ഇരുനൂറ്റിയിരുപത്തൊന്നാം ദിവസം: ജറമിയ 10 - 13

അദ്ധ്യായം 10

വിഗ്രഹങ്ങളും ദൈവവും
1: ഇസ്രായേല്‍ഭവനമേ, കര്‍ത്താവിൻ്റെ വാക്കുകേള്‍ക്കുക.
2: കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങളനുകരിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്.  
3: ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ത്ഥമാണ്. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍, ശില്പി തൻ്റെ ഉളി പ്രയോഗിക്കുന്നു.
4: അവര്‍ അതു വെള്ളിയും സ്വര്‍ണ്ണവുംകൊണ്ടു പൊതിയുന്നു; വീണുതകരാതിരിക്കാന്‍ ആണിയടിച്ചുറപ്പിക്കുന്നു.
5: അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലംപോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങളവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല.
6: കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങു വലിയവനാണ്. അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്.
7: ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങതിനര്‍ഹനാണ്. ജനതകളിലെ സകല ജ്ഞാനികളുടെയിടയിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല. അവര്‍ മൂഢന്മാരും വിഡ്ഢികളുമാണ്.
8: അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കഷണമാണ്.
9: വെള്ളിത്തകിടുകള്‍ താര്‍ഷീഷില്‍നിന്നും സ്വര്‍ണ്ണം ഊഫാസില്‍നിന്നും കൊണ്ടുവരുന്നു. ശില്പിയും സ്വര്‍ണ്ണപ്പണിക്കാരനും അവ പണിതൊരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെയണിയിക്കുന്നു. ഇവയെല്ലാം വിദഗ്ദ്ധൻ്റെ ശില്പങ്ങള്‍മാത്രമാണ്.
10: എന്നാല്‍ കര്‍ത്താവാണു സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നുമാത്രം. അവിടുത്തെ ഉഗ്രകോപത്തില്‍ ഭൂമി നടുങ്ങുന്നു. അവിടുത്തെ കോപംതാങ്ങാന്‍ ജനതകള്‍ക്കാവില്ല.
11: നീയവരോടു പറയുക: ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്മാര്‍ ഭൂമിയില്‍നിന്ന്, ആകാശത്തിന്‍കീഴില്‍നിന്ന്, തിരോഭവിക്കും.
12: തൻ്റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചതും ജ്ഞാനത്താല്‍ ലോകത്തെ സ്ഥാപിച്ചതും അറിവാല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.
13: അവിടുന്നു ശബ്ദിക്കുമ്പോള്‍ ആകാശത്തില്‍ ജലം ഗര്‍ജ്ജിക്കുന്നു. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുന്നു മൂടല്‍മഞ്ഞുയര്‍ത്തുന്നു. മഴപെയ്യിക്കാന്‍ മിന്നല്‍പ്പിണരുകള്‍ നിര്‍മ്മിക്കുന്നു. അറപ്പുരതുറന്നു കാറ്റിനെയയയ്ക്കുന്നു.
14: എല്ലാ മനുഷ്യരും അറിവില്ലാത്ത ഭോഷന്മാരാണ്. സ്വര്‍ണ്ണപ്പണിക്കാരന്‍ താന്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍നിമിത്തം ലജ്ജിതനാകുന്നു. അവൻ്റെ പ്രതിമകള്‍ വ്യാജമാണ്; ജീവശ്വാസം അവയിലില്ല.
15: അവ വിലകെട്ടതും അര്‍ത്ഥശൂന്യവുമത്രേ. ശിക്ഷാദിനത്തില്‍ അവ നശിക്കും.
16: എന്നാല്‍ യാക്കോബിൻ്റെ അവകാശമായവന്‍ ഇങ്ങനെയല്ല. സര്‍വ്വവും രൂപപ്പെടുത്തിയതവിടുന്നാണ്; ഇസ്രായേല്‍വംശം അവിടുത്തെ അവകാശമാണ്. സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെ നാമം.

പ്രവാസം ആസന്നം
17: ഉപരോധിക്കപ്പെട്ട നഗരമേ, ഭാണ്ഡംകെട്ടി ഓടിപ്പോകുവിന്‍.
18: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ദേശവാസികളെയെല്ലാം ദൂരെയെറിയാന്‍ പോകുന്നു. അവരുടെമേല്‍ ഞാന്‍ ദുരിതം വരുത്തും; അവര്‍ അതനുഭവിക്കും.
19: ഹാ! കഷ്ടം. എനിക്കു മുറിവേറ്റിരിക്കുന്നു- ദാരുണമായ മുറിവ്; ഞാനതു സഹിച്ചേ മതിയാവൂ. എൻ്റെ കൂടാരം തകര്‍ന്നുപോയി.
20: ചരടുകളെല്ലാം പൊട്ടി; എൻ്റെ മക്കള്‍ എന്നെവിട്ടുപോയി; ആരുമവശേഷിച്ചിട്ടില്ല. എൻ്റെ കൂടാരം വീണ്ടുംപണിയാനും തിരശ്ശീല വിരിക്കാനും ആരുമില്ല.
21: ഇടയന്മാരെല്ലാം ഭോഷന്മാരാണ്. അവര്‍ കര്‍ത്താവിനെയന്വേഷിക്കുന്നില്ല; അതിനാല്‍ അവര്‍ക്കൈശ്വര്യമില്ല, അവരുടെ അജഗണം ചിതറിപ്പോയിരിക്കുന്നു.
22: ഇതാ, ഒരാരവം, അതടുത്തുവരുന്നു. വടക്കുനിന്നു വലിയ ഇരമ്പല്‍. യൂദാപ്പട്ടണങ്ങളെ അതു വിജനമാക്കി, കുറുക്കൻ്റെ താവളമാക്കും.
23: കര്‍ത്താവേ, മനുഷ്യൻ്റെ മാര്‍ഗ്ഗങ്ങള്‍ അവൻ്റെ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവനു തൻ്റെ ചുവടുകള്‍ സ്വാധീനമല്ലെന്നും എനിക്കറിയാം.
24: കര്‍ത്താവേ, നീതിപൂര്‍വ്വം എന്നെത്തിരുത്തണമേ. എന്നാല്‍ കോപത്തോടെയരുതേ. അല്ലെങ്കില്‍ ഞാനില്ലാതായിപ്പോകും.
25: അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ കോപം ചൊരിയുക. അവര്‍ യാക്കോബിനെ വിഴുങ്ങിയിരിക്കുന്നു; അവനെ നിശ്ശേഷം നശിപ്പിച്ചിരിക്കുന്നു. അവൻ്റെ ഭവനം നിര്‍ജ്ജനമാക്കി.

അദ്ധ്യായം 11

തകര്‍ന്ന ഉടമ്പടി
1: കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്: ഈ ഉടമ്പടിയുടെ നിബന്ധന കേള്‍ക്കുക.
2: അതു യൂദായിലെ ജനങ്ങളോടും ജറുസലെംനിവാസികളോടും പറയുക.
3: നീയവരോടു പറയണം, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
4: ഈജിപ്തില്‍നിന്ന്, ഇരുമ്പുചൂളയില്‍നിന്ന്, നിങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചപ്പോള്‍ അവരോടുചെയ്ത ഉടമ്പടിയാണിത്. നിങ്ങള്‍ എൻ്റെ വാക്കുകേള്‍ക്കണം; ഞാന്‍ കല്പിക്കുന്നതു ചെയ്യുകയുംവേണം. അങ്ങനെ നിങ്ങള്‍ എൻ്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
5: ഇന്നു നിങ്ങള്‍ക്കുള്ളതുപോലെ പാലും തേനുമൊഴുകുന്ന ഒരു നാടു നല്കുമെന്നു നിങ്ങളുടെ പിതാക്കന്മാരോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. കര്‍ത്താവേ, അങ്ങനെയാകട്ടെ - ഞാന്‍ മറുപടി പറഞ്ഞു.
6: കര്‍ത്താവെന്നോടു വീണ്ടും അരുളിച്ചെയ്തു: ഈ ഉടമ്പടിയുടെ നിബന്ധനകള്‍ക്കൊത്തു പ്രവര്‍ത്തിക്കുവിനെന്ന് യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ വീഥികളിലും വിളംബരംചെയ്യുക.
7: ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടുപോന്നതുമുതല്‍ ഇന്നുവരെയും എൻ്റെ വാക്കനുസരിക്കുക എന്നു ഞാന്‍ അവരെ നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നു.
8: എന്നാല്‍, അവരനുസരിക്കുകയോ, കേള്‍ക്കുകപോലുമോ ചെയ്തില്ല. ഓരോരുത്തനും തൻ്റെ ദുഷ്ടഹൃദയത്തിൻ്റെ കാഠിന്യവുംപേറി നടക്കുന്നു. അതുകൊണ്ട്, ഈ ഉടമ്പടിയുടെ നിബന്ധനകള്‍ അവരെ ഞാനറിയിച്ചു; അവയനുസരിക്കാന്‍ കല്പിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ കൂട്ടാക്കിയില്ല.
9: കര്‍ത്താവു വീണ്ടുമെന്നോടരുളിച്ചെയ്തു: യൂദായിലെ ജനങ്ങളും ജറുസലെംനിവാസികളും ഗൂഢാലോചന നടത്തുന്നു.
10: എൻ്റെ വാക്കു നിരാകരിച്ച പിതാക്കന്മാരുടെ തെറ്റുകളിലേക്കവര്‍ മടങ്ങിയിരിക്കുന്നു. അവര്‍ അന്യദേവന്മാരെ പൂജിക്കാന്‍തുടങ്ങി. ഇസ്രായേല്‍ഭവനവും യൂദാഭവനവും തങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ചെയ്ത ഉടമ്പടി വലിച്ചെറിഞ്ഞിരിക്കുന്നു.
11: അതുകൊണ്ടു കര്‍ത്താവരുളിച്ചെയ്യുന്നു: അവരുടെമേല്‍ ഞാനനര്‍ത്ഥം വരുത്താന്‍ പോകുന്നു. ഒഴിഞ്ഞുമാറാന്‍ അവര്‍ക്കു സാധിക്കുകയില്ല. അവര്‍ എന്നോടു നിലവിളിച്ചപേക്ഷിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല.
12: അപ്പോള്‍ യൂദായിലെ നഗരങ്ങളും ജറുസലെംനിവാസികളും തങ്ങള്‍ പൂജിക്കുന്ന ദേവന്മാരുടെ മുമ്പില്‍ നിലവിളിക്കും. വിപത്സന്ധിയില്‍ അവരെ രക്ഷിക്കാന്‍ അവര്‍ക്കു കഴിയുകയില്ല.
13: യൂദാ, നിൻ്റെ നഗരങ്ങള്‍ക്കൊപ്പം നിനക്കു ദേവന്മാരും പെരുകിയിരിക്കുന്നു. മ്ലേച്ഛതയ്ക്ക്, ബാല്‍ വിഗ്രഹത്തിന്, ധൂപമര്‍പ്പിക്കാന്‍ ജറുസലെമിലെ വീഥികള്‍ക്കൊപ്പം ബലിപീഠങ്ങള്‍ ഒരുക്കിയിരിക്കുന്നു.
14: അതുകൊണ്ടു നീ, ഈ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്; അവര്‍ക്കുവേണ്ടി വിലപിക്കുകയോ യാചിക്കുകയോ അരുത്. വിഷമസന്ധിയില്‍ അവര്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുകയില്ല.
15: ദുഷ്‌കൃത്യങ്ങള്‍ ചെയ്തിരിക്കേ, എൻ്റെ പ്രേയസിക്ക് എൻ്റെ ഭവനത്തില്‍ എന്തവകാശമാണുള്ളത്? നേര്‍ച്ചകള്‍ക്കോ ബലിമാംസത്തിനോ നിൻ്റെ നാശത്തെ അകറ്റാനാവുമോ? നിനക്കിനി ആഹ്ളാദിക്കാനാവുമോ? തഴച്ചുവളര്‍ന്നു ഫലങ്ങള്‍ നിറഞ്ഞ, മനോഹരമായ ഒലിവുമരം എന്നാണു കര്‍ത്താവു നിന്നെ വിളിച്ചിരുന്നത്.  
16: എന്നാല്‍ കൊടുങ്കാറ്റിൻ്റെ ആരവത്തോടെ അവിടുന്നതിനെ ചുട്ടെരിക്കും;
17: അതിൻ്റെ കൊമ്പുകള്‍ അഗ്നിക്കിരയാകും. നിന്നെ നട്ടുപിടിപ്പിച്ച സൈന്യങ്ങളുടെ കര്‍ത്താവുതന്നെ, നിൻ്റെ നാശം പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്രായേല്‍ഭവനവും യൂദാഭവനും ദുഷ്കൃത്യങ്ങള്‍ പ്രവര്‍ത്തിച്ചു ബാലിനു ധൂപാരാധനയര്‍പ്പിച്ചതുവഴി അവര്‍ എന്നെ രോഷകുലനാക്കിയിരിക്കുന്നു.

ജറെമിയായ്‌ക്കെതിരേ ഗൂഢാലോചന
18: കര്‍ത്താവ് ഇതെനിക്കു വെളിപ്പെടുത്തി. അങ്ങനെ ഞാന്‍ അറിയാനിടയായി. അവിടുന്ന്, അവരുടെ ദുഷ്‌കൃത്യങ്ങള്‍ എനിക്കു കാണിച്ചുതന്നു.
19: എന്നാല്‍ കൊലയ്ക്കുകൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍. ഫലത്തോടുകൂടെത്തന്നെ വൃക്ഷത്തെ നമുക്കു നശിപ്പിക്കാം; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നു നമുക്കവനെ പിഴുതെറിയാം; അവൻ്റെ പേര് ഇനിമേല്‍ ആരുമോര്‍മ്മിക്കരുത് എന്നുപറഞ്ഞ്, അവര്‍ ഗൂഢാലോചനനടത്തിയത് എനിക്കെതിരേയാണെന്നു ഞാനറിഞ്ഞില്ല.
20: നീതിയായി വിധിക്കുന്നവനും ഹൃദയവും മനസ്സും പരിശോധിക്കുന്നവനുമായ സൈന്യങ്ങളുടെ കര്‍ത്താവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരംകാണാന്‍ എന്നെയനുവദിക്കണമേ; അവിടുന്നാണല്ലോ എൻ്റെയാശ്രയം.
21: നിൻ്റെ ജീവന്‍ വേട്ടയാടുന്ന അനാത്തോത്തിലെ ജനങ്ങളെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു. കര്‍ത്താവിൻ്റെ നാമത്തില്‍ നീ പ്രവചിക്കരുത്, പ്രവചിച്ചാല്‍ നിന്നെ ഞങ്ങള്‍ കൊല്ലും എന്നവര്‍ പറയുന്നു.
22: ആകയാല്‍ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അവരെ ഞാന്‍ ശിക്ഷിക്കും. യുവാക്കള്‍ വാളിനിരയാകും; അവരുടെ പുത്രന്മാരും പുത്രികളും പട്ടിണികിടന്നു മരിക്കും.
23: അവരിലാരുമവശേഷിക്കുകയില്ല. അനാത്തോത്തിലെ ജനങ്ങളോടു കണക്കുചോദിക്കുന്ന ആണ്ടില്‍, ഞാനവരുടെമേല്‍ തിന്മ വര്‍ഷിക്കും.


അദ്ധ്യായം 12

ദുഷ്ടന്റെ ഐശ്വര്യം
1: കര്‍ത്താവേ, ഞാനങ്ങയോടു പരാതിപ്പെടുമ്പോള്‍ അവിടുന്നുതന്നെയായിരിക്കും നീതിമാന്‍. എങ്കിലും എൻ്റെ പരാതി അങ്ങയുടെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്. എന്തുകൊണ്ടാണു ദുഷ്ടന്‍ അഭിവൃദ്ധിപ്രാപിക്കുന്നത്? ചതിയന്മാര്‍ ഐശ്വര്യംനേടുന്നതെന്തുകൊണ്ട്?
2: അങ്ങവരെ നടുന്നു; അവര്‍ വേരുപിടിച്ചു വളര്‍ന്നു ഫലം പുറപ്പെടുവിക്കുന്നു. അവരുടെ നാവില്‍ എപ്പോഴും അവിടുന്നുണ്ട്; ഹൃദയത്തിലാകട്ടെ അങ്ങേയ്ക്കു സ്ഥാനമില്ല.
3: കര്‍ത്താവേ, അങ്ങെന്നെയറിയുന്നു, കാണുന്നു; എൻ്റെ മനസ്സ് അങ്ങിലാണെന്നു പരിശോധിച്ചറിയുകയുംചെയ്യുന്നു. കൊല്ലാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിറക്കണമേ -കൊലയുടെ ദിവസത്തേക്ക് അവരെ മാറ്റിനിര്‍ത്തണമേ.
4: എത്രനാള്‍ ദേശം വിലപിക്കുകയും വയലിലെ പുല്ലു വാടുകയുംചെയ്യണം? ദേശവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും ചത്തുപോകുന്നു. ഞങ്ങളുടെ പ്രവൃത്തികള്‍ ദൈവം കാണുന്നില്ല എന്നവര്‍ പറയുന്നു.
5: മനുഷ്യരോടു മത്സരിച്ചോടി നീ തളര്‍ന്നെങ്കില്‍ കുതിരകളോട് എങ്ങനെ മത്സരിക്കും? സുരക്ഷിതസ്ഥാനത്തു കാലിടറുന്നെങ്കില്‍ ജോര്‍ദ്ദാന്‍വനങ്ങളില്‍ നീയെന്തുചെയ്യും?
6: നിൻ്റെ സഹോദരന്മാരും പിതൃഭവനംപോലും നിന്നോടു വഞ്ചനകാട്ടിയിരിക്കുന്നു. പിന്നില്‍നിന്ന് അവര്‍ നിനക്കെതിരായി സംസാരിക്കുന്നു. മധുരവാക്കു പറഞ്ഞാലും നീയവരെ വിശ്വസിക്കരുത്.

പരിത്യക്തമായ ദേശം
7: എൻ്റെ ഭവനം ഞാനുപേക്ഷിച്ചിരിക്കുന്നു; എൻ്റെയവകാശം കൈവെടിഞ്ഞിരിക്കുന്നു. എൻ്റെ പ്രാണപ്രിയയെ അവളുടെ ശത്രുക്കള്‍ക്കു ഞാന്‍ ഏല്പിച്ചുകൊടുത്തിരിക്കുന്നു.
8: എനിക്കവകാശമായവള്‍ കാട്ടിലെ സിംഹംപോലെ എന്നോടു പെരുമാറുന്നു. എനിക്കെതിരേ ഗര്‍ജ്ജിച്ചതുകൊണ്ട് ഞാനവളെ വെറുക്കുന്നു.
9: കഴുകന്മാര്‍ ചുറ്റിവളഞ്ഞാക്രമിക്കുന്ന ഒരു പുള്ളിപ്പക്ഷിയാണോ എൻ്റെ ജനം? വന്യമൃഗങ്ങളേ, അവരെ വിഴുങ്ങാന്‍ ഒരുമിച്ചുകൂടുവിന്‍.
10: അനേകം ഇടയന്മാര്‍കൂടി എൻ്റെ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു. എൻ്റെ ഓഹരി അവര്‍ ചവിട്ടിമെതിച്ചു. എൻ്റെ മനോഹരമായ അവകാശം അവര്‍ ശൂന്യമായ മരുഭൂമിയാക്കിയിരിക്കുന്നു. അവരതിനെ ശൂന്യമാക്കി.
11: ശൂന്യാവസ്ഥയില്‍ അതെന്നോടു വിലപിക്കുന്നു. ദേശംമുഴുവന്‍ പരിത്യക്താവസ്ഥയിലാണ്. ഒരാള്‍പോലും ഇക്കാര്യം ചിന്തിക്കുന്നില്ല.
12: മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകര്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ദേശത്തിൻ്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കര്‍ത്താവിൻ്റെ വാള്‍ മരണംവിതയ്ക്കുന്നു. ഒരു ജീവിക്കും സമാധാനമില്ല.
13: അവര്‍ ധാന്യം വിതച്ചു; മുള്ളുകൊയ്തു. കഠിനാധ്വാനംചെയ്തു; ഫലമൊന്നുമുണ്ടായില്ല. കര്‍ത്താവിൻ്റെ ഉഗ്രകോപംനിമിത്തം അവര്‍ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.
14: എൻ്റെ ജനമായ ഇസ്രായേലിനു ഞാന്‍ നല്കിയ അവകാശത്തിന്‍മേല്‍ കൈവയ്ക്കുന്ന ദുഷ്ടന്മാരായ എല്ലാ അയല്‍ക്കാരോടും കര്‍ത്താവരുളിച്ചെയ്യുന്നു: അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാന്‍ പിഴുതെറിയും. അവരുടെ കൈയില്‍നിന്നു യൂദാഭവനത്തെ ഞാന്‍ പറിച്ചെടുക്കും.
15: അവരെ പിഴുതെടുത്തതിനുശേഷം ഞാനവരോടു കരുണകാണിക്കും. ഓരോ ജനതയെയും അതതിൻ്റെ അവകാശത്തിലേക്കും ദേശത്തേക്കും ഞാന്‍ തിരികെക്കൊണ്ടുവരും.
16: ബാലിൻ്റെ നാമത്തിലാണയിടാന്‍ എൻ്റെ ജനം അവരില്‍നിന്നു പഠിച്ചതുപോലെ അവര്‍ എൻ്റെ ജനത്തിൻ്റെ മാര്‍ഗ്ഗം ശ്രദ്ധാപൂര്‍വ്വം ഗ്രഹിക്കുകയും കര്‍ത്താവാണേയെന്ന് എൻ്റെ നാമത്തില്‍ ആണയിടാന്‍ ശീലിക്കുകയുംചെയ്താല്‍ എൻ്റെ ജനത്തിൻ്റെയിടയില്‍ അവരും അഭിവൃദ്ധിപ്രാപിക്കാനിടവരും.
17: എന്നാല്‍ ഏതെങ്കിലും ജനത, എന്നെയനുസരിക്കുന്നില്ലെങ്കില്‍ അതിനെ ഞാന്‍ വേരോടെ പിഴുതു നശിപ്പിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു:

അദ്ധ്യായം 13

അരക്കച്ചയും തോല്‍ക്കുടവും

1: കര്‍ത്താവെന്നോട് അരുളിച്ചെയ്തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന്, അരയില്‍ച്ചുറ്റുക.
2: അതു വെള്ളത്തില്‍ മുക്കരുത്. കര്‍ത്താവി
ൻ്റെ വാക്കനുസരിച്ചു ഞാന്‍ ഒരു ചണവസ്ത്രം വാങ്ങിയുടുത്തു.
3: കര്‍ത്താവു വീണ്ടും എന്നോടരുളിച്ചെയ്തു:
4: നീ വാങ്ങിയുടുത്ത വസ്ത്രം യൂഫ്രെട്ടീസ് തീരത്തുകൊണ്ടുപോയി അവിടെയൊരു പാറയിടുക്കില്‍ ഒളിച്ചുവയ്ക്കുക.
5: കര്‍ത്താവു കല്പിച്ചതനുസരിച്ചു ഞാന്‍ അതു യൂഫ്രെട്ടീസി
ൻ്റെ തീരത്ത് ഒളിച്ചുവച്ചു.
6: അനേകദിവസങ്ങള്‍ക്കുശേഷം കര്‍ത്താവ് എന്നോടരുളിച്ചെയ്തു: നീ യൂഫ്രെട്ടീസ് തീരത്തുചെന്ന് എ
ൻ്റെ കല്പനപ്രകാരം ഒളിച്ചുവച്ചിരിക്കുന്ന അരക്കച്ച അവിടെനിന്നെടുക്കുക.
7: ഞാനവിടെച്ചെന്ന്, അരക്കച്ച ഒളിച്ചുവച്ചിരുന്ന സ്ഥലം കുഴിച്ച് അതു പുറത്തെടുത്തു. ആ വസ്ത്രം ഒന്നിനുംകൊള്ളാത്തവിധം ജീര്‍ണ്ണിച്ചുപോയിരുന്നു.
8: അപ്പോള്‍ എനിക്കു കര്‍ത്താവി
ൻ്റെ അരുളപ്പാടുണ്ടായി.
9: കര്‍ത്താവരുളിച്ചെയ്യുന്നു: യൂദായുടെ അഹങ്കാരത്തെയും ജറുസലെമി
ൻ്റെ ഔദ്ധത്യത്തെയും ഞാന്‍ ഇതേവിധം നശിപ്പിക്കും.
10: എ
ൻ്റെ വാക്കുകേള്‍ക്കാതെ തന്നിഷ്ടപ്രകാരംനടക്കുകയും അന്യദേവന്മാരുടെ പിറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയുംചെയ്ത ഈ ദുഷ്ടജനത ഒന്നിനുംകൊള്ളാത്ത ഈ അരക്കച്ചപോലെയായിത്തീരും. 
11: അരക്കച്ച അരയോടു ചേര്‍ന്നിരിക്കുന്നതുപോലെ ഇസ്രായേല്‍ഭവനവും യൂദാഭവനവും എന്നോടു ചേര്‍ന്നിരിക്കണമെന്നു ഞാനാഗ്രഹിച്ചു. ഇത്, അവരെൻ്റെ ജനവും കീര്‍ത്തിയും അഭിമാനവും മഹത്ത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു. എന്നാല്‍ അവരതു കൂട്ടാക്കിയില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
12: നീ അവരോടു പറയണം, ഇസ്രായേലി
ൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എല്ലാ ഭരണികളിലും വീഞ്ഞു നിറയ്ക്കും. അവര്‍ നിന്നോടു ചോദിക്കും - എല്ലാ ഭരണികളിലും വീഞ്ഞു നിറയ്ക്കുമെന്നു ഞങ്ങള്‍ക്കു നന്നായറിയാവുന്നതല്ലേ?
13: അപ്പോള്‍ നീയവരോടു പറയണം. കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ദേശവാസികളെ - ദാവീദി
ൻ്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ജറുസലെംനിവാസികളെയും - ഞാന്‍ ലഹരികൊണ്ടു നിറയ്ക്കും.
14: എന്നിട്ടു ഞാന്‍, ഒരുവനെയെടുത്തു മറ്റൊരുവ
ൻ്റെമേലടിക്കും; പിതാക്കന്മാരെയും മക്കളെയും ഒന്നുപോലെ. ഞാനാരോടും കരുണകാണിക്കുകയില്ല; ഒരുവനെയും വെറുതെവിടുകയില്ല; എല്ലാവരെയും നിര്‍ദ്ദയം നശിപ്പിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.

ജറുസലെമിനു മുന്നറിയിപ്പ്
15: നിങ്ങള്‍ കാതോര്‍ത്തു കേള്‍ക്കുവിന്‍; അഹങ്കരിക്കരുത് - കര്‍ത്താവാണരുളിച്ചെയ്തിരിക്കുന്നത്.
16: കര്‍ത്താവ്, അന്ധകാരംവരുത്തുന്നതിനുമുമ്പ്, നിങ്ങളുടെ കാല്പാദങ്ങള്‍ ഇരുള്‍നിറഞ്ഞ മലകളില്‍ ഇടറുന്നതിനുമുമ്പ്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനു മഹത്ത്വംനല്കുവിന്‍. അല്ലെങ്കില്‍, നിങ്ങള്‍ വെളിച്ചംതേടുമ്പോള്‍ മരണത്തി
ൻ്റെ നിഴലും കൂരിരുട്ടുമായിരിക്കും ലഭിക്കുക.
17: നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തില്‍ എ
ൻ്റെ ആത്മാവു കരയും. കര്‍ത്താവിൻ്റെ അജഗണത്തെ അടിമത്തത്തിലേക്കു കൊണ്ടുപോകയാല്‍ ഞാനുള്ളുരുകിക്കരയും; കണ്ണീര്‍ ധാരധാരയായൊഴുകും.
18: രാജാവിനോടും രാജമാതാവിനോടും പറയുക, സിംഹാസനത്തില്‍നിന്നു താഴെയിറങ്ങുക; നിങ്ങളുടെ മഹത്തായ കിരീടം നിങ്ങളുടെ ശിരസ്സില്‍നിന്നു താഴെ വീണിരിക്കുന്നു.
19: നെഗെബിലെ നഗരങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുന്നു; രക്ഷിക്കാനാരുമില്ല. യൂദാ നാടുകടത്തപ്പെടുന്നു; സകലരെയും അടിമകളായിക്കൊണ്ടുപോകുന്നു. 
20: നീ കണ്ണുകളുയര്‍ത്തി വടക്കുനിന്നു വരുന്നവരെ കാണുക. നിന്നെ ഭരമേല്പിച്ചിരുന്ന ആട്ടിന്‍പറ്റം, നിൻ്റെ മനോഹരമായ അജഗണം, എവിടെ?
21: സുഹൃത്തുക്കളെന്നു കരുതിയിരുന്നവര്‍ നിന്നെ തോല്പിച്ചു നിന്റെമേല്‍ ഭരണംനടത്തുമ്പോള്‍ നീയെന്തുപറയും? ഈറ്റുനോവെടുത്തവളെപ്പോലെ നീ വേദനയാല്‍ പുളയുകയില്ലേ?
22: എനിക്കെന്തുകൊണ്ട് ഇങ്ങനെവന്നുവെന്നു നീ ആത്മഗതംചെയ്യുന്നുണ്ടാവാം. നി
ൻ്റെ തിന്മകളുടെ ആധിക്യംനിമിത്തമാണ് അവര്‍ വസ്ത്രമുരിഞ്ഞു നിന്നെ ബലാല്‍ക്കാരം ചെയ്തത്.
23: എത്യോപ്യക്കാരനു ത
ൻ്റെ തൊലിയോ പുള്ളിപ്പുലിക്കു തൻ്റെ പുള്ളിയോ മാറ്റാനാകുമോ? എങ്കില്‍ തിന്മചെയ്തു ശീലിച്ച നിനക്കു നന്മചെയ്യാനാകും.
24: മരുഭൂമിയില്‍നിന്നു വീശുന്ന കാറ്റില്‍, പതിരെന്നപോലെ നിങ്ങളെ ഞാന്‍ ചിതറിക്കും.
25: നിനക്കായി ഞാന്‍ അളന്നുവച്ചിരിക്കുന്ന ഓഹരിയിതാണ്. എന്തെന്നാല്‍, നീ എന്നെ മറക്കുകയും നുണകളില്‍ വിശ്വസിക്കുകയും ചെയ്തു - കര്‍ത്താവരുളിച്ചെയ്യുന്നു.
26: ഞാന്‍തന്നെ നി
ൻ്റെ ഉടുതുണി ഉരിഞ്ഞുമാറ്റും; നിൻ്റെ നഗ്നത വെളിവാക്കപ്പെടും.
27: നി
ൻ്റെ മ്ലേച്ഛതകളും വ്യഭിചാരങ്ങളും വിഷയാസക്തിയുടെ സീല്‍ക്കാരവും കാമാന്ധമായ വേശ്യാവൃത്തികളും നാട്ടിന്‍പുറത്തും മലകളിലും ഞാന്‍ കണ്ടു. ജറുസലെമേ, നിനക്കു ദുരിതം! എന്നാണു നീ ശുദ്ധയാവുക?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ