മുന്നൂറ്റിപ്പതിനാറാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 11 - 13


അദ്ധ്യായം 11


പത്രോസിന്റെ ന്യായവാദം
1: വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നു യൂദയായിലുണ്ടായിരുന്ന അപ്പസ്‌തോലന്മാരും സഹോദരരും കേട്ടു.
2: തന്മൂലം, പത്രോസ് ജറുസലെമില്‍വന്നപ്പോള്‍ പരിച്ഛേദനവാദികള്‍ അവനെയെതിര്‍ത്തു.
3: അവര്‍ ചോദിച്ചു: അപരിച്ഛേദിതരുടെയടുക്കല്‍ നീ പോകുകയും അവരോടൊപ്പം ഭക്ഷണംകഴിക്കുകയുംചെയ്തതെന്തുകൊണ്ട്?
4: പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍തുടങ്ങി.
5: ഞാന്‍ യോപ്പാനഗരത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളെനിക്ക്, ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. സ്വര്‍ഗ്ഗത്തില്‍നിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലുംപിടിച്ച് ഇറക്കുന്നതു ഞാന്‍ കണ്ടു. അത് എന്റെയടുത്തുവന്നു.
6: ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ അതില്‍ ഭൂമിയിലെ നാല്ക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു.
7: എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാന്‍ കേട്ടു: പത്രോസേ, എഴുന്നേല്ക്കുക; നീ ഇവയെ കൊന്നുഭക്ഷിക്കുക.
8: അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്ധമോ ആയ യാതൊന്നും ഞാനൊരിക്കലും ഭക്ഷിച്ചിട്ടില്ല.
9: സ്വര്‍ഗ്ഗത്തില്‍നിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്.
10: മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു.
11: അപ്പോള്‍ത്തന്നെ കേസറിയായില്‍നിന്ന് എന്റെയടുത്തേക്കയയ്ക്കപ്പെട്ട മൂന്നുപേര്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തി.
12: ഒരു സന്ദേഹവുംകൂടാതെ അവരോടൊപ്പംപോകാന്‍ എനിക്ക് ആത്മാവിന്റെ നിര്‍ദ്ദേശമുണ്ടായി. ഈ ആറുസഹോദരന്മാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങള്‍ ആ മനുഷ്യന്റെ വീട്ടില്‍ പ്രവേശിച്ചു.
13: തന്റെ ഭവനത്തില്‍ ഒരു ദൂതന്‍ നില്ക്കുന്നതായി കണ്ടുവെന്നും അവന്‍ ഇങ്ങനെ അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നുവിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.
14: നിനക്കും നിന്റെ ഭവനത്തിനുമുഴുവനും രക്ഷകിട്ടുന്നതിനുള്ള കാര്യങ്ങള്‍ അവന്‍ നിന്നോടു പറയും.
15: ഞാന്‍ അവരോടു പ്രസംഗിക്കാന്‍തുടങ്ങിയപ്പോള്‍, മുമ്പ് നമ്മുടെമേല്‍ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു.
16: അപ്പോള്‍ ഞാന്‍ കര്‍ത്താവിന്റെ വാക്കുകളോര്‍ത്തു: യോഹന്നാന്‍ ജലംകൊണ്ടു സ്‌നാനംനല്കി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേല്ക്കും.
17: നാം യേശുക്രിസ്തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം നമുക്കുനല്കിയ അതേ ദാനം, അവര്‍ക്കും അവിടുന്നു നല്കിയെങ്കില്‍ ദൈവത്തെ തടസ്സപ്പെടുത്താന്‍ ഞാനാരാണ്?
18: ഈ വാക്കുകള്‍കേട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവം പ്രദാനംചെയ്തിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട്, അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി. 

സഭ അന്ത്യോക്യായില്‍
19: സ്‌തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനംനിമിത്തം ചിതറിക്കപ്പെട്ടവര്‍ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങള്‍വരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവര്‍ വചനം പ്രസംഗിച്ചിരുന്നില്ല.
20: അക്കൂട്ടത്തില്‍ സൈപ്രസില്‍നിന്നും കിറേനേയില്‍നിന്നുമുള്ള ചിലരുണ്ടായിരുന്നു. അവര്‍ അന്ത്യോക്യായില്‍വന്നപ്പോള്‍ ഗ്രീക്കുകാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചു പ്രസംഗിച്ചു.
21: കര്‍ത്താവിന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ച വളരെപ്പേര്‍ കര്‍ത്താവിലേക്കു തിരിഞ്ഞു.
22: ഈ വാര്‍ത്ത, ജറുസലെമിലെ സഭയിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു.
23: അവന്‍ചെന്ന്, ദൈവത്തിന്റെ കൃപാവരം ദര്‍ശിച്ചു സന്തുഷ്ടനാവുകയും കര്‍ത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു.
24: കാരണം, അവന്‍ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലുംനിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകള്‍ കര്‍ത്താവിന്റെ അനുയായികളായിത്തീര്‍ന്നു.
25: സാവൂളിനെയന്വേഷിച്ച്, ബാര്‍ണബാസ് താര്‍സോസിലേക്കു പോയി.
26: അവനെക്കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷംമുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍വച്ചാണ്, ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികളെന്നു വിളിക്കപ്പെട്ടത്.
27: ഇക്കാലത്ത്, ജറുസലെമില്‍നിന്നു പ്രവാചകന്മാര്‍ അന്ത്യോക്യായിലേക്കു വന്നു.
28: അവരില്‍ ഹാഗാബോസ് എന്നൊരുവന്‍ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയക്ഷാമമുണ്ടാകും എന്നു പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്ഷാമമുണ്ടായി.
29: ശിഷ്യരെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്‌, യൂദയായില്‍ താമസിച്ചിരുന്ന സഹോദരര്‍ക്കു ദുരിതാശ്വാസമെത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.
30: ബാര്‍ണബാസും സാവൂളുംവഴി, സഹായം ശ്രേഷ്ഠന്‍മാര്‍ക്കെത്തിച്ചുകൊടുത്തുകൊണ്ട്, അവരതു നിര്‍വ്വഹിക്കുകയുംചെയ്തു.

അദ്ധ്യായം 12


യാക്കോബിന്റെ വധം
1: അക്കാലത്ത്, ഹേറോദേസ്രാജാവ്, സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.
2: അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.
3: യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നുകണ്ട്, അവന്‍ പത്രോസിനെയും ബന്ധനസ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു.
4: അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലുഭടന്മാര്‍വീതമുള്ള നാലുസംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെസഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്റെ മുമ്പില്‍ കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം.
5: അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

കാരാഗൃഹത്തില്‍ അദ്ഭുതം
6: പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാന്‍ ഹേറോദേസ് ഉദ്ദേശിച്ചിരുന്നതിന്റെ തലേരാത്രി പത്രോസ് ഇരുചങ്ങലകളാല്‍ ബന്ധിതനായി രണ്ടു പടയാളികളുടെമദ്ധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹവാതില്ക്കല്‍ കാവല്‍നില്ക്കുന്നുണ്ടായിരുന്നു.
7: പെട്ടെന്ന്, കര്‍ത്താവിന്റെ ഒരു ദൂതന്‍ പ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടിയുണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗമെഴുന്നേല്ക്കൂ. അപ്പോള്‍ അവന്റെ കൈകളില്‍നിന്നു ചങ്ങലകള്‍ താഴെവീണു.
8: ദൂതന്‍ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകളണിയുക. അവന്‍ അങ്ങനെ ചെയ്തു. ദൂതന്‍ വീണ്ടും പറഞ്ഞു: മേലങ്കിധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക.
9: അവന്‍ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതന്‍വഴിസംഭവിച്ച ഇക്കാര്യം യാഥാര്‍ത്ഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദര്‍ശനമുണ്ടായതാണെന്നേ അവന്‍ കരുതിയുള്ളൂ.
10: അവര്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍സ്ഥാനങ്ങള്‍ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവര്‍ക്കായി സ്വയംതുറന്നു. അവര്‍ പുറത്തുകടന്ന്, ഒരു തെരുവു പിന്നിട്ടപ്പോള്‍ ദൂതന്‍ പെട്ടെന്നപ്രത്യക്ഷനായി.
11: അപ്പോഴാണ് പത്രോസിനു പൂര്‍ണ്ണബോധം വന്നത്. അവന്‍ പറഞ്ഞു: കര്‍ത്താവു തന്റെ ദൂതനെയയച്ച് ഹേറോദേസിന്റെ കരങ്ങളില്‍നിന്നും യഹൂദന്മാരുടെ വ്യാമോഹങ്ങളില്‍നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കു വ്യക്തമായി.
12: ഇക്കാര്യം ഗ്രഹിച്ചപ്പോള്‍ അവന്‍, മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേര്‍ സമ്മേളിച്ച്, പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
13: അവന്‍ പടിവാതില്‍ക്കല്‍ മുട്ടിയപ്പോള്‍ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി.
14: പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞ അവള്‍ സന്തോഷഭരിതയായി വാതില്‍തുറക്കുന്നകാര്യം മറന്ന്, അകത്തേക്കോടിച്ചെന്ന്, പത്രോസ് വാതില്ക്കല്‍ നില്ക്കുന്നു എന്നറിയിച്ചു.
15: നിനക്കു ഭ്രാന്താണ് എന്ന് അവര്‍ പറഞ്ഞു. അവള്‍ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോള്‍ അവന്റെ കാവല്‍ദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.
16: പത്രോസ് വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരുന്നു. അവര്‍ കതകു തുറന്നപ്പോള്‍ അവനെക്കണ്ടു വിസ്മയിച്ചു.
17: നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യംകാണിച്ചതിനുശേഷം എങ്ങനെയാണ് കര്‍ത്താവു തന്നെ കാരാഗൃഹത്തില്‍നിന്നു രക്ഷപ്പെടുത്തിയതെന്ന് അവന്‍ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരന്മാരോടും പറയണമെന്ന് അവനാവശ്യപ്പെട്ടു. അനന്തരം അവന്‍ അവിടെനിന്നു പുറപ്പെട്ട്, വേറൊരു സ്ഥലത്തേക്കു പോയി.
18: പ്രഭാതമായപ്പോള്‍, പത്രോസിന് എന്തുസംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു പടയാളികളുടെയിടയില്‍ വലിയപരിഭ്രാന്തിയുണ്ടായി.
19: അവനെയന്വേഷിച്ച്, കണ്ടെത്താതെവന്നപ്പോള്‍ ഹേറോദേസ് കാവല്‍ക്കാരെ വിചാരണ ചെയ്യുകയും അവരെക്കൊല്ലാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം പത്രോസ്‌ യൂദയായില്‍നിന്ന് കേസറിയായിലേക്കുപോയി അവിടെത്താമസിച്ചു.

ഹേറോദേസിന്റെ ദുരന്തം
20: ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവര്‍ ഒത്തുചേര്‍ന്ന്, രാജാവിന്റെയടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്ലസ്‌തോസിനെ സ്വാധീനിച്ച്, സമാധാനത്തിനുവേണ്ടിയപേക്ഷിച്ചു. കാരണം, അവരുടെ ദേശം, ഭക്ഷ്യസാധനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് അവന്റെ രാജ്യത്തെയാണ്.
21: ഒരു നിശ്ചിതദിവസം, ഹേറോദേസ് രാജകീയവസ്ത്രങ്ങള്‍ധരിച്ച്, സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു.
22: ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റേതല്ല.
23: പെട്ടെന്ന്, കര്‍ത്താവിന്റെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വംനല്കിയില്ല. പുഴുക്കള്‍ക്കിരയായി, അവന്‍ അന്ത്യശ്വാസം വലിച്ചു.
24: ദൈവവചനം വളര്‍ന്നുവ്യാപിച്ചു.
25: ബാര്‍ണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍നിന്നു തിരിച്ചുവന്നു. മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവര്‍ കൂടെക്കൊണ്ടുപോന്നു.

അദ്ധ്യായം 13


ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു.
1: അന്ത്യോക്യായിലെ സഭയില്‍ പ്രവാചകന്മാരും പ്രബോധകന്മാരുമുണ്ടായിരുന്നു - ബാര്‍ണബാസ്, നീഗര്‍ എന്നുവിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെവളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍.
2: അവര്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തും ഉപവസിച്ചുംകഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.
3: ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കുംശേഷം അവര്‍ അവരുടെമേല്‍ കൈവയ്പുനടത്തിപ്പറഞ്ഞയച്ചു.

പാഫോസിലെ മാന്ത്രികന്‍
4: പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ട അവര്‍, സെലൂക്യായിലേക്കു പോകുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പല്‍കയറുകയുംചെയ്തു.
5: സലാമീസിലെത്തിയപ്പോള്‍ അവര്‍ യഹൂദരുടെ സിനഗോഗുകളില്‍ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാന്‍ യോഹന്നാനുമുണ്ടായിരുന്നു.
6: അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച്, പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്രവാദിയെക്കണ്ടുമുട്ടി. അവന്‍ ബര്‍യേശു എന്നുപേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.
7: ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേര്‍ജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവന്‍. ഈ ഉപസ്ഥാനപതി, ദൈവവചനംശ്രവിക്കാന്‍ താത്പര്യപ്പെട്ട്, ബാര്‍ണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.
8: എന്നാല്‍, മാന്ത്രികനായ എലിമാസ് - മാന്ത്രികന്‍ എന്നാണ് ഈ പേരിന്റെയര്‍ത്ഥം - വിശ്വാസത്തില്‍നിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെത്തടഞ്ഞു.
9: പൗലോസ് എന്നുകൂടെ പേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാല്‍നിറഞ്ഞ്, അവന്റെനേരേ സൂക്ഷിച്ചുനോക്കിപ്പറഞ്ഞു:
10: സാത്താന്റെ സന്താനമേ, സകലനീതിക്കുമെതിരായവനേ, ദുഷ്ടതയും വഞ്ചനയുംനിറഞ്ഞവനേ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍നിന്നു വിരമിക്കയില്ലേ?
11: ഇതാ കര്‍ത്താവിന്റെ കരം ഇപ്പോള്‍ നിന്റെമേല്‍പ്പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും അന്ധകാരവും അവനെ ആവരണംചെയ്തു. തന്നെ കൈയ്ക്കുപിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെയന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.
12: ഈ സംഭവം കണ്ടപ്പോള്‍ ഉപസ്ഥാനപതി കര്‍ത്താവിന്റെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയുംചെയ്തു.

പൗലോസ് അന്ത്യോക്യായില്‍
13: പൗലോസും കൂടെയുള്ളവരും പാഫോസില്‍നിന്ന് കപ്പല്‍യാത്ര ചെയ്ത് പാംഫീലിയായിലെ പെര്‍ഗായില്‍ എത്തി. യോഹന്നാന്‍ അവരെവിട്ട്, ജറുസലെമിലേക്കു മടങ്ങിപ്പോയി.
14: എന്നാല്‍, അവര്‍ പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോക്യായില്‍ വന്നെത്തി. സാബത്തുദിവസം അവര്‍ സിനഗോഗില്‍പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി.
15: നിയമവും പ്രവചനങ്ങളും വായിച്ചുകഴിഞ്ഞപ്പോള്‍ സിനഗോഗിലെ അധികാരികള്‍ ആളയച്ച്, അവരോടിപ്രകാരം പറയിച്ചു: സഹോദരന്മാരേ, നിങ്ങളിലാര്‍ക്കെങ്കിലും ജനങ്ങള്‍ക്ക് ഉപദേശംനല്കാനുണ്ടെങ്കില്‍, പറയാം.
16: അപ്പോള്‍ പൗലോസ് എഴുന്നേറ്റുനിന്ന് കൈകൊണ്ട് ആംഗ്യംകാണിച്ചിട്ടു പറഞ്ഞു: ഇസ്രായേല്‍ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍.
17: ഈ ഇസ്രായേല്‍ജനതയുടെ ദൈവം, നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു. ഈജിപ്തില്‍ വസിച്ചിരുന്നകാലത്ത്, അവരെ അവിടുന്ന് ഒരു വലിയജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട്, അവിടെനിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.
18: അവിടുന്നു നാല്പതുവര്‍ഷത്തോളം മരുഭൂമിയില്‍ അവരോടു ക്ഷമാപൂര്‍വം പെരുമാറി.
19: കാനാന്‍ദേശത്തുവച്ച്, ഏഴുജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി,  നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുത്തു.
20: അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവര്‍ക്കു ന്യായാധിപന്മാരെ നല്കി.
21: പിന്നീട് അവര്‍ ഒരു രാജാവിനുവേണ്ടിയപേക്ഷിച്ചു. ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ട കിഷിന്റെ പുത്രന്‍ സാവൂളിനെ നാല്പതുവര്‍ഷത്തേക്ക് ദൈവം അവര്‍ക്കു നല്കി.
22: അനന്തരം അവനെ നീക്കംചെയ്തിട്ട്, ദാവീദിനെ അവരുടെ രാജാവായി അവിടുന്നുയര്‍ത്തി. അവനെക്കുറിച്ച് അവിടുന്നിപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
23: അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ്ദാനംചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍നിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു.
24: അവന്റെ ആഗമനത്തിനുമുമ്പ്, യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു.
25: തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷയഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.
26: സഹോദരരേ, അബ്രാഹമിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.
27: ജറുസലെംനിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചകവചനങ്ങള്‍ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട്, ആ വചനങ്ങള്‍ പൂര്‍ത്തിയാക്കി.
28: മരണശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റവും അവനില്‍ കാണാതിരുന്നിട്ടും അവനെ വധിക്കാന്‍ അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
29: അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ അവരവനെ കുരിശില്‍നിന്നു താഴെയിറക്കി, കല്ലറയില്‍ സംസ്‌കരിച്ചു.
30: എന്നാല്‍, ദൈവമവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ചു.
31: അവനോടൊപ്പം ഗലീലിയില്‍നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ സാക്ഷികളാണ്.
32: ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷമിതാണ്;
33: പിതാക്കന്മാര്‍ക്കു നല്കിയിരുന്ന വാഗ്ദാനം, യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട്, ദൈവം, മക്കളായ നമുക്കു നിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മംനല്കി.
34 : നാശത്തിന്റെ അവസ്ഥയിലേക്കു തിരിച്ചുചെല്ലാനാകാത്തവിധം മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ചതിനെക്കുറിച്ച്, അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവീദിനു വാഗ്ദാനംചെയ്യപ്പെട്ട വിശ്വസ്തവും വിശുദ്ധവുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ തരും.
35: മറ്റൊരു സങ്കീര്‍ത്തനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അവിടുന്നനുവദിക്കുകയില്ല.
36: ദാവീദ്, തന്റെ തലമുറയില്‍ ദൈവഹിതം നിറവേറ്റിയതിനുശേഷം മരണംപ്രാപിച്ചു. അവന്‍ പിതാക്കന്മാരോടു ചേരുകയും ജീര്‍ണ്ണതപ്രാപിക്കുകയും ചെയ്തു.
37: എന്നാല്‍, ദൈവം ഉയിര്‍പ്പിച്ചവനാകട്ടെ, ജീര്‍ണ്ണതപ്രാപിച്ചില്ല.
38: സഹോദരരേ, നിങ്ങള്‍ ഇതറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ക്കു പാപമോചനം പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവന്‍വഴിയത്രേ. മോശയുടെ നിയമംവഴി നീതീകരണംലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്.
39: വിശ്വസിക്കുന്നവര്‍ക്ക്, അവന്‍വഴി അവയില്‍ നീതീകരണം ലഭിക്കും.
40: അതുകൊണ്ട്, പ്രവചനങ്ങളില്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്കു സംഭവിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍;
41: നിന്ദകരേ, കാണുവിന്‍, ആശ്ചര്യപ്പെടുവിന്‍; അപ്രത്യക്ഷരാകുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തിചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.
42: ഇക്കാര്യങ്ങളെല്ലാം അടുത്തസാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്ഷിച്ചു.
43: സിനഗോഗിലെ സമ്മേളനംപിരിഞ്ഞപ്പോള്‍ പല യഹൂദരും യഹൂദമതത്തില്‍ പുതുതായിച്ചേര്‍ന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്ക്കാന്‍ അവരെ പ്രേരിപ്പിക്കുകയുംചെയ്തു.
44: അടുത്തസാബത്തില്‍ ദൈവവചനംശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു.
45: ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയപൂണ്ട്, പൗലോസ് പറഞ്ഞകാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയുംചെയ്തു.
46: പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.
47: കാരണം, കര്‍ത്താവു ഞങ്ങളോട് ഇങ്ങനെ കല്പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു.
48: ഈ വാക്കുകള്‍കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷഭരിതരായി കര്‍ത്താവിന്റെ വചനത്തെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗംലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു.
49: കര്‍ത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു.
50 : എന്നാല്‍, യഹൂദന്മാര്‍ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച്, പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍നിന്നു പുറത്താക്കുകയുംചെയ്തു.
51: അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി, അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി.
52: ശിഷ്യന്മാര്‍ ആനന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ