ഇരുനൂറ്റിയിരുപത്തിമൂന്നാം ദിവസം: ജറെമിയ 18 - 21


അദ്ധ്യായം 18

കുശവന്റെ വീട്ടില്‍
1: കര്‍ത്താവു ജറെമിയായോട് അരുളിച്ചെയ്തു:
2: നീയെഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.
3: ഞാനവിടെച്ചെല്ലുമ്പോള്‍ അവന്‍ ചക്രത്തിന്മേല്‍ പണിചെയ്യുകയായിരുന്നു.
4: കുശവന്‍ കളിമണ്ണുകൊണ്ടുണ്ടാക്കിക്കൊണ്ടിരുന്ന പാത്രം, ചിലപ്പോള്‍ ശരിയാകാതെപോകും. അപ്പോളവന്‍ അതുകൊണ്ടു വീണ്ടും തനിക്കിഷ്ടമുള്ള രൂപത്തില്‍ മെനയും.
5: അപ്പോള്‍ കര്‍ത്താവെന്നോടരുളിച്ചെയ്തു:
6: ഇസ്രായേല്‍ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കര്‍ത്താവു ചോദിക്കുന്നു. ഇസ്രായേല്‍ഭവനമേ, കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയില്‍ നിങ്ങള്‍.
7: ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ ഉന്മൂലനംചെയ്യുമെന്നും തകര്‍ത്തു നശിപ്പിക്കുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ,
8: ആ ജനത, തിന്മയില്‍നിന്നു പിന്തിരിഞ്ഞാല്‍ അതിനോടു ചെയ്യാനുദ്ദേശിച്ചിരുന്ന വിനാശത്തെക്കുറിച്ചു ഞാനനുതപിക്കും.
9: ഏതെങ്കിലുമൊരു ജനതയെയോ ഒരു രാജ്യത്തെയോ പടുത്തുയര്‍ത്തുമെന്നും നട്ടുവളര്‍ത്തുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ,
10: ആ ജനത, എന്റെ വാക്കു ചെവിക്കൊള്ളാതെ എന്റെ മുമ്പില്‍ തിന്മപ്രവര്‍ത്തിക്കുകയാണെങ്കില്‍, അതിനോടു പ്രകടിപ്പിക്കാനുദ്ദേശിച്ചിരുന്ന നന്മയെക്കുറിച്ചും ഞാനനുതപിക്കും.
11: അതുകൊണ്ട്, യൂദായിലെ ആളുകളോടും ജറുസലെംനിവാസികളോടും പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരേ അനര്‍ത്ഥം കരുപ്പിടിപ്പിക്കുന്നു; നിങ്ങള്‍ക്കെതിരേ ഒരു പദ്ധതി നിനച്ചിരിക്കുന്നു. ഓരോരുത്തനും അവനവന്റെ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു പിന്‍തിരിയട്ടെ. നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിന്‍.
12: എന്നാല്‍ അവര്‍ പറയുന്നു: ഇതെല്ലാം വ്യര്‍ത്ഥമാണ്; ഞങ്ങള്‍ക്കു തോന്നുന്നതു ചെയ്യും. ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയ്ക്കൊത്തു പ്രവര്‍ത്തിക്കും.

ജനം കര്‍ത്താവിനെ പരിത്യജിക്കുന്നു
13: അതുകൊണ്ട്, കര്‍ത്താവരുളിച്ചെയ്യുന്നു: ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന് ജനതകളുടെയിടയിൽ ആരായുവിന്‍. ഇസ്രായേല്‍കന്യക അതിഭീകരമായ കൃത്യം ചെയ്തിരിക്കുന്നു.
14: ലബനോനിലെ മഞ്ഞ്, ഉയര്‍ന്ന പാറയിടുക്കുകളില്‍നിന്നു മായുമോ? പര്‍വ്വതത്തില്‍നിന്നുള്ള ശീതജലപ്രവാഹം വറ്റിപ്പോകുമോ?
15: എന്നിട്ടുമെന്റെ ജനം എന്നെ മറന്നുകളഞ്ഞു. വ്യര്‍ത്ഥതകള്‍ക്ക് അവര്‍ ധൂപാര്‍ച്ചന നടത്തുന്നു. അവര്‍ തങ്ങളുടെ പുരാതനപാതകളില്‍ കാലിടറി വീണു; രാജവീഥിവിട്ട് ഊടുവഴികളില്‍ അവര്‍ നടന്നു;
16: അവര്‍ തങ്ങളുടെ നാടിനെ ശൂന്യവും എന്നേയ്ക്കും പരിഹാസപാത്രവുമാക്കി. അതിലേ കടന്നുപോകുന്നവര്‍ അന്ധാളിച്ചു തലകുലുക്കുന്നു.
17: കിഴക്കന്‍ കാറ്റിലെന്നപോലെ ഞാനവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിക്കും. അവരുടെ അനര്‍ത്ഥത്തിന്റെ നാളില്‍ അവരുടെനേര്‍ക്കു മുഖമല്ല, പുറമാണു ഞാന്‍ തിരിക്കുക.

പ്രതികാരത്തിനായി പ്രാര്‍ത്ഥന
18: അപ്പോള്‍ അവര്‍ പറഞ്ഞു: വരുവിന്‍, നമുക്കു ജറെമിയായ്ക്കെതിരേ ഗൂഢാലോചനനടത്താം. എന്തെന്നാല്‍, പുരോഹിതനില്‍നിന്നു നിയമോപദേശവും ജ്ഞാനിയില്‍നിന്ന് ആലോചനയും പ്രവാചകനില്‍നിന്നു വചനവും നശിച്ചുപോവുകയില്ല. വരുവിന്‍, നമുക്കവനെ നാവുകൊണ്ടു തകര്‍ക്കാം; അവന്റെ വാക്കുകള്‍ക്കു ചെവികൊടുക്കുകയുംവേണ്ടാ.
19: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എന്റെ ശത്രുക്കള്‍ പറയുന്നതു ശ്രദ്ധിക്കണമേ.
20: നന്മയ്ക്കു പ്രതിഫലം തിന്മയോ? അവര്‍ എന്റെ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലതുപറയാനും അങ്ങയുടെ കോപം അവരില്‍നിന്നകറ്റാനും ഞാനങ്ങയുടെമുമ്പില്‍ നിന്നതോര്‍ക്കണമേ.
21: അതുകൊണ്ട് അവരുടെ മക്കളെ പട്ടിണിക്കിരയാക്കണമേ; വാളിന്റെ വായ്ത്തലയ്ക്ക് അവരെയേല്‍പ്പിച്ചുകൊടുക്കണമേ. അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; പുരുഷന്മാര്‍ മഹാമാരി ബാധിച്ചു മരിക്കട്ടെ; യുവജനങ്ങള്‍ യുദ്ധത്തില്‍ വാളിനിരയാകട്ടെ.
22: അങ്ങു മുന്നറിയിപ്പുകൂടാതെ അവരുടെമേല്‍ കവര്‍ച്ചക്കാരെക്കൊണ്ടുവരണമേ; അവരുടെ വീടുകളില്‍നിന്ന് ആര്‍ത്തനാദമുയരട്ടെ. എന്തെന്നാല്‍, എന്നെപ്പിടിക്കാന്‍ അവര്‍ കുഴികുഴിച്ചു; എന്റെ കാലുകള്‍ക്ക് അവര്‍ കെണിവച്ചു.
23: കര്‍ത്താവേ, എന്നെ വധിക്കാനുള്ള അവരുടെ ആലോചന അങ്ങറിയുന്നു; അവരുടെ അകൃത്യം പൊറുക്കരുതേ. അവരുടെ പാപം അവിടുത്തെ മുമ്പില്‍നിന്നു മായിച്ചുകളയരുതേ. അങ്ങയുടെമുമ്പില്‍ അവര്‍ മറിഞ്ഞുവീഴട്ടെ. അങ്ങയുടെ ക്രോധത്തിന്റെ നാളില്‍ അവരെ നശിപ്പിക്കണമേ.


അദ്ധ്യായം 19

ഉടഞ്ഞ മണ്‍കലം
1: കര്‍ത്താവരുളിച്ചെയ്തു: നീ പോയി, കുശവനോട് ഒരു മണ്‍കലം വിലയ്ക്കു വാങ്ങുക. ജനപ്രമാണികളില്‍നിന്നും പുരോഹിതശ്രേഷ്ഠരില്‍നിന്നും കുറച്ചുപേരെ കൂട്ടിക്കൊണ്ട്,
2: കലക്കഷണക്കവാടം കടന്ന്, ബന്‍ഹിന്നോം താഴ്‌വരയില്‍ച്ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ നീ പ്രഘോഷിക്കുക.
3: നീ പറയണം: യൂദാരാജാക്കന്മാരേ, ജറുസലെംനിവാസികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈ സ്ഥലത്ത് അനര്‍ത്ഥം വര്‍ഷിക്കാന്‍പോകുന്നു, കേള്‍ക്കുന്ന ഏതൊരുവന്റെയും ചെവി തരിപ്പിക്കുന്ന അനര്‍ത്ഥം.
4: എന്തെന്നാല്‍, ജനമെന്നെയുപേക്ഷിച്ചു. അവര്‍ ഈ സ്ഥലമശുദ്ധമാക്കി. അവരോ അവരുടെ പിതാക്കന്മാരോ യൂദാ രാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്ക് അവരിവിടെ ധൂപമര്‍പ്പിച്ചു. നിഷ്കളങ്കരക്തംകൊണ്ട് ഈ സ്ഥലമവര്‍ നിറച്ചു.
5: ബാലിനു ദഹനബലിയായി തങ്ങളുടെ മക്കളെ അഗ്നിയില്‍ ഹോമിക്കാന്‍വേണ്ടി, അവര്‍ പൂജാഗിരികള്‍ പണിതു. അങ്ങനെചെയ്യാന്‍ ഞാന്‍ കല്പിക്കുകയോ വിധിക്കുകയോചെയ്തിട്ടില്ല. അങ്ങനെയൊന്നിനെക്കുറിച്ചു ഞാന്‍ ചിന്തിക്കുകപോലും ചെയ്തില്ല.
6: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ സ്ഥലം തോഫെത് എന്നോ ബന്‍ഹിന്നോം താഴ്‌വരയെന്നോ വിളിക്കപ്പെടാത്ത ദിനങ്ങള്‍ വരുന്നു. കൊലയുടെ താഴ്‌വര എന്നായിരിക്കും അതു വിളിക്കപ്പെടുക.
7: യൂദായുടെയും ജറുസലെമിന്റെയും പദ്ധതികള്‍ ഈ സ്ഥലത്തുവച്ചു ഞാന്‍ പരാജയപ്പെടുത്തും. അവയില്‍, ജനങ്ങള്‍ ശത്രുക്കളുടെ വാളിനിരയാകും. അവരെ വേട്ടയാടുന്നവര്‍ അവരെ വെട്ടിവീഴ്ത്തും. അവരുടെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമായി ഞാന്‍ നല്കും.
8: ഈ നഗരത്തെ ഞാന്‍ ഭീകരവും അവജ്ഞാപാത്രവുമാക്കും; സമീപത്തുകൂടെ കടന്നുപോകുന്നവര്‍ അതിന്റെ കെടുതികള്‍കണ്ടു ഭയപ്പെടുകയും വിസ്മയിച്ചു ചൂളംവിളിക്കുകയും ചെയ്യും.
9: അവരുടെ ജീവനെത്തേടുന്ന ശത്രുക്കള്‍ അവരെ വളയുകയും ഞെരുക്കുകയുംചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരുടെയും അയല്‍ക്കാരന്റെയും മാംസം ഭക്ഷിക്കാന്‍ ഞാനിടവരുത്തും.
10: ഇതു പറഞ്ഞിട്ടു നിന്റെകൂടെ പോന്നവര്‍കാണ്‍കേ കലമുടയ്ക്കുക.
11: എന്നിട്ടവരോടു പറയണം, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്തവിധം കുശവന്റെ കലം തകര്‍ന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാന്‍ തകര്‍ക്കും. വേറെ ഇടമില്ലാത്തതിനാല്‍ തോഫെത്തില്‍ അവരെ മറവുചെയ്യും.
12: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാനിപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാന്‍ തോഫെത്തിനു തുല്യമാക്കും.
13: ജറുസലെമിലെ ഭവനങ്ങളും യൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളും തോഫെത്‌പോലെ മലിനമാക്കപ്പെടും. ഈ ഭവനങ്ങളുടെ മേല്‍പ്പുരകളില്‍ ആകാശശക്തികള്‍ക്കു ധൂപാര്‍ച്ചനയും അന്യദേവന്മാര്‍ക്കു പാനീയബലിയുംനടത്തിയിരുന്നു.
14: തോഫെത്തില്‍ പ്രവചിക്കാന്‍ ദൈവമയച്ച ജറെമിയാ അവിടെനിന്നു മടങ്ങി. ദേവാലയാങ്കണത്തില്‍നിന്നുകൊണ്ട് അവന്‍ സകലരോടുമായി പറഞ്ഞു:
15: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പ്രഖ്യാപിച്ച എല്ലാ അനര്‍ത്ഥങ്ങളും ഈ നഗരത്തിന്മേലും ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്‍മേലും ഞാന്‍ വരുത്താന്‍ പോകുന്നു. എന്തെന്നാല്‍, അവര്‍ തങ്ങളുടെ ഹൃദയം കഠിനമാക്കുകയും എന്റെ വാക്കു നിരസിക്കുകയും ചെയ്തിരിക്കുന്നു.


അദ്ധ്യായം 20

പാഷൂറുമായി വിവാദം
1: ഇമ്മെറിന്റെ മകനും ദേവാലയത്തിലെ പ്രധാന മേല്‍വിചാരിപ്പുകാരനുമായ പാഷൂര്‍ എന്ന പുരോഹിതന്‍, ജറെമിയാ പ്രവചിക്കുന്നതു കേട്ടു.
2: അവന്‍ ജറെമിയാ പ്രവാചകനെ അടിച്ചിട്ട്, ദേവാലയത്തിലേക്കുള്ള, മുകളിലെ ബഞ്ചമിന്‍കവാടത്തില്‍ ഒരു മുക്കാലിയില്‍ കെട്ടിയിട്ടു.
3: പിറ്റേദിവസം പാഷൂര്‍ ജറെമിയായെ അഴിച്ചുവിട്ടു. അപ്പോള്‍ ജറെമിയാ അവനോടു പറഞ്ഞു: കര്‍ത്താവു നിന്നെ വിളിക്കുന്നതു പാഷൂര്‍ എന്നല്ല, സര്‍വ്വത്രഭീതി എന്നാണ്.
4: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിനക്കുതന്നെയും നിന്റെ സകല സുഹൃത്തുക്കള്‍ക്കും ഭീതിയാക്കിത്തീര്‍ക്കും. നിന്റെ കണ്‍മുമ്പില്‍വച്ച് അവര്‍ ശത്രുക്കളുടെ വാളിനിരയാകും. യൂദാ മുഴുവനെയും ഞാന്‍ ബാബിലോണ്‍ രാജാവിന്റെ കൈകളിലേല്പിക്കും. അവനവരെ തടവുകാരാക്കി, ബാബിലോണിലേക്കു കൊണ്ടുപോയി വാളുകൊണ്ടു വധിക്കും.
5: നഗരത്തിലെ സര്‍വ്വസമ്പത്തും ആദായവും വിലപിടിപ്പുള്ള സകല വസ്തുക്കളും യൂദാരാജാക്കന്മാരുടെ സമസ്ത നിക്ഷേപങ്ങളും അവരുടെ ശത്രുക്കള്‍ക്കു ഞാന്‍ കൊടുക്കും. ശത്രുക്കള്‍ അവ കൊള്ളയടിച്ചു ബാബിലോണിലേക്കു കൊണ്ടുപോകും.
6: പാഷൂര്‍, നീയും നിന്റെ കുടുംബവും ബാബിലോണിലേക്കു നാടുകടത്തപ്പെടും. അവിടെവച്ചു നീയും നിന്റെ വ്യാജപ്രവചനം ശ്രവിച്ച നിന്റെ കൂട്ടുകാരെല്ലാവരും മരിച്ചു മണ്ണടിയും.

ജറെമിയായുടെ പരാതി
7: കര്‍ത്താവേ, അങ്ങെന്നെ വഞ്ചിച്ചിരിക്കുന്നു; ഞാന്‍ വഞ്ചിതനായി. അങ്ങെന്നേക്കാള്‍ ശക്തനാണ്. അങ്ങു വിജയിച്ചിരിക്കുന്നു. ദിവസംമുഴുവന്‍ ഞാന്‍ പരിഹാസപാത്രമായി. എല്ലാവരും എന്നെയപഹസിക്കുന്നു.
8: വായ് തുറക്കുമ്പോഴൊക്കെ അക്രമം, നാശം എന്നാണു ഞാന്‍ വിളിച്ചുപറയുന്നത്. കര്‍ത്താവിന്റെ വചനമെനിക്ക് ഇടവിടാത്ത നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.
9: അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല, അവിടുത്തെനാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി, എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു; എനിക്കു സാധിക്കുന്നില്ല.
10: പലരും അടക്കംപറയുന്നതു ഞാന്‍ കേള്‍ക്കുന്നു: സര്‍വ്വത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക്, അവനെതിരേ കുറ്റാരോപണം നടത്താം. എന്റെ കൂട്ടുകാരായിരുന്നവര്‍ ഞാന്‍ വീഴുന്നതുകാണാന്‍ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോള്‍ നമുക്ക്, അവന്റെമേല്‍ വിജയംനേടാം; പ്രതികാരം നടത്തുകയുംചെയ്യാം.
11: എന്നാല്‍ വീരയോദ്ധാവിനെപ്പോലെ കര്‍ത്താവെന്റെ പക്ഷത്തുണ്ട്. അതിനാല്‍ എന്റെ പീഡകര്‍ക്കു കാലിടറും. അവര്‍ എന്റെമേല്‍ വിജയംവരിക്കുകയില്ല. വിജയിക്കാതെവരുമ്പോള്‍ അവര്‍ വല്ലാതെ ലജ്ജിക്കും. അവര്‍ക്കുണ്ടാകുന്ന നിത്യമായ അവമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.
12: സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ, അങ്ങവരോടു പ്രതികാരംചെയ്യുന്നതു കാണാന്‍ എന്നെയനുവദിക്കണമേ. അങ്ങിലാണല്ലോ ഞാന്‍ ആശ്രയിക്കുന്നത്.
13: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്തുതിക്കുവിന്‍. എന്തെന്നാല്‍, ദുഷ്ടരുടെ കൈയില്‍നിന്നു ദരിദ്രരുടെ ജീവനെ അവിടുന്നു രക്ഷിച്ചു.
14: ഞാന്‍ പിറന്ന ദിവസം ശപിക്കപ്പെട്ടതാകട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15: എന്റെ പിതാവിന്റെയടുക്കല്‍ച്ചെന്നു നിനക്കൊരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്തയറിയിച്ച്, അവനെ സന്തോഷിപ്പിച്ചവന്‍ ശപിക്കപ്പെട്ടവനാകട്ടെ.
16: കര്‍ത്താവു നിര്‍ദ്ദയം നശിപ്പിച്ച പട്ടണംപോലെയാകട്ടെ അവന്‍ . രാവിലെ നിലവിളിയും ഉച്ചയ്ക്കു പോര്‍വിളിയും അവനു കേള്‍ക്കാനിടവരട്ടെ.
17: എന്തുകൊണ്ടവന്‍ എന്നെ പിറക്കുന്നതിനുമുമ്പു കൊന്നില്ല? എന്റെ അമ്മയുടെ ഉദരം എന്നേയ്ക്കുമെന്റെ ശവകുടീരമാകുമായിരുന്നു.
18: എന്തിനാണു ഞാന്‍ ഉദരത്തില്‍നിന്നു പുറത്തുവന്നത്? അദ്ധ്വാനവും സങ്കടവും കാണാനോ? എന്റെ ദിനങ്ങള്‍ അവമാനത്തില്‍ കഴിച്ചുകൂട്ടുന്നതിനോ?


അദ്ധ്യായം 21

ജറുസലെം നശിപ്പിക്കപ്പെടും
1: സെദെക്കിയാരാജാവു മല്‍ക്കിയായുടെ മകനായ പാഷൂറിനെയും മാസെയായുടെ മകനായ പുരോഹിതന്‍ സെഫനിയായെയും ജറെമിയായുടെ അടുക്കലയച്ചു പറഞ്ഞു:
2: ഞങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടാരായുക. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ഞങ്ങളോടു യുദ്ധംചെയ്യുന്നു. കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതം പ്രവര്‍ത്തിച്ച് അവനെ പിന്തിരിപ്പിച്ചേക്കാം.
3: ജറെമിയാ അവരോടു പറഞ്ഞു: സെദെക്കിയായോടു പറയുക,
4: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെ ഉപരോധിച്ചുകൊണ്ടു നഗരഭിത്തികള്‍ക്കു പുറത്തുനില്‍ക്കുന്ന ബാബിലോണ്‍രാജാവിനോടും കല്‍ദായസൈന്യത്തോടും നിങ്ങള്‍ പൊരുതുകയാണല്ലോ. നിങ്ങള്‍ വഹിക്കുന്ന ആയുധങ്ങള്‍ ഞാന്‍ വാങ്ങി, നഗരമദ്ധ്യത്തില്‍ കൂമ്പാരംകൂട്ടും.
5: ഞാന്‍തന്നെ കരുത്തുറ്റ കരംനീട്ടി രോഷത്തോടെ, കോപത്തോടെ, ക്രോധത്തോടെ നിങ്ങളോടു യുദ്ധംചെയ്യും.
6: ഈ നഗരവാസികളെ ഞാന്‍ പ്രഹരിക്കും; മനുഷ്യരും മൃഗങ്ങളും മഹാമാരിയാല്‍ മരിക്കും.
7: അതിനുശേഷം ഞാന്‍ യൂദാരാജാവായ സെദെക്കിയായെയും, ദാസന്മാരെയും, പകര്‍ച്ചവ്യാധിയില്‍നിന്നും വാളില്‍നിന്നും പട്ടിണിയില്‍നിന്നും രക്ഷപ്പെട്ട നഗരവാസികളെയും, ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെയും അവരുടെ ശത്രുക്കളുടെയും അവരുടെ ജീവനെത്തേടുന്നവരുടെയും കൈകളില്‍ ഏല്പിച്ചുകൊടുക്കും. അവനവരെ വാളിനിരയാക്കും, ദയയോ ദാക്ഷിണ്യമോ അനുകമ്പയോ കാണിക്കുകയില്ല- കര്‍ത്താവരുളിച്ചെയ്യുന്നു.
8: ഈ ജനത്തോടു പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: ജീവന്റെയും മരണത്തിന്റെയും മാര്‍ഗ്ഗങ്ങളിതാ, നിങ്ങളുടെ മുമ്പില്‍ ഞാന്‍ വയ്ക്കുന്നു.
9: നഗരത്തില്‍ തങ്ങുന്നവന്‍ വാളാലും പട്ടിണിയാലും പകര്‍ച്ചവ്യാധിയാലും മരിക്കും. എന്നാല്‍, പുറത്തിറങ്ങി നിങ്ങളെ വളഞ്ഞിരിക്കുന്ന കല്‍ദായര്‍ക്കു കീഴടങ്ങുന്നവന്‍ ജീവിക്കും. യുദ്ധത്തിന്റെ സമ്മാനമെന്നനിലയില്‍ അവനു തന്റെ ജീവന്‍ കിട്ടും.
10: എന്തെന്നാല്‍, എന്റെ മുഖം ഈ നഗരത്തിനുനേരേ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടാണു ഞാന്‍ തിരിച്ചിരിക്കുന്നത് -കര്‍ത്താവരുളിച്ചെയ്യുന്നു. ബാബിലോണ്‍രാജാവിന്റെ കൈകളില്‍ അതേല്‍പ്പിക്കപ്പെടും. അവനത് അഗ്നിക്കിരയാക്കും.

രാജാക്കന്മാര്‍ക്കു ശിക്ഷ
11: യൂദാരാജാവിന്റെ ഭവനത്തോടു നീ പറയുക, കര്‍ത്താവിന്റെ വാക്കു കേട്ടുകൊള്ളുവിന്‍.
12: ദാവീദിന്റെ ഭവനമേ, കര്‍ത്താവരുളിച്ചെയ്യുന്നു: പ്രഭാതത്തില്‍ നീതി നിര്‍വ്വഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയില്‍നിന്നു രക്ഷിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം എന്റെ കോപം തീപോലെ കുതിച്ചുയരും. ആര്‍ക്കും ശമിപ്പിക്കാനാവാത്തവിധം അതാളിക്കത്തും.
13: സമതലമദ്ധ്യത്തില്‍, ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടില്‍, പാര്‍പ്പിടമുറപ്പിച്ചവരേ, ഞാന്‍ നിങ്ങള്‍ക്കെതിരാണ് - കര്‍ത്താവരുളിച്ചെയ്യുന്നു. ആരു ഞങ്ങള്‍ക്കെതിരേ വരും. ആരു ഞങ്ങളുടെ വാസസ്ഥലത്തു പ്രവേശിക്കും എന്നു നിങ്ങള്‍ ചോദിക്കുന്നു.
14: നിങ്ങളുടെ പ്രവൃത്തിക്കൊത്ത്, ഞാന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ വനത്തിനു ഞാന്‍ തീ കൊളുത്തും. അതു ചുറ്റുമുള്ളതെല്ലാം ദഹിപ്പിച്ചുകളയും - കര്‍ത്താവരുളിച്ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ