മുന്നൂറ്റിയൊമ്പതാം ദിവസം: യോഹന്നാന്‍ 14 - 16


അദ്ധ്യായം 14


യേശു പിതാവിലേക്കുള്ള വഴി
1: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
2: എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
3: ഞാന്‍ പോയി, നിങ്ങള്‍ക്കു സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ ഞാനായിരിക്കുന്നിടത്തു നിങ്ങളുമായിരിക്കേണ്ടതിന്, ഞാന്‍ വീണ്ടുംവന്നു നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
4: ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
5: തോമസ് പറഞ്ഞു: കര്‍ത്താവേ, നീയെവിടേക്കു പോകുന്നെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി, ഞങ്ങളെങ്ങനെയറിയും?
6: യേശു പറഞ്ഞു: ഞാനാകുന്നൂ, വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്കു വരുന്നില്ല.
7: നിങ്ങള്‍ എന്നെയറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍മുതല്‍ നിങ്ങളവനെയറിയുന്നു. അവനെ കാണുകയുംചെയ്തിരിക്കുന്നു.
8: പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്കതു മതി.
9: യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീയെന്നെ അറിയുന്നില്ലേ? എന്നെക്കാണുന്നവന്‍ പിതാവിനെക്കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുകയെന്നു നീ പറയുന്നതെങ്ങനെ?
10: ഞാന്‍ പിതാവിലും പിതാവെന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്, തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്.
11: ഞാന്‍ പിതാവിലും പിതാവെന്നിലുമാണെന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ ഈ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
12: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെയടുത്തേക്കു പോകുന്നതുകൊണ്ട്, ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
13: നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
14: എന്റെ നാമത്തില്‍ നിങ്ങളെന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.

പരിശുദ്ധാത്മാവിനെ വാഗ്ദാനംചെയ്യുന്നു
15: നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകൾപാലിക്കും.
16: ഞാന്‍ പിതാവിനോടപേക്ഷിക്കുകയും എന്നേയ്ക്കും നിങ്ങളോടുകൂടെയായിരിക്കാന്‍, മറ്റൊരാശ്വാസകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയുംചെയ്യും.
17: ഈ സത്യത്തിന്റെയാത്മാവിനെ സ്വീകരിക്കാന്‍, ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെക്കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങളവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും.
18: ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെയടുത്തേക്കു വരും.
19: അല്പസമയംകൂടെക്കഴിഞ്ഞാല്‍പ്പിന്നെ, ലോകമെന്നെ കാണുകയില്ല. എന്നാല്‍, നിങ്ങളെന്നെക്കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും.
20: ഞാനെന്റെ പിതാവിലും നിങ്ങളെന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങളറിയും.
21: എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനുമവനെ സ്നേഹിക്കുകയും എന്നെയവനു വെളിപ്പെടുത്തുകയുംചെയ്യും.
22: യൂദാസ് - യൂദാസ്കറിയോത്തായല്ല - അവനോടു പറഞ്ഞു: നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ലെന്നു പറഞ്ഞതെന്താണ്?
23: യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്, അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെയടുത്തുവന്ന്, അവനോടൊപ്പം വാസമുറപ്പിക്കുകയും ചെയ്യും.
24: എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെയയച്ച പിതാവിന്റേതാണ്.
25: നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇവ ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26: എന്നാല്‍, എന്റെനാമത്തില്‍ പിതാവയയ്ക്കുന്ന, ആശ്വാസകനായ പരിശുദ്ധാത്മാവ്, എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളവയെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.
27: സമാധാനം, 
ഞാന്‍ നിങ്ങളെ ഏല്പിച്ചിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
28: ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെയടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങളെന്നെ സ്നേഹിച്ചിരുന്നെങ്കില്‍, പിതാവിന്റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്.
29: അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു.
30: നിങ്ങളോടിനിയും ഞാൻ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെമേൽ ഒരധികാരവുമില്ല. 
31: എന്നാല്‍, ഞാന്‍ പിതാവിനെ സ്നേഹിക്കുന്നെന്നും അവിടുന്നെന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നെന്നും ലോകമറിയണം. എഴുന്നേല്ക്കുവിന്‍, നമുക്ക് ഇവിടെനിന്നുപോകാം

അദ്ധ്യായം 15 


മുന്തിരിച്ചെടിയും ശാഖകളും
1: ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.
2: എന്നിൽഫലംതരാത്ത എല്ലാശാഖകളേയും അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍ ഫലംതരുന്നതിനെ, കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.
3: ഞാന്‍ നിങ്ങളോടുപറഞ്ഞ വചനംനിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു.
4: നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍നില്ക്കാതെ ശാഖയ്ക്കു സ്വയമേ ഫലംപുറപ്പെടുവിക്കാന്‍ സാധിക്കാത്തപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
5: ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആരെന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലംപുറപ്പെടുവിക്കുന്നു. എന്തെന്നാൽ, എന്നെക്കൂടാതെ നിങ്ങള്‍ക്ക്, ഒന്നുംചെയ്യാന്‍ സാധിക്കുകയില്ല.
6: എന്നില്‍ വസിക്കാത്തവന്‍, മുറിച്ചശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയുംചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച്, തീയിലിട്ടു കത്തിച്ചുകളയുന്നു.
7: നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയുംചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
8: നിങ്ങള്‍ ധാരാളം ഫലംപുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയുംചെയ്യുന്നതുവഴി, പിതാവു മഹത്വപ്പെടുന്നു.
9: പിതാവ് എന്നെ സ്‌നേഹിച്ചപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്ക്കുവിന്‍.
10: എന്റെ പിതാവിന്റെ കല്പനകള്‍പാലിച്ച്, ഞാന്‍ അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നപോലെ, എന്റെ കല്പനകള്‍പാലിച്ചാല്‍ നിങ്ങളും എന്റെ സ്‌നേഹത്തില്‍ നിലനില്ക്കും.
11: ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞത്, എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനുംവേണ്ടിയാണ്.
12: ഇതാണെന്റെ കല്പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം.
13: ഒരുവൻ തന്റെ സ്‌നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല.
14: ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ചെയ്യുന്നെങ്കില്‍ നിങ്ങളെന്റെ സ്‌നേഹിതരാണ്.
15: ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസനറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടവയെല്ലാം നിങ്ങളെ ഞാനറിയിച്ചു.
16: നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍പോയി ഫലംപുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്കും.
17: ഞാന്‍ നിങ്ങളോടു കല്പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിന്‍.

ലോകം നിങ്ങളെ വെറുക്കും
18: ലോകം നിങ്ങളെ വെറുക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത്, എന്നെ വെറുത്തുവെന്ന് അറിഞ്ഞുകൊള്ളുവിന്‍.
19: നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം അതിനു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ വെറുക്കുന്നു.
20: ദാസന്‍, യജമാനനെക്കാള്‍ വലിയവനല്ലാ, എന്നു ഞാന്‍ നിങ്ങളോടുപറഞ്ഞ വചനമോര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചെങ്കില്‍, നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനംപാലിച്ചെങ്കില്‍ നിങ്ങളുടേതും പാലിക്കും.
21: എന്നാല്‍, എന്റെ നാമംമൂലം അവര്‍ ഇതെല്ലാം നിങ്ങളോടുചെയ്യും. കാരണം, എന്നെ അയച്ചവനെ അവരറിയുന്നില്ല.
22: ഞാന്‍ വന്ന്, അവരോടു സംസാരിച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച്, അവര്‍ക്ക് ഒഴികഴിവില്ല.
23: എന്നെ വെറുക്കുന്നവന്‍ എന്റെ പിതാവിനെയും വെറുക്കുന്നു.
24: മറ്റാരുംചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാലിപ്പോള്‍, അവര്‍ എന്നെയും എന്റെ പിതാവിനെയും കാണുകയും വെറുക്കുകയുംചെയ്തിരിക്കുന്നു.
25: അവര്‍ കാരണംകൂടാതെ എന്നെ വെറുത്തുവെന്ന്, അവരുടെ നിയമത്തിലെഴുതപ്പെട്ടിരുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
26: ഞാന്‍ പിതാവിന്റെ അടുത്തുനിന്നയയ്ക്കുന്ന ആശ്വാസകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യംനല്കും.
27: ആരംഭംമുതല്‍ എന്നോടുകൂടെയുള്ളവരായതുകൊണ്ട്, നിങ്ങളും സാക്ഷ്യംനല്കും.

അദ്ധ്യായം 16  


1: നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ്, ഞാന്‍ ഇവ നിങ്ങളോടു പറഞ്ഞത്.
2: അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെക്കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ശുശ്രൂഷചെയ്യുന്നു എന്നുകരുതുന്ന സമയംവരുന്നു.
3: അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട്, ഇതുചെയ്യും.
4: അവരുടെ സമയംവരുമ്പോള്‍, ഇവ ഞാന്‍ പറഞ്ഞിരുന്നുവെന്നു നിങ്ങള്‍ ഓര്‍മ്മിക്കാന്‍വേണ്ടി ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത്, ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം
5: എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെയടുക്കലേക്കു പോകുകയാണ്. എന്നിട്ടും നീ എവിടെപോകുന്നുവെന്ന് നിങ്ങളിലാരുമെന്നോടു ചോദിക്കുന്നില്ല.
6: ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട്, നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു.
7: എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, ആശ്വാസകന്‍ നിങ്ങളുടെയടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെയടുക്കലേക്കു ഞാനയയ്ക്കും.
8: അവന്‍ വന്ന്, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ കുറ്റപ്പെടുത്തും -
9: അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ,
10: ഞാന്‍ പിതാവിന്റെയടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും,
11: ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും.
12: ഇനിയും ഏറെക്കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിയില്ല.
13: സത്യാത്മാവു വരുമ്പോള്‍, നിങ്ങളെ പൂര്‍ണ്ണസത്യത്തിലേക്കു നയിക്കും.
14: അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതുമാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍
 എന്നെ മഹത്വപ്പെടുത്തും. എന്തെന്നാൽ, അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്, നിങ്ങളോടു പ്രഖ്യാപിക്കും.
15: പിതാവിനുള്ളവയെല്ലാം എന്റേതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.

ദുഃഖം, സന്തോഷമായിമാറും
16: അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുകയില്ല. വീണ്ടും അല്പസമയംകഴിഞ്ഞാല്‍ നിങ്ങളെന്നെക്കാണും.
17: അപ്പോള്‍ അവന്റെ ശിഷ്യന്മാരില്‍ച്ചിലര്‍, പരസ്പരം പറഞ്ഞു: അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുകയില്ല, വീണ്ടുമല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുമെന്നും ഞാന്‍ പിതാവിന്റെയടുത്തേക്കു പോകുന്നുവെന്നും അവന്‍ നമ്മോടു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?
18: അവര്‍ തുടര്‍ന്നു: അല്പസമയം എന്നതുകൊണ്ട് അവനെന്താണ് അര്‍ത്ഥമാക്കുന്നത്? അവന്‍ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.
19: ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാനാഗ്രഹിക്കുന്നെന്നു മനസ്സിലാക്കി, യേശു പറഞ്ഞു: അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണുകയില്ല, വീണ്ടും അല്പസമയംകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെക്കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ?
20: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായിമാറും.
21: സ്ത്രീക്കു പ്രസവവേദനയാരംഭിക്കുമ്പോള്‍, അവളുടെ സമയംവന്നതുകൊണ്ട്, അവള്‍ക്കു ദുഃഖമുണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷംനിമിത്തം ആ വേദന പിന്നീടൊരിക്കലും അവളോര്‍മ്മിക്കുന്നില്ല.
22: അതുപോലെ, ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെക്കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം, ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല.
23: അന്നു നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്കും.
24: ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുകയും ചെയ്യും.

ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു
25: ഉപമകള്‍വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയംവരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെയറിയിക്കും.
26: അന്നു നിങ്ങള്‍ എന്റെ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കും എന്നുപറയുന്നില്ല.
27: കാരണം, പിതാവുതന്നെ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നുവന്നെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.
28 : ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകംവിട്ട്, പിതാവിലേക്കു പോകുന്നു.
29: അവന്റെ ശിഷ്യന്മാര്‍ പറഞ്ഞു: ഇപ്പോള്‍ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.
30: നീ എല്ലാക്കാര്യങ്ങളും അറിയുന്നെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. നീ ദൈവത്തില്‍നിന്നുവന്നെന്ന്, ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
31: യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
32: എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായിവിട്ടുപോകുകയുംചെയ്യുന്ന മണിക്കൂർ വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.
33: നിങ്ങള്‍ക്ക്, എന്നില്‍ സമാധാനമുണ്ടാകേണ്ടതിനാണ്, ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമുള്ളവരായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ