ഇരുന്നൂറ്റിനാല്പത്തിയഞ്ചാം ദിവസം: എസക്കിയേല്‍ 33 - 35


അദ്ധ്യായം 33

പ്രവാചകന്‍ കാവല്‍ക്കാരന്‍

1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ,
2: നീ നിന്റെ ജനത്തോടു പറയുക; ഞാനൊരു ദേശത്തിന്റെമേല്‍ വാളയയ്ക്കുകയും
3: ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍വരുന്നതു് അവന്‍ കാണുകയും കാഹളമൂതി മുന്നറിയിപ്പുകൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
4: കാഹളനാദംകേട്ടിട്ടും മുന്നറിയിപ്പുസ്വീകരിക്കാത്തവനെ വാള്‍ വിച്ഛേദിച്ചുകളയും. അവന്റെ രക്തത്തിനുത്തരവാദി അവന്‍തന്നെ.
5: അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്റെ രക്തത്തിനുത്തരവാദി അവന്‍തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു ജീവന്‍ രക്ഷിക്കാമായിരുന്നു.
6: വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളംമുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പുകിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്റെ രക്തത്തിനു കാവല്‍ക്കാരനോടു ഞാന്‍ പകരംചോദിക്കും.
7: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനംകേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീതു് അവരെയറിയിക്കണം.
8: ഞാന്‍ ദുഷ്ടനോടു്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പുനല്‍കാതിരിക്കുകയുംചെയ്താല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, അവന്റെ രക്തത്തിനു ഞാന്‍ നിന്നോടു പകരംചോദിക്കും.
9: ദുഷ്ടനോടു തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ താക്കീതുകൊടുത്തിട്ടും അവന്‍ പിന്തിരിയാതിരുന്നാല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍ നീ നിന്റെ ജീവനെ രക്ഷിക്കും.

അനുതപിച്ചാല്‍ ജീവിക്കും
10: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോടു പറയുക: ഞങ്ങളുടെയതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേലുണ്ടു്. അവമൂലം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നു നിങ്ങള്‍ പറഞ്ഞു.
11: അവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിഞ്ഞു ജീവിക്കുന്നതിലാണു് എനിക്കു സന്തോഷം. പിന്തിരിയുവിന്‍; തിന്മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങളെന്തിനു മരിക്കണം?
12: മനുഷ്യപുത്രാ, നീ നിന്റെ ജനത്തോടു പറയുക: നീതിമാന്‍ ദുഷ്‌കൃത്യംചെയ്താല്‍ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല. ദുഷ്ടന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു് പിന്തിരിഞ്ഞാല്‍ അവന്‍ തന്റെ ദുഷ്ടതമൂലം നശിക്കുകയില്ല. നീതിമാന്‍ പാപംചെയ്താല്‍ തന്റെ നീതിമൂലം ജീവിക്കാനവനു സാധിക്കുകയില്ല.
13: ഞാന്‍ നീതിമാനോടു് അവന്‍ തീര്‍ച്ചയായും ജീവിക്കുമെന്നു പറയുകയും അവന്‍ തന്റെ നീതിയില്‍ വിശ്വാസമര്‍പ്പിച്ചു തിന്മ പ്രവര്‍ത്തിക്കുകയുംചെയ്താല്‍ അവന്റെ നീതിനിഷ്ഠമായ ഒരു പ്രവൃത്തിയും ഞാനോര്‍ക്കുകയില്ല. അവന്‍ തന്റെ ദുഷ്‌കൃത്യത്തില്‍ത്തന്നെ മരിക്കും.
14: എന്നാല്‍, ഞാന്‍ ദുഷ്ടനോടു നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും,
15: തന്റെ വാഗ്ദാനം നിറവേറ്റുകയും കവര്‍ച്ചവസ്തുക്കള്‍ തിരിയെക്കൊടുക്കുകയും ജീവന്റെ പ്രമാണങ്ങള്‍ പാലിക്കുകയും തിന്മ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.
16: അവന്‍ ചെയ്തിട്ടുള്ള യാതൊരു പാപവും അവനെതിരേ ഓര്‍മ്മിക്കപ്പെടുകയില്ല. അവന്‍ നീതിയും ന്യായ വും പ്രവര്‍ത്തിച്ചിരിക്കുന്നു. അവന്‍ തീര്‍ച്ചയായും ജീവിക്കും.
17: എന്നിട്ടും കര്‍ത്താവിന്റെ മാര്‍ഗ്ഗം നീതിരഹിതമാണെന്നു നിന്റെ ജനം പറയുന്നു. നീതിരഹിതമായതു് അവരുടെതന്നെ മാര്‍ഗ്ഗമാണു്.
18: നീതിമാന്‍ നീതിയില്‍നിന്നു വ്യതിചലിച്ചു് തിന്മ പ്രവര്‍ത്തിച്ചാല്‍ അവനതിനാല്‍ മരിക്കും.
19: ദുഷ്ടന്‍ ദുഷ്ടതയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിച്ചാല്‍ അവനതിനാല്‍ ജീവിക്കും.
20: എന്നിട്ടും, കര്‍ത്താവിന്റെ മാര്‍ഗ്ഗം നീതിരഹിതമാണെന്നു് നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും.
21: ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവര്‍ഷം പത്താംമാസം, അഞ്ചാം ദിവസം ജറുസലെമില്‍നിന്നു് ഓടിരക്ഷപെട്ട ഒരുവനെന്റെ അടുക്കല്‍വന്നു പറഞ്ഞു: നഗരം നിപതിച്ചിരിക്കുന്നു.
22: രക്ഷപെട്ടവന്‍ എന്റെയടുക്കല്‍ വന്നതിന്റെ തലേദിവസം വൈകുന്നേരം കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു. രാവിലെ അവനെന്റെ അടുക്കല്‍വന്നപ്പോഴേക്കും എന്റെ വായ്, കര്‍ത്താവു തുറന്നിരുന്നു. എനിക്കു സംസാരിക്കാന്‍ ശക്തിലഭിച്ചു.
23: കര്‍ത്താവെന്നോടരുളിച്ചെയ്തു:
24: മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ പറയുന്നു: അബ്രാഹം ഏകനായിരിക്കേ അവനു ദേശം അവകാശമായി ലഭിച്ചു. ഞങ്ങളോ അനവധിപേരാണു്, തീര്‍ച്ചയായും ദേശത്തിനു ഞങ്ങളവകാശികളാണു്.
25: അവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്തത്തോടുകൂടെ ഭക്ഷിക്കുകയും വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്തംചിന്തുകയും ചെയ്യുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്കവകാശമായി ലഭിക്കുമോ?
26: നിങ്ങള്‍ വാളിലാശ്രയിക്കുകയും മ്ലേച്ഛതപ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓരോരുത്തരും അയല്‍ക്കാരന്റെ ഭാര്യയെ മലിനപ്പെടുത്തുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്കവകാശമായി ലഭിക്കുമോ? അവരോടു പറയുക:
27: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാനാണേ, ശൂന്യസ്ഥലങ്ങളിലുള്ളവര്‍ വാളിനിരയാകും. തുറസ്സായ വയലുകളിലുള്ളവരെ മൃഗങ്ങള്‍ക്കു വിഴുങ്ങാനായി ഞാന്‍ വിട്ടുകൊടുക്കും. കോട്ടകളിലും ഗുഹകളിലുമുള്ളവര്‍ പകര്‍ച്ചവ്യാധികളാല്‍ മരിക്കും.
28: ഞാന്‍ ദേശം ശൂന്യവും വിജനവുമാക്കും. അവളുടെ ശക്തിഗര്‍വ്വം അവസാനിക്കും. ആരും കടന്നുപോകാത്തവിധം ഇസ്രായേലിന്റെ പര്‍വ്വതങ്ങള്‍ വിജനമാകും.
29: അവര്‍ചെയ്ത മ്ലേച്ഛതകള്‍മൂലം ഞാന്‍ ദേശത്തെ വിജനവും ശൂന്യവുമാക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
30: മനുഷ്യപുത്രാ, മതിലുകള്‍ക്കരികിലും വീട്ടുവാതില്‍ക്കലും നിന്റെ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവര്‍ പരസ്പരം പറയുന്നു: വരൂ, കര്‍ത്താവില്‍നിന്നു വരുന്ന വചനം എന്താണെന്നു കേള്‍ക്കാം.
31: അവര്‍ കൂട്ടമായി നിന്റെയടുക്കല്‍ വരും; എന്റെ ജനമെന്നപോലെ നിന്റെ മുമ്പിലിരിക്കും. നിന്റെ വാക്കുകളവന്‍ ശ്രവിക്കുകയും ചെയ്യും; പക്ഷേ, അതനുസരിച്ചു് അവര്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, തങ്ങളുടെ അധരങ്ങള്‍കൊണ്ടു് അവരതിയായ സ്നേഹം കാണിക്കുന്നു. അവരുടെ ഹൃദയം സ്വാര്‍ത്ഥലാഭത്തിലുറച്ചിരിക്കുന്നു.
32: ഇമ്പമുള്ള സ്വരത്തില്‍ പ്രേമഗാനമാലപിക്കുകയും വിദഗ്ദ്ധമായി വീണവായിക്കുകയുംചെയ്യുന്ന ഒരുവനെപ്പോലെയാണു് അവര്‍ക്കു നീ. കാരണം നിന്റെ വാക്കുകളവര്‍ കേള്‍ക്കുന്നു. എന്നാല്‍, അവരതനുവര്‍ത്തിക്കുകയില്ല.
33: എന്നാല്‍, അതു സംഭവിക്കുമ്പോള്‍ - അതു സംഭവിക്കുകതന്നെ ചെയ്യും- തങ്ങളുടെ മദ്ധ്യത്തിലൊരു പ്രവാചകനുണ്ടായിരുന്നുവെന്നു് അവരറിയും.

അദ്ധ്യായം 34

ഇസ്രായേലിന്റെ ഇടയന്മാര്‍
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടതു്?
3: നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.
4: ദുര്‍ബ്ബലമായതിനു നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെക്കൊണ്ടുവരുകയോ, കാണാതായതിനെ തേടുകയോചെയ്തില്ല. മറിച്ചു്, കഠിനമായും ക്രൂരമായും നിങ്ങളവയോടു പെരുമാറി.
5: ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്കു് അവ ഇരയായിത്തീര്‍ന്നു.
6: എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരുമുണ്ടായില്ല.
7: ആകയാല്‍, ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്കു് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്മാര്‍ എന്റെ ആടുകളെയന്വേഷിച്ചില്ല; അവയെപ്പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി.
9: ആകയാൽ ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാനിടയന്മാര്‍ക്കെതിരാണു്. എന്റെ ആടുകള്‍ക്കു ഞാനവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാനറുതിവരുത്തും. ഇനിമേല്‍ ഇടയന്മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകളവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാനവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

കര്‍ത്താവ് ഇടയന്‍
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.
12: ആടുകള്‍ ചിതറിപ്പോയാല്‍ ഇടയനവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാനെന്റെ ആടുകളെയന്വേഷിക്കും. കാറുനിറഞ്ഞു് അന്ധകാരപൂര്‍ണ്ണമായ ആ ദിവസം, ചിതറിപ്പോയ ഇടങ്ങളില്‍നിന്നെല്ലാം ഞാനവയെ വീണ്ടെടുക്കും.
13: ജനതകളുടെയിടയില്‍നിന്നു ഞാനവയെ കൊണ്ടുവരും. രാജ്യങ്ങളില്‍നിന്നു ഞാനവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്കു് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാനവയെ മേയ്ക്കും.
14: നല്ല പുല്‍ത്തകിടികളില്‍ ഞാനവയെ മേയ്ക്കും. ഇസ്രായേലിലെ ഉയര്‍ന്നമലകളിലായിരിക്കും അവയുടെ മേച്ചില്‍സ്ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്ഥലത്തു് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്ധമായ പുല്‍ത്തകിടിയില്‍ അവ മേയും.
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. ഞാന്‍തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാനവയ്ക്കു വിശ്രമസ്ഥലം നല്കും.
16: നഷ്ടപ്പെട്ടതിനെ ഞാനന്വേഷിക്കും. വഴിതെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാനവയെ പോറ്റും.
17: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ അജഗണമേ, ഞാന്‍ ആടിനും ആടിനുംമദ്ധ്യേയും മുട്ടാടിനും കോലാട്ടിന്‍മുട്ടനുംമദ്ധ്യേയും വിധിനടത്തും.
18: നല്ല മേച്ചില്‍സ്ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍പ്പോരേ, മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചുകളയണമോ? ശുദ്ധജലം കുടിച്ചാല്‍പോരേ, ശേഷമുള്ള ജലമെല്ലാം ചവിട്ടിക്കലക്കണമോ?
19: എന്റെ ആടുകള്‍ നിങ്ങള്‍ ചവിട്ടിത്തേച്ചവ തിന്നുകയും ചവിട്ടിക്കലക്കിയതു കുടിക്കുകയുംചെയ്യണമോ?
20: ദൈവമായ കര്‍ത്താവവരോടരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കുംമദ്ധ്യേ വിധിപ്രസ്താവിക്കും.
21: അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം, ദുര്‍ബ്ബലമായവയെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.
22: അതുകൊണ്ടു് ഞാനെന്റെ ആട്ടിന്‍പറ്റത്തെ രക്ഷിക്കും. മേലിലവ ആര്‍ക്കുമിരയാവുകയില്ല. ആടിനും ആടിനുംമദ്ധ്യേ ഞാന്‍ വിധിനടത്തും.
23: ഞാനവയ്ക്ക് ഒരിടയനെ, എന്റെ ദാസനായ ദാവീദിനെ, നിയമിക്കും. അവനവയെ മേയ്ക്കും. അവനവയെ പോറ്റുകയും അവരുടെയിടയനായിരിക്കുകയും ചെയ്യും.
24: കര്‍ത്താവായ ഞാനവരുടെ ദൈവമായിരിക്കും. എന്റെ ദാസനായ ദാവീദ് അവരുടെ രാജാവാകും. കര്‍ത്താവായ ഞാനിതു പറഞ്ഞിരിക്കുന്നു.
25: അവരുമായി ഒരു സമാധാനയുടമ്പടി ഞാനുറപ്പിക്കും. അവര്‍ക്കു വിജനപ്രദേശങ്ങളില്‍ സുരക്ഷിതമായി വസിക്കാനും വനത്തില്‍ കിടന്നുറങ്ങാനും കഴിയുമാറ്, വന്യമൃഗങ്ങളെ ദേശത്തുനിന്നു ഞാന്‍ തുരത്തും.
26: അവരെയും എന്റെ മലയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങളെയും ഞാനനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അതു് അനുഗ്രഹവര്‍ഷമായിരിക്കും.
27: വയലിലെ വൃക്ഷങ്ങള്‍ ഫലംനല്കും; ഭൂമി വിളവുതരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്ഷിതരായിരിക്കും. ഞാനവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍നിന്നു് അവരെ മോചിപ്പിക്കുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
28: മേലിലവര്‍ ജനതകള്‍ക്കു് ഇരയാവുകയോ വന്യമൃഗങ്ങളവയെ വിഴുങ്ങുകയോ ചെയ്യുകയില്ല. അവര്‍ സുരക്ഷിതരായിരിക്കും; ആരുമവരെ ഭയപ്പെടുത്തുകയുമില്ല.
29: തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്ദനം ഏല്ക്കാതിരിക്കേണ്ടതിനും ഞാനവര്‍ക്കു സമൃദ്ധിയുള്ള തോട്ടങ്ങള്‍ പ്രദാനംചെയ്യും.
30: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍, അവരുടെ ദൈവമായ കര്‍ത്താവു്, അവരുടെകൂടെയുണ്ടെന്നും അവര്‍, ഇസ്രായേല്‍ഭവനം, എന്റെ ജനമാണെന്നും അവരറിയും.
31: നിങ്ങളെന്റെ ആടുകളാണു് - എന്റെ മേച്ചില്‍സ്ഥലത്തെ ആടുകള്‍. ഞാനാണു നിങ്ങളുടെ ദൈവം - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 35

ഏദോമിനു ശിക്ഷ
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, സെയിര്‍മലയ്ക്കുനേരേ മുഖംതിരിച്ചു് അതിനെതിരേ പ്രവചിക്കുക.
3: അതിനോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: സെയിര്‍മലയേ, ഇതാ, ഞാന്‍ നിനക്കെതിരാണു്. നിനക്കെതിരേ ഞാന്‍ കരം നീട്ടും.
4: ഞാന്‍ നിന്നെ വിജനവും ശൂന്യവുമാക്കും. ഞാന്‍ നിന്റെ പട്ടണങ്ങള്‍ ശൂന്യമാക്കും. നീ വിജനമായിത്തീരും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
5: നീ ഇസ്രായേലിനോടു നിത്യമായ ശത്രുതപുലര്‍ത്തുകയും കഷ്ടകാലത്തു്, അന്തിമശിക്ഷയുടെ കാലത്തു്, വാളിനു്, അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്തത്തിനേല്പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്തംചൊരിഞ്ഞു. രക്തം, നിന്നെ പിന്തുടരുകതന്നെ ചെയ്യും.
7: സെയിര്‍മല ഞാന്‍ വിജനവും ശൂന്യവുമാക്കും. അതിലൂടെ കടന്നുപോകുന്നവരെ ഞാന്‍ സംഹരിക്കും.
8: നിഹതന്മാരെക്കൊണ്ടു നിന്റെ മലകള്‍ ഞാന്‍ നിറയ്ക്കും. വാളിനിരയായവര്‍ നിന്റെ കുന്നുകളിലും താഴ്‌വരകളിലും മലയിടുക്കുകളിലും പതിക്കും. നിന്നെ ഞാന്‍ നിത്യശൂന്യതയാക്കും.
9: മേലില്‍ നിന്റെ പട്ടണങ്ങളില്‍ ആരും വസിക്കുകയില്ല. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
10: കര്‍ത്താവവിടെയുണ്ടായിട്ടും, ഈ രണ്ടു ജനതകളും രാജ്യങ്ങളും എന്റേതാകും; ഞാനവ കൈവശമാക്കും എന്നു നീ പറഞ്ഞു.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, അവരോടുള്ള വിരോധംനിമിത്തം നീ അവരോടുകാണിച്ച കോപത്തിനും അസൂയയ്ക്കുമനുസൃതമായി ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും. നിന്നെ വിധിക്കുന്നതുവഴി ഞാനെന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തും.
12: അവ വിജനമാക്കപ്പെട്ടു് ഞങ്ങള്‍ക്കു വിഴുങ്ങാന്‍ വിട്ടിരിക്കുന്നുവെന്നു് ഇസ്രായേല്‍ മലകള്‍ക്കെതിരേ നീ പറഞ്ഞ സകലനിന്ദനങ്ങളും കര്‍ത്താവായ ഞാന്‍ കേട്ടിരിക്കുന്നുവെന്നു നീയറിയും.
13: എനിക്കെതിരേ നിങ്ങള്‍ വമ്പുപറഞ്ഞിരിക്കുന്നു. നിങ്ങളെന്നെ വീണ്ടുംവീണ്ടും നിന്ദിച്ചു. ഞാനതു കേട്ടിരിക്കുന്നു.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഭൂമിമുഴുവന്‍ ആനന്ദിക്കേണ്ടതിനു് ഞാന്‍ നിന്നെ ശൂന്യമാക്കും.
15: ഇസ്രായേല്‍ഭവനത്തിന്റെ അവകാശം ശൂന്യമായതു കണ്ടു നീ സന്തോഷിച്ചു. അവരോടെന്നപോലെ നിന്നോടും ഞാന്‍ വര്‍ത്തിക്കും. സെയിര്‍മലയേ, ഏദോം മുഴുവനുമേ, നീ വിജനമാകും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ