മുന്നൂറ്റിമുപ്പത്തേഴാം ദിവസം: ഗലാത്തിയാ 1 - 3


അദ്ധ്യായം 1


അഭിവാദനം

1: മനുഷ്യരില്‍നിന്നോ മനുഷ്യന്‍മുഖേനയോ അല്ല, യേശുക്രിസ്തുമുഖേനയും അവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച പിതാവുമുഖേനയും അപ്പസ്‌തോലനായിരിക്കുന്ന പൗലോസായ ഞാനും
2: എന്നോടുകൂടെയുള്ള എല്ലാ സഹോദരരും ഗലാത്തിയായിലെ സഭകള്‍ക്കെഴുതുന്നത്:
3: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
4: തിന്മനിറഞ്ഞ ഈ യുഗത്തില്‍നിന്നു നമ്മെ മോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച്, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.
5: ദൈവത്തിന് എന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.

മറ്റൊരു സുവിശേഷമില്ല
6: ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്രപെട്ടെന്നുപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയുംചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യംതോന്നുന്നു.
7: വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനുമാഗ്രഹിക്കുന്ന കുറെയാളുകളുണ്ട്.
8: ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
9: ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
10: ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു. 

അപ്പസ്തോലനാകാനുള്ള വിളി
11: സഹോദരരേ, ഞാന്‍പ്രസംഗിച്ച സുവിശേഷം മാനുഷികമല്ലെന്നു നിങ്ങളെ ഞാനറിയിക്കുന്നു.
12: എന്തെന്നാല്‍, മനുഷ്യനില്‍നിന്നല്ല ഞാനതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അതെനിക്കു ലഭിച്ചത്.
13: മുമ്പ്, യഹൂദമതത്തിലായിരുന്നപ്പോളത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്മൂലനംചെയ്യാന്‍ പരിശ്രമിക്കുകയുംചെയ്തിരുന്നു.
14: എന്റെ വംശത്തില്‍പ്പെട്ട, സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമതകാര്യങ്ങളില്‍ ഞാന്‍ മുമ്പന്തിയിലായിരുന്നു; എന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷ്ണമതിയുമായിരുന്നു.
15: എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോള്‍ത്തന്നെ ദൈവമെന്നെ പ്രത്യേകം തിരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്നെന്നെ വിളിച്ചു.
16: അത്, അവിടുത്തെപ്പുത്രനെപ്പറ്റി, വിജാതീയരുടെയിടയില്‍ പ്രസംഗിക്കാന്‍ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാന്‍ ഒരു മനുഷ്യന്റെയും ഉപദേശംതേടാന്‍ നിന്നില്ല.
17: എനിക്കുമുമ്പേ അപ്പസ്‌തോലന്മാരായവരെക്കാണാന്‍ ഞാന്‍ ജറുസലെമിലേക്കുപോയതുമില്ല. മറിച്ച്, ഞാന്‍ അറേബ്യായിലേക്കു പോകുകയും ദമാസ്‌ക്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.
18: മൂന്നുവര്‍ഷത്തിനുശേഷം കേപ്പായെക്കാണാന്‍ ഞാന്‍ ജറുസലെമിലേക്കുപോയി. അവനോടൊത്തു പതിനഞ്ചുദിവസം താമസിക്കുകയുംചെയ്തു.
19: കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.
20: ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ലായെന്നതിനു ദൈവം സാക്ഷി!
21: തുടര്‍ന്ന് ഞാന്‍ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി.
22: യൂദയായിലുള്ള, ക്രിസ്തുവിന്റെ സഭകള്‍ അപ്പോഴും എന്നെ നേരിട്ടറിഞ്ഞിരുന്നില്ല.
23: ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചിരുന്നവന്‍ താന്‍ ഉന്മൂലനംചെയ്യാന്‍ശ്രമിച്ച വിശ്വാസം ഇപ്പോള്‍ പ്രസംഗിക്കുന്നുവെന്നുമാത്രം അവര്‍ കേട്ടിരുന്നു.
24: എന്നെപ്രതി അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
 

അദ്ധ്യായം 2


പൗലോസിന് അംഗീകാരം
1: പിന്നീടു പതിന്നാലുവര്‍ഷത്തിനുശേഷം ബാര്‍ണബാസിനോടുകൂടെ ഞാന്‍ വീണ്ടും ജറുസലെമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു.
2: ഒരു വെളിപാടനുസരിച്ചാണു ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെമുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാനോടുന്നതും ഓടിയതും വ്യര്‍ത്ഥമാകാതിരിക്കാന്‍വേണ്ടിയായിരുന്നു.
3: എന്നോടുകൂടെയുണ്ടായിരുന്ന തീത്തോസ് ഒരു ഗ്രീക്കുകാരനായിരുന്നിട്ടും പരിച്ഛേദനത്തിനു നിര്‍ബന്ധിക്കപ്പെട്ടില്ല.
4: എന്നാല്‍, യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണംചെയ്ത്, ഞങ്ങളെ അടിമത്തത്തില്‍ക്കൊണ്ടുചെന്നെത്തിക്കുന്നതിന്, വ്യാജസഹോദരന്മാര്‍ രഹസ്യത്തില്‍ കടന്നുകൂടി.
5: അവര്‍ക്കു ഞങ്ങള്‍ നിമിഷനേരത്തേക്കുപോലും വശപ്പെട്ടില്ല. അത്, സുവിശേഷത്തിന്റെ സത്യം നിങ്ങള്‍ക്കായി നിലനിറുത്തേണ്ടതിനാണ്.
6: തങ്ങള്‍ എന്തോആണെന്നു ഭാവിക്കുന്ന അവരില്‍നിന്ന്, എനിക്കു കൂടുതലായി ഒന്നും ലഭിച്ചില്ല. അവര്‍ എന്താണെന്ന് ഞാന്‍ ഗൗനിക്കുന്നേയില്ല. ദൈവം മുഖംനോക്കുന്നവനല്ലല്ലോ.
7: പരിച്ഛേദിതര്‍ക്കുള്ള സുവിശേഷം പത്രോസിനെന്നതുപോലെ, അപരിച്ഛേദിതര്‍ക്കുള്ള സുവിശേഷം എനിക്കേല്പിക്കപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി.
8: എന്തെന്നാല്‍, പരിച്ഛേദിതര്‍ക്കുളള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍തന്നെ വിജാതീയര്‍ക്കുവേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു.
9: നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്നുകണ്ട്, തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെയടുത്തേക്കു ഞങ്ങളും പരിച്ഛേദിതരുടെടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി.
10: പാവങ്ങളെപ്പറ്റി ചിന്തവേണമെന്നുമാത്രമേ ഞങ്ങളോട് അവരാവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം. 

അഭിപ്രായഭിന്നത
11: എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റംകണ്ടതുകൊണ്ട്, ഞാനവനെ മുഖത്തുനോക്കിയെതിര്‍ത്തു.
12: യാക്കോബിന്റെയടുത്തുനിന്നു ചിലര്‍ വരുന്നതുവരെ, അവന്‍ വിജാതീയരോടൊപ്പമിരുന്നു ഭക്ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ, പരിച്ഛേദിതരെ ഭയന്ന്, അവന്‍ പിന്മാറിക്കളഞ്ഞു.
13: അവനോടൊത്ത്, ബാക്കി യഹൂദന്മാരും കപടമായിപ്പെരുമാറി. അവരുടെ കാപട്യത്താല്‍ ബാര്‍ണബാസ്പോലും വഴിതെറ്റിക്കപ്പെട്ടു.
14: അവരുടെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നുകണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പായോട് പറഞ്ഞു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുതെങ്കില്‍, യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിനു നിനക്കെങ്ങനെ സാധിക്കും? 

വിശ്വാസത്തിലൂടെ നീതീകരണം
15: നാംതന്നെ യഹൂദരായി ജനിച്ചവരാണ്. വിജാതീയരിലെ പാപികളായിട്ടല്ല.
16: എന്നിരിക്കിലും, നിയമത്തിന്റെ അനുഷ്ഠാനത്തിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ്, ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നു നമുക്കറിയാം. നിയമാനുഷ്ഠാനംവഴിയല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ്, നാംതന്നെയും യേശുക്രിസ്തുവില്‍ വിശ്വസിച്ചത്. എന്തെന്നാല്‍, നിയമാനുഷ്ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല.
17: എന്നാല്‍, ക്രിസ്തുവില്‍ നീതീകരിക്കപ്പെടാനുള്ള പരിശ്രമത്തില്‍ത്തന്നെ നമ്മള്‍ പാപികളായി കാണപ്പെട്ടുവെങ്കില്‍ ക്രിസ്തു, പാപത്തിന്റെ ശുശ്രൂഷകനാണോ?
18: തീര്‍ച്ചയായുമല്ല! ഞാന്‍ നശിപ്പിച്ചവ ഞാന്‍തന്നെ വീണ്ടും പണിതുയര്‍ത്തുന്നുവെങ്കില്‍ ഞാന്‍ അതിക്രമംകാണിക്കുകയാണ്. 
19: എന്തെന്നാല്‍, ദൈവത്തിനായി ജീവിക്കേതിന്, ഞാന്‍ നിയമത്തിലൂടെ നിയമത്തിനു മൃതനായി.
20: ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയുംചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്.
21: ദൈവത്തിന്റെ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണു നീതി കൈവരുന്നതെങ്കില്‍ ക്രിസ്തുവിന്റെ മരണത്തിനു നീതീകരണമൊന്നുമില്ല.

അദ്ധ്യായം 3


നിയമമോ വിശ്വാസമോ?
1: ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെയാരാണ്, ആഭിചാരംചെയ്തത്?
2: ഇതുമാത്രം നിങ്ങളില്‍നിന്നറിയാന്‍ ഞാനാഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചതു നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?
3: ആത്മാവിലാരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്മാരാണോ നിങ്ങള്‍?
4: നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ത്ഥമായിരുന്നുവോ - തീര്‍ത്തുംവ്യര്‍ത്ഥം?
5: നിങ്ങള്‍ക്ക്, ആത്മാവിനെനല്കുകയും, നിങ്ങളുടെയിടയില്‍ അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കുകയുംചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനംനിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?
6: അബ്രാഹംതന്നെയും ദൈവത്തെ വിശ്വസിച്ചു. അതവനു നീതിയായി പരിഗണിക്കപ്പെട്ടു.
7: അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹമിന്റെ മക്കള്‍ എന്നു നിങ്ങള്‍ മനസ്സിലാക്കണം.
8: വിജാതീയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടുകൊണ്ട്,വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകുമെന്ന സദ്വാര്‍ത്ത, നേരത്തെതന്നെ അബ്രാഹമിനെ അറിയിച്ചിട്ടുണ്ട്.
9: ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹമിനോടൊത്ത് അനുഗ്രഹംപ്രാപിക്കുന്നു.
10: നിയമാനുഷ്ഠാനത്തിലാശ്രയമര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിനു വിധേയരാണ്. എന്തെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയുമിരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്.
11: ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക.
12: നിയമത്തിന്റെ അടിസ്ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവയനുഷ്ഠിക്കുന്നവന്‍ അവവഴി ജീവിക്കും.
13: ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്നെഴുതിയിരിക്കുന്നു.
14: അബ്രാഹമിനുലഭിച്ച അനുഗ്രഹം, യേശുക്രിസ്തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം, വിശ്വാസംവഴി നമ്മള്‍ പ്രാപിക്കേണ്ടതിനുമാണ് ഇപ്രകാരം സംഭവിച്ചത്. 

നിയമവും വാഗ്ദാനവും
15: സഹോദരരേ, മനുഷ്യസാധാരണമായ ഒരുദാഹരണം പറഞ്ഞാല്‍, ഒരുവന്റെ ഉടമ്പടി, ഒരിക്കല്‍ സ്ഥിരീകരിച്ചതിനുശേഷം ആരും അതസാധുവാക്കുകയോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാറില്ല.
16: വാഗ്ദാനങ്ങള്‍ ലഭിച്ചത്, അബ്രാഹമിനും അവന്റെ സന്തതിക്കുമായിട്ടാണ്. പലരെയുദ്ദ്യേശിച്ച്, സന്തതികള്‍ക്കെന്ന് അതില്‍പ്പറഞ്ഞിട്ടില്ല; പ്രത്യുത, ഒരുവനെ
യുദ്ദ്യേശിച്ച്, നിന്റെ സന്തതിക്ക് എന്നാണു പറഞ്ഞിരിക്കുന്നത്. അത് ക്രിസ്തുവിനെയുദ്ദ്യേശിച്ചാണ്.
17: ഞാന്‍ പറയുന്നതിതാണ്: നാനൂറ്റിമുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍വന്ന നിയമം, ദൈവം പണ്ടുതന്നെ സ്ഥിരീകരിച്ച ഉടമ്പടിയെ, വാഗ്ദാനത്തെ, നീക്കിക്കളയത്തക്കവിധം അസാധുവാക്കുകയില്ല.
18: എന്തെന്നാല്‍, പാരമ്പര്യാവകാശം നിയമത്തില്‍നിന്നാണു ലഭിക്കുന്നതെങ്കില്‍ അതൊരിക്കലും വാഗ്ദാനത്തില്‍നിന്നായിരിക്കുകയില്ല. എന്നാല്‍, ദൈവം അബ്രാഹമിനതു നല്കിയതു വാഗ്ദാനംവഴിയാണ്. പിന്നെന്തിനാണു നിയമം?
19: വാഗ്ദാനംസിദ്ധിച്ചവനു സന്തതി ലഭിക്കുന്നതുവരെ പാപങ്ങള്‍നിമിത്തം നിയമം നല്കപ്പെട്ടു. ദൈവദൂതന്മാര്‍വഴി ഒരു മദ്ധ്യവര്‍ത്തിയിലൂടെ അതു വിളംബരംചെയ്യപ്പെട്ടു.
20: ഒന്നില്‍ക്കൂടുതല്‍പേരുണ്ടെങ്കിലേ മദ്ധ്യവര്‍ത്തി വേണ്ടൂ; എന്നാല്‍, ദൈവം ഏകനാണ്. 

നിയമത്തിന്റെ ഉദ്ദേശ്യം
21: അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമാണോ? ഒരിക്കലുമല്ല. എന്തെന്നാല്‍, ജീവദായകമായ ഒരു നിയമം നിലവിലുണ്ടായിരുന്നെങ്കില്‍, നീതി തീര്‍ച്ചയായും ആ നിയമംവഴി ഉണ്ടാകുമായിരുന്നു.
22: എന്നാല്‍, യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി, വിശ്വാസികള്‍ വാഗ്ദാനംപ്രാപിക്കേണ്ടതിന്, എല്ലാവരും പാപത്തിനധീനരാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചു.
23: വിശ്വാസം ആവിര്‍ഭവിക്കുന്നതിനുമുമ്പ്, നമ്മള്‍ നിയമത്തിന്റെ കാവലിലായിരുന്നു; വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായിക്കഴിയുകയുംചെയ്തു.
24: തന്നിമിത്തം നമ്മള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്, ക്രിസ്തുവിന്റെ ആഗമനംവരെ, നിയമം നമ്മുടെ പാലകനായിരുന്നു.
25: ഇപ്പോളാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക്, നമ്മള്‍ പാലകനധീനരല്ല. 

പുത്രത്വവും അവകാശവും
26: യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി, നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്.
27: ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി, സ്‌നാനംസ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
28: യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിലൊന്നാണ്.
29: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹമിന്റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ