ഇരുന്നൂറ്റിനാല്പത്തിനാലാം ദിവസം: എസക്കിയേല്‍ 29 - 32


അദ്ധ്യായം 29

ഈജിപ്തിനെതിരേ

1: പത്താംവര്‍ഷം പത്താംമാസം പന്ത്രണ്ടാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയുടെനേരേ മുഖംതിരിച്ചു്, അവനും ഈജിപ്തുമുഴുവനുമെതിരേ പ്രവചിക്കുക.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോ, നൈല്‍ എന്റേതാണു്, ഞാനാണതു നിര്‍മ്മിച്ചതെന്നു പറഞ്ഞുകൊണ്ടു നദികളുടെമദ്ധ്യേ ശയിക്കുന്ന മഹാസര്‍പ്പമേ, ഞാന്‍ നിനക്കെതിരാണു്.
4: നിന്റെ കടവായില്‍ ഞാന്‍ ചൂണ്ടകോര്‍ക്കും. നിന്റെ നദികളിലെ മത്സ്യങ്ങളെയെല്ലാം നിന്റെ ശല്‍ക്കങ്ങളില്‍ ഞാനൊട്ടിക്കും. എന്നിട്ടു്, അവയോടുകൂടെ നിന്നെ ഞാന്‍ വെള്ളത്തില്‍നിന്നു വലിച്ചുപുറത്തിടും.
5: നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെയും ഞാന്‍ മരുഭൂമിയിലേക്കു വലിച്ചെറിയും; അവിടെ തുറസ്സായസ്ഥലത്തു നീ ചെന്നുവീഴും. ആരും നിന്നെ ഒന്നിച്ചുകൂട്ടുകയോ മറവുചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും നിന്നെ ഞാനിരയാക്കും.
6: ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ ഈജിപ്തുനിവാസികളെല്ലാമറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിനു നീയൊരു ഞാങ്ങണവടിയായിരുന്നു.
7: അവര്‍ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞു. അവരുടെ തോള്‍ കീറി; അവര്‍ നിന്റെമേല്‍ ചാരിയപ്പോള്‍ നീ ഒടിഞ്ഞു; അവരുടെ നടുവിളകിപ്പോയി.
8: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്റെമേല്‍ വാളയയ്ക്കും. മനുഷ്യരെയും മൃഗങ്ങളെയും നിന്നില്‍നിന്നു ഞാന്‍ വിച്ഛേദിക്കും. ഈജിപ്തു വിജനവും ശൂന്യവുമാകും.
9: ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും. നൈല്‍ എന്റേതാണു്, ഞാനാണതുണ്ടാക്കിയതെന്നു നീ പറഞ്ഞു.
10: അതിനാല്‍ ഞാന്‍ നിനക്കും നിന്റെ നദികള്‍ക്കുമെതിരാണു്; മിഗ്‌ദോല്‍മുതല്‍ സെവേനെ ഗോപുരംവരെ എത്യോപ്യയുടെയതിര്‍ത്തിയോളം ഈജിപ്തിനെ ഞാന്‍ ശൂന്യവും വിജനവുമാക്കും.
11: മനുഷ്യനോ മൃഗങ്ങളോ അതിലൂടെ സഞ്ചരിക്കുകയില്ല; നാല്പതുവര്‍ഷത്തേക്കു് അതില്‍ ആരും വസിക്കുകയില്ല.
12: നിര്‍ജ്ജനദേശങ്ങളുടെമദ്ധ്യേ ഈജിപ്തിനെയും ഞാന്‍ നിര്‍ജ്ജനമാക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെകൂടെ നാല്പതുവര്‍ഷത്തേക്കു് അവളുടെ നഗരങ്ങളും ശൂന്യമായിക്കിടക്കും. ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഞാന്‍ ചിതറിക്കും.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍നിന്നു നാല്പതുവര്‍ഷംകഴിയുമ്പോള്‍ ഞാന്‍ ഈജിപ്തുകാരെ ഒന്നിച്ചുകൂട്ടും.
14: അവരുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കും. തങ്ങളുടെ ജന്മദേശമായ പാത്രോസിലേക്കു ഞാനവരെ തിരിയെക്കൊണ്ടു വരും, അവിടെയവര്‍ ഒരെളിയരാജ്യമാകും.
15: അതു മറ്റെല്ലാരാജ്യങ്ങളെയുംകാള്‍ എളിയതായിരിക്കും. ഇനിയൊരിക്കലും അതു മറ്റു ജനതകളുടെമേലുയരുകയില്ല; അവരെ ഭരിക്കാനാവാത്തവിധം ഞാനതിനെ ചെറുതാക്കും.
16: ഇസ്രായേലിനിമേല്‍ ഈജിപ്തിനെയാശ്രയിക്കുകയില്ല; എന്തെന്നാല്‍, സഹായത്തിനു് അങ്ങോട്ടുതിരിയുമ്പോള്‍ തങ്ങളുടെ തെറ്റിനെക്കുറിച്ചു് അവര്‍ക്കോര്‍മ്മ വരും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
17: ഇരുപത്തേഴാംവര്‍ഷം ഒന്നാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
18: മനുഷ്യപുത്രാ, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ടയിറിനെതിരേ തന്റെ സൈന്യത്തെക്കൊണ്ടു കഠിനമായി പൊരുതിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാ തോളിലെയും തൊലിയുരിഞ്ഞുപോയി. എന്നിട്ടും അവനോ അവന്റെ സൈന്യത്തിനോ ടയിറിനെതിരേചെയ്ത വേലയ്ക്കു പ്രതിഫലമൊന്നും ലഭിച്ചില്ല.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുദേശം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനു ഞാന്‍ നല്കും; അവനവിടത്തെ സമ്പത്തെല്ലാം തട്ടിയെടുക്കും. അവനവിടം കൊള്ളയടിക്കുകയും കുത്തിക്കവരുകയുംചെയ്യും. ഇതായിരിക്കുമവന്റെ സൈന്യത്തിനു പ്രതിഫലം.
20: അവന്റെ കഠിനാദ്ധ്വാനത്തിനു പ്രതിഫലമായി ഈജിപ്തുദേശം ഞാന്‍ കൊടുത്തിരിക്കുന്നു. എന്തെന്നാല്‍, അവനെനിക്കുവേണ്ടിയദ്ധ്വാനിച്ചു. ദൈവമായ കര്‍ത്താവരുളിചെയ്യുന്നു.
21: അന്നു് ഇസ്രായേല്‍ഭവനത്തിനു ഞാനൊരു കൊമ്പു മുളപ്പിക്കും. അവരുടെമദ്ധ്യേ, ഞാന്‍ നിന്റെ വായ് തുറക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

അദ്ധ്യായം 30

ഈജിപ്തിനു ശിക്ഷ
1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,
2: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ദിനം.
3: ദിവസമടുത്തു. കര്‍ത്താവിന്റെ ദിനം സമാഗതമായി, അതു കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണതു്.
4: ഈജിപ്തിന്റെമേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്തില്‍ ജനം നിഹനിക്കപ്പെടുകയും ധനമപഹരിക്കപ്പെടുകയും അവളുടെയടിസ്ഥാനം തകര്‍ക്കപ്പെടുകയുംചെയ്യും.
5: അപ്പോള്‍, എത്യോപ്യാ, പുതു്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.
6: കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിനെപ്പിന്താങ്ങുന്നവര്‍ നിലംപതിക്കും. അവളുടെ ഉദ്ധതവീര്യം നശിക്കും. മിഗ്‌ദോല്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
7: നിര്‍ജ്ജനരാജ്യങ്ങളുടെമദ്ധ്യേ അവളും നിര്‍ജ്ജനമാകും; ശൂന്യനഗരങ്ങളുടെമദ്ധ്യേ അവളുടെ നഗരങ്ങളും ശൂന്യമാകും.
8: ഈജിപ്തിനെ ഞാനഗ്നിക്കിരയാക്കുകയും അവളുടെ സഹായകര്‍ തകര്‍ക്കപ്പെടുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
9: അപകടഭീതിയില്ലാത്ത എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍, ദൂതന്മാര്‍ എന്റെയടുത്തുനിന്നു കപ്പലുകളില്‍ പുറപ്പെടും. ഈജിപ്തിന്റെ വിനാശകാലത്തു് അവര്‍ പരിഭ്രാന്തരാകും. അതാ, അതു വന്നുകഴിഞ്ഞു.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കരങ്ങളാല്‍ ഈജിപ്തിന്റെ സമ്പത്തു ഞാനില്ലാതാക്കും.
11: ഈജിപ്ത് നശിപ്പിക്കേണ്ടതിനു് അവനെയും അവന്റെ കൂടെയുള്ളവരെയും, ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരെത്തന്നെ, ഞാന്‍ കൊണ്ടുവരും. ഈജിപ്തിനെതിരേ അവര്‍ വാളൂരും. മൃതശരീരങ്ങളാല്‍ ദേശം നിറയും.
12: ഞാന്‍ നൈല്‍ വറ്റിച്ചുകളയും; നാടു ദുഷ്ടന്മാര്‍ക്കു വില്ക്കും. വിദേശീയരുടെ കരങ്ങളാല്‍ ആ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും. കര്‍ത്താവായ ഞാനാണു പറഞ്ഞിരിക്കുന്നതു്.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും; മെംഫിസിലെ പ്രതിമകളുടച്ചുകളയും. ഈജിപ്തിലിനിമേലൊരു രാജാവുണ്ടായിരിക്കുകയില്ല. അങ്ങനെ ഞാന്‍ ഈജിപ്തില്‍ ഭീതിയുളവാക്കും.
14: ഞാന്‍ പാത്രോസിനെ ശൂന്യമാക്കും. സോവാനെ അഗ്നിക്കിരയാക്കും. തേബെസില്‍ ന്യായവിധിനടത്തും.
15: ഈജിപ്തിന്റെ ശക്തിദുര്‍ഗ്ഗമായ സിനിന്റെമേല്‍ ഞാന്‍ ക്രോധംവര്‍ഷിക്കും. തേബെസിലെ ജനങ്ങളെ നിഗ്രഹിക്കും.
16: ഈജിപ്തിനെ ഞാനഗ്നിക്കിരയാക്കും. സിന്‍ തീവ്രവേദനയനുഭവിക്കും. തേബെസ് ഭേദിക്കപ്പെടും; അതിന്റെ കോട്ടകള്‍ തകര്‍ക്കപ്പെടും.
17: ഓനിലെയും പിബേസത്തിലെയും യുവാക്കള്‍ വാളിനിരയാകും; ആ നഗരങ്ങള്‍ അടിമത്തത്തില്‍ നിപതിക്കും.
18: തെഹഫ്‌നെഹസില്‍വച്ചു് ഈജിപ്തിന്റെ ആധിപത്യം ഞാന്‍ തകര്‍ക്കുമ്പോൾ, അവിടെ പകലിരുണ്ടു പോകും. അവളുടെ ശക്തിഗര്‍വ്വമവസാനിക്കും. അവളെ മേഘംമൂടും; അവളുടെ പുത്രിമാരടിമകളാകും.
19: ഇപ്രകാരം ഈജിപ്തില്‍ ഞാന്‍ ന്യായവിധിനടത്തും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
20: പതിനൊന്നാംവര്‍ഷം ഒന്നാംമാസം, ഏഴാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയുടെ കരം ഞാന്‍ തകര്‍ത്തിരിക്കുന്നു. വാളെടുക്കാന്‍ വീണ്ടും ശക്തിലഭിക്കത്തക്കവിധം സുഖപ്പെടാൻ, അതു വച്ചുകെട്ടിയിട്ടുമില്ല.
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോയ്ക്കു ഞാനെതിരാണു്. അവന്റെ ബലിഷ്ഠമായകരവും ഒടിഞ്ഞകരവും രണ്ടും ഞാനൊടിക്കും. അവന്റെ കൈയില്‍നിന്നു വാള്‍ താഴെവീഴും.
23: ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഞാന്‍ ചിതറിക്കും.
24: ബാബിലോണ്‍രാജാവിന്റെ കരം ഞാന്‍ ശക്തമാക്കും. എന്റെ വാൾ, അവന്റെ കൈയില്‍ ഞാനേല്പിക്കും. എന്നാല്‍ ഫറവോയുടെ കരങ്ങള്‍ ഞാന്‍ തകര്‍ക്കും. മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്റെ മുമ്പില്‍ ഞരങ്ങും.
25: ബാബിലോണ്‍രാജാവിന്റെ കരങ്ങള്‍ ഞാന്‍ ശക്തമാക്കും. എന്നാല്‍ ഫറവോയുടെ കൈകള്‍ തളര്‍ത്തും; ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും. ബാബിലോണ്‍രാജാവിന്റെ കൈയില്‍ ഞാനെന്റെ വാളേല്പിക്കുമ്പോള്‍ അവനതു് ഈജിപ്തിനെതിരേ ഉയര്‍ത്തും.
26: ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഈജിപ്തിനെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.


അദ്ധ്യായം 31

ഈജിപ്ത് ഒരു ദേവദാരു
1: പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണു്?
3: മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന്, ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണു നീ. അതിന്റെ അഗ്രം മേഘങ്ങളെ മുട്ടിനിന്നു.
4: ജലം അതിനെപ്പോറ്റി. അതു നട്ടിരുന്ന സ്ഥലത്തിനുചുറ്റും തന്റെ നദികളെയൊഴുക്കി. വനത്തിലെ വൃക്ഷങ്ങള്‍ക്കെല്ലാം ജലംപകര്‍ന്ന്, ആഴിയതിനെ ഉയരത്തില്‍ വളര്‍ത്തി.
5: അങ്ങനെ വനത്തിലെ എല്ലാ വൃക്ഷങ്ങളെക്കാൾ അതു വളര്‍ന്നുപൊങ്ങി. ശാഖകളുണ്ടാകുന്നസമയത്തു ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടു്, അവ വളര്‍ന്നുനീണ്ടു.
6: അതിന്റെ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടി; കീഴില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി; അതിന്റെ തണലില്‍ വലിയരാജ്യങ്ങളെല്ലാം പുലര്‍ന്നു.
7: വലിപ്പംകൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായിരുന്നു. അതിന്റെ വേരുകള്‍ ആഴത്തില്‍ സമൃദ്ധമായ ജലത്തിനടുത്തെത്തി.
8: ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു കിടയായിരുന്നില്ല. സരളവൃക്ഷങ്ങൾ അതിന്റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്ഷങ്ങൾ അതിന്റെ ശാഖകളോടു തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്ഷവും ദൈവത്തിന്റെ തോട്ടത്തിലില്ലായിരുന്നു.
9: ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്ദരമാക്കി. ദൈവത്തിന്റെ തോട്ടമായ ഏദനിലുണ്ടായിരുന്ന സകലവൃക്ഷങ്ങള്‍ക്കും അതിനോടസൂയതോന്നി.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അതു വളര്‍ന്നുയര്‍ന്നു മേഘങ്ങളെ ഉരുമ്മുകയും ആ വളര്‍ച്ചയില്‍ അഹങ്കരിക്കുകയും ചെയ്തു.
11: അതുകൊണ്ടു ജനതകളില്‍ ശക്തനായവന്റെ കരങ്ങളില്‍ ഞാനതിനെയേല്പിക്കും. അതിന്റെ ദുഷ്ടതയ്ക്കര്‍ഹമായവിധം അവനതിനോടു പ്രവര്‍ത്തിക്കും. ഞാനതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12: ജനതകളില്‍വച്ചു് ഏറ്റവും ക്രൂരന്മാരായ വിദേശികൾ അതു വെട്ടിനശിപ്പിക്കും. എല്ലാ മലകളിലും താഴ്‌വരകളിലും അതിന്റെ ശാഖകള്‍ വീഴും. അതിന്റെ കൊമ്പുകള്‍ രാജ്യത്തെ എല്ലാ നദിയുടെയും കരയിലൊടിഞ്ഞുകിടക്കും; ഭൂമിയിലെ എല്ലാ ജനതകളും അതിന്റെ തണല്‍ വിട്ടുപോകും.
13: അതിന്റെ അവശിഷ്ടങ്ങളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടും. വന്യമൃഗങ്ങളതിന്റെ ശാഖകള്‍ക്കിടയില്‍ പാര്‍ക്കും.
14: ജലത്തിനരികേനില്ക്കുന്ന ഒരു വൃക്ഷവും തന്റെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കുന്നതിനും തന്റെ അഗ്രം മേഘങ്ങള്‍വരെ ഉയര്‍ത്താതിരിക്കുന്നതിനും ജലം സുഭിക്ഷമായി വലിച്ചെടുക്കുന്ന ഒരു വൃക്ഷവും അത്രയ്ക്കുയരത്തില്‍ എത്താതിരിക്കുന്നതിനുംവേണ്ടിയാണിതു്. എന്തെന്നാല്‍ പാതാളത്തില്‍പ്പതിക്കുന്ന മര്‍ത്ത്യരോടൊപ്പം ഭൂമിയുടെ അധോഭാഗത്തിനു്, മരണത്തിനു്, അതേല്പിക്കപ്പെട്ടിരിക്കുന്നു.
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അതു പാതാളത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍, ആഴം അതിനെച്ചൊല്ലി വിലപിക്കാന്‍ ഞാനിടയാക്കും. അതിന്റെ നദികളെ ഞാന്‍ തടഞ്ഞുനിറുത്തും. ജലപ്രവാഹങ്ങള്‍ നിലയ്ക്കും. അതിനെക്കുറിച്ചുള്ള ദുഃഖം ലബനോനെ ആവരണംചെയ്യും. തന്മൂലം വയലിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും.
16: പാതാളത്തില്‍പ്പതിക്കുന്നവരോടൊപ്പം ഞാനതിനെ അധോലോകത്തേക്കു വലിച്ചെറിയുമ്പോള്‍, അതിന്റെ പതനത്തിന്റെ മുഴക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്ഷങ്ങള്‍ക്കു്, ലബനോനിലെ ശ്രേഷ്ഠമായ മരങ്ങള്‍ക്കു്, സുഭിക്ഷമായി ജലംവലിച്ചെടുത്തുവളര്‍ന്ന വൃക്ഷങ്ങള്‍ക്കു്, അധോലോകത്തില്‍ ആശ്വാസംലഭിക്കും.
17: അതിനോടൊപ്പം, അതിന്റെ തണലില്‍വസിച്ചിരുന്ന ജനതകളും പാതാളത്തിലേക്കു്, വാളിനിരയായവരുടെയടുത്തേക്കു പോകും.
18: ഏദനിലെ ഏതുവൃക്ഷത്തോടാണു മഹത്വത്തിലും പ്രതാപത്തിലും നിനക്കു തുല്യത? അവിടത്തെ വൃക്ഷങ്ങളോടൊപ്പം നീയും അധോലോകത്തിലേക്കെറിയപ്പെടും. വാളിനിരയായവരോടുകൂടെ, അപരിച്ഛേദിതരുടെയിടയില്‍ നീ കിടക്കും. ഇതാണു് ഫറവോയ്ക്കും അവന്റെ ജനത്തിനും സംഭവിക്കുക - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 32

ഈജിപ്ത് ഒരു ഘോരസത്വം
1: പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീയൊരു വിലാപഗാനമാലപിക്കുക. അവനോടു പറയുക: ജനതകളുടെയിടയിലൊരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാല്‍, നീ കടലിലെ ഘോരസത്വംപോലെയാണു്. നീ നിന്റെ നദികളില്‍ച്ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികള്‍ മലിനമാക്കുന്നു.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്നു ഞാന്‍ നിന്റെമേല്‍ വലവീശും; അവര്‍ നിന്നെ വലിച്ചുപുറത്തിടും.
4: നിന്നെ ഞാന്‍ നിലത്തെറിയും. തുറസ്സായസ്ഥലത്തേക്കു നിന്നെ ഞാന്‍ ചുഴറ്റിയെറിയും. ആകാശത്തിലെ എല്ലാപ്പറവകളും നിന്റെമേല്‍ പറന്നുവീഴുന്നതിനും ഭൂമിയിലെ എല്ലാ മൃഗങ്ങളും നിന്നെ തിന്നുതൃപ്തരാകുന്നതിനും ഞാനിടവരുത്തും.
5: നിന്റെ മാംസം ഞാന്‍ പര്‍വ്വതങ്ങളില്‍ വിതറും; താഴ്‌വരകള്‍ നിന്റെ പിണംകൊണ്ടു ഞാന്‍ നിറയ്ക്കും.
6: നിന്റെ രക്തമൊഴുക്കി ഞാന്‍ ഭൂമിയെ മലകള്‍വരെ കുതിര്‍ക്കും; നീര്‍ച്ചാലുകള്‍ നിന്നെക്കൊണ്ടു നിറയും.
7: നിന്നെ നിര്‍മ്മാര്‍ജ്ജനംചെയ്തുകഴിയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടിക്കളയും. നക്ഷത്രങ്ങളെ അന്ധകാരമയമാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രന്‍ പ്രകാശംതരുകയില്ല.
8: ആകാശത്തിലെ എല്ലാ പ്രകാശഗോളങ്ങളെയും നിന്റെമേല്‍ ഞാന്‍ തമോമയമാക്കും. നിന്റെ ദേശം അന്ധകാരത്തിലാഴ്ത്തും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
9: നിനക്കു് അജ്ഞാതമായ രാജ്യങ്ങളിലേക്കു്, ജനതകളുടെയിടയിലേക്കു്, നിന്നെ ഞാൻ അടിമയാക്കിക്കൊണ്ടുപോകുന്നതുകാണുമ്പോള്‍ അനേകരുടെ ഹൃദയങ്ങളസ്വസ്ഥമാകും.
10: അനേകര്‍ നിന്നെക്കണ്ടു് സ്തബ്ദ്ധരാകുന്നതിനു ഞാനിടയാക്കും. അവര്‍കാണ്‍കേ ഞാന്‍ വാള്‍വീശുമ്പോളവരുടെ രാജാക്കള്‍ നിന്നെപ്രതി പ്രകമ്പിതരാകും. നിന്റെ പതനദിവസം എല്ലാവരും തങ്ങളുടെ ജീവനെച്ചൊല്ലി ഓരോനിമിഷവും വിറകൊള്ളും.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്റെ വാള്‍ നിന്റെമേല്‍പ്പതിക്കും.
12: നിന്റെ ജനക്കൂട്ടത്തെ മുഴുവന്‍ ശക്തന്മാരുടെ വാളിനു് ഞാനിരയാക്കും. ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരാണു് അവരെല്ലാം. ഈജിപ്തിന്റെ അഹങ്കാരം അവരവസാനിപ്പിക്കും. അവിടത്തെ ജനംമുഴുവന്‍ നശിച്ചുപോകും.
13: ജലാശയങ്ങളുടെ അരികില്‍നിന്നു് എല്ലാ മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും; മനുഷ്യന്റെ പാദങ്ങളോ മൃഗങ്ങളുടെ കുളമ്പുകളോ മേലില്‍ അവയെ കലക്കുകയില്ല.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനവരുടെ ജലം തെളിമയുള്ളതാക്കും; അവരുടെ നദികള്‍ എണ്ണപോലെ ഒഴുകുന്നതിനു ഞാനിടയാക്കും.
15: ഈജിപ്തിനെ ഞാന്‍ വിജനമാക്കുകയും ദേശത്തുള്ളതെല്ലാം നശിപ്പിച്ചു്, അതിനെ ശൂന്യമാക്കുകയും അതിലെ നിവാസികളെ വധിക്കുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
16: ആലപിക്കാനുള്ള ഒരു വിലാപമാണിതു്; ജനതകളുടെ പുത്രിമാര്‍ ഈജിപ്തിനെയും അവളുടെ എല്ലാ ജനങ്ങളെയുംകുറിച്ചു് ഇതാലപിക്കും; ദൈവമായ കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.

ജനതകള്‍ പാതാളത്തില്‍
17: പന്ത്രണ്ടാംവര്‍ഷം ഒന്നാംമാസം പതിനഞ്ചാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
18: മനുഷ്യപുത്രാ, ഈജിപ്തിലെ ജനങ്ങളെയോര്‍ത്തു വിലപിക്കുക; അവളെയും ശക്തരായ ജനങ്ങളുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരോടുകൂടെ അധോലോകത്തിലേക്കു തള്ളിയിടുക.
19: സൗന്ദര്യത്തില്‍ ആരെയാണു നീ അതിശയിക്കുക? താഴെച്ചെന്നു് അപരിച്ഛേദിതരുടെകൂടെ കിടക്കുക.
20: വാളിനിരയായവരുടെമദ്ധ്യേ അവര്‍ ചെന്നുവീഴും. അവളോടൊപ്പം അവളുടെ ജനവും കിടക്കും.
21: ശക്തന്മാരായ പ്രമാണികള്‍ അവരുടെ സഹായകരോടുകൂടെ പാതാളത്തിന്റെ മദ്ധ്യേനിന്നു് അവരെപ്പറ്റി ഇങ്ങനെ പറയും: അവര്‍ താഴെയെത്തിയിട്ടുണ്ടു്. വാളിനിരയാക്കപ്പെട്ട അപരിച്ഛേദിതരായ അവര്‍ നിശ്ചലരായിക്കിടക്കുന്നു.
22: അസ്സീറിയാ അവിടെയുണ്ടു്. അവളുടെ വാളേറ്റുമരിച്ച ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവള്‍ക്കുചുറ്റും കിടക്കുന്നു.
23: അവരുടെ ശവകുടീരങ്ങള്‍ പാതാളത്തിന്റെ ഏറ്റവുമടിയില്‍ സ്ഥിതിചെയ്യുന്നു; അവളുടെ കൂട്ടം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ടു്. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവര്‍ ഇന്നു വാളേറ്റു മരിച്ചുകിടക്കുന്നു.
24: ഏലാമും അവിടെയുണ്ടു്; അവളുടെ ശവകുടീരത്തിനുചുറ്റും അവളുടെ ജനക്കൂട്ടവും. ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയ അവര്‍ ഇന്നു വാളേറ്റുമരിച്ചു്, അപരിച്ഛേദിതരായി അധോലോകത്തിലെത്തിയിരിക്കുന്നു. പാതാളത്തില്‍പ്പതിച്ചവരോടൊപ്പം അവരവമാനിതരായിക്കഴിയുന്നു.
25: വധിക്കപ്പെട്ടവരുടെമദ്ധ്യത്തില്‍ അവരവള്‍ക്കു കിടക്കയൊരുക്കി. വാളേറ്റു മരിച്ച അപരിച്ഛേദിതരായ അവളുടെ ജനങ്ങളുടെ ശവകുടീരങ്ങളൾ അവള്‍ക്കുചുററുമുണ്ടു്. എന്തെന്നാല്‍ ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയ അവര്‍, പാതാളത്തില്‍പ്പതിക്കുന്നവരുടെകൂടെ ഇന്നു ലജ്ജിതരായി കഴിയുന്നു. വധിക്കപ്പെട്ടവരുടെകൂടെയാണു് അവര്‍ക്കിടംലഭിച്ചതു്.
26: മേഷെക്കും തൂബാലും അവിടെയുണ്ടു്. അവരുടെ ജനസമൂഹത്തിന്റെ ശവകുടീരങ്ങളും അവര്‍ക്കു ചുറ്റുമുണ്ടു്. അവരെല്ലാം അപരിച്ഛേദിതരും വാളിനിരയായവരുമാണു്. ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയവരാണവര്‍.
27: വാളുകള്‍ തലയ്ക്കുകീഴേയും പരിചകള്‍ അസ്ഥികളുടെ മുകളിലുംവച്ചു് പടക്കോപ്പുകളോടെ പാതാളത്തിലേക്കുപോയ വധിക്കപ്പെട്ട അപരിച്ഛേദിതരായ വീരന്മാരുടെ കൂട്ടത്തില്‍ അവര്‍ കിടക്കുകയില്ല. കാരണം, ജീവനുള്ളവരുടെദേശത്തു് ശക്തന്മാരായ അവര്‍ ഭീഷണിയായിരുന്നു.
28: അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ നിങ്ങള്‍ തകര്‍ന്നുകിടക്കും.
29: ഏദോമും അവളുടെ രാജാക്കന്മാരും എല്ലാപ്രഭുക്കന്മാരുമവിടെയുണ്ടു്. എല്ലാശക്തിയുമുണ്ടായിരുന്നിട്ടും അവര്‍ വാളിനിരയായ അപരിച്ഛേദിതരുടെയും പാതാളത്തില്‍പ്പതിച്ചവരുടെയുംകൂടെ കിടക്കുന്നു.
30: വടക്കുനിന്നുള്ള പ്രഭുക്കന്മാരും സീദോന്യരുമവിടെയുണ്ടു്. തങ്ങളുടെ ശക്തിയാല്‍ ഭീതിയുളവാക്കിയവരെങ്കിലും അവരും വധിക്കപ്പെട്ടവരോടുകൂടെ ലജ്ജിതരായി താഴേക്കിറങ്ങിയിരിക്കുന്നു. അവര്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ പാതാളത്തില്‍പ്പതിക്കുന്നവരുടെ അപമാനംസഹിച്ചു്, അപരിച്ഛേദിതരായിക്കഴിയുന്നു.
31: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വാളിനിരയാക്കപ്പെട്ട ഫറവോയും അവന്റെ സൈന്യവും അവരെക്കാ ണുമ്പോള്‍ സ്വന്തംജനങ്ങളെക്കുറിച്ചു് ആശ്വാസംകൊള്ളും.
32: ജീവിക്കുന്നവരുടെ ദേശത്തു്, അവന്‍ ഭീതിപരത്തി. എന്നാല്‍, ഫറവോയും അവന്റെ ജനവും അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെക്കിടക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ