മുന്നൂറ്റിയിരുപത്തിമൂന്നാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 27 - 28


അദ്ധ്യായം 27


റോമായിലേക്കു കപ്പല്‍യാത്ര
1: ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍പ്പോകണമെന്നു തീരുമാനമുണ്ടായി. അവര്‍ പൗലോസിനെയും മറ്റുചില തടവുകാരെയും സെബാസ്‌തേ സൈന്യവിഭാഗത്തിന്റെ ശതാധിപനായ ജൂലിയൂസിനെ ഏല്പിച്ചു.
2: ഞങ്ങള്‍ അദ്രാമീത്തിയാത്തില്‍നിന്നുള്ള ഒരു കപ്പലില്‍ക്കയറി. അത് ഏഷ്യയുടെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്നതായിരുന്നു. ഞങ്ങള്‍ യാത്രപുറപ്പെട്ടപ്പോള്‍ തെസലോനിക്കാ നഗരവാസിയും മക്കെദോനിയാക്കാരനുമായ അരിസ്താര്‍ക്കൂസും ഞങ്ങളോടുകൂടെയുണ്ടായിരുന്നു.
3: പിറ്റേദിവസം, ഞങ്ങള്‍ സീദോനിലിറങ്ങി. ജൂലിയൂസ്, പൗലോസിനോടു ദയാപൂര്‍വ്വം പെരുമാറുകയും സ്‌നേഹിതരുടെയടുക്കല്‍പ്പോകുന്നതിനും അവരുടെ ആതിത്ഥ്യം സ്വീകരിക്കുന്നതിനും അവനെയനുവദിക്കുകയും ചെയ്തു.
4: അവിടെനിന്നു ഞങ്ങള്‍ യാത്രതിരിച്ചു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍, സൈപ്രസിനടുത്തുകൂടെയാണു പോയത്.
5: കിലിക്യായുടെയും പാംഫീലിയായുടെയുമടുത്തുള്ള സമുദ്രഭാഗങ്ങള്‍ കടന്ന്, ഞങ്ങള്‍ ലിക്കിയായിലെ മീറായിലെത്തി.
6: ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാണ്ഡ്രിയന്‍ കപ്പല്‍ അവിടെക്കിടക്കുന്നതു കണ്ടു. ശതാധിപന്‍ ഞങ്ങളെ അതില്‍ക്കയറ്റി.
7: ഞങ്ങള്‍ കുറച്ചധികം ദിവസം മന്ദഗതിയില്‍ യാത്രചെയ്ത്, വളരെ പ്രയാസപ്പെട്ട്, ക്നീദോസിന് എതിരേയെത്തി. മുന്നോട്ടുപോകാന്‍ കാറ്റ് അനുവദിക്കായ്കയാല്‍ സല്‍മോനെയുടെ എതിര്‍വശത്തുകൂടെ ക്രേത്തേയുടെ തീരംചേര്‍ന്നു നീങ്ങി.
8: അതിനു സമീപത്തിലൂടെ ദുര്‍ഘടയാത്രയെത്തുടര്‍ന്ന് ശുഭതുറമുഖങ്ങള്‍ എന്നു പേരുള്ള സ്ഥലത്തെത്തി. ലാസായിയാ പട്ടണം അതിനു സമീപമാണ്.
9: സമയം വളരെയേറെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഉപവാസകാലം അവസാനിക്കുകയും ചെയ്തു. അപ്പോള്‍ യാത്രചെയ്യുക അപകടപൂര്‍ണ്ണവുമായിരുന്നു. അതിനാല്‍, പൗലോസ് അവരോടിങ്ങനെ ഉപദേശിച്ചു: 
10: മാന്യരേ, നമ്മുടെ ഈ കപ്പല്‍യാത്ര കപ്പലിനും ചരക്കിനുംമാത്രമല്ല നമ്മുടെ ജീവനുതന്നെയും നഷ്ടവും അപകടവുംവരുത്തുമെന്നു ഞാന്‍ കാണുന്നു.
11: എന്നാല്‍, ശതാധിപന്‍ പൗലോസിന്റെ വാക്കുകളെയല്ല, കപ്പിത്താനെയും കപ്പലുടമയെയുമാണ് അനുസരിച്ചത്.
12: ആ തുറമുഖം ശൈത്യകാലം ചെലവഴിക്കാന്‍ പറ്റിയതല്ലാത്തതിനാല്‍ അവിടെനിന്നു പുറപ്പെട്ട്, കഴിയുമെങ്കില്‍ ഫേനിക്സിലെത്തി, ശൈത്യകാലം അവിടെ കഴിക്കണമെന്നു മിക്കവരും അഭിപ്രായപ്പെട്ടു. ക്രേത്തേയിലെ ഈ തുറമുഖത്തിന്റെ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങള്‍ കടലിലേക്കു തുറന്നുകിടന്നിരുന്നു.

കൊടുങ്കാറ്റും കപ്പല്‍നാശവും
13: തെക്കന്‍കാറ്റ്, മന്ദമായി വീശിത്തുടങ്ങിയപ്പോള്‍ തങ്ങളുടെ ഉദ്ദേശ്യം സാധിതപ്രായമായി എന്ന ചിന്തയോടെ അവര്‍ നങ്കൂരമുയര്‍ത്തി, ക്രേത്തേയുടെ തീരംചേര്‍ന്നു യാത്ര തുടര്‍ന്നു.
14: എന്നാല്‍, പൊടുന്നനേ വടക്കുകിഴക്കന്‍ എന്നു വിളിക്കപ്പെടുന്ന കൊടുങ്കാറ്റ്, കരയില്‍നിന്ന് ആഞ്ഞടിച്ചു. കപ്പല്‍, കൊടുങ്കാറ്റിലകപ്പെട്ടു.
15: കാറ്റിനെ എതിര്‍ത്തുനില്ക്കാന്‍ അതിനുകഴിഞ്ഞില്ല. അതിനാല്‍, ഞങ്ങള്‍ കാറ്റിനുവഴങ്ങി, അതിന്റെ വഴിക്കുതന്നെ പോയി.
16: ക്ലെവ്ദാ എന്നു വിളിക്കപ്പെടുന്ന ദ്വീപിന്റെ അരികുചേര്‍ത്തു കപ്പലോടിക്കുമ്പോള്‍ കപ്പലിനോടു ബന്ധിച്ചിരുന്ന തോണി വളരെ പ്രയാസപ്പെട്ടാണ് നിയന്ത്രണാധീനമാക്കിയത്.
17: അവര്‍ അതെടുത്തുയര്‍ത്തി, കപ്പലിനോടു ചേര്‍ത്തു കെട്ടിയുറപ്പിച്ചു. പിന്നെ, സിര്‍ത്തിസ് തീരത്ത്, ആഴംകുറഞ്ഞ സ്ഥലങ്ങളില്‍ കപ്പല്‍ ഉറച്ചുപോകുമോ എന്നു ഭയപ്പെട്ടു കപ്പല്‍പ്പായ്കള്‍ താഴ്ത്തി. കാറ്റിന്റെവഴിക്കു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നു.
18: വലിയ കൊടുങ്കാറ്റില്‍പ്പെട്ടു കപ്പല്‍ ആടിയുലഞ്ഞതിനാല്‍, അടുത്തദിവസം അവര്‍ ചരക്കുകള്‍ കടലിലെറിയാന്‍തുടങ്ങി.
19: മൂന്നാംദിവസം അവര്‍ സ്വന്തം കൈകൊണ്ടു കപ്പല്‍പ്പായ്കളും വലിച്ചെറിഞ്ഞു.
20: വളരെ ദിവസങ്ങളായി സൂര്യനോ നക്ഷത്രങ്ങളോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരുന്നതിനാല്‍ രക്ഷപ്പെടാമെന്ന ആശതന്നെ ഞങ്ങള്‍ കൈവെടിഞ്ഞു.
21: പലദിവസങ്ങള്‍ ഭക്ഷണമില്ലാതെ കഴിയേണ്ടിവന്നപ്പോള്‍ പൗലോസ് അവരുടെ മദ്ധ്യേനിന്നു പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കേണ്ടതായിരുന്നു. ക്രേത്തേയില്‍നിന്നു യാത്രതിരിക്കുകയേ അരുതായിരുന്നു. എങ്കില്‍, ഈ നാശങ്ങള്‍ സംഭവിക്കുമായിരുന്നില്ല.
22: എന്നാല്‍, ഇപ്പോള്‍ ധൈര്യമായിരിക്കണമെന്നു നിങ്ങളോടു ഞാനുപദേശിക്കുന്നു. കപ്പല്‍ തകര്‍ന്നുപോകുമെന്നല്ലാതെ നിങ്ങള്‍ക്കാര്‍ക്കും ജീവഹാനി സംഭവിക്കുകയില്ല.
23: എന്തെന്നാല്‍, ഞാന്‍ ആരാധിക്കുന്നവനും എന്റെ ഉടയവനുമായ ദൈവത്തിന്റെ ഒരു ദൂതന്‍ ഇക്കഴിഞ്ഞരാത്രി എനിക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു:
24: പൗലോസ്, നീ ഭയപ്പെടേണ്ടാ, സീസറിന്റെ മുമ്പില്‍ നീ നില്ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം യാത്രചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു.
25: അതിനാല്‍, ജനങ്ങളേ, നിങ്ങള്‍ ധൈര്യമായിരിക്കുവിന്‍. എന്നോടു പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കുമെന്ന് എന്റെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
26: ഒരു ദ്വീപില്‍ നാം ചെന്നുപറ്റും.
27: പതിന്നാലാമത്തെ രാത്രി അദ്രിയാക്കടലിലൂടെ ഞങ്ങള്‍ ഒഴുകിനീങ്ങുകയായിരുന്നു. ഏകദേശം അര്‍ദ്ധരാത്രിയായതോടെ, തങ്ങള്‍ കരയെ സമീപിക്കുകയാണെന്നു നാവികര്‍ക്കു തോന്നി. അവര്‍ ആഴം അളന്നുനോക്കിയപ്പോള്‍ ഇരുപതാള്‍ താഴ്ചയുണ്ടെന്നു കണ്ടു.
28: കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ വീണ്ടും അളന്നുനോക്കി. അപ്പോള്‍ പതിനഞ്ചാള്‍ താഴ്ചയേ ഉണ്ടായിരുന്നുള്ളു.
29: കപ്പല്‍ പാറക്കെട്ടില്‍ച്ചെന്ന് ഇടിച്ചെങ്കിലോ എന്നുഭയന്ന്, അവര്‍ അമരത്തുനിന്നു നാലു നങ്കൂരങ്ങള്‍ ഇറക്കിയിട്ട് പ്രഭാതമാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
30: നാവികര്‍ കപ്പലില്‍നിന്നു രക്ഷപെടാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍, കപ്പലിന്റെ അണിയത്തുനിന്നു നങ്കൂരമിറക്കാനെന്നവ്യാജേന തോണി കടലിലിറക്കി.
31: പൗലോസ് ശതാധിപനോടും ഭടന്മാരോടുമായിപ്പറഞ്ഞു: ഈ ആളുകള്‍ കപ്പലില്‍ത്തന്നെ നിന്നില്ലെങ്കില്‍ ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയില്ല.
32: അപ്പോള്‍ ഭടന്മാര്‍ തോണിയുടെ കയറു ഛേദിച്ച്, അതു കടലിലേക്കു തള്ളി.
33: പ്രഭാതമാകാറായപ്പോള്‍, ഭക്ഷണംകഴിക്കാന്‍ പൗലോസ് എല്ലാവരെയും പ്രേരിപ്പിച്ചു. അവന്‍ പറഞ്ഞു: നിങ്ങള്‍ ഉത്കണ്ഠാകുലരായി ഒന്നും ഭക്ഷിക്കാതെ കഴിയാന്‍തുടങ്ങിയിട്ട് പതിനാലു ദിവസമായല്ലോ.
34: അതിനാല്‍, വല്ലതും ഭക്ഷിക്കാന്‍ നിങ്ങളോടു ഞാനഭ്യര്‍ത്ഥിക്കുന്നു. അതു നിങ്ങള്‍ക്കു ശക്തിപകരും. നിങ്ങളിലാരുടെയും ഒരു തലമുടിപോലും നശിക്കുകയില്ല.
35: ഇതു പറഞ്ഞിട്ട്, അവന്‍ എല്ലാവരുടെയുംമുമ്പാകെ അപ്പമെടുത്ത്, ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട്, മുറിച്ചുഭക്ഷിക്കാന്‍തുടങ്ങി.
36: അവര്‍ക്കെല്ലാം ഉന്മേഷമുണ്ടായി. അവരും ഭക്ഷണംകഴിച്ചു.
37: കപ്പലില്‍ ഞങ്ങള്‍ ആകെ ഇരുന്നൂറ്റിയെഴുപത്താറുപേര്‍ ഉണ്ടായിരുന്നു.
38: അവര്‍ മതിയാവോളം ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഗോതമ്പു കടലിലേക്കെറിഞ്ഞ്, കപ്പലിനു ഭാരം കുറച്ചു.
39: പ്രഭാതമായപ്പോള്‍ അവര്‍ സ്ഥലം തിരിച്ചറിഞ്ഞില്ലെങ്കിലും മണല്‍ത്തിട്ടകളോടുകൂടിയ ഒരുള്‍ക്കടല്‍ കണ്ടു. കഴിയുമെങ്കില്‍ അവിടെ കപ്പലടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു.
40: അവര്‍ നങ്കൂരങ്ങളറുത്തു കടലില്‍തള്ളി. ചുക്കാന്‍ ബന്ധിച്ചിരുന്ന കയറുകളും അയച്ചു. കാറ്റിനനുസരിച്ചു പായ് ഉയര്‍ത്തിക്കെട്ടി, തീരത്തേക്കു നീങ്ങി.
41: മുമ്പോട്ടു നീങ്ങിയ കപ്പല്‍, തള്ളിനിന്ന തിട്ടയില്‍ ചെന്നുറച്ചു. കപ്പലിന്റെ അണിയം, മണ്ണില്‍പ്പുതഞ്ഞു ചലനരഹിതമായി. അമരം തിരമാലയില്‍പ്പെട്ടു തകര്‍ന്നുപോയി.
42: തടവുകാര്‍ നീന്തി രക്ഷപ്പെടാതിരിക്കാന്‍ അവരെ കൊന്നുകളയണമെന്നായിരുന്നു ഭടന്മാരുടെ തീരുമാനം.
43: പൗലോസിനെ രക്ഷിക്കണമെന്നാഗ്രഹിച്ച ശതാധിപന്‍ ആ ഉദ്യമത്തില്‍നിന്ന് അവരെ തടഞ്ഞു. നീന്തല്‍ വശമുള്ളവരെല്ലാം ആദ്യം കപ്പലില്‍നിന്നു ചാടിയും
44: മറ്റുള്ളവര്‍ പലകകളിലോ കപ്പലിന്റെ കഷണങ്ങളിലോ പിടിച്ചും നീന്തി, കരപറ്റാന്‍ അവനാജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിലെത്തി.

അദ്ധ്യായം 28 


മാള്‍ട്ടായില്‍
1: ഞങ്ങള്‍ രക്ഷപ്പെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ്, അതെന്നു മനസ്സിലാക്കി.
2: അപരിചിതരെങ്കിലും സ്ഥലവാസികള്‍ ഞങ്ങളോട് അസാധാരണമായ കാരുണ്യംകാണിച്ചു. മഴക്കാലം വന്നുചേര്‍ന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവര്‍ തീകൂട്ടി ഞങ്ങളെ സ്വാഗതം ചെയ്തു.
3: പൗലോസ് കുറേ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടു. അപ്പോള്‍ ഒരണലിപ്പാമ്പ്, ചൂടേറ്റു പുറത്തുചാടി, അവന്റെ കൈയില്‍ച്ചുറ്റി.
4: പാമ്പ് അവന്റെ കൈയില്‍ തൂങ്ങിക്കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പരസ്പരം പറഞ്ഞു: ഈ മനുഷ്യന്‍ ഒരു കൊലപാതകിയാണെന്നതിനു സംശയമില്ല. അവന്‍ കടലില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ജീവിക്കാന്‍ നീതി അവനെ അനുവദിക്കുന്നില്ല.
5: അവന്‍ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു; അവന് അപകടമൊന്നും സംഭവിച്ചുമില്ല.
6: അവന്‍ നീരുവന്നു വീര്‍ക്കുകയോ പെട്ടെന്നു വീണുമരിക്കുകയോചെയ്യുമെന്ന് അവര്‍ വിചാരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും അവന് അത്യാഹിതമൊന്നും സംഭവിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ അഭിപ്രായംമാറ്റുകയും അവന്‍ ഒരു ദേവനാണെന്നു പറയുകയും ചെയ്തു.
7: ദ്വീപിലെ പ്രമാണിയായ പുബ്ലിയൂസിന് ആ സ്ഥലത്തിനടുത്തുതന്നെ കുറേ ഭൂമിയുണ്ടായിരുന്നു. അവന്‍ ഞങ്ങളെ സ്വീകരിച്ച്, മൂന്നുദിവസത്തേക്ക് ആതിത്ഥ്യം നല്കി.
8: പുബ്ലിയൂസിന്റെ പിതാവ്, പനിയും അതിസാരവും പിടിപെട്ടു കിടപ്പിലായിരുന്നു.
9: പൗലോസ് അവനെ സന്ദര്‍ശിച്ചുപ്രാര്‍ത്ഥിക്കുകയും അവന്റെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുകയുംചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന്, ദ്വീപിലുണ്ടായിരുന്ന മറ്റുരോഗികളും അവന്റെയടുക്കല്‍വന്നു സുഖംപ്രാപിച്ചുകൊണ്ടിരുന്നു.
10: അവര്‍ ഞങ്ങളെ വളരെയേറെ ബഹുമാനിച്ചു. ഞങ്ങള്‍ കപ്പല്‍യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കാവശ്യമുള്ളതെല്ലാം അവര്‍ കൊണ്ടുവന്നു തന്നു.

റോമായില്‍
11: മൂന്നുമാസത്തിനുശേഷം, ആ ദ്വീപില്‍ ശൈത്യകാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അലക്സാണ്ഡ്രിയന്‍ കപ്പലില്‍ക്കയറി ഞങ്ങള്‍ യാത്രപുറപ്പെട്ടു.
12: ഞങ്ങള്‍ സിറാക്കൂസിലിറങ്ങി മൂന്നുദിവസം താമസിച്ചു.
13: അവിടെനിന്നു തീരംചുറ്റി റേജിയും എന്ന സ്ഥലത്തു വന്നുചേര്‍ന്നു. ഒരു ദിവസംകഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍ രണ്ടാംദിവസം ഞങ്ങള്‍ പുത്തെയോളിലെത്തി.
14: അവിടെ ഞങ്ങള്‍ ചില സഹോദരരെ കണ്ടു. ഒരാഴ്ച തങ്ങളോടൊപ്പം താമസിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു.
15: അവിടെയുള്ള സഹോദരര്‍ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കുവാന്‍ ആപ്പിയൂസ്പുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെക്കണ്ടപ്പോള്‍ പൗലോസ് ദൈവത്തിനു നന്ദിപറയുകയും ധൈര്യമാര്‍ജ്ജിക്കുകയും ചെയ്തു.
16: ഞങ്ങള്‍ റോമാപട്ടണത്തില്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.

യഹൂദരോടു പ്രസംഗിക്കുന്നു
17: മൂന്നുദിവസംകഴിഞ്ഞശേഷം, സ്ഥലത്തെ യഹൂദനേതാക്കന്മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവനവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍വച്ചു തടവുകാരനായി റോമാക്കാരുടെ കൈകളിലേല്പിക്കപ്പെട്ടു.
18: അവര്‍ വിചാരണചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതുകൊണ്ട് എന്നെ മോചിപ്പിക്കാനാഗ്രഹിച്ചു.
19: എന്നാല്‍, യഹൂദര്‍ എതിര്‍ത്തു. തന്മൂലം, എന്റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്റെമുമ്പാകെ ഉപരിവിചാരണയ്ക്കപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.
20: ഇക്കാരണത്താല്‍ത്തന്നെയാണ് നിങ്ങളെക്കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായേലിന്റെ പ്രത്യാശയെപ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്.
21: അവര്‍ അവനോടു പറഞ്ഞു: നിന്നെക്കുറിച്ച്‌, യൂദയായില്‍നിന്നു ഞങ്ങള്‍ക്കു കത്തൊന്നും ലഭിച്ചിട്ടില്ല. ഇവിടെവന്ന സഹോദരരിലാരും നിനക്കെതിരായി വിവരംതരുകയോ നിന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്തിട്ടുമില്ല.
22: എന്നാല്‍, നിന്റെ അഭിപ്രായങ്ങളെന്തെല്ലാമാണെന്നു നിന്നില്‍നിന്നുതന്നെ കേള്‍ക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഇതു ഞങ്ങള്‍ക്കറിയാം, ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകള്‍ എതിര്‍ത്തു സംസാരിക്കുന്നുണ്ട്.
23: അവനുമായി സംസാരിക്കാന്‍ അവര്‍ ഒരു ദിവസം നിശ്ചയിച്ചു. അന്ന് നിരവധിയാളുകള്‍ അവന്റെ വാസസ്ഥലത്തു വന്നുകൂടി. രാവിലെമുതല്‍ സന്ധ്യവരെ അവന്‍ മോശയുടെ നിയമത്തെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കി, യേശുവിനെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ദൈവരാജ്യത്തെക്കുറിച്ചു പരസ്യമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
24: അവന്‍ പറഞ്ഞതു ചിലര്‍ക്കു ബോദ്ധ്യപ്പെട്ടു. മറ്റുചിലര്‍ അവിശ്വസിച്ചു.
25: അവര്‍ പരസ്പരം അഭിപ്രായവ്യത്യാസത്തോടെ പിരിഞ്ഞുപോകുമ്പോള്‍, പൗലോസ് ഇങ്ങനെ പറഞ്ഞു: പ്രവാചകനായ ഏശയ്യായിലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിട്ടുള്ളതു ശരിയാണ്;
26: നീ പോയി ഈ ജനത്തോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല.
27: അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാനവരെ സുഖപ്പെടുത്തുകയുംചെയ്യുക അസാദ്ധ്യം. അത്രയ്ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
28: അതിനാല്‍, നിങ്ങള്‍ ഇതറിഞ്ഞുകൊള്ളുവിന്‍,
29: ദൈവത്തില്‍നിന്നുളള ഈ രക്ഷ, വിജാതീയരുടെ പക്കലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ കേള്‍ക്കുകയും ചെയ്യും.
30: അവന്‍ സ്വന്തംചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷംമുഴുവന്‍ അവിടെ താമസിച്ചു. തന്നെസമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതംചെയ്തിരുന്നു.
31: അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു നിര്‍ബ്ബാധം, ധൈര്യപൂര്‍വം പഠിപ്പിക്കുകയുംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ