മുന്നൂറ്റിപ്പതിമൂന്നാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 4 - 6


അദ്ധ്യായം 4


പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍
1: അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദേവാലയസേനാധിപനും സദുക്കായരും അവര്‍ക്കെതിരേചെന്നു.
2: അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയുംചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍ വളരെ അസ്വസ്ഥരായിരുന്നു.
3: അവര്‍, അവരെപ്പിടികൂടി, സന്ധ്യയായതുകൊണ്ട്, അടുത്തദിവസംവരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു.
4: അവരുടെ വചനംകേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.
5: പിറ്റേദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമില്‍ സമ്മേളിച്ചു.
6: പ്രധാനപുരോഹിതന്‍ അന്നാസും കയ്യാഫാസും യോഹന്നാനും അലക്സാണ്ടറും പ്രധാനപുരോഹിതന്റെ കുലത്തില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.
7: അപ്പസ്‌തോലന്മാരെ അവര്‍ തങ്ങളുടെ മദ്ധ്യത്തില്‍ നിറുത്തി, ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെനാമത്തിലാണ് നിങ്ങളിതു പ്രവര്‍ത്തിച്ചത്?
8: അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, പത്രോസ് അവരോടു പറഞ്ഞു:
9: ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തുമാര്‍ഗ്ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണചെയ്യപ്പെടുന്നതെങ്കില്‍,
10: നിങ്ങളും ഇസ്രായേല്‍ജനംമുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ത്തറച്ചുകൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയുംചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖംപ്രാപിച്ച്, നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നത്.
11: വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്, മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല.
12: ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.
13: പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യംകാണുകയും അവര്‍ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്സിലാക്കുകയുംചെയ്തപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാണെന്ന് ഗ്രഹിക്കുകയുംചെയ്തു.
14: എന്നാല്‍, സുഖംപ്രാപിച്ച മനുഷ്യന്‍ അവരുടെ സമീപത്തുനില്ക്കുന്നതു കണ്ടതിനാല്‍ എന്തെങ്കിലും എതിര്‍ത്തുപറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
15: അതുകൊണ്ട്, സംഘത്തില്‍നിന്നു പുറത്തുപോകാന്‍ അവരോട് കല്പിച്ചതിനുശേഷം അവര്‍ പരസ്പരം ആലോചിച്ചു.
16: ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവര്‍വഴി ശ്രദ്ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെംനിവാസികള്‍ക്കെല്ലാം വ്യക്തമായറിയാം. അതു നിഷേധിക്കാന്‍ നമുക്കു സാദ്ധ്യമല്ല.
17: എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്കവരെ താക്കീതുചെയ്യാം.
18: അവര്‍ അവരെ വിളിച്ച്, യേശുവിന്റെ നാമത്തില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്പിച്ചു.
19: പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍.
20: എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്ത കാര്യങ്ങളെക്കുറിച്ചു സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാദ്ധ്യമല്ല.
21: അവര്‍ അവരെ കൂടുതല്‍ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല. കാരണം, ജനത്തെ അവര്‍ ഭയപ്പെട്ടു. എന്തെന്നാല്‍, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
22: അദ്ഭുതകരമായ രോഗശാന്തിലഭിച്ച മനുഷ്യനു നാല്പതിലേറെ വയസ്സുണ്ടായിരുന്നു.

വിശ്വാസികള്‍ ധൈര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു
23: മോചിതരായ അവര്‍ സ്വസമൂഹത്തിലെത്തി, പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങള്‍ അവരെയറിയിച്ചു.
24: അതുകേട്ടപ്പോള്‍ അവര്‍ ഏകമനസ്സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ,
25: ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവുമുഖേന അവിടുന്നിപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ത്ഥമായകാര്യങ്ങള്‍ വിഭാവനംചെയ്തതുമെന്തിന്?
26: കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുകയും അധികാരികള്‍ ഒരുമിച്ചുകൂടുകയുംചെയ്തു.
27: അവിടുന്നഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി.
28: അവിടുത്തെ ശക്തിയും ഹിതവുമനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ നിറവേറുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരംചെയ്തത്.
29: അതിനാല്‍, കര്‍ത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ.
30: അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണ്ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെയനുഗ്രഹിക്കണമേ.
31: പ്രാര്‍ത്ഥനകഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വ്വം പ്രസംഗിച്ചു.

വിശ്വാസികളുടെ കൂട്ടായ്മ
32: വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്നവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.
33: അപ്പസ്‌തോലന്മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയശക്തിയോടെ സാക്ഷ്യംനല്കി. അവരെല്ലാവരുടെയുംമേല്‍ കൃപാവരം സമൃദ്ധമായുണ്ടായിരുന്നു.
34: അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരുമുണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക അപ്പസ്‌തോലന്മാരുടെ കാല്ക്കലര്‍പ്പിച്ചു.
35: അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ചു വിതരണംചെയ്യപ്പെട്ടു.
36: ബാര്‍ണബാസ് എന്ന അപരനാമത്താല്‍ അപ്പസ്‌തോലന്മാര്‍ വിളിച്ചിരുന്നവനും - ഈ വാക്കിന്റെ അര്‍ത്ഥം ആശ്വാസപുത്രന്‍ എന്നാണ് - സൈപ്രസ്സ്വദേശിയും ലേവായനുമായ ജോസഫ്,
37: തന്റെ വയല്‍ വിറ്റുകിട്ടിയ പണം അപ്പസ്‌തോലന്മാരുടെ കാല്ക്കലര്‍പ്പിച്ചു.

അദ്ധ്യായം 5 


അനനിയാസും സഫീറായും
1: അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.
2: വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി, അപ്പസ്‌തോലന്മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.
3: പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താന്‍ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?
4: പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റുകിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തിചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞതു മനുഷ്യനോടല്ല ദൈവത്തോടാണ്.
5: ഈ വാക്കുകേട്ട ഉടനെ, അനനിയാസ് നിലത്തുവീണു മരിച്ചു. ഇതുകേട്ടവരെല്ലാം ഭയവിഹ്വലരായി.
6: ചെറുപ്പക്കാര്‍ അവനെ വസ്ത്രത്തില്‍പ്പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്‌കരിച്ചു.
7: ഏകദേശം മൂന്നുമണിക്കൂര്‍കഴിഞ്ഞ്, അവന്റെ ഭാര്യയും വന്നു. നടന്നതൊന്നും അവളറിഞ്ഞിരുന്നില്ല.
8: പത്രോസ് അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങള്‍ പറമ്പുവിറ്റതെന്ന് എന്നോടു പറയുക. അവള്‍ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ.
9: അപ്പോള്‍ പത്രോസ് പറഞ്ഞു: കര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്? ഇതാ, നിന്റെ ഭര്‍ത്താവിനെ സംസ്കരിച്ചവരുടെ കാലൊച്ച വാതിലിനു പുറത്തു കേള്‍ക്കാം. അവര്‍ നിന്നെയും കൊണ്ടുപോകും.
10: തത്ക്ഷണം അവള്‍ അവന്റെ കാല്ക്കല്‍ മരിച്ചുവീണു. ചെറുപ്പക്കാര്‍ അകത്തു പ്രവേശിച്ചപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെ എടുത്തുകൊണ്ടുപോയി, ഭര്‍ത്താവിനു സമീപം സംസ്‌കരിച്ചു.
11: സഭ മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയഭയമുണ്ടായി.

അദ്ഭുതങ്ങളും അടയാളങ്ങളും
12: അപ്പസ്‌തോലന്മാരുടെ കരങ്ങള്‍വഴി, ജനമദ്ധ്യത്തില്‍ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഏകമനസ്സോടെ സോളമന്റെ മണ്ഡപത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു.
13: മറ്റുള്ളവരില്‍ ആരുംതന്നെ അവരോടുചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു.
14: കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
15: അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന്, കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനുംപേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
16: അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട്, ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.

കാരാഗൃഹത്തില്‍നിന്നു മോചനം
17: എന്നാല്‍, പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയനിറഞ്ഞ്,
18: അപ്പസ്‌തോലന്മാരെ പിടിച്ചു ബന്ധിച്ച്, പൊതുകാരാഗൃഹത്തിലടച്ചു.
19: രാത്രി, കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന്, അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:
20: നിങ്ങള്‍ ദേവാലയത്തില്‍ച്ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍.

സംഘത്തിന്റെ മുമ്പില്‍
21: അവര്‍ ഇതുകേട്ട്, പ്രഭാതമായപ്പോള്‍ ദേവാലയത്തില്‍ പ്രവേശിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരന്മാരും ഒന്നിച്ചുകൂടി, ന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖന്മാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്ക്കുകയുംചെയ്തു.
22: ആ സേവകര്‍ കാരാഗൃഹത്തില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു:
23: കാരാഗൃഹത്തിന്റെ വാതിലുകള്‍ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികള്‍ കാവല്‍നില്ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല.
24: ഇതു കേട്ടപ്പോള്‍, ദേവാലയസേനാധിപനും പുരോഹിതപ്രമുഖന്മാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.
25: അപ്പോള്‍ ഒരാള്‍വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ദേവാലയത്തില്‍നിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.
26: അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗംകൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
27: അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പില്‍ നിറുത്തി. പ്രധാന പുരോഹിതന്‍ അവരോടു പറഞ്ഞു:
28: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനംകൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയുംചെയ്യുന്നു.
29: പത്രോസും അപ്പസ്‌തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍, ദൈവത്തെയാണനുസരിക്കേണ്ടത്.
30: നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു.
31: ഇസ്രായേലിന്, അനുതാപവും പാപമോചനവുംനല്കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്കുയര്‍ത്തി.
32: ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.

ഗമാലിയേല്‍ ഇടപെടുന്നു
33: ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും അപ്പസ്‌തോലന്മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു.
34: എന്നാല്‍, നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു.
35: അനന്തരം അവന്‍ പറഞ്ഞു: ഇസ്രായേല്‍ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂക്ഷിച്ചുവേണം.
36: കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍ തെവുദാസ് രംഗപ്രവേശംചെയ്തു. ഏകദേശം നാനൂറുപേര്‍ അവന്റെകൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു.
37: അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആകര്‍ഷിച്ച്, അനുയായികളാക്കി. അവനും നശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്തു.
38: അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും.
39: മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു.
40: അവര്‍ അപ്പസ്‌തോലന്മാരെ അകത്തുവിളിച്ചു പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചുപോകരുതെന്നു കല്പിച്ച്, അവരെ വിട്ടയച്ചു.
41: അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനംസഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട്, സംഘത്തിന്റെ മുമ്പില്‍നിന്നു പുറത്തുപോയി.
42: എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലുംനിന്ന് അവര്‍ വിരമിച്ചില്ല.

അദ്ധ്യായം 6 


1: ശിഷ്യരുടെ സംഖ്യ, വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. 
2: അതുകൊണ്ട്, പന്ത്രണ്ടുപേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷകാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല.
3: അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവുംകൊണ്ടു നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങളവരെ ഈ ചുമതലയേല്പിക്കാം.
4: ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.
5: അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്ധാത്മാവുംനിറഞ്ഞ സ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതംസ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു.
6: അവരെ അപ്പസ്‌തോലന്മാരുടെ മുമ്പില്‍ നിറുത്തി. അവര്‍ പ്രാര്‍ത്ഥിച്ചിട്ട്, അവരുടെമേല്‍ കൈകള്‍ വച്ചു.
7: ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ദ്ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.

സ്‌തേഫാനോസിനെ ബന്ധിക്കുന്നു
8: സ്‌തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ്, പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു.
9: കിറേനേക്കാരും അലക്സാണ്ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങളെഴുന്നേറ്റ്, സ്‌തേഫാനോസിനോടു വാദപ്രതിവാദത്തിലേര്‍പ്പെട്ടു.
10: എന്നാല്‍, അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തുനില്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
11: അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച്, ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മോശയ്ക്കും ദൈവത്തിനുമെതിരായി ദൂഷണംപറയുന്നതു ഞങ്ങള്‍ കേട്ടു.
12: അവര്‍ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്‌, ന്യായാധിപസംഘത്തിന്റെമുമ്പില്‍ കൊണ്ടുവരുകയും ചെയ്തു.
13 : കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഇവന്‍ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനുമെതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല.
14: നസറായനായ യേശു, ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയുംചെയ്യുമെന്ന് ഇവന്‍ പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു.
15: സംഘത്തിലുണ്ടായിരുന്നവര്‍ അവന്റെനേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കാണപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ