മുന്നൂറ്റിമുപ്പത്തിയെട്ടാം ദിവസം: ഗലാത്തിയാ 4 - 6


അദ്ധ്യായം 4

    
    1: ഇതാണു ഞാന്‍ വിവക്ഷിക്കുന്നത്: പിന്തുടര്‍ച്ചാവകാശി വസ്തുവിന്റെ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയില്‍നിന്നു വിഭിന്നനല്ല.
    2: പിതാവു നിശ്ചയിച്ച കാലാവധിവരെ, അവന്‍ രക്ഷാകര്‍ത്താക്കളുടെയും കാര്യസ്ഥന്മാരുടെയും സംരക്ഷണത്തിലായിരിക്കും.
    3: നമ്മുടെ കാര്യവും ഇതുപോലെതന്നെ; നമ്മള്‍ ശിശുക്കളായിരുന്നപ്പോള്‍ പ്രകൃതിയുടെ ശക്തികള്‍ക്ക് അടിമപ്പെട്ടിരുന്നു.
    4: എന്നാല്‍, കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിനധീനനായി ജനിച്ചു.
    5: അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന്, അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി.
    6: നിങ്ങള്‍ മക്കളായതുകൊണ്ട്, ആബ്ബാ! -പിതാവേ! - എന്നു വിളിക്കുന്ന, തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്കയച്ചിരിക്കുന്നു.
    7: ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്. 

    ഗലാത്തിയരെക്കുറിച്ചു വ്യഗ്രത
    8: ദൈവത്തെയറിയാതിരുന്ന അന്ന്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു.
    9: എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെയറിയുന്നു; അതിലുപരി ദൈവം നിങ്ങളെയറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെയടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍, നിങ്ങള്‍ക്കെങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടെ അവയുടെ സേവകരാകാന്‍ നിങ്ങളിച്ഛിക്കുന്നുവോ?
    10: നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!
    11: നിങ്ങളുടെയിടയില്‍ ഞാനദ്ധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു.
    12: സഹോദരരേ, ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ എന്നെപ്പോലെയാകുവിന്‍. ഞാന്‍തന്നെയും നിങ്ങളെപ്പോലെയാണല്ലോ. നിങ്ങള്‍ എന്നോടു യാതൊരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല.
    13: ഞാനാദ്യമേ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചത്, എനിക്കു ശാരീരികാസ്വാസ്ഥ്യമുള്ള അവസരത്തിലാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
    14: എന്റെ ശരീരസ്ഥിതി, നിങ്ങള്‍ക്കൊരു പരീക്ഷയായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്തില്ല. മറിച്ച്, എന്നെ ഒരു ദൈവദൂതനെപ്പോലെ, യേശുക്രിസ്തുവിനെപ്പോലെതന്നെ, നിങ്ങള്‍ സ്വീകരിച്ചു.
    15: നിങ്ങളുടെ ആ സന്തോഷം ഇന്നെവിടെ? സാധിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണുകള്‍പോലും ചൂഴ്‌ന്നെടുത്തു തരുമായിരുന്നെന്ന് എനിക്കു ബോദ്ധ്യമുണ്ട്.
    16: അങ്ങനെയിരിക്കേ, നിങ്ങളോടു സത്യം തുറന്നുപറഞ്ഞതുകൊണ്ട് ഞാന്‍ നിങ്ങളുടെ ശത്രുവായെന്നോ?
    17: അവര്‍ നിങ്ങളില്‍ താത്പര്യംകാണിക്കുന്നത് സദുദ്ദേശ്യത്തോടെയല്ല; മറിച്ച്, നിങ്ങള്‍ അവരില്‍ താത്പര്യംകാണിക്കേണ്ടതിന്, നിങ്ങളെ ഒറ്റപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.
    18: നല്ല കാര്യത്തില്‍ താത്പര്യംകാണിക്കുന്നത്, ഞാന്‍ നിങ്ങളോടൊത്തുണ്ടായിരിക്കുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും നല്ലതുതന്നെ.
    19: എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു.
    20: ഇപ്പോള്‍ നിങ്ങളുടെയിടയില്‍ സന്നിഹിതനായിരിക്കാനും എന്റെ സംസാരരീതിതന്നെ മാറ്റാനും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. എന്തെന്നാല്‍, നിങ്ങളെക്കുറിച്ചു ഞാനസ്വസ്ഥനാണ്. 

    ഹാഗാറും സാറായും
    21: നിയമത്തിനു വിധേയരായിരിക്കാനഭിലഷിക്കുന്ന നിങ്ങള്‍ എന്നോടു പറയുവിന്‍, നിങ്ങള്‍ നിയമമനുസരിക്കുകയില്ലേ?
    22: എന്തെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: അബ്രാഹമിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു - ഒരുവന്‍ ദാസിയില്‍നിന്ന്, ഇതരന്‍ സ്വതന്ത്രയില്‍നിന്ന്.
    23: ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്ദാനപ്രകാരവും ജനിച്ചു.
    24: ആലങ്കാരികമായിപ്പറഞ്ഞാല്‍ ഈ സ്ത്രീകള്‍ രണ്ടുടമ്പടികളാണ്. ഒരുവള്‍ സീനായ്‌മലയില്‍നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണു ഹാഗാര്‍.
    25: ഹാഗാര്‍, അറേബ്യായിലെ സീനായ്‌മലയാണ്. അവള്‍ ഇന്നത്തെ ജറുസലെമിന്റെ പ്രതീകമത്രേ. എന്തെന്നാല്‍, അവള്‍ തന്റെ മക്കളോടൊത്തു ദാസ്യവൃത്തിചെയ്യുന്നു.
    26: എന്നാല്‍, സ്വര്‍ഗ്ഗീയജറുസലെം സ്വതന്ത്രയാണ്. അവളാണു നമ്മുടെ അമ്മ.
    27: എന്തുകൊണ്ടെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്ത നീ ആനന്ദിച്ചാര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ക്കൂടുതല്‍ മക്കള്‍ പരിത്യക്തയ്ക്കാണുള്ളത്.
    28: സഹോദരരേ, നമ്മളാകട്ടെ ഇസഹാക്കിനെപ്പോലെ വാഗ്ദാനത്തിന്റെ മക്കളാണ്.
    29: എന്നാല്‍, ശാരീരികരീതിയില്‍ ജനിച്ചവന്‍ ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്.
    30: വിശുദ്ധലിഖിതം എന്താണു പറയുന്നത്? ദാസിയെയും അവളുടെ പുത്രനെയും നിഷ്‌കാസനംചെയ്യുവിന്‍; എന്തെന്നാല്‍, ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാന്‍ പാടില്ല.

അദ്ധ്യായം 5


ക്രിസ്തീയ സ്വാതന്ത്ര്യം
1: സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട്, നിങ്ങള്‍ സ്ഥിരതയോടെ നില്ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന്, ഇനിയും നിങ്ങള്‍ വിധേയരാകരുത്.
2: പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു, നിങ്ങള്‍ക്ക്, ഒന്നിനും പ്രയോജനപ്പെടുകയില്ല.
3: പരിച്ഛേദനംസ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടുമുറപ്പിച്ചു പറയുന്നു, അവന്‍ നിയമംമുഴുവനുംപാലിക്കാന്‍ കടപ്പെട്ടവനാണ്.
4: നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്തിരിക്കുന്നു.
5: ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതിലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു.
6: എന്തെന്നാല്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണു സുപ്രധാനം.
7: നിങ്ങള്‍ നന്നായി മുന്നേറിക്കൊണ്ടിരുന്നു. സത്യത്തെ അനുസരിക്കുന്നതില്‍നിന്നു നിങ്ങളെത്തടഞ്ഞതാരാണ്?
8: ഈ പ്രേരണയുണ്ടായത്, ഏതായാലും നിങ്ങളെ വിളച്ചവനില്‍നിന്നല്ല.
9: അല്പം പുളിപ്പ്, മുഴുവന്‍ മാവിനെയും പുളിപ്പിക്കുന്നു.
10: എന്റെ വീക്ഷണത്തില്‍നിന്നു വ്യത്യസ്തമായ യാതൊന്നും നിങ്ങള്‍ ചിന്തിക്കുകയില്ലെന്ന്, കര്‍ത്താവില്‍ എനിക്കു നിങ്ങളെക്കുറിച്ച് ഉത്തമവിശ്വാസമുണ്ട്. നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നവന്‍ ആരുതന്നെയായാലും അവനു ശിക്ഷ ലഭിക്കും.
11: എന്നാല്‍ സഹോദരരേ, ഞാനിനിയും പരിച്ഛേദനത്തിന് അനുകൂലമായി പ്രസംഗിക്കുന്നെങ്കില്‍ എന്തിനാണു ഞാന്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നത്? അങ്ങനെ ഞാന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ കുരിശിന്റെപേരിലുള്ള ഇടര്‍ച്ചയുണ്ടാകുമായിരുന്നില്ല.
12: നിങ്ങളെ അസ്വസ്ഥരാക്കുന്നവര്‍ പൂര്‍ണ്ണമായും അംഗവിച്ഛേദനംചെയ്തിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു.
13: സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍.
14: എന്തെന്നാല്‍, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന ഒരേയൊരു കല്പനയില്‍ നിയമം മുഴുവനുമടങ്ങിയിരിക്കുന്നു.
15: എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയുംചെയ്ത്, പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. 

ജഡത്തിന്റെ വ്യാപാരങ്ങളും ആത്മാവിന്റെ ഫലങ്ങളും
16: നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
17: എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിനെതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനുമെതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതുനിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെവരുന്നു.
18: ആത്മാവു നിങ്ങളെ നയിക്കുന്നെങ്കില്‍, നിങ്ങള്‍ നിയമത്തിനു കീഴല്ല.
19: ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,
20: വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
21: വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈ ദൃശമായ മറ്റുപ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്കിയ താക്കീത്, ഇപ്പോഴുമാവര്‍ത്തിക്കുന്നു.
22: എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത,
 സൗമ്യത, ആത്മസംയമനം ഇവയാണ്.
23: ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
24: യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.
25: നമ്മള്‍ ആത്മാവിലാണു ജീവിക്കുന്നതെങ്കില്‍ നമുക്ക് ആത്മാവില്‍ വ്യാപരിക്കാം.
26: നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

അദ്ധ്യായം 6


പരസ്പരം സഹായിക്കുക
1: സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.
2: പരസ്പരം ഭാരങ്ങള്‍വഹിച്ചുകൊണ്ട്, ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍.
3: ഒരുവന്‍, താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു.
4: എന്നാല്‍, ഓരോ വ്യക്തിയും സ്വന്തംചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക, അവനില്‍ത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല.
5: എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരംവഹിച്ചേ മതിയാവൂ.
6: വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ലവസ്തുക്കളുടെയും പങ്ക്, തന്റെ അദ്ധ്യാപകനു നല്കണം.
7: നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും.
8: എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും.
9: നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.
10: ആകയാല്‍, നമുക്കവസരംലഭിച്ചിരിക്കുന്നതുകൊണ്ട്, സകലമനുഷ്യര്‍ക്കും, പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്, നന്മ ചെയ്യാം. 

അന്തിമനിര്‍ദ്ദേശങ്ങള്‍
11: എന്റെ സ്വന്തം കൈപ്പടയില്‍ എത്രവലിയ അക്ഷരങ്ങളിലാണു ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ!
12: ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ്, പരിച്ഛേദനകര്‍മ്മത്തിനു നിങ്ങളെ നിര്‍ബന്ധിക്കുന്നത്. ക്രിസ്തുവിന്റെ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാന്‍വേണ്ടിമാത്രമാണ്, അവര്‍ അങ്ങനെ ചെയ്യുന്നത്.
13: എന്തെന്നാല്‍, പരിച്ഛേദനംസ്വീകരിച്ച അവര്‍പോലും നിയമമനുസരിക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവര്‍ക്കു മേന്മഭാവിക്കാന്‍ കഴിയേണ്ടതിനു നിങ്ങളും പരിച്ഛേദിതരായിക്കാണാന്‍ അവരാഗ്രഹിക്കുന്നു.
14: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ, മറ്റൊന്നിലും മേന്മഭാവിക്കാന്‍ എനിക്കിടയാകാതിരിക്കട്ടെ. അവനെപ്രതി ലോകമെനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
15: പരിച്ഛേദനകര്‍മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണു പരമപ്രധാനം.
16: ഈ നിയമമനുസരിച്ചു വ്യാപരിക്കുന്ന എല്ലാവര്‍ക്കും, അതായത്, ദൈവത്തിന്റെ ഇസ്രായേലിന്, സമാധാനവും കാരുണ്യവുമുണ്ടാകട്ടെ.
17: ഇനിമേലാരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍, ഞാന്‍ എന്റെ ശരീരത്തില്‍ യേശുവിന്റെ അടയാളങ്ങള്‍ ധരിക്കുന്നു.
18: സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ, നിങ്ങളുടെ ആത്മാവിനോടുകൂടെയുണ്ടായിരിക്കട്ടെ. ആമേന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ