ഇരുനൂറ്റിയിരുപത്തിയേഴാം ദിവസം: ജറമിയ 32 - 34




നിലം വാങ്ങുന്നു
1: യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ പത്താംവര്‍ഷം - നബുക്കദ് നേസറിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം - കര്‍ത്താവില്‍നിന്നു ജറെമിയായ്ക്ക് അരുളപ്പാടുണ്ടായി.
2: അക്കാലത്തു ബാബിലോണ്‍സൈന്യം ജറുസലെമിനെ ഉപരോധിക്കുകയായിരുന്നു. അന്നു ജറെമിയാപ്രവാചകന്‍ യൂദാരാജാവിന്റെ കൊട്ടാരത്തോടനുബന്ധിച്ചുള്ള കാരാഗൃഹത്തിലായിരുന്നു.
3: അവനെ കാരാഗൃഹത്തിലടയ്ക്കുമ്പോള്‍ യൂദാരാജാവായ സെദെക്കിയാ ഇപ്രകാരം ചോദിച്ചു: ഈ നഗരത്തെ ഞാന്‍ ബാബിലോണ്‍ രാജാവിന്റെ കൈകളിലേല്പിക്കും; അവനതു കീഴടക്കുകയും ചെയ്യും.
4: കല്‍ദായരുടെ കൈയില്‍നിന്നു യൂദാരാജാവായ സെദെക്കിയാ രക്ഷപ്പെടുകയില്ല; ബാബിലോണ്‍രാജാവിന്റെ കൈകളിലകപ്പെടുകതന്നെ ചെയ്യും; അവനെ നേരില്‍ക്കാണുകയും സംസാരിക്കുകയും ചെയ്യും.
5: അവന്‍ സെദെക്കിയായെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാന്‍ അവനെ സന്ദര്‍ശിക്കുന്നതുവരെ അവനവിടെയായിരിക്കും - നിങ്ങള്‍ കല്‍ദായരോടു യുദ്ധംചെയ്താലും വിജയിക്കുകയില്ല എന്നു കര്‍ത്താവരുളിച്ചെയ്യുന്നു എന്ന്, നീയെന്തിനു പ്രവചിച്ചു?
6: ജറെമിയാ പറഞ്ഞു, കര്‍ത്താവ് എന്നോടരുളിച്ചെയ്തു:
7: നിന്റെ പിതൃസഹോദരനായ ഷല്ലൂമിന്റെ പുത്രന്‍ ഹനാമേല്‍, ‘അനാത്തോത്തിലുള്ള എന്റെ സ്ഥലം വാങ്ങുക, അതു വാങ്ങാനുള്ള അവകാശം നിന്റെതാണെന്നു നിന്നോടു വന്നുപറയും.
8: കര്‍ത്താവരുളിച്ചെയ്തതുപോലെ എന്റെ പിതൃസഹോദരപുത്രന്‍ ഹനാമേല്‍ കാരാഗൃഹത്തില്‍ എന്റെയടുക്കല്‍വന്നു. ബഞ്ചമിന്റെ ദേശത്തുള്ള അനാത്തോത്തിലെ എന്റെ സ്ഥലം നീ വാങ്ങുക. അതു വാങ്ങാനുള്ള അവകാശം ഏറ്റവും അടുത്ത ചാര്‍ച്ചക്കാരനെന്ന നിലയ്ക്കു നിന്റേതാണ്. നീയതു വാങ്ങണം എന്ന് എന്നോടു പറഞ്ഞു. അതു കര്‍ത്താവിന്റെ അരുളപ്പാടാണെന്ന് അപ്പോള്‍ എനിക്കു മനസ്സിലായി.
9: അതനുസരിച്ച് എന്റെ പിതൃസഹോദരനില്‍നിന്ന് അനാത്തോത്തിലുള്ള സ്ഥലം ഞാന്‍ വാങ്ങി. അതിന്റെ വില, പതിനേഴു ഷെക്കല്‍ വെള്ളി ഞാന്‍ തൂക്കിക്കൊടുത്തു.
10: ആധാരമെഴുതി മുദ്രവച്ചു. സാക്ഷി ഒപ്പുവച്ചശേഷം, വില തുലാസില്‍വച്ചു തൂക്കി അവനു കൊടുത്തു.
11: അങ്ങനെ നിയമവും നാട്ടുനടപ്പുമനുസരിച്ചു മുദ്രവച്ച ആധാരവും അതിന്റെ പകര്‍പ്പും ഞാന്‍ വാങ്ങി.
12: എന്റെ പിതൃസഹോദരപുത്രനായ ഹനാമേലിന്റെയും ആധാരത്തില്‍ ഒപ്പുവച്ചവരുടെയും കാരാഗൃഹത്തിന്റെ നടുമുറ്റത്തു സന്നിഹിതരായിരുന്ന എല്ലാ യഹൂദരുടെയും സാന്നിദ്ധ്യത്തില്‍ മഹ്‌സേയായുടെ പുത്രനായ നേരിയായുടെ മകന്‍ ബാറൂക്കിന്റെ കൈയില്‍ ഞാന്‍ ആധാരം കൊടുത്തു.
13: അവരുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ബാറൂക്കിനോടു പറഞ്ഞു:
14: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: മുദ്രവച്ച ആധാരവും അതിന്റെ പകര്‍പ്പും ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മണ്‍ഭരണിയില്‍ സൂക്ഷിക്കുക.
15: ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
16: ആധാരം നേരിയായുടെ മകന്‍ ബാറൂക്കിന്റെ കൈയില്‍ കൊടുത്തതിനുശേഷം ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
17: ദൈവമായ കര്‍ത്താവേ, അങ്ങാണു ശക്തമായ കരംനീട്ടി ആകാശവും ഭൂമിയും സൃഷ്ടിച്ചത്.
18: ഒന്നുമങ്ങേയ്ക്ക് അസാദ്ധ്യമല്ല. അങ്ങ് ആയിരം തലമുറകളോടു കാരുണ്യംകാണിക്കുന്നു; എന്നാല്‍, പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരംവീട്ടുകയും ചെയ്യുന്നു. ശക്തനും പ്രതാപവാനുമായ ദൈവമേ, അങ്ങയുടെ നാമം സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണല്ലോ.
19: അങ്ങ് ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ബലവാനുമാണ്. ഓരോരുത്തര്‍ക്കും അവനവന്റെ നടപ്പിനും ചെയ്തികള്‍ക്കും അനുസൃതമായ പ്രതിഫലം നല്കുന്നതിന് അങ്ങയുടെ ദൃഷ്ടി, മനുഷ്യരുടെ മാര്‍ഗ്ഗങ്ങളില്‍ പതിഞ്ഞിരിക്കുന്നു.
20: ഈജിപ്തിലും ഇസ്രായേലിലും എല്ലാ ജനതകളുടെയിടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്നു പ്രസിദ്ധനായി.
21: അങ്ങയുടെ ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ഭുജബലത്താലും ഭീതിദമായ പ്രവൃത്തിയാലും ഈജിപ്തില്‍നിന്നു കൊണ്ടുവന്നു.
22: അവരുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു വാഗ്ദാനംചെയ്ത, പാലും തേനുമൊഴുകുന്ന ഈ ദേശം, അങ്ങവര്‍ക്കു കൊടുത്തു.
23: അവര്‍ വന്ന്, അതു കൈവശപ്പെടുത്തി. എങ്കിലുമവര്‍ അങ്ങയുടെ വാക്കുകേള്‍ക്കുകയോ നിയമമനുസരിക്കുകയോ ചെയ്തില്ല. അങ്ങു ചെയ്യാന്‍കല്പിച്ചതൊന്നും അവര്‍ ചെയ്തില്ല. അതിനാല്‍ ഈ തിന്മകളെല്ലാം അവരുടെമേല്‍ അങ്ങു വരുത്തി.
24: ഇതാ, നഗരം പിടിച്ചടക്കാന്‍ കല്‍ദായര്‍ ഉപരോധദുര്‍ഗ്ഗം നിര്‍മ്മിച്ച് ആക്രമിക്കുന്നു. വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംനിമിത്തം ഈ നഗരം അവരുടെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അരുളിച്ചെയ്തതെല്ലാം സംഭവിച്ചത് അങ്ങു കാണുന്നുണ്ടല്ലോ.
25: കല്‍ദായരുടെ കരങ്ങളില്‍ നഗരമേല്പിക്കപ്പെട്ടിട്ടും, സാക്ഷികളെ മുന്‍നിര്‍ത്തി നിലം വിലയ്ക്കുവാങ്ങുകയെന്നു ദൈവമായ കര്‍ത്താവേ, അവിടുന്നെന്നോടു കല്പിച്ചുവല്ലോ.
26: അപ്പോള്‍ കര്‍ത്താവു ജറെമിയായോടരുളിച്ചെയ്തു:
27: ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്കസാദ്ധ്യമായി എന്തെങ്കിലുമുണ്ടോ?
28: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനീ നഗരം, കല്‍ദായരുടെ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കൈയിലേല്പിക്കും, അവനതു കീഴടക്കും.
29: ഈ നഗരത്തിനെതിരേ യുദ്ധംചെയ്യുന്ന കല്‍ദായര്‍ കടന്നുവന്ന് നഗരത്തിനു തീ വയ്ക്കും. നഗരത്തില്‍ ഏതെല്ലാം ഭവനങ്ങളുടെ മേല്‍പ്പുരകളില്‍വച്ച് എന്നെ പ്രകോപിപ്പിക്കാനായി ബാലിനു ധൂപവും അന്യദേവന്മാര്‍ക്കു പാനീയബലിയുമര്‍പ്പിച്ചുവോ അവയും ഞാന്‍ നശിപ്പിക്കും.
30: ഇസ്രായേല്‍മക്കളും യൂദായുടെ മക്കളും ചെറുപ്പംമുതലേ എന്റെ സന്നിധിയില്‍ തിന്മമാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. ഇസ്രായേല്‍മക്കള്‍ തങ്ങളുടെ കരവേലകൊണ്ട് എന്റെ കോപത്തെ വര്‍ദ്ധിപ്പിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
31: പണിയപ്പെട്ട നാള്‍മുതല്‍ ഇന്നുവരെ ഈ നഗരം എന്റെ കോപവും ക്രോധവും ജ്വലിപ്പിക്കുകയായിരുന്നു. ഇതിനെ ഞാന്‍ എന്റെ മുമ്പില്‍നിന്നു തുടച്ചുമാറ്റും.
32: ഇസ്രായേലിന്റെ സന്തതികളും യൂദായുടെ മക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യൂദായിലെയും ജറുസലെമിലെയും നിവാസികളും തിന്മ പ്രവര്‍ത്തിച്ച് എന്നെ ക്രുദ്ധനാക്കി.
33: അവര്‍ മുഖമല്ല പുറമത്രേ എന്റെനേരേ തിരിച്ചത്. ഞാന്‍ നിരന്തരം ഉപദേശിച്ചെങ്കിലും അതു കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല.
34: എന്റെ നാമംവഹിക്കുന്ന ആലയമശുദ്ധമാക്കാന്‍ അവരതില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു.
35: അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മോളെക്കിന് അഗ്നിയില്‍ ആഹുതിചെയ്യാന്‍ ബന്‍ഹിന്നോം താഴ്‌വരയില്‍ ബാലിന്റെ പൂജാഗിരികള്‍ നിര്‍മ്മിച്ചു. ഇതു ഞാനവരോടു കല്പിച്ചതല്ല. ഈ മ്ലേച്ഛപ്രവൃത്തിവഴി യൂദായെക്കൊണ്ടു പാപംചെയ്യിക്കണമെന്ന ചിന്ത എന്റെ മനസ്സിലുദിച്ചതുപോലുമില്ല.
36: യുദ്ധം, ക്ഷാമം, പകര്‍ച്ചവ്യാധി എന്നിവയാല്‍ ബാബിലോണ്‍രാജാവിന്റെ കൈയിലേല്പിക്കപ്പെടും എന്നു നിങ്ങള്‍ പറഞ്ഞ ഈ നഗരത്തെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
37: ഞാന്‍ ഉഗ്രകോപത്താല്‍ അവരെച്ചിതറിച്ച ദേശങ്ങളില്‍നിന്നെല്ലാം അവരെ ഒരുമിച്ചു കൂട്ടിക്കൊണ്ടുവരും. ഞാനവരെ സുരക്ഷിതരാക്കും.
38: അവര്‍ എന്റെ ജനവും ഞാനവരുടെ ദൈവവുമായിരിക്കും.
39: അവര്‍ക്കും അവരുടെ കാലശേഷം അവരുടെ സന്തതികള്‍ക്കും നന്മ വരുത്തുന്നതിന് അവരെന്നേയ്ക്കും എന്നെ ഭയപ്പെടേണ്ടതിനു ഞാനവര്‍ക്ക് ഏകമനസ്സും ഏകമാര്‍ഗ്ഗവും നല്കും.
40: ഞാന്‍ അവരുമായി ശാശ്വതമായ ഒരുടമ്പടിയുണ്ടാക്കും; അവര്‍ക്കു നന്മ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍നിന്നു പിന്തിരിയാതിരിക്കാന്‍ എന്നോടുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തില്‍ നിക്ഷേപിക്കും.
41: അവര്‍ക്കു നന്മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ ഞാനവരെ ഈ ദേശത്തു നട്ടുവളര്‍ത്തും.
42: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്റെമേല്‍ വലിയ അനര്‍ത്ഥങ്ങള്‍ വരുത്തി. അതുപോലെതന്നെ അവര്‍ക്കു വാഗ്ദാനംചെയ്തിരിക്കുന്ന നന്മകളും ഞാനവരുടെമേല്‍ വര്‍ഷിക്കും.
43: മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്‍ദായരുടെ കൈകളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നുവെന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത് അവര്‍ നിലങ്ങള്‍ വാങ്ങും.
44: അവര്‍ ബഞ്ചമിന്‍ദേശത്തും ജറുസലെമിനുചുറ്റുമുള്ള സ്ഥലങ്ങളിലും യൂദായിലും മലമ്പ്രദേശത്തും താഴ്‌വരയിലും നെഗെബിലുമുള്ള പട്ടണങ്ങളിലും നിലങ്ങള്‍ വിലയ്ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച്, സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കും. ഞാനവര്‍ക്കു വീണ്ടും ഐശ്വര്യം നല്‍കും - കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 33

വീണ്ടും വാഗ്ദാനം
1: ജറെമിയാ തടവിലായിരിക്കുമ്പോള്‍ കര്‍ത്താവു വീണ്ടും അവനോടരുളിച്ചെയ്തു.
2: ഭൂമിയെ സൃഷ്ടിക്കുകയും അതിനെ രൂപപ്പെടുത്തിയുറപ്പിക്കുകയുംചെയ്ത കര്‍ത്താവ് - അവിടുത്തെനാമം കര്‍ത്താവെന്നാണ് - അരുളിച്ചെയ്യുന്നു:
3: എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
4: ഉപരോധദുര്‍ഗ്ഗങ്ങളെയും വാളിനെയും ചെറുക്കാന്‍ ഈ നഗരത്തില്‍നിന്നു പൊളിച്ചെടുത്ത വീടുകളെയും യൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
5: കല്‍ദായരെ എതിര്‍ക്കുന്നവര്‍ തങ്ങളുടെ വീടുകള്‍ ശവശരീരങ്ങള്‍കൊണ്ടു നിറയ്ക്കുകയായിരിക്കും ചെയ്യുക. കോപത്താലും ക്രോധത്താലും ഞാന്‍തന്നെ അവരെ അരിഞ്ഞുവീഴ്ത്തും. എന്തെന്നാല്‍, അവരുടെ അകൃത്യങ്ങള്‍നിമിത്തം ഞാനീ നഗരത്തില്‍നിന്നും മുഖംമറച്ചിരിക്കുന്നു.
6: ഞാനവര്‍ക്കു സമാധാനവും ഭദ്രതയും സമൃദ്ധമായി കൊടുക്കും.
7: യൂദായ്ക്കും ഇസ്രായേലിനും ഞാന്‍ ഐശ്വര്യം തിരിച്ചുനല്കും; പൂര്‍വ്വസ്ഥിതിയില്‍ അവരെ ഞാന്‍ പണിതുയര്‍ത്തും.
8: എനിക്കെതിരായി ചെയ്ത എല്ലാ പാപങ്ങളിലുംനിന്നു ഞാനവരെ ശുദ്ധീകരിക്കും. അവരെന്നോടു മറുതലിച്ചുചെയ്ത അകൃത്യങ്ങളെല്ലാം ഞാന്‍ ക്ഷമിക്കും.
9: ഞാന്‍ ജറുസലെമിനു ചെയ്യാനിരിക്കുന്ന നന്മകളെക്കുറിച്ചു കേള്‍ക്കുന്ന ഭൂമിയിലെ സകല ജനതകളുടെയും മുമ്പാകെ ഈ നഗരം എനിക്കു സന്തോഷത്തിനും സ്തുതിക്കും മഹത്വത്തിനും കാരണമാകും. ഞാന്‍ അതിനു നല്കന്ന സകലനന്മകളും സമൃദ്ധിയുംകണ്ട് അവര്‍ ഭയന്നുവിറയ്ക്കും.
10: കര്‍ത്താവരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവുമില്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത്, യൂദാനഗരങ്ങളിലും മനുഷ്യരോ മൃഗങ്ങളോ സഞ്ചരിക്കാത്ത വിജനമായ ജറുസലെം തെരുവീഥികളിലും
11: വീണ്ടും സന്തോഷധ്വനികളും ആനന്ദഘോഷവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും സൈന്യങ്ങളുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍, അവിടുന്നു നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണെന്നു പാടിക്കൊണ്ടു കര്‍ത്താവിന്റെ ആലയത്തിലേക്കു കൃതജ്ഞതാബലി കൊണ്ടുവരുന്നവരുടെ ആരവവും ഇനിയും മാറ്റൊലിക്കൊള്ളും. ഞാന്‍ ദേശത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും.
12: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന ഈ ദേശത്തും ഇതിന്റെ എല്ലാ നഗരങ്ങളിലും ആടുമേയ്ക്കുന്ന ഇടയന്മാരുടെ കൂടാരങ്ങള്‍ വീണ്ടുമുണ്ടാകും.
13: മലമ്പ്രദേശത്തും താഴ്‌വരയിലും നെഗെബിലുമുള്ള പട്ടണങ്ങളിലും ബഞ്ചമിന്‍ദേശത്തും ജറുസലെമിന്റെ പ്രാന്തപ്രദേശങ്ങളിലും യൂദായുടെ പട്ടണങ്ങളിലും ഇടയന്മാര്‍ ആടുകളെയെണ്ണുന്ന കാലം വീണ്ടുംവരും - കര്‍ത്താവരുളിച്ചെയ്യുന്നു.
14: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ചെയ്ത വാഗ്ദാനം നിറവേറ്റുന്നദിവസം ഇതാ, സമീപിച്ചിരിക്കുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു.
15: ആ നാളില്‍ ആ സമയത്ത്, ദാവീദിന്റെ ഭവനത്തില്‍നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും.
16: അപ്പോള്‍ യൂദാ രക്ഷിക്കപ്പെടുകയും ജറുസലെം ഭദ്രമായിരിക്കുകയും ചെയ്യും. നമ്മുടെ നീതികര്‍ത്താവെന്നു വിളിക്കപ്പെടും.
17: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാന്‍ ദാവീദിന്റെ ഒരു സന്തതി എന്നുമുണ്ടായിരിക്കും.
18: എന്റെ സന്നിധിയില്‍ ദഹനബലിയും ധാന്യബലിയും അനുദിനബലികളുമര്‍പ്പിക്കാന്‍ ലേവ്യപുരോഹിതനുമുണ്ടായിരിക്കും.
19: ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
20: കര്‍ത്താവരുളിച്ചെയ്യുന്നു: പകലും രാത്രിയും ഇല്ലാതാകത്തക്കവിധം പകലിനോടും രാത്രിയോടുമുള്ള എന്റെ ഉടമ്പടി ലംഘിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍മാത്രമേ,
21: എന്റെ ദാസനായ ദാവീദിനോടും എന്റെ ശുശ്രൂഷകരായ ലേവ്യരോടുമുള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടുകയുള്ളു; അപ്പോള്‍മാത്രമേ തന്റെ സിംഹാസനത്തിലിരുന്നു ഭരിക്കാന്‍ ദാവീദിനൊരു സന്തതിയില്ലാതെവരുകയുള്ളു.
22: ആകാശത്തിലെ നക്ഷത്രങ്ങള്‍ എണ്ണമറ്റവയും കടല്‍പ്പുറത്തെ മണല്‍ത്തരികള്‍ അളവില്ലാത്തവയുമായിരിക്കുന്നതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതികളെയും എന്നെ ശുശ്രൂഷിക്കുന്ന ലേവ്യപുരോഹിതന്മാരെയും ഞാന്‍ വര്‍ദ്ധിപ്പിക്കും.
23: കര്‍ത്താവു ജറെമിയായോടരുളിച്ചെയ്തു:
24: താന്‍ തിരഞ്ഞെടുത്ത ഇരുഭവനങ്ങളെയും കര്‍ത്താവു പരിത്യജിച്ചിരിക്കുന്നുവെന്ന് ഈ ജനതകള്‍ പറയുന്നതു നീ കേള്‍ക്കുന്നില്ലേ? അവര്‍, എന്റെ ജനത്തെയവഹേളിക്കുന്നു; എന്റെ ജനത്തെ ഒരു ജനതയായി അവര്‍ പരിഗണിക്കുന്നതേയില്ല.
25: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ പകലിനോടും രാത്രിയോടും ഉടമ്പടിചെയ്തിട്ടില്ലെങ്കില്‍, ആകാശത്തിനും ഭൂമിക്കും നിയമം നല്കിയിട്ടില്ലെങ്കില്‍മാത്രമേ
26: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളെ ഭരിക്കാന്‍ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ തിരഞ്ഞെടുക്കാതെ ഉപേക്ഷിക്കുകയുള്ളു. ഞാനവര്‍ക്കു വീണ്ടും ഐശ്വര്യംനല്കുകയും അവരുടെമേല്‍ കരുണചൊരിയുകയും ചെയ്യും.

അദ്ധ്യായം 34

സെദെക്കിയായ്ക്കു സന്ദേശം
1: ബാബിലോണ്‍രാജാവു നബുക്കദ്‌നേസറും അവന്റെ സകലസൈന്യവും ഭൂമിയില്‍ അവന്റെ ആധിപത്യത്തിന്‍കീഴിലുള്ള സകലരാജ്യങ്ങളും ജനതകളും ജറുസലെമിനും അതിലെ നഗരങ്ങള്‍ക്കുമെതിരായി യുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
2: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാരാജാവായ സെദെക്കിയായോടു ചെന്നുപറയുക, ഈ നഗരം ബാബിലോണ്‍രാജാവിന്റെ കരങ്ങളില്‍ ഞാനേല്പിക്കും. അവനത്, അഗ്നിക്കിരയാക്കുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു:
3: നീ രക്ഷപെടുകയില്ല; പിടിക്കപ്പെടും; അവന്റെ കൈകളില്‍ ഏല്പിക്കപ്പെടുകതന്നെ ചെയ്യും. നിനക്കു ബാബിലോണ്‍ രാജാവിന്റെമുമ്പില്‍ നില്‍ക്കേണ്ടിവരും. നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകും.
4: എങ്കിലും യൂദാരാജാവായ സെദെക്കിയാ, നീ കര്‍ത്താവിന്റെ വചനം കേള്‍ക്കുക, കര്‍ത്താവു നിന്നെക്കുറിച്ച് അരുളിച്ചെയ്യുന്നു: നീ വാളിനിരയാവുകയില്ല. നീ സമാധാനത്തോടെ മരിക്കും.
5: നിനക്കു മുമ്പു രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാര്‍ക്കുവേണ്ടി ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങള്‍ നിനക്കുവേണ്ടിയും കത്തിക്കും. ഹാ! ഞങ്ങളുടെ പ്രഭു എന്നു പറഞ്ഞ്, അവര്‍ നിന്നെയോര്‍ത്തു വിലപിക്കും. ഞാനാണിതു പറയുന്നത്- കര്‍ത്താവരുളിച്ചെയ്യുന്നു.
6: ജറെമിയാപ്രവാചകന്‍ ജറുസലെമില്‍വച്ച് യൂദാരാജാവായ സെദെക്കിയായോട് ഇതു പറഞ്ഞു.
7: അന്നു ബാബിലോണ്‍രാജാവു ജറുസലെമിനും യൂദായില്‍ അവശേഷിച്ചിരുന്ന ലാഖിഷ്, അസേക്കാ എന്നീ നഗരങ്ങള്‍ക്കുമെതിരേ യുദ്ധംചെയ്യുകയായിരുന്നു. ഇവ മാത്രമായിരുന്നു യൂദായിലവശേഷിച്ച ഉറപ്പുള്ള നഗരങ്ങള്‍.
8: തങ്ങളുടെ ഹെബ്രായദാസന്മാരെയും ദാസിമാരെയും
സ്വതന്ത്രരാക്കുമെന്ന് ഒരു വിളംബരം പുറപ്പെടുവിക്കാന്‍ സെദെക്കിയാരാജാവു ജറുസലെമിലെ ജനങ്ങളുമായി ഒരുടമ്പടി ചെയ്തു. 
9: ആരും തന്റെ യഹൂദസഹോദരനെ അടിമയാക്കാതിരിക്കാനായിരുന്നു അത്. അതിനുശേഷം ജറെമിയായ്ക്കു കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി.
10: ഉടമ്പടിയില്‍ ഒപ്പുവച്ച ജനവും ജനനേതാക്കളും തങ്ങളുടെ ദാസീദാസന്മാരെ അടിമകളായി വച്ചുകൊണ്ടിരിക്കാതെ സ്വതന്ത്രരാക്കിക്കൊള്ളാമെന്നു സമ്മതിച്ചു; അതനുസരിച്ച് അടിമകള്‍ക്കു സ്വാതന്ത്ര്യം നല്കി.
11: പിന്നീടവര്‍ മനസ്സുമാറ്റി; സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ വീണ്ടും അടിമകളാക്കി.
12: അപ്പോള്‍ കര്‍ത്താവു ജറെമിയായോടരുളിച്ചെയ്തു.
13: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരെ ദാസ്യഭവനമായ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന ദിവസം അവരുമായി ഞാന്‍ ഒരുടമ്പടി ചെയ്തു.
14: തന്നെത്താന്‍ വിറ്റു നിനക്കടിമയാവുകയും ആറുവര്‍ഷം നിന്നെ സേവിക്കുകയും ചെയ്ത ഇസ്രായേല്‍സഹോദരനെ ഏഴാം വര്‍ഷം സ്വതന്ത്രനായി വിട്ടയയ്ക്കണം. എന്നാല്‍ നിങ്ങളുടെ പിതാക്കന്മാര്‍ എന്റെ വാക്കു കേള്‍ക്കുകയോ എന്റെ കല്പനയനുസരിക്കുകയോ ചെയ്തില്ല.
15: അടുത്ത കാലത്ത്, നിങ്ങൾ അനുതപിച്ച്, സഹോദരര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്റെ സന്നിധിയില്‍, എന്റെ നാമംവഹിക്കുന്ന ആലയത്തില്‍വച്ച് നിങ്ങള്‍ ഒരുടമ്പടി ചെയ്തു. അതെനിക്കു പ്രീതികരമായ പ്രവൃത്തിയായിരുന്നു.
16: എന്നാല്‍ നിങ്ങള്‍ വീണ്ടും മനസ്സുമാറ്റി; നിങ്ങള്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ പിന്നെയും അടിമകളാക്കിക്കൊണ്ട് എന്റെ നാമത്തിനു കളങ്കംവരുത്തി.
17: ആകയാല്‍ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ കല്പന ധിക്കരിച്ചു. നിങ്ങള്‍ സഹോദരനും അയല്‍ക്കാരനും സ്വാതന്ത്ര്യംനല്കിയില്ല. ഇതാ, ഞാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. വാളിനും ക്ഷാമത്തിനും പകര്‍ച്ചവ്യാധിക്കുമിരയാകാനുള്ള സ്വാതന്ത്ര്യം! നിങ്ങള്‍ ഭൂമിയിലെ സകലജനതകളുടെയും ദൃഷ്ടിയില്‍ ബീഭത്സവസ്തുവായിത്തീരും.
18: കര്‍ത്താവരുളിച്ചെയ്യുന്നു: കാളക്കുട്ടിയെ വെട്ടിപ്പിളര്‍ന്ന്, ആ പിളര്‍പ്പിനിടയിലൂടെ കടന്ന്, എന്നോടുചെയ്ത ഉടമ്പടി ലംഘിച്ചവരെ, ഉടമ്പടിയുടെ നിബന്ധനകള്‍ പാലിക്കാത്തവരെ, ഞാന്‍ ആ കാളക്കുട്ടിയെപ്പോലെയാക്കും.
19: കാളക്കുട്ടിയുടെ പിളര്‍പ്പിനിടയിലൂടെ കടന്നുപോയ യൂദാപ്രഭുക്കളെയും ജറുസലെം നേതാക്കളെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തെ സകലജനത്തെയും അവരുടെ ജീവന്‍ വേട്ടയാടുന്ന ശത്രുക്കളുടെ കൈകളില്‍ ഞാനേല്പിക്കും. 
20: അവരുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമാകും.
21: യൂദാരാജാവായ സെദെക്കിയായെയും അവന്റെ പ്രഭുക്കന്മാരെയും അവരെ കൊല്ലാന്‍ശ്രമിക്കുന്ന ശത്രുക്കളുടെ കൈകളില്‍ ഞാനേല്പിക്കും. അവരെ, നിങ്ങളില്‍നിന്നു പിന്‍വാങ്ങിയ ബാബിലോണ്‍രാജാവിന്റെ സൈന്യങ്ങളുടെ കൈയില്‍ ഞാനേല്പിച്ചുകൊടുക്കും.
22: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ കല്പനയാല്‍ അവരെ ഈ പട്ടണത്തിലേക്കു ഞാന്‍ തിരിച്ചുകൊണ്ടുവരും. അവര്‍ വന്നു യുദ്ധംചെയ്ത്, ഈ നഗരം കീഴടക്കി അഗ്നിക്കിരയാക്കും. യൂദായിലെ നഗരങ്ങളെ ഞാന്‍ മരുഭൂമിക്കു തുല്യം ശൂന്യമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ