ഇരുനൂറ്റിമുപ്പത്തിയഞ്ചാംദിവസം: ബാറൂക്ക് 4 - 6

അദ്ധ്യായം 4

1: ദൈവകല്പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നുനില്‍ക്കുന്നവന്‍ ജീവിക്കും. അവളെയുപേക്ഷിക്കുന്നവന്‍ മരിക്കും. 
2: യാക്കോബേ, മടങ്ങിവന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക. 
3: നിന്റെ മഹത്വം അന്യനോ, നിന്റെ പ്രത്യേക അവകാശം വിദേശിക്കോ കൊടുക്കരുത്. ഇസ്രയേലേ, നമ്മള്‍ സന്തുഷ്ടരാണ്. 
4: എന്തെന്നാല്‍, ദൈവത്തിനു പ്രീതികരമായവയെന്തെന്ന്, നമുക്കറിയാം. 

ജറുസലെമിന്റെ യാതന 
5: ഇസ്രായേലിന്റെ സ്മാരകമേ, എന്റെ ജനമേ, ധൈര്യമായിരിക്കുക. 
6: നിങ്ങളെ ജനതകള്‍ക്കു വിറ്റതു നശിപ്പിക്കാനായിരുന്നില്ല. ദൈവത്തെ കോപിപ്പിച്ചതിനാലാണു നിങ്ങളെ ശത്രുകരങ്ങളിലേല്പിച്ചത്. 
7: ദൈവത്തിനുപകരം പിശാചുകള്‍ക്കു ബലിയര്‍പ്പിച്ചുകൊണ്ടു നിങ്ങളുടെ സ്രഷ്ടാവിനെ നിങ്ങള്‍ പ്രകോപിപ്പിച്ചു. 
8: നിങ്ങളെ പരിപാലിച്ച നിത്യനായ ദൈവത്തെ നിങ്ങള്‍ വിസ്മരിച്ചു. നിങ്ങളെ പോറ്റിയ ജറുസലെമിനെ നിങ്ങള്‍ വേദനയിലാഴ്ത്തി. 
9: ദൈവത്തില്‍ നിന്നു നിങ്ങളുടെ മേല്‍ നിപതിച്ച ക്രോധം കണ്ട് അവള്‍ പറഞ്ഞു: സീയോന്റെ അയല്‍വാസികളേ, ശ്രവിക്കുവിന്‍. ദൈവമെനിക്കു വലിയ സങ്കടം വരുത്തിയിരിക്കുന്നു. 
10: നിത്യനായവന്‍ എന്റെ പുത്രന്മാരുടെയും പുത്രിമാരുടെയുംമേല്‍ വരുത്തിയ അടിമത്തം ഞാന്‍ കണ്ടു. 
11: സന്തോഷത്തോടെ ഞാനവരെ വളര്‍ത്തി. എന്നാല്‍ ദുഃഖത്തോടും വിലാപത്തോടുംകൂടെ ഞാനവരെ പറഞ്ഞയച്ചു. 
12: അനേകം മക്കള്‍ നഷ്ടപ്പെട്ട വിധവയായ എന്നെക്കുറിച്ച് ആരും സന്തോഷിക്കാതിരിക്കട്ടെ. എന്റെ മക്കളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ ഏകാകിനിയായിത്തീര്‍ന്നു; അവര്‍ ദൈവത്തിന്റെ നിയമത്തില്‍നിന്നു വ്യതിചലിച്ചു. 
13: അവിടുത്തെ നിയമങ്ങളെ അവരാദരിച്ചില്ല. ദൈവകല്പനകളുടെ മാര്‍ഗ്ഗത്തില്‍ അവര്‍ ചരിച്ചില്ല. അവിടുത്തെ നീതിയുടെ ശിക്ഷണത്തിന്റെ പാത അവര്‍ പിന്‍ചെന്നില്ല. 
14: സീയോന്റെ അയല്‍ക്കാര്‍വന്ന്, എന്റെ പുത്രന്മാരുടെമേലും പുത്രിമാരുടെമേലും നിത്യനായവന്‍വരുത്തിയ അടിമത്തം കാണട്ടെ. 
15: അവിടുന്ന്, അവര്‍ക്കെതിരേ വിദേശത്തുനിന്ന് ഒരു ജനതയെ, നിര്‍ലജ്ജരും, അന്യഭാഷസംസാരിക്കുന്നവരും വൃദ്ധന്മാരോടു ബഹുമാനമോ ശിശുക്കളോടു കരുണയോ ഇല്ലാത്തവരുമായ ജനതയെ, കൊണ്ടുവന്നു. 
16: വിധവയുടെ പ്രിയപുത്രന്മാരെ അവര്‍ പിടിച്ചുകൊണ്ടുപോയി. പുത്രിമാരെ അപഹരിച്ച് എന്നെ ഏകാകിനിയാക്കി. 
17: നിങ്ങളെ സഹായിക്കാന്‍ എനിക്കെങ്ങനെ കഴിയും? 
18: നിങ്ങളുടെമേല്‍ ഈ നാശം വരുത്തിയവന്‍തന്നെ നിങ്ങളെ ശത്രുക്കളില്‍നിന്നു മോചിപ്പിക്കട്ടെ. എന്റെ മക്കളേ, പോകുവിന്‍. 
19: ഞാന്‍ ഏകാന്തതയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. 
20: ഞാന്‍ സമാധാനത്തിന്റെ അങ്കി മാറ്റി, യാചനയുടെ ചാക്കുടുത്തു. ജീവിതകാലംമുഴുവന്‍ ഞാന്‍ നിത്യനായവനോടു നിലവിളിക്കും. 

ജറുസലെമിനു പ്രതീക്ഷ 
21: എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ശത്രുകരങ്ങളില്‍നിന്നും അവരുടെ ശക്തിയില്‍നിന്നും അവിടുന്നു നിങ്ങളെ മോചിപ്പിക്കും. 
22: നിങ്ങളെ രക്ഷിക്കുമെന്ന പ്രത്യാശ ഞാന്‍ നിത്യനായവനിലര്‍പ്പിച്ചിരിക്കുന്നു. പരിശുദ്ധനായവനില്‍ നിന്ന് എനിക്കാനന്ദം കൈവന്നിരിക്കുന്നു, എന്തെന്നാല്‍, നിങ്ങളുടെ നിത്യരക്ഷകനില്‍ നിന്നു നിങ്ങള്‍ക്ക് ഉടന്‍ കാരുണ്യം ലഭിക്കും. 
23: ഞാന്‍ നിങ്ങളെ ദുഃഖത്തോടും വിലാപത്തോടുംകൂടെ അയച്ചു. ആഹ്ലാദത്തോടും സന്തോഷത്തോടുംകൂടെ എനിക്കു നിങ്ങളെ ദൈവം എന്നേയ്ക്കുമായി തിരികെ നല്‍കും. 
24: സീയോന്റെ അയല്‍ക്കാര്‍ നിങ്ങളുടെ അടിമത്തം ഇപ്പോള്‍ കണ്ടതുപോലെതന്നെ ദൈവം നിങ്ങള്‍ക്കു നല്‍കുന്ന രക്ഷ അവരുടന്‍ കാണും. മഹാപ്രതാപത്തോടും, നിത്യനായവന്റെ തേജസ്സോടുംകൂടെ അതു നിങ്ങള്‍ക്കു ലഭിക്കും. 
25: എന്റെ മക്കളേ, ദൈവത്തില്‍നിന്നു നിങ്ങളുടെമേല്‍ വന്ന ക്രോധം ക്ഷമാപൂര്‍വ്വം സഹിക്കുവിന്‍. നിങ്ങളുടെ ശത്രു നിങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അവരുടെ നാശം നിങ്ങളുടന്‍ കാണും. അവരുടെ കഴുത്തു നിങ്ങള്‍ ചവിട്ടിമെതിക്കും. 
26: എന്റെ പിഞ്ചോമനകള്‍ പരുപരുത്ത പാതയിലൂടെ സഞ്ചരിച്ചു; ആട്ടിന്‍കൂട്ടത്തെയെന്നപോലെ ശത്രുക്കളവരെയപഹരിച്ചു. 
27: എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ഇതു നിങ്ങളുടെമേല്‍വരുത്തിയ, അവിടുന്നു നിങ്ങളെ സ്മരിക്കും. 
28: ദൈവത്തില്‍നിന്നകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന്, അവിടുത്തെത്തേടുവിന്‍. 
29: എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ത്ഥങ്ങള്‍ വരുത്തിയവന്‍തന്നെ നിങ്ങള്‍ക്കു രക്ഷയും നിത്യാനന്ദവും നല്‍കും. 
30: ജറുസലെമേ, ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവന്‍തന്നെ നിനക്കാശ്വാസമരുളും. 
31: നിന്നെ പീഡിപ്പിച്ചവനും നിന്റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും. 
32: നിന്റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്റെ പുത്രന്മാരെ വാങ്ങിയ നഗരവും 
33: നിന്റെ പതനത്തില്‍ സന്തോഷിക്കുകയും നിന്റെ നാശത്തില്‍ ആഹ്ലാദിക്കുകയുംചെയ്തതുപോലെ അവള്‍ സ്വന്തം നാശത്തില്‍ ദുഃഖിക്കും. 
34: ജനത്തിന്റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാനില്ലാതാക്കും. അവളുടെ ഗര്‍വ്വിനെ സന്താപമാക്കിത്തീര്‍ക്കും. 
35: നിത്യനായവനില്‍നിന്ന്, അവളുടെമേല്‍ വളരെക്കാലത്തേക്ക് അഗ്നിയിറങ്ങും. ദീര്‍ഘകാലത്തേക്കു പിശാചുക്കളവളില്‍ വസിക്കും. 
36: ജറുസലെമേ, കിഴക്കോട്ടു നോക്കുക. ദൈവത്തില്‍നിന്നു നിനക്കു ലഭിക്കുന്ന ആനന്ദം കണ്ടാലും. 
37: ഇതാ, നീ പറഞ്ഞയച്ച നിന്റെ സന്തതികള്‍ വരുന്നു. പരിശുദ്ധനായവന്റെ കല്പനയനുസരിച്ചു കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട അവര്‍, ദൈവമഹത്വത്തിലാനന്ദിച്ചുകൊണ്ട്, ഇതാ വരുന്നു.
 
അദ്ധ്യായം 5

1: ജറുസലെം, നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രംമാറ്റി ദൈവത്തില്‍നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായണിയുക. 
2: ദൈവത്തില്‍നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായവന്റെ മഹത്വത്തിന്റെ കിരീടം ശിരസ്സിലണിയുക. 
3: ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ്സു വെളിപ്പെടുത്തും. 
4: നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവുമെന്നു ദൈവം എന്നേക്കുമായി നിന്നെ പേരു വിളിക്കും. 
5: ജറുസലെം, ഉണരുക; ഉയരത്തില്‍നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവന്റെ കല്പനയനുസരിച്ച്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട നിന്റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതില്‍ അവരാനന്ദിക്കുന്നു. 
6: ശത്രുക്കള്‍ അവരെ നിന്നില്‍നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാല്‍ദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും. 
7: ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചുനിരത്താനും താഴ്‌വരകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്പിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേല്‍ ദൈവത്തിന്റെ മഹത്വത്തില്‍ സുരക്ഷിതരായിനടക്കും. 
8: ദൈവത്തിന്റെ കല്പനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി. 
9: തന്നില്‍നിന്നുവരുന്ന നീതിയും കാരുണ്യവുംകൊണ്ടു ദൈവം സന്തോഷപൂര്‍വ്വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്കകമ്പടി സേവിക്കും.

അദ്ധ്യായം 6

ജറെമിയായുടെ ലേഖനം 

1: ബാബിലോണ്‍ രാജാവ് അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകാനിരുന്നവര്‍ക്ക്, ജറെമിയാ അയച്ച എഴുത്തിന്റെ പകര്‍പ്പ്; ദൈവം തന്നോടുകല്പിച്ച സന്ദേശം അവരെയ റിയിക്കാനായിരുന്നു ഇത്. 
2: ദൈവസന്നിധിയില്‍ നിങ്ങള്‍ചെയ്ത പാപംനിമിത്തം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ നിങ്ങളെ ബാബിലോണിലേക്കു തടവുകാരായിക്കൊണ്ടുപോകും. 
3:അതുകൊണ്ടു നിങ്ങള്‍ക്കു ബാബിലോണിലെത്തി ദീര്‍ഘകാലം, ഏഴുതലമുറവരെ അവിടെത്താമസിക്കേണ്ടിവരും. അതിനുശേഷം ഞാന്‍ നിങ്ങളെ അവിടെനിന്നു സമാധാനത്തില്‍ തിരിച്ചുകൊണ്ടുവരും. 
4: നിങ്ങള്‍ ബാബിലോണില്‍ വെള്ളി, സ്വര്‍ണ്ണം, മരം എന്നിവകൊണ്ടു നിര്‍മ്മിച്ച ദേവന്മാരെക്കാണും. മനുഷ്യനവയെ തോളില്‍ച്ചുമക്കുന്നു. 
5: ജനതകളവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെയാകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഈ ദേവന്മാരുടെ മുമ്പിലും പിമ്പിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്കവയോടു ഭയംതോന്നരുത്. 
6: എന്നാല്‍ നിങ്ങള്‍ ഹൃദയത്തില്‍പ്പറയണം: കര്‍ത്താവേ, അങ്ങയെയാണ് ഞങ്ങളാരാധിക്കേണ്ടത്. 
7: എന്റെ ദൂതന്‍ നിങ്ങളുടെകൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്തുസൂക്ഷിക്കുന്നു. 
8: ശില്പികള്‍ മിനുക്കിയെടുത്തതാണ് അവയുടെ നാവുകള്‍. സ്വര്‍ണ്ണവും വെള്ളിയും പൊതിഞ്ഞതാണ് ഈ വിഗ്രഹങ്ങള്‍. സംസാരിക്കാന്‍കഴിവില്ലാത്ത വ്യാജദേവന്മാരാണവ. 
9: ആഡംബരഭ്രമമുള്ള യുവതികളെയെന്നപോലെ, അവയെ അവര്‍ സുവര്‍ണ്ണകിരീടമണിയിക്കുന്നു. 
10: പുരോഹിതന്മാര്‍ ചിലപ്പോഴൊക്കെ ഈ ദേവന്മാരില്‍നിന്നു സ്വര്‍ണ്ണവും വെള്ളിയും രഹസ്യമായെടുത്തു സ്വന്തകാര്യങ്ങള്‍ക്കുപയോഗിക്കുന്നു. 
11: അതില്‍നിന്ന് ഉള്ളറയിലെ വേശ്യകള്‍ക്കുപോലും കൊടുക്കുന്നു. സ്വര്‍ണ്ണവും വെള്ളിയും മരവുംകൊണ്ടു നിര്‍മ്മിച്ച ഈ ദേവന്മാരെ അവര്‍ മനുഷ്യരെയെന്നപോലെ വസ്ത്രങ്ങളണിയിക്കുന്നു. 
12: തുരുമ്പുപിടിക്കാതെയോ ചെതുക്കിച്ചുപോകാതെയോ തന്നത്താന്‍ രക്ഷിക്കാന്‍ അവയ്ക്കൊന്നിനും സാദ്ധ്യമല്ല. 
13: രക്താംബരമണിയിക്കുമ്പോള്‍, അവയുടെ മുഖത്തു കട്ടപിടിച്ചിരിക്കുന്ന ക്ഷേത്രത്തിലെ പൊടി, തുടച്ചുമാറ്റേണ്ടിവരുന്നു. 
14: ദേശാധിപതികളെപ്പോലെ അവ ചെങ്കോല്‍ പിടിക്കുന്നു. എന്നാല്‍ തങ്ങളെ ധിക്കരിക്കുന്നവനെ നശിപ്പിക്കാന്‍ അവയ്ക്കു കഴിവില്ല. 
15: അതിന്റെ വലത്തുകൈയില്‍ കഠാരിയുണ്ട്; കോടാലിയുമുണ്ട്. എന്നാല്‍ യുദ്ധങ്ങളില്‍നിന്നോ കവര്‍ച്ചയില്‍നിന്നോ തന്നെത്തന്നെ രക്ഷിക്കാന്‍ അതിനു കഴിവില്ല. 
16: അതുകൊണ്ട് അവ ദേവന്മാരല്ലെന്നു വ്യക്തമാണ്. അവയെ ഭയപ്പെടേണ്ടാ. 
17: ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങള്‍പോലെയാണു വിജാതീയരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാര്‍. അവിടെ പ്രവേശിക്കുന്നവര്‍ പറത്തുന്ന പൊടികൊണ്ട് അവയുടെ കണ്ണുകള്‍ മൂടിയിരിക്കുന്നു. 
18: രാജദ്രോഹത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുകിടക്കുന്നവനെ എല്ലാവശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങള്‍ കള്ളന്മാര്‍ അപഹരിക്കാതിരിക്കാന്‍ പുരോഹിതന്മാര്‍ വാതിലുകളും താഴുകളും ഓടാമ്പലുകളുംകൊണ്ടു ക്ഷേത്രം സുരക്ഷിതമാക്കുന്നു. 
19: തങ്ങള്‍ക്ക് ആവശ്യമുളളതിലുംകൂടുതല്‍ വിളക്കുകള്‍ അവര്‍ ദേവന്മാര്‍ക്കുവേണ്ടിക്കത്തിക്കുന്നു. എന്നാല്‍, അവയിലൊന്നുപോലും കാണാന്‍ ദേവന്മാര്‍ക്കു കഴിവില്ല. 
20: അവ ക്ഷേത്രത്തിന്റെ തുലാത്തിനു തുല്യമാണ്. 
21: ഭൂമിയിലെക്കീടങ്ങള്‍ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നുനശിപ്പിക്കുമ്പോള്‍ അവയുടെ ഹൃദയമുരുകിയതാണതെന്നു മനുഷ്യര്‍ പറയുന്നു. ക്ഷേത്രത്തിലെ പുകകൊണ്ടു തങ്ങളുടെ മുഖമിരുണ്ടുപോയത് അവയറിയുന്നില്ല. 
22: വവ്വാലുകളും, മീവല്‍ പക്ഷികളും പറവകളുംവന്ന്, അവയുടെ ശരീരത്തിലും ശിരസ്സിലുമിരിക്കുന്നു; അതുപോലെതന്നെ പൂച്ചകളും. 
23: ഇതില്‍നിന്ന് അവ ദേവന്മാരല്ലെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. അവയെ ഭയപ്പെടേണ്ടാ. 
24: അലങ്കാരത്തിനായി അവ ധരിക്കുന്ന സ്വര്‍ണ്ണത്തില്‍പ്പറ്റിയ അഴുക്കുതുടച്ചില്ലെങ്കില്‍ അവ തിളങ്ങുകയില്ല. വാര്‍ത്തെടുക്കുമ്പോള്‍പോലും അവയ്ക്ക് ഒരു വികാരവുമില്ലായിരുന്നു. അവയെ എന്തു വിലയ്ക്കും വാങ്ങാം. 
25: പക്ഷേ, അവയ്ക്കു ജീവനില്ല. 
26: കാലുകളില്ലാത്തതിനാല്‍ അവ മനുഷ്യന്റെ തോളുകളില്‍ വഹിക്കപ്പെടുന്നു. അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിന് അവയുടെ നിസ്സാരത വ്യക്തമാകുന്നു. 
27: അവയെയാരാധിക്കുന്നവര്‍ ലജ്ജിതരാകുന്നു. എന്തെന്നാല്‍ അവരാണ് അവയെ ഉറപ്പിച്ചുനിറുത്തുന്നത്. അല്ലെങ്കില്‍ അവ വീണുപോകും. നിലത്തു നാട്ടിനിറുത്തിയാല്‍ അവയ്ക്കു തന്നെത്താന്‍ ചലിക്കാന്‍ കഴിവില്ല. മറിച്ചിട്ടാല്‍ അവയ്ക്കു നേരേനില്‍ക്കാനാവില്ല. മരിച്ചവരുടെ മുമ്പിലെന്നപോലെയാണ് അവയുടെ മുമ്പില്‍ കാഴ്ചകളര്‍പ്പിക്കുന്നത്. 
28: ഈ ദേവന്മാര്‍ക്കു കാഴ്ചവയ്ക്കുന്ന ബലിവസ്തുക്കള്‍ പുരോഹിതന്മാര്‍ വിറ്റ്, ആ പണമുപയോഗിക്കുന്നു. അതുപോലെ അവരുടെ ഭാര്യമാരും കുറെയെടുത്ത്, ഉപ്പിട്ടുസൂക്ഷിക്കുന്നു. ദരിദ്രര്‍ക്കോ നിസ്സഹായര്‍ക്കോ ഒന്നുംകൊടുക്കുന്നില്ല. 
29: ആര്‍ത്തവകാലത്തും പ്രസവാനന്തരവും സ്ത്രീകള്‍ ആ ബലിവസ്തുക്കളെ സ്പര്‍ശിക്കുന്നു. ഇക്കാരണങ്ങളാല്‍ അവ ദേവന്മാരല്ലെന്നു നിങ്ങളറിയുന്നു. അവയെ ഭയപ്പെടേണ്ടാ. 
30: അവയെയെന്തിനു ദേവന്മാരെന്നു വിളിക്കണം? സ്വര്‍ണ്ണവും വെള്ളിയും മരവുംകൊണ്ടുള്ള അവയ്ക്കു സ്ത്രീകള്‍ ഭക്ഷണംവിളമ്പുന്നു. 
31: അവയുടെ ക്ഷേത്രങ്ങളില്‍ പുരോഹിതന്മാര്‍ കീറിയവസ്ത്രങ്ങള്‍ ധരിച്ചും താടിയും തലയും ക്ഷൗരംചെയ്തും ശിരസ്സുമറയ്ക്കാതെയുമിരിക്കുന്നു. 
32: മരിച്ചവനുവേണ്ടിയുള്ള അടിയന്തിരത്തില്‍ ചിലര്‍ ചെയ്യാറുള്ളതുപോലെ, അവയുടെമുമ്പില്‍ അവരലറുകയും മുറവിളികൂട്ടുകയുംചെയ്യുന്നു. 
33: ഭാര്യമാരെയും മക്കളെയുമണിയിക്കാനായി, പുരോഹിതന്മാര്‍ തങ്ങളുടെ ദേവന്മാരുടെ വസ്ത്രങ്ങളില്‍ ചിലതെടുക്കുന്നു. 
34: അവയോടു നന്മചെയ്താലും തിന്മചെയ്താലും പ്രതിഫലംനല്‍കാന്‍ അവയ്ക്കു കഴിവില്ല. രാജാവിനെ നിയമിക്കാനോ സ്ഥാനഭ്രഷ്ടനാക്കാനോ അവയ്ക്കു സാധിക്കുകയില്ല. 
35: അതുപോലെതന്നെ സമ്പത്തോ പണമോ നല്‍കാന്‍ അവയ്ക്കു കഴിവില്ല. ആരെങ്കിലും അവയോടു ശപഥംചെയ്തിട്ട്, അനുഷ്ഠിക്കാതിരുന്നാല്‍ അതീടാക്കാന്‍ അവയ്ക്കു സാധിക്കുകയില്ല. 
36: മരണത്തില്‍നിന്നു മോചിപ്പിക്കാനോ ബലവാനില്‍നിന്നു ദുര്‍ബ്ബലനെ രക്ഷിക്കാനോ അവയ്ക്കു കഴിയുകയില്ല. 
37: അന്ധനു കാഴ്ചനല്‍കാനോ ആകുലതയില്‍നിന്ന് ഒരുവനെ വിമുക്തനാക്കാനോ അവയ്ക്കു സാധിക്കുകയില്ല. 
38: വിധവയോടു കാരുണ്യംകാണിക്കാനോ, അനാഥനു നന്മചെയ്യാനോ, അവയ്ക്കു കഴിവില്ല. 
39: തടികൊണ്ടു നിര്‍മ്മിക്കുകയും, സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിയുകയുംചെയ്തിരിക്കുന്ന ഈ ദേവന്മാര്‍ പര്‍വ്വതങ്ങളിലെ കല്ലുകള്‍ക്കു സമാനമാണ്. അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകും. 
40: എന്നിട്ടും അവ ദേവന്മാരാണെന്നു കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? ഇതിനു പുറമേ, കല്‍ദായര്‍പോലും അവയെ അവഹേളിക്കുന്നു. 
41: അവര്‍ ഊമനെക്കണ്ടാല്‍ ബാലിന്റെയടുത്തുകൊണ്ടുവന്ന്, അവനു സംസാരശക്തി നല്‍കണമെന്നു പ്രാര്‍ത്ഥിക്കുന്നു. ബാലിനു ഗ്രഹണശക്തിയുണ്ടെന്നാണ് അവരുടെ വിചാരം. 
42: എന്നാല്‍ അവര്‍ക്കിതു മനസ്സിലാക്കി അവയെ ഉപേക്ഷിക്കാന്‍കഴിയുന്നില്ല. കാരണം, അവര്‍ക്കു ബുദ്ധിയില്ല. 
43: സ്ത്രീകള്‍ അരയില്‍ ചരടുചുറ്റി, വഴിയരികിലിരുന്നു കുന്തുരുക്കത്തിനുപകരം തവിടു പുകയ്ക്കുന്നു. യാത്രക്കാരിലാരെങ്കിലും അവളെയാകര്‍ഷിക്കുകയും അവളവനോടുകൂടെ ശയിക്കുകയുംചെയ്താല്‍ അവള്‍ തന്റെ അയല്‍ക്കാരിയെ അധിക്ഷേപിക്കുന്നു. എന്തെന്നാല്‍, അവള്‍ തന്നെപ്പോലെ ആകര്‍ഷകത്വമുള്ളവളല്ല, അവളുടെ ചരട് പൊട്ടിച്ചതുമില്ല. 
44: അവയ്ക്കുവേണ്ടി എന്തുചെയ്താലും അതു വ്യര്‍ത്ഥമാണ്. എന്നിട്ടും അവ ദേവന്മാരാണെന്നു ചിലര്‍ കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? 
45: മരപ്പണിക്കാരും, സ്വര്‍ണ്ണപ്പണിക്കാരുമാണ് അവയുണ്ടാക്കിയത്. ശില്പികള്‍ ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നുമാകാന്‍ അവയ്ക്കു സാധിക്കുകയില്ല. 
46: അവയെ ഉണ്ടാക്കുന്നവര്‍പോലും ദീര്‍ഘകാലം ജീവിക്കുകയില്ല. അങ്ങനെയെങ്കില്‍ അവര്‍ നിര്‍മ്മിച്ച വസ്തുക്കള്‍ക്ക്, എങ്ങനെ ദേവന്മാരായിരിക്കാന്‍ സാധിക്കും? 
47: വരുംതലമുറയ്ക്കും നുണകളും നിന്ദയും മാത്രമാണ് അവര്‍ അവശേഷിപ്പിച്ചിരിക്കുന്നത്. 
48: യുദ്ധവും നാശവുംവരുമ്പോള്‍ തങ്ങള്‍ക്കും തങ്ങളുടെ ദേവന്മാര്‍ക്കും എവിടെയൊളിക്കാന്‍കഴിയുമെന്നു പുരോഹിതന്മാര്‍ കൂടിയാലോചിക്കുന്നു. 
49: യുദ്ധത്തില്‍നിന്നോ നാശത്തില്‍നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍സാധിക്കാത്തതുകൊണ്ട്, അവ ദേവന്മാരല്ലെന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും? 
50: അവ തടികൊണ്ടു നിര്‍മ്മിച്ചവയും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞവയുമായതുകൊണ്ട്, കപടവസ്തുക്കളാണെന്നു ഭാവിയിലറിയപ്പെടും. 
51: അവ ദേവന്മാരല്ലെന്നും, മനുഷ്യകരങ്ങളാല്‍ നിര്‍മ്മിതമായ വസ്തുക്കളാണെന്നും അവയില്‍ ദൈവത്തിന്റെ പ്രവര്‍ത്തനമൊന്നുമില്ലെന്നും എല്ലാദേശങ്ങള്‍ക്കും രാജാക്കന്മാര്‍ക്കും വെളിപ്പെടും. 
52: അപ്പോള്‍ അവ ദേവന്മാരല്ലെന്ന് ആര്‍ക്കു മനസ്സിലാകാതിരിക്കും? 
53: ദേശത്തു രാജാവിനെ നിയമിക്കാനോ മനുഷ്യര്‍ക്കു മഴനല്‍കാനോ അവയ്ക്കു സാധിക്കുകയില്ല. 
54: അവയ്ക്കു സ്വന്തംകാര്യം സ്ഥാപിക്കാനോ നിരപരാധനെ മോചിപ്പിക്കാനോ സാദ്ധ്യമല്ല. എന്തെന്നാല്‍, അവ അശക്തമാണ്. അവ ആകാശത്തിനും ഭൂമിക്കുംമദ്ധ്യേയുള്ള കാക്കകളെപ്പോലെയാണ്. 
55: മരംകൊണ്ടു നിര്‍മ്മിതവും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞതുമായ ദേവന്മാരുടെ ക്ഷേത്രത്തിനു തീപിടിക്കുമ്പോള്‍ അവയുടെ പുരോഹിതന്മാര്‍ ഓടിരക്ഷപ്പെടും. അപ്പോള്‍ ദേവന്മാര്‍ തുലാം കത്തുന്നതുപോലെ കത്തിപ്പിളരും. 
56: മാത്രമല്ല, അവയ്ക്കു രാജാവിനെയോ, ശത്രുക്കളെയോ എതിര്‍ത്തുനില്‍ക്കാന്‍ സാധിക്കുകയില്ല. പിന്നെന്തുകൊണ്ടാണ് അവയെ ദേവന്മാരായിക്കരുതുകയും അംഗീകരിക്കുകയുംചെയ്യുന്നത്? 
57: തടികൊണ്ടു നിര്‍മ്മിച്ചതും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞതുമായ ദേവന്മാര്‍ക്കു കള്ളന്മാരില്‍നിന്നോ കവര്‍ച്ചക്കാരില്‍നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍സാധിക്കുകയില്ല. 
58: ശക്തന്മാര്‍ അവയുടെ സ്വര്‍ണ്ണവും വെള്ളിയും അവ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും കൊള്ളവസ്തുക്കളാക്കി എടുത്തുകൊണ്ടുപോകുമ്പോള്‍ അവയ്ക്കു തങ്ങളെത്തന്നെ രക്ഷിക്കാന്‍ കഴിയുകയില്ല. 
59: അതുകൊണ്ട്, ഈ വ്യാജദേവന്മാരായിരിക്കുന്നതില്‍ഭേദം, ധൈര്യംകാണിക്കുന്ന ഒരു രാജാവോ, യജമാനന്റെ ആവശ്യങ്ങള്‍സാധിക്കുന്ന വീട്ടുപകരണമോ ആയിരിക്കുകയാണ്. വീട്ടിലുള്ളതു സംരക്ഷിക്കുന്ന ഒരു വാതിലോ കൊട്ടാരത്തിലെ മരത്തൂണോ ആയിരിക്കുന്നതാണ് ഈ വ്യാജദേവന്മാരായിരിക്കുന്നതിനെക്കാള്‍ ഭേദം. 
60: പ്രകാശിക്കുകയും, ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുകയുംചെയ്യുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അനുസരണമുള്ളവയാണ്. അതുപോലെതന്നെയാണ് മിന്നല്‍പിണരും. 
61: അതു മിന്നുമ്പോള്‍ എല്ലായിടത്തും കാണപ്പെടുന്നു. അങ്ങനെതന്നെ കാറ്റും എല്ലാ ദേശങ്ങളിലും വീശുന്നു. 
62: ദൈവം മേഘങ്ങളോടു ലോകംമുഴുവന്‍പോകാന്‍ കല്പിക്കുമ്പോള്‍ അവ അവിടുത്തെ ആജ്ഞകളനുസരിക്കുന്നു. 
63: പര്‍വ്വതങ്ങളും വൃക്ഷങ്ങളും ദഹിപ്പിക്കുന്നതിനായി ആകാശത്തില്‍നിന്ന് അഗ്നിയയയ്ക്കുമ്പോള്‍ അത്, ആജ്ഞയനുസരിക്കുന്നു. എന്നാല്‍, ഈ വിഗ്രഹങ്ങളെ രൂപത്തിലോ ശക്തിയിലോ അവയോടു തുലനംചെയ്യാനാവുകയില്ല. 
64: അതിനാല്‍ ആരുമവയെ ദേവന്മാരാണെന്നു കരുതുകയോ അപ്രകാരംവിളിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, അവയ്ക്കു വിധിപ്രസ്താവിക്കാനോ മനുഷ്യര്‍ക്കു നന്മചെയ്യാനോ കഴിവില്ല. 
65: അതുകൊണ്ട്, അവ ദേവന്മാരല്ലെന്നറിയുവിന്‍. 
66: അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു രാജാക്കന്മാരെ ശപിക്കാനോ അനുഗ്രഹിക്കാനോ ശക്തിയില്ല. 
67: ആകാശത്തിലും ജനതകളുടെയിടയിലും അടയാളങ്ങള്‍കാണിക്കാനോ സൂര്യനെപ്പോലെ ശോഭിക്കാനോ ചന്ദ്രനെപ്പോലെ പ്രകാശംനല്‍കാനോ അവയ്ക്കു കഴിവില്ല. 
68: അവയെക്കാള്‍ എത്രഭേദമാണു വന്യമൃഗങ്ങള്‍! എന്തെന്നാല്‍, അവയ്ക്ക് ഓടിയൊളിക്കാനും രക്ഷപ്പെടാനുമറിയാം. 
69: അതുകൊണ്ട്, അവ ദേവന്മാരാണെന്നതിന് ഒരു തെളിവുമില്ല; അവയെ ഭയപ്പെടേണ്ടാ. 
70: വെള്ളരിത്തോട്ടത്തില്‍ സ്ഥാപിക്കുന്ന നോക്കുകുത്തി ഒന്നും സംരക്ഷിക്കാത്തതുപോലെതന്നെയാണ്, മരംകൊണ്ടുനിര്‍മ്മിച്ചതും സ്വര്‍ണ്ണവും വെള്ളിയുംപൊതിഞ്ഞതുമായ അവരുടെ ദേവന്മാര്‍. 
71: അതുപോലെതന്നെ, തടികൊണ്ടുനിര്‍മ്മിച്ചതും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞതുമായ അവരുടെ ദേവന്മാര്‍ ഏതുപക്ഷിയും വന്നിരിക്കുന്ന ഉദ്യാനത്തിലെ മുള്‍ച്ചെടിപോലെയും അന്ധകാരത്തിലെറിയപ്പെട്ട മൃതശരീരംപോലെയുമാണ്. 
72: അവ ധരിച്ചിരിക്കുന്ന, ദ്രവിച്ചധൂമ്രവസ്ത്രവും ചണവസ്ത്രവുംകൊണ്ടുതന്നെ അവ ദേവന്മാരല്ലെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. അവസാനം, അവയെല്ലാം നിശ്ശേഷം നശിക്കുകയും ദേശത്തിന്, അപമാനമായിത്തീരുകയും ചെയ്യും. 
73: അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍. അവന്‍ ആക്ഷേപങ്ങള്‍ക്കതീതനായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ