മുന്നൂറ്റിമുപ്പത്തിയഞ്ചാം ദിവസം: 2 കൊറിന്തോസ് 5 - 9


അദ്ധ്യായം 5

    
    1: ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മ്മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗ്ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങളറിയുന്നു.
    2: വാസ്തവത്തില്‍ ഞങ്ങളിവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗ്ഗീയവസതി ധരിക്കുവാന്‍ വെമ്പല്‍ക്കൊള്ളുകയുമാണ്.
    3: അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്നരായി കാണപ്പെടുകയില്ല.
    4: ഈ കൂടാരത്തിലായിരിക്കുമ്പോള്‍ത്തന്നെയും ഞങ്ങള്‍ ഉത്കണ്ഠാകുലരായി നെടുവീര്‍പ്പിടുന്നു; മൃത്യുവശഗമായതു ജീവനാല്‍ ഗ്രസിക്കപ്പെടേണ്ടതിന്, പഴയതു മാറ്റിക്കളയാനല്ല, പുതിയതു ധരിക്കാനാണു ഞങ്ങളാഗ്രഹിക്കുന്നത്.
    5: ഈ ലക്ഷ്യത്തിനായി ഞങ്ങളെയൊരുക്കിയത്, ആത്മാവിനെ അച്ചാരമായി ഞങ്ങള്‍ക്കു നല്കിയ ദൈവമാണ്.
    6: ഞങ്ങള്‍ക്ക്, എല്ലായ്‌പോഴും നല്ല ധൈര്യമുണ്ട്. ഞങ്ങള്‍ ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍നിന്നകലെയാണെന്നു ഞങ്ങളറിയുന്നു.
    7: എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നതു വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട്.
    8: ശരീരത്തില്‍നിന്നകന്നിരിക്കാനും കര്‍ത്താവിനോടടുത്തിരിക്കാനും ഞങ്ങളാഗ്രഹിക്കുന്നു.
    9: അടുത്തായാലുമകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുകയെന്നതാണു ഞങ്ങളുടെ ലക്ഷ്യം.
    10: എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പില്‍ വരണം. 

    അനുരഞ്ജനത്തിന്റെ ശുശ്രൂഷ
    11: കര്‍ത്താവിനെ ഭയമുള്ളതുകൊണ്ടുതന്നെയാണു ഞങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഞങ്ങള്‍ എന്താണെന്നു ദൈവത്തിനറിയാം. അതു നിങ്ങള്‍ക്കും നന്നായറിയാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
    12: ഞങ്ങള്‍ വീണ്ടും ഞങ്ങളെത്തന്നെ നിങ്ങളുടെ മുമ്പാകെ പുകഴ്ത്തുകയല്ല; പ്രത്യുത, ഹൃദയംനോക്കാതെ, മുഖംനോക്കി പ്രശംസിക്കുന്നവര്‍ക്ക് ഉത്തരംനല്കാന്‍ നിങ്ങള്‍ക്കു കഴിയേണ്ടതിന്, ഞങ്ങളെപ്പറ്റിയഭിമാനിക്കാന്‍ ഒരവസരംനല്കുകയാണ്.
    13: ഞങ്ങള്‍ ഉന്മത്തരാണെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്. ഞങ്ങള്‍ സമചിത്തരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്.
    14: ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോദ്ധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്കുത്തേജനം നല്കുന്നു.
    15: ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയുംചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്.
    16: അതിനാല്‍, ഇപ്പോള്‍മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല.
    17: ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
    18: ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്കുകയുംചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെല്ലാം.
    19: അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട്, ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
    20: ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ്, ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നത്.
    21: എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപമറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.

അദ്ധ്യായം 6

    
സമ്പൂര്‍ണ്ണമായ ശുശ്രൂഷ
1: നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർത്ഥമാക്കരുതെന്ന്, അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു.
2: അവിടുന്നരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്, ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയുംചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം. 
3: ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റംകാണാതിരിക്കേണ്ടതിന് ഞങ്ങള്‍, ആര്‍ക്കും ഒന്നിനും പ്രതിബന്ധമുണ്ടാക്കുന്നില്ല.
4: മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്മാരാണെന്ന് ഞങ്ങളഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍, 
5: മര്‍ദ്ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അദ്ധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍, 
6: ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍;
7: സത്യസന്ധമായ വാക്കില്‍, ദൈവത്തിന്റെ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;
8: ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങളഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്.
9: ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.
10: ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും എല്ലാമാര്‍ജ്ജിച്ചിരിക്കുന്നു.
11: കോറിന്തോസുകാരേ, ഞങ്ങള്‍ നിങ്ങളോടു വളരെ തുറന്നുസംസാരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്നു.
12: ഞങ്ങള്‍ മുഖാന്തരമല്ല നിങ്ങള്‍ ഞെരുങ്ങുന്നത്; നിങ്ങള്‍ നിങ്ങളില്‍ത്തന്നെയാണു ഞെരുങ്ങുന്നത്.
13: മക്കളോടെന്നതുപോലെ ഞാന്‍ പറയുന്നു, നിങ്ങളും ഞങ്ങളോടു ഹൃദയംതുറന്നു പെരുമാറുവിന്‍.

      ദൈവത്തിന്റെ ആലയം
    14: നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയുമനീതിയുംതമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന്, അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?
    15: ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?
    16: ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവമരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെയിടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാനവരുടെ ദൈവമായിരിക്കും; അവരെന്റെ ജനവുമായിരിക്കും.
    17: ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിനെന്ന് കര്‍ത്താവരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;
    18: ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങളെനിക്കു പുത്രന്മാരും പുത്രികളുമായിരിക്കുമെന്നു സര്‍വ്വശക്തനായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 7

    
1: പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങള്‍ നമുക്കുള്ളതിനാല്‍ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവഭയത്തില്‍ വിശുദ്ധി പരിപൂര്‍ണ്ണമാക്കുകയും ചെയ്യാം.

പശ്ചാത്താപത്തിൽ സന്തോഷം
2: നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്കിടമുണ്ടായിരിക്കട്ടെ. ഞങ്ങളാരെയും ദ്രോഹിച്ചിട്ടില്ല; ആരെയും മുറിപ്പെടുത്തിയിട്ടില്ല; ആരെയും വഞ്ചിച്ചിട്ടില്ല.
3: നിങ്ങ
ളെ കുറ്റപ്പെടുത്താനല്ല ഞാനിതു പറയുന്നത്. ഒന്നിച്ചുമരിക്കാനും ജീവിക്കാനുംവേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നു ഞാന്‍ നേരത്തേ പറഞ്ഞല്ലോ.
4: എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസമുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആനന്ദപൂരിതനുമാണ്.
5: ഞങ്ങള്‍ മക്കെദോനിയായില്‍ ചെന്നപ്പോള്‍പ്പോലും ഞങ്ങള്‍ക്കൊരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങള്‍ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്സരം, അകമേ ഭയം.
6: എന്നാല്‍, ആശയറ്റവരെ സമാശ്വസിപ്പിക്കുന്ന ദൈവം തീത്തോസിന്റെ സാന്നിദ്ധ്യംവഴി ഞങ്ങള്‍ക്കാശ്വാസം നല്കി;
7: സാന്നിദ്ധ്യത്താല്‍മാത്രമല്ല, നിങ്ങളെപ്രതി അവനുണ്ടായിരുന്ന സംതൃപ്തിമൂലവും. നിങ്ങള്‍ക്ക് എന്നോടുള്ള താത്പര്യത്തെയും സഹതാപത്തെയും തീക്ഷ്ണതയെയുംകുറിച്ച് അവന്‍ പറഞ്ഞപ്പോള്‍, ഞാനത്യധികം സന്തോഷിച്ചു.
8: എന്റെയെഴുത്തു നിങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും എനിക്കതില്‍ സങ്കടമില്ല. വാസ്തവത്തില്‍ നേരത്തേ എനിക്കു സങ്കടമുണ്ടായിരുന്നു. എന്തെന്നാല്‍, ആ എഴുത്ത്, നിങ്ങളെ കുറച്ചുകാലത്തേക്കുമാത്രമാണെങ്കിലും ദുഃഖിപ്പിക്കുകയുണ്ടായല്ലോ.
9: ഇപ്പോഴാകട്ടെ, ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്കു നയിച്ചതുകൊണ്ട്. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട്, ഞങ്ങള്‍വഴി നിങ്ങള്‍ക്കൊരു നഷ്ടവുമുണ്ടായിട്ടില്ല.
10: ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.
11: ദൈവികമായ ഈ ദുഃഖം എത്രയധികം ഉത്സാഹവും നിഷ്‌കളങ്കത തെളിയിക്കാനുള്ള താത്പര്യവും ധാര്‍മ്മികരോഷവും ഭയവും ആകാംക്ഷയും തീക്ഷ്ണതയും നീതിവാഞ്ഛയുമാണു നിങ്ങളിലെല്ലാമുളവാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കുവിന്‍. നിങ്ങള്‍ നിര്‍ദ്ദോഷരാണെന്ന്, എല്ലാപ്രകാരത്തിലും തെളിയിച്ചിരിക്കുന്നു.
12: അപരാധംചെയ്തവനെപ്രതിയോ, അപരാധത്തിനിരയായവനെപ്രതിയോ അല്ല ഞാന്‍ നിങ്ങള്‍ക്കെഴുതിയത്; പ്രത്യുത, ഞങ്ങളോടു നിങ്ങള്‍ക്കുള്ള താത്പര്യം ദൈവസന്നിധിയില്‍ വെളിപ്പെടേണ്ടതിനാണ്.
13: തന്മൂലം, ഞങ്ങള്‍ക്കാശ്വാസമായി. അതിനുംപുറമേ, തീത്തോസിന്റെ മനസ്സിന്, നിങ്ങളെല്ലാവരും ആശ്വാസമേകിയതില്‍ അവനുണ്ടായ സന്തോഷത്തെയോര്‍ത്തും ഞങ്ങളത്യധികം സന്തോഷിച്ചു.
14: നിങ്ങളെ പ്രശംസിച്ച്, ഞാന്‍ അവനോടു ചിലതു സംസാരിച്ചുവെന്നതില്‍ എനിക്കു ലജ്ജിക്കേണ്ടിവന്നില്ല. ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമായിരിക്കുന്നതുപോലെ, തീത്തോസിനോടു ഞങ്ങള്‍ മേനിപറഞ്ഞതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
15: നിങ്ങളെല്ലാവരുടെയും അനുസരണത്തെക്കുറിച്ചും ഭയത്തോടും വിറയലോടുംകൂടെ നിങ്ങളവനെ സ്വീകരിച്ചതിനെക്കുറിച്ചുമോര്‍ക്കുമ്പോള്‍, അവന്‍ വികാരതരളിതനാകുന്നു.
16: എനിക്കു നിങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസമുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.

അദ്ധ്യായം 8


ഉദാരമായ ദാനം
1: സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങളറിയണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
2: എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി.
3: അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്നമനസ്സോടെ ദാനംചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും.
4: വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടെ ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോടു തീവ്രമായപേക്ഷിച്ചു.
5: ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; പ്രത്യുത, ആദ്യമേതന്നെ അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനും ദൈവഹിതമനുസരിച്ചു ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.
6: അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങളവനോടഭ്യര്‍ത്ഥിച്ചു.
7: നിങ്ങള്‍ എല്ലാകാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണ്ണമായ ഉത്സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതുപോലെ ഈ കാരുണ്യപ്രവര്‍ത്തനങ്ങളിലും മികച്ചുനില്ക്കുവിന്‍.
8: ഞാന്‍ നിങ്ങളോടു കല്പിക്കുകയല്ല, നിങ്ങളുടെ സ്‌നേഹം യഥാര്‍ത്ഥമാണെന്നു മറ്റുള്ളവരുടെ ഉത്സാഹത്തിലൂടെ തെളിയിക്കുകയാണ്.
9: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ.
10: ഒരുവര്‍ഷംമുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാനുപദേശിക്കുന്നു.
11: നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍.
12: താത്പര്യത്തോടെയാണു നല്കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല.
13: മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണമെന്നുമല്ല ഞാനര്‍ത്ഥമാക്കുന്നത്;
14: അവരുടെ സമൃദ്ധിയില്‍നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്.
15: എഴുതപ്പെട്ടിരിക്കുന്നതുപോലെ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല.

തീത്തോസും സഹകാരികളും
16: നിങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ആത്മാര്‍ത്ഥമായ താത്പര്യം തീത്തോസിന്റെ ഹൃദയത്തില്‍ ഉദിപ്പിച്ച ദൈവത്തിനു ഞാന്‍ നന്ദിപറയുന്നു.
17: അവന്‍ ഞങ്ങളുടെ അഭ്യര്‍ഥന കൈക്കൊള്ളുകമാത്രമല്ല, വളരെ ഉത്സാഹത്തോടെ സ്വമനസ്സാലെ നിങ്ങളുടെയടുത്തേക്കു വരുകയുംചെയ്തു.
18: സുവിശേഷപ്രഘോഷണത്തിന് എല്ലാ സഭകളിലും പ്രസിദ്ധിനേടിയ ഒരു സഹോദരനെയും അവനോടുകൂടെ ഞങ്ങളയച്ചിട്ടുണ്ട്.
19: മാത്രമല്ല, കര്‍ത്താവിന്റെ മഹത്വവും ഞങ്ങളുടെ സന്മനസ്സും വെളിപ്പെടേണ്ടതിന്, ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സഹകാരിയായി സഭകളാല്‍ നിയോഗിക്കപ്പെട്ടവനാണ് ഈ സഹോദരന്‍.
20: ഉദാരമായ ഈ ദാനം കൈകാര്യംചെയ്യുന്നതില്‍ ആരും ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.
21: കര്‍ത്താവിന്റെമുമ്പാകെമാത്രമല്ല, മനുഷ്യരുടെമുമ്പാകെയും ആദരണീയമായതേ ഞങ്ങള്‍ ലക്ഷ്യമാക്കുന്നുള്ളൂ.
22: പല കാര്യങ്ങളിലും ഉത്സാഹിയാണെന്നു ഞങ്ങള്‍ പലതവണ പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ ഒരു സഹോദരനെക്കൂടെ അവരോടൊത്തു ഞങ്ങളയച്ചിട്ടുണ്ട്. നിങ്ങളിലുള്ള ഉത്തമവിശ്വാസംനിമിത്തം ഇപ്പോള്‍ അവന്‍ പൂര്‍വ്വോപരി ഉത്സാഹിയാണ്.
23: തീത്തോസിനെപ്പറ്റി പറഞ്ഞാല്‍, നിങ്ങളുടെയിടയിലെ ശുശ്രൂഷയില്‍ എന്റെ പങ്കുകാരനും സഹപ്രവര്‍ത്തകനുമാണവന്‍ . ഞങ്ങളുടെ സഹോദരന്മാരാകട്ടെ, സഭകളുടെ അപ്പസ്‌തോലന്മാരും ക്രിസ്തുവിന്റെ മഹത്വവുമാണ്.
24: ആകയാല്‍, നിങ്ങളുടെ സ്‌നേഹത്തിന്റെയും നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസയുടെയും തെളിവ്, സഭകളുടെ മുമ്പാകെ ഇവര്‍ക്കു നല്കുവിന്‍.

അദ്ധ്യായം 9

    
വിശുദ്ധര്‍ക്കുള്ള ധനശേഖരണം
1: വിശുദ്ധര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കെഴുതേണ്ടതില്ല.
2: നിങ്ങളുടെ സന്നദ്ധത എനിക്കു ബോദ്ധ്യമുള്ളതാണ്. കഴിഞ്ഞവര്‍ഷംമുതല്‍ അക്കായിയായിലുള്ളവര്‍ തയ്യാറായിരിക്കുകയാണെന്ന് മക്കെദോനിയാക്കാരോടു ഞാന്‍ പ്രശംസിച്ചുപറയുകയുണ്ടായി. നിങ്ങളുടെ തീക്ഷ്ണത നിരവധിയാളുകള്‍ക്ക് ഉത്തേജനം നല്കിയിട്ടുണ്ട്.
3: ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ നിരര്‍ത്ഥകമാകാതിരിക്കാനാണ് സഹോദരന്മാരെ ഞാനയച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ തയ്യാറായിരിക്കണം.
4: അല്ലെങ്കില്‍ മക്കെദോനിയാക്കാര്‍ ആരെങ്കിലും എന്റെകൂടെ വരുകയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയുംചെയ്താല്‍, നിങ്ങളുടെ കാര്യംപോകട്ടെ, ഇത്രമാത്രം വിശ്വാസം നിങ്ങളിലര്‍പ്പിച്ചതിനു ഞങ്ങള്‍ അവമാനിതരാകും.
5: അതിനാല്‍, എനിക്കുമുമ്പേ നിങ്ങളുടെ അടുത്തുവന്ന് നിങ്ങള്‍ വാഗ്ദാനംചെയ്ത ഉദാരമായ സംഭാവന മുന്‍കൂട്ടി സജ്ജമാക്കാന്‍ സഹോദരന്മാരെ പ്രേരിപ്പിക്കുക ആവശ്യമാണെന്നു ഞാന്‍ കരുതി. അങ്ങനെ ആ സംഭാവന, ഞങ്ങളുടെ നിര്‍ബ്ബന്ധംമൂലമല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടാണു ശേഖരിച്ചതെന്നു വ്യക്തമാകട്ടെ.
6: സത്യമിതാണ്: അല്പം വിതയ്ക്കുന്നവന്‍ അല്പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളംകൊയ്യും.
7: ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്‌വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വം നല്കുന്നവനെയാണു ദൈവം സ്‌നേഹിക്കുന്നത്.
8: നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായുണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായിചെയ്യാനുംവേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുറ്റവനാണു ദൈവം.
9: എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരിവിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്തു. അവന്റെ നീതി എന്നേയ്ക്കും നിലനില്ക്കുന്നു.
10: വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവുംകൊടുക്കുന്നവന്‍ നിങ്ങള്‍ക്കു വിതയ്ക്കാനുള്ള വിത്തുതരുകയും അതിനെ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും.
11: നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും.
12: എന്തെന്നാല്‍, സേവനത്തിന്റെ ഈ ശുശ്രൂഷ, വിശുദ്ധരുടെ ആവശ്യങ്ങള്‍ നിറവേറ്റുകമാത്രമല്ല, ദൈവത്തിനര്‍പ്പിക്കുന്ന നിരവധി കൃതജ്ഞഞതാസ്‌തോത്രങ്ങളിലൂടെ കരകവിഞ്ഞൊഴുകുകകൂടെ ചെയ്യുന്നു.
13: ക്രിസ്തുവിന്റെ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വംവഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങള്‍ക്കുള്ള കൂട്ടായ്മയുടെ ഔദാര്യംവഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോദ്ധ്യപ്പെട്ട് അവര്‍ ദൈവത്തെ സ്തുതിക്കും.
14: മാത്രമല്ല, നിങ്ങളില്‍ മികച്ചുനില്ക്കുന്നദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണാനാഗ്രഹിക്കുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
15: അവര്‍ണ്ണനീയമായ ദാനത്തിനു ദൈവത്തിനു സ്തുതി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ