മുന്നൂറ്റിപ്പത്താം ദിവസം: യോഹന്നാന്‍ 17 - 18


അദ്ധ്യായം 17


യേശുവിന്റെ അന്തിമപ്രാര്‍ത്ഥന 
1: ഇവ പറഞ്ഞശേഷം യേശു സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: പിതാവേ, ആ മണിക്കൂർ വന്നിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്, പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
2: എന്തെന്നാല്‍, അവിടുന്ന് അവനു നല്കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ പ്രദാനംചെയ്യേണ്ടതിന്, എല്ലാവരുടെയുംമേല്‍ അവിടുന്ന്, അവനധികാരം കൊടുത്തിരിക്കുന്നുവല്ലോ.
3: ഇതാണ് നിത്യജീവന്‍: ഏകസത്യദൈവമായ അവിടുത്തെയും അങ്ങയച്ച യേശുക്രിസ്തുവിനെയും അവരറിയുക.
4: അവിടുന്ന് എന്നെയേല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട്, ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി.
5: ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.
6: ലോകത്തില്‍നിന്ന് അവിടുന്നെനിക്കു നല്കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങവരെ എനിക്കു നല്കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയുംചെയ്തു.
7: അങ്ങ്, എനിക്കു നല്കിയതെല്ലാം അങ്ങില്‍നിന്നാണെന്ന് അവര്‍ ഇപ്പോളറിയുന്നു.
8: എന്തെന്നാല്‍, അങ്ങെനിക്കു നല്കിയ വചനം, ഞാനവര്‍ക്കു നല്കി. അവരതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങെന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു.
9: ഞാന്‍ അവര്‍ക്കുവേണ്ടിയാണു യാചിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കുവേണ്ടിയാണു യാചിക്കുന്നത്. എന്തെന്നാല്‍, അവര്‍ അങ്ങേയ്ക്കുള്ളവരാണ്.
10: എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അങ്ങേയ്ക്കുള്ളതെല്ലാം എന്റേതും. ഞാന്‍ അവയില്‍ മഹത്വപ്പെട്ടിരിക്കുന്നു.
11: ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെയടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്കിയ അവരെ, അങ്ങേ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ!
12: ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങെനിക്കുനല്കിയ അവരെ, അങ്ങേനാമത്തില്‍ ഞാൻ സംരക്ഷിച്ചു; ഞാനവരെ കാത്തുസൂക്ഷിച്ചു. ലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരിലാരും നഷ്ടപ്പെട്ടിട്ടില്ല.
13: എന്നാല്‍, ഇപ്പോളിതാ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത്, എന്റെ സന്തോഷം അവരിൽ പൂര്‍ണ്ണമായി ഉണ്ടാകേണ്ടതിനാണ്.
14: അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്റേതല്ലാത്തപോലെ അവരും ലോകത്തിന്റേതല്ല.
15: ലോകത്തില്‍നിന്ന് അവരെ അവിടുന്ന് എടുക്കണമെന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാന്‍ യാചിക്കുന്നത്.
16: ഞാന്‍ ലോകത്തിന്റേതല്ലാത്തപോലെ അവരും ലോകത്തിന്റേതല്ല.
17: അവരെ, അങ്ങു സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണു സത്യം.
18: അങ്ങ്, എന്നെ ലോകത്തിലേക്കയച്ചപോലെ ഞാനുമവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.
19: അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
20: അവര്‍ക്കുവേണ്ടിമാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടെയാണു ഞാന്‍ യാചിക്കുന്നത്.
21: അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങെന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നപോലെ അവരും നമ്മിലായിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം വിശ്വസിക്കുന്നതിനുംവേണ്ടി!
22: നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്, അങ്ങ് എനിക്കുതന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്കിയിരിക്കുന്നു.
23: അവര്‍ പൂര്‍ണ്ണമായും ഒന്നാകേണ്ടതിന്, ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങെന്നെ അയച്ചുവെന്നും അങ്ങെന്നെ സ്‌നേഹിച്ചപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകമറിയട്ടെ.
24: പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അങ്ങളുടെ സ്‌നേഹത്താല്‍ അങ്ങെനിക്കു മഹത്വംനല്കി. അതു കാണാന്‍, അങ്ങെനിക്കു നല്കിയവരും ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ ആയിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
25: നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാനങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അങ്ങാണയച്ചതെന്ന് ഇവരുമറിഞ്ഞിരിക്കുന്നു.
26: അങ്ങയുടെ നാമം, അവരെ ഞാനറിയിച്ചു. അങ്ങെനിക്കു നല്കിയ സ്‌നേഹം, അവരിലുണ്ടാകേണ്ടതിനും ഞാന്‍ അവരിലായിരിക്കേണ്ടതിനുമായി ഞാനിനിയും അതറിയിക്കും.

അദ്ധ്യായം 18


യേശുവിനെ ബന്ധിക്കുന്നു.
1: ഇവ പറഞ്ഞശേഷം, യേശു ശിഷ്യന്മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടമുണ്ടായിരുന്നു. അവനും ശിഷ്യന്മാരും അതില്‍ പ്രവേശിച്ചു.
2: അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലമറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ സമ്മേളിക്കുമായിരുന്നു.
3: യൂദാസ്, ഒരുഗണം പടയാളികളെയും 
പ്രധാനപുരോഹിതന്മാരുടേയും ഫരിസേയരുടേയും അടുക്കല്‍നിന്നു സേവകരെയുംകൂട്ടി, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി അവിടെയെത്തി.
4: തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു, മുന്നോട്ടുവന്ന്, അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണന്വേഷിക്കുന്നത്?
5: അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: ഞാൻ ആകുന്നു. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെയുണ്ടായിരുന്നു.
6: ഞാൻ ആകുന്നു എന്ന്, അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു.
7: അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ ആരെയന്വേഷിക്കുന്നു? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ.
8: യേശു പ്രതിവചിച്ചു: ഞാൻ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞല്ലോ. നിങ്ങള്‍ എന്നെയാണന്വേഷിക്കുന്നതെങ്കില്‍, ഇവര്‍ പൊയ്‌ക്കൊള്ളട്ടെ.
9: നീ എനിക്കു തന്നവരില്‍ ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് അവന്‍ പറഞ്ഞവചനം പൂര്‍ത്തിയാകാന്‍വേണ്ടിയായിരുന്നു ഇത്.
10: ശിമയോന്‍ പത്രോസ് വാളൂരി, പ്രധാനപുരോഹിതന്റെ ഭൃത്യനെ വെട്ടി, അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മല്‍ക്കോസ് എന്നായിരുന്നു.
11: യേശു പത്രോസിനോടു പറഞ്ഞു: വാള്‍ ഉറയിലിടുക. പിതാവ്, എനിക്കു നല്കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?
12: അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരുംകൂടെ യേശുവിനെപ്പിടിച്ചു ബന്ധിച്ചു.

പ്രധാനപുരോഹിതന്റെ മുമ്പില്‍
13: അവര്‍, അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യാഫാസിന്റെ ഭാര്യാപിതാവായിരുന്നു.
14: ജനത്തിനുവേണ്ടി ഒരാള്‍ മരിക്കുന്നതു യുക്തമാണെന്ന്, യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.

പത്രോസ് തള്ളിപ്പറയുന്നു.
15: ശിമയോന്‍ പത്രോസും മറ്റൊരുശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ മഹാപുരോഹിതനു പരിചയമുണ്ടായിരുന്നതിനാല്‍, അവന്‍ യേശുവിനോടുകൂടെ, മഹാപുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.
16: പത്രോസാകട്ടെ പുറത്തു വാതില്‍ക്കല്‍ നിന്നു. അതിനാല്‍ മഹാപുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച്, പത്രോസിനെയും അകത്തുപ്രവേശിപ്പിച്ചു.
17: അപ്പോള്‍ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിലൊരുവനല്ലേ? അവന്‍ പറഞ്ഞു: ഞാനല്ലാ.
18: തണുപ്പായതിനാല്‍, ഭൃത്യരും സേവകരും കനൽകൂട്ടി, തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീകാഞ്ഞുകൊണ്ടിരുന്നു.

പ്രധാനപുരോഹിതന്‍ ചോദ്യംചെയ്യുന്നു.
19: മഹാപുരോഹിതന്‍, യേശുവിനെ അവന്റെ ശിഷ്യരേയും പ്രബോധനത്തെയുംകുറിച്ചു ചോദ്യംചെയ്തു.
20: യേശു മറുപടി പറഞ്ഞു: ഞാന്‍ പരസ്യമായാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാനൊന്നും സംസാരിച്ചിട്ടില്ല.
21: എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം.
22: അവന്‍ ഇതുപറഞ്ഞപ്പോള്‍ അടുത്തുനിന്നിരുന്ന സേവകന്മാരിലൊരുവന്‍, ഇങ്ങനെയാണോ മഹാപുരോഹിതനോടു മറുപടി പറയുന്നത്, എന്നു ചോദിച്ചുകൊണ്ട് യേശുവിനെ അടിച്ചു.
23: യേശു അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ, എന്നെ അടിക്കുന്നു?
24: അപ്പോള്‍ അന്നാസ് യേശുവിനെ ബന്ധിച്ച്, കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.

പത്രോസ് വീണ്ടും തള്ളിപ്പറയുന്നു.
25: ശിമയോന്‍പത്രോസ് തീകാഞ്ഞുകൊണ്ടു നില്ക്കുകയായിരുന്നു. അപ്പോള്‍ അവരവനോടു ചോദിച്ചു: നീയും അവന്റെ ശിഷ്യന്മാരിലൊരുവനല്ലേ? അവന്‍ നിഷേധിച്ചുകൊണ്ട് പറഞ്ഞു: ഞാനല്ലാ.
26: മഹാപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ്, ചെവി ഛേദിച്ചവന്റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ?
27: പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂകി.

പീലാത്തോസിന്റെ മുമ്പില്‍
28 : യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.
29: അതിനാല്‍ പീലാത്തോസ്, പുറത്ത്, അവരുടെയടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്?
30: അവര്‍ പറഞ്ഞു: ഇവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങളിവനെ നിനക്കേല്പിച്ചുതരുകയില്ലായിരുന്നു.
31: പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെക്കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.
32: ഏതുവിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട്, യേശു പറഞ്ഞവചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
33: പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച്, യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?
34: യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
35: പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനവും പ്രധാനപുരോഹിതന്മാരുമാണ് നിന്നെ എനിക്കേല്പിച്ചു തന്നത്. നീ എന്താണുചെയ്തത്?
36: യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍, എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല.
37: പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ്, അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്ഷ്യംനല്കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
38: പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?

മരണത്തിനു വിധിക്കപ്പെടുന്നു.
39: ഇതു ചോദിച്ചിട്ട്, അവന്‍ വീണ്ടും യഹൂദരുടെയടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടേ?
40: ഈ മനുഷ്യനെയല്ല, ബറാബ്ബാസിനെ എന്ന്, അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ബറാബ്ബാസാകട്ടെ, കൊള്ളക്കാരനായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ