മുന്നൂറ്റിയിരുപത്തിരണ്ടാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 24 - 26


അദ്ധ്യായം 24


കുറ്റാരോപണം 
1: അഞ്ചുദിവസം കഴിഞ്ഞ്, പ്രധാനപുരോഹിതനായ അനനിയാസ്, ഏതാനും ജനപ്രമാണികളോടും അഭിഭാഷകനായ തെര്‍ത്തുളൂസിനോടുംകൂടെ അവിടെയെത്തി. അവര്‍ ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി പരാതിപ്പെട്ടു.
2: അവനെ കൊണ്ടുവന്നപ്പോള്‍, തെര്‍ത്തുളൂസ് ഇങ്ങനെ കുറ്റാരോപണം തുടങ്ങി:
3: അഭിവന്ദ്യനായ ഫെലിക്സേ, നിന്റെ ഭരണത്തില്‍ ഞങ്ങള്‍ വളരെ സമാധാനമനുഭവിക്കുന്നുവെന്നതും നിന്റെ പരിപാലനംവഴി, ഈ ദേശത്തു പല പരിഷ്‌കാരങ്ങളും നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്നതും ഞങ്ങള്‍ എല്ലായിടത്തും എല്ലായ്‌പോഴും കൃതജ്ഞതാപൂര്‍വ്വം അംഗീകരിക്കുന്നു.
4: നിന്നെ അധികം ബുദ്ധിമുട്ടിക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ചുരുക്കത്തില്‍പ്പറയുന്ന ഇക്കാര്യം ദയാപൂര്‍വ്വം കേള്‍ക്കണം.
5: ഈ മനുഷ്യന്‍, ശല്യക്കാരനും ലോകംമുഴുവനുമുള്ള യഹൂദരുടെയിടയില്‍ ഒരു പ്രക്ഷോഭകാരിയുമാണെന്നു ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു. ഇവന്‍ നസറായപക്ഷത്തിന്റെ പ്രമുഖനേതാവുമാണ്.
6: ദേവാലയംപോലും അശുദ്ധമാക്കാന്‍ ഇവന്‍ ശ്രമിക്കുകയുണ്ടായി.
7: എന്നാല്‍, ഞങ്ങള്‍ ഇവനെ പിടികൂടി.
8: നീതന്നെ ഇവനെ വിസ്തരിക്കുന്നപക്ഷം, ഇവനെതിരായുള്ള ഞങ്ങളുടെ ഈ ആരോപണങ്ങളെക്കുറിച്ച് ഇവനില്‍നിന്നുതന്നെ, നിനക്കു ബോദ്ധ്യമാകുന്നതാണ്.
9: ഇതെല്ലാം ശരിയാണെന്നു പറഞ്ഞുകൊണ്ട്, യഹൂദരും കുറ്റാരോപണത്തില്‍ പങ്കുചേര്‍ന്നു.

ഫെലിക്സിന്റെ മുമ്പില്‍
10: സംസാരിക്കാന്‍ ദേശാധിപതി ആംഗ്യംകാണിച്ചപ്പോള്‍ പൗലോസ് പറഞ്ഞു: വളരെ വര്‍ഷങ്ങളായി നീ ഈ ജനതയുടെ ന്യായാധിപനാണെന്നു മനസ്സിലാക്കിക്കൊണ്ട്, എന്റെമേലുള്ള കുറ്റാരോപണങ്ങള്‍ക്കു ഞാന്‍ സന്തോഷപൂര്‍വ്വം സമാധാനം പറഞ്ഞുകൊള്ളട്ടെ.
11: നിനക്കുതന്നെ മനസ്സിലാക്കാവുന്നതുപോലെ, ജറുസലെമില്‍ ഞാന്‍ ആരാധനയ്ക്കുപോയിട്ട് പന്ത്രണ്ടുദിവസത്തിലധികമായിട്ടില്ല.
12: ഞാന്‍ ദേവാലയത്തിലോ സിനഗോഗുകളിലോ നഗരത്തിലെവിടെയെങ്കിലുമോവച്ച് ആരോടെങ്കിലും തര്‍ക്കിക്കുന്നതായോ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായോ അവര്‍ കണ്ടിട്ടില്ല.
13: ഇപ്പോള്‍ എനിക്കെതിരായിക്കൊണ്ടുവരുന്ന ആരോപണങ്ങള്‍ തെളിയിക്കാനും അവര്‍ക്കു സാധിക്കുകയില്ല.
14: എന്നാല്‍, നിന്റെമുമ്പില്‍ ഇതു ഞാന്‍ സമ്മതിക്കുന്നു: അവര്‍ ഒരു മതവിഭാഗം എന്നുവിളിക്കുന്ന മാര്‍ഗ്ഗമനുസരിച്ച്, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാനാരാധിക്കുന്നു. നിയമത്തിലും പ്രവചനഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവയെല്ലാം ഞാന്‍ വിശ്വസിക്കുകയുംചെയ്യുന്നു.
15: നീതിമാന്മാര്‍ക്കും നീതിരഹിതര്‍ക്കും പുനരുത്ഥാനമുണ്ടാകുമെന്നാണ് ദൈവത്തിലുള്ള എന്റെ പ്രത്യാശ. ഇവരും ഇതുതന്നെ പ്രത്യാശിക്കുന്നവരാണ്.
16: ദൈവത്തിന്റെയും മനുഷ്യരുടെയുംനേര്‍ക്ക്, എല്ലായ്‌പോഴും, നിഷ്‌കളങ്കമായ മനസ്സാക്ഷിപുലര്‍ത്താന്‍ ഞാന്‍ അത്യന്തം ശ്രദ്ധാലുവാണ്.
17: വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വന്നത്, എന്റെ ജനത്തിനു ദാനധര്‍മ്മങ്ങളെത്തിക്കാനും കാഴ്ചകള്‍ സമര്‍പ്പിക്കാനുമാണ്.
18: ഞാന്‍ അതു നിര്‍വ്വഹിക്കുന്നതിനിടയില്‍ ശുദ്ധീകരണംകഴിഞ്ഞ്, ദേവാലയത്തിലായിരിക്കുമ്പോഴാണ് ഇവര്‍ എന്നെക്കണ്ടത്. എന്റെകൂടെ ജനക്കൂട്ടമൊന്നുമില്ലായിരുന്നു; ബഹളമൊന്നുമുണ്ടായതുമില്ല.
19: എന്നാല്‍, അവിടെ ഏഷ്യാക്കാരായ ചില യഹൂദന്മാരുണ്ടായിരുന്നു. അവര്‍ക്ക് എന്റെപേരില്‍ എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ അവര്‍ നിന്റെ മുമ്പിലെത്തി അതു സമര്‍പ്പിക്കേണ്ടതായിരുന്നു.
20: അല്ലെങ്കില്‍ ഞാന്‍ ആലോചനാസംഘത്തിന്റെ മുമ്പാകെ നിന്നപ്പോള്‍ എന്തുകുറ്റമാണ് എന്നില്‍ക്കണ്ടതെന്ന് ഈ നില്ക്കുന്നവര്‍ പറയട്ടെ.
21: മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ചാണ് ഇന്നു നിങ്ങളുടെ മുമ്പില്‍ ഞാന്‍ വിസ്തരിക്കപ്പെടുന്നതെന്ന് അവരുടെ നടുക്കുനിന്നപ്പോള്‍ വിളിച്ചുപറഞ്ഞതൊഴികെ മറ്റൊരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.
22: ഈ മാര്‍ഗ്ഗത്തെക്കുറിച്ചു കൂടുതല്‍ നന്നായി അറിയാമായിരുന്ന ഫെലിക്സാകട്ടെ, സഹസ്രാധിപനായ ലീസിയാസ് വന്നിട്ട്, നിങ്ങളുടെ കാര്യം ഞാന്‍ തീരുമാനിക്കാം എന്നുപറഞ്ഞുകൊണ്ട്, വിസ്താരം മറ്റൊരവസരത്തിലേക്കു മാറ്റിവച്ചു.
23: അവനെ തടവില്‍ സൂക്ഷിക്കണമെന്നും, എന്നാല്‍ കുറെയൊക്കെ സ്വാതന്ത്ര്യമനുവദിക്കണമെന്നും സ്വന്തക്കാരിലാരെയും അവനെ പരിചരിക്കുന്നതില്‍നിന്നു തടയരുതെന്നും അവന്‍ ശതാധിപനു കല്പനകൊടുത്തു.

ഫെലിക്സിന്റെ തടങ്കലില്‍
24: കുറേദിവസങ്ങള്‍കഴിഞ്ഞപ്പോള്‍, ഫെലിക്സ്, യഹൂദയായ ഭാര്യ ദ്രൂസില്ലായോടൊപ്പം വന്ന്, പൗലോസിനെ വിളിപ്പിച്ച്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവനില്‍നിന്നു കേട്ടു.
25: അവന്‍ നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചും വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഫെലിക്സ് ഭയപ്പെട്ട്, ഇങ്ങനെ പറഞ്ഞു: തത്കാലം നീ പൊയ്‌ക്കൊള്ളുക. ഇനിയും എനിക്കു സമയമുള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം.
26: എന്നാല്‍ അതേസമയം, പൗലോസില്‍നിന്നു കൈക്കൂലി കിട്ടുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അതിനാല്‍, പലപ്പോഴും അവന്‍ പൗലോസിനെവരുത്തി സംസാരിച്ചിരുന്നു.
27: രണ്ടുവര്‍ഷംകഴിഞ്ഞ്, ഫെലിക്സിന്റെ പിന്‍ഗാമിയായി പോര്‍സിയൂസ്‌ ഫേസ്തൂസ് വന്നു. യഹൂദരോട് ആനുകൂല്യംകാണിക്കാനാഗ്രഹിച്ചതിനാല്‍ ഫെലിക്സ്, പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.

അദ്ധ്യായം 25 


സീസറിനു നിവേദനം
1: ഫേസ്തൂസ്, പ്രവിശ്യയിലെത്തി മൂന്നുദിവസംകഴിഞ്ഞ്, കേസറിയായില്‍നിന്നു ജറുസലെമിലേക്കു പോയി.
2: പുരോഹിതപ്രമുഖന്മാരും യഹൂദപ്രമാണികളും പൗലോസിനെതിരേയുള്ള ആരോപണങ്ങള്‍ അവനെ ധരിപ്പിച്ചു.
3: തങ്ങള്‍ക്ക് ഒരാനുകൂല്യമെന്ന നിലയില്‍ അവനെ ജറുസലെമിലേക്കയയ്ക്കാന്‍ അവര്‍ അവനോടപേക്ഷിച്ചു. മാര്‍ഗ്ഗമദ്ധ്യേ ഒളിഞ്ഞിരുന്ന് അവനെക്കൊല്ലണമെന്ന് അവര്‍ ഗൂഢാലോചന നടത്തിയിരുന്നു.
4: പൗലോസിനെ കേസറിയായില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും താന്‍ ഉടന്‍തന്നെ അവിടെപ്പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഫേസ്തൂസ് മറുപടി നല്കി.
5: അവന്‍ പറഞ്ഞു: അതുകൊണ്ട്, നിങ്ങളില്‍ പ്രമാണികളായവര്‍ എന്റെകൂടെ വന്ന്, അവന്റെപേരില്‍ എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കട്ടെ.
6: എട്ടുപത്തു ദിവസത്തോളം അവരുടെയിടയില്‍ താമസിച്ചതിനുശേഷം അവന്‍ കേസറിയായിലേക്കു മടങ്ങിപ്പോയി. അടുത്തദിവസം അവന്‍ ന്യായാസനത്തിലിരുന്ന്, പൗലോസിനെക്കൊണ്ടുവരാന്‍ കല്പിച്ചു.
7: അവന്‍ വന്നപ്പോള്‍, ജറുസലെമില്‍നിന്നെത്തിയിരുന്ന യഹൂദന്മാര്‍ അവന്റെ ചുറ്റുംനിന്ന്, ഗുരുതരമായ പല കുറ്റങ്ങളുമാരോപിച്ചു; എന്നാല്‍, തെളിയിക്കാന്‍ അവര്‍ക്കുകഴിഞ്ഞില്ല.
8: പൗലോസ് തന്റെ പ്രതിവാദത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു: യഹൂദരുടെ നിയമങ്ങള്‍ക്കോ ദേവാലയത്തിനോ സീസറിനോ വിരുദ്ധമായി ഞാന്‍ ഒരു തെറ്റുംചെയ്തിട്ടില്ല.
9: എന്നാല്‍, യഹൂദരോട് ഒരാനുകൂല്യംകാണിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, ഫേസ്തൂസ് പൗലോസിനോടു ചോദിച്ചു: ജറുസലെമിലേക്കു പോകാനും അവിടെ എന്റെ മുമ്പില്‍വച്ച് ഇവയെപ്പറ്റി വിസ്തരിക്കപ്പെടാനും നിനക്കു സമ്മതമാണോ?
10: പൗലോസ് പറഞ്ഞു: ഞാന്‍ സീസറിന്റെ ന്യായാസനത്തിങ്കലാണു നില്ക്കുന്നത്. അവിടെത്തന്നെയാണ് ഞാന്‍ വിചാരണചെയ്യപ്പെടേണ്ടതും. നിനക്കു നന്നായി അറിയാവുന്നതുപോലെ, യഹൂദരോടു ഞാനൊരു തെറ്റുംചെയ്തിട്ടില്ല.
11: ഞാന്‍ തെറ്റുകാരനും വധശിക്ഷയര്‍ഹിക്കുന്ന എന്തെങ്കിലും ചെയ്തവനുമാണെങ്കില്‍ മരിക്കാനൊരുക്കമാണ്. എന്നാല്‍, അവര്‍ എന്റെമേല്‍ച്ചുമത്തുന്ന കുറ്റങ്ങളില്‍ കഴമ്പില്ലെങ്കില്‍, എന്നെ അവര്‍ക്കു വിട്ടുകൊടുക്കാന്‍ ആര്‍ക്കുംകഴിയുകയില്ല. ഞാന്‍ സീസറിന്റെയടുത്ത് ഉപരിവിചാരണ ആവശ്യപ്പെടുന്നു.
12: ഫേസ്തൂസ് തന്റെ സമിതിയോട് ആലോചിച്ചിട്ടു മറുപടി പറഞ്ഞു: നീ സീസറിന്റെയടുത്ത് ഉപരിവിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ അവന്റെയടുത്തേക്കുതന്നെ നീ പോകണം.

അഗ്രിപ്പായുടെ മുമ്പില്‍
13: കുറെദിവസങ്ങള്‍ക്കുശേഷം, അഗ്രിപ്പാരാജാവും ബര്‍നിക്കെയും ഫേസ്തൂസിനെ അഭിവാദനംചെയ്യാന്‍ കേസറിയായിലെത്തി.
14: അവരവിടെ വളരെദിവസങ്ങള്‍ താമസിച്ചു. ഫേസ്തൂസ് പൗലോസിന്റെ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ടു പറഞ്ഞു: ഫെലിക്സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യന്‍ ഇവിടെയുണ്ട്.
15: ഞാന്‍ ജറുസലെമിലായിരുന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്താവിക്കാന്‍ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നെ ധരിപ്പിച്ചു.
16: വാദിയെ മുഖാഭിമുഖം കണ്ട്, തന്റെമേല്‍ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനംബോധിപ്പിക്കാന്‍ പ്രതിക്ക് അവസരംനല്കാതെ, അവനെ ഏല്പിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ലായെന്നു ഞാന്‍ മറുപടി പറഞ്ഞു.
17: അവര്‍ ഇവിടെ ഒരുമിച്ചുകൂടിയപ്പോള്‍, ഒട്ടും താമസംവരുത്താതെ അടുത്തദിവസംതന്നെ ഞാന്‍ ന്യായാസനത്തിലിരുന്ന്, ആ മനുഷ്യനെ കൊണ്ടുവരാന്‍ കല്പിച്ചു.
18: വാദികള്‍ കുറ്റാരോപണമാരംഭിച്ചപ്പോള്‍, സങ്കല്പിച്ചതരത്തിലുള്ള ഒരു തിന്മയും അവന്റെമേല്‍ ചുമത്തിക്കണ്ടില്ല.
19: എന്നാല്‍, തങ്ങളുടെതന്നെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമര്‍ത്ഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചുംമാത്രമേ അവര്‍ക്കവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളു.
20: എന്തു തീരുമാനമെടുക്കണമെന്നു നിശ്ചയമില്ലാതെവന്നപ്പോള്‍ ജറുസലെമിലേക്കു പോകാനും അവിടെവച്ച്, ഇവയെപ്പറ്റി വിചാരണചെയ്യപ്പെടാനും സമ്മതമാണോ എന്നു ഞാന്‍ അവനോടു ചോദിച്ചു.
21: എന്നാല്‍, ചക്രവര്‍ത്തിയുടെ തീരുമാനമുണ്ടാകുന്നതുവരെ തനിക്കു സംരക്ഷണംനല്കണമെന്നു പൗലോസ് അപേക്ഷിച്ചതിനാല്‍, സീസറിന്റെയടുത്തേക്ക് അയയ്ക്കുന്നതുവരെ അവനെ തടവില്‍വയ്ക്കാന്‍ ഞാനാജ്ഞാപിച്ചു.
22: അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: അവന്റെ വാദം നേരില്‍ക്കേള്‍ക്കാന്‍ എനിക്കു താത്പര്യമുണ്ട്. അവന്‍ മറുപടി പറഞ്ഞു: എങ്കില്‍ നാളെ നിനക്കു കേള്‍ക്കാം.
23: അടുത്തദിവസം അഗ്രിപ്പായും ബര്‍നിക്കെയും സഹസ്രാധിപന്മാരോടും നഗരത്തിലെ പ്രമാണികളോടുമൊപ്പം ആഡംബരസമന്വിതം സമ്മേളനശാലയില്‍ വന്നു. ഫേസ്തൂസിന്റെ കല്പനയനുസരിച്ച്, പൗലോസിനെക്കൊണ്ടുവന്നു.
24: ഫേസ്തൂസ് പറഞ്ഞു: അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതരായിരിക്കുന്നവരേ, ഈ മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ. ഇവനെതിരായിട്ടാണ്, യഹൂദജനതമുഴുവന്‍ ജറുസലെമില്‍വച്ചും ഇവിടെവച്ചും ഇവനിനി ജീവിക്കാനര്‍ഹതയില്ലാ എന്നുപറഞ്ഞ്, ബഹളംകൂട്ടി എന്നോടു പരാതിപ്പെട്ടത്.
25: എങ്കിലും, വധശിക്ഷയ്ക്കര്‍ഹമായ കുറ്റമൊന്നും ഇവന്‍ചെയ്തിട്ടുള്ളതായി ഞാന്‍ കണ്ടില്ല. എന്നാല്‍, അവന്‍തന്നെ ചക്രവര്‍ത്തിയുടെമുമ്പാകെ മേല്‍വിചാരണയ്ക്ക് അപേക്ഷിച്ചിരിക്കുന്നതിനാല്‍, അവനെ അങ്ങോട്ടയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.
26: ഇവനെക്കുറിച്ച് സീസറിന് എന്താണെഴുതേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. അതുകൊണ്ടുതന്നെയാണ്, ഞാനിവനെ, നിങ്ങളുടെ മുമ്പില്‍, വിശിഷ്യാ അഗ്രിപ്പാരാജാവേ, നിന്റെമുമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. വിചാരണകഴിയുമ്പോള്‍ അവനെപ്പറ്റി എന്തെങ്കിലുമെഴുതാന്‍ എനിക്കുകഴിയുമല്ലോ.
27: തടവുകാരനെ അയയ്ക്കുമ്പോള്‍ അവനെതിരായുള്ള ആരോപണങ്ങള്‍ വ്യക്തമാക്കാതിരിക്കുന്നതു ശരിയല്ലെന്ന് എനിക്കു തോന്നുന്നു.

അദ്ധ്യായം 26 


പൗലോസിന്റെന്യായവാദം 
1: അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: സ്വപക്ഷം വാദിക്കാന്‍ നിന്നെയനുവദിക്കുന്നു. അപ്പോള്‍ പൗലോസ് കൈകള്‍ നീട്ടിക്കൊണ്ട്, വാദിച്ചുതുടങ്ങി;
2: അഗ്രിപ്പാരാജാവേ, യഹൂദന്മാര്‍ എന്റെമേല്‍ ചുമത്തുന്ന ആരോപണങ്ങള്‍ക്കെതിരായി നിന്റെ മുമ്പില്‍ ന്യായവാദംനടത്താന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.
3: യഹൂദരുടെയിടയിലുള്ള ആചാരങ്ങളും വിവാദങ്ങളും നിനക്കു സുപരിചിതമാണല്ലോ. അതിനാല്‍, എന്റെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.
4 : എന്റെ ജനത്തിന്റെയിടയിലും ജറുസലെമിലും ചെറുപ്പംമുതല്‍ ഞാന്‍ ജീവിച്ചതെങ്ങനെയെന്ന് എല്ലാ യഹൂദര്‍ക്കുമറിയാം.
5 : ഞാന്‍ ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പ്പെട്ട ഫരിസേയനായിട്ടാണു വളര്‍ന്നതെന്നും വളരെക്കാലമായി അവര്‍ക്കറിവുള്ളതാണ്; മനസ്സുണ്ടെങ്കില്‍ അതു സാക്ഷ്യപ്പെടുത്താനും അവര്‍ക്കു സാധിക്കും.
6: ഇപ്പോള്‍ ഞാന്‍ ഇവിടെ പ്രതിക്കൂട്ടില്‍ നില്ക്കുന്നതാകട്ടെ, ഞങ്ങളുടെ പിതാക്കന്മാരോടു ദൈവംചെയ്ത വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശവച്ചതുകൊണ്ടാണ്.
7: ഞങ്ങളുടെ പന്ത്രണ്ടുഗോത്രങ്ങളും രാത്രിയും പകലും തീക്ഷ്ണതയോടെ ആരാധനയര്‍പ്പിച്ചുകൊണ്ട്, ഈ വാഗ്ദാനം പ്രാപിക്കാമെന്നു പ്രത്യാശിക്കുന്നു. അല്ലയോ രാജാവേ, അതേ പ്രത്യാശതന്നെയാണ് എന്റെമേല്‍ കുറ്റമാരോപിക്കുന്നതിനു യഹൂദര്‍ക്കു കാരണമായിരിക്കുന്നതും.
8: മരിച്ചവരെ ദൈവം ഉയിര്‍പ്പിക്കുമെന്നത് അവിശ്വസനീയമായി നിങ്ങള്‍ കരുതുന്നതെന്തുകൊണ്ട്?
9: നസറായനായ യേശുവിന്റെ നാമത്തിനു വിരുദ്ധമായി പലതും ചെയ്യേണ്ടതുണ്ടെന്ന് ഒരിക്കല്‍ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
10: ജറുസലെമില്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്തു. പുരോഹിതപ്രമുഖന്മാരില്‍നിന്നു ലഭിച്ച അധികാരത്തോടെ വിശുദ്ധരില്‍ പലരെയും ഞാന്‍ തടവിലാക്കുകയും അവരുടെ വധത്തെ അനുകൂലിക്കുകയുംചെയ്തിട്ടുണ്ട്.
11: ഞാന്‍ പലപ്പോഴും എല്ലാ സിനഗോഗുകളിലും ചെന്ന് അവരെ പീഡിപ്പിച്ചുകൊണ്ട്, വിശ്വാസത്യാഗത്തിനു നിര്‍ബന്ധിച്ചു. അവര്‍ക്കെതിരേ ജ്വലിക്കുന്ന കോപത്തോടെ മറ്റു നഗരങ്ങളില്‍പ്പോലുംപോയി ഞാനവരെ പീഡിപ്പിച്ചു.

മാനസാന്തരകഥ
12: അങ്ങനെ, പുരോഹിതപ്രമുഖന്മാരില്‍നിന്ന് അധികാരവും കല്പനയും വാങ്ങി ഞാന്‍ ദമാസ്‌ക്കസിലേക്കു പുറപ്പെട്ടു.
13: അല്ലയോ രാജാവേ, മധ്യാഹ്നമായപ്പോള്‍ വഴിമദ്ധ്യേ, ആകാശത്തുനിന്നു സൂര്യപ്രഭയെവെല്ലുന്ന ഒരു പ്രകാശം എന്റെയും സഹയാത്രികരുടെയും ചുറ്റും ജ്വലിക്കുന്നതു ഞാന്‍ കണ്ടു.
14: ഞങ്ങള്‍ എല്ലാവരും നിലംപതിച്ചപ്പോള്‍, ഹെബ്രായഭാഷയില്‍ എന്നോടു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു. സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്കപകടമാണ്.
15: ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങാരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.
16: നീ എഴുന്നേറ്റുനില്ക്കുക. ഇപ്പോള്‍ നീ എന്നെപ്പറ്റി കണ്ടതും ഇനി കാണുവാനിരിക്കുന്നതുമായവയ്ക്കു സാക്ഷിയും ശുശ്രൂഷകനുമായി നിന്നെ നിയമിക്കാനാണ് ഞാന്‍ നിനക്കു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
17: നിന്നെ ഞാന്‍ നിന്റെ ജനത്തില്‍നിന്നും വിജാതീയരില്‍നിന്നും രക്ഷിച്ച്, അവരുടെയടുക്കലേക്ക് അയയ്ക്കുന്നു.
18: അത്, അവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്കും സാത്താന്റെ ശക്തിയില്‍നിന്നു ദൈവത്തിലേക്കും തിരിയാനും പാപമോചനം സ്വീകരിക്കാനും എന്നിലുള്ള വിശ്വാസംവഴി വിശുദ്ധീകരിക്കപ്പെട്ടവരുടെയിടയില്‍ അവര്‍ക്കു സ്ഥാനം ലഭിക്കാനുംവേണ്ടിയാണ്.
19: അഗ്രിപ്പാ രാജാവേ, ഞാന്‍ ഈ സ്വര്‍ഗ്ഗീയദര്‍ശനത്തോട് അനുസരണക്കേടു കാണിച്ചില്ല.
20: പ്രത്യുത, ആദ്യം ദമാസ്‌ക്കസിലുള്ളവരോടും പിന്നെ ജറുസലെമിലും യൂദാ മുഴുവനിലുമുള്ളവരോടും വിജാതീയരോടും, അവര്‍ പശ്ചാത്തപിക്കണമെന്നും പശ്ചാത്താപത്തിനു യോജിച്ച പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ദൈവത്തിന്റെയടുത്തേക്കു തിരിയണമെന്നും പ്രസംഗിക്കുകയത്രേ ചെയ്തത്.
21: ഇക്കാരണത്താലാണ് യഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് എന്നെ പിടികൂടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
22: ഇന്നുവരെ ദൈവത്തില്‍നിന്നുള്ള സഹായം എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണു വലിയവരുടെയും ചെറിയവരുടെയും മുമ്പില്‍ സാക്ഷ്യംനല്കിക്കൊണ്ടു ഞാന്‍ ഇവിടെ നില്ക്കുന്നതും.
23: ക്രിസ്തു, പീഡനം സഹിക്കണമെന്നും മരിച്ചവരില്‍നിന്ന് ആദ്യം ഉയിര്‍ത്തെഴുന്നേറ്റവനായി ജനത്തോടും വിജാതീയരോടും പ്രകാശത്തെ വിളംബരംചെയ്യണമെന്നും പ്രവാചകന്മാരും മോശയും പ്രവചിച്ചിട്ടുള്ളതല്ലാതെ മറ്റൊന്നുംതന്നെ ഞാന്‍ പ്രസംഗിക്കുന്നില്ല.

ശ്രോതാക്കളുടെ പ്രതികരണം
24: അവന്‍, ഇങ്ങനെ ന്യായവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഫേസ്തൂസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: പൗലോസ്, നിനക്കു ഭ്രാന്താണ്. നിന്റെ വലിയ വിജ്ഞാനം നിന്നെ ഭ്രാന്തനാക്കുന്നു.
25: പൗലോസ് പറഞ്ഞു: അഭിവന്ദ്യനായ ഫേസ്തൂസ്, ഞാന്‍ ഭ്രാന്തനല്ല; സുബോധത്തോടെ സത്യം പറയുകയാണ്.
26: രാജാവിന് ഇക്കാര്യങ്ങളറിയാം. ഞാന്‍ അവനോടു തുറന്നുപറയുകയാണ്. ഇവയിലൊന്നുപോലും അവന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമുണ്ട്. എന്തെന്നാല്‍, ഇത് ഒഴിഞ്ഞകോണില്‍ സംഭവിച്ച കാര്യമല്ല.
27: അഗ്രിപ്പാരാജാവേ, നീ പ്രവാചകന്മാരില്‍ വിശ്വസിക്കുന്നില്ലേ? ഉണ്ടെന്ന് എനിക്കറിയാം.
28: അപ്പോള്‍ അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: എളുപ്പത്തില്‍ എന്നെ ക്രിസ്ത്യാനിയാക്കാമെന്നാണോ?
29: പൗലോസ് പറഞ്ഞു: എളുപ്പത്തിലോ അല്ലാതെയോ, നീമാത്രമല്ല, ഇന്ന് എന്റെ വാക്കു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ഈ ചങ്ങലയുടെ കാര്യത്തിലൊഴികെ, എന്നെപ്പോലെ ആകണമെന്നാണ്, ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത്.
30: രാജാവും ദേശാധിപതിയും ബര്‍നിക്കെയും അവരോടൊപ്പമുണ്ടായിരുന്നവരും എഴുന്നേറ്റു.
31: അവര്‍ പോകുമ്പോള്‍ പരസ്പരം പറഞ്ഞു: മരണമോ വിലങ്ങോ അര്‍ഹിക്കുന്നതൊന്നും ഈ മനുഷ്യന്‍ ചെയ്തതായി കാണുന്നില്ല.
32: അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്കപേക്ഷിച്ചിരുന്നില്ലെങ്കില്‍ ഇവനെ മോചിപ്പിക്കാമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ