മുന്നൂറ്റിമുപ്പത്തൊന്നാം ദിവസം: 1 കൊറിന്തോസ് 9 - 11


അദ്ധ്യായം 9


അപ്പസ്‌തോലന്റെ അവകാശം
1: ഞാന്‍ സ്വതന്ത്രനല്ലേ? ഞാന്‍ അപ്പസ്‌തോലനല്ലേ? ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുവിനെക്കണ്ടിട്ടില്ലേ? കര്‍ത്താവിനുവേണ്ടിയുള്ള എന്റെ അദ്ധ്വാനങ്ങളുടെ ഫലമല്ലേ നിങ്ങള്‍?
2: മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പസ്‌തോലനല്ലെങ്കില്‍ത്തന്നെയും നിങ്ങള്‍ക്കു തീര്‍ച്ചയായും ഞാന്‍ അപ്പസ്‌തോലനാണ്. നിങ്ങള്‍ കര്‍ത്താവില്‍ എന്റെ അപ്പസ്‌തോലവൃത്തിയുടെ മുദ്രയുമാണ്.
3: എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള മറുപടിയിതാണ്:
4: തിന്നുന്നതിനും കുടിക്കുന്നതിനും ഞങ്ങള്‍ക്കവകാശമില്ലേ?
5: മറ്റ് അപ്പസ്‌തോലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കുമവകാശമില്ലേ?
6: ജോലി ചെയ്യാതിരിക്കാന്‍ ബാര്‍ണബാസിനും എനിക്കുംമാത്രം അവകാശമില്ലെന്നോ?
7: സ്വന്തം ചെലവില്‍ സൈനികസേവനത്തിനു പോകുന്നവനുണ്ടോ? മുന്തിരിത്തോട്ടമുണ്ടാക്കിയിട്ട് അതിന്റെ ഫലത്തില്‍നിന്നു ഭക്ഷിക്കാത്തവനുണ്ടോ? ആട്ടിന്‍പറ്റത്തെ വളര്‍ത്തിയിട്ട്, അതിന്റെ പാല്‍ കുടിക്കാത്തവനുണ്ടോ?
8: ഞാന്‍ ഈ പറയുന്നതു കേവലം മാനുഷികമായിട്ടാണോ? നിയമമനുശാസിക്കുന്നതും ഇതുതന്നെയല്ലേ?
9: എന്തെന്നാല്‍, മോശയുടെ നിയമത്തിലെഴുതിയിരിക്കുന്നു: ധാന്യംമെതിക്കുന്ന കാളയുടെ വായ്, നിങ്ങള്‍ മൂടിക്കെട്ടരുത്. കാളയുടെ കാര്യത്തിലാണോ ദൈവത്തിനു ശ്രദ്ധ?
10: അവിടുന്നു സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുകുന്നവന്‍ പ്രതിഫലേച്ഛയോടും മെതിക്കുന്നവന്‍ ഓഹരിലഭിക്കുമെന്ന പ്രതീക്ഷയോടുംകൂടെ ജോലിചെയ്യുന്നതിന്, നമുക്കുവേണ്ടി ഇതെഴുതപ്പെട്ടിരിക്കുന്നു.
11: ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്മീയനന്മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍നിന്ന് ഭൗതികഫലങ്ങള്‍ കൊയ്യുന്നത് അധികപ്പറ്റാണോ?
12: നിങ്ങളുടെമേലുള്ള ഈ ന്യായമായ അവകാശത്തില്‍ മറ്റുള്ളവര്‍ക്കു പങ്കുചേരാമെങ്കില്‍ ഞങ്ങള്‍ക്ക് അതിനു കൂടുതലര്‍ഹതയില്ലേ? എങ്കിലും, ഞങ്ങള്‍ ഈ അവകാശമുപയോഗപ്പെടുത്തിയിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന് ഒരു പ്രതിബന്ധവുമുണ്ടാകാതിരിക്കാന്‍ എല്ലാം ഞങ്ങള്‍ സഹിക്കുന്നു.
13: ദേവാലയജോലിക്കാര്‍ക്കുള്ള ഭക്ഷണം ദേവാലയത്തില്‍നിന്നാണെന്നും അള്‍ത്താരശുശ്രൂഷകര്‍ ബലിവസ്തുക്കളുടെ പങ്കുപറ്റുന്നുവെന്നും നിങ്ങളറിയുന്നില്ലേ?
14: അതുപോലെ, സുവിശേഷപ്രഘോഷകര്‍ സുവിശേഷംകൊണ്ടുതന്നെ ഉപജീവനംകഴിക്കണമെന്നു കര്‍ത്താവു കല്പിച്ചിരിക്കുന്നു.
15: എന്നാല്‍, ഇതൊന്നും ഞാനുപയോഗപ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനുവേണ്ടി, ഞാനിക്കാര്യങ്ങള്‍ എഴുതുകയുമല്ല. എന്തെന്നാല്‍, മറ്റൊരുവനില്‍നിന്ന് അഭിമാനക്ഷതമേല്‍ക്കുന്നതില്‍ഭേദം മരിക്കുകയാണ്.
16: ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്കഹംഭാവത്തിനു വകയില്ല. അത്, എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
17: ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗമനുസരിച്ചാണ് ചെയ്യുന്നത്.
18: അപ്പോള്‍ എന്താണെന്റെ പ്രതിഫലം? സുവിശേഷംനല്കുന്ന അവകാശം പൂർണ്ണമായുപയോഗിക്കാതെ, പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തിമാത്രം.
19: ഞാന്‍ എല്ലാവരിലുംനിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന്, ഞാന്‍ എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു.
20: യഹൂദരെ നേടേണ്ടതിന്, ഞാന്‍ അവരുടെയിടയില്‍ യഹൂദനെപ്പോലെയായി. നിയമത്തിന്‍കീഴുള്ളവരെ നേടേണ്ടതിന്, നിയമത്തിനു വിധേയനല്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി.
21: നിയമത്തിനു പുറമെയുള്ളവരെ നേടേണ്ടതിന് ഞാനവര്‍ക്കു നിയമമില്ലാത്തവനെപ്പോലെയായി. അതേസമയം ഞാന്‍ ദൈവനിയമമില്ലാത്തവനായിരുന്നില്ല; പ്രത്യുത, ക്രിസ്തുവിന്റെ നിയമത്തിന് അധീനനായിരുന്നു.
22: ബലഹീനരെ നേടേണ്ടതിന് ഞാനവര്‍ക്കു ബലഹീനനായി. എല്ലാപ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന്, ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി.
23: സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.
24: മത്സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍മാത്രമാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍.
25: കായികാഭ്യാസികള്‍ എല്ലാക്കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും.
26: ഞാനോടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗംനടത്തുന്നത്, വായുവില്‍ പ്രഹരിക്കുന്നതുപോലെയല്ല.
27: മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന്, എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.

അദ്ധ്യായം 10


വിഗ്രഹാരാധനയ്‌ക്കെതിരേ
1: സഹോദരരേ, നമ്മുടെ പിതാക്കന്മാരെല്ലാവരും മേഘത്തണലിലായിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
2: അവരെല്ലാവരും മേഘത്തിലും കടലിലും സ്‌നാനമേറ്റ്, മോശയോടു ചേര്‍ന്നു.
3: എല്ലാവരും ഒരേ ആത്മീയഭക്ഷണം കഴിച്ചു.
4: എല്ലാവരും ഒരേ ആത്മീയപാനീയം കുടിച്ചു. തങ്ങളെയനുഗമിച്ച ആത്മീയശിലയില്‍നിന്നാണ് അവര്‍ പാനംചെയ്തത്. ആ ശില ക്രിസ്തുവാണ്.
5: എന്നാല്‍, അവരില്‍ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അവരെല്ലാം മരുഭൂമിയില്‍വച്ചു ചിതറിക്കപ്പെട്ടു.
6: അവരെപ്പോലെ നാം തിന്മയാഗ്രഹിക്കാതിരിക്കാന്‍, ഇതു നമുക്കൊരു പാഠമാണ്.
7: അവരില്‍ച്ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധകരാകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്ക്കുകയുംചെയ്തുവെന്ന്, അവരെപ്പറ്റിയെഴുതപ്പെട്ടിരിക്കുന്നു.
8: അവരില്‍
ച്ചിലര്‍, വ്യഭിചാരംചെയ്തതുപോലെ നമ്മളൊരിക്കലും വ്യഭിചാരംചെയ്യരുത്. അവരില്‍ ഇരുപത്തിമൂവായിരംപേര്‍ ഒറ്റദിവസംകൊണ്ടു നാശമടഞ്ഞു.
9: അവരില്‍
ച്ചിലര്‍ ചെയ്തതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്. അവരെല്ലാവരും പാമ്പുകടിയേറ്റു മരിച്ചു.
10: അവരില്‍
ച്ചിലര്‍ പിറുപിറുത്തതുപോലെ നാം പിറുപിറുക്കയുമരുത്. സംഹാരകന്‍ അവരെ നശിപ്പിച്ചുകളഞ്ഞു.
11: ഇതെല്ലാം അവര്‍ക്കൊരു താക്കീതായിട്ടാണു സംഭവിച്ചത്. നമുക്കൊരു പാഠമാകേണ്ടതിന്, അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്.
12: ആകയാല്‍, നില്ക്കുന്നു എന്നുവിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ.
13: മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങളുണ്ടാകാന്‍ അവിടുന്നനുവദിക്കുകയില്ല. പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍വേണ്ട ശക്തി, അവിടുന്നു നിങ്ങള്‍ക്കു നല്കും.
14: ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവിന്‍.
15: വിവേകമതികളോടെന്നപോലെ ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ പറയുന്നതു നിങ്ങള്‍തന്നെ വിധിക്കുവിന്‍.
16: നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം, ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?
17: അപ്പമൊന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.
18: ജനനംകൊണ്ടുമാത്രം ഇസ്രായേല്‍ക്കാരായവരെ നോക്കുവിന്‍. ബലിവസ്തുക്കള്‍ ഭക്ഷിക്കുന്നവര്‍ക്കല്ലേ ബലിപീഠത്തിലെ ഭാഗഭാഗിത്വം?
19: വിഗ്രഹത്തിനുസമര്‍പ്പിച്ച ആഹാരപദാര്‍ത്ഥമോ വിഗ്രഹംതന്നെയോ എന്തെങ്കിലുമാണെന്നു ഞാനുദ്ദേശിക്കുന്നുണ്ടോ?
20: ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാനാഗ്രഹിക്കുന്നില്ല.
21: ഒരേസമയം കര്‍ത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്റെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല.
22: കര്‍ത്താവില്‍ നാം അസൂയയുണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ? 

എല്ലാം ദൈവമഹത്വത്തിന്
23: എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പടുത്തുയര്‍ത്തുന്നില്ല.
24: ഏതൊരുവനും സ്വന്തം നന്മകാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മകാംക്ഷിക്കട്ടെ.
25: ചന്തയില്‍ വില്ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി, മനശ്ചാഞ്ചല്യംകൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍.
26: കാരണം, ഭൂമിയും അതിലുള്ള സര്‍വ്വവും കര്‍ത്താവിന്റേതാണ്.
27: അവിശ്വാസിയായ ഒരുവന്‍, നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീയാഗ്രഹിക്കുകയുംചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യംകൂടാതെ ഭക്ഷിച്ചുകൊള്ളുക
28: എന്നാല്‍, ആരെങ്കിലും നിന്നോട്, ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരമറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീയതു ഭക്ഷിക്കരുത്.
29: നിന്റെ മനസ്സാക്ഷിയല്ല അവന്റേതാണു ഞാനുദ്ദേശിക്കുന്നത്. എന്റെ സ്വാതന്ത്ര്യം, മറ്റൊരുവന്റെ മനസ്സാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?
30: കൃതജ്ഞതയോടൊണു ഞാന്‍ അതില്‍ ഭാഗഭാക്കാകുന്നതെങ്കില്‍, ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്ന ഒന്നിനുവേണ്ടി എന്തിനെന്നെ കുറ്റപ്പെടുത്തണം?
31: അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍.
32: യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്.
33: ഞാന്‍തന്നെയും എല്ലാവരുടെയും രക്ഷയെപ്രതി, അനേകരുടെ പ്രയോജനത്തിനായി എന്റെ പ്രയോജനംനോക്കാതെ എല്ലാക്കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

അദ്ധ്യായം 11

    
    1: ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ, നിങ്ങള്‍ എന്നെയനുകരിക്കുവിന്‍. 

    സ്ത്രീകളും ശിരോവസ്ത്രവും
    2: എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ എന്നെയനുസ്മരിക്കുന്നതിനാലും ഞാന്‍ നല്കിയ പാരമ്പര്യം അതേപടി സംരക്ഷിക്കുന്നതിനാലും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു.
    3: പുരുഷന്റെ ശിരസ്സു ക്രിസ്തുവും സ്ത്രീയുടെ ശിരസ്സു ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സു ദൈവവുമാണെന്നു നിങ്ങളറിയണമെന്ന് ഞാനാഗ്രഹിക്കുന്നു.
    4: ശിരസ്സു മൂടിക്കൊണ്ടു പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോചെയ്യുന്ന ഏതൊരു പുരുഷനും തന്റെ ശിരസ്സിനെ അവമാനിക്കുന്നു.
    5: ശിരസ്സുമൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല, മുണ്ഡനംചെയ്യുന്നതിനു തുല്യമാണത്.
    6: സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൗരംചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രംധരിക്കട്ടെ.
    7: പുരുഷന്‍ ദൈവത്തിന്റെ പ്രതിച്ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്. സ്ത്രീയാകട്ടെ പുരുഷന്റെ മഹിമയാണ്.
    8: പുരുഷന്‍ സ്ത്രീയില്‍നിന്നല്ല, സ്ത്രീ പുരുഷനില്‍നിന്നാണുണ്ടായത്.
    9: പുരുഷന്‍ സൃഷ്ടിക്കപ്പെട്ടതു സ്ത്രീക്കുവേണ്ടിയല്ല; സ്ത്രീ സൃഷ്ടിക്കപ്പെട്ടതു പുരുഷനുവേണ്ടിയാണ്.
    10: ദൂതന്മാരെ ആദരിച്ച്, വിധേയത്വത്തിന്റെ പ്രതീകമായ ശിരോവസ്ത്രം അവള്‍ക്കുണ്ടായിരിക്കട്ടെ.
    11: കര്‍ത്താവില്‍ പുരുഷനും സ്ത്രീയും പരസ്പരമാശ്രയിച്ചാണു നിലകൊള്ളുത്.
    12: എന്തെന്നാല്‍, സ്ത്രീ പുരുഷനില്‍നിന്നുണ്ടായതുപോലെ ഇന്നു പുരുഷന്‍ സ്ത്രീയില്‍നിന്നു പിറക്കുന്നു. എല്ലാം ദൈവത്തില്‍നിന്നുതന്നെ.
    13: സ്ത്രീ തലമറയ്ക്കാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണോയെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുവിന്‍.
    14: നീണ്ടമുടി പുരുഷനവമാനമാണെന്നും
    15: സ്ത്രീയ്ക്കതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്ത്രീയ്ക്ക് ഒരാവരണമായി നല്കപ്പെട്ടിരിക്കുന്നു.
    16: അഭിപ്രായവ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത്, ഞങ്ങള്‍ക്കോ ദൈവത്തിന്റെ സഭകള്‍ക്കോ മേല്പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്. 

      അത്താഴവിരുന്നില്‍ ഭിന്നിപ്പ്
      17: ഇനിപ്പറയാന്‍പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ സമ്മേളനങ്ങള്‍ ഗുണത്തിനുപകരം ദോഷമാണുചെയ്യുന്നത്.
      18: ഒന്നാമത്, നിങ്ങള്‍ സഭയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതു ഭാഗികമായി ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
      19: നിങ്ങളില്‍ യോഗ്യരെത്തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതുമാവശ്യമാണ്.
      20: നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്റെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്.
      21: കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണംകഴിക്കുന്നു. തത്ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ചുന്മത്തനായുമിരിക്കുന്നു.
      22: എന്ത്! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ദൈവത്തിന്റെ സഭയെ അവഗണിക്കുകയും ഒന്നുമില്ലാത്തവരെ അവഹേളിക്കുകയുംചെയ്യുന്നുവോ? നിങ്ങളോടു ഞാന്‍ എന്താണുപറയേണ്ടത്? ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാന്‍ പ്രശംസിക്കുകയില്ല.

      പുതിയ ഉടമ്പടി
      23: കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യമിതാണ്: കര്‍ത്താവായ യേശു, താനൊറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു:
      24: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുവിന്‍.
      25: അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്, അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങളിതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍.
      26: നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്.
      27: തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയുംചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനുമെതിരേ തെറ്റുചെയ്യുന്നു.
      28: അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയുംചെയ്യട്ടെ.
      29: എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.
      30: നിങ്ങളില്‍പ്പലരും രോഗികളും ദുര്‍ബ്ബലരുമായിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്.
      31: നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കില്‍, നാം വിധിക്കപ്പെടുകയില്ലായിരുന്നു.
      32: എന്നാല്‍, കര്‍ത്താവു നമ്മെ വിധിക്കുകയും ശിക്ഷണവിധേയരാക്കുകയുംചെയ്യുന്നു. അത്, ലോകത്തോടൊപ്പം നമ്മള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍വേണ്ടിയാണ്.
      33: എന്റെ സഹോദരരേ, നിങ്ങള്‍ ഭക്ഷണംകഴിക്കാന്‍ സമ്മേളിക്കുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍.
      34: വിശപ്പുള്ളവന്‍ വീട്ടിലിരുന്നു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങളുടെ സമ്മേളനം ശിക്ഷാവിധിക്കേ ഉപകരിക്കുകയുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്തിക്കൊള്ളാം.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ