മുന്നൂറ്റിപ്പതിനെട്ടാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 16 - 17


    അദ്ധ്യായം 16



    തിമോത്തേയോസ്

    1: ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നുപേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു - വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകന്‍. എന്നാല്‍, അവന്റെ പിതാവു ഗ്രീക്കുകാരനായിരുന്നു.
    2: ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു.
    3: അവനെ തന്റെകൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്ഛേദനകര്‍മ്മംനടത്തി. എന്തെന്നാല്‍, അവന്റെ പിതാവു ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരുമറിഞ്ഞിരുന്നു.
    4: ജറുസലെമില്‍വച്ച് അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരുമെടുത്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അവര്‍ നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു.
    5: തന്മൂലം സഭകള്‍ വിശ്വാസത്തില്‍ ശക്തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയുംചെയ്തു.

    ത്രോവാസിലെ ദര്‍ശനം
    6: ഏഷ്യയില്‍ വചനം പ്രസംഗിക്കുന്നതില്‍നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട്, അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്രചെയ്തു.
    7: മീസിയായ്ക്ക് അടുത്തു വന്നപ്പോള്‍ ബിഥീനിയായിലേക്കു പോകാന്‍ അവരാഗ്രഹിച്ചു. എങ്കിലും യേശുവിന്റെ ആത്മാവ് അതിനനുവദിച്ചില്ല.
    8: തന്മൂലം, മീസിയാ പിന്നിട്ട്, അവര്‍ ത്രോവാസിലേക്കു പോയി.
    9: രാത്രിയില്‍ പൗലോസിന് ഒരു ദര്‍ശനമുണ്ടായി: മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്റെ മുമ്പില്‍നിന്ന് ഇപ്രകാരമഭ്യര്‍ത്ഥിച്ചു: മക്കെദോനിയായിലേക്കു വന്ന്, ഞങ്ങളെ സഹായിക്കുക.
    10: മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്നറിഞ്ഞ് അവനു ദര്‍ശനമുണ്ടായ ഉടനെ, ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു.

    ലീദിയായുടെ മാനസാന്തരം
    11: ത്രോവാസില്‍നിന്നു ഞങ്ങള്‍ കപ്പല്‍കയറി നേരിട്ടു സമോത്രാക്കേയിലേക്കു യാത്രചെയ്തു; അടുത്ത ദിവസം നെയാപോളിസിലേക്കും,
    12: അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അതു മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാന നഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥലവുമായിരുന്നു. കുറെ ദിവസം ഞങ്ങള്‍ ആ നഗരത്തില്‍ താമസിച്ചു.
    13: നഗരകവാടത്തിനു പുറത്ത്, നദീതീരത്തൊരു പ്രാര്‍ത്ഥനാകേന്ദ്രമുണ്ടെന്നു തോന്നിയതിനാല്‍ അവിടേക്കു ഞങ്ങള്‍ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോടു ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു.
    14: ഞങ്ങളുടെ വാക്കുകള്‍ കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ പട്ടണത്തില്‍നിന്നു വന്ന പട്ടുവില്പനക്കാരിയും ദൈവഭക്തയുമായ ലീദിയാ എന്ന സ്ത്രീയുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞ കാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് അവളുടെ ഹൃദയംതുറന്നു.
    15: കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ച അവള്‍, ഞങ്ങളോടു പറഞ്ഞു: കര്‍ത്താവില്‍ വിശ്വസിക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന് എന്റെ ഭവനത്തില്‍ വന്നു താമസിക്കാന്‍ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. ഞങ്ങള്‍ അവള്‍ക്കു വഴങ്ങി.

    പൗലോസ് കാരാഗൃഹത്തില്‍
    16: ഞങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രത്തിലേക്കു പോകുമ്പോള്‍, ഭാവിഫലം പ്രവചിക്കുന്ന ആത്മാവുബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനംവഴി അവള്‍ തന്റെ യജമാനന്മാര്‍ക്കു വളരെ ആദായമുണ്ടാക്കിയിരുന്നു.
    17: അവള്‍ പൗലോസിന്റെയും ഞങ്ങളുടെയും പിറകെ വന്നു വിളിച്ചുപറഞ്ഞു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസരാണ്. അവര്‍ നിങ്ങളോടു രക്ഷയുടെ മാര്‍ഗ്ഗം പ്രഘോഷിക്കുന്നു.
    18: പല ദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്തു. പൗലോസിനെ ഇതസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ്, അവളിലെ ആത്മാവിനോടു പറഞ്ഞു: അവളില്‍നിന്നു പുറത്തുപോകാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു ഞാനാജ്ഞാപിക്കുന്നു. തത്ക്ഷണം അതു പുറത്തുപോയി.
    19: അവളുടെ യജമാനന്മാര്‍, തങ്ങളുടെ ആദായമാര്‍ഗ്ഗം നഷ്ടപ്പെട്ടുവെന്നുകണ്ടപ്പോള്‍, പൗലോസിനെയും സീലാസിനെയും പിടികൂടി, വലിച്ചിഴച്ച് പൊതുസ്ഥലത്ത്, അധികാരികളുടെ മുമ്പില്‍ കൊണ്ടുവന്നു.
    20: അവര്‍ അവരെ ന്യായാധിപന്മാരുടെ മുമ്പില്‍ക്കൊണ്ടുവന്ന്, ഇപ്രകാരം പറഞ്ഞു: യഹൂദരായ ഇവര്‍ നമ്മുടെ നഗരത്തെ അസ്വസ്ഥമാക്കുന്നു.
    21: റോമാക്കാരായ നമുക്കു നിയമപ്രകാരം അംഗീകരിക്കാനോ അനുഷ്ഠിക്കാനോ പാടില്ലാത്ത ആചാരങ്ങളെക്കുറിച്ച് ഇവര്‍ പ്രസംഗിച്ചുനടക്കുന്നു.
    22: ജനക്കൂട്ടം ഒന്നാകെ അവര്‍ക്കെതിരായി ഇളകി. വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി, അവരെ പ്രഹരിക്കാന്‍ ന്യായാധിപന്മാര്‍ കല്പന നല്കി.
    23: അവര്‍ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു; അവര്‍ക്കു ശ്രദ്ധാപൂര്‍വ്വം കാവല്‍നില്ക്കാന്‍ പാറാവുകാരനു നിര്‍ദ്ദേശവും കൊടുത്തു.
    24: അവന്‍ കല്പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകള്‍ക്ക് ആമംവച്ചു.

    തടവറയിലെ അദ്ഭുതം
    25: അര്‍ദ്ധരാത്രിയോടടുത്ത്, പൗലോസും സീലാസും കീര്‍ത്തനംപാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.
    26: പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.
    27: കാവല്‍ക്കാരനുണര്‍ന്നപ്പോള്‍, കാരാഗൃഹവാതിലുകള്‍ തുറന്നുകിടക്കുന്നതു കണ്ടു. തടവുകാരെല്ലാം രക്ഷപെട്ടുവെന്നു വിചാരിച്ച്, അവന്‍ വാളൂരി ആത്മഹത്യയ്‌ക്കൊരുങ്ങി.
    28: എന്നാല്‍, പൗലോസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്.
    29: വിളക്കുകൊണ്ടുവരാന്‍ വിളിച്ചുപറഞ്ഞിട്ട്, അവന്‍ അകത്തേക്കോടി. പേടിച്ചുവിറച്ച് അവന്‍ പൗലോസിന്റെയും സീലാസിന്റെയും കാല്ക്കല്‍ വീണു.
    30: അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന്‍ ചോദിച്ചു: യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാനെന്തുചെയ്യണം?
    31: അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.
    32: അവര്‍ അവനോടും അവന്റെ വീട്ടിലുള്ളവരോടും കര്‍ത്താവിന്റെ വചനം പ്രസംഗിച്ചു. അവന്‍ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി.
    33: അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്ഞാനസ്‌നാനം സ്വീകരിക്കുകയുംചെയ്തു.
    34: അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന്, അവര്‍ക്കു ഭക്ഷണം വിളമ്പി. ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു.
    35: പ്രഭാതമായപ്പോള്‍ ന്യായാധിപന്മാര്‍ ആ മനുഷ്യരെ വിട്ടയയ്ക്കുക എന്നു കല്പിച്ചുകൊണ്ടു ഭടന്മാരെ അയച്ചു.
    36: കാവല്‍ക്കാരന്‍ ഈ വിവരം പൗലോസിനെ അറിയിച്ചു: ന്യായാധിപന്മാര്‍ നിങ്ങളെ വിട്ടയയ്ക്കണമെന്ന് കല്പിച്ചുകൊണ്ട് ആളയച്ചിരിക്കുന്നു; അതുകൊണ്ട്, ഇപ്പോള്‍ നിങ്ങള്‍ക്കു സമാധാനത്തോടെപോകാം.
    37: എന്നാല്‍, പൗലോസ് അവരോടു പറഞ്ഞു: റോമാപ്പൗരന്മാരായ ഞങ്ങളെ വിചാരണചെയ്തു കുറ്റംവിധിക്കാതെ പരസ്യമായി പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു. ഇപ്പോള്‍ ഞങ്ങളെ അവര്‍ രഹസ്യമായി വിട്ടയയ്ക്കുന്നുവോ? അതു പാടില്ല. അവര്‍തന്നെ വന്ന്, ഞങ്ങളെ വിട്ടയയ്ക്കട്ടെ.
    38: ഭടന്മാര്‍ ഈ വിവരം ന്യായാധിപന്മാരെ അറിയിച്ചു. അവര്‍ റോമാപ്പൗരന്‍മാരാണെന്നു കേട്ടപ്പോള്‍ ന്യായാധിപന്മാര്‍ ഭയപ്പെട്ടു.
    39: അതിനാല്‍, അവര്‍ വന്ന്, അവരോടു ക്ഷമായാചനംചെയ്യുകയും അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അവരോടഭ്യര്‍ത്ഥിക്കുകയും ചെയ്തു.
    40: അവര്‍ കാരാഗൃഹത്തില്‍നിന്നു പുറത്തുവന്ന്, ലീദിയായുടെ വീട്ടിലേക്കുപോയി. സഹോദരരെക്കണ്ട് ഉപദേശങ്ങള്‍ നല്കിയതിനുശേഷം അവര്‍ അവിടെനിന്നു യാത്രതിരിച്ചു.

    അദ്ധ്യായം 17


    തെസലോനിക്കായില്‍
    1: അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെ യാത്രചെയ്ത് തെസലോനിക്കായിലെത്തി. അവിടെ യഹൂദരുടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു.
    2: പൗലോസ്, പതിവനുസരിച്ച് അവിടെച്ചെന്ന്, മൂന്നു സാബത്തുകളില്‍, വിശുദ്ധഗ്രന്ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു.
    3: ക്രിസ്തു പീഡനംസഹിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യുക ആവശ്യമായിരുന്നുവെന്ന് അവന്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രഘോഷിക്കുന്ന ഈ യേശുതന്നെയാണു ക്രിസ്തു.
    4: അവരില്‍ ചിലര്‍, ബോദ്ധ്യംവന്ന്, പൗലോസിന്റെയും സീലാസിന്റെയും കൂടെച്ചേര്‍ന്നു. ദൈവഭക്തരായ അനേകം ഗ്രീക്കുകാരും നിരവധി കുലീനവനിതകളും അപ്രകാരം ചെയ്തു.
    5: എന്നാല്‍, യഹൂദര്‍ അസൂയപ്പെട്ട്, ചില നീചന്മാരെ ഒരുമിച്ചുകൂട്ടി നഗരത്തെ ഇളക്കി. അവര്‍ ജാസന്റെ ഭവനത്തില്‍ തള്ളിക്കയറുകയും അപ്പസ്‌തോലന്മാരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിന് പരിശ്രമിക്കുകയും ചെയ്തു.
    6: അവരെ കണ്ടെത്താന്‍ കഴിയാതെവന്നപ്പോള്‍ ജാസനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെയടുക്കല്‍ വലിച്ചിഴച്ചുകൊണ്ടുവന്ന് അവര്‍ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യര്‍ ഇതാ, ഇവിടെയും വന്നിരിക്കുന്നു.
    7: ജാസന്‍ ഇവര്‍ക്ക് ആതിത്ഥ്യം നല്കി. യേശുവെന്ന മറ്റൊരു രാജാവിന്റെ പേരു പറഞ്ഞുകൊണ്ട് ഇവരെല്ലാവരും സീസറിന്റെ കല്പനകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു.
    8: ഇതുകേട്ട്, നഗരാധിപന്മാരും ജനക്കൂട്ടവും അസ്വസ്ഥരായി.
    9: അവര്‍ ജാസാനെയും മറ്റുള്ളവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

    ബെറോയായില്‍
    10: രാത്രിയായപ്പോള്‍ സഹോദരന്മാര്‍ പെട്ടെന്നു പൗലോസിനെയും സീലാസിനെയും ബെറോയായിലേക്കയച്ചു. അവരവിടെയെത്തി. യഹൂദരുടെ സിനഗോഗിലേക്കു പോയി.
    11: ഈ സ്ഥലത്തെ യഹൂദര്‍, തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്മാരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്നറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയുംചെയ്തിരുന്നു.
    12: അവരില്‍ പലരും വിശ്വാസം സ്വീകരിച്ചു; കൂടാതെ ഗ്രീക്കുകാരില്‍ ബഹുമാന്യരായ പല സ്ത്രീകളും പുരുഷന്മാരും.
    13: പൗലോസ്‌ ബെറോയായിലും ദൈവവചനം പ്രസംഗിച്ചുവെന്നു തെസലോനിക്കാക്കാരായ യഹൂദരറിഞ്ഞപ്പോള്‍ അവര്‍ അവിടെയുമെത്തി ജനങ്ങളെ പ്രകോപിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്തു.
    14: ഉടന്‍തന്നെ സഹോദരര്‍ പൗലോസിനു കടല്‍ത്തീരംവരെ ചെന്നെത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ചെയ്ത് അവനെ യാത്രയാക്കി. എന്നാല്‍, സീലാസും തിമോത്തേയോസും അവിടെത്തന്നെ താമസിച്ചു.
    15: പൗലോസിന്റെ കൂടെപ്പോയിരുന്നവര്‍ അവനെ ആഥന്‍സില്‍ കൊണ്ടുചെന്നാക്കി. സീലാസും തിമോത്തേയോസും കഴിയുന്നതുംവേഗം തന്റെയടുക്കല്‍ എത്തിച്ചേരണമെന്ന അവന്റെ നിര്‍ദേശവുമായി അവര്‍ തിരിച്ചുപോന്നു.

    ആഥന്‍സില്‍
    16: പൗലോസ് അവരെയും പ്രതീക്ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരംമുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവന്റെ മനസ്സില്‍ വലിയ ക്ഷോഭമുണ്ടായി.
    17: അതിനാല്‍, സിനഗോഗില്‍വച്ചു യഹൂദന്മാരുമായും മറ്റു ഭക്തജനങ്ങളുമായും, പൊതുസ്ഥലത്തുവച്ച് എല്ലാദിവസവും അവിടെക്കൂടിയിരുന്നവരുമായും അവന്‍ വാദപ്രതിവാദംനടത്തി.
    18: ചില എപ്പിക്കൂരിയന്‍ ചിന്തകരും സ്‌റ്റോയിക് ചിന്തകരും അവനോടു തര്‍ക്കിച്ചു. ചിലര്‍ പറഞ്ഞു: ഈ വിഡ്ഢി എന്തു പറയാനാണു ഭാവിക്കുന്നത്? ഇവന്‍ വിദേശദേവതകളുടെ പ്രചാരകനാണെന്നു തോന്നുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു. അവന്‍ യേശുവിനെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും പ്രസംഗിച്ചിരുന്നു.
    19: അവര്‍ അവനെപ്പിടിച്ച്, അരെയോപ്പാഗസില്‍ കൊണ്ടുചെന്നു നിറുത്തിയിട്ടു ചോദിച്ചു: നീ അവതരിപ്പിക്കുന്ന ഈ പുതിയ പ്രബോധനം എന്താണെന്നു ഞങ്ങള്‍ക്കു പറഞ്ഞുതരാമോ?
    20: വിചിത്രമായ കാര്യങ്ങളാണല്ലോ നീ സംസാരിക്കുന്നത്; ഇവയുടെ അര്‍ത്ഥമെന്തെന്ന് ഞങ്ങള്‍ക്കറിയണമെന്നുണ്ട്.
    21: എല്ലാ ആഥന്‍സുകാര്‍ക്കും അവിടെ താമസിച്ചിരുന്ന വിദേശികള്‍ക്കും പുതിയപുതിയ കാര്യങ്ങളെക്കുറിച്ചു പറയുന്നതിനും കേള്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല.

    അരെയോപ്പാഗസിലെ പ്രസംഗം
    22: അരെയോപ്പാഗസിന്റെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണു നിങ്ങളെന്നു ഞാന്‍ മനസ്സിലാക്കുന്നു.
    23: ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചുതന്നെയാണു ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്.
    24: പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മ്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്.
    25: അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനംചെയ്യുന്നത്.
    26: ഭൂമുഖം മുഴുവന്‍ വ്യാപിച്ചുവസിക്കാന്‍വേണ്ടി, അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു.
    27: ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനുംവേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലുംനിന്ന് അകലെയല്ല.
    28: എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്നു നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ.
    29: നാം ദൈവത്തിന്റെ സന്താനങ്ങളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്പവിദ്യയുംചേര്‍ന്ന് സ്വര്‍ണ്ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണു ദൈവരൂപമെന്നു വിചാരിക്കരുത്.
    30: അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകലജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്നാജ്ഞാപിക്കുന്നു.
    31: എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍വഴി, ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട്, അവിടുന്ന് ഇതിനുറപ്പു നല്കിയിട്ടുമുണ്ട്.
    32: മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം.
    33: അങ്ങനെ പൗലോസ് അവരുടെയിടയില്‍നിന്നു പോയി.
    34: എന്നാല്‍, കുറെയാളുകള്‍ അവനോടുചേര്‍ന്ന്, വിശ്വാസം സ്വീകരിച്ചു. അരയോപ്പാഗസുകാരന്‍ ഡയനീഷ്യസും ദമാറിസ് എന്നു പേരുള്ള സ്ത്രീയും മറ്റു ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ