ഇരുന്നൂറ്റിനാല്പത്തിയാറാം ദിവസം: എസക്കിയേല്‍ 36 - 38


അദ്ധ്യായം 36

ഇസ്രായേലിനു നവജീവന്‍
1: മനുഷ്യപുത്രാ, നീ ഇസ്രായേല്‍മലകളോടു പ്രവചിക്കുക. ഇസ്രായേല്‍മലകളേ, കര്‍ത്താവിന്റെ വചനംശ്രവിക്കുവിന്‍;
2: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആഹാ! പുരാതനശൃംഗങ്ങള്‍ നമ്മുടെയവകാശമായിത്തീര്‍ന്നിരിക്കുന്നുവെന്നു നിങ്ങളെപ്പറ്റി ശത്രുക്കള്‍ പറഞ്ഞു.
3: അതുകൊണ്ടു നീ പ്രവചിക്കുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെ അവര്‍ വിജനമാക്കി; എല്ലാവശത്തുംനിന്നു ഞെരുക്കി. അങ്ങനെ, നിങ്ങള്‍ മറ്റു ജനതകളുടെ കൈവശമായി; അവരുടെ സംസാരത്തിനും നിന്ദയ്ക്കും നിങ്ങള്‍ പാത്രമായിത്തീര്‍ന്നു.
4: ഇസ്രായേല്‍മലകളേ, ദൈവമായ കര്‍ത്താവിന്റെ വചനംശ്രവിക്കുവിന്‍. ചുറ്റുമുള്ള ജനതകള്‍ക്കു പരിഹാസവിഷയവും ഇരയുമായിത്തീര്‍ന്ന മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും തകര്‍ന്നപ്രദേശങ്ങളോടും നിര്‍ജ്ജന നഗരങ്ങളോടും ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
5: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: കൈവശപ്പെടുത്തി കൊള്ളചെയ്യേണ്ടതിനു്, തികഞ്ഞ അവജ്ഞയോടും നിറഞ്ഞ ആനന്ദത്തോടുംകൂടെ എന്റെ ദേശം സ്വന്തമാക്കിയ ഏദോമിനും മറ്റുള്ളജനതകള്‍ക്കുമെതിരായി ജ്വലിക്കുന്ന അസൂയയോടെ ഞാന്‍ പറയുന്നു.
6: ഇസ്രായേല്‍ദേശത്തെപ്പറ്റി പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകളുടെ നിന്ദനം നിങ്ങള്‍ സഹിച്ചതുകൊണ്ടു്, ഇതാ ഞാന്‍ ക്രോധത്തോടും അസൂയയോടുംകൂടെ പറയുന്നു.
7: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍തന്നെ നിന്ദനമേല്ക്കുമെന്നു ഞാന്‍ ശപഥംചെയ്യുന്നു.
8: ഇസ്രായേല്‍മലകളേ, നിങ്ങള്‍ ശാഖകള്‍ കിളിര്‍പ്പിച്ചു് എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഫലം പുറപ്പെടുവിക്കുവിന്‍. അവരുടെ പ്രത്യാഗമനമടുത്തിരിക്കുന്നു.
9: ഇതാ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു. ഞാന്‍ നിങ്ങളിലേക്കു തിരിയും; നിങ്ങളിൽ, ഉഴവും വിതയുമുണ്ടാകും.
10: നിങ്ങളില്‍ വസിക്കുന്ന ജനത്തെ, ഇസ്രായേല്‍ഭവനം മുഴുവനെയുംതന്നെ, ഞാന്‍ വര്‍ദ്ധിപ്പിക്കും. പട്ടണങ്ങളില്‍ ജനവാസമുണ്ടാവുകയും നശിച്ചുപോയ സ്ഥലങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയും ചെയ്യും.
11: മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നിങ്ങളില്‍ വര്‍ദ്ധിപ്പിക്കും. അവര്‍ സന്താനപുഷ്ടിയുള്ളവരായി പെരുകും. പൂര്‍വ്വകാലങ്ങളിലെന്നപോലെ നിങ്ങളില്‍ ആളുകള്‍ വസിക്കുന്നതിനു ഞാനിടയാക്കും. മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
12: ഞാന്‍ നിന്നില്‍, മനുഷ്യര്‍, എന്റെ ജനമായ ഇസ്രായേല്‍ തന്നെ, നടക്കുന്നതിനിടയാക്കും. അവര്‍ നിന്നെ കൈവശപ്പെടുത്തുകയും നീ അവര്‍ക്ക് അവകാശമാവുകയും ചെയ്യും. മേലില്‍ നീയവരെ സന്താനദുഃഖത്തിലാഴ്ത്തുകയില്ല. 
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുകയും നിന്റെ ജനത്തെ സന്താനദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നുവെന്നു് ആളുകള്‍ നിന്നെപ്പറ്റിപ്പറയുന്നു.
14: അതുകൊണ്ടു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുകയും നിന്റെ ജനത്തെ സന്താനദുഃഖത്തിലാഴ്ത്തുകയുംചെയ്യുകയില്ല.
15: ജനതകളുടെ നിന്ദനംകേള്‍ക്കുന്നതിനു നിനക്കു ഞാനിടവരുത്തുകയില്ല. ഇനിയൊരിക്കലും നീ ജനതകളുടെ പരിഹാസമേല്ക്കുകയോ, നിന്റെ ജനത്തിന്റെ വീഴ്ചയ്ക്കു കാരണമാവുകയോ ഇല്ല. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
16: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ,  ഇസ്രായേല്‍ഭവനം സ്വദേശത്തു വസിച്ചിരുന്നപ്പോള്‍ അവര്‍ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെയശുദ്ധമാക്കി. 
17: എന്റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്ത്രീയുടെ ആര്‍ത്തവമാലിന്യംപോലെയായിരുന്നു.
18: അവര്‍ സ്വദേശത്തുചിന്തിയ രക്തവും നാടിനെ അശുദ്ധമാക്കാനുപയോഗിച്ച വിഗ്രഹങ്ങളുംമൂലം ഞാനെന്റെ ക്രോധം അവരുടെമേല്‍ച്ചൊരിഞ്ഞു.
19: ജനതകളുടെയിടയില്‍ ഞാനവരെ ചിതറിച്ചു; അവര്‍ പലരാജ്യങ്ങളിലായി ചിതറിപ്പാര്‍ത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്തികള്‍ക്കുമനുസൃതമായി ഞാനവരെ വിധിച്ചു.
20: എന്നാല്‍, അവര്‍ ജനതകളുടെയടുക്കല്‍ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണു കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തുനിന്നു് അവര്‍ക്കു പോകേണ്ടിവന്നു എന്നു് ആളുകളവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി.
21: തങ്ങളെത്തിയ ജനതകളുടെയിടയില്‍ ഇസ്രായേല്‍ഭവനമശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതി ഞാന്‍ ആകുലനായി.
22: ഇസ്രായേല്‍ഭവനത്തോടു പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, നിങ്ങളെപ്രതിയല്ല നിങ്ങളെത്തിച്ചേര്‍ന്ന ജനതകളുടെയിടയില്‍ നിങ്ങളശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെപ്രതിയാണു്, ഞാന്‍ പ്രവര്‍ത്തിക്കാന്‍പോകുന്നതു്.
23: ജനതകളുടെയിടയില്‍ നിങ്ങളശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി, ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്മുമ്പില്‍വച്ചു് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് ജനതകളറിയും, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
24: ജനതകളുടെയിടയില്‍നിന്നും സകലദേശങ്ങളില്‍നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുവരും.
25: ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍നിന്നും നിങ്ങളെ ഞാന്‍ നിര്‍മ്മലരാക്കും.
26: ഒരു പുതിയഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്നു് ശിലാഹൃദയമെടുത്തുമാറ്റി, മാംസളഹൃദയം നല്‍കും.
27: എന്റെയാത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ, എന്റെ കല്പനകള്‍കാക്കുന്നവരും നിയമങ്ങള്‍പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും.
28: നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍കൊടുത്ത ദേശത്തു നിങ്ങള്‍ വസിക്കും. നിങ്ങളെന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
29: എല്ലാ അശുദ്ധിയില്‍നിന്നും നിങ്ങളെ ഞാന്‍ മോചിപ്പിക്കും. ധാന്യങ്ങള്‍ സമൃദ്ധമായുണ്ടാകാന്‍ ഞാന്‍ കല്പിക്കും. നിങ്ങളുടെയിടയില്‍ ഇനിമേല്‍ ഞാന്‍ പട്ടിണിവരുത്തുകയില്ല.
30: പട്ടിണിമൂലമുള്ള അപകീര്‍ത്തി ഇനിയൊരിക്കലും നിങ്ങള്‍ ജനതകളുടെയിടയില്‍ സഹിക്കാതിരിക്കേണ്ടതിനു് ഞാന്‍ നിങ്ങളുടെ വൃക്ഷങ്ങളുടെ ഫലങ്ങളും വയലുകളിലെ വിളവുകളും സമൃദ്ധമാക്കും.
31: അപ്പോള്‍ നിങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങളോര്‍ക്കുകയും നിങ്ങളുടെ തെറ്റുകളെയും നിന്ദ്യമായ പ്രവൃത്തികളെയുംകുറിച്ചു നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പുതോന്നുകയുംചെയ്യും.
32: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെപ്രതിയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നു നിങ്ങളറിഞ്ഞുകൊള്ളുക. ഇസ്രായേല്‍വംശമേ, നിന്റെ പ്രവൃത്തികളോര്‍ത്തു ലജ്ജിച്ചുതലതാഴ്ത്തുക.
33: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ദുഷ്കൃത്യങ്ങളില്‍നിന്നു നിങ്ങളെ ഞാന്‍ ശുദ്ധീകരിക്കുന്ന നാളില്‍ നഗരങ്ങളില്‍ ജനം വസിക്കുന്നതിനും നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ പുനരുദ്ധരിക്കപ്പെടുന്നതിനും ഞാനിടയാക്കും.
34: വഴിപോക്കരുടെ ദൃഷ്ടിയില്‍, ശൂന്യമായിക്കിടന്നിരുന്ന വിജനപ്രദേശത്തു കൃഷിയിറക്കും.
35: അപ്പോളവര്‍ പറയും: ശൂന്യമായിക്കിടന്ന ഈ സ്ഥലമെല്ലാം ഏദന്‍തോട്ടംപോലെയായിരിക്കുന്നു. ശൂന്യവും വിജനവും നശിപ്പിക്കപ്പെട്ടതുമായ നഗരങ്ങള്‍ ഇപ്പോള്‍ സുശക്തമായിരിക്കുന്നു. അവിടെ ആളുകള്‍ വസിക്കുന്നു.
36: നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ പുനരുദ്ധരിച്ചതും ശൂന്യമായിക്കിടന്നിടത്തെല്ലാം വീണ്ടും കൃഷിയിറക്കിയതും കര്‍ത്താവായ ഞാനാണെന്നു് നിങ്ങളുടെ ചുറ്റുമവശേഷിക്കുന്ന ജനതകളന്നറിയും. കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.
37: ഞാനതു നടപ്പിലാക്കും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആട്ടിന്‍പറ്റത്തെയെന്നപോലെ തങ്ങളുടെ ജനത്തെ വര്‍ദ്ധിപ്പിക്കണമേയെന്നു് ഇസ്രായേല്‍ഭവനം എന്നോടപേക്ഷിക്കും.
38: ഞാനങ്ങനെ ചെയ്യും. വിശുദ്ധമായ ആട്ടിന്‍പറ്റംപോലെ, തിരുനാളുകളില്‍ ജറുസലെമില്‍ക്കാണുന്ന ആട്ടിന്‍പറ്റംപോലെ, നിര്‍ജ്ജനനഗരങ്ങളെല്ലാം മനുഷ്യരാകുന്ന അജഗണത്തെക്കൊണ്ടു നിറയും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.


അദ്ധ്യായം 37

അസ്ഥികളുടെ താഴ്‌വര
1: കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ചു്, അസ്ഥികള്‍നിറഞ്ഞ ഒരു താഴ്‌വരയില്‍ കൊണ്ടുവന്നുനിറുത്തി.
2: അവിടുന്നെന്നെ അവയുടെചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങിവരണ്ടിരുന്നു.
3: അവിടുന്നെന്നോടു ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്കു ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേയ്ക്കറിയാമല്ലോ.
4: അവിടുന്നെന്നോടരുളിച്ചെയ്തു: ഈ അസ്ഥികളോടു നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിനെന്നു് അവയോടു പറയുക.
5: ദൈവമായ കര്‍ത്താവു് ഈ അസ്ഥികളോടരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.
6: ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മ്മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
7: എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദമുണ്ടായി- ഒരു കിരുകിരാശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍തമ്മില്‍ച്ചേ ര്‍ന്നു.
8: ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മ്മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്കു പ്രാണനുണ്ടായിരുന്നില്ല. അവിടുന്നെന്നോടരുളിച്ചെയ്തു:
9: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലു വായുക്കളില്‍നിന്നു വന്നു്, ഈ നിഹിതന്മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ.
10: അവിടുന്നു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസമവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍പ്രാപിച്ചു. വളരെ വലിയൊരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു.
11: അവിടുന്നെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഭവനം മുഴുവനുമാണു്. ഞങ്ങളുടെയസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്നു് അവര്‍ പറയുന്നു.
12: ആകയാല്‍ അവരോടു പ്രവചിക്കുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍തുറന്നു നിങ്ങളെയുയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്കു ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും.
13: എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാനുയര്‍ത്തുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
14: എന്റെയാത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്തു വസിപ്പിക്കും. കര്‍ത്താവായ ഞാനാണിതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങളറിയും. കര്‍ത്താവരുളിച്ചെയ്യുന്നു.

രണ്ടു വടികള്‍
15: കര്‍ത്താവെന്നോടരുളിച്ചെയ്തു:
16: മനുഷ്യപുത്രാ, ഒരു വടിയെടുത്തു് അതില്‍ യൂദായ്ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍സന്തതികള്‍ക്കും എന്നെഴുതുക;
17: വേറൊരു വടിയെടുത്തു് അതില്‍ എഫ്രായിമിന്റെ വടിയായ ജോസഫിനും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഭവനം മുഴുവനും എന്നെഴുതുക. ഒന്നായിത്തീരത്തക്കവിധം അവ നിന്റെ കൈയില്‍ ചേര്‍ത്തുപിടിക്കുക.
18: ഇതുകൊണ്ടു നീ എന്താണുദ്ദേശിക്കുന്നതെന്നു ഞങ്ങള്‍ക്കു കാണിച്ചുതരില്ലേയെന്നു ജനം നിന്നോടു ചോദിക്കും.
19: അപ്പോളവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജോസഫിന്റെയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഗോത്രങ്ങളുടെയും വടി - എഫ്രായിമിന്റെ കൈയിലുള്ളതുതന്നെ - ഞാനെടുക്കാന്‍പോകുന്നു; അതെടുത്തു യൂദായുടെ വടിയോടുചേര്‍ത്തു് ഒറ്റവടിപോലെ പിടിക്കും; അവ എന്റെ കൈയില്‍ ഒന്നായിത്തീരുകയും ചെയ്യും.
20: നീ എഴുതിയ ആ വടികൾ, അവര്‍ കാണ്‍കെ പിടിച്ചുകൊണ്ടു് അവരോടു പറയുക,
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍നിന്നു് ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്നു ഞാനവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും.
22: സ്വദേശത്തു് ഇസ്രായേലിന്റെ മലകളില്‍ ഞാനവരെ ഒരൊറ്റജനതയാക്കും. ഒരു രാജാവ്, അവരുടെമേല്‍ ഭരണംനടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടുജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചുനില്ക്കുകയുമില്ല.
23: തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്ത എല്ലാ വസതികളിലുംനിന്നു് അവരെ ഞാന്‍ രക്ഷിച്ചുനിര്‍മ്മലരാക്കും. അങ്ങനെ അവരെന്റെ ജനവും ഞാനവരുടെ ദൈവവുമായിരിക്കും.
24: എന്റെ ദാസനായ ദാവീദ്, അവര്‍ക്കു രാജാവായിരിക്കും. അവര്‍ക്കെല്ലാംകൂടെ ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവര്‍ എന്റെ നിയമങ്ങളനുസരിക്കുകയും കല്പനകള്‍ ശ്രദ്ധാപൂര്‍വം പാലിക്കുകയുംചെയ്യും.
25: ഞാനെന്റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്മാരധിവസിച്ചതുമായ ദേശത്തു് അവര്‍ വസിക്കും. അവരുമവരുടെ സന്തതിപരമ്പരയും ആ ദേശത്തു നിത്യമായി വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേയ്ക്കുമവരുടെ രാജാവായിരിക്കും.
26: സമാധാനത്തിന്റെ ഒരുടമ്പടി അവരുമായി ഞാനുണ്ടാക്കും. അതു നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാനനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവരുടെമദ്ധ്യേ എന്റെ ആലയം ഞാനെന്നേയ്ക്കുമായി സ്ഥാപിക്കും.
27: എന്റെ വാസസ്ഥലം അവരുടെ മദ്ധ്യേ ആയിരിക്കും; ഞാനവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മദ്ധ്യേ നിത്യമായി സ്ഥിതിചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണെന്നു ജനതകളറിയും.

അദ്ധ്യായം 38

ഗോഗിനെതിരേ

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, മാഗോഗ് ദേശത്തെ ഗോഗിനെതിരേ, മേഷെക്കു്, തൂബാല്‍ എന്നിവിടങ്ങളിലെ പ്രധാന നാടുവാഴിക്കെതിരേ, മുഖംതിരിച്ചു പ്രവചിക്കുക.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: മേഷെക്കിലെയും തൂബാലിലെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണു്.
4: ഞാന്‍ നിന്നെ തിരിച്ചുനിറുത്തി നിന്റെ കടവായില്‍ കൊളുത്തിട്ടു പുറത്തുകൊണ്ടുവരും; നിന്റെ കുതിരകളെയും സര്‍വ്വായുധധാരികളായ കുതിരച്ചേവകരെയും, കവചവും പരിചയും വാളുമേന്തിയ വലിയസൈന്യസമൂഹത്തെയും പുറത്തുകൊണ്ടുവരും.
5: പേര്‍ഷ്യക്കാരും കുഷ്യരും പുത്യരും പരിചയും പടത്തൊപ്പിയും ധരിച്ചു് അവരോടൊപ്പമുണ്ടായിരിക്കും.
6: ഗോമെറും അവിടത്തെ സേനാവിഭാഗങ്ങളും, വടക്കേയറ്റത്തുള്ള ബേതു് - തോഗര്‍മായും അതിന്റെ എല്ലാ പടക്കൂട്ടവുമടങ്ങുന്ന ഒരു വലിയ ജനസമൂഹം നിന്നോടൊപ്പമുണ്ടായിരിക്കും.
7: നീയും നിന്റെയടുത്തു സമ്മേളിച്ചിരിക്കുന്ന സമൂഹവും ജാഗരൂകതയോടെ ഒരുങ്ങിയിരിക്കുക.
8: എന്റെയാജ്ഞ കാത്തിരിക്കുക. ഏറെനാള്‍കഴിഞ്ഞു നിന്നെ വിളിക്കും; വാളില്‍നിന്നു വീണ്ടെടുക്കപ്പെട്ട വിവിധജനതകളില്‍നിന്നു കൂട്ടിച്ചേര്‍ത്ത, വളരെപ്പേരുള്ള ദേശത്തേക്കു്, വളരെക്കാലം ശൂന്യമായിക്കിടന്ന ഇസ്രായേല്‍മലകളിലേക്കു്, അന്നു നീ മുന്നേറും. വിവിധജനതകളില്‍നിന്നു സമാഹരിക്കപ്പെട്ടവരാണു് അവിടത്തെ ജനം. അവര്‍ ഇന്നു സുരക്ഷിതരായി കഴിയുന്നു.
9: നീയും നിന്റെ സൈന്യവും നിന്നോടൊപ്പമുള്ള ആളുകളും കൊടുങ്കാറ്റുപോലെ മുന്നേറി, കാര്‍മേഘംപോലെ ആ ദേശം മറയ്ക്കും.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആ സമയത്തു ചില ചിന്തകള്‍ നിന്റെ മനസ്സില്‍ പൊന്തിവരും. ദുഷിച്ച ഒരു പദ്ധതി നീ ആലോചിക്കും.
11: നീ പറയും; കോട്ടകളില്ലാത്ത ഗ്രാമങ്ങള്‍ക്കെതിരേ ഞാന്‍ ചെല്ലും. മതിലുകളോ വാതിലുകളോ ഓടാമ്പലുകളോ ഇല്ലാതെതന്നെ സുരക്ഷിതരായി സമാധാനത്തില്‍ക്കഴിയുന്ന ജനത്തിനെതിരേ ഞാന്‍ ചെല്ലും.
12: വസ്തുക്കള്‍ കൊള്ളചെയ്തുകൊണ്ടുപോകാനും, വിവിധജനതകളുടെയിടയില്‍നിന്നു ശേഖരിക്കപ്പെട്ടു ഭൂമിയുടെ മദ്ധ്യത്തില്‍ കന്നുകാലികളും വസ്തുവകകളുമായി താമസിക്കുന്നവരുടെയും ഒരിക്കല്‍ ശൂന്യമായിക്കിടന്നിരുന്നതും ഇപ്പോള്‍ ജനവാസമുള്ളതുമായ അവരുടെ ദേശത്തിന്റെയുംമേല്‍ കൈവയ്ക്കാനും നീ ആലോചിക്കും.
13: ഷേബായും ദദാനും താര്‍ഷീഷിലെ വ്യാപാരികളും അവിടത്തെ യുവസിംഹങ്ങളും നിന്നോടു ചോദിക്കും: വസ്തുവകകള്‍ കൊള്ളയടിക്കാനാണോ നീ വന്നിരിക്കുന്നതു്? ചരക്കുകളും കന്നുകാലികളും സ്വര്‍ണ്ണവും വെള്ളിയും കവര്‍ച്ചചെയ്തു കൊണ്ടുപോകാനാണോ വലിയ സൈന്യത്തെ നീ സമാഹരിച്ചിരിക്കുന്നതു്?
14: മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ജനമായ ഇസ്രായേല്‍ സുരക്ഷിതമായി വസിക്കുന്ന ദിനത്തില്‍, നീ പുറപ്പെടുകയില്ലേ?
15: നീയും നിന്നോടൊപ്പമുളള വിവിധജനതകളും കുതിരപ്പുറത്തേറി, വടക്കേയറ്റത്തുള്ള നിന്റെ ദേശത്തുനിന്നു ശക്തമായൊരു മഹാസൈന്യവുമായി എത്തിച്ചേരും.
16: ഭൂമി മറയ്ക്കുന്ന മേഘംപോലെ, നീ എന്റെ ജനമായ ഇസ്രായേലിനെതിരേ കടന്നുവരും. ഗോഗേ, എന്റെ പരിശുദ്ധി ഞാന്‍ ജനതകളുടെമുമ്പില്‍ നിന്നിലൂടെ വെളിപ്പെടുത്തും; അതുവഴി അവരെന്നെയറിയേണ്ടതിനു്, ആ നാളുകളില്‍ എന്റെ ദേശത്തിനെതിരേ നിന്നെ ഞാന്‍ കൊണ്ടുവരും.
17: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിനെതിരേ ഞാന്‍ കൊണ്ടുവരുമെന്നു മുന്‍കാലങ്ങളില്‍ വര്‍ഷങ്ങളോളം പ്രവചിച്ചിട്ടുള്ള എന്റെ ദാസരായ ഇസ്രായേല്‍പ്രവാചകന്മാരിലൂടെ പഴയകാലങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുള്ളതു നിന്നെപ്പറ്റിയായിരുന്നില്ലേ?
18: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഗോഗ് ഇസ്രായേല്‍ദേശത്തിനെതിരേവരുന്ന ദിവസം എന്റെ മുഖം ക്രോധത്താല്‍ ജ്വലിക്കും.
19: എന്റെ അസൂയയിലും ജ്വലിക്കുന്ന ക്രോധത്തിലും ഞാന്‍ പ്രഖ്യാപിക്കുന്നു; ആ നാളില്‍ ഇസ്രായേലിലൊരു മഹാപ്രകമ്പനമുണ്ടാകും.
20: കടലിലെ മത്സ്യങ്ങളും ആകാശത്തിലെപ്പറവകളും വന്യമൃഗങ്ങളും ഇഴജന്തുക്കളും ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും എന്റെമുമ്പില്‍ വിറകൊള്ളും; പര്‍വ്വതങ്ങള്‍ തകര്‍ന്നടിയും; ചെങ്കുത്തായമലകള്‍ ഇടിഞ്ഞുവീഴും. എല്ലാമതിലുകളും നിലംപതിക്കും.
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഗോഗിനെതിരേ എല്ലാത്തരം ഭീകരതയും ഞാന്‍ വിളിച്ചുവരുത്തും. എല്ലാവരുടെയും വാള്‍ തങ്ങളുടെ സഹോദരനെതിരേ ഉയരും.
22: പകര്‍ച്ചവ്യാധികളും രക്തച്ചൊരിച്ചിലുംകൊണ്ടു് അവനെ ഞാന്‍ വിധിക്കും. ഞാനവന്റെയും അവന്റെ സൈന്യത്തിന്റെയും അവനോടൊപ്പമുള്ള ജനതകളുടെയുംമേല്‍ പേമാരിയും കന്മഴയും തീയും ഗന്ധകവും വര്‍ഷിക്കും.
23: അങ്ങനെ, അനേകം ജനതകളുടെമുമ്പില്‍ ഞാനെന്നെത്തന്നെ വെളിപ്പെടുത്തുകയും എന്റെ വിശുദ്ധിയും മഹത്വവും കാണിച്ചുകൊടുക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ