മുന്നൂറ്റിയിരുപത്തൊന്നാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 22 - 23


അദ്ധ്യായം 22


യഹൂദരോടു പ്രസംഗിക്കുന്നു
1: സഹോദരരേ, പിതാക്കന്മാരേ, നിങ്ങളോടെനിക്കു പറയാനുള്ള ന്യായവാദം കേള്‍ക്കുവിന്‍.
2: ഹെബ്രായഭാഷയില്‍ അവന്‍ തങ്ങളെ അഭിസംബോധനചെയ്യുന്നതു കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ ശാന്തരായി.
3: അവന്‍ പറഞ്ഞു: ഞാനൊരു യഹൂദനാണ്. കിലിക്യായിലെ താര്‍സോസില്‍ ജനിച്ചു. എങ്കിലും, ഈ നഗരത്തിലാണു ഞാന്‍ വളര്‍ന്നത്. ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന്, പിതാക്കന്മാരുടെ നിയമത്തില്‍ നിഷ്കൃഷ്ടമായ ശിക്ഷണം ഞാന്‍ നേടി. ഇന്ന് നിങ്ങളെല്ലാവരുമായിരിക്കുന്നതുപോലെ ഞാനും ദൈവത്തെക്കുറിച്ചു തീക്ഷ്ണത നിറഞ്ഞവനായിരുന്നു.
4: പുരുഷന്മാരെയും സ്ത്രീകളെയും ബന്ധിച്ച് കാരാഗൃഹത്തിലടച്ചുകൊണ്ട്, ഈ മാര്‍ഗ്ഗത്തെ നാമാവശേഷമാക്കത്തക്കവിധം പീഡിപ്പിച്ചവനാണു ഞാന്‍.
5: പ്രധാനാചാര്യനും ജനപ്രമാണികളുടെ സംഘം മുഴുവന്‍തന്നെയും എനിക്കു സാക്ഷികളാണ്. ദമാസ്‌ക്കസിലുള്ളവരെയും ബന്ധനത്തിലാക്കി, ജറുസലെമില്‍കൊണ്ടുവന്നു ശിക്ഷിക്കുന്നതിനുവേണ്ടി, ഞാന്‍ അവരില്‍നിന്നു സഹോദരന്മാര്‍ക്കുള്ള കത്തുകളും വാങ്ങി, അവിടേയ്ക്കു യാത്രപുറപ്പെട്ടു.

മാനസാന്തര കഥ
6: ഞാന്‍ യാത്രചെയ്ത്, മദ്ധ്യാഹ്നത്തോടെ ദമാസ്‌ക്കസിനടുത്തെത്തിയപ്പോള്‍, പെട്ടെന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു വലിയ പ്രകാശം എന്റെചുറ്റും വ്യാപിച്ചു.
7: ഞാന്‍ നിലത്തുവീണു. ഒരു സ്വരം എന്നോടിങ്ങനെ പറയുന്നതു കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്?
8: ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങാരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണു ഞാന്‍.
9: എന്റെ കൂടെയുണ്ടായിരുന്നവര്‍ പ്രകാശം കണ്ടു; എന്നാല്‍, എന്നോടു സംസാരിച്ചവന്റെ സ്വരം കേട്ടില്ല.
10: ഞാന്‍ ചോദിച്ചു: കര്‍ത്താവേ, ഞാനെന്തുചെയ്യണം? കര്‍ത്താവെന്നോടു പറഞ്ഞു: എഴുന്നേറ്റു ദമാസ്‌ക്കസിലേക്കു പോവുക. നിനക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അവിടെവച്ചു നിന്നോടു പറയും.
11: പ്രകാശത്തിന്റെ തീക്ഷ്ണതകൊണ്ട്, എനിക്ക് ഒന്നും കാണാന്‍സാധിക്കാതെവന്നപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്നവര്‍, കൈയ്ക്കു പിടിച്ച്, എന്നെ നടത്തി. അങ്ങനെ, ഞാന്‍ ദമാസ്‌ക്കസിലെത്തി.
12: അവിടെ താമസിച്ചിരുന്ന, സകല യഹൂദര്‍ക്കും സുസമ്മതനും നിയമമനുസരിക്കുന്നതില്‍ നിഷ്ഠയുള്ളവനുമായിരുന്ന അനനിയാസ് എന്ന ഒരു മനുഷ്യന്‍
13: എന്റെയടുത്തുവന്നു പറഞ്ഞു: സഹോദരനായ സാവൂള്‍, നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ. ഉടന്‍തന്നെ എനിക്കു കാഴ്ച തിരിച്ചുകിട്ടുകയും ഞാന്‍ അവനെക്കാണുകയുംചെയ്തു.
14: അവന്‍ പറഞ്ഞു: നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഹിതമറിയാനും നീതിമാനായവനെ ദര്‍ശിക്കാനും അവന്റെ അധരത്തില്‍നിന്നുള്ള സ്വരം ശ്രവിക്കാനും നിന്നെ അവിടുന്നു നിയമിച്ചിരിക്കുന്നു.
15: നീ കാണുകയും കേള്‍ക്കുകയുംചെയ്തതിനെക്കുറിച്ച്, എല്ലാ മനുഷ്യരുടെയുംമുമ്പാകെ അവനു നീ സാക്ഷിയായിരിക്കും.
16: ഇനി നീ എന്തിനു കാത്തിരിക്കുന്നു? എഴുന്നേറ്റു സ്‌നാനം സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട്, നിന്റെ പാപങ്ങള്‍ കഴുകിക്കളയുക.

വിജാതീയരുടെ അപ്പസ്‌തോലന്‍
17: ഞാന്‍ ജറുസലെമില്‍ തിരിച്ചുവന്ന്, ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, എനിക്കൊരു ദിവ്യാനുഭൂതിയുണ്ടായി.
18: കര്‍ത്താവ് എന്നോടിപ്രകാരം സംസാരിച്ചുകൊണ്ടു നില്ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു: നീ വേഗം ജറുസലെമിനു പുറത്തുകടക്കുക. കാരണം, എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവര്‍ സ്വീകരിക്കുകയില്ല.
19: ഞാന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ സിനഗോഗുകള്‍തോറുംചെന്ന്, നിന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം ബന്ധനസ്ഥരാക്കുകയും പ്രഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ക്കറിയാം.
20: നിനക്കു സാക്ഷ്യംനല്കിയ സ്‌തേഫാനോസിന്റെ രക്തംചിന്തപ്പെട്ടപ്പോള്‍ ഞാനും അടുത്തുനിന്ന്, അതംഗീകരിക്കുകയും അവന്റെ ഘാതകരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുകയും ചെയ്തു.
21: അപ്പോള്‍ അവനെന്നോടു പറഞ്ഞു: നീ പോകുക; അങ്ങുദൂരെ വിജാതീയരുടെയടുക്കലേക്കു ഞാന്‍ നിന്നെ അയയ്ക്കും.

ന്യായാസനസമക്ഷം
22: ഇത്രയും പറയുന്നതുവരെ അവര്‍ അവനെ ശ്രദ്ധിച്ചുകേട്ടിരുന്നു. പിന്നെ അവര്‍ സ്വരമുയര്‍ത്തി വിളിച്ചുപറഞ്ഞു: ഈ മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കംചെയ്യുക. അവന്‍ ജീവനോടെയിരിക്കാന്‍പാടില്ല.
23: അവര്‍ ആക്രോശിച്ചുകൊണ്ടു തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കീറുകയും അന്തരീക്ഷത്തിലേക്കു പൂഴി വാരിയെറിയുകയുംചെയ്തു.
24: അപ്പോള്‍ സഹസ്രാധിപന്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാനും എന്തുകുറ്റത്തിനാണ് അവര്‍ അവനെതിരായി ആക്രോശിക്കുന്നതെന്ന് അറിയാന്‍വേണ്ടി ചമ്മട്ടികൊണ്ടടിച്ചു തെളിവെടുക്കാനും കല്പിച്ചു.
25: അവര്‍ പൗലോസിനെ തോല്‍വാറുകൊണ്ടു ബന്ധിച്ചപ്പോള്‍ അടുത്തുനിന്ന ശതാധിപനോട് അവന്‍ ചോദിച്ചു: റോമാപ്പൗരനായ ഒരുവനെ വിചാരണചെയ്ത് കുറ്റംവിധിക്കാതെ, ചമ്മട്ടികൊണ്ടടിക്കുന്നതു നിയമാനുസൃതമാണോ?
26: ശതാധിപന്‍ ഇതുകേട്ടപ്പോള്‍ സഹസ്രാധിപനെ സമീപിച്ചു പറഞ്ഞു: അങ്ങെന്താണു ചെയ്യാനൊരുങ്ങുന്നത്? ഈ മനുഷ്യന്‍ റോമാപ്പൗരനാണല്ലോ.
27: അപ്പോള്‍ സഹസ്രാധിപന്‍ വന്ന് അവനോടു ചോദിച്ചുു: പറയൂ, നീ റോമാപ്പൗരനാണോ? അതേ എന്ന് അവന്‍ മറുപടി നല്കി.
28: സഹസ്രാധിപന്‍ പറഞ്ഞു: ഞാന്‍ ഒരു വലിയതുക കൊടുത്താണ് ഈ പൗരത്വം വാങ്ങിയത്. പൗലോസ് പറഞ്ഞു: എന്നാല്‍ ഞാന്‍ ജന്മനാ റോമാപ്പൗരനാണ്.
29: അവനെ ചോദ്യംചെയ്യാന്‍ ഒരുങ്ങിയിരുന്നവര്‍ ഉടനെ അവിടെനിന്നു പിന്‍വാങ്ങി. പൗലോസ് റോമാപ്പൗരനാണെന്നറിഞ്ഞപ്പോള്‍ അവനെ ബന്ധനസ്ഥനാക്കിയതില്‍ സഹസ്രാധിപനും ഭയപ്പെട്ടു.
30: യഹൂദന്മാര്‍ അവന്റെമേല്‍ കുറ്റാരോപണംനടത്തുന്നതിന്റെ യഥാര്‍ത്ഥകാരണം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം സഹസ്രാധിപന്‍ അവനെ മോചിപ്പിച്ചു. എല്ലാപുരോഹിതപ്രമുഖന്മാരും ആലോചനാസംഘംമുഴുവനും സമ്മേളിക്കാന്‍ അവന്‍ കല്പിച്ചു. പിന്നീട്, പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ നിറുത്തി.

അദ്ധ്യായം 23 


ആലോചനാസംഘത്തിന്റെ മുമ്പിൽ
1: പൗലോസ്, സംഘത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: സഹോദരന്മാരേ, ഇന്നേവരെ ദൈവത്തിന്റെമുമ്പില്‍ നല്ല മനസ്സാക്ഷിയോടെയാണു ഞാന്‍ ജീവിച്ചത്.
2: പ്രധാനപുരോഹിതനായ അനനിയാസ് തന്റെയടുത്തു നിന്നവരോട് അവന്റെ മുഖത്തടിക്കാന്‍ ആജ്ഞാപിച്ചു.
3: അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെയിരിക്കുന്നത്. എന്നിട്ടും നിയമവിരുദ്ധമായി പ്രഹരിക്കാന്‍ നീ കല്പിക്കുന്നുവോ?
4: അടുത്തുനിന്നവര്‍ ചോദിച്ചു: ദൈവത്തിന്റെ പ്രധാനപുരോഹിതനെ നീ അധിക്ഷേപിക്കുകയാണോ?
5: പൗലോസ് പറഞ്ഞു: സഹോദരന്മാരേ, അവന്‍ പ്രധാനപുരോഹിതനാണെന്നു ഞാനറിഞ്ഞില്ല. എന്തെന്നാല്‍, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്റെ ജനത്തിന്റെ ഭരണകര്‍ത്താവിനെ നീ ദുഷിച്ചു സംസാരിക്കരുത്.
6: സംഘത്തില്‍ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവര്‍ ഫരിസേയരുമാണെന്നു മനസ്സിലാക്കിയ പൗലോസ് ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു ഫരിസേയനും, ഫരിസേയപുത്രനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശയെസംബന്ധിച്ചാണു ഞാന്‍ വിചാരണചെയ്യപ്പെടുന്നത്.
7: അവനിതു പറഞ്ഞപ്പോള്‍ ഫരിസേയരും സദുക്കായരുംതമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും അവിടെക്കൂടിയിരുന്നവര്‍ രണ്ടുപക്ഷമായിത്തിരിയുകയും ചെയ്തു.
8: കാരണം, പുനരുത്ഥാനമോ ദൈവദൂതനോ ആത്മാവോ ഇല്ല എന്നാണു സദുക്കായര്‍ പറയുന്നത്. ഫരിസേയരാകട്ടെ ഇവയെല്ലാമുണ്ടെന്നും പറയുന്നു.
9: അവിടെ വലിയബഹളമുണ്ടായി. ഫരിസേയരില്‍പ്പെട്ട ചിലനിയമജ്ഞരെഴുന്നേറ്റ്, ഇങ്ങനെ വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവുംകാണുന്നില്ല. ഒരാത്മാവോ ദൂതനോ ഒരുപക്ഷേ ഇവനോടു സംസാരിച്ചിരിക്കാം.
10: തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍, പൗലോസിനെ അവര്‍ വലിച്ചുകീറുമോ എന്നുതന്നെ സഹസ്രാധിപന്‍ ഭയപ്പെട്ടു. അതിനാല്‍, അവരുടെ മുമ്പില്‍നിന്നു പൗലോസിനെ ബലമായിപ്പിടിച്ചു പാളയത്തിലേക്കു കൊണ്ടുപോകാന്‍ അവന്‍ ഭടന്മാരോടു കല്പിച്ചു.
11: അടുത്തരാത്രി, കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക. ജറുസലെമില്‍ എന്നെക്കുറിച്ചു നീ സാക്ഷ്യംനല്കിയതുപോലെതന്നെ, റോമായിലും സാക്ഷ്യംനല്കേണ്ടിയിരിക്കുന്നു.

യഹൂദരുടെ ഗൂഢാലോചന
12: പ്രഭാതമായപ്പോള്‍ യഹൂദര്‍ ഗൂഢാലോചന നടത്തി. പൗലോസിനെ വധിക്കുന്നതുവരെ, തങ്ങള്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് അവര്‍ ശപഥംചെയ്തു.
13: നാല്പതിലധികംപേര്‍ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്.
14: അവര്‍ പുരോഹിതപ്രമുഖന്മാരെയും ജനപ്രമാണികളെയും സമീപിച്ചുപറഞ്ഞു: ഞങ്ങള്‍ പൗലോസിനെ കൊല്ലുന്നതുവരെ ഭക്ഷണംകഴിക്കുകയില്ലെന്നു ശപഥംചെയ്തിരിക്കുകയാണ്.
15: അവനെസംബന്ധിക്കുന്ന കാര്യങ്ങള്‍, കൂടുതല്‍ സൂക്ഷ്മമായി അന്വേഷിക്കുന്നതിനെന്ന ഭാവേന അവനെ നിങ്ങളുടെയടുക്കല്‍ക്കൊണ്ടുവരാന്‍ നിങ്ങള്‍ സംഘംമുഴുവനുമൊന്നിച്ച്, സഹസ്രാധിപനോടാവശ്യപ്പെടുവിന്‍. ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അവനെക്കൊല്ലാന്‍ ഞങ്ങളൊരുങ്ങിയിരിക്കുകയാണ്.
16: പൗലോസിന്റെ സഹോദരീപുത്രന്‍ ഈ ചതിയെപ്പറ്റിക്കേട്ടു. അവന്‍ പാളയത്തില്‍ച്ചെന്ന് പൗലോസിനെക്കണ്ടു വിവരമറിയിച്ചു.
17: പൗലോസ് ഒരു ശതാധിപനെ വിളിച്ചുപറഞ്ഞു: ഈ യുവാവിനെ സഹസ്രാധിപന്റെയടുക്കല്‍ കൊണ്ടുചെല്ലുക. അവനെന്തോ പറയാനുണ്ട്.
18: അതിനാല്‍, അവന്‍, അവനെ സഹസ്രാധിപന്റെ മുമ്പില്‍ക്കൊണ്ടുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു: തടവുകാരനായ പൗലോസ് എന്നെ വിളിച്ച് ഈ ചെറുപ്പക്കാരനെ നിന്റെയടുക്കല്‍ കൊണ്ടുവരാനാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടുപോലും.
19: സഹസ്രാധിപന്‍ അവനെ കൈയ്ക്കുപിടിച്ചു മാറ്റിനിറുത്തി രഹസ്യമായി ചോദിച്ചു: എന്താണു നിനക്കു പറയാനുള്ളത്?
20: അവന്‍ പറഞ്ഞു: യഹൂദന്മാര്‍ പൗലോസിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിക്കാനെന്ന ഭാവേന അവനെ തങ്ങളുടെ ആലോചനാസംഘത്തിലേക്കു കൊണ്ടുപോകണമെന്ന് അങ്ങയോടപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
21: നീ അവര്‍ക്കു വഴങ്ങരുത്. കാരണം, അവരില്‍ നാല്പതിലേറെപ്പേര്‍ പൗലോസിനെ വധിക്കാതെ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഇല്ലെന്നു വ്രതമെടുത്തുകൊണ്ട്, അവനെ ആക്രമിക്കാന്‍ പതിയിരിക്കുന്നുണ്ട്. നിന്നില്‍നിന്ന് അനുവാദംലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അവര്‍ ഒരുങ്ങിയിരിക്കുകയാണ്.
22: ഇക്കാര്യം നീ എന്നെ അറിയിച്ചുവെന്ന് ആരോടും പറയരുതെന്നു നിര്‍ദ്ദേശിച്ച്, സഹസ്രാധിപന്‍ അവനെപ്പറഞ്ഞയച്ചു.

ഫെലിക്‌സിന്റെയടുത്തേക്ക്
23: പിന്നെ അവന്‍ രണ്ടു ശതാധിപന്മാരെ വിളിച്ച്, ആജ്ഞാപിച്ചു: രാത്രിയുടെ മൂന്നാം മണിക്കൂറില്‍ കേസറിയാവരെ പോകാനായി ഇരുന്നൂറു ഭടന്മാരെയും എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു ശൂലധാരികളെയും ഒരുക്കിനിറുത്തുക.
24: പൗലോസിനു യാത്രചെയ്യാനുള്ള കുതിരകളെയും തയ്യാറാക്കുക. അവനെ ദേശാധിപതിയായ ഫെലിക്സിന്റെയടുക്കല്‍ സുരക്ഷിതമായി എത്തിക്കണം.
25: അവന്‍ ഇങ്ങനെ ഒരു കത്തും എഴുതി:
26: അഭിവന്ദ്യനായ ദേശാധിപതി ഫെലിക്സിന് ക്ലാവൂദിയൂസ് ലീസിയാസിന്റെ അഭിവാദനങ്ങള്‍!
27: ഈ മനുഷ്യനെ യഹൂദന്മാര്‍ പിടിച്ചു ബന്ധിച്ചു. ഇവനെക്കൊല്ലാന്‍ അവരൊരുമ്പെട്ടപ്പോള്‍ ഇവന്‍ റോമാപ്പൗരനാണെന്നറിഞ്ഞ്, ഞാന്‍ ഭടന്മാരോടുകൂടെച്ചെന്ന് ഇവനെ രക്ഷിച്ചു.
28: ഇവന്റെമേലുള്ള ആരോപണമെന്താണെന്ന്, സൂക്ഷ്മമായി അറിയണമെന്നാഗ്രഹിച്ച്, ഞാനിവനെ അവരുടെ ആലോചനാ സംഘത്തില്‍ കൊണ്ടുചെന്നു.
29: ഇവന്റെ പേരിലുള്ള ആരോപണം, അവരുടെ നിയമങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണെന്നു ഞാന്‍ മനസ്സിലാക്കി. എന്നാല്‍, വധമോ കാരാഗൃഹമോ അര്‍ഹിക്കുന്ന ഒരാരോപണവുമുണ്ടായിരുന്നില്ല.
30: ഇവനെതിരേ ഗൂഢാലോചനയുണ്ടെന്നറിഞ്ഞ് ഉടന്‍തന്നെ ഞാന്‍ നിന്റെയടുക്കലേക്ക് ഇവനെ അയയ്ക്കുകയാണ്. ഇവനെതിരായുള്ള ആരോപണങ്ങള്‍ നിന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരോടു ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
31: അങ്ങനെ കല്പനയനുസരിച്ച്, ഭടന്മാര്‍ പൗലോസിനെ രാത്രിതന്നെ അന്തിപ്പാത്രിസിലേക്കു കൊണ്ടുപോയി.
32: പ്രഭാതമായപ്പോള്‍ അവനോടൊന്നിച്ചു പോകാന്‍ കുതിരപ്പടയാളികളെ നിയോഗിച്ചിട്ട്, ഭടന്മാര്‍ പാളയത്തിലേക്കു മടങ്ങി.
33: അവര്‍ കേസറിയായിലെത്തി, കത്ത്, ദേശാധിപതിയെ ഏല്പിക്കുകയും പൗലോസിനെ അവന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു.
34: കത്തു വായിച്ചതിനുശേഷം, അവന്‍ ഏതു പ്രവിശ്യയില്‍പ്പെട്ടവനാണെന്ന് അവന്‍ ചോദിച്ചു.
35: കിലിക്യാക്കാരനാണെന്നറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: പരാതിക്കാര്‍ വരുമ്പോള്‍ ഞാന്‍ നിന്നെ വിസ്തരിക്കാം. ഹേറോദേസിന്റെ പ്രത്തോറിയത്തില്‍ അവനെ സൂക്ഷിക്കാന്‍ അവനാജ്ഞാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ