ഇരുനൂറ്റിമുപ്പത്തിരണ്ടാം ദിവസം: ജറമിയ 51 - 52


അദ്ധ്യായം 51

1: കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണിനും കല്‍ദായനിവാസികള്‍ക്കുമെതിരേ ഞാനൊരു സംഹാരകനെയയയ്ക്കും. 
2: പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്കയയ്ക്കും. ദുരിതത്തിന്റെ നാളില്‍ അവര്‍ വന്ന്, അവളെ പാറ്റി ശൂന്യമാക്കും. 
3: അവളുടെ വില്ലാളികളെ വില്ലുകുലയ്ക്കാനും പടയാളികളെ പോര്‍ച്ചട്ടയണിയാനും അനുവദിക്കരുത്. അവളുടെ യുവാക്കളവശേഷിക്കരുത്, സൈന്യം മുഴുവന്‍ നശിക്കട്ടെ. 
4: അവര്‍ കല്‍ദായദേശത്തു മരിച്ചുവീഴും; തെരുവീഥികളില്‍ മുറിവേറ്റുകിടക്കും. 
5: ഇസ്രായേലിനെയും യൂദായെയും അവരുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവുപേക്ഷിച്ചിട്ടില്ല. ഇസ്രായേലിന്റെ പരിശുദ്ധനെതിരായ തിന്മകള്‍കൊണ്ടു കല്‍ദായരുടെ നാടു നിറഞ്ഞിരിക്കുന്നു. 
6: ബാബിലോണില്‍നിന്ന് ഓടിയകലുവിന്‍, ജീവന്‍ രക്ഷിക്കുവിന്‍, അവളുടെ ശിക്ഷയില്‍ നിങ്ങള്‍ നശിക്കാതിരിക്കട്ടെ. ഇതു കര്‍ത്താവിന്റെ പ്രതികാരദിനമാണ്. അവിടുന്നവള്‍ക്കു പ്രതിഫലം നല്‍കുന്നു. 
7: ഭൂമി മുഴുവന്‍ ഉന്മത്തമാക്കിയ സ്വര്‍ണ്ണചഷകമായിരുന്നു കര്‍ത്താവിന്റെ കൈകളില്‍ ബാബിലോണ്‍. അതില്‍നിന്നു വീഞ്ഞുകുടിച്ചു ജനതകള്‍ക്കു ഭ്രാന്തുപിടിച്ചു. 
8: ബാബിലോണ്‍ പെട്ടെന്നു വീണുതകര്‍ന്നു; അവളെയോര്‍ത്തു വിലപിക്കുവിന്‍. അവളുടെ മുറിവുകള്‍ക്കു തൈലമന്വേഷിക്കുവിന്‍. അവള്‍ സുഖംപ്രാപിച്ചേക്കും. 
9: ബാബിലോണിനെ നമ്മള്‍ ചികിത്സിച്ചു. എങ്കിലും, അവള്‍ സുഖംപ്രാപിച്ചില്ല. അവളെ മറന്നേക്കുക. നമുക്കു നമ്മുടെ ദേശങ്ങളിലേക്കു മടങ്ങാം. അവളുടെ ശിക്ഷാവിധി സ്വര്‍ഗ്ഗംവരെയെത്തുന്നു. അത് ആകാശംവരെയുയരുന്നു. 
10: കര്‍ത്താവു നമുക്കുവേണ്ടി നീതി നടത്തിയിരിക്കുന്നു. വരുവിന്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ പ്രവൃത്തികള്‍ സീയോനില്‍ നമുക്കു പ്രഘോഷിക്കാം. 
11: അസ്ത്രങ്ങള്‍ക്കു മൂര്‍ച്ചകൂട്ടുവിന്‍. ആവനാഴി നിറയ്ക്കുവിന്‍. മിദിയാന്‍ രാജാക്കന്മാരെ കര്‍ത്താവിളക്കിവിട്ടിരിക്കുന്നു. ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്നു നിശ്ചയിച്ചിരിക്കുന്നു. ഇതു കര്‍ത്താവിന്റെ പ്രതികാരമാണ് - അവിടുത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം. 
12: ബാബിലോണിന്റെ കോട്ടകള്‍ക്കെതിരേ യുദ്ധക്കൊടിയുയര്‍ത്തുവിന്‍. കാവല്‍പ്പടയെ ശക്തമാക്കുവിന്‍. കാവല്‍ഭടന്മാര്‍ സ്ഥാനം പിടിക്കട്ടെ. കെണികളൊരുക്കുവിന്‍. ബാബിലോണ്‍നിവാസികള്‍ക്കെതിരേപറഞ്ഞ കാര്യങ്ങള്‍ കര്‍ത്താവു നിറവേറ്റിയിരിക്കുന്നു. 
13: സമൃദ്ധമായ ജലാശയത്തിനരികേ വസിക്കുന്ന അളവറ്റ ധനത്തിനുടമയായ നിന്റെ അന്ത്യമാസന്നമായി. ഇതാ, നിന്റെ ജീവധാരയറ്റിരിക്കുന്നു. 
14: സൈന്യങ്ങളുടെ കര്‍ത്താവു സ്വന്തം നാമത്തില്‍ ശപഥം ചെയ്തിരിക്കുന്നു. വെട്ടുകിളികളെപ്പോലെ എണ്ണമറ്റ ഭടന്മാരെ ഞാന്‍ നിനക്കെതിരേ നിരത്തും. അവര്‍ വിജയാരവം മുഴക്കും. 
15: തന്റെ ശക്തിയാല്‍ അവിടുന്നു ഭൂമിയെ സൃഷ്ടിച്ചു; ജ്ഞാനത്താല്‍ ലോകത്തെയുറപ്പിച്ചു; അറിവിനാല്‍ ആകാശത്തെ വിരിച്ചു. 
16: അവിടുന്നു ഗര്‍ജ്ജിക്കുമ്പോള്‍ ആകാശത്തിനു മുകളിലെ ആഴികള്‍ അലറുന്നു. ദിഗന്തങ്ങളില്‍നിന്നു കാര്‍മേഘങ്ങളെ ഉയര്‍ത്തുന്നു. മഴ പെയ്യിക്കാന്‍ മിന്നല്‍പ്പിണരുകളെ അയയ്ക്കുന്നു. തന്റെ അറപ്പുരകളില്‍നിന്നു കാറ്റിനെ അഴിച്ചുവിടുന്നു. 
17: ഇവയുടെ മുമ്പില്‍ മനുഷ്യര്‍ വിസ്മയിച്ചു വിഡ്ഢികളായി നില്‍ക്കുന്നു. സ്വര്‍ണ്ണശില്പി താന്‍ നിര്‍മ്മിച്ച വിഗ്രഹത്തെച്ചൊല്ലി ലജ്ജിക്കുന്നു. അവന്റെ ശില്പങ്ങള്‍ വ്യാജമത്രേ; ജീവശ്വാസം അവയിലില്ല. 
18: അവ വ്യര്‍ത്ഥമാണ്, വെറും മിഥ്യാമൂര്‍ത്തികള്‍! 
19: ശിക്ഷാദിനത്തില്‍ അവ നാശമടയും. യാക്കോബിന്റെ അവകാശമായവന്‍ അതുപോലെയല്ല, അവിടുന്നാണു സകലത്തിനും രൂപംനല്‍കിയത്. ഇസ്രായേല്‍ അവിടുത്തെ സ്വന്തം ഗോത്രമാണ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണവിടുത്തെ നാമം. 
20: നീ എന്റെ കൈയിലെ കൂടമാണ്, എന്റെ ആയുധം. നിന്നെക്കൊണ്ടു ജനതകളെ ഞാന്‍ ചിതറിക്കും. സാമ്രാജ്യങ്ങളെ തകര്‍ക്കും. 
21: കുതിരകളെയും കുതിരക്കാരെയും രഥങ്ങളെയും സാരഥികളെയും ഞാന്‍ ചിതറിക്കും. 
22: നിന്നെക്കൊണ്ടു പുരുഷന്മാരെയും സ്ത്രീകളെയും വൃദ്ധരെയും ശിശുക്കളെയും യുവാക്കളെയും യുവതികളെയും ഞാന്‍ സംഹരിക്കും. 
23: ഇടയന്മാരെയും ആടുകളെയും കര്‍ഷകരെയും ഉഴവുകാളകളെയും നായകന്മാരെയും ഭരണാധിപന്മാരെയും നിന്നെക്കൊണ്ടു ഞാന്‍ നശിപ്പിക്കും. 
24: ബാബിലോണും കല്‍ദായജനതയും സീയോനില്‍ച്ചെയ്ത അതിക്രമങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ കണ്‍മുമ്പില്‍വച്ച്, അവരോടു പകരംചോദിക്കും. 
25: ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന വിനാശപര്‍വ്വതമേ, ഞാന്‍ നിനക്കെതിരേ കൈനീട്ടി പാറയിടുക്കില്‍നിന്നു നിന്നെ ഉരുട്ടിയിടും. നീ കരിഞ്ഞപര്‍വ്വതമാകും - കര്‍ത്താവരുളിച്ചെയ്യുന്നു. 
26: മൂലക്കല്ലിനോ അടിസ്ഥാനശിലയ്ക്കോവേണ്ടി ആരും ഒരു കല്ലും നിന്നില്‍നിന്നെടുക്കുകയില്ല. നീ നിത്യശൂന്യതയാകും. 
27: ദേശത്തെല്ലാം യുദ്ധക്കൊടിയുയര്‍ത്തുവിന്‍. ജനതകളുടെയിടയില്‍ കാഹളമൂതുവിന്‍. അവളോടു യുദ്ധംചെയ്യാന്‍ ജനതകളെ സജ്ജമാക്കുവിന്‍. അരാറാത്, മിന്നി, അഷ്കെനാസ് എന്നീ രാജ്യങ്ങളെ അവള്‍ക്കെതിരേ വിളിച്ചുകൂട്ടുവിന്‍. അവള്‍ക്കെതിരേ സേനാധിപന്മാരെ വിളിച്ചുകൂട്ടുവിന്‍. വെട്ടുകിളികളെപ്പോലെ കുതിരപ്പട ഇരമ്പിയടുക്കട്ടെ. 
28: മിദിയാന്‍ രാജാക്കന്മാരെയും ദേശാധിപതികളെയും പ്രതിനിധികളെയും അവരുടെ ജനതകളെയും അവള്‍ക്കെതിരേ യുദ്ധത്തിനൊരുക്കുവിന്‍. 
29: ബാബിലോണ്‍ വിജനമാക്കാനുള്ള കര്‍ത്താവിന്റെ തീരുമാനം പൂര്‍ത്തിയാകുന്നതുകൊണ്ടു ദേശം വിറയ്ക്കുകയും വേദനയാല്‍ പുളയുകയുംചെയ്യുന്നു. 
30: ബാബിലോണ്‍ വീരന്മാര്‍ യുദ്ധംനിറുത്തി കോട്ടകളിലഭയംപ്രാപിച്ചു. അവര്‍ ശക്തി ക്ഷയിച്ചു സ്ത്രീകളെപ്പോലെയായി. 
31: അവളുടെ ഭവനങ്ങള്‍ അഗ്നിക്കിരയായി; ഓടാമ്പലുകള്‍ തകര്‍ന്നു. നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടു. കടവുകള്‍ അധീനമായി. 
32: കാവല്‍ഗോപുരങ്ങള്‍ അഗ്നിക്കിരയായി. പടയാളികള്‍ പരിഭ്രാന്തരായി. ഈ വാര്‍ത്ത ബാബിലോണ്‍രാജാവിനെയറിയിക്കാന്‍ ദൂതന്മാര്‍ ഒന്നിനുപുറമേ ഒന്നായി ഓടുന്നു. 
33: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍പുത്രി കൊയ്ത്തുകാലത്തെ മെതിക്കളംപോലെയാകും. അവളുടെ കൊയ്ത്തുകാലം ഉടനെവരും. 
34: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ എന്നെ വിഴുങ്ങി. എന്നെത്തകര്‍ത്തു, എന്നെ ശൂന്യമാക്കി. ഭീകരസത്വത്തെപ്പോലെ അവന്‍ എന്നെ വിഴുങ്ങി. എന്റെ സ്വാദേറിയ ഭോജനങ്ങള്‍കൊണ്ടു വയറു നിറയ്ക്കുകയും എന്നെ കുടഞ്ഞെറിയുകയും ചെയ്തു. 
35: എന്നോടും എന്റെ ബന്ധുക്കളോടുംചെയ്ത അതിക്രമത്തിന്റെ ഫലം ബാബിലോണിന്റെമേല്‍പ്പതിക്കട്ടെയെന്നു സീയോന്‍നിവാസികള്‍ പറയട്ടെ. എന്റെ രക്തത്തിനു കല്‍ദായര്‍ ഉത്തരവാദികളായിരിക്കുമെന്നു ജറുസലെം പറയട്ടെ. 
36: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കുവേണ്ടി വാദിക്കും; നിനക്കുവേണ്ടി പ്രതികാരംചെയ്യും. അവളുടെ കടലും നീര്‍ച്ചാലും ഞാന്‍ വറ്റിക്കും. 
37: ബാബിലോണ്‍ നാശക്കൂമ്പാരവും കുറുനരികളുടെ വിഹാരരംഗവുമാകും. അതു ബീഭത്സമായ നിന്ദാപാത്രമാകും. ആരുമവിടെ വസിക്കുകയില്ല. 
38: അവര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും. സിംഹക്കുട്ടികളെപ്പോലെ മുരളും. 
39: ആര്‍ത്തിപൂണ്ട അവര്‍ക്കു ഞാന്‍ വിരുന്നൊരുക്കും. കുടിച്ചുമദിച്ച് അവര്‍ ബോധമറ്റുവീഴും. ഉണരാത്തനിദ്രയില്‍ അവരമരും - കര്‍ത്താവരുളിച്ചെയ്യുന്നു.
40: ചെമ്മരിയാടുകളെപ്പോലെ ഞാനവരെ കൊലക്കളത്തിലേക്കു നയിക്കും; മുട്ടാടുകളെയും കോലാട്ടുകൊറ്റന്മാരെയുംപോലെ. 
41: സമസ്ത ലോകത്തിന്റെയും പ്രശംസയ്ക്കു പാത്രമായ ബാബിലോണെങ്ങനെ പിടിക്കപ്പെട്ടു? ജനതകള്‍ക്കിടയില്‍ അവള്‍ ഒരു ബീഭത്സവസ്തുവായതെങ്ങനെ? 
42: ബാബിലോണിനെ കടല്‍ കടന്നാക്രമിച്ചിരിക്കുന്നു. പ്രക്ഷുബ്ധമായ തിരമാലകള്‍ അവളെ മൂടി. 
43: അവളുടെ നഗരങ്ങള്‍ ബീഭത്സമായി; ഉണങ്ങിവരണ്ട മരുപ്രദേശം! നിര്‍ജ്ജനഭൂമി! മനുഷ്യന്‍ കാലുകുത്താത്ത ദേശം! ബാബിലോണിലെ ബേല്‍മൂര്‍ത്തിയെ ഞാന്‍ ശിക്ഷിക്കും. 
44: അവന്‍ വിഴുങ്ങിയതു ഞാന്‍ പുറത്തെടുക്കും. ജനതകള്‍ അവനെ സമീപിക്കുകയില്ല. ബാബിലോണിന്റെ കോട്ട തകര്‍ന്നിരിക്കുന്നു. 
45: എന്റെ ജനമേ, അവളുടെയടുത്തുനിന്ന് ഓടിയകലുവിന്‍! കര്‍ത്താവിന്റെ ഉഗ്രകോപത്തില്‍നിന്നു ജീവന്‍ രക്ഷിക്കുവിന്‍. 
46: നാട്ടിലക്രമം, ഭരണാധിപന്‍ ഭരണാധിപനെതിരേ, എന്നിങ്ങനെ ദേശത്തു വര്‍ഷംതോറും മാറിമാറി പ്രചരിക്കുന്ന വാര്‍ത്തകേട്ട്, നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. 
47: ബാബിലോണിന്റെ വിഗ്രഹങ്ങള്‍ ഞാന്‍ തകര്‍ക്കുന്ന ദിവസം വരുന്നു. അവളുടെ ദേശം ലജ്ജിക്കും. അവളുടെ നിഹതന്മാര്‍ അവളുടെമദ്ധ്യേ വീഴും. 
48: അപ്പോള്‍ ആകാശവും ഭൂമിയും അവയിലുള്ളവയും ബാബിലോണിന്റെ നാശത്തില്‍ സന്തോഷിച്ചുപാടും. കാരണം, വടക്കുനിന്നു സംഹാരകന്‍ വന്നുചേരും - കര്‍ത്താവരുളിച്ചെയ്യുന്നു. 
49: ലോകമെങ്ങുമുള്ള ജനങ്ങളെ കൊന്നുവീഴ്ത്തിയ ബാബിലോണ്‍ ഇസ്രായേലിലെ നിഹതന്മാരെപ്രതി അപ്രകാരംതന്നെ നിലംപതിക്കണം. 
50: വാളില്‍നിന്നു രക്ഷപെട്ട നീ, നില്‍ക്കാതെയോടുക. വിദൂരത്തുനിന്നു കര്‍ത്താവിനെയോര്‍ക്കുക. ജറുസലെം നിന്റെ സ്മരണയിലുണ്ടായിരിക്കട്ടെ. 
51: പരിഹാസവചനങ്ങള്‍കേട്ടു ഞങ്ങള്‍ ലജ്ജിതരായിരിക്കുന്നു. അവമാനം ഞങ്ങളുടെ മുഖം മൂടുന്നു. കര്‍ത്താവിന്റെ ഭവനത്തിലെ വിശുദ്ധസ്ഥലങ്ങളില്‍ വിജാതീയര്‍ പ്രവേശിച്ചു. 
52: ബാബിലോണിന്റെ വിഗ്രഹങ്ങളെ ഞാന്‍ നശിപ്പിക്കുന്ന ദിവസം വരുന്നു. അന്നവളുടെ ദേശത്തുനിന്നു വ്രണിതരുടെ രോദനമുയരും. 
53: ബാബിലോണ്‍ ആകാശംവരെയുയര്‍ന്നാലും ഉന്നതങ്ങളില്‍ കോട്ടകെട്ടിയാലും ഞാനവളുടെമേല്‍ സംഹാരകനെയയയ്ക്കും - കര്‍ത്താവരുളിച്ചെയ്യുന്നു. 
54: ഇതാ, ബാബിലോണില്‍നിന്ന് ഒരു നിലവിളി! കല്‍ദായദേശത്തുനിന്നു ഭീകരനാശത്തിന്റെ മുഴക്കം! 
55: കര്‍ത്താവു ബാബിലോണിനെ ശൂന്യമാക്കുന്നു. അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു. സൈന്യങ്ങള്‍ തിരമാലകള്‍പോലെ ആര്‍ത്തടുക്കുന്നു. അവളുടെ ആരവമുയരുന്നു. 
56: ഇതാ, സംഹാരകന്‍ അവള്‍ക്കെതിരേ വന്നുകഴിഞ്ഞു. യോദ്ധാക്കള്‍ പിടിക്കപ്പെട്ടു. അവളുടെ വില്ലുകള്‍ തകര്‍ന്നു. എന്തെന്നാല്‍, കര്‍ത്താവു പ്രതികാരത്തിന്റെ ദൈവമാണ്. അവിടുന്നു പകരംവീട്ടും. 
57: അവളുടെ പ്രഭുക്കളെയും ജ്ഞാനികളെയും ദേശാധിപതികളെയും സേനാധിപന്മാരെയും യോദ്ധാക്കളെയും ഞാനുന്മത്തരാക്കും. അവര്‍ ഒരിക്കലുമുണരാത്ത നിദ്രയിലാഴും - സൈന്യങ്ങളുടെ രാജാവായ കര്‍ത്താവരുളിച്ചെയ്യുന്നു. 
58: ബാബിലോണിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ നിലംപതിക്കും; കവാടങ്ങള്‍ അഗ്നിക്കിരയാകും. ജനങ്ങളുടെ അദ്ധ്വാനം വ്യര്‍ത്ഥമാകും. അവരുടെ പ്രയത്നഫലം കത്തിനശിക്കും. 
59: മഹ്സേയായുടെ പുത്രനായ നേരിയായുടെ പുത്രന്‍ സേരായായ്ക്കു ജറെമിയാപ്രവാചകന്‍നല്കിയ കല്പന: രാജാവിന്റെ അംഗരക്ഷകനായിരുന്ന അവന്‍ സെദെക്കിയായുടെ നാലാംഭരണവര്‍ഷം രാജാവിനോടൊപ്പം ബാബിലോണിലേക്കു പോയപ്പോഴാണു ജറെമിയാ ഇതു പറഞ്ഞത്. 
60: ബാബിലോണിനു വരുന്ന നാശം, ജറെമിയാ ഒരു പുസ്തകത്തിലെഴുതി. 
61: ജറെമിയാ സെരായായോടു പറഞ്ഞു: 
62: ബാബിലോണിലെത്തുമ്പോള്‍ നീ ഇതെല്ലാം വായിച്ചശേഷം കര്‍ത്താവേ, മനുഷ്യനോ, മൃഗമോ, അവശേഷിക്കാതെ നിത്യശൂന്യതയാകുംവിധം ഈ ദേശത്തെ നശിപ്പിച്ചുകളയുമെന്ന് അവിടുന്നരുളിച്ചെയ്തല്ലോ എന്നുപറയണം. 
63: വായിച്ചുകഴിയുമ്പോള്‍ പുസ്തകത്തോടു ചേര്‍ത്തു കല്ലുകെട്ടി, യൂഫ്രെട്ടീസ് നദിയിലേക്കെറിഞ്ഞുകൊണ്ടു പറയുക: 
64: ഞാന്‍ വരുത്തുന്ന അനര്‍ത്ഥങ്ങള്‍നിമിത്തം ബാബിലോണ്‍ ഇതുപോലെ മുങ്ങും. അവര്‍ തളര്‍ന്നുപോകും. അതിനി പൊങ്ങിവരുകയില്ല. ഇതാണു ജറെമിയായുടെ വചനങ്ങള്‍. 

അദ്ധ്യായം 52

ജറുസലെമിന്റെ നാശം 
1: രാജാവായപ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നുവയസ്സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി ഹമുത്താലായിരുന്നു അവന്റെ മാതാവ്. 
2: യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്റെമുമ്പില്‍ തിന്മചെയ്തു. 
3: കര്‍ത്താവിന്റെ കോപം, ജറുസലെമിന്റെയും യൂദായുടെയുംമേല്‍ നിപതിച്ചു. അവിടുന്നവരെ തന്റെ സന്നിധിയില്‍നിന്നു നിഷ്കാസനംചെയ്തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു. 
4: സെദെക്കിയായുടെ ഒമ്പതാംഭരണവര്‍ഷം പത്താംമാസം പത്താംദിവസം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയുംചെയ്തു. 
5: അവന്റെ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു. 
6: നാലാംമാസം ഒമ്പതാംദിവസം നാട്ടില്‍ ഭക്ഷണംതീര്‍ന്നു ക്ഷാമം രൂക്ഷമായിരിക്കേ, അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി. 
7: കല്‍ദായര്‍ നഗരംവളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയില്‍ രാജകീയോദ്യാനത്തിനടുത്ത് ഇരുമതിലുകള്‍ക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന്, അരാബായിലേക്കോടി. 
8: എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്നു ജറീക്കോസമതലത്തില്‍വച്ചു പിടികൂടി. അവന്റെ സൈന്യം ചിതറിപ്പോയി. 
9: അവര്‍ രാജാവിനെ ബന്ധിച്ച്, ഹമാത്തിലെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെയടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു. 
10: ബാബിലോണ്‍രാജാവ്, സെദെക്കിയായുടെ പുത്രന്മാരെ അവന്റെ മുമ്പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്മാരെയും റിബ്‌ലായില്‍വച്ചു വധിച്ചു. 
11: അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത്, അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച്, ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. 

ദേവാലയം അഗ്നിക്കിരയാകുന്നു 
12: അഞ്ചാംമാസം പത്താംദിവസം - ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ പത്തൊമ്പതാം ഭരണവര്‍ഷം - നബുക്കദ്‌നേസറിന്റെ അംഗരക്ഷകപ്രധാനിയായ നെബുസരദാന്‍ ജെറുസലെമില്‍ പ്രവേശിച്ചു. 
13: അവന്‍ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്നിക്കിരയാക്കി. 
14: അവനോടൊപ്പമുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകള്‍ തകര്‍ത്തു. 
15: ശില്പികളെയും ബാബിലോണ്‍രാജാവിന്റെ പക്ഷംചേര്‍ന്നവരെയും നഗരത്തിലവശേഷിച്ചവരെയും നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയി. 
16: അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു. 
17: കല്‍ദായര്‍ കര്‍ത്താവിന്റെ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജലസംഭരണിയും ഉടച്ചുകഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി. 
18: കുടങ്ങള്‍, കോരികകള്‍, തിരിയണയ്ക്കാനുള്ള കത്രികകള്‍, ചഷകങ്ങള്‍, ധൂപകലശങ്ങള്‍, ദേവാലയശുശ്രൂഷയ്ക്കുപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങള്‍ ഇവയെല്ലാം അവര്‍ കൈക്കലാക്കി. 
19: കൂടാതെ സ്വര്‍ണ്ണമോ വെള്ളിയോകൊണ്ടു നിര്‍മ്മിച്ച കോപ്പകള്‍, വറചട്ടികള്‍, തളികകള്‍, കലശങ്ങള്‍, വിളക്കുകാലുകള്‍, ധൂപപാത്രങ്ങള്‍, ക്ഷാളനപാത്രങ്ങള്‍ ഇവയും നെബുസരദാന്‍ കൊള്ളയടിച്ചു. 
20: സോളമന്‍രാജാവു കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി നിര്‍മ്മിച്ച ഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ടു കാളകളുടെയും പീഠങ്ങളുടെയും ഓടിന്റെ തൂക്കം തിട്ടപ്പെടുത്തുക അസാദ്ധ്യം. 
21: തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവു പന്ത്രണ്ടുമുഴവുമായിരുന്നു. നാലുവിരല്‍ കനത്തില്‍ അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്. 
22: അവയ്ക്ക് ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്റെ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിര്‍മ്മിച്ച ചട്ടക്കൂടും മാതളപ്പഴങ്ങളും അതിലുണ്ടായിരുന്നു. 
23: രണ്ടു തൂണുകളും ഒന്നുപോലെയായിരുന്നു. മകുടത്തിന്റെ വശങ്ങളില്‍ തൊണ്ണൂറ്റാറു മാതളപ്പഴങ്ങള്‍ കാണാമായിരുന്നു. ചട്ടക്കൂട്ടില്‍ ആകെ നൂറുമാതളപ്പഴങ്ങളാണുണ്ടായിരുന്നത്. 

ജനം പ്രവാസത്തിലേക്ക് 
24: പ്രധാനപുരോഹിതന്‍ സെരായിയായെയും 
25: സഹപുരോഹിതന്‍ സെഫാനിയായെയും മൂന്നു വാതില്‍ക്കാവല്‍ക്കാരെയും നഗരത്തില്‍നിന്ന് ഒരു സേനാപതിയെയും രാജാവിന്റെ ഉപദേഷ്ടാക്കളായി നഗരത്തില്‍ക്കണ്ട ഏഴുപേരെയും സൈന്യത്തില്‍ ആളെടുക്കുന്ന സൈന്യാധിപന്റെ കാര്യദര്‍ശിയെയും ജനത്തില്‍നിന്നു പട്ടണത്തില്‍ക്കണ്ട അറുപതുപേരെയും കാവല്‍പ്പടനായകന്‍ ബന്ധനസ്ഥരാക്കി.
26: സേനാനായകനായ നെബുസരദാന്‍ അവരെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെയടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവവരെ വധിച്ചു. 
27: അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നു നിഷ്കാസിതനായി. 
28: നബുക്കദ്‌നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്റെ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍, 
29: പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടുപേര്‍, 
30: ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച് യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍. 
31: എവില്‍മെറോദാക്ക് ബാബിലോണിന്റെ ഭരണമേറ്റെടുത്ത വര്‍ഷം യൂദാരാജാവായ യഹോയാക്കിനെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിച്ചു. അവന്റെ കാരാഗൃഹവാസത്തിന്റെ മുപ്പത്തിയേഴാംവര്‍ഷം പന്ത്രണ്ടാംമാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്. 
32: അവന്‍ യഹോയാക്കിനോടു സൗഹാര്‍ദ്ദപൂര്‍വ്വം സംസാരിക്കുകയും ബാബിലോണില്‍ അവനോടൊപ്പമുള്ള രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുകയും ചെയ്തു. 
33: യഹോയാക്കിന്‍ കാരാഗൃഹവസ്ത്രങ്ങളുപേക്ഷിച്ചു. എല്ലാ ദിവസവും അവന്‍ രാജാവിനോടൊത്തു ഭക്ഷണംകഴിച്ചു. 
34: അവന്റെ അനുദിനാവശ്യങ്ങള്‍ മരണംവരെ രാജാവു നിര്‍വ്വഹിച്ചുപോന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ