മുന്നൂറ്റിപ്പത്തൊമ്പതാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 18 - 19


അദ്ധ്യായം 18


കോറിന്തോസില്‍
1: ഇതിനുശേഷം പൗലോസ് ആഥന്‍സ്‌വിട്ടു കോറിന്തോസിലെത്തി.
2: അവന്‍ പോന്തസുകാരനായ അക്വീലാ എന്നൊരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേയുണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലായഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു.
3: അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട്, അവന്‍ അവരുടെകൂടെത്താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയുംചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി.
4: എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തിലേര്‍പ്പെടുകയും യഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തു.
5: സീലാസും തിമോത്തേയോസും മക്കെദോനിയായില്‍നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, യേശുവാണു ക്രിസ്തുവെന്നു സാക്ഷ്യംനല്കിക്കൊണ്ട്, യഹൂദര്‍ക്കു ബോദ്ധ്യംവരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൗലോസ്.
6: അവര്‍ അവനെയെതിര്‍ക്കുകയും ദൂഷണംപറയുകയുംചെയ്തപ്പോള്‍, അവന്‍ സ്വന്തം വസ്ത്രങ്ങള്‍ കുടഞ്ഞുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ രക്തം, നിങ്ങളുടെതന്നെ ശിരസ്സില്‍പ്പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെയടുക്കലേക്കു പോകുന്നു.
7: അവിടംവിട്ട്, അവന്‍ ദൈവഭക്തനായ തീസിയോസ്‌ യുസ്‌തോസ് എന്നൊരുവന്റെ വീട്ടിലേക്കു പോയി.
8: സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്റെ വീട്. സിനഗോഗധികാരിയായ ക്രിസ്പൂസും അവന്റെ കുടുംബംമുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനംകേട്ടു വിശ്വസിക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു.
9: രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക.
10: എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്.
11: പൗലോസ് അവരുടെയിടയില്‍ ദൈവവചനം പഠിപ്പിച്ചുകൊണ്ട് അവിടെ ഒരു വര്‍ഷവും ആറുമാസവും താമസിച്ചു.

ന്യായാസനത്തിനു മുമ്പില്‍
12: ഗാല്ലിയോ, അക്കായിയായില്‍ ഉപസ്ഥാനപതിയായിരിക്കുമ്പോള്‍, യഹൂദര്‍ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണംനടത്തി. അവരവനെ ന്യായാസനത്തിനുമുമ്പില്‍ക്കൊണ്ടുവന്ന്, ഇപ്രകാരം പറഞ്ഞു:
13: ഈ മനുഷ്യന്‍ നിയമവിരുദ്ധമായ രീതിയില്‍ ദൈവാരാധനനടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
14: പൗലോസ് സംസാരിക്കാന്‍തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ യഹൂദരോടു പറഞ്ഞു: യഹൂദരേ, വല്ല കുറ്റകൃത്യത്തിന്റെയോ ഗുരുതരമായ പാതകത്തിന്റെയോ കാര്യമാണെങ്കില്‍ നിങ്ങള്‍ പറയുന്നതു തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുമായിരുന്നു.
15: എന്നാല്‍, ഇതു വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിങ്ങളുടെ നിയമത്തെക്കുറിച്ചുമുള്ള പ്രശ്‌നമാകയാല്‍ നിങ്ങള്‍തന്നെ കൈകാര്യംചെയ്യുക; ഇക്കാര്യങ്ങളുടെ വിധികര്‍ത്താവാകാന്‍ ഞാനൊരുക്കമല്ല.
16: അവന്‍ ന്യായാസനത്തിനുമുമ്പില്‍നിന്ന് അവരെപ്പുറത്താക്കി.
17: അവരെല്ലാം ഒന്നുചേര്‍ന്ന് സിനഗോഗധികാരിയായ സൊസ്തനേസിനെപ്പിടിച്ച് കോടതിയുടെ മുമ്പില്‍വച്ചുതന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.

അന്ത്യോക്യായില്‍ തിരിച്ചെത്തുന്നു
18: പൗലോസ് കുറെനാള്‍കൂടെ അവിടെത്താമസിച്ചിട്ട്, സഹോദരരോടു യാത്രപറഞ്ഞ്, സിറിയായിലേക്കു കപ്പല്‍കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍, കെങ്ക്‌റെയില്‍വച്ച് തല മുണ്ഡനംചെയ്തു.
19: അവര്‍ എഫേസോസില്‍ എത്തിച്ചേര്‍ന്നു. അവന്‍ മറ്റുള്ളവരെ അവിടെ വിട്ടിട്ട്, സിനഗോഗില്‍ പ്രവേശിച്ച്, യഹൂദരുമായി വാദത്തിലേര്‍പ്പെട്ടു.
20: കുറെനാള്‍കൂടെ തങ്ങളോടൊത്തു താമസിക്കാന്‍ അവരാവശ്യപ്പെട്ടെങ്കിലും അവന്‍ സമ്മതിച്ചില്ല.
21: ദൈവമനുവദിച്ചാല്‍ ഞാന്‍ നിങ്ങളുടെയടുത്തേക്കു തിരിച്ചുവരും എന്നുപറഞ്ഞ്, അവന്‍ വിടവാങ്ങുകയും എഫേസോസില്‍നിന്നു കപ്പല്‍കയറുകയുംചെയ്തു.
22: കേസറിയായിലെത്തി, അവിടത്തെ സഭയെ അഭിവാദനംചെയ്തിട്ട് അവന്‍ അന്ത്യോക്യയിലേക്കുപോയി.
23: കുറെക്കാലം അവിടെ ചെലവഴിച്ചതിനുശേഷം, അവന്‍ യാത്രപുറപ്പെട്ട്, ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്, എല്ലാ ശിഷ്യര്‍ക്കും ശക്തിപകര്‍ന്നുകൊണ്ടിരുന്നു.

അപ്പോളോസ് എഫേസോസില്‍
24: ആയിടയ്ക്ക് അപ്പോളോസ് എന്നുപേരുള്ള അലക്സാണ്ഡ്രിയാക്കാരനായ ഒരു യഹൂദന്‍, എഫേസോസില്‍ വന്നു. അവന്‍ വാഗ്മിയും വിശുദ്ധലിഖിതങ്ങളില്‍ അവഗാഹം നേടിയവനുമായിരുന്നു.
25: കര്‍ത്താവിന്റെ മാര്‍ഗ്ഗത്തെക്കുറിച്ച്, അവന് ഉപദേശവും ലഭിച്ചിരുന്നു. അവനു യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ചുമാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ആത്മാവില്‍ ഉണര്‍വ്വോടെ, തെറ്റുകൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയുംചെയ്തിരുന്നു.
26: അവന്‍ സിനഗോഗിലും ധൈര്യപൂര്‍വ്വം പ്രസംഗിക്കാന്‍തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ പ്രസംഗം കേട്ടു. അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാര്‍ഗ്ഗം, കൂടുതല്‍ വ്യക്തമായി പറഞ്ഞുകൊടുത്തു.
27: അവന്‍ അക്കായിയായിലേക്കു പോകാനാഗ്രഹിച്ചു. സഹോദരര്‍ അവനെ പ്രോത്സാഹിപ്പിക്കുകയും അവനെ സ്വീകരിക്കുന്നതിന്, ശിഷ്യര്‍ക്കെഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനുശേഷം, കൃപാവരംമൂലം വിശ്വാസം സ്വീകരിച്ചവരെ അവന്‍ വളരെയധികം സഹായിച്ചു.
28: എന്തെന്നാല്‍, അവന്‍ പൊതുസ്ഥലങ്ങളില്‍വച്ച്, വിശുദ്ധഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തു, യേശുതന്നെയാണെന്നു തെളിയിക്കുകയും യഹൂദന്മാരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.

അദ്ധ്യായം 19 


പൗലോസ് എഫേസോസില്‍
1: അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോള്‍ പൗലോസ് ഉള്‍നാടുകളിലൂടെ സഞ്ചരിച്ച്, എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെക്കണ്ടു.
2: അവനവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്നുണ്ടെന്ന്, ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല.
3: അവന്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ, നിങ്ങള്‍ ഏതു സ്‌നാനമാണു സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം.
4: അപ്പോള്‍ പൗലോസ് പറഞ്ഞു: യോഹന്നാന്‍ തനിക്കുപിന്നാലെ വരുന്നവനില്‍, അതായത്, യേശുവില്‍ വിശ്വസിക്കണമെന്നു ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണു നല്കിയത്.
5: അവര്‍ ഇതുകേട്ട് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്‌നാനംസ്വീകരിച്ചു.
6: പൗലോസ് അവരുടെമേല്‍ കൈകള്‍വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയുംചെയ്തു.
7: അവര്‍ ഏകദേശം പന്ത്രണ്ടുപേരുണ്ടായിരുന്നു.
8: അവന്‍ സിനഗോഗില്‍ പ്രവേശിച്ചു ധൈര്യപൂര്‍വ്വം ദൈവരാജ്യത്തെക്കുറിച്ചു മൂന്നുമാസം പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേര്‍പ്പെടുകയുംചെയ്തു.
9: എന്നാല്‍, ദുര്‍വാശിക്കാരായ ചിലര്‍, വിശ്വസിക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്റെമുമ്പില്‍ ക്രിസ്തുമാര്‍ഗ്ഗത്തെ ദുഷിക്കുകയും ചെയ്തു. അതിനാല്‍, അവന്‍ അവരെവിട്ട്, ശിഷ്യരെയുംകൂട്ടി, ടിറാനോസിന്റെ പ്രസംഗശാലയില്‍പ്പോയി എല്ലാദിവസവും വിവാദത്തിലേര്‍പ്പെട്ടുപോന്നു.
10: ഇതു രണ്ടുവര്‍ഷത്തേക്കു തുടര്‍ന്നു. തന്മൂലം, ഏഷ്യയില്‍വസിച്ചിരുന്ന എല്ലാവരും- യഹൂദരും ഗ്രീക്കുകാരും- കര്‍ത്താവിന്റെ വചനം കേട്ടു.

സ്‌കേവായുടെ പുത്രന്മാര്‍
11: പൗലോസിന്റെ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
12: അവന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെയടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു.
13: പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍, പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്റെ നാമം പ്രയോഗിച്ചുനോക്കി.
14: യഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്‌കേവായുടെ ഏഴുപുത്രന്മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു.
15: എന്നാല്‍, അശുദ്ധാത്മാവ് അവരോടിപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍ നിങ്ങളാരാണ്?
16: അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ്, അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.
17: എഫേസോസില്‍ വസിച്ചിരുന്ന യഹൂദരും ഗ്രീക്കുകാരുമായ എല്ലാവരും ഈ വിവരമറിഞ്ഞു ഭയപ്പെട്ടു. കര്‍ത്താവായ യേശുവിന്റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയുംചെയ്തു.
18: കൂടാതെ, വിശ്വാസംസ്വീകരിച്ച പലരുംവന്ന്, തങ്ങളുടെ ദുര്‍ന്നടപടികള്‍ ഏറ്റുപറഞ്ഞ്, കുറ്റം സമ്മതിച്ചു.
19: ക്ഷുദ്രപ്രയോഗംനടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന്, എല്ലാവരും കാണ്‍കെ അഗ്നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു.
20: അങ്ങനെ കര്‍ത്താവിന്റെ വചനം വിപുലമായി പ്രചരിക്കുകയും അതിന്റെ ശക്തി വെളിപ്പെടുകയുംചെയ്തു.
21: ഈ സംഭവങ്ങള്‍ക്കുശേഷം പൗലോസ് ആത്മാവിന്റെ പ്രേരണയനുസരിച്ച് മക്കെദോനിയാ, അക്കായിയാ എന്നീ പട്ടണങ്ങള്‍ കടന്നു ജറുസലെമിലേക്കുപോകാന്‍ തീരുമാനിച്ചു. അവിടെയെത്തിയതിനുശേഷം, തനിക്കു റോമായും സന്ദര്‍ശിക്കണമെന്ന് അവന്‍ പറഞ്ഞിരുന്നു.
22: അവന്‍ തന്റെ സഹായികളില്‍ രണ്ടുപേരായ തിമോത്തേയോസിനെയും എറാസ്തൂസിനെയും മക്കെദോനിയായിലേക്കയച്ചിട്ട്, കുറെനാള്‍ ഏഷ്യയില്‍ താമസിച്ചു.

വെള്ളിപ്പണിക്കാരുടെ ലഹള
23: ആയിടെ ക്രിസ്തുമാര്‍ഗ്ഗത്തെ സംബന്ധിച്ചു വലിയ ഒച്ചപ്പാടുണ്ടായി.
24: അര്‍ത്തേമിസ്ദേവിയുടെ ക്ഷേത്രത്തിന്റെ വെള്ളിമാതൃകകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന വെള്ളിപ്പണിക്കാരനായ ദമേത്രിയോസ്, ശില്പവേലക്കാര്‍ക്കു വലിയ തോതില്‍ തൊഴിലുണ്ടാക്കിക്കൊടുത്തുപോന്നു.
25: ഇവരെയും ഇതേ തൊഴിലിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവരെയും വിളിച്ചുകൂട്ടി അവന്‍ പറഞ്ഞു: മാന്യരേ, നമ്മുടെ സമ്പത്തുമുഴുവന്‍ ഈ തൊഴിലില്‍നിന്നാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
26: എന്നാല്‍, കൈകൊണ്ടുണ്ടാക്കിയ ദൈവങ്ങള്‍ ദൈവങ്ങളേയല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, പൗലോസ് എന്ന ഈ മനുഷ്യന്‍ എഫേസോസില്‍ മാത്രമല്ല, ഏഷ്യയിലാകെ വളരെപ്പേരെ വഴിതെറ്റിക്കുന്നതു നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ.
27: തന്മൂലം, നമ്മുടെ ഈ തൊഴില്‍ അപഹാസ്യമായിത്തീരും എന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ, മഹാദേവതയായ അര്‍ത്തേമിസിന്റെ ക്ഷേത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെടുകയും ഏഷ്യയിലും പരിഷ്‌കൃതലോകമെങ്ങും ആരാധിക്കപ്പെടുന്ന അവളുടെ പ്രതാപമസ്തമിക്കുകയും ചെയ്യും.
28: ഇതുകേട്ടപ്പോള്‍ അവര്‍ കോപാക്രാന്തരായി വിളിച്ചുപറഞ്ഞു: എഫേസോസുകാരുടെ അര്‍ത്തേമിസ് മഹോന്നതയാണ്.
29: നഗരത്തില്‍ മുഴുവന്‍ ബഹളമായി. അവരെല്ലാവരുംകൂടെ പൗലോസിന്റെ സഹയാത്രികരും മക്കെദോനിയാക്കാരുമായ ഗായിയൂസിനെയും അരിസ്താര്‍ക്കൂസിനെയും വലിച്ചിഴച്ചുകൊണ്ട്, പൊതുമണ്ഡപത്തിലേക്കു തള്ളിക്കയറി.
30: ജനക്കൂട്ടത്തിലേക്കു പോകാന്‍ പൗലോസ് ആഗ്രഹിച്ചെങ്കിലും ശിഷ്യന്മാര്‍ അവനെയനുവദിച്ചില്ല.
31: പൗലോസിന്റെ സ്‌നേഹിതരായ ഏഷ്യയിലെ ചില പ്രമുഖര്‍ ആളയച്ച്, പൊതുമണ്ഡപത്തിലേക്കു പോകാന്‍ തുനിയരുതെന്ന് അവനോടഭ്യര്‍ത്ഥിച്ചു.
32: അവിടെ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സമ്മേളനം ആകെ അലങ്കോലമായി. തങ്ങളവിടെ എന്തിനാണ് ഒരുമിച്ചുകൂടിയതെന്നുതന്നെ മിക്കവര്‍ക്കും അറിഞ്ഞുകൂടായിരുന്നു.
33: യഹൂദര്‍ മുമ്പോട്ടുകൊണ്ടുവന്ന അലക്സാണ്ടറിനോട്, ജനക്കൂട്ടത്തില്‍ ചിലര്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അലക്സാണ്ടര്‍ ആംഗ്യംകാണിച്ചിട്ട്, ജനങ്ങളോടു ന്യായവാദത്തിനു മുതിര്‍ന്നു.
34: എന്നാല്‍, അവന്‍ യഹൂദനാണെന്നു മനസ്സിലാക്കിയപ്പോള്‍ അവരെല്ലാവരും ഒരേ ശബ്ദത്തില്‍ എഫേസോസുകാരുടെ അര്‍ത്തേമിസ് മഹോന്നതയാണെന്ന് ആര്‍ത്തുവിളിച്ചു. രണ്ടു മണിക്കൂറോളം ഇതു തുടര്‍ന്നു.
35: നഗരാധികാരി ജനക്കൂട്ടത്തെ ശാന്തമാക്കിയതിനുശേഷം പറഞ്ഞു: എഫേസോസുകാരേ, എഫേസോസ് നഗരി, മഹാദേവതയായ അര്‍ത്തേമിസിന്റെയും അവളുടെ, ആകാശത്തുനിന്നു വീണ പ്രതിമയുടെയും ക്ഷേത്രത്തിന്റെ പാലികയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
36: ഈ വസ്തുതകള്‍ അനിഷേദ്ധ്യങ്ങളാകയാല്‍ നിങ്ങള്‍ ശാന്തരായിരിക്കണം. അതിക്രമമൊന്നും പ്രവര്‍ത്തിക്കരുത്.
37: എന്തെന്നാല്‍, നിങ്ങള്‍കൊണ്ടുവന്നിരിക്കുന്ന ഈ മനുഷ്യര്‍ ദേവാലയം അശുദ്ധമാക്കിയിട്ടില്ല. നമ്മുടെ ദേവിയെ ദുഷിച്ചിട്ടുമില്ല.
38: അതിനാല്‍, ദമേത്രിയോസിനോ അവന്റെകൂടെയുള്ള ശില്പികള്‍ക്കോ ഇവരില്‍ ആരുടെയെങ്കിലുംപേരില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ക്കു ന്യായാസനമുണ്ട്; ഉപസ്ഥാനപതികളുണ്ട്; അവര്‍ അവിടെ പരാതികള്‍ സമര്‍പ്പിക്കട്ടെ.
39: അതല്ല, ഇനി മറ്റെന്തെങ്കിലുമാണു നിങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍ നിയമാനുസൃതമായ സംഘത്തില്‍വച്ച് അതിനു തീരുമാനമുണ്ടാക്കാം.
40: ഇന്നത്തെ ഈ ബഹളത്തെ ന്യായീകരിക്കുവാന്‍ നമുക്കു കാരണമൊന്നും പറയാനില്ല. അതിനാല്‍, കലാപമുണ്ടാക്കിയെന്ന് നമ്മുടെമേല്‍ ആരോപിക്കുക എന്ന അപകടവുമുണ്ട്.
41: ഇതുപറഞ്ഞ്, അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ