മുന്നൂറ്റിമുപ്പതാം ദിവസം: 1 കൊറിന്തോസ് 5 - 8


അദ്ധ്യായം 5


അസാന്മാര്‍ഗ്ഗികതയ്‌ക്കെതിരേ
1: വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളിലൊരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ക്കഴിയുന്നു!
2: എന്നിട്ടും നിങ്ങളഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്നു നീക്കിക്കളയുവിന്‍.
3: ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാനവിടെ സന്നിഹിതനായി, ഈ പ്രവൃത്തിചെയ്തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു.
4: നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്മീയസാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്റെ അധികാരമുപയോഗിച്ച്, ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മചെയ്യേണ്ടതിന് പിശാചിനേല്പിച്ചുകൊടുക്കണം.
5: അങ്ങനെ അവന്റെ ആത്മാവ്, കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ രക്ഷപ്രാപിക്കട്ടെ.
6: നിങ്ങളുടെ ആത്മപ്രശംസ ഒട്ടുംനന്നല്ല. അല്പം പുളിപ്പ്, മുഴുവന്‍മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്കറിവുള്ളതല്ലേ?
7: നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവാകേണ്ടതിന്, പഴയ പുളിപ്പു നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
8: അതിനാല്‍, അശുദ്ധിയും തിന്മയുമാകുന്ന പഴയപുളിപ്പുകൊണ്ടല്ല, ആത്മാര്‍ത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട്, നമുക്കു തിരുനാളാഘോഷിക്കാം.
9: വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാനെഴുതിയിരുന്നല്ലോ.
10: ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടിവരുമായിരുന്നു.
11: പ്രത്യുത, സഹോദരനെന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗ്ഗംപാടില്ലെന്നാണ്, ഞാനെഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണംകഴിക്കുകപോലുമരുത്.
12: പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്?
13: പുറമേയുള്ളവരെ ദൈവം വിധിച്ചുകൊള്ളും. ദുഷ്ടനെ നിങ്ങളുടെയിടയില്‍നിന്നു നീക്കിക്കളയുവിന്‍.

അദ്ധ്യായം 6


വിശ്വാസികളുടെ വ്യവഹാരം
1: നിങ്ങളിലാര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍, അവന്‍ വിശുദ്ധരെ സമീപിക്കുന്നതിനുപകരം നീതിരഹിതരായ വിജാതീയരുടെ വിധിതേടാന്‍ മുതിരുന്നുവോ?
2: വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്കറിവില്ലേ? നിങ്ങള്‍ ലോകത്തെ വിധിക്കേണ്ടവരായിരിക്കേ, നിസ്സാരകാര്യങ്ങളെക്കുറിച്ചു വിധികല്പിക്കാന്‍ അയോഗ്യരാകുന്നതെങ്ങനെ?
3: ദൂതന്മാരെ വിധിക്കേണ്ടവരാണു നാം എന്നു നിങ്ങള്‍ക്കറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹികകാര്യങ്ങളെപ്പറ്റിപ്പറയാനുണ്ടോ?
4: ഐഹികകാര്യങ്ങളെക്കുറിച്ചു വിധിപറയേണ്ടിവരുമ്പോള്‍, സഭ അല്പവും വിലമതിക്കാത്തവരെ നിങ്ങള്‍ ന്യായാധിപരായി അവരോധിക്കുന്നുവോ?
5: നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍തമ്മിലുള്ള വഴക്കുകള്‍തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നുവരുമോ?
6: സഹോദരന്‍ സഹോദരനെതിരേ പരാതിയുമായി, ന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെ ന്യായാസനത്തെ!
7: നിങ്ങള്‍തമ്മില്‍ വ്യവഹാരങ്ങളുണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ടു ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ?
8: നിങ്ങള്‍തന്നെ സഹോദരനെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!
9: അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യമവകാശമാക്കുകയില്ലെന്നു നിങ്ങളറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും
10: കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യമവകാശമാക്കുകയില്ല.
11: നിങ്ങളില്‍ച്ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും സ്നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയുംചെയ്തു. 

പരിശുദ്ധാത്മാവിന്റെ ആലയം
12: എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെയടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല.
13: ആഹാരമുദരത്തിനും ഉദരം ആഹാരത്തിനുംവേണ്ടിയുള്ളതാണ് - ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും. ശരീരം ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല; പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ത്താവ്, ശരീരത്തിനുംവേണ്ടിയുള്ളതാണ്.
14: ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയും അവിടുന്നുയിര്‍പ്പിക്കും.
15: നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല!
16: വേശ്യയുമായി വേഴ്ചനടത്തുന്നവന്‍ അവളോട് ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങള്‍ക്കറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവരിരുവരും ഒരു ശരീരമായിത്തീരും.
17: കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു.
18: വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ചെയ്യുന്ന മറ്റുപാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരംചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപംചെയ്യുന്നു.
19: നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.
20: നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍, ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

അദ്ധ്യായം 7

    
    വിവാഹബന്ധത്തെപ്പറ്റി
    1: ഇനി നിങ്ങള്‍ എഴുതിച്ചോദിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷനു നല്ലത്. 
    2: എന്നാല്‍, വ്യഭിചാരംചെയ്യാന്‍ പ്രലോഭനങ്ങളുണ്ടാകാമെന്നതുകൊണ്ട്, പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്‍ത്താവുമുണ്ടായിരിക്കട്ടെ.
    3: ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മ്മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.
    4: ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണധികാരം. 
    5: പ്രാർത്ഥനാജീവിതത്തിനായി, ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്പരംനല്കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചുചേരുകയുംവേണം. അല്ലാത്തപക്ഷം, നിങ്ങളുടെ സംയമനക്കുറവുനിമിത്തം പിശാച് നിങ്ങളെ പ്രലോഭിപ്പിക്കും.
    6: ഇത് ഒരാനുകൂല്യമായിട്ടാണു ഞാന്‍ പറയുന്നത്, കല്പനയായിട്ടല്ല. 
    7: എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിലെന്നു ഞാനാശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേകദാനങ്ങളാണല്ലോ ലഭിക്കുന്നത്.
    8: അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെയായിരിക്കുന്നതാണ് അവര്‍ക്കു നല്ലത്.
    9: എന്നാല്‍, സംയമനംസാദ്ധ്യമല്ലാത്തവര്‍ വിവാഹംചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍, വിവാഹിതരാകുന്നതാണു നല്ലത്.
    10: വിവാഹിതരോടു ഞാന്‍ കല്പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്.
    11: അഥവാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കരുത്.
    12: ശേഷമുള്ളവരോടു കര്‍ത്താവല്ല, ഞാന്‍തന്നെ പറയുന്നു, ഏതെങ്കിലും സഹോദരന്, അവിശ്വാസിനിയായ ഭാര്യയുണ്ടായിരിക്കുകയും അവള്‍ അവനോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയുംചെയ്താല്‍ അവന്‍ അവളെയുപേക്ഷിക്കരുത്.
    13: ഏതെങ്കിലും സ്ത്രീക്ക് അവിശ്വാസിയായ ഭര്‍ത്താവുണ്ടായിരിക്കുകയും അവന്‍ അവളോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയുംചെയ്താല്‍ അവള്‍ അവനെയുപേക്ഷിക്കരുത്. 
    14: എന്തെന്നാല്‍, അവിശ്വാസിയായ ഭര്‍ത്താവ്, ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ, ഭര്‍ത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധരാകുമായിരുന്നു. എന്നാല്‍, ഈ സ്ഥിതിയില്‍ അവര്‍ വിശുദ്ധരത്രേ.
    15: അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണു വിളിച്ചിരിക്കുന്നത്. 
    16: അല്ലയോ സ്ത്രീ, നിനക്കു ഭര്‍ത്താവിനെ രക്ഷിക്കാനാവുമോയെന്ന് എങ്ങനെയറിയാം? അല്ലയോ പുരുഷാ, നിനക്കു ഭാര്യയെ രക്ഷിക്കാനാവുമോയെന്ന് എങ്ങനെയറിയാം?

    വിളിയനുസരിച്ചു ജീവിക്കുക
    17: ദൈവത്തിന്റെ നിയോഗവും വിളിയുമനുസരിച്ച്, ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്പിക്കുന്നത്.
    18: ആരെങ്കിലും ദൈവവിളി സ്വീകരിക്കുമ്പോള്‍ പരിച്ഛേദനംചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെയടയാളങ്ങള്‍ മാറ്റാന്‍ശ്രമിക്കേണ്ടാ. ആരെങ്കിലും വിളി സ്വീകരിക്കുമ്പോള്‍ പരിച്ഛേദനംചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ പിന്നെ പരിച്‌ഛേദനംചെയ്യേണ്ടതില്ല.
    19: പരിച്ഛേദിതനോ അപരിച്ഛേദിതനോ എന്നു നോക്കേണ്ട; ദൈവകല്പനകള്‍പാലിക്കുകയെന്നതാണു സര്‍വ്വപ്രധാനം.
    20: വിളിക്കപ്പെട്ടപ്പോഴുള്ള അവസ്ഥയില്‍ത്തന്നെ ഓരോരുത്തരും തുടര്‍ന്നുകൊള്ളട്ടെ.
    21: ദൈവം നിന്നെ വിളിച്ചപ്പോള്‍ നീ അടിമയായിരുന്നുവോ? സാരമില്ല. സ്വതന്ത്രനാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്തിക്കൊള്ളുക.
    22: എന്തെന്നാല്‍, അടിമയായിരിക്കുമ്പോള്‍ കര്‍ത്താവിന്റെ വിളിലഭിച്ചവന്‍ കര്‍ത്താവിനാല്‍ സ്വതന്ത്രനാക്കപ്പെട്ടവനാണ്. അതുപോലെതന്നെ, സ്വതന്ത്രനായിരിക്കുമ്പോള്‍ വിളി ലഭിച്ചവന്‍ ക്രിസ്തുവിന്റെ അടിമയുമാണ്.
    23: നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്.
    24: അതുകൊണ്ടു സഹോദരരേ, ഏതവസ്ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടൊത്തു നിലനില്ക്കുവിന്‍. 

    അവിവാഹിതരും വിധവകളും
    25: അവിവാഹിതരെപ്പറ്റി കര്‍ത്താവിന്റെ കല്പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്തനായിരിക്കാന്‍ കര്‍ത്താവില്‍നിന്നു കരുണലഭിച്ചവന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം ഞാന്‍ പറയുന്നു.
    26: ആസന്നമായ വിപത്‌സന്ധി കണക്കിലെടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു.
    27: നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ.
    28: നീ വിവാഹംകഴിക്കുന്നെങ്കില്‍ അതില്‍ പാപമില്ല. കന്യക വിവാഹിതയായാല്‍ അവളും പാപംചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവര്‍ക്കു ലൗകികക്ലേശങ്ങളുണ്ടാകും. അതില്‍നിന്നു നിങ്ങളെ ഒഴിവാക്കാനാണ് എന്റെ ശ്രമം.
    29: സഹോദരരേ, സമയം പരിമിതമാണ്. ഇനിമേല്‍ ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും വിലപിക്കുന്നവര്‍
    30: വിലപിക്കാത്തവരെപ്പോലെയും ആഹ്ലാദിക്കുന്നവര്‍ ആഹ്ലാദിക്കാത്തവരെപ്പോലെയും വാങ്ങുന്നവര്‍, ഒന്നും കൈവശമില്ലാത്തവരെപ്പോലെയും
    31: ലോകകാര്യങ്ങളിലിടപെടുന്നവര്‍ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
    32: നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാകരുതെന്നു ഞാനാഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച്, കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരനാകുന്നു.
    33: വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച്, ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു.
    34: അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധിപാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു.
    35: ഞാനിതു പറയുന്നതു നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്കുചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവുമുണ്ടാകാന്‍വേണ്ടിയാണ്.
    36: ഒരുവനു തന്റെ കന്യകയോടു സംയമനത്തോടുകൂടെപ്പെരുമാറാന്‍ സാധിക്കുകയില്ലെന്നുതോന്നിയാല്‍, അവള്‍ യൗവ്വനത്തിന്റെ വസന്തംപിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹംകഴിക്കട്ടെ; അതു പാപമല്ല.
    37: എന്നാല്‍, ആത്മസംയമനംപാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയംചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്.
    38: തന്റെ കന്യകയെ വിവാഹംചെയ്യുന്നവന്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, വിവാഹംചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്‌ളാഘനീയനാണ്.
    39: ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം ഭാര്യയുടെ വിവാഹബന്ധം നിലനില്ക്കുന്നു. ഭര്‍ത്താവു മരിച്ചുപോയാല്‍, ഭാര്യയ്ക്കിഷ്ടമുള്ളവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതു കര്‍ത്താവിനു യോജിച്ചവിധത്തിലായിരിക്കണമെന്നുമാത്രം.
    40: എന്റെ അഭിപ്രായത്തില്‍ വിധവയായിത്തന്നെ കഴിയുന്നതാണ് അവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. ദൈവാത്മാവ് എനിക്കുമുണ്ടെന്നു ഞാന്‍ കരുതുന്നു.

അദ്ധ്യായം 8

    
വിഗ്രഹാര്‍പ്പിത ഭക്ഷണം
1: ഇനി, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിപ്പറയാം. ഇക്കാര്യത്തില്‍ നമുക്കറിവുണ്ടെന്നാണല്ലോ സങ്കല്പം. അറിവ്, അഹന്ത ജനിപ്പിക്കുന്നു; സ്‌നേഹമോ ആത്മീയോത്കര്‍ഷംവരുത്തുന്നു.
2: അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടതറിയുന്നില്ല.
3: എന്നാല്‍ ദൈവം, തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു.
4: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം.
5: ദൈവങ്ങള്‍ എന്നുവിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലുമുണ്ടെന്നിരിക്കട്ടെ - അങ്ങനെ പലദേവന്മാരും നാഥന്മാരുമുണ്ടല്ലോ -
6: എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവുമുളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേശുക്രിസ്തു. 
7: എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടുജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത്, വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു.
8: ഭക്ഷണം നമ്മെ ദൈവത്തോടടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട്, നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്ഷിക്കുന്നതുകൊണ്ടു കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല.
9: നിങ്ങളുടെ സ്വാതന്ത്ര്യം, ബലഹീനര്‍ക്ക് ഏതെങ്കിലുംവിധത്തില്‍ ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം.
10: എന്തെന്നാല്‍, അറിവുള്ളവനായ നീ, വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസ്സാക്ഷിയുള്ള ഒരുവന്‍കണ്ടാല്‍, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനംകഴിക്കാന്‍ അതവനു പ്രോത്സാഹനമാകയില്ലേ?
11: അങ്ങനെ നിന്റെ അറിവ്, ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായിത്തീരുന്നു.
12 : ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപംചെയ്യുന്നു.
13 : അതിനാല്‍, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാനൊരിക്കലും മാംസം ഭക്ഷിക്കുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ