ഇരുന്നൂറ്റിനാല്പതാം ദിവസം: എസക്കിയേല്‍ 17 - 19

അദ്ധ്യായം 17

മുന്തിരിച്ചെടിയും കഴുകന്മാരും

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോട് ഒരു കടംകഥ പറയുക; ഒരന്യാപദേശം വിവരിക്കുക.
3: നീ പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വലിയ ചിറകുകളും നീണ്ടതും നിറപ്പകിട്ടുള്ളതുമായ ധാരാളം തൂവലുകളുമുള്ളള്ളൊരു വലിയ കഴുകന്‍, ലബനോനില്‍ വന്ന്, ഒരു ദേവദാരുവിന്റെ അഗ്രഭാഗം കൊത്തിയെടുത്തു.
4: അവനതിന്റെ ഇളംചില്ലകളുടെ അഗ്രം അടര്‍ത്തിക്കളഞ്ഞിട്ട്, വാണിജ്യത്തിന്റെ നാട്ടില്‍ വ്യാപാരികളുടെ നഗരത്തില്‍ അതു നട്ടു.
5: അവന്‍ ആ ദേശത്തെ ഒരു വിത്തെടുത്തു ഫലഭൂയിഷ്ഠമായ മണ്ണില്‍, നിറഞ്ഞ ജലാശയത്തിനരികില്‍ അരളിയുടെ കമ്പു നടുന്നതുപോലെ നട്ടു.
6: അതു മുളച്ചു്, താഴ്ന്നുപടരുന്ന ഒരു മുന്തിരിച്ചെടിയായിത്തീര്‍ന്നു. അതിന്റെ ശാഖകളവന്റെനേര്‍ക്കു തിരിഞ്ഞിരുന്നു. വേരുകളടിയിലേക്കിറങ്ങി. അതു മുന്തിരിച്ചെടിയായിവളര്‍ന്ന്, ശാഖകള്‍വീശി ഇലകള്‍നിറഞ്ഞു.
7: വലിയ ചിറകുകളും ധാരാളം തൂവലുകളുമുള്ള മറ്റൊരു കഴുകനുമുണ്ടായിരുന്നു. തന്നെ അവന്‍ നനയ്ക്കുമെന്നു കരുതി, മുന്തിരിച്ചെടി അവന്റെനേരേ ശാഖകള്‍ നീട്ടുകയും വേരുകൾ അവന്റെ നേരേ തിരിച്ചുവിടുകയും ചെയ്തു.
8: ശാഖകള്‍വീശി ഫലമണിഞ്ഞ് ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാന്‍വേണ്ടി അവനതിനെ നിറഞ്ഞ ജലാശയത്തിനരികില്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ പറിച്ചുനട്ടു.
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുവെന്നു പറയുക: അതു തഴച്ചുവളരുമോ? അവനതിന്റെ വേരുകള്‍ പറിച്ചെടുക്കുകയും ശാഖകള്‍ വെട്ടിമാറ്റുകയും ചെയ്യുകയില്ലേ? അതിന്റെ തളിര്‍പ്പുകള്‍ കരിഞ്ഞുപോവുകയില്ലേ? അതു പിഴുതെടുക്കാന്‍ വലിയ ശക്തിയോ ഏറെ ആളുകളോ ആവശ്യമില്ല.
10: പറിച്ചുനട്ടാല്‍ അതു തഴച്ചുവളരുമോ? കിഴക്കന്‍കാറ്റടിക്കുമ്പോൾ അതു നിശ്ശേഷം നശിച്ചുപോവുകയില്ലേ? വളരുന്ന തടത്തില്‍ത്തന്നെ നിന്നു്, അതു കരിഞ്ഞുപോവുകയില്ലേ?
11: കര്‍ത്താവെന്നോടരുളിച്ചെയ്തു:
12: ധിക്കാരികളുടെ ഭവനത്തോടു പറയുക: ഇതിന്റെ അര്‍ത്ഥമെന്തെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അവരോടു പറയുക, ബാബിലോണ്‍രാജാവ് ജറുസലെമില്‍ വന്നു്, അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
13: അവന്‍ രാജകുമാരന്മാരില്‍ ഒരുവനെ തിരഞ്ഞെടുത്തു്, അവനുമായി ഒരുടമ്പടിയുണ്ടാക്കുകയും അവനെക്കൊണ്ടു സത്യംചെയ്യിക്കുകയും ചെയ്തു.
14: സ്വയം ഉയരാനാവാത്തവിധം, രാജ്യം ദുര്‍ബ്ബലമാകാനും അവന്റെ ഉടമ്പടി പാലിച്ചുകൊണ്ടുമാത്രം നിലനില്ക്കാനുമായി അവനവിടത്തെ പ്രബലന്മാരെ പിടിച്ചുകൊണ്ടുപോയിരുന്നു.
15: എന്നാലവന്‍ കുതിരകളെയും വലിയൊരു സൈന്യത്തെയും ആവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലേക്കു് സ്ഥാനപതികളെ അയച്ചു്, അവനെ ധിക്കരിച്ചു. അവന്‍ വിജയിക്കുമോ? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരുവനു രക്ഷപ്പെടാനാകുമോ? അവന് ഉടമ്പടിലംഘിച്ചിട്ടു രക്ഷപ്പെടാന്‍കഴിയുമോ?
16: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ആരവനെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്ഞ അവനവഹേളിച്ചുവോ, ആരുടെ ഉടമ്പടി അവന്‍ ലംഘിച്ചുവോ ആ രാജാവു വസിക്കുന്ന ബാബിലോണില്‍വച്ചുതന്നെ അവന്‍ മരിക്കും.
17: വളരെപ്പേരെ നശിപ്പിക്കാന്‍ കോട്ടകെട്ടി ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ ഫറവോയുടെ ശക്തമായ സൈന്യവും സന്നാഹങ്ങളും അവനെ യുദ്ധത്തില്‍ സഹായിക്കുകയില്ല.
18: എന്തെന്നാല്‍ രാജകുമാരന്‍ പ്രതിജ്ഞ അവഗണിച്ചു് ഉടമ്പടി ലംഘിച്ചു. കൈകൊടുത്തു സത്യംചെയ്തിരുന്നിട്ടും ഇങ്ങനെ പ്രവര്‍ത്തിച്ചതുമൂലം അവന്‍ രക്ഷപെടുകയില്ല.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, അവനെന്റെ പ്രതിജ്ഞ ധിക്കരിക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയുംചെയ്തതിനുള്ള പ്രതികാരം അവന്റെ തലയില്‍ത്തന്നെ ഞാന്‍ വരുത്തും.
20: അവന്റെമേല്‍ ഞാന്‍ വലവീശും. അവനെന്റെ കെണിയില്‍ വീഴും. അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും. അവനെനിക്കെതിരേചെയ്ത അതിക്രമത്തിനു ഞാനവിടെവച്ചു് അവനെ വിധിക്കും.
21: അവന്റെ സൈന്യത്തിലെ വീരന്മാര്‍ വാളിനിരയാകും. ശേഷിക്കുന്നവര്‍ നാനാദിക്കിലേക്കും ചിതറിക്കപ്പെടും. കര്‍ത്താവായ ഞാനാണു സംസാരിച്ചതെന്നു നിങ്ങളപ്പോളറിയും.
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഉയരമുള്ള ദേവദാരുവിന്റെ മുകളില്‍നിന്നൊരു കൊമ്പെടുത്തു ഞാന്‍ നടും. അതിന്റെ ഇളംചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്തു് ഉന്നതമായ പര്‍വ്വതശൃംഗത്തില്‍ നട്ടുപിടിപ്പിക്കും.
23: ഇസ്രായേലിലെ പര്‍വ്വതശൃംഗത്തില്‍ത്തന്നെ ഞാനതു നടും. അതു ശാഖകള്‍വീശി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. എല്ലാത്തരം മൃഗങ്ങളും അതിന്റെ കീഴില്‍ വസിക്കും. അതിന്റെ കൊമ്പുകളുടെ തണലില്‍ പറവകള്‍ കൂടുകെട്ടും.
24: കര്‍ത്താവായ ഞാന്‍ താഴ്ന്നമരത്തെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും, പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ തളിര്‍പ്പിക്കുകയുംചെയ്യുന്നുവെന്ന്, വയലിലെ വൃക്ഷങ്ങളെല്ലാം അപ്പോളറിയും- കര്‍ത്താവായ ഞാനാണിതു പറയുന്നതു്. ഞാനതു നിറവേറ്റുകയുംചെയ്യും.

അദ്ധ്യായം 18

വ്യക്തിപരമായ ഉത്തരവാദിത്വം

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചുവെന്നു് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങളിപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല.
4: എല്ലാവരുടെയും ജീവൻ എന്റേതാണു്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണു്. പാപംചെയ്യുന്നവന്റെ ജീവന്‍ നശിക്കും.
5: ഒരുവന്‍ നീതിമാനും നീതിയും ന്യായവുമനുസരിച്ചു പ്രവര്‍ത്തിക്കുന്നവനുമാണെന്നിരിക്കട്ടെ.
6: അവന്‍ പൂജാഗിരികളില്‍വച്ചു ഭക്ഷിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളുടെനേര്‍ക്കു കണ്ണുകളുയര്‍ത്തുകയോ ചെയ്യുന്നില്ല. അവൻ അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയോ ആര്‍ത്തവകാലത്തു സ്ത്രീയെ സമീപിക്കുകയോചെയ്യുന്നില്ല.
7: അവന്‍ ആരെയും പീഡിപ്പിക്കുന്നില്ല; കടക്കാരനു പണയവസ്തു തിരികെനല്കുന്നു; കൊള്ളയടിക്കുന്നില്ല. അവന്‍ വിശക്കുന്നവന് ആഹാരംനല്‍കുകയും നഗ്നനെ വസ്ത്രംധരിപ്പിക്കുകയും ചെയ്യുന്നു.
8: അവന്‍ പലിശവാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. അകൃത്യങ്ങള്‍ ചെയ്യുന്നില്ല. മനുഷ്യര്‍തമ്മിലുള്ള തര്‍ക്കത്തില്‍ സത്യമനുസരിച്ചു തീര്‍പ്പുകല്പിക്കുന്നു.
9: അവൻ എന്റെ കല്പനകളനുസരിക്കുകയും പ്രമാണങ്ങള്‍ വിശ്വസ്തതയോടെ പാലിക്കുകയുംചെയ്യുന്നു. അവനാണു നീതിമാന്‍. അവന്‍ തീര്‍ച്ചയായും ജീവിക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
10: എന്നാല്‍ അവന് കൊള്ളക്കാരനും കൊലപാതകിയുമായ ഒരു പുത്രനുണ്ടായെന്നിരിക്കട്ടെ.
11: അവന്‍ തന്റെ പിതാവുചെയ്തിട്ടില്ലാത്ത തിന്മകള്‍ ചെയ്തു. പൂജാഗിരികളില്‍വച്ചു ഭക്ഷിക്കുകയും അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയുംചെയ്യുന്നുവെന്നിരിക്കട്ടെ.
12: അവന്‍ ദരിദ്രരെയും അഗതികളെയും പീഡിപ്പിക്കുകയും കൊള്ളചെയ്യുകയും, പണയവസ്തു തിരിച്ചുകൊടുക്കാതിരിക്കുകയും വിഗ്രഹങ്ങളുടെനേരേ കണ്ണുയര്‍ത്തുകയും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയുംചെയ്‌തേക്കാം.
13: അവന്‍ പലിശവാങ്ങുകയും ലാഭമെടുക്കുകയുംചെയ്യുന്നവനായിരിക്കാം. അങ്ങനെയെങ്കില്‍ അവന്‍ ജീവിക്കുമോ? ഇല്ല. ഈ മ്ലേച്ഛതകളൊക്കെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന്‍ തീര്‍ച്ചയായും മരിക്കും. അവന്റെ രക്തം അവന്റെമേല്‍ത്തന്നെ പതിക്കും.
14: എന്നാല്‍, ഈ മനുഷ്യന് ഒരു പുത്രന്‍ ജനിക്കുകയും അവന്‍ തന്റെ പിതാവിന്റെ പാപംകണ്ടു ഭയപ്പെട്ടു്, അതുപോലെ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നുവെന്നിരിക്കട്ടെ.
15: അവന്‍ പൂജാഗിരികളില്‍വച്ചു് ഭക്ഷിക്കാതിരിക്കുകയും ഇസ്രായേലിലെ വിഗ്രഹങ്ങളുടെനേര്‍ക്കു കണ്ണുകളുയര്‍ത്താതിരിക്കുകയും, അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്താതിരിക്കുകയും ചെയ്യുന്നു.
16: അവന്‍ ആര്‍ക്കും ദ്രോഹം ചെയ്യുന്നില്ല. പണയം തിരിച്ചുകൊടുക്കുന്നു. കൊള്ളചെയ്യുന്നില്ല. അവന്‍ വിശക്കുന്നവനു തന്റെ ആഹാരം കൊടുക്കുകയും നഗ്നനെ വസ്ത്രംധരിപ്പിക്കുകയും ചെയ്യുന്നു.
17: അവൻ അകൃത്യം പ്രവര്‍ത്തിക്കുന്നില്ല. അവന്‍ പലിശവാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. എന്റെ കല്പനകള്‍പാലിക്കുകയും പ്രമാണങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍, അവന്‍ തന്റെ പിതാവിന്റെ അകൃത്യങ്ങള്‍മൂലം മരിക്കുകയില്ല. അവന്‍ തീര്‍ച്ചയായും ജീവിക്കും.
18: അവന്റെ പിതാവാകട്ടെ, കവര്‍ച്ചനടത്തുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെയിടയില്‍ തിന്മ പ്രവര്‍ത്തിക്കുകയുംചെയ്തതുകൊണ്ട്, തന്റെ അകൃത്യങ്ങള്‍നിമിത്തം മരിക്കും.
19: പിതാവിന്റെ ദുഷ്ടതകള്‍ക്കുള്ള ശിക്ഷ പുത്രനനുഭവിക്കാത്തതെന്തെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവും ന്യായപ്രകാരവും വര്‍ത്തിക്കുകയും എന്റെ കല്പനകളനുസരിക്കുന്നതില്‍ ശ്രദ്ധവയ്ക്കുകയുംചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും.
20: പാപംചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ പിതാവു പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടൻ തന്റെ ദുഷ്ടതയുടെ ഫലവുമനുഭവിക്കും.
21: എന്നാല്‍ ദുഷ്ടന്‍ താന്‍ചെയ്ത പാപങ്ങളില്‍നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്പനകളനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയുംചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല.
22: അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും.
23: ദൈവമായ കര്‍ത്താവു ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം?
24: നീതിമാന്‍ നീതിയുടെ പാതയില്‍നിന്നു വ്യതിചലിച്ചു തിന്മപ്രവര്‍ത്തിക്കുകയും, ദുഷ്ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേച്ഛതകള്‍തന്നെ ആവര്‍ത്തിക്കുകയുംചെയ്താല്‍ അവന്‍ ജീവിക്കുമോ? അവന്‍ചെയ്തിട്ടുള്ള നീതിപൂര്‍വ്വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്തതയും പാപവുംമൂലം അവന്‍ മരിക്കും.
25: എന്നിട്ടും കര്‍ത്താവിന്റെ വഴി നീതിപൂര്‍വ്വകമല്ലെന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ഭവനമേ, കേള്‍ക്കുക. എന്റെ വഴി നീതിപൂര്‍വ്വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തതു്?
26: നീതിമാന്‍ തന്റെ നീതിമാര്‍ഗ്ഗംവെടിഞ്ഞു തിന്മ പ്രവര്‍ത്തിച്ചാല്‍ ആ തിന്മകള്‍നിമിത്തം അവന്‍ മരിക്കും; അവന്‍ ചെയ്ത അകൃത്യങ്ങള്‍നിമിത്തം അവന്‍ മരിക്കും.
27: ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്റെ ജീവന്‍ രക്ഷിക്കും.
28: താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകള്‍ മനസ്സിലാക്കി, അവയില്‍നിന്നു പിന്മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.
29: എന്നിട്ടും കര്‍ത്താവിന്റെ വഴികള്‍ നീതിപൂര്‍വ്വകമല്ല എന്നു് ഇസ്രായേല്‍ഭവനം പറയുന്നു. ഇസ്രായേല്‍ഭവനമേ, എന്റെ വഴികള്‍ നീതിപൂര്‍വ്വകമല്ലേ? നിങ്ങളുടെ മാര്‍ഗ്ഗങ്ങളല്ലേ നീതിരഹിതം?
30: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും. തിന്മ നിങ്ങളെ നശിപ്പിക്കാതിരിക്കാന്‍, പശ്ചാത്തപിച്ചു് എല്ലാ അതിക്രമങ്ങളിലുംനിന്നു പിന്തിരിയുവിന്‍.
31: എനിക്കെതിരായി നിങ്ങള്‍ചെയ്ത അതിക്രമങ്ങളുപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങളെന്തിനു മരിക്കണം?
32: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നിങ്ങള്‍ പശ്ചാത്തപിക്കുകയും ജീവിക്കുകയും ചെയ്യുവിന്‍.

അദ്ധ്യായം 19

വിലാപഗാനം

1: ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ചു് നീയൊരു വിലാപഗാനമാലപിക്കുക
2: നിന്റെ അമ്മ, സിംഹങ്ങളുടെയിടയിലൊരു സിംഹിയായിരുന്നു. യുവസിംഹങ്ങളുടെയിടയില്‍ അവള്‍ തന്റെ കുട്ടികളെ വളര്‍ത്തി.
3: അവയിലൊന്ന്, ഒരു യുവസിംഹമായി വളര്‍ന്ന്, ഇരപിടിക്കാന്‍ ശീലിച്ചു. അവന്‍ മനുഷ്യരെ വിഴുങ്ങി.
4: ജനതകൾ, അവനെപ്പറ്റിക്കേട്ടു. അവനവരുടെ കുഴിയില്‍ വീണു, കൊളുത്തിട്ടു വലിച്ചു്, അവനെയവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി.
5: കാത്തിരുന്നു പ്രതീക്ഷയറ്റപ്പോള്‍ അവള്‍ മറ്റൊരു കുട്ടിയെ യുവസിംഹമായി വളര്‍ത്തിയെടുത്തു.
6: അവന്‍ സിംഹങ്ങളുടെയിടയില്‍ സഞ്ചരിച്ചു്, ഒരു യുവസിംഹമായി വളര്‍ന്നു. അവൻ, ഇരതേടാന്‍ ശീലിച്ചു; മനുഷ്യരെ വിഴുങ്ങി.
7: അവനവരുടെ കോട്ടകള്‍ നശിപ്പിക്കുകയും നഗരങ്ങള്‍ ശൂന്യമാക്കുകയും ചെയ്തു. അവന്റെ ഗര്‍ജ്ജനംകേട്ടു ദേശവും ദേശവാസികളും ചകിതരായി.
8: ജനതകൾ, എല്ലാ ദിക്കുകളിലുംനിന്നു് അവനെതിരേ പുറപ്പെട്ടു. അവരവന്റെമേല്‍ വലവീശി. അവനവരുടെ കുഴിയില്‍വീണു.
9: കൊളുത്തുകളിട്ടു കൂട്ടിലടച്ചു്, അവരവനെ ബാബിലോണ്‍രാജാവിന്റെയടുത്തു കൊണ്ടുചെന്നു. ഇസ്രായേല്‍മലകളില്‍ അവന്റെ സ്വരം മേലില്‍ കേള്‍ക്കാതിരിക്കാന്‍വേണ്ടി, അവനെയവര്‍ തുറുങ്കിലടച്ചു.
10: നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണു്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു വളര്‍ന്നു ശാഖകള്‍വീശി. നിറയെ ഫലം പുറപ്പെടുവിച്ചു.
11: ഭരണാധിപന്മാരുടെ ചെങ്കോലിനുതകുംവിധം ബലമേറിയ കൊമ്പുകളതിന്മേലുണ്ടായി. തഴച്ചുവളര്‍ന്ന കൊമ്പുകള്‍ക്കിടയിലൂടെ അതു തലയുയര്‍ത്തിനിന്നു. ധാരാളം ശാഖകളോടെ അതുയര്‍ന്നു കാണപ്പെട്ടു.
12: എന്നാല്‍, അതു ക്രോധത്തോടെ പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ് അതിനെയുണക്കി. അതിന്റെ പഴങ്ങള്‍ പൊഴിഞ്ഞുപോയി. അതിന്റെ ബലമേറിയ കൊമ്പുകളുണങ്ങിപ്പോയി. അഗ്നി അവയെ ദഹിപ്പിച്ചുകളഞ്ഞു.
13: അതിനെ ഇപ്പോള്‍ മരുഭൂമിയില്‍, ഉണങ്ങിവരണ്ട മണ്ണില്‍, നട്ടിരിക്കുന്നു.
14: അതിന്റെ ഒരു ശാഖയില്‍നിന്നു തീ പുറപ്പെട്ടു്, ഫലങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു. ഭരണാധിപനു ചെങ്കോലായിത്തീരത്തക്കവിധം ബലമേറിയ കൊമ്പൊന്നും അതിലവശേഷിച്ചിട്ടില്ല. ഇതൊരു വിലാപഗീതമാണു്; വിലാപഗീതമായിരിക്കുകയുംചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ