മുന്നൂറ്റിമുപ്പത്തിയാറാം ദിവസം: 2 കൊറിന്തോസ് 10 - 13


അദ്ധ്യായം 10

    
പൗലോസിന്റെ ന്യായവാദം
1: അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്റേടിയുമെന്നു നിങ്ങള്‍കരുതുന്ന പൗലോസായ ഞാന്‍, ക്രിസ്തുവിന്റെ സൗമ്യതയുടെയും ശാന്തതയുടെയുംപേരില്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
2: ഞങ്ങളെ ജഡികന്മാരായിക്കരുതുന്ന ചിലരുണ്ട്. അവരെ ധീരമായി നേരിടാമെന്ന ആത്മവിശ്വാസം, എനിക്കുണ്ട്. എന്നാല്‍, നിങ്ങളുടെയടുത്തുവരുമ്പോള്‍ എന്റെ ധൈര്യംപ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ
യെന്നഭ്യര്‍ത്ഥിക്കുന്നു.
3: ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.
4: എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗ്ഗമങ്ങളായ കോട്ടകള്‍തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്തങ്ങളാണ്.
5: ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണ്ണമായ എല്ലാപ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ടതിന് എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയുംചെയ്യുന്നു.
6: നിങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവരായതിനുശേഷം അനുസരിക്കാത്തവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ്.
7: നിങ്ങള്‍ കണ്മുമ്പിലുള്ളതു കാണുക. ആരെങ്കിലും താന്‍ ക്രിസ്തുവിനുള്ളവനാണെന്നു ദൃഢമായി വിശ്വസിക്കുന്നെങ്കില്‍, ഞങ്ങളും അവനെപ്പോലെ ക്രിസ്തുവിനുള്ളവരാണെന്നു മനസ്സിലാക്കിക്കൊള്ളട്ടെ.
8: ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതിലെനിക്കു ലജ്ജിക്കാനില്ല. നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, കര്‍ത്താവു ഞങ്ങള്‍ക്കധികാരംനല്കിയിരിക്കുന്നത്.
9: ലേഖനത്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത്.
10: എന്തെന്നാല്‍, ചിലര്‍ പറയുന്നു: അവന്റെ ലേഖനങ്ങള്‍ ഈടുറ്റതും ശക്തവുമാണ്. എന്നാല്‍, അവന്റെ ശാരീരികസാന്നിദ്ധ്യം അശക്തവും ഭാഷണം മനസ്സിലേശാത്തതുമാണ്.
11: അകലെയായിരിക്കുമ്പോള്‍ ലേഖനത്തിലൂടെ പറയുന്നതുതന്നെയാണ്, അടുത്തായിരിക്കുമ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇക്കൂട്ടര്‍ ധരിക്കട്ടെ.
12: ആത്മപ്രശംസനടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യംചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്പരമളക്കാനും തുലനംചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികളാണവര്‍.
13: ഞങ്ങള്‍ അതിരുകടന്ന് ആത്മപ്രശംസചെയ്യുകയില്ല. ദൈവം ഞങ്ങള്‍ക്കു നിശ്ചയിച്ചുതന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും. ആ പരിധിയില്‍ നിങ്ങളു
മുള്‍പ്പെടുന്നു.
14: നിങ്ങളുടെയടുത്ത് എത്തിയിട്ടില്ലാത്തവരെപ്പോലെ കൈയെത്തിച്ചുപിടിക്കാന്‍ ഉദ്യമിക്കുകയല്ല. ക്രിസ്തുവിന്റെ സുവിശേഷവുമായി നിങ്ങളുടെയടുത്തുവന്നതു ഞങ്ങളാണല്ലോ.
15: അന്യരുടെ പ്രയത്നങ്ങളുടെ ഫലം സ്വായത്തമാക്കി, അതിരുകവിഞ്ഞഹങ്കരിക്കുന്നവരല്ല ഞങ്ങള്‍. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കുന്നതനുസരിച്ച്, നിങ്ങളുടെയിടയില്‍ ഞങ്ങളുടെ അധികാരമണ്ഡലം പൂര്‍വ്വോപരി വികസിക്കുമെന്നാണു ഞങ്ങളുടെ പ്രത്യാശ.
16: അപ്പോള്‍, അന്യന്റെ വയലില്‍ച്ചെയ്ത ജോലികളെപ്പറ്റി പ്രശംസിക്കാതെ, നിങ്ങള്‍ക്കപ്പുറമുള്ള സ്ഥലങ്ങളില്‍ സുവിശേഷംപ്രസംഗിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.
17: അഭിമാനിക്കുന്നവന്‍ കര്‍ത്താവിലഭിമാനിക്കട്ടെ.
18: എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണു സ്വീകാര്യന്‍.

അദ്ധ്യായം 11


കപട അപ്പസ്‌തോലന്മാര്‍
1: അല്പം ഭോഷത്തം സംസാരിക്കുന്നത്, നിങ്ങള്‍ സഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നോടു സഹിഷ്ണുത കാണിക്കുന്നുണ്ടല്ലോ.
2: എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മ്മലയായ വധുവിനെ അവളുടെ ഭര്‍ത്താവിനെന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന്, ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.
3: എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വ്വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലുംനിന്നു വ്യതിചലിപ്പിക്കപ്പെടുമോയെന്നു ഞാന്‍ ഭയപ്പെടുന്നു.
4: എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലുംവന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരാത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.
5: ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടുംകുറഞ്ഞവനല്ല ഞാനെന്നാണ് എന്റെ വിശ്വാസം.
6: എനിക്കു പ്രസംഗചാതുര്യം കുറവായിരിക്കാം. എങ്കിലും അറിവില്‍ ഞാന്‍ പിന്നോക്കമല്ല. എല്ലാക്കാര്യങ്ങളിലും എല്ലാവിധത്തിലും ഇതു ഞങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.
7: ദൈവത്തിന്റെ സുവിശേഷം പ്രതിഫലംകൂടാതെ പ്രസംഗിച്ചുകൊണ്ടു നിങ്ങളുടെ ഉത്കര്‍ഷത്തിനുവേണ്ടി ഞാന്‍ എന്നെത്തന്നെ താഴ്ത്തിയതു തെറ്റാണോ?
8: നിങ്ങളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി മറ്റുസഭകളില്‍നിന്നു സഹായം സ്വീകരിച്ചുകൊണ്ട്, ഞാനവരെ കവര്‍ച്ചചെയ്യുകയായിരുന്നു.
9: ഞാന്‍ നിങ്ങളുടെകൂടെയായിരിക്കുമ്പോള്‍ എനിക്കു ഞെരുക്കമുണ്ടായെങ്കിലും ആരെയും ഞാന്‍ ബുദ്ധിമുട്ടിച്ചില്ല. മക്കെദോനിയായില്‍നിന്നു വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തന്നത്. അതിനാല്‍ നിങ്ങളെ ഒരുപ്രകാരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു; മേലിലും ശ്രദ്ധിക്കും.
10: ക്രിസ്തുവിന്റെ സത്യം എന്നിലുള്ളതുകൊണ്ട് എന്റെ ഈ പ്രശംസ അക്കായിയാപ്രദേശങ്ങളില്‍ കേള്‍ക്കപ്പെടാതിരിക്കുകയില്ല.
11: എന്തുകൊണ്ട്? ഞാന്‍ നിങ്ങളെ സ്‌നേഹിക്കാത്തതുകൊണ്ടോ? അങ്ങനെയല്ലെന്നു ദൈവത്തിനറിയാം.
12: ഞാന്‍ ഇപ്പോള്‍ച്ചെയ്യുന്നത്, തുടര്‍ന്നും ചെയ്യും. അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടേതുപോലെതന്നെയാണെന്നു വമ്പുപറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്ഡിക്കുകയുംചെയ്യും.
13: അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരായി വ്യാജവേഷംധരിച്ചവരുമാണ്.
14: അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
15: അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും. 

അപ്പസ്‌തോലന്റെ സഹനം
16: എന്നെ ഭോഷനായി ആരും കരുതരുതെന്ന്, ഞാനാവര്‍ത്തിച്ചുപറയുന്നു. അഥവാ, നിങ്ങള്‍ കരുതുകയാണെങ്കില്‍ എനിക്കും അല്പം ആത്മപ്രശംസചെയ്യേണ്ടതിന് എന്നെ ഭോഷനായിത്തന്നെ സ്വീകരിക്കുവിന്‍.
17: കര്‍ത്താവിന്റെ അധികാരത്തോടെയല്ല, പ്രത്യുത ആത്മപ്രശംസയിലുള്ള ഈ ദൃഢവിശ്വാസത്തോടെ, ഒരു ഭോഷനെപ്പോലെയാണു ഞാന്‍ സംസാരിക്കുന്നത്.
18: പലരും ലൗകികകാര്യങ്ങളെപ്പറ്റി പ്രശംസിക്കാറുള്ളതുപോലെ ഞാനും പ്രശംസിക്കും.
19: ബുദ്ധിമാന്മാരായ നിങ്ങള്‍ വിഡ്ഢികളോടു സന്തോഷപൂര്‍വ്വം സഹിഷ്ണുത കാണിക്കാറുണ്ടല്ലോ!
20: എന്തെന്നാല്‍, നിങ്ങളെ അടിമകളാക്കുകയും കൊള്ളയടിക്കുകയും ചൂഷണംചെയ്യുകയും അഹങ്കരിക്കുകയും നിങ്ങളുടെ മുഖത്തടിക്കുകയുംചെയ്യുന്നവരോടു നിങ്ങള്‍ സഹിഷ്ണുതപുലര്‍ത്തുന്നുണ്ടല്ലോ.
21: അതിനൊന്നും ഞങ്ങള്‍ക്കു ശക്തിയില്ലായിരുന്നെന്നു ലജ്ജയോടെ പറഞ്ഞുകൊള്ളട്ടെ. ആരെങ്കിലും പ്രശംസിക്കാന്‍ ധൈര്യപ്പെടുന്ന എന്തിനെക്കുറിച്ചും പ്രശംസിക്കാന്‍ ഞാനും ധൈര്യപ്പെടുമെന്ന് ഒരുഭോഷനെപ്പോലെ ഞാന്‍ പറയുന്നു.
22: അവര്‍ ഹെബ്രായരാണോ? ഞാനുമതേ. അവര്‍ ഇസ്രായേല്‍ക്കാരാണോ? ഞാനുമതേ. അവര്‍ അബ്രാഹമിന്റെ സന്തതികളാണോ? ഞാനുമതേ.
23: അവര്‍ ക്രിസ്തുവിന്റെ ദാസന്മാരാണോ? ഉന്മത്തനെപ്പോലെ ഞാനും പറയുന്നു, ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ദാസനാണ്. അവരെക്കാള്‍ വളരെയേറെ ഞാനദ്ധ്വാനിച്ചു; വളരെക്കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പലതവണ മരണവക്ത്രത്തിലകപ്പെട്ടു.
24: അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളില്‍നിന്ന്, ഒന്നുകുറയെ നാല്പതടിവീതം ഞാന്‍ കൊണ്ടു.
25: മൂന്നുപ്രാവശ്യം വടികൊണ്ടടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നുപ്രാവശ്യം കപ്പലപകടത്തില്‍
പ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിലൊഴുകിനടന്നു.
26: തുടരെത്തുടരെയുള്ള യാത്രകള്‍ക്കിടയില്‍, നദികളില്‍വച്ചും കൊള്ളക്കാരില്‍നിന്നും സ്വന്തക്കാരില്‍നിന്നും വിജാതീയരില്‍നിന്നും എനിക്കപകടങ്ങളുണ്ടായി. നഗരത്തില്‍വച്ചും വിജനപ്രദേശത്തുവച്ചും കടലില്‍വച്ചും അപകടങ്ങളിലകപ്പെട്ടു. വ്യാജസഹോദരരില്‍നിന്നുള്ള അപകടങ്ങള്‍ക്കും ഞാനധീനനായി.
27: കഠിനാദ്ധ്വാനത്തിലും വിഷമസന്ധികളിലും നിരവധിരാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാന്‍ ജീവിച്ചു.
28: ഇവയ്‌ക്കെല്ലാംപുറമേ, സകലസഭകളെയുംകുറിച്ചുള്ള എന്റെ ഉത്കണ്ഠ, അനുദിനം എന്നെയലട്ടിക്കൊണ്ടുമിരിക്കുന്നു.
29: ആരു ബലഹീനനാകുമ്പോളാണ് ഞാന്‍ ബലഹീനനാകാതിരിക്കുന്നത്? ആരു തെറ്റുചെയ്യുമ്പോ
ളാണ് എന്റെ ഹൃദയം കത്തിയെരിയാത്തത്?
30: എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ എന്റെ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാന്‍ പ്രശംസിക്കുക.
31: ഞാന്‍ വ്യാജംപറയുകയല്ലെന്നു കര്‍ത്താവായ യേശുവിന്റെ ദൈവവും പിതാവും എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനുമായ ദൈവ
റിയുന്നു.
32: ദമാസ്‌ക്കസില്‍വച്ച്, എന്നെപ്പിടികൂടുന്നതിനുവേണ്ടി, അരേത്താസ് രാജാവിന്റെ ദേശാധിപതി, ദമാസ്‌ക്കസ് നഗരത്തിനു കാവലേര്‍പ്പെടുത്തി.
33: എന്നാല്‍, മതിലിലുള്ള ഒരു കിളിവാതിലിലൂടെ കുട്ടയില്‍ ഞാന്‍ താഴേയ്ക്കിറക്കപ്പെട്ടു. അങ്ങനെ അവന്റെ കൈകളില്‍നിന്നു ഞാന്‍ രക്ഷപ്പെട്ടു.

അദ്ധ്യായം 12


ദര്‍ശനങ്ങളും വെളിപാടുകളും
1: എനിക്ക് ആത്മപ്രശംസചെയ്യാന്‍ പലതുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്നെനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ.
2: പതിന്നാലു വര്‍ഷംമുമ്പു മൂന്നാംസ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
3: ഈ മനുഷ്യന്‍ പറുദീസായിലേക്കുയര്‍ത്തപ്പെട്ടു എന്നെനിക്കറിയാം - ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
4: അവാച്യവും മനുഷ്യനു വിവരിച്ചുകൂടാത്തതുമായ കാര്യങ്ങള്‍ അവന്‍ കേട്ടു.
5: ഈ മനുഷ്യനെക്കുറിച്ചു ഞാനഭിമാനംകൊള്ളും. എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല.
6: ആത്മപ്രശംസയ്ക്കിച്ഛിക്കുന്നെങ്കില്‍ത്തന്നെ, ഞാനൊരു ഭോഷനാവുകയില്ല. എന്തെന്നാല്‍, സത്യമായിരിയ്ക്കും ഞാന്‍ സംസാരിക്കുക. എന്നില്‍ക്കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയുംചെയ്യുന്നതിലധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന്, ഞാന്‍ ആത്മപ്രശംസ ഒഴിവാക്കുന്നു.
7: വെളിപാടുകളുടെ ആധിക്യത്താല്‍ ഞാനധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന്, ശരീരത്തില്‍ ഒരു മുള്ള്, എനിക്കു നല്കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്നാഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനുംവേണ്ടിയുള്ള പിശാചിന്റെ ദൂതന്‍.
8: അതെന്നെ വിട്ടകലാന്‍വേണ്ടി, മൂന്നുപ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു.
9: എന്നാല്‍, അവിടുന്നെന്നോടരുളിച്ചെയ്തു: നിനക്ക് എന്റെ കൃപമതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെമേലാവസിക്കേണ്ടതിന്, ഞാന്‍ പൂര്‍വ്വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.
10: അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോളാണു ഞാന്‍ ശക്തനായിരിക്കുന്നത്. 

പൗലോസിന്റെ വ്യഗ്രത
11: ഞാനൊരു ഭോഷനായിപ്പോയല്ലോ! നിങ്ങളാണതിനു കാരണക്കാര്‍; എന്തെന്നാല്‍, നിങ്ങള്‍ എന്നെ പ്രശംസിക്കേണ്ടവരായിരുന്നു. ഞാന്‍ നിസ്സാരനാണെന്നിരിക്കിലും ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടുംകുറഞ്ഞവനല്ല.
12: തെളിവുകളോടും അദ്ഭുതങ്ങളോടും ശക്തികളോടുംകൂടെ എല്ലാത്തരത്തിലുമുള്ള സഹനങ്ങളിലും ഒരപ്പസ്‌തോലനുചേര്‍ന്ന അടയാളങ്ങള്‍ നിങ്ങള്‍ക്കു നല്കപ്പെട്ടു.
13: ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിത്തീര്‍ന്നിട്ടില്ലായെന്നതിലൊഴികേ, മറ്റെന്തിലാണു നിങ്ങള്‍ക്കു മറ്റുസഭകളെക്കാള്‍ കുറവുവന്നിട്ടുള്ളത്? ആ അപരാധം എന്നോടു ക്ഷമിക്കുവിന്‍!
14: ഇതാ, ഞാന്‍ മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിരിക്കുകയില്ലാ. എന്തെന്നാല്‍, ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ്, നിങ്ങള്‍ക്കുള്ളതല്ല. മക്കള്‍ മാതാപിതാക്കന്മാര്‍ക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച്, മാതാപിതാക്കന്മാര്‍ മക്കള്‍ക്കുവേണ്ടിയാണ്.
15: ഞാന്‍ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി എനിക്കുള്ളതെല്ലാം ചെലവഴിക്കുകയും എന്നെത്തന്നെ സമര്‍പ്പിക്കുകയുംചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുംതോറും നിങ്ങളെന്നെ കുറച്ചുമാത്രമാണോ സ്‌നേഹിക്കേണ്ടത്?
16: ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നു നിങ്ങള്‍ സമ്മതിക്കുമെങ്കിലും, നിങ്ങളെ കബളിപ്പിച്ച് സൂത്രത്തില്‍ വശപ്പെടുത്തുകയായിരുന്നുവെന്നു നിങ്ങള്‍ പറയുന്നു.
17: ഞാന്‍ നിങ്ങളുടെയടുത്തേക്കയച്ച ആരെങ്കിലുംവഴി, ഞാന്‍ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടോ?
18: തീത്തോസ് പോകണമെന്നു ഞാന്‍ നിര്‍ബന്ധിച്ചു. അവന്റെകൂടെ ആ സഹോദരനെയുമയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചില്ലല്ലോ. ഒരേ ആത്മാവിലല്ലേ ഞങ്ങള്‍ പ്രവര്‍ത്തിച്ചത്? ഒരേ പാതയിലല്ലേ ഞങ്ങള്‍ നടന്നത്.
19: ഞങ്ങള്‍ നിങ്ങളുടെമുമ്പില്‍ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നുവെന്നാണോ ഇത്രയുംകാലം നിങ്ങള്‍ വിചാരിച്ചിരുന്നത്? പ്രിയപ്പെട്ടവരേ, ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി ദൈവസമക്ഷം സമസ്തവും ക്രിസ്തുവിലാണു പ്രസംഗിച്ചിരുന്നത്.
20: ഒരുപക്ഷേ, ഞാന്‍ വരുമ്പോള്‍ ഞാനാഗ്രഹിക്കുന്നനിലയില്‍ നിങ്ങളെയും നിങ്ങളാഗ്രഹിക്കുന്നനിലയില്‍ എന്നെയും കാണാതിരിക്കുമോയെന്നു ഞാന്‍ ഭയപ്പെടുന്നു. കലഹവും അസൂയയും കോപവും മാത്സര്യവും അപവാദവും പരദൂഷണവും അഹന്തയും അസ്വസ്ഥതയുമായിരിക്കുമോ കണ്ടെത്തുന്നത്?
21: ഞാന്‍ വീണ്ടും നിങ്ങളുടെ
ടുക്കല്‍വരുമ്പോള്‍ എന്റെ ദൈവം, എന്നെ നിങ്ങളുടെമുമ്പില്‍ എളിമപ്പെടുത്തുമോയെന്ന് എനിക്കു ഭയമുണ്ട്. നേരത്തേ പാപംചെയ്തവരും, എന്നാല്‍ തങ്ങളുടെ അശുദ്ധിയെക്കുറിച്ചും വ്യഭിചാരത്തെക്കുറിച്ചും വിഷയാസക്തിയെക്കുറിച്ചും പശ്ചാത്തപിക്കാത്തവരുമായ അനേകരെയോര്‍ത്തു വിലപിക്കേണ്ടിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

അദ്ധ്യായം 13


മുന്നറിയിപ്പുകള്‍
1: മൂന്നാംപ്രാവശ്യമാണു ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍പോകുന്നത്. രണ്ടോമൂന്നോ സാക്ഷികളുടെ മൊഴിയിന്മേല്‍ ഏതുകാര്യവും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
2: നേരത്തേ പാപംചെയ്തവര്‍ക്കും മറ്റെല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പുനല്കിയിട്ടുണ്ട്. എന്റെ രണ്ടാംസന്ദര്‍ശനവേളയില്‍ ഞാന്‍ചെയ്തതുപോലെ, ഇപ്പോള്‍ എന്റെ അസാന്നിദ്ധ്യത്തിലും അവര്‍ക്കു ഞാന്‍ താക്കീതുനല്കുന്നു. ഞാന്‍ വീണ്ടുംവന്നാല്‍ അവരെ വെറുതെവിടുകയില്ല.
3: ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നുവെന്നതിനു തെളിവാണല്ലോ നിങ്ങളാഗ്രഹിക്കുന്നത്. നിങ്ങളോടിടപെടുന്നതില്‍ അവന്‍ ദുര്‍ബ്ബലനല്ല, ശക്തനാണ്.
4: അവന്‍ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍, ദൈവത്തിന്റെ ശക്തിയാല്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങളും ബലഹീനരാണ്. എന്നാല്‍, നിങ്ങളോടു പെരുമാറുമ്പോളാകട്ടെ, ഞങ്ങള്‍ അവനോടുകൂടെ ദൈവത്തിന്റെ ശക്തികൊണ്ടു ജീവിക്കും.
5: നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്ക്കുന്നുണ്ടോയെന്നു പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്തു നിങ്ങളിലുണ്ടെന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു.
6: ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്നു നിങ്ങള്‍ ഗ്രഹിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
7: എന്നാല്‍, നിങ്ങള്‍ തിന്മപ്രവര്‍ത്തിക്കരുതേയെന്നാണു ദൈവത്തോടുള്ള ഞങ്ങളുടെ പ്രാര്‍ത്ഥന. ഞങ്ങള്‍ പരീക്ഷയില്‍ വിജയിച്ചവരായി കാണപ്പെടണമെന്നില്ല; ഞങ്ങള്‍ പരാജിതരായിക്കാണപ്പെട്ടാലും നിങ്ങള്‍ നന്മപ്രവര്‍ത്തിക്കണം.
8: സത്യത്തിനുവേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങള്‍ക്കു സാദ്ധ്യമല്ല.
9: ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ബലവാന്മാരുമായിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.
10: ഞാന്‍ വരുമ്പോള്‍ കാര്‍ക്കശ്യത്തോടെ അധികാരം പ്രയോഗിക്കാതിരിക്കേണ്ടതിന്, നിങ്ങളില്‍നിന്ന് അകലെയായിരിക്കുമ്പോള്‍ ഇതെഴുതുന്നു. കര്‍ത്താവ്, എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്; നശിപ്പിക്കാനല്ല. 

അഭിവാദനങ്ങള്‍
11: അവസാനമായി, സഹോദരരേ, സന്തോഷിക്കുവിന്‍. നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. എന്റെ ആഹ്വാനം സ്വീകരിക്കുവിന്‍. ഏകമനസ്കരായിരിക്കുവിന്‍. സമാധാനത്തില്‍ ജീവിക്കുവിന്‍. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും.
12: വിശുദ്ധചുംബനംകൊണ്ട് അന്യോന്യമഭിവാദനംചെയ്യുവിന്‍.
13: വിശുദ്ധരെല്ലാവരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
14: കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ