മുന്നൂറ്റിമുപ്പത്തിമൂന്നാം ദിവസം: 1 കൊറിന്തോസ് 15 - 16


അദ്ധ്യായം 15


ക്രിസ്തുവിന്റെ ഉത്ഥാനം

1: സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷപ്രദാനംചെയ്തതുമായ സുവിശേഷം, ഞാനെപ്രകാരമാണു നിങ്ങളോടു പ്രസംഗിച്ചതെന്ന്, ഇനി നിങ്ങളെയനുസ്മരിപ്പിക്കാം.
2: അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാകുകയില്ല.
3: എനിക്കു ലഭിച്ചതു സര്‍വ്വപ്രധാനമായിക്കരുതി, ഞാന്‍ നിങ്ങള്‍ക്കേല്പിച്ചുതന്നു. വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ,
4: ക്രിസ്തു, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയുംചെയ്തു.
5: അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി.
6: അതിനുശേഷം ഒരുമിച്ച്, അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്.
7: പിന്നീടവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പസ്‌തോലന്മാര്‍ക്കും കാണപ്പെട്ടു.
8: ഏറ്റവുമൊടുവില്‍, അകാലജാതനെന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി.
9: ഞാന്‍ അപ്പസ്‌തോലന്മാരില്‍ ഏറ്റവും നിസ്സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതുനിമിത്തം അപ്പസ്‌തോലനെന്ന നാമത്തിനു ഞാനയോഗ്യനുമാണ്.
10: ഞാനെന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെമേല്‍ ദൈവംചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച്, മറ്റെല്ലാവരെയുംകാളധികം ഞാനദ്ധ്വാനിച്ചു. എന്നാല്‍, ഞാനല്ല, എന്നിലുള്ള ദൈവകൃപയാണദ്ധ്വാനിച്ചത്.
11: അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണു ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും. 

മരിച്ചവരുടെ ഉത്ഥാനം
12: ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെന്നു നിങ്ങളില്‍ച്ചിലര്‍ പറയുന്നതെങ്ങനെ?
13: മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍, ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.
14: ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.
15: മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യംവഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. മരിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍, ദൈവം ക്രിസ്തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല.
16: മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.
17: ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.
18: ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോകുകയുംചെയ്തിരിക്കുന്നു.
19: ഈ ജീവിതത്തിനുവേണ്ടിമാത്രം ക്രിസ്തുവില്‍ പ്രത്യാശവച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.
20: എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
21: ഒരു മനുഷ്യന്‍വഴി മരണമുണ്ടായതുപോലെ, ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവുമുണ്ടായി.
22: ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജ്ജീവിക്കും.
23: എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും.
24: അവന്‍ എല്ലാഭരണവും അധികാരവും ശക്തിയും നിര്‍മ്മാര്‍ജനംചെയ്ത്, രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, എല്ലാറ്റിന്റെയും അവസാനമാകും.
25: എന്തെന്നാല്‍, സകലശത്രുക്കളെയും തന്റെ പാദസേവകരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു.
26: മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു.
27: ദൈവം സമസ്തവും അധീനമാക്കി, തന്റെ പാദത്തിന്‍കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്തവുമധീനമാക്കി എന്നുപറയുമ്പോള്‍ അവ അധീനമാക്കിയവനൊഴികെ എന്നതു സ്പഷ്ടം.
28: സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന്, പുത്രന്‍തന്നെയും അധീനനാകും. ഇത്, ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ.
29: അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്‌നാനം സ്വീകരിക്കണം?
30: ഞങ്ങള്‍തന്നെയും എന്തിനു സദാസമയവും അപകടത്തെ അഭിമുഖീഭവിക്കണം?
31: സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിങ്ങളെക്കുറിച്ച് എനിക്കുള്ള അഭിമാനത്തെ ആധാരമാക്കി ഞാന്‍ പറയുന്നു, ഞാന്‍ പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്നു.
32: മാനുഷികമായിപ്പറഞ്ഞാല്‍, എഫേസോസില്‍വച്ചു വന്യമൃഗങ്ങളോടു പോരാടിയതുകൊണ്ട് എനിക്കെന്തു പ്രയോജനം? മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയുംചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്.
33: അധമമായ സംസര്‍ഗ്ഗം സദാചാരങ്ങളെ ദുഷിപ്പിക്കും.
34: നിങ്ങള്‍ നീതിപൂര്‍വം സമചിത്തതപാലിക്കയും പാപംവര്‍ജ്ജിക്കയുംചെയ്യുവിന്‍. ചിലര്‍ക്കു ദൈവത്തെപ്പറ്റി ഒരറിവുമില്ല. നിങ്ങളെ ലജ്ജിപ്പിക്കാനാണു ഞാനിതു പറയുന്നത്. 

ശരീരത്തിന്റെ ഉയിര്‍പ്പ്
35: ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണുയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക?
36: വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നതു നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജ്ജീവിക്കുകയില്ല.
37: ഉണ്ടാകാനിരിക്കുന്ന പദാര്‍ത്ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്റെയോ മറ്റുവല്ലധാന്യത്തിന്റെയോ വെറുമൊരു മണിമാത്രം.
38: എന്നാല്‍, ദൈവം തന്റെ ഇഷ്ടമനുസരിച്ച്, ഓരോ വിത്തിനും അതിന്റെതായ ശരീരംനല്കുന്നു.
39: എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേതൊന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേതു വേറൊന്ന്, മത്സ്യങ്ങളുടേതു വേറൊന്ന്.
40: സ്വര്‍ഗ്ഗീയശരീരങ്ങളുണ്ട്; ഭൗമികശരീരങ്ങളുമുണ്ട്; സ്വര്‍ഗ്ഗീയശരീരങ്ങളുടെ തേജസ്സ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊന്ന്.
41: സൂര്യന്റെ തേജസ്സ് ഒന്ന്; ചന്ദ്രന്റെതു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നക്ഷത്രങ്ങള്‍തമ്മിലും തേജസ്സിനു വ്യത്യാസമുണ്ട്.
42: ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു;
43: അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.
44: വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജ്ജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട്.
45: ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്നെഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു.
46: എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍.
47: ആദ്യമനുഷ്യന്‍ ഭൂമിയില്‍നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍.
48: ഭൂമിയില്‍നിന്നുള്ളവനെങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവനെങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗ്ഗീയരും.
49: നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗ്ഗീയന്റെ സാദൃശ്യവും ധരിക്കും.
50: സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാദ്ധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു.
51: ഇതാ, ഞാന്‍ നിങ്ങളോട്, ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല.
52: അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്രവേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളംമുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയുംചെയ്യും.
53: നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവുമാകേണ്ടിയിരിക്കുന്നു.
54: അങ്ങനെ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയുംപ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ത്ഥ്യമാകും.
55:
 മരണമേ, നിന്റെ വിജയമെവിടെ? മരണമേ, നിന്റെ ദംശനമെവിടെ?
56: മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്.
57: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയംനല്കുന്ന ദൈവത്തിനു നന്ദി.
58: അതിനാല്‍, എന്റെ വത്സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോദ്ധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധിപ്രാപിച്ച്, സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.

അദ്ധ്യായം 16

    
വിശുദ്ധര്‍ക്കുള്ള ധര്‍മ്മശേഖരണം
1: ഇനി വിശുദ്ധര്‍ക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാന്‍ നിര്‍ദ്ദേശിച്ചതുപോലെ നിങ്ങളുംചെയ്യുവിന്‍.
2: ഞാന്‍വരുമ്പോള്‍ പിരിവൊന്നും നടത്താതിരിക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം.
3: ഞാന്‍ വരുമ്പോള്‍, നിങ്ങളുടെ സംഭാവന കൊണ്ടുപോകുന്നതിനുവേണ്ടി, നിങ്ങളംഗീകരിക്കുന്ന വ്യക്തികളെ എഴുത്തുമായി ജറുസലെമിലേക്കയച്ചുകൊള്ളാം.
4: ഞാന്‍കൂടെ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ അവര്‍ എന്നോടൊപ്പം പോരട്ടെ. 

യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍
5: ഞാന്‍ മക്കെദോനിയായില്‍പ്പോയിട്ട്, നിങ്ങളെ സന്ദര്‍ശിക്കുന്നതാണ്. എനിക്കവിടെ
പ്പോകേണ്ടതുണ്ട്.
6: ഞാന്‍ നിങ്ങളുടെകൂടെ കുറെനാള്‍, ഒരുപക്ഷേ ശീതകാലംമുഴുവന്‍, ചെലവഴിച്ചെന്നുവരാം. തദവസരത്തില്‍, എന്റെ തുടര്‍ന്നുള്ള എല്ലായാത്രകള്‍ക്കുംവേണ്ട സഹായംചെയ്തുതരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും.
7: നിങ്ങളെ തിടുക്കത്തില്‍ സന്ദര്‍ശിച്ചുപോരാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കര്‍ത്താവനുവദിക്കുമെങ്കില്‍ കുറെനാള്‍ നിങ്ങളോടൊത്തു കഴിയാമെന്നു ഞാനാശിക്കുന്നു.
8: പന്തക്കുസ്താവരെ ഞാന്‍ എഫേസോസില്‍ താമസിക്കും.
9: ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള ഒരു വലിയവാതില്‍ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്. പ്രതിയോഗികളും വളരെയാണ്.
10: തിമോത്തേയോസ് നിങ്ങളുടെയടുത്തുവരുമ്പോള്‍ നിങ്ങളുടെയിടയില്‍ നിര്‍ഭയനായിക്കഴിയാന്‍ അവനു സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കര്‍ത്താവിന്റെ ജോലിയില്‍ വ്യാപൃതനാണല്ലോ.
11: ആകയാല്‍, ആരുമവനെ നിന്ദിക്കാനിടയാകരുത്. എന്റെയടുത്തു വേഗം മടങ്ങിവരേണ്ടതിന്, സമാധാനത്തില്‍ അവനെ യാത്രയാക്കണം. സഹോദരരോടൊപ്പം അവനെ ഞാന്‍ പ്രതീക്ഷിക്കുന്നു.
12: മറ്റു സഹോദരരോടൊത്തു നിങ്ങളെ സന്ദര്‍ശിക്കണമെന്ന്, ഞാന്‍ നമ്മുടെ സഹോദരന്‍ അപ്പോളോസിനെ വളരെ നിര്‍ബന്ധിച്ചതാണ്. എന്നാല്‍, ഈയവസരത്തില്‍ നിങ്ങളുടെയടുത്തുവരാന്‍ അവന് ഒട്ടും മനസ്സില്ലായിരുന്നു; സൗകര്യപ്പെടുമ്പോള്‍ വന്നുകൊള്ളും. 

അഭ്യര്‍ത്ഥന, അഭിവാദനം
13: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍; പൗരുഷവും കരുത്തുമുള്ളവരായിരിക്കുവിന്‍.
14: നിങ്ങളുടെ സകലകാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വ്വഹിക്കുവിന്‍.
15: സഹോദരരേ, സ്തേഫാനാസിന്റെ കുടുംബാംഗങ്ങളാണ് അക്കായിയായിലെ ആദ്യഫലങ്ങളെന്നും അവര്‍ വിശുദ്ധരുടെ ശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചുവെന്നും നിങ്ങളറിഞ്ഞിരിക്കണമെന്നു ഞാനഭ്യര്‍ഥിക്കുന്നു.
16: ഇപ്രകാരമുള്ളവരെയും എന്നോടു സഹകരിച്ച് അദ്ധ്വാനിക്കുന്ന എല്ലാവരെയും നിങ്ങളനുസരിക്കണമെന്നു ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു.
17: സ്‌തേഫാനാസും ഫൊര്‍ത്തുനാത്തൂസും ആകായിക്കോസും വന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ അസാന്നിദ്ധ്യം അവര്‍ പരിഹരിച്ചു.
18: അവര്‍ എന്റെയും നിങ്ങളുടെയും ആത്മാവിനെ ഉന്മേഷപ്പെടുത്തി. ഇങ്ങനെയുള്ളവരെ നിങ്ങള്‍ അംഗീകരിക്കണം.
19: ഏഷ്യയിലെ സഭകള്‍ നിങ്ങളെ അഭിവാദനംചെയ്യുന്നു. അക്വീലായും പ്രിസ്‌ക്കായും അവരുടെ വീട്ടിലുള്ള സഭയും കര്‍ത്താവില്‍ നിങ്ങളെ ഹൃദയപൂര്‍വ്വം അഭിവാദനംചെയ്യുന്നു.
20: സകലസഹോദരരും നിങ്ങളെ അഭിവാദനംചെയ്യുന്നു. നിങ്ങള്‍ വിശുദ്ധചുംബനത്താല്‍ അന്യോന്യം അഭിവാദനംചെയ്യുവിന്‍.
21: പൗലോസായ ഞാന്‍, സ്വന്തം കൈപ്പടയില്‍ അഭിവാദനം രേഖപ്പെടുത്തുന്നു.
22: ആരെങ്കിലും കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!
23: കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
24: യേശുക്രിസ്തുവില്‍ എന്റെ സ്‌നേഹം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ