മുന്നൂറ്റിയിരുപത്താറാം ദിവസം: റോമാ 8 - 10


അദ്ധ്യായം 8


ആത്മാവിലുള്ള ജീവിതം
1: ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.
2: എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം, നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.
3: ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിനസാദ്ധ്യമായത്, ദൈവംചെയ്തു. അവിടുന്നു തന്റെ പുത്രനെ, പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തിലയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷവിധിച്ചു.
4: ഇതു ശരീരത്തിന്റെ പ്രവണതകള്‍ക്കനുസരിച്ചുജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചുജീവിക്കുന്ന നമ്മില്‍, നിയമത്തിന്റെ അനുശാസനം സഫലമാകുന്നതിനുവേണ്ടിയാണ്.
5: എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളില്‍ മനസ്സുവയ്ക്കുന്നു.
6: ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.
7: ജഡികതാത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ്, ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല.
8: ജഡികപ്രവണതകളനുസരിച്ചുജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല.
9: ദൈവത്തിന്റെയാത്മാവ്‌, യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല.
10: എന്നാല്‍, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെയാത്മാവു നീതിനിമിത്തം ജീവനുള്ളതായിരിക്കും.
11: യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെയാത്മാവ്, നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍വസിക്കുന്ന തന്റെയാത്മാവിനാല്‍ ജീവന്‍ പ്രദാനംചെയ്യും.
12: ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍, നാം ജഡത്തിനു കടപ്പെട്ടവരല്ല.
13: ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
14: ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്.
15: നിങ്ങളെ വീണ്ടും ഭയത്തിലേക്കുനയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ലാ, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണു നാം ആബാ - പിതാവേ - എന്നുവിളിക്കുന്നത്.
16: നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോടുചേര്‍ന്ന്, സാക്ഷ്യംനല്കുന്നു.
17: നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.

വെളിപ്പെടാനിരിക്കുന്ന മഹത്വം
18: നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനംചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു.
19: സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
20: അതു വ്യര്‍ത്ഥതയ്ക്കടിമപ്പെട്ടിരിക്കുന്നു; സ്വന്തമിഷ്ടത്താലല്ല, പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം,
21: സൃഷ്ടി, ജീര്‍ണ്ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യംപ്രാപിക്കുകയും ചെയ്യും.
22: സമസ്തസൃഷ്ടികളും ഒന്നുചേര്‍ന്ന്, ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയുംചെയ്യുന്നുവെന്നു നമുക്കറിയാം.
23: സൃഷ്ടിമാത്രമല്ല, ആത്മാവിന്റെ ആദ്യഫലംലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ദ്ധി പ്രതീക്ഷിച്ചുകൊണ്ട്, ആന്തരികമായി വിലപിക്കുന്നു.
24: ഈ പ്രത്യാശയിലാണ്, നാം രക്ഷപ്രാപിക്കുന്നത്. കണ്ടുകഴിഞ്ഞാല്‍പ്പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍, എന്തിനു പ്രത്യാശിക്കണം?
25: എന്നാല്‍, കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.
26: നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നു.
27: ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവു ദൈവഹിതമനുസരിച്ചാണ്, വിശുദ്ധര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നത്.
28: ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
29: അവിടുന്നു മുന്‍കൂട്ടിയറിഞ്ഞവരെ, തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത്, തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനുവേണ്ടിയാണ്.
30: താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.

ദൈവസ്‌നേഹപാരമ്യം
31: ഇതിനെക്കുറിച്ചു നാമെന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കെതിരുനില്ക്കും?
32: സ്വപുത്രനെപ്പോലുമൊഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്കാതിരിക്കുമോ?
33: ദൈവം തിരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണു ശിക്ഷാവിധിനടത്തുക?
34: മരിച്ചവനെങ്കിലും ഉത്ഥാനംചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നവനുമായ യേശുക്രിസ്തുതന്നെ.
35: ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
36: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി, ഞങ്ങള്‍ ദിവസംമുഴുവന്‍ വധിക്കപ്പെടുന്നു; കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയുംചെയ്യുന്നു.
37: നമ്മെ സ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണ്ണവിജയംവരിക്കുന്നു.
38: എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ
39: ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലുംസൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍കഴിയുകയില്ലെന്ന് എനിക്കുറപ്പുണ്ട്.

അദ്ധ്യായം 9


ഇസ്രായേലിന്റെ തിരഞ്ഞെടുപ്പ്
1: ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സത്യംപറയുന്നു; വ്യാജംപറയുകയല്ല. എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യംനല്കുന്നു.
2: എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്തവേദനയുമുണ്ട്.
3: വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്കുപകരിക്കുമെങ്കില്‍, ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍നിന്നു വിച്ഛേദിക്കപ്പെട്ടവനുമാകാന്‍ ഞാനാഗ്രഹിക്കുന്നു.
4: അവര്‍ ഇസ്രായേല്‍മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്.
5: പൂര്‍വ്വപിതാക്കന്മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വ്വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍.
6: ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. എന്തെന്നാല്‍, ഇസ്രായേല്‍വംശജരെല്ലാം ഇസ്രായേല്‍ക്കാരല്ല.
7: അബ്രാഹമിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക.
8: അതായത്, വംശമുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ത്ഥമക്കളായി കണക്കാക്കപ്പെടുന്നത്.
9: വാഗ്ദാനമിതാണ്: ഒരു നിശ്ചിതസമയത്തു ഞാന്‍ വരും. അന്നു സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.
10: മാത്രമല്ല, നമ്മുടെ പൂര്‍വ്വപിതാവായ ഇസഹാക്ക് എന്ന ഒരേ ആളില്‍നിന്നു റെബേക്കായും കുട്ടികളെ ഗര്‍ഭംധരിച്ചു.
11: എന്നാല്‍, അവര്‍ ജനിക്കുകയോ, നന്മയോ തിന്മയോ ആയി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനുമുമ്പുതന്നെ അവള്‍ക്ക് ഇപ്രകാരമറിയിപ്പുണ്ടായി: ജ്യേഷ്ഠന്‍ അനുജന്റെ സേവകനായിരിക്കും.
12:
 ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം പ്രവൃത്തികള്‍മൂലമല്ല, അവിടുത്തെ വിളിമൂലം തുടര്‍ന്നുപോകേണ്ടതിനാണ് ഇതു സംഭവിച്ചത്.
13: യാക്കോബിനെ ഞാന്‍ സ്‌നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
14: അപ്പോള്‍ നാമെന്തുപറയണം? ദൈവത്തിന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലുമല്ല.
15: എനിക്കു ദയതോന്നുന്നവരോടു ഞാന്‍ ദയകാണിക്കും; എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മോശയോടരുളിച്ചെയ്യുന്നു.
16: അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.
17: വിശുദ്ധഗ്രന്ഥം ഫറവോയോടു പറയുന്നു: ഭൂമിയിലെങ്ങും എന്റെ നാമം ഉദ്‌ഘോഷിക്കപ്പെടുന്നതിനും എന്റെ ശക്തി, നിന്നില്‍ വെളിപ്പെടുത്തുന്നതിനുംവേണ്ടിയാണ് നിന്നെ ഞാനുയര്‍ത്തിയത്.
18: താനിച്ഛിക്കുന്നവരോട് അവിടുന്നു കരുണകാണിക്കുന്നു; അതുപോലെ താനിച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു.

കോപവും കാരുണ്യവും
19: അപ്പോള്‍ നിങ്ങളെന്നോടു ചോദിച്ചേക്കാം: അങ്ങനെയെങ്കില്‍, അവിടുന്നെന്തിനു മനുഷ്യനെക്കുറ്റപ്പെടുത്തണം? അവിടുത്തെ ഹിതം ആര്‍ക്കു തടുക്കാന്‍കഴിയും?
20: ദൈവത്തോടു വാഗ്വാദംനടത്താന്‍ മനുഷ്യാ, നീയാരാണ്? നീയെന്തിനാണെന്നെ ഈ വിധത്തില്‍ നിര്‍മ്മിച്ചതെന്നു പാത്രം കുശവനോടു ചോദിക്കുമോ?
21: ഒരേ കളിമണ്‍പിണ്ഡത്തില്‍നിന്നു ശ്രേഷ്ഠമോ ഹീനമോ ആയ ഉപയോഗത്തിനുള്ള പാത്രങ്ങള്‍നിര്‍മ്മിക്കാന്‍ കുശവനകാശമില്ലേ?
22: ദൈവം, തന്റെ ക്രോധം വെളിവാക്കാനും ശക്തിയറിയിക്കാനുമാഗ്രഹിച്ചുകൊണ്ട്, നശിപ്പിക്കപ്പെടാന്‍വേണ്ടി നിര്‍മ്മിച്ച ക്രോധപാത്രങ്ങളോടു വലിയക്ഷമകാണിച്ചെങ്കില്‍ അതിലെന്ത്?
23: അത്, താന്‍ മഹത്വത്തിനായി മുന്‍കൂട്ടിത്തയ്യാറാക്കിയിരുന്ന കൃപാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ മഹത്വത്തിന്റെ സമ്പത്തു വെളിപ്പെടുത്താന്‍വേണ്ടിയാണ്.
24: യഹൂദരില്‍നിന്നുമാത്രമല്ല, വിജാതീയരില്‍നിന്നുകൂടെയും വിളിക്കപ്പെട്ട നമ്മളും ആ പാത്രങ്ങളില്‍പ്പെടുന്നു.
25: അവിടുന്നു ഹോസിയാവഴി അരുളിച്ചെയ്യുന്നതുപോലെ, എന്റെ ജനമല്ലാത്തവരെ എന്റെ ജനം, എന്നു ഞാന്‍ വിളിക്കും; പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവളെന്നും.
26: നിങ്ങള്‍ എന്റെ ജനമല്ലെന്ന് അവരോടു പറയപ്പെട്ട അതേസ്ഥലത്തുവച്ച്, ജീവിക്കുന്ന ദൈവത്തിന്റെ മക്കളെന്ന് അവര്‍ വിളിക്കപ്പെടും.
27: ഇസ്രായേലിനെക്കുറിച്ച്, ഏശയ്യായും വിലപിക്കുന്നു: ഇസ്രായേല്‍മക്കളുടെ സംഖ്യ, കടലിലെ മണല്‍പോലെയാണെന്നിരിക്കിലും, അവരില്‍ ഒരു ചെറിയഭാഗംമാത്രമേ രക്ഷിക്കപ്പെടുകയുള്ളു.
28: എന്തെന്നാല്‍, കര്‍ത്താവു ഭൂമിയുടെമേലുള്ള വിധി അന്തിമമായി ഉടന്‍തന്നെ നിര്‍വ്വഹിക്കും.
29: ഏശയ്യാ പ്രവചിച്ചിട്ടുള്ളതുപോലെ, സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു മക്കളെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, നമ്മള്‍ സോദോംപോലെ ആയിത്തീരുമായിരുന്നു; ഗൊമോറായ്ക്കു സദൃശരാവുകയുംചെയ്യുമായിരുന്നു.

വിജാതീയര്‍പ്രാപിച്ച നീതി
30: അപ്പോള്‍, നമ്മളെന്തു പറയണം? നീതിയന്വേഷിച്ചുപോകാതിരുന്ന വിജാതീയര്‍, നീതി, അതായത് വിശ്വാസത്തിലുള്ള നീതിപ്രാപിച്ചു എന്നുതന്നെ.
31: നിയമത്തിലധിഷ്ഠിതമായ നീതിയന്വേഷിച്ചുപോയ ഇസ്രായേലാകട്ടെ, ആ നിയമം നിറവേറ്റുന്നതില്‍ വിജയിച്ചില്ല.
32: എന്തുകൊണ്ട്? അവര്‍ വിശ്വാസത്തിലൂടെയല്ല പ്രവൃത്തികളിലൂടെയാണന്വേഷിച്ചത്. ഇടര്‍ച്ചയുടെ പാറമേല്‍ അവര്‍ തട്ടിവീണു.
33: ഇതാ! തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയും സീയോനില്‍ ഞാന്‍ സ്ഥാപിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്ന് എഴുതപ്പെട്ടിരിക്കുന്നു.

അദ്ധ്യായം 10 


നിയമത്തിന്റെ പരിപൂര്‍ത്തി
1: സഹോദരരേ, എന്റെ ഹൃദയപൂര്‍വ്വകമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥനയും അവര്‍ രക്ഷിക്കപ്പെടണമെന്നതാണ്.
2: അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത, ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ.
3: എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെതന്നെ നീതിസ്ഥാപിക്കാന്‍ വ്യഗ്രതകാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല.
4: വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്, ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.

എല്ലാവര്‍ക്കും രക്ഷ
5: നിയമാധിഷ്ഠിതമായ നീതിപ്രവര്‍ത്തിക്കുന്നവര്‍ക്ക്, അതുമൂലം ജീവന്‍ ലഭിക്കുമെന്നു മോശയെഴുതുന്നു.
6: വിശ്വാസാധിഷ്ഠിതമായ നീതിയാകട്ടെ, ഇങ്ങനെ പറയുന്നു: ക്രിസ്തുവിനെ താഴേക്കുകൊണ്ടുവരാന്‍ സ്വര്‍ഗ്ഗത്തിലേക്ക് ആരുകയറുമെന്നു നീ ഹൃദയത്തില്‍പ്പറയരുത്.
7: അഥവാ ക്രിസ്തുവിനെ മരിച്ചവരില്‍നിന്നുയിര്‍ത്താന്‍, പാതാളത്തിലേക്ക് ആരിറങ്ങുമെന്നും പറയരുത്.
8: എന്നാല്‍പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെ.
9: ആകയാല്‍, യേശു കര്‍ത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവമവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ചുവെന്നു ഹൃദയത്തില്‍ വിശ്വസിക്കുകയുംചെയ്താല്‍ നീ രക്ഷപ്രാപിക്കും.
10: എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയുംചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയുംചെയ്യുന്നു.
11: അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ലെന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
12: യഹൂദനും ഗ്രീക്കുകാരനുംതമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.
13: എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.

പ്രഘോഷണവും വിശ്വാസവും
14: എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവരെങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?
15: അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്രസുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
16: എന്നാല്‍, എല്ലാവരും സുവിശേഷമനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശംകേട്ടിട്ട്, വിശ്വസിച്ചവനാരാണ് എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ.
17: ആകയാല്‍, വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.
18: എന്നാല്‍, അവര്‍ കേട്ടിട്ടില്ലേയെന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായുമുണ്ട്. എന്തെന്നാല്‍, അവരുടെ ശബ്ദം, ഭൂമിമുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്റെ സീമകള്‍വരെയും.
19: ഞാന്‍ വീണ്ടുംചോദിക്കുന്നു, ഇസ്രായേല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ അസൂയജനിപ്പിക്കും. ബുദ്ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും.
20: ഏശയ്യായും ധൈര്യപൂര്‍വ്വം പറയുന്നു: എന്നെത്തേടാത്തവര്‍ എന്നെക്കണ്ടെത്തി; എന്നെപ്പറ്റിയന്വേഷിക്കാത്തവര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന്‍ പറയുന്നതിങ്ങനെയാണ്:
21: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ