മുന്നൂറ്റിപ്പതിനൊന്നാം ദിവസം: യോഹന്നാന്‍ 19 - 21


അദ്ധ്യായം 19


1: പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു;
2: ഒരു ചെമന്നമേലങ്കി, അവനെയണിയിച്ചു. 
3: അവര്‍ അവന്റെയടുക്കല്‍വന്ന്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ്, കൈകൊണ്ട്, അവന്റെ കരണത്തടിച്ചു.
4: പീലാത്തോസ് വീണ്ടും പുറത്തുവന്ന്, അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാന്‍ അവനില്‍ കാണുന്നില്ലെന്നു നിങ്ങളറിയാന്‍ ഇതാ, അവനെ നിങ്ങളുടെയടുത്തേക്കു കൊണ്ടുവരുന്നു.
5: മുള്‍ക്കിരീടവും ചെമന്നമേലങ്കിയും ധരിച്ച്, യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!
6: അവനെക്കണ്ടപ്പോള്‍ പ്രധാനപുരോഹിതന്മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാനവനില്‍ ഒരു കുറ്റവും കാണുന്നില്ല.
7: യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച്, ഇവന്‍മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.
8: ഇതുകേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു.
9: അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്? യേശു മറുപടിയൊന്നും പറഞ്ഞില്ല.
10: പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്കധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
11: യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം, കൂടുതല്‍ വലുതാണ്.
12: അപ്പോള്‍മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമംതുടങ്ങി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ആരും സീസറിന്റെ വിരോധിയാണ്.
13: ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേശുവിനെ പുറത്തേക്കുകൊണ്ടുവന്ന്, കല്‍ത്തളം - ഹെബ്രായഭാഷയില്‍ ഗബ്ബാത്ത - എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌, ന്യായാസനത്തിലിരുന്നു.
14: അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാംമണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:
15: ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെക്കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പ്രധാനപുരോഹിതന്മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.
16:
അപ്പോളവന്‍, യേശുവിനെ ക്രൂശിക്കാനായി, അവര്‍ക്കേല്പിച്ചുകൊടുത്തു.

യേശുവിനെ ക്രൂശിക്കുന്നു
17: അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശുചുമന്നുകൊണ്ട്, തലയോടിടം - ഹെബ്രായഭാഷയില്‍ ഗോല്‍ഗോഥാ - എന്നുവിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.
18: അവിടെ അവരവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മദ്ധ്യത്തിലും അവരെ ഇരുവശങ്ങളിലുമായി.
19: പീലാത്തോസ് ഒരു ശീര്‍ഷകമെഴുതി, കുരിശിനു മുകളില്‍ വച്ചു. അതിങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.
20: യേശുവിനെ ക്രൂശിച്ചസ്ഥലം, പട്ടണത്തിനു സമീപമായിരുന്നതിനാല്‍, യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അതു ഹീബ്രുവിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.
21: യഹൂദരുടെ പ്രധാനപുരോഹിതന്മാര്‍ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാകുന്നു എന്ന്, അവന്‍ പറഞ്ഞു എന്നാണെഴുതേണ്ടത്.
22: പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത്, എഴുതി.
23: പടയാളികള്‍ യേശുവിനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവരെടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.
24: ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്കതു കീറേണ്ടാ; പകരം, അതാരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്, പടയാളികള്‍ ഇപ്രകാരം ചെയ്തത്.
25: യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.
26: യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ചിരുന്ന ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട്, അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .
27: അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തമായി സ്വീകരിച്ചു.

യേശുവിന്റെ മരണം
28: അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്നറിഞ്ഞ്, തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.
29: ഒരു പാത്രംനിറയെ ചവർപ്പുള്ള വീഞ്ഞ്, അവിടെയുണ്ടായിരുന്നു. അവര്‍ ചവർപ്പുള്ള ആ വീഞ്ഞില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി, ഹിസോപ്പുതണ്ടില്‍വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.
30: യേശു ആ വീഞ്ഞു രുചിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്ച്ച്, ആത്മാവിനെകൈമാറി.

പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു
31: അതു സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത്, ഒരു വലിയദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ക്കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോടാവശ്യപ്പെട്ടു.
32: അതിനാല്‍ പടയാളികള്‍വന്ന്, അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.
33: അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞുവെന്നുകണ്ടതിനാൽ, അവന്റെ കാലുകള്‍ തകര്‍ത്തില്ല. 
34: എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ വിലാവിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും ജലവും പുറത്തുവന്നു.
35: അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന്, താന്‍ സത്യമാണു പറയുന്നതെന്ന് അവനറിയുകയുംചെയ്യുന്നു.
36: അവന്റെ അസ്ഥി തകര്‍ക്കപ്പെടുകയില്ലെന്ന ലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്.
37: മറ്റൊരു ലിഖിതം പറയുന്നു: തങ്ങള്‍ കുത്തിത്തുളച്ചവനെ അവര്‍ നോക്കും.

യേശുവിനെ സംസ്‌കരിക്കുന്നു.
38: യഹൂദരോടുള്ള ഭയംനിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ്, യേശുവിന്റെ ശരീരമെടുത്തുമാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദംനല്കി. അവന്‍ വന്ന്, ശരീരമെടുത്തു മാറ്റി.
39: യേശുവിനെ ആദ്യം, രാത്രിയില്‍ച്ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും അകിലുംചേര്‍ന്ന, ഏകദേശം നൂറു റാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിരുന്നു.
40: അവൻ യേശുവിന്റെ ശരീരമെടുത്ത്, യഹൂദരുടെ മൃതസംസ്‌കാരരീതിയനുസരിച്ച്, സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍പ്പൊതിഞ്ഞു.
41: അവന്‍ ക്രൂശിക്കപ്പെട്ടസ്ഥലത്ത്, ഒരു തോട്ടവും ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു.
42: യഹൂദരുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു.

അദ്ധ്യായം 20


ശൂന്യമായ കല്ലറ
1: ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലെ, ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം കല്ലറയുടെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
2: അവള്‍ ഉടനെ ഓടി, ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേശിഷ്യന്റെയും അടുത്തെത്തിപ്പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
3: പത്രോസ് ഉടനെ, മറ്റേശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ചോടി.
4: എന്നാല്‍, മറ്റേശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍വേഗമോടി, ആദ്യം കല്ലറയുടെയടുത്തെത്തി.
5: കുനിഞ്ഞുനോക്കിയപ്പോള്‍, കച്ചകിടക്കുന്നത് അവന്‍ കണ്ടു. എങ്കിലുമവന്‍ അകത്തു പ്രവേശിച്ചില്ല.
6: അവന്റെ പിന്നാലെ വന്ന, ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു.
7: കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല, കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവന്‍ കണ്ടു.
8: അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യമെത്തിയ മറ്റേശിഷ്യനും അകത്തുപ്രവേശിച്ച്, കണ്ടുവിശ്വസിച്ചു.
9: അവന്‍ മരിച്ചവരില്‍നിന്ന്, ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നുവെന്ന തിരുവെഴുത്ത്, അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല.
10: അനന്തരം ശിഷ്യന്മാര്‍ വീടുകളിലേക്കു മടങ്ങിപ്പോയി. 

യേശു, മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു.
11: മറിയം കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
12: വെള്ളവസ്ത്രംധരിച്ച രണ്ടു ദൂതന്മാര്‍, യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു.
13: അവരവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള്‍ പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവരവനെ എവിടെയാണുവച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.
14: ഇതുപറഞ്ഞിട്ട്, പുറകോട്ടുതിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല.
15: യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച്, അവള്‍ പറഞ്ഞു: പ്രഭോ, അങ്ങവനെ എടുത്തുമാറ്റിയെങ്കില്‍, എവിടെവച്ചുവെന്ന് എന്നോടു പറയുക. ഞാനവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം.
16: യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ്, 
 ഗുരു എന്നര്‍ത്ഥമുള്ള, റബ്ബോനീ എന്ന്, ഹെബ്രായഭാഷയില്‍ വിളിച്ചു.
17: യേശു പറഞ്ഞു: നീ എന്നെ സ്പർശിക്കരുത്. ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. എന്നാൽ നീ എന്റെ സഹോദരന്മാരുടെയടുത്തുചെന്ന്, ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും പക്കലേക്ക് ആരോഹണംചെയ്യുന്നു എന്ന്, അവരോടു പറയുക.
18: മഗ്ദലേനമറിയംചെന്ന്, ഞാന്‍ കര്‍ത്താവിനെക്കണ്ടെന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞെന്നും ശിഷ്യന്മാരെയറിയിച്ചു.

ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു
19: ആഴ്ചയുടെ ആദ്യദിവസമായ അന്നുവൈകിട്ട്, ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന്, കതകടച്ചിരിക്കെ, യേശു വന്ന്. അവരുടെമദ്ധ്യേ നിന്ന്, അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
20: ഇപ്രകാരം പറഞ്ഞുകൊണ്ട്, അവന്‍ തന്റെ കൈകളും വിലാവും അവരെക്കാണിച്ചു. കര്‍ത്താവിനെക്കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു.
21: യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
22: ഇതുപറഞ്ഞിട്ട്, അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്, അവരോട് അരുൾചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.
23: നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

തോമസിന്റെ സംശയം
24: പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25: അതുകൊണ്ടു മറ്റുശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെക്കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ വിലാവില്‍ എന്റെ കൈവയ്ക്കുകയുംചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
26: എട്ടുദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടിലായിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകളടച്ചിരുന്നു. യേശുവന്ന്, അവരുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
27: അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെക്കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈനീട്ടി എന്റെ വിലാവിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
28: തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
29: യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
30: ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
31: എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുന്നതുനിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവനുണ്ടാകുന്നതിനുംവേണ്ടിയാണ്.

അദ്ധ്യായം 21


യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു
1: ഇതിനുശേഷം യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്‍ക്ക്, വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:
2: ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിപുത്രന്മാര്‍ എന്നിവരും വേറെ രണ്ടുശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു.
3: ശിമയോന്‍ പത്രോസ് അവരോടു പറഞ്ഞു: ഞാന്‍ മീന്‍പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍പോയി, വള്ളത്തില്‍ക്കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നുംകിട്ടിയില്ല.
4: ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്മാരറിഞ്ഞില്ല.
5: യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെപക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരംപറഞ്ഞു.
6: അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തുവശത്തേക്കു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കണ്ടെത്തും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യംനിമിത്തം അതു വലിച്ചുകയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
7: യേശുസ്‌നേഹിച്ച, ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ വിവസ്ത്രനായിരുന്നതുകൊണ്ട്, പുറങ്കുപ്പായം എടുത്തുധരിച്ചു കടലിലേക്കു ചാടി.
8: എന്നാല്‍, മറ്റു ശിഷ്യന്മാര്‍ മീന്‍നിറഞ്ഞ വലയുംവലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.
9: കരയ്ക്കിറങ്ങിയപ്പോള്‍ കനൽ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു.
10: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍പ്പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.
11: ഉടനെ ശിമയോന്‍പത്രോസ് വള്ളത്തില്‍ക്കയറി വലിയമത്സ്യങ്ങള്‍കൊണ്ടുനിറഞ്ഞ വല വലിച്ചു കരയ്ക്കുകയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികമുണ്ടായിരുന്നിട്ടും വല കീറിയില്ല.
12: യേശു പറഞ്ഞു: വന്നു പ്രാതല്‍കഴിക്കുവിന്‍. ശിഷ്യന്മാരിലാരും അവനോട് നീയാരാണെന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവരറിഞ്ഞിരുന്നു.
13: യേശു വന്ന്, അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും.
14: യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാംപ്രാവശ്യമാണ്.

പത്രോസ് അജപാലകന്‍
15: അവരുടെ പ്രാതല്‍കഴിഞ്ഞപ്പോള്‍ യേശു, ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാളധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.
16: രണ്ടാംപ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
17: അവന്‍ മൂന്നാംപ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീയെന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാംപ്രാവശ്യവും നീയെന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട്, പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാമറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെന്നും നീ മനസ്സിലാക്കുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
18: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍, നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോകുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.
19: ഇത് അവന്‍ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോടു 
പറഞ്ഞു: എന്നെയനുഗമിക്കുക.

യേശുവും വത്സലശിഷ്യനും
20: പത്രോസ് തിരിഞ്ഞുനോക്കിയപ്പോള്‍, യേശു സ്‌നേഹിച്ചശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സില്‍ ചാരിക്കിടന്നുകൊണ്ട്, കര്‍ത്താവേ, നിന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നത് 
ആരാണെന്നു ചോദിച്ചത്.
21: അവനെക്കണ്ടപ്പോള്‍ പത്രോസ് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്റെ കാര്യമോ?
22: യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവനുണ്ടായിരിക്കണമെന്നാണ്, എന്റെഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെയനുഗമിക്കുക.
23: ആ ശിഷ്യന്‍ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരന്മാരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവനുണ്ടായിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍, നിനക്കെന്ത് എന്നാണ്.
24: ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യംനല്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം.
25: യേശുചെയ്ത മറ്റനേകം കാര്യങ്ങളുമുണ്ട്. അവയോരോന്നും എഴുതിയിരുന്നെങ്കില്‍, എഴുതപ്പെടുന്ന ഈ  ഗ്രന്ഥങ്ങള്‍ 
 ലോകത്തിന് ഉള്‍ക്കൊള്ളാനാകുകയില്ലെന്നു ഞാൻ കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ