ഇരുന്നൂറ്റിമുപ്പത്തൊമ്പതാം ദിവസം: എസക്കിയേല്‍ 14 - 16


അദ്ധ്യായം 14

വിഗ്രഹാരാധനയ്‌ക്കെതിരേ

1: ഇസ്രായേലിലെ ശ്രേഷ്ഠന്മാരില്‍ ചിലര്‍വന്ന് എന്റെ മുമ്പിലിരുന്നു.
2: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
3: മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കള്‍ അവരുടെ കണ്മുമ്പില്‍ത്തന്നെയുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരംപറയണമോ?
4: ആകയാല്‍ നീയവരോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടും പാപഹേതുക്കള്‍ കണ്മുമ്പില്‍ത്തന്നെ വച്ചുകൊണ്ടും പ്രവാചകനെ സമീപിക്കുന്ന ഇസ്രായേല്‍ഭവനത്തിലെ ഓരോ അംഗത്തിനും അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിനനുസൃതമായി കര്‍ത്താവായ ഞാന്‍തന്നെ ഉത്തരംനല്കും.
5: വിഗ്രഹങ്ങള്‍നിമിത്തം എന്നില്‍നിന്നകന്നുപോയ ഇസ്രായേല്‍ഭവനത്തിലെ ഹൃദയങ്ങളെ പിടിച്ചെടുക്കാന്‍വേണ്ടിയാണതു്.
6: ഇസ്രായേല്‍ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവു കല്പിക്കുന്നു: പശ്ചാത്തപിച്ച്, വിഗ്രഹങ്ങളില്‍നിന്നകലുകയും മ്ലേച്ഛതകളില്‍നിന്നു പിന്തിരിയുകയും ചെയ്യുക.
7: വിഗ്രഹങ്ങളെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുകയും പാപഹേതുക്കളെ കണ്മുമ്പില്‍ത്തന്നെവയ്ക്കുകയുംചെയ്തുകൊണ്ട്, എന്നില്‍നിന്നകലുന്ന ഏതൊരുവനും, അവന്‍ ഇസ്രായേല്‍ഭവനാംഗമോ ഇസ്രായേലില്‍പ്പാര്‍ക്കുന്ന പരദേശിയോ ആയാലും, ഒരു പ്രവാചകന്റെ
ടുക്കല്‍ച്ചെന്നു് എന്റെ ഹിതമാരാഞ്ഞാല്‍, കര്‍ത്താവായ ഞാന്‍തന്നെ അവനു മറുപടികൊടുക്കും.
8: ഞാനവനെതിരേ മുഖംതിരിച്ചു് അവനെ അടയാളവും പഴമൊഴിയുമാക്കും. എന്റെ ജനത്തിനിടയില്‍നിന്നു് അവനെ ഞാന്‍ വിച്ഛേദിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
9: പ്രവാചകന്‍ വഞ്ചിതനായി അവനുത്തരംനല്കിയാല്‍ കര്‍ത്താവായ ഞാന്‍തന്നെയാണു് ആ പ്രവാചകനെ വഞ്ചിച്ചതു്. ഞാനവനെതിരേ കരംനീട്ടി എന്റെ ജനമായ ഇസ്രായേലിന്റെ മദ്ധ്യേനിന്നു് അവനെ തുടച്ചുനീക്കും.
10: അവരിരുവരും ശിക്ഷിക്കപ്പെടും. പ്രവാചകനും പ്രവചനംതേടുന്നവനുമുള്ള ശിക്ഷ ഒന്നുതന്നെയായിരിക്കും.
11: അതു് ഇസ്രായേല്‍ഭവനം എന്നില്‍നിന്നു് അകന്നുപോകാതിരിക്കുന്നതിനും തങ്ങളുടെയപരാധങ്ങള്‍കൊണ്ട് ഇനിമേല്‍ തങ്ങളെത്തന്നെ മലിനപ്പെടുത്താതിരിക്കുന്നതിനും അവര്‍ എന്റെ ജനവും ഞാനവരുടെ ദൈവവുമായിരിക്കേണ്ടതിനുംവേണ്ടിയാണു് - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

വ്യക്തിപരമായ ഉത്തരവാദിത്വം
12: കര്‍ത്താവെന്നോടരുളിച്ചെയ്തു:
13: മനുഷ്യപുത്രാ, ഒരു ദേശം വിശ്വസ്തതവെടിഞ്ഞ്, എനിക്കെതിരായി പാപംചെയ്താല്‍ ഞാനതിനെതിരേ എന്റെ കരംനീട്ടി അവരുടെയപ്പം വിലക്കുകയും അവരുടെമേല്‍ ക്ഷാമമയയ്ക്കുകയുംചെയ്യും. അങ്ങനെ മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും.
14: നോഹ, ദാനിയേല്‍, ജോബ് എന്നീ മൂന്നുപേരവിടെയുണ്ടെങ്കില്‍ത്തന്നെയും അവരുടെ നീതിഹേതുവായി അവര്‍മാത്രമേ രക്ഷപെടുകയുള്ളു എന്നു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
15: ആ ദേശത്തിലൂടെ ഞാന്‍ വന്യമൃഗങ്ങളെ കടത്തിവിടുകയും അവ, അതിനെ നശിപ്പിച്ചുവിജനമാക്കുകയും അവമൂലം അവിടെ ആര്‍ക്കും വഴിനടക്കാനാവാതിരിക്കുകയുംചെയ്യുന്നുവെന്നിരിക്കട്ടെ.
16: അപ്പോള്‍ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കില്‍ത്തന്നെ ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല; അവര്‍മാത്രമേ രക്ഷപെടുകയുള്ളു; ആ ദേശം നിര്‍ജ്ജനമായിത്തീരും - ദൈവമായ കര്‍ത്താവാണു് അരുളിച്ചെയ്യുന്നതു്.
17: ഞാന്‍ ആ ദേശത്തിനെതിരേ വാളയച്ചു്, വാള്‍ ഈ ദേശത്തുകൂടെ കടന്നുപോകട്ടെ എന്നു പറയുകയും അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുകയുംചെയ്യുന്നുവെന്നിരക്കട്ടെ.
18: അപ്പോള്‍ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കിലും ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. അവര്‍ മാത്രമേ രക്ഷപെടുകയുള്ളു - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
19: ഞാന്‍ ആ ദേശത്തേക്കു പകര്‍ച്ചവ്യാധിയയയ്ക്കുകയും മനുഷ്യരെയും മൃഗങ്ങളെയുംനശിപ്പിക്കാന്‍ രക്തച്ചൊരിച്ചലോടെ എന്റെ ക്രോധംവര്‍ഷിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
20: അപ്പോള്‍ നോഹയും ദാനിയേലും ജോബും അവിടെയുണ്ടെങ്കില്‍തന്നെ ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. തങ്ങളുടെ നീതിഹേതുവായി അവര്‍മാത്രമേ രക്ഷപെടുകയുള്ളു - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ജറുസലെമില്‍നിന്നു മനുഷ്യരെയും മൃഗങ്ങളെയും തുടച്ചുമാറ്റാന്‍ വാള്‍, ക്ഷാമം, ഹിംസ്രജന്തുക്കള്‍, പകര്‍ച്ചവ്യാധി എന്നിങ്ങനെ നാലു കഠിനശിക്ഷകളയച്ചാല്‍ എത്രയധികമായിരിക്കും നാശം!
22: എങ്കിലും, കുറേപ്പേരവശേഷിക്കും. അവര്‍ പുത്രന്മാരെയും പുത്രിമാരെയും കൂട്ടിക്കൊണ്ടു നിങ്ങളുടെയടുത്തെത്തും. നിങ്ങളവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോള്‍ ജറുസലെമില്‍ ഞാന്‍ വരുത്തിയ വിനാശത്തിന്റെയും അവിടെ ഞാന്‍ പ്രവര്‍ത്തിച്ച എല്ലാറ്റിന്റെയും കാരണം ബോദ്ധ്യപ്പെട്ട്, നിങ്ങള്‍ക്കാശ്വാസം തോന്നും.
23: അവരുടെ പെരുമാറ്റവും പ്രവൃത്തിയുംകാണുമ്പോള്‍ ഞാനവിടെച്ചെയ്തതൊന്നും അകാരണമായിട്ടല്ലെന്നു മനസ്സിലാക്കി നിങ്ങളാശ്വസിക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 15

 കരിഞ്ഞ മുന്തിരിത്തണ്ട്

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, മുന്തിരിത്തണ്ടിനു മറ്റു വൃക്ഷങ്ങളെക്കാളെന്തു മേന്മ? അതിന്റെ ശാഖകള്‍ക്കു വനത്തിലെ വൃക്ഷങ്ങളുടെ ശാഖകളെക്കാളെന്തു ശ്രേഷ്ഠത?
3: എന്തെങ്കിലും നിര്‍മ്മിക്കാന്‍ അതിന്റെ തടി ഉപയോഗിക്കാറുണ്ടോ? പാത്രംതൂക്കിയിടാനുള്ള കൊളുത്തു് അതില്‍നിന്നെടുക്കാറുണ്ടോ?
4: വിറകായി തീയിലിടുമ്പോള്‍ അതിന്റെ രണ്ടറ്റവും കത്തി മദ്ധ്യഭാഗംകരിഞ്ഞാല്‍ അതെന്തിനെങ്കിലും പ്രയോജനപ്പെടുമോ?
5: മുഴുവനോടിരുന്നപ്പോൾ അതൊന്നിനുമുപകരിച്ചില്ല. അതു കത്തിക്കരിഞ്ഞശേഷം വല്ലതിനുമുപകരിക്കുമോ?
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വനവൃക്ഷങ്ങള്‍ക്കിടയില്‍വളരുന്ന മുന്തിരിയുടെ തണ്ടിനെ തീയിലിടുന്നതുപോലെ ജറുസലെംനിവാസികളെ ഞാന്‍ കൈവെടിയും.
7: ഞാനവര്‍ക്കെതിരേ മുഖംതിരിക്കും. അവര്‍ തീയില്‍നിന്നു് ഓടിയകന്നാലും തീ അവരെ ദഹിപ്പിക്കും. ഞാനവര്‍ക്കെതിരേ മുഖംതിരിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
8: അവരവിശ്വസ്തരായി പെരുമാറിയതുകൊണ്ടു ഞാന്‍ ആ ദേശത്തെ വിജനമാക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 16

അവിശ്വസ്തയായ ജറുസലെം

1: കര്‍ത്താവ് വീണ്ടുമെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ജറുസലെമിനെ അവളുടെ മ്ലേച്ഛതകള്‍ ബോദ്ധ്യപ്പെടുത്തുക.
3: ദൈവമായ കര്‍ത്താവു ജറുസലെമിനോടരുളിച്ചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്ഥലവും കാനാനാണു്. നിന്റെ പിതാവ് അമോര്യനും മാതാവ് ഹിത്യയുമാണു്.
4: നീ ജനിച്ചദിവസം നിന്റെ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്ധിവരുത്തിയില്ല. ദേഹത്തു് ഉപ്പുപുരട്ടുകയോ പിള്ളക്കച്ചയില്‍ പൊതിയുകയോചെയ്തിരുന്നില്ല.
5: ഇവയിലൊന്നെങ്കിലുംചെയ്യാന്‍ ആര്‍ക്കും ദയതോന്നിയില്ല. ജനിച്ചദിവസംതന്നെ, നീ വെറുക്കപ്പെടുകയും വെളിമ്പ്രദേശത്തു് ഉപേക്ഷിക്കപ്പെടുകയുംചെയ്തു.
6: ഞാന്‍ നിന്റെയടുക്കലൂടെ കടന്നുപോയപ്പോള്‍ നീ ചോരയില്‍ക്കിടന്നുരുളുന്നതുകണ്ട്, നിന്നോടു പറഞ്ഞു: ജീവിക്കുക,
7: വയലിലെ ചെടിപോലെ വളരുക. നീ വളര്‍ന്ന് പൂര്‍ണ്ണയൗവനം പ്രാപിച്ചു. നിന്റെ മാറിടം വളര്‍ന്നു. മുടി തഴച്ചു. എങ്കിലും നീ നഗ്നയും അനാവൃതയുമായിരുന്നു.
8: ഞാന്‍ വീണ്ടും നിന്റെയടുക്കലൂടെ കടന്നുപോയപ്പോള്‍ നിന്നെ നോക്കി. നിനക്കു വിവാഹപ്രായമായെന്നു ഞാന്‍ മനസ്സിലാക്കി, എന്റെ മേലങ്കികൊണ്ടു നിന്റെ നഗ്നത ഞാന്‍ മറച്ചു. ഞാന്‍ നിന്നോടു സ്‌നേഹവാഗ്ദാനത്തോടെ ഒരുടമ്പടിചെയ്തു. അങ്ങനെ നീ എന്റേതായിത്തീര്‍ന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
9: ഞാന്‍ നിന്നെ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു തൈലംപൂശി.
10: ഞാന്‍ നിന്നെ ചിത്രത്തുന്നലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു; തുകല്‍ച്ചെരുപ്പുകളണിയിച്ചു. ചണച്ചരട് അരയില്‍ക്കെട്ടുകയും പട്ടുടുപ്പണിയിക്കുകയും ചെയ്തു.
11: ഞാന്‍ നിന്നെ ആഭരണങ്ങള്‍കൊണ്ടലങ്കരിച്ചു. കൈകളില്‍ വളയും കഴുത്തില്‍ മാലയുമിട്ടു.
12: ഞാന്‍ നിന്നെ മൂക്കുത്തിയും കമ്മലുകളും ധരിപ്പിച്ചു. നിന്റെ തലയില്‍ മനോഹരമായ കിരീടംചാര്‍ത്തി.
13: സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു നീ അലംകൃതയായി. നേര്‍ത്ത ചണവും പട്ടും ചിത്രത്തുന്നലുള്ള വസ്ത്രവുമായിരുന്നു നിന്റെ വേഷം. നേര്‍ത്ത മാവും തേനും എണ്ണയുമായിരുന്നു നിന്റെ ആഹാരം. നീ അതീവസുന്ദരിയായി വളര്‍ന്ന്, രാജകീയപ്രൗഢിയാര്‍ജ്ജിച്ചു.
14: സൗന്ദര്യംകൊണ്ടു നീ ജനതകളുടെയിടയില്‍ പ്രശസ്തയായി. എന്തെന്നാല്‍ ഞാന്‍നല്കിയ കാന്തി, അതിനു പൂര്‍ണ്ണത നല്കി- ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
15: എന്നാല്‍, നീ നിന്റെ സൗന്ദര്യത്തില്‍ മതിമറന്നു. നിന്റെ കീര്‍ത്തിയുടെ ബലത്തില്‍ നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ മുഴുകി.
16: നിന്റെ വസ്ത്രങ്ങളില്‍ ചിലതെടുത്തു് ഉന്നതമണ്ഡപങ്ങളലങ്കരിച്ച്, അവയില്‍വച്ചു നീ വ്യഭിചാരംചെയ്തു. ഇങ്ങനെയൊന്ന് ഇതിനുമുമ്പുണ്ടായിട്ടില്ല, ഇനിയുണ്ടാവുകയുമില്ല.
17: ഞാന്‍നല്കിയ സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെടുത്തു മനുഷ്യരൂപങ്ങളുണ്ടാക്കി, അവയുമായി നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു.
18: ചിത്രത്തുന്നലുള്ള നിന്റെ വസ്ത്രങ്ങള്‍ നീയവയെ അണിയിച്ചു. എന്റെ തൈലവും ധൂപവും അവയ്ക്കുമുമ്പില്‍ നീ സമര്‍പ്പിച്ചു.
19: ഞാന്‍ നിനക്കു് ആഹാരത്തിനായിനല്കിയ നേരിയമാവും എണ്ണയും തേനും നീ അവയുടെ മുമ്പില്‍ പരിമളദ്രവ്യമായര്‍പ്പിച്ചു.
20: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എനിക്കു നിന്നില്‍ ജനിച്ച പുത്രന്മാരെയും പുത്രിമാരെയും നീ അവയ്ക്കു ഭോജനമായി ബലിയര്‍പ്പിച്ചു.
21:
 നിന്റെ വേശ്യാവൃത്തികൊണ്ടു മതിവരാഞ്ഞിട്ടാണോ നീ എന്റെ കുട്ടികളെ വധിക്കുകയും, അവരെയവയ്ക്കു ദഹനബലിയായി അര്‍പ്പിക്കുകയുംചെയ്തതു്?
22: ചെറുപ്പത്തില്‍ നഗ്നയും അനാവൃതയുമായി ചോരയില്‍ക്കുളിച്ചു കിടന്നത്, നീ നിന്റെ മ്ലേച്ഛതകള്‍ക്കും വ്യഭിചാരത്തിനുമിടയ്ക്ക് ഓര്‍മ്മിച്ചില്ല.
23: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ദുരിതം! നിനക്കു ദുരിതം!
24: നിന്റെ എല്ലാ ദുഷ്‌കൃത്യങ്ങള്‍ക്കുംശേഷം നീ ഓരോ തെരുവിലും ഭദ്രപീഠവും ഉന്നതമണ്ഡപവും നിര്‍മ്മിച്ചു.
25: ഓരോ വഴിക്കവലയ്ക്കും നീ ഉന്നതമണ്ഡപങ്ങളുണ്ടാക്കി. അവിടെ നിന്റെ സൗന്ദര്യം നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കര്‍ക്കെല്ലാം നിന്നെത്തന്നെ നല്കി, നീ വ്യഭിചാരംതുടര്‍ന്നു.
26: ഭോഗാസക്തരും നിന്റെ അയല്‍ക്കാരുമായ ഈജിപ്തുകാരുമായി നീ വ്യഭിചരിച്ചു. വ്യഭിചാരത്തില്‍ മുഴുകി, നീയെന്നെ പ്രകോപിപ്പിച്ചു.
27: അതുകൊണ്ടു നിനക്കെതിരേ ഞാന്‍ കരംനീട്ടി, നിന്റെ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്റെ മ്ലേച്ഛസ്വഭാവത്തില്‍ ലജ്ജിതരുമായ ഫിലിസ്ത്യപുത്രിമാര്‍ക്കു നിന്നെ ഞാന്‍ വിട്ടുകൊടുത്തു.
28: മതിവരാഞ്ഞിട്ടു നീ അസ്സീറിയാക്കാരോടൊത്തും വ്യഭിചരിച്ചു. നീ അവരുമായി സംഗമിച്ചിട്ടും സംതൃപ്തയായില്ല.
29: വ്യാപാരികളായ കല്‍ദായരുമായും നീ വ്യഭിചാരത്തില്‍ മുഴുകി, എന്നിട്ടും നീ സംതൃപ്തയായില്ല.
30: ലജ്ജയില്ലാത്ത വേശ്യയെപ്പോലെ നീചെയ്യുന്ന ഈ പ്രവൃത്തികള്‍ നീയെത്ര കാമാതുരയാണെന്നു വ്യക്തമാക്കുന്നു.
31: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, വഴിക്കവലകളില്‍ ഭദ്രപീഠങ്ങളും പൊതുസ്ഥലങ്ങളിൽ ഉന്നതമണ്ഡപങ്ങളും നീ സ്ഥാപിച്ചു. എന്നാല്‍, പ്രതിഫലംവെറുത്തിരുന്നതിനാല്‍ നീ വേശ്യയെപ്പോലെയായിരുന്നില്ല.
32: ഭര്‍ത്താവിനുപകരം അന്യപുരുഷന്മാരെ സ്വീകരിക്കുന്ന സ്വൈരിണിയായ ഭാര്യയെപ്പോലെയാണു നീ.
33: വേശ്യകള്‍ പ്രതിഫലംസ്വീകരിക്കുന്നു. നീയാകട്ടെ കാമുകന്മാര്‍ക്കു പ്രതിഫലംകൊടുക്കുന്നു. വ്യഭിചാരത്തിനായി നാനാഭാഗത്തുനിന്നും നിന്റെ അടുത്തെത്തിച്ചേരാന്‍ നീയവര്‍ക്കു കൂലികൊടുക്കുന്നു.
34: വ്യഭിചാരത്തിന്റെ കാര്യത്തില്‍ നീ മറ്റുസ്ത്രീകളില്‍നിന്നു വ്യത്യസ്തയാണു്. ആരും വ്യഭിചാരത്തിനായി നിന്നെ ക്ഷണിച്ചില്ല. നീ അങ്ങോട്ടു പ്രതിഫലം നല്കുന്നു. നിനക്കു പ്രതിഫലം ലഭിക്കുന്നില്ല. അതാണു നിനക്കുള്ള വ്യത്യാസം.
35: അഭിസാരികേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുക.
36: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ കാമുകന്മാരോടൊപ്പം വ്യഭിചാരത്തില്‍, നിര്‍ലജ്ജം നിന്റെ നഗ്നത തുറന്നുകാട്ടി; നീ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും നിന്റെ മക്കളുടെ രക്തം അവയ്ക്കര്‍പ്പിക്കുകയും ചെയ്തു.
37: അതിനാല്‍ നിന്നോടൊപ്പംരമിച്ച എല്ലാ കാമുകന്മാരെയും നീ സ്നേഹിക്കുകയും വെറുക്കുകയുംചെയ്ത എല്ലാവരെയും, ഞാനൊരുമിച്ചുകൂട്ടും. അവര്‍ കാണേണ്ടതിന് അവരെ നിനക്കുചുറ്റുമൊരുമിച്ചുകൂട്ടി, അവരുടെമുമ്പില്‍ നിന്റെ നഗ്നത ഞാനനാവരണം ചെയ്യും.
38: വിവാഹബന്ധം വിച്ഛേദിക്കുകയും കൊലപാതകംനടത്തുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ നിന്നെയും ഞാന്‍ വിധിക്കും. ക്രോധത്തോടും അസൂയയോടുംകൂടെ ഞാന്‍ നിന്നെ രക്തത്തിലാഴ്ത്തും.
39: ഞാന്‍ നിന്നെ നിന്റെ കാമുകന്മാരുടെ കൈകളിലേല്പിച്ചുകൊടുക്കും. അവര്‍ നിന്റെ ഭദ്രപീഠങ്ങള്‍ തട്ടിത്തകര്‍ക്കുകയും ഉന്നതമണ്ഡപങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്യും. നിന്റെ വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞുകളയും. ആഭരണങ്ങളവരപഹരിക്കും. അവര്‍ നിന്നെ നഗ്നയും അനാവൃതയുമായി ഉപേക്ഷിക്കും.
40: അവര്‍ നിനക്കെതിരേ സൈന്യത്തെയണിനിരത്തും. അവര്‍ നിന്നെ കല്ലെറിയുകയും വാളുകൊണ്ടു വെട്ടിനുറുക്കുകയുംചെയ്യും.
41: നിന്റെ ഭവനങ്ങള്‍ അവരഗ്നിക്കിരയാക്കും. അനേകം സ്ത്രീകളുടെ കണ്മുമ്പില്‍വച്ച്, നിന്റെമേല്‍ അവര്‍ ശിക്ഷാവിധി നടപ്പിലാക്കും. നിന്റെ വ്യഭിചാരം ഞാനവസാനിപ്പിക്കും. നീയിനി ആര്‍ക്കും പ്രതിഫലംനല്കുകയില്ല.
42: അങ്ങനെ എന്റെ കോപം നിന്റെമേല്‍ പ്രയോഗിച്ചു ഞാന്‍ തൃപ്തിയടയും. എന്റെ അസൂയ നിന്നെവിട്ടകലും. ഞാന്‍ കോപമടക്കി ശാന്തനാകും.
43: നീ നിന്റെ ചെറുപ്പകാലം വിസ്മരിക്കുകയും ഇത്തരംപ്രവൃത്തികള്‍കൊണ്ട് എന്റെ ക്രോധം ജ്വലിപ്പിക്കുകയുംചെയ്തതിനാല്‍ നിന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ, നിന്റെ തലയില്‍ത്തന്നെ ഞാന്‍ വരുത്തും. നിന്റെ എല്ലാ മ്ലേച്ഛതകള്‍ക്കുമുപരിയായി നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടല്ലോ - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
44: പഴഞ്ചൊല്ലിഷ്ടപ്പെടുന്നവര്‍ നിന്നെപ്പറ്റി അമ്മയെപ്പോലെ മകളും എന്ന പഴമൊഴിയുപയോഗിക്കും.
45: ഭര്‍ത്താവിനെയും കുട്ടികളെയുംവെറുത്ത അമ്മയുടെ മകളാണു നീ. ഭര്‍ത്താക്കന്മാരെയും കുട്ടികളെയുംവെറുത്ത സഹോദരിമാരുടെ സഹോദരിയാണു നീ. നിന്റെ മാതാവു ഹിത്യയും പിതാവ് അമോര്യനുമാണു്.
46: നിന്റെ മൂത്തസഹോദരി സമരിയായാണു്. അവള്‍ തന്റെ പെണ്മക്കളോടൊത്തു നിന്റെ വടക്കുവശത്തു താമസിച്ചു. നിന്റെ ഇളയസഹോദരി സോദോമാണു്. അവള്‍ തന്റെ പെണ്മക്കളോടൊത്തു നിന്റെ തെക്കുവശത്തു താമസിച്ചു.
47: അവരുടെ പാതയില്‍ ചരിച്ചതുകൊണ്ടു നിനക്കു മതിയായില്ല. അവരുടെ മ്ലേച്ഛതകള്‍കൊണ്ടു നിനക്കു തൃപ്തിവന്നില്ല. അതൊക്കെ നിസ്സാരമെന്നഭാവത്തില്‍ എല്ലാത്തരത്തിലും നീ അവരെക്കാള്‍ വഷളായി.
48: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, നീയും നിന്റെ പുത്രിമാരുംചെയ്തതുപോലെ, നിന്റെ സഹോദരിയായ സോദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല.
49: നിന്റെ സഹോദരിയായ സോദോമിന്റെ തെറ്റ് ഇതായിരുന്നു: പ്രൗഢിയും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയുമുണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്ധനരെയും അഗതികളെയും തുണച്ചില്ല.
50: അവര്‍ ഗര്‍വിഷ്ഠരായിരുന്നു. എന്റെ മുമ്പില്‍ അവര്‍ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചു. അതുകണ്ടു ഞാനവരെ നിര്‍മ്മാര്‍ജ്ജനംചെയ്തു.
51: നീ ചെയ്ത തിന്മയുടെ പകുതിപോലും സമരിയാചെയ്തില്ല. നീ അവരെക്കാള്‍ കൂടുതല്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു. നീ പ്രവര്‍ത്തിച്ച മ്ലേച്ഛതകള്‍ കണക്കിലെടുത്താല്‍ നിന്റെ സഹോദരികള്‍ നീതിയുള്ളവരായിത്തോന്നും.
52: നിന്റെ അവമതി നീ സഹിക്കണം. നിന്റെ സഹോദരിമാരെക്കാള്‍ ഏറെ മ്ലേച്ഛതകള്‍ നീ പ്രവര്‍ത്തിച്ചതിനാല്‍ നിന്നോടു തുലനംചെയ്യുമ്പോള്‍ അവര്‍ നിഷ്കളങ്കരായി
ത്തോന്നും. ലജ്ജിച്ചു് അവമാനമേല്‍ക്കുക. എന്തെന്നാല്‍ നിന്റെ സഹോദരിമാര്‍ നീതിയുള്ളവരെന്നു തോന്നിക്കാന്‍ നീയിടയാക്കി.
53: സോദോമിന്റെയും അവളുടെ പുത്രിമാരുടെയും സമരിയായുടെയും അവളുടെ പുത്രിമാരുടെയും സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കും. അതോടൊപ്പം അവരുടെമദ്ധ്യേ നിന്റെ സുസ്ഥിതിയും ഞാന്‍ പുനഃസ്ഥാപിക്കും.
54: അങ്ങനെ അവര്‍ക്ക് ഒരാശ്വാസമാകത്തക്കവിധം, നീ ചെയ്ത പ്രവൃത്തികളെക്കുറിച്ചു നീ ലജ്ജിച്ചു് അവമാനമേല്ക്കും.
55: നിന്റെ സഹോദരിമാരായ സോദോമും സമരിയായും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ്വസ്ഥിതിപ്രാപിക്കും.
56: നിന്റെ ദുഷ്ടതകള്‍ വെളിപ്പെടുത്തുന്നതിനുമുമ്പ്,  നീ അഹങ്കരിച്ചുകഴിഞ്ഞകാലങ്ങളില്‍, നിന്റെ സഹോദരിയായ സോദോമിന്റെ പേരുച്ചരിക്കാന്‍ നിന്റെ അധരങ്ങള്‍ ലജ്ജിച്ചിരുന്നില്ലേ! 
57: നീ അഹങ്കരിച്ചുകഴിഞ്ഞകാലങ്ങളില്‍, നിന്റെ സഹോദരിയായ സോദോമിന്റെ പേരുച്ചരിക്കാന്‍ നിന്റെ അധരങ്ങള്‍ ലജ്ജിച്ചിരുന്നില്ലേ! ഇപ്പോള്‍ നിന്നെ അധിക്ഷേപിക്കുന്നവരായി നിന്റെ ചുറ്റുമുള്ള ഏദോംപുത്രിമാര്‍ക്കും അവളുടെ അയല്‍ക്കാര്‍ക്കും ഫിലിസ്ത്യപുത്രിമാര്‍ക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു.
58: നിന്റെ വ്യഭിചാരത്തിന്റെയും മ്ലേച്ഛതയുടെയും ശിക്ഷ നീയേല്ക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.

ശാശ്വതമായ ഉടമ്പടി
59: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും ഞാന്‍ പ്രവര്‍ത്തിക്കും. നീ ഉടമ്പടിലംഘിച്ച്, പ്രതിജ്ഞയവഹേളിച്ചു.
60: എങ്കിലും നിന്റെ യൗവനത്തില്‍ നിന്നോടുചെയ്ത ഉടമ്പടി ഞാനോര്‍മ്മിക്കും. നീയുമായി ശാശ്വതമായ ഒരുടമ്പടി സ്ഥാപിക്കുകയുംചെയ്യും.
61: നിന്റെ പ്രവൃത്തികളപ്പോള്‍ നീയോര്‍മ്മിക്കും. നിന്റെ മൂത്തതും ഇളയതുമായ സഹോദരിമാരെ ഉടമ്പടിപ്രകാരമല്ലാതെതന്നെ നിനക്കു ഞാന്‍ പുത്രിമാരായി നല്കും. അവരെ സ്വീകരിക്കുമ്പോള്‍ നീ ലജ്ജിക്കും.
62: നീയുമായി ഞാനൊരുടമ്പടി സ്ഥാപിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
63: അങ്ങനെ നിന്റെ പ്രവൃത്തികള്‍ക്കു ഞാന്‍ മാപ്പുനല്കുമ്പോള്‍ നീ അവയെയോര്‍ത്ത് ലജ്ജിച്ചു മൗനംഭജിക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ