മുന്നൂറ്റിപ്പതിനഞ്ചാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 9 - 10


അദ്ധ്യായം 9


സാവൂളിന്റെ മാനസാന്തരം
1: സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്നു.
2: അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗ്ഗംസ്വീകരിച്ച സ്ത്രീപുരുഷന്മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍
ആവശ്യപ്പെട്ടു.
3: അവന്‍ യാത്രചെയ്ത്, ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന്, ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെമേല്‍ പതിച്ചു. 
4: അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോടിങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീയെന്തിനെന്നെ പീഡിപ്പിക്കുന്നു? 
5: അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങാരാണ്? അപ്പോള്‍ ഇങ്ങനെ മറുപടിയുണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍. 
6: എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീയെന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നെയറിയിക്കും. 
7: അവനോടൊപ്പം യാത്രചെയ്തിരുന്നവര്‍ സ്വരംകേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ദ്ധരായി നിന്നുപോയി.
8: സാവൂള്‍ നിലത്തുനിന്നെഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നുംകാണാന്‍ അവനു കഴിഞ്ഞില്ല. തന്മൂലം, അവരവനെ കൈയ്ക്കുപിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി.
9: മൂന്നു ദിവസത്തേയ്ക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന്‍ ഒന്നും ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല.

സാവൂളിന്റെ ജ്ഞാനസ്‌നാനം
10: അനനിയാസ് എന്നുപേരായ ഒരു ശിഷ്യന്‍ ദമാസ്‌ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ കര്‍ത്താവവനെ വിളിച്ചു: അനനിയാസ്; അവന്‍ വിളികേട്ടു: കര്‍ത്താവേ, ഇതാ ഞാന്‍!
11: കര്‍ത്താവവനോടു പറഞ്ഞു: നീയെഴുന്നേറ്റ്, ഋജുവീഥിയെന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന്, യൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെയന്വേഷിക്കുക. അവനിതാ, പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.
12: അനനിയാസ് എന്നൊരുവന്‍ വന്ന്, തനിക്കു വീണ്ടും കാഴ്ചലഭിക്കാന്‍ തന്റെമേല്‍ കൈകള്‍വയ്ക്കുന്നതായി അവനൊരു ദര്‍ശനമുണ്ടായിരിക്കുന്നു.
13: അനനിയാസ് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വിശുദ്ധര്‍ക്കെതിരായി അവന്‍ ജറുസലെമില്‍ എത്രമാത്രം തിന്മകള്‍പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരില്‍നിന്നു ഞാന്‍ കേട്ടിട്ടുണ്ട്.
14: ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അധികാരം പുരോഹിതപ്രമുഖന്മാരില്‍നിന്ന് അവന്‍ സമ്പാദിച്ചിരിക്കുന്നു.
15: കര്‍ത്താവവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍മക്കളുടെയുംമുമ്പില്‍ എന്റെ നാമംവഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണവന്‍.
16: എന്റെ നാമത്തെപ്രതി അവന്‍ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചുകൊടുക്കും.
17: അനനിയാസ് ചെന്ന്, ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെമേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമദ്ധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്ചലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.
18: ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോഒന്ന്, അവന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയുംചെയ്തു. അവനെഴുന്നേറ്റു ജ്ഞാനസ്‌നാനം സ്വീകരിച്ചു.
19: അനന്തരം, അവന്‍ ഭക്ഷണംകഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്‌ക്കസിലെ ശിഷ്യന്മാരോടുകൂടെ കുറേദിവസം താമസിക്കുകയും ചെയ്തു.
20: അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവന്‍ സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി.
21: അതു കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥരാക്കി പുരോഹിതപ്രമുഖന്മാരുടെമുമ്പില്‍ കൊണ്ടുപോകാന്‍വേണ്ടിയല്ലേ ഇവന്‍ വന്നിരിക്കുന്നത്?
22: സാവൂളാകട്ടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്, യേശുതന്നെയാണു ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്‌ക്കസില്‍ താമസിച്ചിരുന്ന യഹൂദന്മാരെ ഉത്തരം മുട്ടിച്ചിരുന്നു.
23: കുറേനാള്‍ കഴിഞ്ഞപ്പോള്‍ അവനെ വധിക്കാന്‍ യഹൂദന്മാര്‍ ഗൂഢാലോചന നടത്തി.
24: അതു സാവൂളിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവനെ വധിക്കാന്‍ രാവും പകലും അവര്‍ കവാടങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം കാത്തുനിന്നു.
25: എന്നാല്‍, അവന്റെ ശിഷ്യന്മാര്‍, രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.

സാവൂള്‍ ജറുസലെമില്‍
26: ജറുസലെമിലെത്തിയപ്പോള്‍ ശിഷ്യരുടെ സംഘത്തില്‍ച്ചേരാന്‍ അവന്‍ പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന്‍ ഒരു ശിഷ്യനാണെന്ന് അവര്‍ വിശ്വസിച്ചില്ല.
27: ബാര്‍ണബാസ് അവനെ അപ്പസ്‌തോലന്മാരുടെയടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. സാവൂള്‍, വഴിയില്‍വച്ചു കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന്, അവനോടു സംസാരിച്ചതും ദമാസ്‌ക്കസില്‍വച്ച് യേശുവിന്റെ നാമത്തില്‍ അവന്‍ ധൈര്യപൂര്‍വ്വം പ്രസംഗിച്ചതും ബാര്‍ണബാസ് അവരെ വിവരിച്ചുകേള്‍പ്പിച്ചു.
28: അനന്തരം, സാവൂള്‍ അവരോടൊപ്പം ജറുസലെമില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് കര്‍ത്താവിന്റെ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു.
29: ഗ്രീക്കുകാരോടും അവന്‍ പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
30: എന്നാല്‍, ഈ വിവരമറിഞ്ഞ സഹോദരന്മാര്‍ അവനെ കേസറിയായില്‍ കൊണ്ടുവന്ന്, താര്‍സോസിലേക്കയച്ചു.
31: അങ്ങനെ യൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയില്‍ സമാധാനമുളവായി. അതു ശക്തിപ്രാപിച്ച്, ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്കിയ സമാശ്വാസത്തിലും വളര്‍ന്നുവികസിച്ചു.

പത്രോസിന്റെ സഭാസന്ദര്‍ശനം
32: പത്രോസ് ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ ലിദായിലെ വിശുദ്ധരുടെയടുക്കലെത്തി.
33: അവിടെ ഐനെയാസ് എന്നൊരുവനെ അവന്‍ കണ്ടുമുട്ടി. അവന്‍ എട്ടു വര്‍ഷമായി തളര്‍വാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു.
34: പത്രോസ് അവനോടു പറഞ്ഞു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ്, നിന്റെ കിടക്ക ചുരുട്ടുക. ഉടന്‍തന്നെ അവനെഴുന്നേറ്റു.
35: ലിദായിലെയും സാറോണിലെയും സകലജനങ്ങളും അവനെക്കണ്ടു കര്‍ത്താവിലേക്കു തിരിഞ്ഞു.
36: യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാന്‍പേടയെന്നാണര്‍ത്ഥം. സത്കൃത്യങ്ങളിലും ദാനധര്‍മ്മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു.
37: ആയിടെ അവള്‍ രോഗം പിടിപെട്ടു മരിച്ചു. അവര്‍, അവളെ കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ, യോപ്പായുടെ സമീപത്താണ്.
38: പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യന്മാര്‍ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്കു വരണമെന്നഭ്യര്‍ത്ഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു. 
39: സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെ നിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട്, അവന്റെ ചുറ്റും നിന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ നിര്‍മ്മിച്ച വസ്ത്രങ്ങളും മേലങ്കികളും അവരവനെ കാണിച്ചു. 
40: പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാര്‍ത്ഥിച്ചു. പിന്നീട്, മൃതശരീരത്തിന്റെനേരേ തിരിഞ്ഞ്, പറഞ്ഞു: തബിത്താ, എഴുന്നേല്ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെക്കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു.
41: അവന്‍, അവളെ കൈയ്ക്കുപിടിച്ചെഴുന്നേല്പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച്, അവളെ ജീവിക്കുന്നവളായി അവരെയേല്പിച്ചു.
42: ഇതു യോപ്പാ മുഴുവന്‍ പരസ്യമായി. വളരെപ്പേര്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും ചെയ്തു.
43: അവന്‍ തുകല്‍പണിക്കാരനായ ശിമയോന്റെകൂടെ യോപ്പായില്‍ കുറേനാള്‍ താമസിച്ചു.

അദ്ധ്യായം 10


  • കൊര്‍ണേലിയൂസ്
1: കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവനുണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.
2: അവനും കുടുംബവും ദൈവഭയവും ഭക്തിയുമുള്ളവരായിരുന്നു. അവന്‍ ജനങ്ങള്‍ക്ക് ഉദാരമായി ദാനധര്‍മ്മം ചെയ്യുകയും ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തുപോന്നു.
3: ഒരു ദിവസം ഏതാണ്ട്, ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ട്, ഒരു ദൈവദൂതന്‍ ആഗതനാകുന്നത്, ഒരു ദര്‍ശനത്തില്‍, അവന്‍ വ്യക്തമായിക്കണ്ടു.
4: ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്റെ പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു.
5: യോപ്പായിലേക്കാളയച്ച്, പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.
6: അവന്‍ കടല്‍ത്തീരത്തു താമസിക്കുന്ന തുകല്പണിക്കാരന്‍ ശിമയോന്റെ വീട്ടിലുണ്ട്.
7: തന്നോടു സംസാരിച്ച ദൂതന്‍ പോയപ്പോള്‍, അവന്‍ തന്റെ രണ്ടു ഭൃത്യന്മാരെയും അംഗരക്ഷകന്മാരില്‍പ്പെട്ട വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച്,
8: എല്ലാം വിശദീകരിച്ചുകൊടുത്തതിനുശേഷം അവരെ യോപ്പായിലേക്കയച്ചു.
9: അവര്‍യാത്ര ചെയ്ത്, പിറ്റേദിവസം നഗരത്തെ സമീപിച്ചപ്പോള്‍ പത്രോസ് പ്രാര്‍ത്ഥിക്കാന്‍ മട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു.
10: അവനു വിശുന്നു. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവൻ ഭക്ഷണം തയ്യാറാക്കിക്കൊിരുപ്പോള്‍ അവനൊരു ദിവ്യാനുഭൂതിയുണ്ടായി.
11: സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം, നാലുകോണിലുംപിടിച്ച്, ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു.
12: ഭൂമിയിലെ എല്ലാത്തരം നാല്ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു.
13: ഒരു സ്വരവും അവന്‍ കേട്ടു: പത്രോസേ, എഴുന്നേല്ക്കുക; നീ ഇവയെ, കൊന്നു ഭക്ഷിക്കുക.
14: പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാനൊരിക്കലും ഭക്ഷിച്ചിട്ടില്ല.
15: രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.
16: മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്കെടുക്കപ്പെടുകയും ചെയ്തു.
17: താന്‍കണ്ട ദര്‍ശനത്തിന്റെ അര്‍ത്ഥമെന്തെന്നു പത്രോസ് സംശയിച്ചുനില്ക്കുമ്പോള്‍, കൊര്‍ണേലിയൂസയച്ച ആളുകള്‍ ശിമയോന്റെ വീടന്വേഷിച്ച്, പടിവാതില്ക്കല്‍ നില്പുണ്ടായിരുന്നു.
18: പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍ ഇവിടെയാണോ താമസിക്കുന്നതെന്ന് അവര്‍ വിളിച്ചു ചോദിച്ചു.
19: പത്രോസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ആത്മാവവനോടു പറഞ്ഞു: ഇതാ, മൂന്നുപേര്‍ നിന്നെയന്വേഷിക്കുന്നു.
20: എഴുന്നേറ്റ്, താഴേക്കു ചെല്ലുക; ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാല്‍, ഞാനാണവരെ അയച്ചിരിക്കുന്നത്.
21: പത്രോസ് താഴെവന്ന്, അവരോടു പറഞ്ഞു: നിങ്ങളന്വേഷിക്കുന്ന ആള്‍ ഞാന്‍തന്നെ. നിങ്ങള്‍ വന്നതിന്റെ ഉദ്ദേശ്യമെന്ത്?
22: അവര്‍ പറഞ്ഞു: നീതിമാനും ദൈവഭയമുള്ളവനും യഹൂദജനത്തിനുമുഴുവന്‍ സമ്മതനുമായ കൊര്‍ണേലിയൂസ് എന്ന ശതാധിപന്, നിന്നെ ആളയച്ച് വീട്ടിലേക്കു കൊണ്ടുചെല്ലണമെന്നും, നിന്റെ വാക്കുകള്‍ കേള്‍ക്കണമെന്നും ദൈവദൂതനില്‍നിന്നു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.
23: അവനവരെ അകത്തേക്കു വിളിച്ച്, അവിടെ താമസിപ്പിച്ചു. അടുത്ത ദിവസം അവന്‍ അവരോടൊപ്പം പുറപ്പെട്ടു. യോപ്പായില്‍നിന്നുള്ള ചില സഹോദരന്മാരും അവനെ അനുയാത്ര ചെയ്തു.
24: പിറ്റേ ദിവസം അവര്‍ കേസറിയായിലെത്തി. കൊര്‍ണേലിയൂസ് തന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
25: പത്രോസ് അകത്തുപ്രവേശിച്ചപ്പോള്‍ കൊര്‍ണേലിയൂസ് അവനെ സ്വീകരിച്ച്, കാല്ക്കല്‍വീണു നമസ്‌കരിച്ചു.
26: എഴുന്നേല്ക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് പത്രോസ് അവനെയെഴുന്നേല്പിച്ചു.
27: അവനോടു സംസാരിച്ചുകൊണ്ട്, പത്രോസ് അകത്തു പ്രവേശിച്ചപ്പോള്‍ വളരെപ്പേര്‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു.
28: അവനവരോടു പറഞ്ഞു: മറ്റൊരു വര്‍ഗ്ഗക്കാരനുമായി സമ്പര്‍ക്കംപുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവമെനിക്കു കാണിച്ചുതന്നിരിക്കുന്നു.
29: അതിനാല്‍, നിങ്ങള്‍ എനിക്കാളയച്ചപ്പോള്‍ യാതൊരു തടസ്സവുംപറയാതെ ഞാന്‍ വരുകയാണു ചെയ്തത്. എന്തിനാണു നിങ്ങളെനിക്ക് ആളയച്ചതെന്നു പറയുവിന്‍.
30: കൊര്‍ണേലിയൂസ് മറുപടി പറഞ്ഞു: നാലുദിവസംമുമ്പ് ഈ സമയത്ത്, വീട്ടില്‍വച്ച്, ഞാന്‍ ഒമ്പതാം മണിക്കൂറിലെ പ്രാര്‍ത്ഥന നടത്തുകയായിരുന്നു. പെട്ടെന്ന്, തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ ഒരാള്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
31: അവന്‍ പറഞ്ഞു: കൊര്‍ണേലിയൂസേ, ദൈവസന്നിധിയില്‍ നിന്റെ പ്രാര്‍ത്ഥനകളെത്തുകയും ദൈവം നിന്റെ ദാനധര്‍മ്മങ്ങള്‍ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു.
32: അതുകൊണ്ട്, യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. കടല്‍ത്തീരത്ത്, തുകല്പണിക്കാരനായ ശിമയോന്റെ വീട്ടിലാണ് അവന്‍ താമസിക്കുന്നത്.
33 : അതുകൊണ്ട്, നിന്നെ വിളിക്കാന്‍ ഞാന്‍ ഉടനെ ആളയച്ചു. നീ സൗമനസ്യത്തോടെ ഇവിടെ വരുകയും ചെയ്തു. കര്‍ത്താവു നിന്നോടാജ്ഞാപിച്ചിട്ടുള്ളതെല്ലാം കേള്‍ക്കാന്‍ ഇതാ, ദൈവസന്നിധിയില്‍ ഞങ്ങളെല്ലാവരും സന്നിഹിതരായിരിക്കുന്നു.

    പത്രോസിന്റെ പ്രസംഗം
34: പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും
35: അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.
36: സമാധാനത്തിന്റെ സദ്വാര്‍ത്ത സകലത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വിളംബരംചെയ്തുകൊണ്ട് തന്റെ വചനം, അവിടുന്ന് ഇസ്രായേല്‍മക്കള്‍ക്കു നല്കി.
37: യോഹന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച്‌, യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്കറിവുള്ളതാണല്ലോ.
38: നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകംചെയ്തുവെന്നും അവന്‍ എപ്രകാരം നന്മപ്രവര്‍ത്തിച്ചുകൊണ്ടും പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്കറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
39: യഹൂദന്മാരുടെ ദേശത്തും ജറുസലെമിലും അവന്‍ചെയ്ത എല്ലാകാര്യങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാണ്. അവരവനെ മരത്തില്‍ തൂക്കിക്കൊന്നു.
40: എന്നാല്‍, ദൈവമവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു.
41: എല്ലാവര്‍ക്കുമല്ല, സാക്ഷികളായി ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്ത ഞങ്ങള്‍ക്കുമാത്രം. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണു ഞങ്ങള്‍.
42: ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികര്‍ത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവന്‍ അവനാണെന്നു ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യംവഹിക്കാനും ഞങ്ങള്‍ക്കു കല്പന നല്കി.
43: അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനംനേടുമെന്നു പ്രവാചകന്മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.

    വിജാതീയര്‍ക്കു ജ്ഞാനസ്‌നാനം
44: പത്രോസ് ഇതുപറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവ് വന്നു.
45: വിജാതീയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു.
46: അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രോസ് പറഞ്ഞു:
47: നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്ഞാനസ്‌നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?
48: യേശുക്രിസ്തുവിന്റെ നാമത്തില്‍ അവര്‍ക്കു സ്‌നാനം നല്കാന്‍ അവന്‍ കല്പിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവരവനോടഭ്യര്‍ത്ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ