മുന്നൂറ്റിപ്പതിനേഴാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 14 - 15


അദ്ധ്യായം 14


പൗലോസ് ഇക്കോണിയത്തില്‍
1: അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍പ്രവേശിച്ചു പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയഗണം വിശ്വസിച്ചു.
2: വിശ്വസിക്കാതിരുന്ന യഹൂദര്‍ സഹോദരര്‍ക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയുംചെയ്തു.
3: എങ്കിലും, അവര്‍ വളരെനാള്‍ അവിടെത്താമസിച്ച്, കര്‍ത്താവിനെപ്പറ്റി ധൈര്യപൂര്‍വ്വം പ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹംനല്കിക്കൊണ്ട്, കര്‍ത്താവു തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യംനല്കി.
4: എന്നാല്‍, നഗരത്തിലെ ജനങ്ങളുടെയിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ യഹൂദരുടെകൂടെയും ചിലര്‍ അപ്പസ്‌തോലന്മാരുടെകൂടെയും ചേര്‍ന്നു.
5: അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരുനീക്കം, വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി.
6: ഇതറിഞ്ഞ്, അവര്‍ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെര്‍ബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു.
7: അവിടെ അവര്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.

ലിസ്ത്രായില്‍
8: കാലുകള്‍ക്കു സ്വാധീനമില്ലാത്ത ഒരുവന്‍ ലിസ്ത്രായിലുണ്ടായിരുന്നു. ജന്മനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാന്‍കഴിഞ്ഞിരുന്നില്ല.
9: പൗലോസ് പ്രസംഗിക്കുന്നത് അവന്‍ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാന്‍തക്കവിശ്വാസം അവനുണ്ടെന്നുകണ്ട്,
10: പൗലോസ് ഉച്ചത്തില്‍ പറഞ്ഞു: എഴുന്നേറ്റ്, കാലുറപ്പിച്ചു നില്ക്കുക. അവന്‍ ചാടിയെഴുന്നേറ്റു നടന്നു.
11: പൗലോസ് ചെയ്ത ഈ പ്രവൃത്തികണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ദേവന്മാര്‍ മനുഷ്യരൂപംധരിച്ച്, നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.
12: അവര്‍ ബാര്‍ണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാനപ്രസംഗകനായിരുന്നതിനാല്‍, അവനെ ഹെര്‍മസ് എന്നും വിളിച്ചു.
13: നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതന്‍, കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍വന്ന് ജനങ്ങളോടുചേര്‍ന്നു ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹംപ്രകടിപ്പിച്ചു.
14: ഇതറിഞ്ഞ്, അപ്പസ്‌തോലന്മാരായ ബാര്‍ണബാസും പൗലോസും വസ്ത്രംകീറി, ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്നു വിളിച്ചുപറഞ്ഞു:
15: ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യര്‍ത്ഥമായ ഈ രീതികളില്‍നിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങള്‍ തിരിയണമെന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.
16 : കഴിഞ്ഞതലമുറകളില്‍ എല്ലാ ജനതകളെയും സ്വന്തംമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കാന്‍ അവിടുന്നനുവദിച്ചു.
17: എങ്കിലും, നന്മ പ്രവര്‍ത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങള്‍ക്കു പ്രദാനംചെയ്യുകയും ആഹാരവും ആനന്ദവുംനല്കി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയുംചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യംനല്കിക്കൊണ്ടിരുന്നു.
18: അവര്‍ ഇപ്രകാരം പറഞ്ഞു തങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതില്‍നിന്നു ജനങ്ങളെ കഷ്ടിച്ചു പിന്തിരിപ്പിച്ചു.
19: അന്ത്യോക്യായില്‍നിന്നും ഇക്കോണിയത്തില്‍നിന്നും അവിടെയെത്തിയ യഹൂദന്മാര്‍ ജനങ്ങളെ പ്രേരിപ്പിച്ച്, പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച്, അവരവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.
20: എന്നാല്‍, ശിഷ്യന്മാര്‍ അവനുചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ചു. അടുത്ത ദിവസം ബാര്‍ണബാസുമൊത്ത്, അവന്‍ ദെര്‍ബേയിലേക്കു പോയി.

അന്ത്യോക്യായില്‍
21: ആ നഗരത്തിലും അവര്‍ സുവിശേഷംപ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവര്‍ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു.
22: വിശ്വാസത്തില്‍ നിലനില്ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട്, ശിഷ്യരുടെ മനസ്സിനെ അവര്‍ ശക്തിപ്പെടുത്തി.
23: അവര്‍ സഭകള്‍തോറും ശ്രേഷ്ഠന്മാരെ നിയമിച്ച്, പ്രാര്‍ത്ഥനയോടും ഉപവാസത്തോടുംകൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു.
24: പിന്നീട് അവര്‍ പിസീദിയായിലൂടെകടന്ന്, പാംഫീലിയായിലെത്തി.
25: പെര്‍ഗായില്‍ വചനംപ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി.
26: അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പല്‍കയറി. തങ്ങള്‍ നിര്‍വ്വഹിച്ച ദൗത്യത്തിനാവശ്യമായിരുന്ന ദൈവകൃപയ്ക്ക്, അവര്‍ ഭരമേല്പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ.
27: അവര്‍ അവിടെയെത്തിയപ്പോള്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു.
28: പിന്നീടു കുറേക്കാലത്തേക്ക്, അവര്‍ ശിഷ്യരോടുകൂടെ അവിടെത്താമസിച്ചു.

അദ്ധ്യായം 15


ജറുസലെം സൂനഹദോസ്
1: യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനംചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാദ്ധ്യമല്ലെന്നു സഹോദരരെ പഠിപ്പിച്ചു.
2: പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തിലേര്‍പ്പെടുകയുംചെയ്തു. തന്മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്‍മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റുചിലരും നിയോഗിക്കപ്പെട്ടു.
3: സഭയുടെ നിര്‍ദ്ദേശമനുസരിച്ചു യാത്രതിരിച്ച അവര്‍, വിജാതീയരുടെ മാനസാന്തരവാര്‍ത്ത വിവരിച്ചുകേള്‍പ്പിച്ചുകൊണ്ട്, ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരന്മാര്‍ക്കെല്ലാം വലിയസന്തോഷമുളവായി.
4: ജറുസലെമിലെത്തിയപ്പോള്‍ സഭയും അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങള്‍മുഖാന്തരം പ്രവര്‍ത്തിച്ചകാര്യങ്ങള്‍ അവര്‍ പ്രഖ്യാപിച്ചു.
5: എന്നാല്‍, ഫരിസേയരുടെ ഗണത്തില്‍നിന്നു വിശ്വാസംസ്വീകരിച്ച ചിലര്‍ എഴുന്നേറ്റു പ്രസ്താവിച്ചു: അവരെ പരിച്ഛേദനംചെയ്യുകയും മോശയുടെ നിയമംപാലിക്കണമെന്ന് അവരോടു നിര്‍ദ്ദേശിക്കുകയും ചെയ്യുക ആവശ്യമാണ്.
6: ഇക്കാര്യം പരിഗണിക്കാന്‍, അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരും ഒരുമിച്ചുകൂടി.
7: വലിയവാദപ്രതിവാദംനടന്നപ്പോള്‍, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരന്മാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയില്‍ ഒരു തിരഞ്ഞെടുപ്പുനടത്തുകയും വിജാതീയര്‍ എന്റെ അധരങ്ങളില്‍നിന്നു സുവിശേഷവചനങ്ങള്‍കേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങള്‍ക്കറിയാമല്ലോ.
8: ഹൃദയങ്ങളെയറിയുന്ന ദൈവം, നമുക്കെന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് അവരെയംഗീകരിച്ചു.
9: നമ്മളും അവരുംതമ്മില്‍ അവിടുന്നു വ്യത്യാസം കല്പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസംകൊണ്ടു പവിത്രീകരിച്ചു.
10: അതുകൊണ്ട്, നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ താങ്ങാന്‍വയ്യാതിരുന്ന ഒരു നുകം, ഇപ്പോള്‍ ശിഷ്യരുടെ ചുമലില്‍ വച്ചുകെട്ടി എന്തിനു ദൈവത്തെ നിങ്ങള്‍ പരീക്ഷിക്കുന്നു?
11: അവരെപ്പോലെതന്നെ നാമും രക്ഷപ്രാപിക്കുന്നത്, കര്‍ത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.
12: സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങള്‍വഴി വിജാതീയരുടെയിടയില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാര്‍ണബാസും പൗലോസും വിവരിച്ചത് അവര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു.
13: അവര്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ യാക്കോബ് പറഞ്ഞു: സഹോദരന്മാരേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍.
14: തന്റെ നാമത്തിനുവേണ്ടി വിജാതീയരില്‍നിന്ന്, ഒരു ജനത്തെ തിരഞ്ഞെടുക്കാന്‍ ദൈവം ആദ്യമവരെ സന്ദര്‍ശിച്ചതെങ്ങനെയെന്നു ശിമയോന്‍ വിവരിച്ചുവല്ലോ.
15: പ്രവാചകന്മാരുടെ വാക്കുകള്‍ ഇതിനോടു പൂര്‍ണ്ണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
16: ഇതിനുശേഷം ഞാന്‍ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും. അതിന്റെ നഷ്ടശിഷ്ടങ്ങളില്‍നിന്ന് ഞാനതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടുമുയര്‍ത്തിനിര്‍ത്തും.
17: കര്‍ത്താവരുളിച്ചെയ്യുന്നു: ശേഷിക്കുന്നജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കര്‍ത്താവിനെ അന്വേഷിക്കുന്നതിനുവേണ്ടിയാണിത്.
18: അവിടുന്നു പുരാതനകാലംമുതല്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
19: അതിനാല്‍, ദൈവത്തിലേക്കുതിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം.
20: എന്നാല്‍, അവര്‍ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തില്‍നിന്നും വ്യഭിചാരത്തില്‍നിന്നും കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവയില്‍നിന്നും രക്തത്തില്‍നിന്നും അകന്നിരിക്കാന്‍ അവര്‍ക്കെഴുതണം.
21: എന്തെന്നാല്‍, തലമുറകള്‍ക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളില്‍ അതു വായിക്കുകയുംചെയ്യുന്നുണ്ട്.

സൂനഹദോസ് തീരുമാനം
22: തങ്ങളില്‍നിന്നു ചിലരെ തിരഞ്ഞെടുത്ത്, ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന്, അപ്പസ്‌തോലന്മാര്‍ക്കും ശ്രേഷ്ഠന്മാര്‍ക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോദരന്മാരില്‍ നേതാക്കന്മാരായിരുന്ന ബാര്‍സബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരെഴുത്തുമായി അവരയച്ചു.
23: എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരുമായ സഹോദരന്മാര്‍ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരില്‍നിന്നുള്ള സഹോദരരായ നിങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു.
24: ഞങ്ങളില്‍ച്ചിലര്‍ പ്രസംഗങ്ങള്‍ മുഖേന, നിങ്ങള്‍ക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങള്‍കേട്ടു. ഞങ്ങള്‍ അവര്‍ക്കു യാതൊരു നിര്‍ദ്ദേശവും നല്കിയിരുന്നില്ല.
25: അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ, നമ്മുടെ പ്രിയപ്പെട്ട ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെയടുക്കലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന്, ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു.
26: അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെപ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ.
27: അതുകൊണ്ട്, ഞങ്ങള്‍ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍തന്നെ അവര്‍ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും.
28: താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി.
29: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങളകന്നിരിക്കണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!
30: അവര്‍ യാത്രതിരിച്ച്, അന്ത്യോക്യായിലെത്തി; ജനങ്ങളെ മുഴുവന്‍ വിളിച്ചുകൂട്ടി എഴുത്ത് അവരെയേല്പിച്ചു.
31: അവര്‍ ആ ഉപദേശംവായിച്ചു സന്തുഷ്ടരായി.
32: പ്രവാചകന്മാര്‍കൂടെയായിരുന്ന യൂദാസും സീലാസും സഹോദരര്‍ക്കു വളരെ ഉപദേശങ്ങള്‍നല്കുകയും അവരെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
33: അവര്‍ കുറെനാള്‍ അവിടെ ചെലവഴിച്ചു.
34: പിന്നീട് അവരെ അയച്ചവരുടെയടുക്കലേക്ക് സഹോദരര്‍ അവരെ സൗഹാര്‍ദ്ദപൂര്‍വ്വം യാത്രയാക്കി.
35: എന്നാല്‍, പൗലോസും ബാര്‍ണബാസും മറ്റുപലരോടുമൊപ്പം കര്‍ത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയുംചെയ്തുകൊണ്ട് അന്ത്യോക്യായില്‍ താമസിച്ചു.

പൗലോസും ബാര്‍ണബാസും വേര്‍പിരിയുന്നു
36 : കുറെദിവസംകഴിഞ്ഞപ്പോള്‍ പൗലോസ് ബാര്‍ണബാസിനോടു പറഞ്ഞു: വരൂ, നാം കര്‍ത്താവിന്റെ വചനം പ്രസംഗിച്ച എല്ലാനഗരങ്ങളിലും തിരിച്ചുചെന്ന്, സഹോദരരെ സന്ദര്‍ശിച്ച് അവര്‍ എങ്ങനെ കഴിയുന്നുവെന്നറിയാം.
37: മര്‍ക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടെ കൊണ്ടുപോകാന്‍ ബാര്‍ണബാസ് ആഗ്രഹിച്ചു.
38: എന്നാല്‍, പാംഫീലിയായില്‍വച്ച് തങ്ങളില്‍നിന്നു പിരിഞ്ഞുപോവുകയും പിന്നീടു ജോലിയില്‍ തങ്ങളോടു ചേരാതിരിക്കുകയുംചെയ്ത ഒരുവനെ കൂടെക്കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു പൗലോസിന്റെ പക്ഷം.
39: ശക്തമായ അഭിപ്രായഭിന്നതമൂലം അവര്‍ പിരിഞ്ഞു. ബാര്‍ണബാസ് മര്‍ക്കോസിനെയുംകൂട്ടി സൈപ്രസിലേക്കു കപ്പല്‍കയറി.
40: പൗലോസ് സീലാസിനെ തിരഞ്ഞെടുത്ത്, അവനോടുകൂടെ യാത്രതിരിച്ചു. സഹോദരരെല്ലാം അവരെ കര്‍ത്താവിന്റെ കൃപയ്ക്കു ഭരമേല്പിച്ചു.
41: അവന്‍ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ