മുന്നൂറ്റിയിരുപത്തിയഞ്ചാം ദിവസം: റോമ 4 - 7


അദ്ധ്യായം 4


അബ്രാഹമിന്റെ മാതൃക
1: ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹമിനെക്കുറിച്ചെന്താണു പറയേണ്ടത്?
2: അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍, അവന് അഭിമാനത്തിനു വകയുണ്ട് - ദൈവസന്നിധിയിലല്ലെന്നുമാത്രം.
3: വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അതവനു നീതിയായി പരിഗണിക്കപ്പെട്ടു.
4: ജോലിചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്.
5: പ്രവൃത്തികള്‍കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം, നീതിയായി പരിഗണിക്കപ്പെടുന്നു.
6: പ്രവൃത്തികള്‍ നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വര്‍ണ്ണിക്കുന്നു:
7: അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവുംലഭിച്ചവന്‍ ഭാഗ്യവാന്‍.
8: കര്‍ത്താവു കുറ്റംചുമത്താത്തവന്‍ ഭാഗ്യവാന്‍.
9: പരിച്ഛേദിതര്‍ക്കുമാത്രമുള്ളതാണോ ഈ ഭാഗ്യം? അതോ, അപരിച്ഛേദിതര്‍ക്കുമുള്ളതോ? അബ്രാഹമിനു വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്നാണല്ലോ നാം പറയുന്നത്.
10: എങ്ങനെയാണതു പരിഗണിക്കപ്പെട്ടത്? അവന്‍ പരിച്ഛേദിതനായിരുന്നപ്പോഴോ? അപരിച്ഛേദിതനായിരുന്നപ്പോഴോ? പരിച്ഛേദിതനായിരുന്നപ്പോഴല്ല, അപരിച്ഛേദിതനായിരുന്നപ്പോള്‍.
11: അപരിച്ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭിച്ച നീതിയുടെ മുദ്രയായി, പരിച്ഛേദനമെന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത്, പരിച്ഛേദനംകൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ, അതവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനുമായിരുന്നു.
12: മാത്രമല്ല, അതുവഴി അവന്‍ പരിച്ഛേദിതരുടെ, പരിച്ഛേദനമേല്ക്കുകമാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹമിനു പരിച്ഛേദനത്തിനുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടെച്ചെയ്തവരുടെ പിതാവായി.

വാഗ്ദാനവും വിശ്വാസവും
13: ലോകത്തിന്റെ അവകാശിയാകുമെന്ന വാഗ്ദാനം, അബ്രാഹമിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്.
14: നിയമത്തെ ആശ്രയിക്കുന്നവര്‍ക്കാണ് അവകാശമെങ്കില്‍ വിശ്വാസം നിരര്‍ത്ഥകവും വാഗ്ദാനം നിഷ്ഫലവുമായിത്തീരും.
15: എന്തെന്നാല്‍, നിയമം ക്രോധത്തിനു ഹേതുവാണ്. നിയമമില്ലാത്തിടത്തു ലംഘനമില്ല.
16: അതിനാല്‍, വാഗ്ദാനംനല്കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതൊരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹമിന്റെ എല്ലാ സന്തതിക്കും - നിയമംലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹമിന്റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും- ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനുംവേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്.
17: ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്നെഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവുംനല്കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ച ദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നൂ, ഈ വാഗ്ദാനം.
18: നിന്റെ സന്തതി ഇപ്രകാരമായിരിക്കുമെന്നു പറയപ്പെട്ടിരുന്നതനുസരിച്ച്, താന്‍ അനേകംജനതകളുടെ പിതാവാകുമെന്ന്, പ്രതീക്ഷയ്ക്കു സാദ്ധ്യതയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.
19: നൂറുവയസ്സായ തന്റെ ശരീരം, മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നുമറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബ്ബലമായില്ല.
20: വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു.
21: വാഗ്ദാനംനിറവേറ്റാന്‍ ദൈവത്തിനുകഴിയുമെന്ന് അവനു പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്നു.
22: അതുകൊണ്ടാണ്, അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.
23: അവനതു നീതിയായിപ്പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത്, അവനെ സംബന്ധിച്ചുമാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടെയാണ്.
24: നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിനേല്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയുംചെയ്ത
25: നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും, അതു നീതിയായി പരിഗണിക്കപ്പെടും.

അദ്ധ്യായം 5 


നീതീകരണത്തിന്റെ ഫലങ്ങള്‍
1: വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തിലായിരിക്കാം.
2: നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്, അവന്‍മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവമഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍, നമുക്കഭിമാനിക്കാം.
3: മാത്രമല്ലാ, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.
4: എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയുമുളവാക്കുന്നെന്നു നാമറിയുന്നു.
5: പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ, ദൈവത്തിന്റെ സ്‌നേഹം, നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
6: നാം ബലഹീനരായിരിക്കേ, നിര്‍ണ്ണയിക്കപ്പെട്ട സമയത്ത്, ക്രിസ്തു പാപികള്‍ക്കുവേണ്ടി മരിച്ചു.
7: നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ, ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.
8: എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
9: ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.
10: നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്‍മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച.
11: മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തിലഭിമാനിക്കുകയും ചെയ്യുന്നു. അവന്‍വഴിയാണല്ലോ നാമിപ്പോള്‍ അനുരഞ്ജനംസാധിച്ചിരിക്കുന്നത്.

ആദവും ക്രിസ്തുവും
12: ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപംചെയ്തതുകൊണ്ട്, മരണം എല്ലാവരിലും വ്യാപിച്ചു.
13: നിയമം നല്കപ്പെടുന്നതിനുമുമ്പുതന്നെ പാപം ലോകത്തിലുണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല.
14: ആദത്തിന്റെ പാപത്തിനു സദൃശമായ പാപംചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യംപുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്.
15: എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു!
16: ഒരുവന്റെ പാപത്തില്‍നിന്നുളവായ ഫലംപോലെയല്ലാ, ഈ ദാനം. ഒരു പാപത്തിന്റെ ഫലമായുണ്ടായ വിധി, ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.
17: ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യംനടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധിസ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!
18: അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി, എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.
19: ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും.
20: പാപം വര്‍ദ്ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്തു; എന്നാല്‍, പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു.
21: അങ്ങനെ പാപം, മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്കു നയിക്കാന്‍ ആധിപത്യം പുലര്‍ത്തും.

അദ്ധ്യായം 6 


ക്രിസ്തുവില്‍ ജീവിക്കുന്നവര്‍
1: അപ്പോള്‍ നാമെന്താണു പറയേണ്ടത്? കൃപ സമൃദ്ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?
2: ഒരിക്കലും പാടില്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം, ഇനി അതില്‍ ജീവിക്കുന്നതെങ്ങനെ?
3: യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനംസ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
4: അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയജീവിതം നയിക്കേണ്ടതിനാണ്, അവനോടൊത്തു സംസ്കരിക്കപ്പെട്ടത്.
5: അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍, നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും.
6: നാമിനി, പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണ്ണമായ ശരീരത്തെ നശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയമനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
7: എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍നിന്നു മോചിതനായിരിക്കുന്നു.
8: നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു നാം വിശ്വസിക്കുന്നു.
9: മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്ത ക്രിസ്തു, ഇനിയൊരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെമേല്‍ ഇനിയധികാരമില്ല.
10: അവന്‍ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേയ്ക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു.
11: അതുപോലെ, നിങ്ങളും പാപത്തെസംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
12: അതുകൊണ്ട്, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍തക്കവിധം, പാപം നിങ്ങളുടെ മര്‍ത്ത്യശരീരത്തില്‍ ഭരണംനടത്താതിരിക്കട്ടെ.
13: നിങ്ങളുടെ അവയവങ്ങളെ, അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍.
14: പാപം നിങ്ങളുടെമേല്‍ ഭരണംനടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.

നീതിയുടെ അടിമകള്‍
15: അതുകൊണ്ടെന്ത്? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്ക്കു കീഴ്‌പ്പെട്ടവരാണെന്നതുകൊണ്ട്, നമുക്കു പാപംചെയ്യാമോ? ഒരിക്കലും പാടില്ല.
16: നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്റെ അടിമകളാണെന്നറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകള്‍.
17: ഒരിക്കല്‍ നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനം ഹൃദയപൂര്‍വ്വമനുസരിച്ച്,
18: പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക് അടിമകളായതിനാല്‍ ദൈവത്തിനു നന്ദി.
19: നിങ്ങളുടെ പരിമിതിനിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോളവയെ വിശുദ്ധീകരണത്തിനുവേണ്ടി നീതിക്ക് അടിമകളായി സമര്‍പ്പിക്കുവിന്‍.
20: നിങ്ങള്‍ പാപത്തിനടിമകളായിരുന്നപ്പോള്‍, നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.
21: ഇന്നു നിങ്ങള്‍ക്കു ലജ്ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന്, അന്നു നിങ്ങള്‍ക്കെന്തു ഫലംകിട്ടി? അവയുടെ അവസാനം മരണമാണ്.
22: എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി, ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്.
23: ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും.

അദ്ധ്യായം 7  


നിയമത്തില്‍നിന്നു മോചനം
1: സഹോദരരേ, നിയമത്തിന് ഒരുവന്റെമേല്‍ അധികാരമുള്ളത് അവന്‍ ജീവിച്ചിരിക്കുന്നകാലത്തുമാത്രമാണെന്നറിഞ്ഞുകൂടേ? നിയമം അറിയാവുന്നവരോടാണല്ലോ ഞാന്‍ സംസാരിക്കുന്നത്.
2: വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി, തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകുന്നു.
3: ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടുചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹംചെയ്താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല.
4: അതുപോലെ എന്റെ സഹോദരരേ, ക്രിസ്തുവിന്റെ ശരീരംമുഖേന നിയമത്തിനു നിങ്ങള്‍ മരിച്ചവരായി. ഇത് നിങ്ങള്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിക്കപ്പെട്ടവന്റെ സ്വന്തമാകേണ്ടതിനും അങ്ങനെ, നാം ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കേണ്ടതിനുമത്രേ.
5: നാം ശാരീരികാഭിലാഷങ്ങള്‍ക്കനുസരിച്ചു ജീവിച്ചിരുന്നപ്പോള്‍ മരണത്തിനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നിയമംവഴി പാപകരമായ ദുരാശകള്‍ നമ്മുടെ അവയവങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
6: ഇപ്പോളാകട്ടെ, നാം നമ്മെ അടിമപ്പെടുത്തിയിരുന്നതിനു മരിച്ച്, നിയമത്തില്‍നിന്നു മോചിതരായി. ഇത് ആത്മാവിന്റെ പുതുമയില്‍, നിയമത്തിന്റെ പഴമയിലല്ല, നാം ശുശ്രൂഷചെയ്യുന്നതിനുവേണ്ടിയാണ്.

നിയമത്തിന്റെ സ്വാധീനം
7: ആകയാല്‍ നാമെന്താണു പറയേണ്ടത്? നിയമം പാപമാണെന്നോ? ഒരിക്കലുമല്ല. എങ്കിലും, നിയമമില്ലായിരുന്നെങ്കില്‍ ഞാന്‍ പാപമെന്തെന്നറിയുമായിരുന്നില്ല. മോഹിക്കരുതെന്നു നിയമം അനുശാസിക്കാതിരുന്നെങ്കില്‍, മോഹമെന്തെന്നു ഞാനറിയുമായിരുന്നില്ല.
8: എന്നാല്‍, പ്രമാണംവഴി അവസരംകണ്ടെത്തി, പാപം എല്ലാവിധമോഹവും എന്നില്‍ ജനിപ്പിച്ചു. നിയമത്തിന്റെ അഭാവത്തില്‍ പാപം നിര്‍ജ്ജീവമാണ്.
9: ഒരു കാലത്ത്, നിയമംകൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍, പ്രമാണംവന്നപ്പോള്‍ പാപം സജീവമാവുകയും ഞാന്‍ മരിക്കുകയും ചെയ്തു.
10: ഇങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം, എനിക്കു മരണമായിത്തീര്‍ന്നു.
11: എന്തുകൊണ്ടെന്നാല്‍, പാപം, കല്പനവഴി അവസരംകണ്ടെത്തി എന്നെച്ചതിക്കുകയും അതുവഴി എന്നെക്കൊല്ലുകയുംചെയ്തു.
12: നിയമം വിശുദ്ധംതന്നെ; കല്പന വിശുദ്ധവും ന്യായവും നല്ലതുമാണ്.

പാപത്തിന്റെ സ്വാധീനം
13: അപ്പോള്‍, നന്മയായിട്ടുള്ളത് എനിക്കു മരണമായിത്തീര്‍ന്നെന്നോ? ഒരിക്കലുമില്ല, പാപമാണ്, നന്മയായിട്ടുള്ളതിലൂടെ എന്നില്‍ മരണമുളവാക്കിയത്. ഇത്, പാപം പാപമായിട്ടുതന്നെ കാണപ്പെടുന്നതിനും കല്പനവഴി പൂര്‍വ്വാധികം പാപകരമായിത്തീരുന്നതിനുംവേണ്ടിയാണ്.
14: നിയമം ആത്മീയമാണെന്നു നാമറിയുന്നു. ഞാന്‍ പാപത്തിനടിമയായിവില്ക്കപ്പെട്ട ജഡികനാണ്.
15: ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാല്‍, ഞാനിച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
16: ഞാനിച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍, നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.
17: എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്.
18: എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്മയിച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
19: ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
20: ഞാനിച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്.
21: അങ്ങനെ, നന്മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെ തിന്മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.
22: എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ലാദിക്കുന്നു. എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടുപോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത്, എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെയടിമപ്പെടുത്തുന്നു.
24: ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിനധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെയാരു മോചിപ്പിക്കും?
25: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്‌തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ