ഇരുനൂറ്റിപ്പത്തൊമ്പതാം ദിവസം: ജെറെമിയ 4 - 6

 
അദ്ധ്യായം 4

1: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലേ, നീ തിരിച്ചുവരാനാഗ്രഹിക്കുന്നെങ്കില്‍ എന്റെയടുത്തേക്കു വരുക.
2: എന്റെ സന്നിധിയില്‍നിന്നു മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കര്‍ത്താവിന്റെ നാമത്തില്‍ പരമാര്‍ത്ഥമായും നീതിയായും സത്യസന്ധമായും ശപഥംചെയ്യുകയുംചെയ്താല്‍ ജനതകള്‍ പരസ്പരം അവിടുത്തെ നാമത്തില്‍ അനുഗ്രഹിക്കും. കര്‍ത്താവിലായിരിക്കും അവരുടെ മഹത്വം.
3: യൂദായിലെയും ജറുസലെമിലെയും നിവാസികളോടു കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ തരിശുഭൂമി ഉഴുതുമറിക്കുവിന്‍; മുള്ളുകള്‍ക്കിടയില്‍ വിത്തുവിതയ്ക്കരുത്.
4: യൂദാനിവാസികളേ, ജറുസലെംപൗരന്മാരേ, കര്‍ത്താവിനായി നിങ്ങളെത്തന്നെ പരിച്ഛേദനംചെയ്യുവിന്‍; ഹൃദയപരിച്ഛേദനം സ്വീകരിക്കുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍നിമിത്തം എന്റെ കോപം അഗ്നിപോലെ ജ്വലിക്കും; അതു ശമിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.


വടക്കുനിന്നു ഭീഷണി
5: യൂദായില്‍ വിളിച്ചുപറയുവിന്‍; ജറുസലെമില്‍ പ്രഘോഷിക്കുവിന്‍; കാഹളമൂതി ദേശത്തെങ്ങും വിളംബരംചെയ്യുവിന്‍; ഒരുമിച്ചുകൂടി സുരക്ഷിതമായ പട്ടണങ്ങളിലേക്കോടുവിനെന്ന് ഉച്ചത്തില്‍ വിളിച്ചറിയിക്കുവിന്‍.
6: സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയംതേടിയോടുവിന്‍; മടിച്ചുനില്ക്കരുത്. തിന്മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടുവരുന്നു.
7: കുറ്റിക്കാടുകളില്‍നിന്നു സിംഹം പുറത്തിറങ്ങിയിട്ടുണ്ട്. ജനതകളുടെ സംഹാരകന്‍ സ്വസങ്കേതത്തില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. അവന്‍ നിന്റെ ദേശം ശൂന്യമാക്കും. നിന്റെ നഗരങ്ങള്‍ വിജനമായ നാശക്കൂമ്പാരമാക്കും.
8: ആകയാല്‍ നിങ്ങള്‍ ചാക്കുടുത്തുകരയുവിന്‍; നിലവിളിക്കുവിന്‍; കര്‍ത്താവിന്റെ ഉഗ്രകോപം നമ്മില്‍നിന്നകന്നിട്ടില്ല.
9: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു രാജാവിന്റെ ഹൃദയം തളരും; പ്രഭുക്കന്മാര്‍ ഭീരുക്കളാകും; പുരോഹിതന്മാര്‍ നടുങ്ങും; പ്രവാചകന്മാര്‍ അമ്പരക്കും.
10: അപ്പോള്‍ അവര്‍ പറയും: ദൈവമായ കര്‍ത്താവേ, അങ്ങീ ജനത്തെയും ജറുസലെമിനെയും വഞ്ചിച്ചു. നിങ്ങള്‍ക്കെല്ലാം ഭദ്രമാണെന്ന് അങ്ങു പറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ അവരുടെനേരേ വാളുയരുന്നു.
11: ആ സമയംവരുമ്പോള്‍ ഈ ജനത്തോടും ജറുസലെമിനോടും പറയപ്പെടും:
12: എന്റെ ജനത്തിന്റെ പുത്രിയുടെനേര്‍ക്കു മരുഭൂമിയിലെ വിജനമായ മലകളില്‍നിന്ന്, ഉഷ്ണക്കാറ്റു വീശും. പതിരുപാറ്റാനോ നിലം വെടിപ്പാക്കാനോ ആയിരിക്കുകയില്ലത്. ഞാനയയ്ക്കുന്നതു ഭീഷണമായ കൊടുങ്കാറ്റായിരിക്കും; ഞാന്‍തന്നെയാണ് അവരുടെമേല്‍ വിധിവാചകമുച്ചരിക്കുക.
13: ഇതാ, കാര്‍മേഘംപോലെ ശത്രു വരുന്നു. അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ, കുതിരകള്‍ കഴുകനെക്കാള്‍ വേഗതയേറിയത്. ഞങ്ങള്‍ക്കു ദുരിതം! ഞങ്ങള്‍ നശിച്ചുകഴിഞ്ഞു!
14: ജറുസലെമേ, നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാല്‍, നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറിനടക്കുക?
15: ദാനില്‍നിന്ന് ഒരു പ്രഖ്യാപനമുയരുന്നു; എഫ്രായിംമലയില്‍നിന്ന് അനര്‍ത്ഥത്തെപ്പറ്റിയുള്ള അറിയിപ്പും.
16: ജനതകളോടു വിളംബരംചെയ്യുവിന്‍; ജറുസലെമില്‍ വിളിച്ചുപറയുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു; യൂദായിലെ നഗരങ്ങള്‍ക്കെതിരേ പോര്‍വിളികള്‍ മുഴങ്ങുന്നു.
17: വയലിനുചുറ്റും കാവല്‍ക്കാരെന്നപോലെ അവരവളെ വളഞ്ഞിരിക്കുന്നു. എന്തെന്നാല്‍ അവളെന്നെ ധിക്കരിച്ചു- കര്‍ത്താവരുളിച്ചെയ്യുന്നു.
18: ഇതെല്ലാം നിന്റെമേല്‍ വരുത്തിവച്ചതു നിന്റെ പെരുമാറ്റവും പ്രവൃത്തികളുമത്രേ; ഇതു നിന്റെ ശിക്ഷയാണ്; അതു കയ്പേറിയതുതന്നെ. നിന്റെ ഹൃദയത്തില്‍ത്തന്നെ അതു തുളഞ്ഞുകയറിയിരിക്കുന്നു.

ജറെമിയായുടെ വേദന
19: വേദന, അസഹ്യമായ വേദന! ഞാന്‍ വേദനയാല്‍ പുളയുന്നു! എന്റെ ഹൃദയഭിത്തികള്‍ തകരുന്നു! നെഞ്ചിടിക്കുന്നു! നിശ്ശബ്ദനായിരിക്കാന്‍ എനിക്കുവയ്യാ! ഇതാ യുദ്ധകാഹളം! പോര്‍വിളി ഞാന്‍ കേള്‍ക്കുന്നു.
20: ഒന്നിനുപിറകേ ഒന്നായി ദുരിതങ്ങളാഞ്ഞടിക്കുന്നു. ദേശംമുഴുവന്‍ വിജനമായിത്തീര്‍ന്നു. എന്റെ കൂടാരങ്ങള്‍ ഞൊടിയിടയില്‍ തകരുന്നു; കൂടാരവിരികള്‍ നിമിഷനേരംകൊണ്ടു കീറിപ്പറിയുന്നു.
21: യുദ്ധപതാക ഇനിയുമെത്രനാള്‍ ഞാന്‍ കാണണം? കാഹളദ്ധ്വനി എന്നുവരെ കേള്‍ക്കണം?
22: എന്തെന്നാല്‍, എന്റെ ജനം വിഡ്ഢികളാണ്; അവരെന്നെയറിയുന്നില്ല. അവര്‍ ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവര്‍ക്കു യാതൊരു ജ്ഞാനവുമില്ല. തിന്മപ്രവര്‍ത്തിക്കാന്‍ അവര്‍ സമര്‍ത്ഥരാണ്. നന്മ ചെയ്യേണ്ടതെങ്ങനെയെന്ന് അറിവില്ല.

ആസന്നമായ ശിക്ഷ
23: ഞാന്‍ ഭൂമിയിലേക്കു നോക്കി; അതു രൂപരഹിതവും ശൂന്യവുമായിരുന്നു. ഞാനാകാശത്തേക്കു നോക്കി; പ്രകാശംകെട്ടുപോയിരുന്നു.
24: ഞാന്‍ മലകളിലേക്കു നോക്കി; അവ വിറപൂണ്ടിരുന്നു. കന്നുകളെല്ലാം ഇളകിയുലയുന്നുണ്ടായിരുന്നു.
25: ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല. ആകാശപ്പറവകളെല്ലാം പറന്നുപോയിരുന്നു.
26: ഞാന്‍ നോക്കി, ഫലസമൃദ്ധമായ ദേശമിതാ മരുഭൂമിയായിരിക്കുന്നു. കര്‍ത്താവിന്റെ മുമ്പില്‍, അവിടുത്തെ ഉഗ്രകോപത്തില്‍ നഗരങ്ങളെല്ലാം നിലംപതിച്ചു.
27: കര്‍ത്താവരുളിച്ചെയ്യുന്നു: എല്ലാ ദേശങ്ങളും നിര്‍ജ്ജനമാകും. എന്നാലവയെ ഞാന്‍ പൂര്‍ണ്ണമായി നശിപ്പിക്കുകയില്ല.
28: ഭൂമി വിലപിക്കട്ടെ; ആകാശം ഇരുളടഞ്ഞുപോകട്ടെ; ഞാന്‍ പറഞ്ഞിരിക്കുന്നു, അതിനു മാറ്റമില്ല. ഞാന്‍ നിശ്ചയിച്ചിരിക്കുന്നു; എന്റെ തീരുമാനം മാറുകയില്ല.
29: കുതിരപ്പടയാളികളുടെയും വില്ലാളികളുടെയുമാരവംകേട്ടു നഗരവാസികള്‍ പലായനം ചെയ്യുന്നു. അവര്‍ കുറ്റിക്കാടുകളില്‍ ഒളിക്കുന്നു. പാറക്കൂട്ടങ്ങളില്‍ പിടിച്ചുകയറുന്നു. പട്ടണങ്ങളെല്ലാം പരിത്യക്തമാകുന്നു; അവയില്‍ ജനവാസമില്ലാതായി.
30: അല്ലയോ നിര്‍ഭാഗ്യവതീ, നീയെന്തിനു രക്താംബരം ധരിക്കുന്നു; നീയെന്തിനു രത്നാഭരണമണിയുന്നു; എന്തിനു കടക്കണ്ണുകളില്‍ മഷിയെഴുതുന്നു? നിന്റെ അലങ്കാരങ്ങളെല്ലാം വ്യര്‍ത്ഥമാണ്. നിന്റെ കാമുകന്മാര്‍ നിന്നെ വെറുക്കുന്നു. അവര്‍ നിന്റെ ജീവനെ വേട്ടയാടുന്നു.
31: പ്രസവവേദനയാലെന്നപോലുള്ള നിലവിളി ഞാന്‍ കേട്ടു. കടിഞ്ഞൂലിനെ പ്രസവിക്കുന്നവളുടേതുപോലുള്ള ആര്‍ത്തനാദം! സീയോന്‍പുത്രി വീര്‍പ്പുമുട്ടി, കൈകള്‍ വലിച്ചുനിവര്‍ത്തി കരയുന്നു: ഹാ എനിക്കു ദുരിതം! കൊലപാതകികളുടെമുമ്പില്‍ ഞാനിതാ തളര്‍ന്നുവീഴുന്നു.

അദ്ധ്യായം 5

ജറുസലെമിന്റെ പാപം

1: ജറുസലെമിന്റെ തെരുവീഥികളില്‍ ചുറ്റിനടന്നന്വേഷിക്കുക; പൊതുസ്ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യമന്വേഷിക്കുകയുംചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാനവളോടു ക്ഷമിക്കാം.
2: കര്‍ത്താവിന്റെ നാമത്തിലാണ് ആണയിടുന്നതെങ്കിലും അവര്‍ചെയ്യുന്നതു കള്ളസത്യമാണ്.
3: കര്‍ത്താവേ, അവിടുത്തെ നയനങ്ങള്‍ തേടുന്നതു സത്യത്തെയല്ലേ? അവിടുന്നവരെ പ്രഹരിച്ചു; അവര്‍ക്കു വേദനിച്ചില്ല. അവരെ ക്ഷയിപ്പിച്ചു; അവര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ മുഖങ്ങള്‍ കല്ലിനേക്കാള്‍ കടുപ്പമുള്ളതാക്കി; മടങ്ങിവരാന്‍ അവര്‍ കൂട്ടാക്കിയില്ല.
4: അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇവര്‍ സാധുക്കളാണ്; ബുദ്ധിയില്ലാത്തവര്‍! ഇവര്‍ക്കു കര്‍ത്താവിന്റെ വഴിയും ദൈവത്തിന്റെ നിയമവുമറിഞ്ഞുകൂടാ.
5: ഞാന്‍ മഹാന്മാരെ സമീപിച്ചു സംസാരിക്കും. അവര്‍ക്കാണെങ്കില്‍ കര്‍ത്താവിന്റെ വഴിയറിയാം; ദൈവത്തിന്റെ നിയമവുമറിയാം. എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ തങ്ങളുടെ നുകം തകര്‍ത്തിരുന്നു; കെട്ടുകള്‍ പൊട്ടിച്ചിരുന്നു.
6: അതുകൊണ്ടു കാട്ടില്‍നിന്നു സിംഹംവന്ന്, അവരെക്കൊല്ലും. മരുഭൂമിയില്‍നിന്നു ചെന്നായ് വന്ന്, അവരെ നശിപ്പിക്കും. പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്നു. പുറത്തേക്കിറങ്ങുന്നവനെ അതു പിച്ചിച്ചീന്തും. എന്തെന്നാല്‍, അവരുടെ കുറ്റങ്ങള്‍ നിരവധിയാണ്; അവരുടെ അവിശ്വസ്തത നിസ്സീമമാണ്.
7: ഞാന്‍ നിന്നോടെങ്ങനെ ക്ഷമിക്കും? നിന്റെ മക്കള്‍ എന്നെയുപേക്ഷിച്ചു. ദൈവമല്ലാത്ത ദേവന്മാരെക്കൊണ്ട് അവരാണയിട്ടു. ഞാനവര്‍ക്കു വയറുനിറയെ ഭക്ഷണം നല്കി. അവരാകട്ടെ വ്യഭിചാരത്തില്‍മുഴുകി; വേശ്യാഗൃഹങ്ങളില്‍ അവര്‍ സംഘംചേര്‍ന്നു.
8: തിന്നുമദിച്ച കുതിരകളാണവര്‍. അയല്‍ക്കാരന്റെ ഭാര്യയ്ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു.
9: ഈ പ്രവൃത്തികള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരംചെയ്യേണ്ടതല്ലേ - കര്‍ത്താവു ചോദിക്കുന്നു.
10: അവളുടെ മുന്തിരിത്തോട്ടത്തില്‍ക്കടന്നു നാശംചെയ്യുവിന്‍; എന്നാല്‍, പാടേ നശിപ്പിക്കരുത്. അവളുടെ കമ്പുകള്‍ മുറിച്ചുകളയുവിന്‍; അവയൊന്നും കര്‍ത്താവിന്റേതല്ല.
11: ഇസ്രായേല്‍ഭവനവും യൂദാഭവനവും എന്നെ തീര്‍ത്തും വഞ്ചിച്ചു- കര്‍ത്താവരുളിച്ചെയ്യുന്നു.
12: അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു. അവര്‍ പറഞ്ഞു: അവിടുന്നൊന്നുമല്ല; ഞങ്ങള്‍ക്കു യാതൊരു തിന്മയും സംഭവിക്കുകയില്ല. യുദ്ധമോ പട്ടിണിയോ ഞങ്ങള്‍ക്കനുഭവിക്കേണ്ടിവരുകയില്ല.
13: പ്രവാചകന്മാര്‍ കാറ്റായിത്തീരും; ദൈവത്തിന്റെ വചനം അവരിലില്ല; അവരുടെ ഭീഷണികള്‍ അവരുടെമേല്‍ത്തന്നെ പതിക്കട്ടെ.
14: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട്, എന്റെ വചനം നിന്റെ നാവില്‍ ഞാനഗ്നിയാക്കും; അവരെ ഞാന്‍ വിറകാക്കും; അഗ്നിയവരെ വിഴുങ്ങും.
15: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, വിദൂരത്തുനിന്ന് ഒരു ജനതയെ നിനക്കെതിരേ ഞാന്‍ കൊണ്ടുവരുന്നു. അജയ്യവും പുരാതനവുമായ ഒരു ജനതയാണത്. അവരുടെ ഭാഷ നിനക്കറിഞ്ഞുകൂടാ; അവരുടെ സംസാരം നിനക്കു മനസ്സിലാവുകയില്ല.
16: അവരുടെ ആവനാഴി മരണംവിതയ്ക്കുന്നു; അവരെല്ലാവരും യുദ്ധവീരന്മാരാണ്.
17: നിന്റെ വിളശേഖരവും ഭക്ഷ്യവസ്തുക്കളും അവര്‍ തിന്നുതീര്‍ക്കും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ വധിക്കും; നിന്റെ ആടുമാടുകളെ അവര്‍ ഭക്ഷിക്കും. നിന്റെ മുന്തിരിച്ചെടികളും അത്തിമരങ്ങളും അവര്‍ നശിപ്പിക്കും. നിന്റെ ആലംബമായി നീ കരുതുന്ന സുരക്ഷിത നഗരങ്ങളെ അവര്‍ നിലംപരിചാക്കും.
18: എന്നാല്‍, ആ നാളുകളില്‍പോലും നിന്നെ ഞാന്‍ പൂര്‍ണ്ണമായി നശിപ്പിക്കുകയില്ല- കര്‍ത്താവരുളിച്ചെയ്യുന്നു.
19: നമ്മുടെ ദൈവമായ കര്‍ത്താവ്, ഇപ്രകാരമെല്ലാം എന്തിനു ഞങ്ങളോടു ചെയ്തുവെന്നു നിന്റെ ജനം ചോദിക്കുമ്പോള്‍ നീയവരോടു പറയണം: നിങ്ങള്‍ നിങ്ങളുടെ ദേശത്തുവച്ച്, എന്നെയുപേക്ഷിച്ച്, അന്യദേവന്മാര്‍ക്കു ശുശ്രൂഷചെയ്തു. അതുപോലെ, നിങ്ങളുടേതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യര്‍ക്കു ശുശ്രൂഷ ചെയ്യും.
20: യാക്കോബിന്റെ ഭവനത്തില്‍ ഇതു പ്രഘോഷിക്കുക;
21: യൂദായില്‍ ഇതു വിളിച്ചുപറയുക: ഭോഷരും അവിവേകികളുമായ ജനമേ, ശ്രവിക്കുവിന്‍. കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.
22: കര്‍ത്താവു ചോദിക്കുന്നു: നിങ്ങള്‍ക്കെന്നെ ഭയമില്ലേ? എന്റെ മുമ്പില്‍ നിങ്ങള്‍ വിറകൊള്ളുന്നില്ലേ? കടലിനതിരായി ഞാന്‍ മണല്‍ത്തീരം സ്ഥാപിച്ചു, അലംഘ്യമായ അതിര്‍ത്തി. തിരകളാഞ്ഞടിച്ചാലും വിജയിക്കുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.
23: എന്നാല്‍ ഈ ജനത്തിന്റെ ഹൃദയം കടുപ്പമേറിയതും ധിക്കാരംനിറഞ്ഞതുമാണ്. അവര്‍ പുറംതിരിഞ്ഞു പൊയ്ക്കളഞ്ഞു.
24: നമ്മുടെ ദൈവമായ കര്‍ത്താവിനെ നമുക്കു ഭയപ്പെടാം; അവിടുന്നു യഥാസമയം മഴപെയ്യിക്കുന്നു; ശരത്കാലവര്‍ഷവും വസന്തകാലവര്‍ഷവും അവിടുന്നു നല്കുന്നു. വിളവെടുപ്പിനുള്ള ആഴ്ചകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്നവര്‍ കരുതിയില്ല.
25: നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഇവയെല്ലാം നിങ്ങള്‍ക്കു നഷ്ടപ്പെടുത്തി. നിങ്ങളുടെ പാപങ്ങള്‍ ഈ നന്മയെല്ലാം നിങ്ങളില്‍നിന്നകറ്റിയിരിക്കുന്നു.
26: എന്റെ ജനത്തിനിടയില്‍ ദുഷ്ടന്മാര്‍ കടന്നൂകൂടി, വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കെണിയൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു.
27: കൂട്ടില്‍ പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്മാരും പണക്കാരുമായി.
28: അവര്‍ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്ടതയ്ക്കതിരില്ല. അവരുടെ വിധികള്‍ നീതിയുക്തമല്ല. അനാഥര്‍ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല; ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നില്ല.
29: ഈ പ്രവൃത്തികള്‍ക്ക്, അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരംചെയ്യേണ്ടതല്ലേ - കര്‍ത്താവു ചോദിക്കുന്നു.
30: ബീഭത്സവും സംഭ്രമജനകവുമായ ഒന്ന്, നാട്ടില്‍ സംഭവിച്ചിരിക്കുന്നു.
31: പ്രവാചകന്മാര്‍ വ്യാജപ്രവചനങ്ങള്‍നടത്തുന്നു. അവരുടെ നിര്‍ദ്ദേശമനുസരിച്ചു പുരോഹിതന്മാര്‍ ഭരിക്കുന്നു. എന്റെ ജനത്തിന് അതിഷ്ടമാണ്. എന്നാല്‍ അവസാനംവരുമ്പോള്‍ നിങ്ങളെന്തുചെയ്യും?

അദ്ധ്യായം 6

ശത്രു പടിവാതില്‍ക്കല്‍ 

1: ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന്, ഓടി രക്ഷപ്പെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടിനാട്ടുവിന്‍. വടക്കുനിന്ന്, അനര്‍ത്ഥവും കൊടിയവിപത്തും അടുത്തുവരുന്നു. 
2: ഓമനിച്ചുവളര്‍ത്തിയ സുന്ദരിയായ സീയോന്‍പുത്രിയെ ഞാന്‍ നശിപ്പിക്കും. 
3: ഇടയന്മാര്‍ ആടുകളോടൊരുമിച്ച്, അവള്‍ക്കുനേരേ വരും. അവള്‍ക്കുചുറ്റും അവര്‍ കൂടാരമടിക്കും. ഓരോരുത്തനും ഇഷ്ടമുള്ളിടത്ത് ആടുമേയിക്കും. 
4: അവള്‍ക്കെതിരേ യുദ്ധത്തിനൊരുങ്ങുവിന്‍, ആയുധമെടുക്കുവിന്‍, നട്ടുച്ചയ്ക്ക് അവളെയാക്രമിക്കാം. ഹാ ക്ഷടം! നേരംവൈകുന്നു: നിഴലുകള്‍ നീളുന്നു. 
5: എഴുന്നേല്ക്കുവിന്‍, നമുക്കു രാത്രിയിലാക്രമിച്ച് അവളുടെ മണിമേടകള്‍ നശിപ്പിക്കാം. 
6: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ജറുസലെമിലെ മരങ്ങള്‍ മുറിക്കുവിന്‍; അവള്‍ക്കെതിരേ ഉപരോധമുയര്‍ത്തുവിന്‍. ഈ നഗരത്തെയാണു ശിക്ഷിക്കേണ്ടത്; അതിനുള്ളില്‍ മര്‍ദ്ദനംമാത്രമേയുള്ളു. 
7: കിണറ്റില്‍ പുതുവെള്ളം നിറയുന്നതുപോലെ ജറുസലെമില്‍ പുതിയ അകൃത്യങ്ങള്‍ നിറയുന്നു. അക്രമത്തിന്റെയും നശീകരണത്തിന്റെയും സ്വരമേ അവളില്‍നിന്നുയരുന്നുള്ളു; രോഗവും മുറിവുംമാത്രമേ ഞാന്‍ കാണുന്നുള്ളു. 
8: ജറുസലെം, നീയെന്റെ താക്കീതു കേള്‍ക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ വിജനമായ മരുഭൂമിയാക്കും. 
9: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: മുന്തിരിയുടെ കാലാപെറുക്കുന്നതുപോലെ ഇസ്രായേലില്‍ അവശേഷിച്ചവരെ തേടിപ്പിടിക്കുക. മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ അതിന്റെ ശാഖകളില്‍ വീണ്ടുംവീണ്ടും തെരയുക. 
10: എന്റെ താക്കീതുകേള്‍ക്കാന്‍ ആരാണുള്ളത്? ചെവി അടഞ്ഞിരിക്കുന്നതുകൊണ്ട് അവര്‍ക്കു കേള്‍ക്കാന്‍കഴിയുകയില്ല. കര്‍ത്താവിന്റെ വാക്ക്, അവര്‍ക്കു നിന്ദാവിഷയമായിരിക്കുന്നു; അതില്‍ അവര്‍ക്കു തെല്ലും താത്പര്യമില്ല. 
11: തന്നിമിത്തം കര്‍ത്താവിന്റെ കോപം, എന്നില്‍ നിറഞ്ഞുകവിയുന്നു. 
12: അതൊതുക്കിനിര്‍ത്താന്‍ ശ്രമിച്ചു ഞാന്‍ തളരുന്നു. കര്‍ത്താവരുളിച്ചെയ്യുന്നു. തെരുവിലെ കുട്ടികളുടെയും യുവാക്കളുടെ കൂട്ടങ്ങളുടെയുംമേല്‍ അതു ചൊരിയുക. ഭര്‍ത്താവിന്റെയും ഭാര്യയുടെയും വയോധികരുടെയും പടുവൃദ്ധരുടെയുംമേലതു പതിക്കട്ടെ. അവരുടെ വീടുകള്‍, നിലങ്ങളും ഭാര്യമാരുമടക്കം മറ്റുള്ളവര്‍ക്കു നല്കപ്പെടും. ഈ ദേശത്തു വസിക്കുന്നവര്‍ക്കെതിരേ ഞാന്‍ കരമുയര്‍ത്തും. 
13: നിസ്സാരന്മാര്‍മുതല്‍ മഹാന്മാര്‍വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുകയാണ്. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. 
14: അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേ, ‘സമാധാനം, സമാധാനം’ എന്ന് അവര്‍ പറയുന്നു. 
15: ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജതോന്നിയോ? ഇല്ല, തെല്ലും തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്കറിഞ്ഞുകൂടാ. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാനവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നിലംപതിക്കും-കര്‍ത്താവരുളിച്ചെയ്യുന്നു. 
16: കര്‍ത്താവരുളിച്ചെയ്യുന്നു: വഴിക്കവലകളില്‍നിന്നു ശ്രദ്ധിച്ചുനോക്കുക; പഴയ പാതകളന്വേഷിക്കുക. നേരായ മാര്‍ഗ്ഗംതേടി, അതില്‍ സഞ്ചരിക്കുക. അപ്പോള്‍ നിങ്ങള്‍ വിശ്രാന്തിയടയും. എന്നാല്‍, ഞങ്ങള്‍ക്കാ മാര്‍ഗ്ഗം വേണ്ടെന്ന് അവര്‍ പറഞ്ഞു. 
17: ഞാന്‍ നിനക്കുവേണ്ടി കാവല്‍ക്കാരെ നിയമിച്ചു; കാഹളത്തിനു ചെവിയോര്‍ക്കുകയെന്നു പറയുകയുംചെയ്തു. എന്നാല്‍, ഞങ്ങള്‍ ചെവിയോര്‍ക്കുകയില്ല എന്നവര്‍ പറഞ്ഞു. 
18: ആകയാല്‍ ജനതകളേ, കേള്‍ക്കുവിന്‍; ജനസമൂഹമേ, മനസ്സിലാക്കുവിന്‍; അവര്‍ക്കു സംഭവിക്കാന്‍പോകുന്നതു ശ്രവിക്കുവിന്‍. 
19: അല്ലയോ ഭൂമീ; കേട്ടാലും! ഈ ജനത്തിന്റെ കുതന്ത്രങ്ങള്‍ക്കു പ്രതിഫലമായി ഞാനവരുടെമേല്‍ അനര്‍ത്ഥം വരുത്തും. അവരെന്റെ വാക്കു ചെവിക്കൊണ്ടില്ല; എന്റെ നിയമമനുസരിച്ചുമില്ല. 
20: ഷേബായില്‍നിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു കര്‍പ്പൂരവും എനിക്കുകൊണ്ടുവരുന്നതെന്തിന്? നിങ്ങളുടെ ദഹനബലികള്‍ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ കാഴ്ചകള്‍ എനിക്കു പ്രീതികരമല്ല. 
21: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ജനത്തിനുമുമ്പില്‍ ഞാന്‍ പ്രതിബന്ധങ്ങള്‍ സ്ഥാപിക്കും; അവര്‍ തട്ടി വീഴും. അപ്പനും മകനും ഒന്നുപോലെ മറിഞ്ഞുവീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിക്കും. 
22: കര്‍ത്താവരുളിച്ചെയ്യുന്നു: അതാ, വടക്കുനിന്നൊരു ജനത വരുന്നു; ഭൂമിയുടെ അറ്റത്തുനിന്ന് ഒരു വന്‍ശക്തിയിളകിയിട്ടുണ്ട്. 
23: അവര്‍ വില്ലും കുന്തവും കൈയിലേന്തിയിരിക്കുന്നു. അവര്‍ കരുണയില്ലാത്ത കഠിനഹൃദയരാണ്. അവരുടെ ആരവം, അലയാഴിയുടേതിനു തുല്യം. കുതിരപ്പുറത്താണവര്‍ വരുന്നത്. സീയോന്‍പുത്രീ, അവര്‍ നിനക്കെതിരേ യുദ്ധത്തിനൊരുങ്ങി അണിയായി വരുന്നു. 
24: ഞങ്ങള്‍ ആ വാര്‍ത്ത കേട്ടു. ഞങ്ങളുടെ കരങ്ങള്‍ തളരുന്നു. ഈറ്റുനോവ് സ്ത്രീയെയെന്നപോലെ കഠിനവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു. 
25: നിങ്ങള്‍ വയലിലിറങ്ങുകയോ വഴിയിലൂടെ നടക്കുകയോ അരുത്. ശത്രുവിന്റെ വാള്‍ അവിടെയുണ്ട്. എല്ലായിടത്തും ഭീകരാവസ്ഥയാണ്. 
26: എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുടുത്തു ചാരത്തിലുരുളുക. ഏകജാതനെക്കുറിച്ചെന്നപോലെ ഉള്ളുരുകിക്കരയുക. ഇതാ! വിനാശകന്‍ നമ്മുടെനേരേ വന്നുകഴിഞ്ഞു. 
27: എന്റെ ജനത്തിന്റെ മാറ്റുരച്ചുനോക്കി അവരുടെ മാര്‍ഗ്ഗം മനസ്സിലാക്കുന്നതിനു ഞാന്‍ നിന്നെ സംശോധകനായി നിയോഗിച്ചിരിക്കുന്നു. 
28: അവര്‍ പയറ്റിത്തെളിഞ്ഞ കലാപകാരികളാണ്. അവര്‍ മിഥ്യാപവാദം പരത്തുന്നു. പിച്ചളയുമിരുമ്പുംപോലെ കഠിനഹൃദയരാണവര്‍. അവര്‍ ദുഷ്‌കൃത്യങ്ങളില്‍ മുഴുകുന്നു. 
29: ഉല ശക്തിയായൂതുന്നു. ഈയം തീയിലുരുകുന്നു. ഈ ശുദ്ധീകരണമെല്ലാം വെറുതെയാണ്. എന്തെന്നാല്‍ ദുഷ്ടന്മാര്‍ നീക്കംചെയ്യപ്പെടുന്നില്ല. 
30: കര്‍ത്താവ് തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ട് വെള്ളിക്കിട്ടം എന്നാണ് അവര്‍ അറിയപ്പെടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ