഷത്തുള്ളവര്‍ യോവാബിനെയനുഗമിക്കട്ടെ. 
12: അമാസയുടെ ശരീരം, രക്തത്തില്‍മുങ്ങി വഴിമദ്ധ്യേ കിടക്കുകയായിരുന്നു. കടന്നുവന്നവര്‍ അതു കണ്ടുനിന്നു. എല്ലാവരും നില്‍ക്കുന്നു എന്നുകണ്ടിട്ട് ഒരുവന്‍ അമാസയുടെ ശരീരം, വലിച്ചു വയലിലിട്ട്, ഒരു തുണികൊണ്ടു മൂടി. 
13: അവനെ വഴിയില്‍നിന്നു നീക്കംചെയ്തപ്പോള്‍ സകലരും ബിക്രിയുടെ മകന്‍ ഷേബയെ പിടികൂടാന്‍ യോവാബിനോടുകൂടെ പോയി. 
14: ഷേബ എല്ലാ ഇസ്രായേല്‍ഗോത്രങ്ങളുടെയും പ്രദേശങ്ങളില്‍ക്കൂടെക്കടന്ന്, ആബേല്‍ബേത്ത് - മാഖായിലെത്തി. ബിക്രിയുടെ കുലത്തില്‍പ്പെട്ടവരെല്ലാം ഒരുമിച്ചുകൂടി പട്ടണത്തിലേക്ക് അവനെയനുഗമിച്ചു. 
15: യോവാബിന്റെ അനുയായികള്‍ ആബേല്‍ബേത്ത് - മാഖാ വളഞ്ഞു. പട്ടണത്തിനുനേരേ അവര്‍ ഒരു മണ്‍തിട്ട ഉയര്‍ത്തി. മതില്‍ ഇടിച്ചുവീഴ്ത്താന്‍ തുടങ്ങി. 
16: അപ്പോള്‍ വിവേകവതിയായ ഒരുവള്‍ പട്ടണത്തില്‍നിന്നു വിളിച്ചുപറഞ്ഞു: കേള്‍ക്കുകഞാന്‍, യോവാബിനോടു സംസാരിക്കേണ്ടതിന് അവനോട് ഇങ്ങോട്ടുവരാന്‍ പറയുക. 
17: യോവാബ് അവളുടെ അടുത്തുചെന്നു. നീ യോവാബോഅവള്‍ ചോദിച്ചു. അതേഞാന്‍ തന്നെഅവന്‍ പറഞ്ഞു. നിന്റെ ദാസി പറയുന്നതു ശ്രവിച്ചാലുംഅവളപേക്ഷിച്ചു. ഞാന്‍ ശ്രദ്ധിക്കുന്നുഅവന്‍ മറുപടി പറഞ്ഞു. 
18: അപ്പോള്‍ അവള്‍ പറഞ്ഞു: ആബേലില്‍ച്ചെന്ന് ഉപദേശം സ്വീകരിപ്പിന്‍ എന്നു മുമ്പൊക്കെ പറയുക പതിവായിരുന്നു. 
19: അങ്ങനെ അവര്‍ കാര്യംതീര്‍ത്തുവന്നു. ഇസ്രായേലിലെ സമാധാനപ്രിയരും വിശ്വസ്തരുമായവരില്‍ ഒരാളാണു ഞാന്‍. ഇസ്രായേലിലെ ഒരു മാതാവായ ഈ നഗരത്തെ നീ നശിപ്പിക്കാനൊരുങ്ങുന്നു. നീ കര്‍ത്താവിന്റെ അവകാശം വെട്ടിവിഴുങ്ങുമോ?
20: യോവാബ് മറുപടി പറഞ്ഞു: ഇല്ലഒരിക്കലുമില്ലനിങ്ങളുടെ പട്ടണം നശിപ്പിക്കുകയോ തകര്‍ക്കുകയോചെയ്യുകയില്ല. അതല്ല ഞങ്ങളുടെ ഉദ്ദേശ്യം. 
21: എഫ്രായിം മലനാട്ടില്‍നിന്നുള്ള ബിക്രിയുടെ മകന്‍ ഷേബ എന്നൊരുവന്‍ ദാവീദ് രാജാവിനെതിരേ കരമുയര്‍ത്തിയിരിക്കുന്നു. അവനെമാത്രം ഏല്പിച്ചുതരുകഞാന്‍ പട്ടണംവിട്ടു പൊയ്‌ക്കൊള്ളാം. ഇതാഅവന്റെ തല മതിലിനുമീതേകൂടെ നിന്റെയടുത്തേക്ക് എറിഞ്ഞുതരാംഅവള്‍ പറഞ്ഞു. 
22: അവള്‍ ജനത്തെ സമീപിച്ച് തന്റെ ജ്ഞാനത്താല്‍ അവരെ സമ്മതിപ്പിച്ചു. ബിക്രിയുടെ മകന്‍ ഷേബയുടെ തല അവര്‍ വെട്ടി, യോവാബിന്റെയടുത്തേക്ക് എറിഞ്ഞുകൊടുത്തു. അവന്‍ കാഹളമൂതിസൈന്യം പട്ടണംവിട്ടു സ്വന്തം വീടുകളിലേക്കു പോയിയോവാബ് ജറുസലെമില്‍ രാജാവിന്റെയടുത്തേക്കും. 
23: യോവാബ് ഇസ്രായേല്‍സൈന്യത്തിന്റെ അധിപതിയായിരുന്നു. യഹോയാദായുടെ മകന്‍ ബനായ ക്രേത്യരുടെയും പെലേത്യരുടെയും തലവനും, 
24: അദോറാമിന് അടിമകളുടെ മേല്‍നോട്ടമായിരുന്നു. അഹിലൂദിന്റെ മകന്‍ യഹോഷാഫാത്ത് എഴുത്തുകാരനും 
25: ഷെവാ കാര്യസ്ഥനും സദോക്കുംഅബിയാഥറും പുരോഹിതന്മാരും ആയിരുന്നു. 
26: ജായിറുകാരന്‍ ഈരയും ദാവീദിന്റെ പുരോഹിതനായിരുന്നു.

അദ്ധ്യായം 21

ഗിബയോന്‍കാരുടെ പ്രതികാരം

1: ദാവീദിന്റെ ഭരണകാലത്തു മൂന്നുവര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. ദാവീദു കര്‍ത്താവിനോട് ആരാഞ്ഞു: അവിടുന്നരുളിച്ചെയ്തു: സാവൂള്‍ ഗിബയോന്‍കാരെ കൊന്നതുകൊണ്ട്, അവന്റെയും കുടുംബത്തിന്റെയുംമേല്‍ രക്തപാതകക്കുറ്റമുണ്ട്.
2: അതുകൊണ്ട്രാജാവു ഗിബയോന്‍കാരെ വിളിച്ചു. ഗിബയോന്‍കാര്‍ ഇസ്രായേല്യരല്ലഅമോര്യരുടെ ഒരു ചെറുവിഭാഗമായിരുന്നു. അവരെ ഉപദ്രവിക്കുകയില്ലെന്ന് ഇസ്രായേല്യര്‍ സത്യംചെയ്തിരുന്നുവെങ്കിലും ഇസ്രായേലിനെയും യൂദായെയുംകുറിച്ചുള്ള തീക്ഷ്ണതയില്‍ സാവൂള്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 
3: ദാവീദ് ഗിബയോന്‍കാരോടു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണംനിങ്ങള്‍ കര്‍ത്താവിന്റെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് നിങ്ങളോടുചെയ്ത ഉപദ്രവങ്ങള്‍ക്കു ഞാന്‍ എന്തു പരിഹാരംചെയ്യണം? 
4: ഗിബയോന്‍കാര്‍ മറുപടി നല്കി: സാവൂളും കുടുംബവുമായുള്ള ഞങ്ങളുടെ പ്രശ്‌നം വെള്ളിയും പൊന്നുംകൊണ്ടു തീരുന്നതല്ല. ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദാവീദു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തുചെയ്തുതരണമെന്നാണ് നിങ്ങള്‍ പറയുന്നത്? 
5: അവര്‍ പറഞ്ഞു: ഇസ്രായേല്‍ദേശത്തെങ്ങും ഞങ്ങള്‍ക്കിടമുണ്ടാകാതിരിക്കേണ്ടതിനു മനഃപൂര്‍വം ഞങ്ങളെ നശിപ്പിച്ചവനുണ്ടല്ലോ, 
6: അവന്റെ പുത്രന്മാരില്‍ ഏഴുപേരെ ഞങ്ങള്‍ക്കേല്പിച്ചു തരുക. കര്‍ത്താവിന്റെ പര്‍വ്വതമായ ഗിബയോനില്‍ അവിടുത്തെ മുമ്പാകെ ഞങ്ങളവരെ തൂക്കിക്കൊല്ലട്ടെ. രാജാവു പറഞ്ഞു: ഞാനവരെ നിങ്ങള്‍ക്കേല്പിച്ചുതരാം. 
7: എന്നാല്‍, സാവൂളിന്റെ മകന്‍ ജോനാഥാനുമായി കര്‍ത്തൃനാമത്തില്‍ ചെയ്തിരുന്ന ഉടമ്പടിനിമിത്തം ദാവീദ് സാവൂളിന്റെ മകനായ ജോനാഥാന്റെ മകന്‍ മെഫിബോഷെത്തിനെ ഒഴിവാക്കി. 
8: അയായുടെ മകള്‍ റിസ്പായില്‍ സാവൂളിനു ജനിച്ച അര്‍മ്മോനിമെഫിബോഷെത്ത് എന്നീ പുത്രന്മാരെയും മെഹോലായിലെ ബര്‍സില്ലായുടെ മകനായ അദ്രിയേലിന് സാവൂളിന്റെ മകള്‍ മേരബില്‍ ജനിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടികൂടി. 
9: ഗിബയോന്‍കാര്‍ക്ക് അവരെ ഏല്പിച്ചുകൊടുത്തു. അവര്‍ അവരെ കര്‍ത്താവിന്റെമുമ്പില്‍ മലയില്‍വച്ച് തൂക്കിലിട്ടു. അങ്ങനെ അവര്‍ ഏഴുപേരും ഒരുമിച്ചു മരിച്ചു. യവം കൊയ്ത്തിന്റെ ആരംഭത്തിലാണ് അവരെ കൊന്നത്. 
10: അനന്തരംഅയായുടെ മകള്‍ റിസ്പാ പാറമേല്‍ ചാക്കുവിരിച്ച്കൊയ്ത്തുകാലത്തിന്റെ ആരംഭംമുതല്‍ മഴക്കാലംവരെ അവിടെ കിടന്നു. പകല്‍ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും മൃതദേഹങ്ങളില്‍നിന്ന് അവളാട്ടിയോടിച്ചു. 
11: അയായുടെ മകളും സാവൂളിന്റെ ഉപനാരിയുമായ റിസ്പായുടെ പ്രവൃത്തി ദാവീദ് കേട്ടു. 
12: അവന്‍ ചെന്ന്, യാബെഷ്ഗിലയാദിലെ ആളുകളില്‍നിന്ന് സാവൂളിന്റെയും മകന്‍ ജോനാഥാന്റെയും അസ്ഥികള്‍ എടുത്തു. ഗില്‍ബോവയില്‍വച്ച് സാവൂളിനെ കൊന്നതിനുശേഷം അവരുടെ മൃതശരീരങ്ങള്‍ ഫിലിസ്ത്യര്‍ ബെത്ഷാനിലെ പൊതുവീഥിയില്‍ തൂക്കിയിട്ടിരുന്നു. യാബെഷ്ഗിലയാദുകാര്‍ അവമോഷ്ടിച്ചു കൊണ്ടുപോയി. 
13, 14: ദാവീദ് സാവൂളിന്റെയും  മകന്‍ ജോനാഥാന്റെയും തൂക്കിക്കൊല്ലപ്പെട്ടവരുടെയും അസ്ഥികള്‍ ബഞ്ചമിന്‍ദേശത്ത് സേലയില്‍ സാവൂളിന്റെ പിതാവായ കിഷിന്റെ കല്ലറയില്‍ സംസ്‌കരിച്ചു. രാജാവു കല്പിച്ചതുപോലെ അവര്‍ ചെയ്തു. പിന്നെ രാജ്യത്തിനുവേണ്ടിയുള്ള അവരുടെ പ്രാര്‍ത്ഥന ദൈവംകേട്ടു. 

ദാവീദിന്റെ വീരയോദ്ധാക്കള്‍
15: ഫിലിസ്ത്യരും ഇസ്രായേല്യരുമായി വീണ്ടും യുദ്ധമുണ്ടായി. ദാവീദ് പടയാളികളുമായിച്ചെന്ന് ഫിലിസ്ത്യരോടു യുദ്ധംചെയ്തുഅവന്‍ തളര്‍ന്നു. 
16: മല്ലന്മാരുടെ വംശത്തില്‍പ്പെട്ട ഇഷ്ബിബെനോബ് ദാവീദിനെക്കൊല്ലാമെന്നു വിചാരിച്ചു. അവന്റെ ഓടുകൊണ്ടുള്ള കുന്തത്തിനു മുന്നൂറു ഷെക്കല്‍ ഭാരമുണ്ടായിരുന്നു. അവന്‍ അരയില്‍ പുതിയ വാള്‍ ധരിച്ചിരുന്നു. 
17: എന്നാല്‍, സെരൂയയുടെ മകന്‍ അബിഷായി ദാവീദിന്റെ സഹായത്തിനെത്തി. അവനെ അടിച്ചുവീഴ്ത്തി കൊന്നുകളഞ്ഞു. ഇസ്രായേലിന്റെ ദീപം അണയാതിരിക്കേണ്ടതിന്അങ്ങ് ഞങ്ങളോടുകൂടെ യുദ്ധത്തിനു പോരരുതെന്നു പറഞ്ഞു പടയാളികള്‍ ദാവീദിനെക്കൊണ്ടു സത്യംചെയ്യിച്ചു. 
18: അതിനുശേഷം ഗോബില്‍വച്ച് ഫിലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി. അപ്പോള്‍ ഹുഷാത്യനായ സിബെക്കായി മല്ലന്മാരുടെ വംശത്തില്‍പ്പെട്ട സാഫിനെക്കൊന്നു. 
19: ഗോബില്‍വച്ചു ഫിലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തില്‍ ബേത്‌ലെഹംകാരനായ യാറെഓറെഗിമിന്റെ പുത്രന്‍ എല്‍ഹാനാന്‍ ഗിത്യനായ ഗോലിയാത്തിനെ കൊന്നുകളഞ്ഞു. അവന്റെ കുന്തത്തിന്റെ പിടി നെയ്ത്തുകാരന്റെ ഓടം പോലെയായിരുന്നു. 
20: ഗത്തില്‍വച്ചും ഒരു യുദ്ധമുണ്ടായി. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു. അവന്റെ കൈകാലുകള്‍ക്ക് ആറാറുവീതം ഇരുപത്തിനാലു വിരലുകള്‍ ഉണ്ടായിരുന്നു. അവനും മല്ലന്മാരുടെ സന്തതികളിലൊരുവനായിരുന്നു. 
21: അവന്‍ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനായ ഷിമെയിയുടെ മകന്‍ ജോനാഥാന്‍ അവനെ വധിച്ചു. 
22: ഇവര്‍ നാലുപേരും ഗത്തിലെ മല്ലന്മാരുടെ സന്തതികളില്‍പ്പെട്ടവരായിരുന്നു. ദാവീദും അനുചരന്മാരും അവരെ നിഗ്രഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ