മുന്നൂറ്റിയിരുപത്തൊമ്പതാം ദിവസം: 1 കൊറിന്തോസ് 1 - 4


അദ്ധ്യായം 1


അഭിവാദനം, ഉപകാരസ്മരണ
1: യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെസ്സും
2: കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കെഴുതുന്നത്: യേശുക്രിസ്തുവില്‍ വിശുദ്ധരായവര്‍ക്കും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും
3: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും സമാധാനവും.
4: യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്കു ഞാന്‍ നിങ്ങളെപ്രതി ദൈവത്തിനു സദാ നന്ദിപറയുന്നു.
5: എന്തുകൊണ്ടെന്നാല്‍, അവിടുന്ന് എല്ലാവിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി.
6: ക്രിസ്തുവിനെപ്പറ്റിയുള്ള സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്റെ ഫലമായി,
7: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടുകാത്തിരിക്കുന്ന നിങ്ങള്‍ക്ക്‌, യാതൊരാത്മീയദാനത്തിന്റെയും കുറവില്ല.
8: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിനത്തില്‍, നിങ്ങള്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്, അവസാനംവരെ അവിടുന്നു നിങ്ങളെ പരിപാലിക്കും.
9: തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെവിളിച്ച ദൈവം വിശ്വസ്തനാണ്.

വിശ്വാസികള്‍ക്കിടയില്‍ ഭിന്നത
10: സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സോടും ഏകാഭിപ്രായത്തോടുംകൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
11: എന്റെ സഹോദരരേ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങളുണ്ടെന്നു ക്ലോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു.
12: ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
13: ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനംസ്വീകരിച്ചത്?
14: ക്രിസ്‌പോസിനെയും ഗായൂസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിട്ടില്ല എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു.
15: അതുകൊണ്ട്, എന്റെ നാമത്തില്‍ സ്‌നാനംസ്വീകരിച്ചു എന്നുപറയാന്‍ നിങ്ങളിലാര്‍ക്കും സാധിക്കുകയില്ല.
16: സ്‌തേഫാനോസിന്റെ കുടുംബത്തെക്കൂടെ ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ.
17: എന്തെന്നാല്‍, ക്രിസ്തു എന്നെ അയച്ചത് സ്‌നാനംനല്കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്തുവിന്റെ കുരിശു വ്യര്‍ത്ഥമാകുമായിരുന്നു. 

കുരിശിന്റെ ഭോഷത്തം
18: നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ.
19: വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്നെഴുതപ്പെട്ടിരിക്കുന്നുവല്ലോ.
20: വിജ്ഞാനിയെവിടെ? നിയമജ്ഞനെവിടെ? ഈ യുഗത്തിന്റെ താര്‍ക്കികനെവിടെ? ലൗകികവിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ?
21: ദൈവത്തിന്റെ ജ്ഞാനത്തില്‍, ലോകം ലൗകികവിജ്ഞാനത്താല്‍ അവിടുത്തെയറിഞ്ഞില്ല. തന്മൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തംവഴി രക്ഷിക്കാന്‍ അവിടുന്നു തിരുമനസ്സായി.
22: യഹൂദര്‍ അടയാളങ്ങളാവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനമന്വേഷിക്കുന്നു.
23: ഞങ്ങളാകട്ടെ, യഹൂദര്‍ക്കിടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
24: വിളിക്കപ്പെട്ടവര്‍ക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ- ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്.
25: എന്തെന്നാല്‍, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ശക്തവുമാണ്.
26: സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകികമാനദണ്ഡമനുസരിച്ച്, നിങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല.
27: എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍, ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും.
28: നിലവിലുള്ളവയെ നശിപ്പിക്കുവാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.
29: ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്നിങ്ങനെ ചെയ്തത്.
30: യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവുമാക്കിയിരിക്കുന്നു.
31: അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവിലഭിമാനിക്കട്ടെ.

അദ്ധ്യായം 2


ക്രൂശിതനെക്കുറിച്ചുള്ള സന്ദേശം
1: സഹോദരരേ, ഞാന്‍ നിങ്ങളുടെയടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത്, വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല.
2: നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കു റിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു.
3: നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബ്ബലനും ചകിതനുമായിരുന്നു.
4: എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു.
5: നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്. 

ദൈവത്തിന്റെ ജ്ഞാനം
6: എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനംപ്രസംഗിക്കുന്നു. പക്ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല.
7: രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായി, യുഗങ്ങള്‍ക്കുമുമ്പുതന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. 
8: ഈ ലോകത്തിന്റെ അധികാരികളിലാര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല.
9: എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം, തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
10: എന്നാല്‍, നമുക്കു ദൈവമതെല്ലാം ആത്മാവുമുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍, ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു.
11: മനുഷ്യന്റെ അന്തര്‍ഗ്ഗതങ്ങള്‍ അവന്റെ ആത്മാവല്ലാതെ മറ്റാരാണറിയുക? അതുപോലെതന്നെ, ദൈവത്തിന്റെ ചിന്തകള്‍ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാര്‍ക്കും സാദ്ധ്യമല്ല.
12: നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായിവര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്മാവിനെയാണ്.
13: തന്നിമിത്തം, ഞങ്ങള്‍ ഭൗതികവിജ്ഞാനത്തിന്റെ വാക്കുകളില്‍ പ്രസംഗിക്കുകയല്ല, ആത്മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച്, ആത്മാവിന്റെ ദാനങ്ങള്‍പ്രാപിച്ചവര്‍ക്കുവേണ്ടി, ആത്മീയസത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്.
14: ലൗകികമനുഷ്യനു ദൈവാത്മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവനതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല.
15: ആത്മീയമനുഷ്യന്‍ എല്ലാക്കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.
16: കര്‍ത്താവിനെ പഠിപ്പിക്കാന്‍തക്കവിധം അവിടുത്തെ മനസ്സറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സറിയുന്നു. 

അദ്ധ്യായം 3


പക്വത പ്രാപിക്കാത്തവര്‍
1: സഹോദരരേ, എനിക്കു നിങ്ങളോട്, ആത്മീയമനുഷ്യരോടെന്നതുപോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡികമനുഷ്യരോടെന്നതുപോലെയും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പൈതങ്ങളോടെന്നതുപോലെയുമാണ്, നിങ്ങളോടു ഞാന്‍ സംസാരിച്ചത്.
2: ഗുരുവായ ഭക്ഷണംകഴിക്കാന്‍ ശക്തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ പാല്‍തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്ഥയിലാണ്.
3: എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?
4: ലൗകികരായതുകൊണ്ടല്ലേ, നിങ്ങളില്‍ച്ചിലര്‍, ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞുനടക്കുന്നത്? 

ശുശ്രൂഷകരുടെ സ്ഥാനം
5: അപ്പോളോസാരാണ്? പൗലോസാരാണ്? കര്‍ത്താവു നിശ്ചയിച്ചുതന്നതനുസരിച്ച്, നിങ്ങളെ വിശ്വാസത്തിലേക്കുനയിച്ച ശുശ്രൂഷകര്‍മാത്രം.
6: ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്.
7: അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല, വളര്‍ത്തുന്നവനായ ദൈവത്തിനാണു പ്രാധാന്യം.
8: നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്കകൂലി ഓരോരുത്തര്‍ക്കും ലഭിക്കും.
9: ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.
10: എനിക്കു നല്കപ്പെട്ട ദൈവകൃപയനുസരിച്ച്, ഒരു വിദഗ്ദ്ധശില്പിയെപ്പോലെ, ഞാനടിസ്ഥാനമിട്ടു. മറ്റൊരുവന്‍ അതിന്മേല്‍ പണിയുകയുംചെയ്യുന്നു. എപ്രകാരമാണു താന്‍ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂര്‍വ്വം ചിന്തിക്കട്ടെ.
11: യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കുംസാധിക്കുകയില്ല.
12: ഈ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും സ്വർണ്ണമോ വെള്ളിയോ രത്നങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു പണിതാലും
13: ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരംചെയ്യും. അഗ്നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി, ഏതുതരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയുംചെയ്യും.
14: ആരുടെ പണി നിലനില്ക്കുന്നുവോ അവന്‍ സമ്മാനിതനാകും.
15: ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവന്‍ രക്ഷപ്രാപിക്കും.
16: നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങളറിയുന്നില്ലേ?
17: ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍തന്നെ. 

യഥാര്‍ത്ഥ ജ്ഞാനം
18: ആരും ആത്മവഞ്ചനചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്ഞാനിയെന്നു വിചാരിക്കുന്നപക്ഷം യഥാര്‍ത്ഥ ജ്ഞാനിയാകേണ്ടതിന്, തന്നെത്തന്നെ ഭോഷനാക്കട്ടെ.
19: എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്ഞാനം ദൈവത്തിനു ഭോഷത്തമാണ്.
20: അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യർത്ഥങ്ങളാണെന്നു കര്‍ത്താവറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു.
21: അതിനാല്‍, മനുഷ്യരുടെപേരില്‍ നിങ്ങളഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്.
22: പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ.
23: നിങ്ങളാകട്ടെ ക്രിസ്തുവിന്റേതും, ക്രിസ്തു ദൈവത്തിന്റേതും.

അദ്ധ്യായം 4


ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാര്‍
1: ക്രിസ്തുവിന്റെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായിട്ടാണ്, ഞങ്ങളെ പരിഗണിക്കേണ്ടത്.
2: കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തതകൂടിയേതീരൂ.
3: നിങ്ങളോ ഏതെങ്കിലുംന്യായാസനമോ എന്നെ വിചാരണചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല.
4: ഞാന്‍ ഏതെങ്കിലുംതരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോദ്ധ്യമില്ല. എന്നാല്‍, അതുകൊണ്ടുമാത്രം ഞാന്‍ നീതീകരിക്കപ്പെട്ടുവെന്നര്‍ത്ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ്.
5: അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധിപ്രസ്താവിക്കരുത്. കര്‍ത്താവു വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്നു പ്രശംസ ലഭിക്കും.
6: സഹോദരരേ, ഇക്കാര്യങ്ങളില്‍ എന്നെയും അപ്പോളോസിനെയും ഞാന്‍ ഉദാഹരണമാക്കിയത് നിങ്ങളെപ്രതിയാണ്. എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. 
7: നിനക്ക് എന്തു പ്രത്യേകമാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്കെന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്നമട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? 
8: ഇപ്പോള്‍ നിങ്ങള്‍ എല്ലാംതികഞ്ഞവരായെന്നോ! നിങ്ങള്‍ സമ്പന്നരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങള്‍ ഭരണംനടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്കവിധം നിങ്ങള്‍ ഭരിച്ചിരുന്നെങ്കില്‍!
9: ദൈവം അപ്പസ്‌തോലന്മാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെ നിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ഞങ്ങള്‍ ലോകത്തിനും ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രദര്‍ശനവസ്തുക്കളായിത്തീര്‍ന്നിരിക്കുന്നു.
10: ഞങ്ങള്‍ ക്രിസ്തുവിനെപ്രതി ഭോഷന്മാര്‍, നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികള്‍; ഞങ്ങള്‍ ബലഹീനന്മാര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ ബഹുമാനിതര്‍, ഞങ്ങള്‍ അവമാനിതര്‍.
11: ഈ നിമിഷംവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു.
12: സ്വന്തം കൈകൊണ്ടു ഞങ്ങളദ്ധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങളനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്ക്കുന്നു.
13: ദൂഷണംപറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ ചപ്പും ചവറുംപോലെയും എല്ലാറ്റിന്റെയും ഉച്ഛിഷ്ടംപോലെയുമായിത്തീര്‍ന്നിരിക്കുന്നു.
14: നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്, വത്സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്.
15: നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കളുണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്മാര്‍ അധികമില്ല. സുവിശേഷപ്രസംഗംവഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു ജന്മംനല്കിയതു ഞാനാണ്.
16: ആകയാല്‍, നിങ്ങള്‍ എന്നെ അനുകരിക്കണമെന്നു ഞാനഭ്യര്‍ത്ഥിക്കുന്നു. 
17: കര്‍ത്താവില്‍ എന്റെ പ്രിയപുത്രനും വിശ്വസ്തനുമായ തിമോത്തേയോസിനെ നിങ്ങളുടെയടുത്തേക്കു ഞാനയച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭകളിലും ഞാനവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എന്റെ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്.
18: ഞാന്‍ നിങ്ങളുടെയടുത്തേക്കു വരുകയില്ലെന്നുകരുതി, നിങ്ങളില്‍ച്ചിലര്‍ ഔദ്ധത്യം ഭാവിക്കുന്നുണ്ട്.
19: എന്നാല്‍, കര്‍ത്താവു തിരുമനസ്സായാല്‍ ഞാന്‍ ഉടനെതന്നെ അങ്ങോട്ടു വരും. അപ്പോള്‍ ആ ഉദ്ധതന്മാരുടെ വാക്കുകളല്ല ഞാന്‍ മനസ്സിലാക്കുക, അവരുടെ ശക്തിയാണ്.
20: ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്.
21: നിങ്ങള്‍ക്കേതാണിഷ്ടം - നിങ്ങളുടെയടുത്തേക്കു ഞാന്‍ വടിയുമായി വരുന്നതോ, സ്‌നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ