മുന്നൂറ്റിമുപ്പത്തിനാലാം ദിവസം: 2 കൊറിന്തോസ് 1 - 4


അദ്ധ്യായം 1


അഭിവാദനം
1: ദൈവതിരുമനസ്സാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധർക്കുമെഴുതുന്നത്.
2: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

സഹനത്തിലൂടെ സമാശ്വാസം
3: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകലസമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!
4: ദൈവം ഞങ്ങള്‍ക്കുനല്കുന്ന സാന്ത്വനത്താല്‍, ഓരോതരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ, എല്ലാക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.
5: ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു.
6: ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസംലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്, ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന്, നിങ്ങള്‍ക്കു ശക്തിലഭിക്കുന്നതിനുവേണ്ടിയാണ്.
7: ഞങ്ങള്‍ക്കു നിങ്ങളില്‍ ഉറച്ചപ്രത്യാശയുണ്ട്. ഞങ്ങളുടെ ക്ലേശങ്ങളില്‍ നിങ്ങള്‍ പങ്കുചേരുന്നതുപോലെ ഞങ്ങളുടെ സമാശ്വാസത്തിലും നിങ്ങള്‍ പങ്കുചേരുമെന്നു ഞങ്ങള്‍ക്കറിയാം.
8: സഹോദരരേ, ഏഷ്യയില്‍ ഞങ്ങളനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങളറിഞ്ഞിരിക്കണമെന്നു ഞങ്ങളാഗ്രഹിക്കുന്നു. മരണഭയമുണ്ടാകത്തക്കവിധം അത്രമാത്രംകഠിനമായും ദുസ്സഹമായും ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു.
9: മാത്രമല്ല, ഞങ്ങള്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നെന്നു ഞങ്ങള്‍ക്കു തോന്നി. എന്നാലിത്, ഞങ്ങള്‍ ഞങ്ങളില്‍ത്തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ ആശ്രയിക്കുന്നതിനുവേണ്ടിയായിരുന്നു.
10: അത്രഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്ഷിച്ചു; തുടര്‍ന്നും രക്ഷിക്കും; രക്ഷിക്കുമെന്ന് ഞങ്ങളവനില്‍ പ്രത്യാശിക്കുകയുംചെയ്യുന്നു.
11: ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍വഴി, നിങ്ങള്‍ ഞങ്ങളെ സഹായിക്കണം. അങ്ങനെ, അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഞങ്ങള്‍ക്കുലഭിച്ച അനുഗ്രഹത്തിന്, അനേകമാളുകള്‍ ഞങ്ങളെപ്രതി സ്‌തോത്രമര്‍പ്പിക്കാന്‍ ഇടയാകട്ടെ. 

സന്ദര്‍ശനം മാറ്റിവയ്ക്കുന്നു
12 : ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്ധിയോടും പരമാര്‍ത്ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മനസ്സാക്ഷിയാണ്, ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്.
13: നിങ്ങള്‍ക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങളെഴുതുന്നില്ല.
14: ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കുന്നതുപോലെ, നമ്മുടെ കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനവും ഞങ്ങള്‍ നിങ്ങളുടെ അഭിമാനവുമാണെന്നു നിങ്ങള്‍ സമ്പൂര്‍ണ്ണമായും ഗ്രഹിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
15: ഈ വിശ്വാസത്തോടെയാണ്, നിങ്ങള്‍ക്കു വീണ്ടും കൃപലഭിക്കേണ്ടതിന്, നിങ്ങളുടെ അടുത്തുവരാമെന്നു ഞാന്‍ നേരത്തെ നിശ്ചയിച്ചത്.
16  മക്കെദോനിയായ്ക്കു പോകുന്നവഴി, നിങ്ങളെ സന്ദര്‍ശിക്കണമെന്നും, അവിടെനിന്നു നിങ്ങളുടെയടുത്തു തിരിച്ചെത്തണമെന്നും അവിടെനിന്ന് നിങ്ങളെന്നെ യൂദയായിലേക്കു യാത്രയയയ്ക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം.
17: എന്റെ ഈ തീരുമാനത്തില്‍ ഞാന്‍ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേസമയം അതേയെന്നും അല്ലയെന്നും പറയാന്‍മുതിരുന്ന ലൗകികമനുഷ്യനെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്?
18: നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകള്‍ ഒരേസമയം അതേയെന്നും അല്ലയെന്നുമായിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവംസാക്ഷിയാണ്.
19: എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ ഞങ്ങള്‍, ഞാനും സില്‍വാനോസും തിമോത്തേയോസും, പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്‌പോഴും അതേതന്നെയായിരുന്നു.
20: ദൈവത്തിന്റെ സകലവാഗ്ദാനങ്ങളും ക്രിസ്തുവില്‍ അതേയെന്നുതന്നെ. അതുകൊണ്ടുതന്നെയാണു ദൈവമഹത്വത്തിന് അവന്‍വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്.
21: ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകംചെയ്തിരിക്കുന്നതും ദൈവമാണ്.
22: അവിടുന്നു നമ്മില്‍, തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.
23: നിങ്ങളുടെ ഗുണത്തിനുവേണ്ടിയാണ് ഞാന്‍ കോറിന്തോസിലേക്കു വരാതിരുന്നത്. ഇതിന് എന്റെ ജീവനെച്ചൊല്ലി ദൈവത്തെ ഞാന്‍ സാക്ഷിയാക്കുന്നു.
24: നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ ആധിപത്യംപുലര്‍ത്തുന്നില്ല. നിങ്ങള്‍ വിശ്വാസസ്ഥിരതയുള്ളവരായതുകൊണ്ടു നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞങ്ങള്‍ നിങ്ങളോടൊത്തു ജോലിചെയ്യുന്നു.

അദ്ധ്യായം 2

    
    1: ദുഃഖമുളവാക്കുന്ന മറ്റൊരുസന്ദര്‍ശനം വേണ്ടായെന്നു ഞാന്‍ തീര്‍ച്ചയാക്കി.
    2: ഞാന്‍ നിങ്ങളെ ദുഃഖിപ്പിക്കുന്നെങ്കില്‍, ഞാന്‍ ദുഃഖിപ്പിച്ചവരല്ലാതെ മറ്റാരാണ് എന്നെ സന്തോഷിപ്പിക്കുവാനുള്ളത്?
    3: ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷംനല്കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കാന്‍വേണ്ടിമാത്രമാണ് ഞാനെഴുതിയത്. എന്റെ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്ന്, നിങ്ങളെപ്പറ്റി എനിക്കുറപ്പുണ്ടായിരുന്നു.
    4: വലിയദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടെ ഞാന്‍ നിങ്ങള്‍ക്കെഴുതിയതു നിങ്ങളെ ദുഃഖിപ്പിക്കുവാന്‍വേണ്ടിയല്ല; മറിച്ച്, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്‌നേഹമറിയിക്കാന്‍വേണ്ടിയാണ്. 

    അപരാധിക്കു മാപ്പ്
    5: ദുഃഖമുളവാക്കിയവന്‍ എന്നെയല്ല ദുഃഖിപ്പിച്ചത്; ഒരു പരിധിവരെ - ഞാന്‍ മയപ്പെടുത്തിപ്പറയുകയാണ് - നിങ്ങളെല്ലാവരെയുമാണ്.
    6: അങ്ങനെയുള്ളവന്, ഭൂരിപക്ഷംപേര്‍നല്കുന്ന ഈ ശിക്ഷ ധാരാളംമതി.
    7: അതുകൊണ്ട്, അവന്‍ അഗാധദുഃഖത്തില്‍ നിപതിക്കാതിരിക്കുന്നതിന്, നിങ്ങളവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുംചെയ്യണം.
    8: നിങ്ങള്‍ക്കവനോടുള്ള സ്‌നേഹത്തെക്കുറിച്ച്, അവനുറപ്പുവരുത്തണമെന്നു ഞാനഭ്യര്‍ത്ഥിക്കുന്നു.
    9: എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ അനുസരണയുള്ളവരാണോ എന്നു പരീക്ഷിച്ചറിയുന്നതിനുവേണ്ടിയാണ് ഞാനെഴുതിയത്.
    10: നിങ്ങള്‍ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍, അതു ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയാണ്.
    11: ഇതു സാത്താന്‍ നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്. അവന്റെ തന്ത്രങ്ങളെപ്പറ്റി നമ്മള്‍ അജ്ഞരല്ലല്ലോ. 

    ആകുലതയും ആശ്വാസവും
    12: ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ച്ചെന്നപ്പോള്‍, കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.
    13: എന്നാല്‍, എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണായ്കയാല്‍ എന്റെ മനസ്സിന് ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതിനാല്‍, ഞാന്‍ അവിടെയുള്ളവരോടു യാത്രപറഞ്ഞിട്ട്, മക്കെദോനിയായിലേക്കു പോയി.
    14: ക്രിസ്തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തുതി
    15: എന്തുകൊണ്ടെന്നാല്‍, രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്.
    16: ഒരുവനു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ജീവനില്‍നിന്നു ജീവനിലേക്കുള്ള സൗരഭ്യവും. ഇവയ്‌ക്കെല്ലാം കെല്പുള്ളവനാരാണ്?
    17: ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടംചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്നനിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു.

അദ്ധ്യായം 3


ഉടമ്പടിയുടെ ശുശ്രൂഷകര്‍
1: ഞങ്ങള്‍ വീണ്ടും ആത്മപ്രശംസചെയ്യുകയാണോ? മറ്റുചിലര്‍ക്കെന്നതുപോലെ ഞങ്ങള്‍ക്കു നിങ്ങളുടെപേര്‍ക്കോ നിങ്ങളില്‍നിന്നോ ശിപാര്‍ശക്കത്തുകളാവശ്യമുണ്ടോ?
2: ഞങ്ങളുടെ ഹൃദയങ്ങളിലെഴുതപ്പെട്ടതും സകലമനുഷ്യരും അറിയുകയും വായിക്കുകയുംചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്.
3: മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവുകൊണ്ട്, കല്പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.
4: ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം.
5: സ്വന്തമായി എന്തെങ്കിലും മേന്മയവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാണ്.
6: അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു.
7: കല്പലകയിലെഴുതപ്പെട്ട മരണത്തിന്റെ നിയമം തേജസ്സിലാണു നല്കപ്പെട്ടത്. ആ തേജസ്സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു.
8: അങ്ങനെയെങ്കില്‍ ആത്മാവിന്റെ ശുശ്രൂഷ എത്രയേറെ തേജസ്സുറ്റതായിരിക്കും!
9: എന്തുകൊണ്ടെന്നാല്‍, ശിക്ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ നീതിയുടെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം.
10: ഒരിക്കല്‍ പ്രശോഭിച്ചിരുന്നത്, അതിനെ അതിശയിക്കുന്ന മറ്റൊരു ശോഭമൂലം നിഷ്പ്രഭമായിത്തീര്‍ന്നു.
11: മങ്ങിമറഞ്ഞുപോയതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനില്ക്കുന്നതു തീര്‍ച്ചയായും അതിനെക്കാള്‍ തേജസ്സുള്ളതായിരിക്കണം.
12: ഈദൃശമായ പ്രത്യാശ ഞങ്ങള്‍ക്കുള്ളതുകൊണ്ട്, ഞങ്ങള്‍ ധൈര്യമുള്ളവരാണ്.
13: മങ്ങിക്കൊണ്ടിരുന്ന തേജസ്സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍വേണ്ടി, മുഖത്തു മൂടുപടംധരിച്ച മോശയെപ്പോലെയല്ല ഞങ്ങള്‍.
14: അവരുടെ മനസ്സ് കടുപ്പമേറിയതായിരുന്നു. അവര്‍ പഴയ പ്രമാണം വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നുമവശേഷിക്കുന്നു. എന്തെന്നാല്‍, ക്രിസ്തുവിലൂടെമാത്രമാണ് അതു നീക്കപ്പെടുന്നത്.
15: അതേ, ഇന്നും മോശയുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്.
16: എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു.
17: കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്.
18: കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്.

അദ്ധ്യായം 4

    
മണ്‍പാത്രത്തിലെ നിധി
1: ദൈവകൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ ഭഗ്നാശരല്ല.
2: ലജ്ജാകരങ്ങളായ രഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജ്ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമര്‍പ്പിക്കുന്നു.
3: ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കുമാത്രമാണ്.
4: ഈ ലോകത്തിന്റെ ദേവന്‍, അവിശ്വാസികളായ അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
5: ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്തുവിനെ കര്‍ത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായുമാണ്.
6: അന്ധകാരത്തില്‍നിന്നു പ്രകാശമുദിക്കട്ടെയെന്ന് അരുളിച്ചെയ്ത ദൈവംതന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
7: എന്നാല്‍, പരമമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ലാ. എന്നു വെളിപ്പെടുത്തുന്നതിന്, ഈ നിധി, മണ്‍പാത്രങ്ങളിലാണു ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്.
8: ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല.
9: പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.
10: യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന്, അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു.
11: ഞങ്ങളുടെ മര്‍ത്ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന്, ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ യേശുവിനെപ്രതി സദാ മരണത്തിനേല്പിക്കപ്പെടുന്നു.
12: തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.
13: ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട്, ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
14: കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങളറിയുന്നു. ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്.
15: അങ്ങനെ, കൂടുതല്‍കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്ധമാകുന്നതുവഴി ദൈവമഹത്വത്തിനു കൂടുതല്‍ കൃതജ്ഞതയര്‍പ്പിക്കപ്പെടുന്നു. 

അനശ്വരതയിലുള്ള പ്രത്യാശ
16: ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു.
17: ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും.
18: ദൃശ്യമായവയല്ല, അദൃശ്യമായവയാണു ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ