ഇരുനൂറ്റിയിരുപത്തിയെട്ടാം ദിവസം: ജറമിയ 35 - 38


അദ്ധ്യായം 35

റക്കാബ്യരുടെ മാതൃക
1: ജോസിയായുടെ പുത്രന്‍ യഹോയാക്കിം യൂദായില്‍ രാജാവായിരിക്കുമ്പോള്‍ കര്‍ത്താവു ജറെമിയായോടരുളിച്ചെയ്തു:
2: നീ റക്കാബ്യരുടെ അടുത്തുചെന്ന്, അവരോടു സംസാരിക്കുക. കര്‍ത്താവിന്റെ ആലയത്തിലെ ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു വീഞ്ഞു കൊടുക്കുക.
3: അങ്ങനെ ഹബസീനിയായുടെ മകനായ ജറെമിയായുടെ മകന്‍ യാസാനിയായെയും അവന്റെ സഹോദരന്മാരെയും പുത്രന്മാരെയും റക്കാബ്യരുടെ കുടുംബം മുഴുവനെയും ഞാന്‍ കൂട്ടിക്കൊണ്ടുവന്നു.
4: ഞാന്‍ അവരെ കര്‍ത്താവിന്റെ ആലയത്തില്‍ ദൈവപുരുഷനായ ഇഗ്ദാലിയായുടെ മകന്‍ ഹാനാന്റെ പുത്രന്മാരുടെ മുറിയില്‍ കൊണ്ടുവന്നു. അതു വാതില്‍ക്കാവല്‍ക്കാരനായ ഷല്ലൂമിന്റെ മകന്‍ മാസെയായുടെ മുറിയുടെ മുകളില്‍ പ്രഭുക്കന്മാരുടെ മുറിയുടെ സമീപത്തായിരുന്നു.
5: ഞാന്‍ റക്കാബ്യരുടെ മുമ്പില്‍ വീഞ്ഞുനിറച്ച കുടങ്ങളും പാനപാത്രങ്ങളും വച്ചിട്ടു കുടിക്കുവിന്‍ എന്നു പറഞ്ഞു.
6: എന്നാലവര്‍ പറഞ്ഞു: ഞങ്ങള്‍ വീഞ്ഞു കുടിക്കുകയില്ല. എന്തെന്നാല്‍, റക്കാബിന്റെ മകനും ഞങ്ങളുടെ പിതാവുമായ യോനാദാബ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്: നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്.
7: നിങ്ങള്‍ വീടു പണിയരുത്, വിത്തു വിതയ്ക്കുകയോ മുന്തിരിത്തോട്ടം നട്ടുവളര്‍ത്തുകയോ കൈവശം വയ്ക്കുകയോ അരുത്. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം. അങ്ങനെചെയ്താല്‍ നിങ്ങള്‍ വിദേശികളെപ്പോലെ പാര്‍ക്കുന്ന നാട്ടില്‍ ദീര്‍ഘനാള്‍ നിങ്ങള്‍ക്കു വസിക്കാന്‍ കഴിയും.
8: റക്കാബിന്റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് നല്കിയ കല്പന ഞങ്ങള്‍ ലംഘിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രികളും ജീവിതത്തിലൊരിക്കലും വീഞ്ഞു കുടിക്കുകയില്ല.
9: വസിക്കാന്‍ ഞങ്ങള്‍ വീടു പണിയുകയില്ല. ഞങ്ങള്‍ക്കു മുന്തിരിത്തോട്ടമോ വയലോ വിത്തുകളോ ഇല്ല.
10: ഞങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ക്കുന്നു. ഞങ്ങളുടെ പിതാവു യോനാദാബ് കല്പിച്ച എല്ലാ കാര്യങ്ങളും ഞങ്ങളനുവര്‍ത്തിക്കുന്നു.
11: എന്നാല്‍, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ദേശമാക്രമിച്ചപ്പോള്‍ കല്‍ദായരുടെയും സിറിയാക്കാരുടെയും സൈന്യത്തെ ഭയന്നു ജറുസലെമിലേക്കു പോരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്.
12: അപ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
13: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നീ പോയി യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക. നിങ്ങള്‍ എന്റെ വാക്കനുസരിക്കാന്‍ കൂട്ടാക്കുകയില്ലേ എന്നു കര്‍ത്താവു ചോദിക്കുന്നു.
14: വീഞ്ഞു കുടിക്കരുതെന്നു റക്കാബിന്റെ പുത്രനായ യോനാദാബ് നല്കിയ കല്പന, അവന്റെ മക്കളനുസരിക്കുന്നു. ഇന്നുവരെ അവര്‍ വീഞ്ഞുകുടിക്കാതെ പിതാവിന്റെ ആജ്ഞയനുസരിച്ചു. ഞാന്‍ നിരന്തരമാജ്ഞാപിച്ചിട്ടും നിങ്ങളെന്നെ അനുസരിക്കുന്നില്ല.
15: എന്റെ ദാസന്മാരായ പ്രവാചകന്മാരെ തുടര്‍ച്ചയായി ഞാന്‍ നിങ്ങളുടെ അടുക്കലേക്കയച്ചു. ദുര്‍മാര്‍ഗ്ഗങ്ങള്‍ വിട്ടുമാറി നിങ്ങളോരോരുത്തരും തങ്ങളുടെ പ്രവൃത്തികള്‍ തിരുത്തുവിന്‍; അന്യദേവന്മാരെ ആരാധിക്കാന്‍ അവരുടെ പുറകേ പോകരുത്. നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ നല്കിയ ദേശത്ത്, അപ്പോള്‍ നിങ്ങള്‍ വസിക്കുമെന്ന് അവരിലൂടെ ഞാന്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ചെവിക്കൊണ്ടില്ല.
16: റക്കാബിന്റെ പുത്രനായ യോനാദാബിന്റെ മക്കള്‍ തങ്ങളുടെ പിതാവിന്റെ കല്പനയനുസരിച്ചു. എന്നാല്‍, ഈ ജനം എന്നെയനുസരിച്ചില്ല.
17: അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, യൂദായ്ക്കും ജറുസലെംനിവാസികള്‍ക്കുമെതിരായി പ്രഖ്യാപിച്ച എല്ലാ അനര്‍ത്ഥങ്ങളും ഞാന്‍ അവരുടെമേല്‍ വരുത്തും. എന്തെന്നാല്‍, ഞാനവരോടു സംസാരിച്ചു; അവര്‍ ശ്രവിച്ചില്ല. ഞാനവരെ വിളിച്ചു; അവര്‍ വിളികേട്ടില്ല.
18: ജറെമിയാ റക്കാബ്യരോടു പറഞ്ഞു, കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പനയനുസരിക്കുകയും നിയമങ്ങളനുഷ്ഠിക്കുകയും ചെയ്തു. അവന്‍ ആജ്ഞാപിച്ചതെല്ലാം നിങ്ങള്‍ പ്രവര്‍ത്തിച്ചു.
19: ആകയാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാന്‍ റക്കാബിന്റെ മകന്‍ യോനാദാബിന് ആണ്‍സന്തതി അറ്റുപോവുകയില്ല.

അദ്ധ്യായം 36

ചുരുള്‍ കത്തിക്കുന്നു
1: ജോസിയായുടെ പുത്രനും യൂദാരാജാവുമായ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാംവര്‍ഷം കര്‍ത്താവു ജറെമിയായോടരുളിച്ചെയ്തു:
2: ഞാന്‍ നിന്നോട് ആദ്യം സംസാരിച്ച ജോസിയായുടെ കാലംമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യൂദായെയും സകല ജനതകളെയും സംബന്ധിച്ചു പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഒരു പുസ്തകച്ചുരുളിലെഴുതുക.
3: ഞാന്‍ വരുത്താന്‍പോകുന്ന അനര്‍ത്ഥങ്ങളെക്കുറിച്ച്‌, യൂദാഭവനം കേള്‍ക്കുമ്പോള്‍ അവര്‍ ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളില്‍നിന്നു പിന്മാറിയേക്കാം, എങ്കില്‍ അവരുടെ ദുഷ്‌കൃത്യങ്ങളും പാപവും ഞാന്‍ ക്ഷമിക്കും.
4: ജറെമിയാ, നേരിയായുടെ മകന്‍ ബാറൂക്കിനെ വിളിച്ച്, കര്‍ത്താവു തന്നോടരുളിച്ചെയ്ത സകലവചനങ്ങളും പറഞ്ഞുകൊടുത്തു. ബാറൂക്ക് അതൊരു ചുരുളിലെഴുതി.
5: അനന്തരം ജറെമിയാ ബാറൂക്കിനോടു പറഞ്ഞു: കര്‍ത്താവിന്റെ ആലയത്തില്‍ പോകുന്നതില്‍നിന്ന്, ഞാന്‍ തടയപ്പെട്ടിരിക്കുന്നു.
6: ആകയാല്‍ നീ കര്‍ത്താവിന്റെ ആലയത്തില്‍ച്ചെന്ന് ഞാന്‍ പറഞ്ഞപ്രകാരമെഴുതിയ ചുരുളില്‍നിന്ന്, ഉപവാസദിവസം എല്ലാ ജനങ്ങളും കേള്‍ക്കേ കര്‍ത്താവിന്റെ വചനം വായിക്കണം; പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാവരുംകേള്‍ക്കേ വായിക്കണം.
7: അവര്‍ തങ്ങളുടെ യാചനകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചെന്നും ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞെന്നുംവരാം. എന്തെന്നാല്‍ ഈ ജനത്തിന്റെമേല്‍ നിപതിക്കുമെന്നു കര്‍ത്താവ് പ്രഖ്യാപിച്ചിരിക്കുന്ന ക്രോധം വലുതാണ്.
8: ജറെമിയാ പ്രവാചകന്‍ കല്പിച്ചതനുസരിച്ചു നേരിയായുടെ മകന്‍ ബാറൂക്ക് ചുരുളില്‍നിന്നു കര്‍ത്താവിന്റെ വചനം ദേവാലയത്തില്‍വച്ചു വായിച്ചു.
9: ജോസിയായുടെ പുത്രനും യൂദാരാജാവുമായ യഹോയാക്കിമിന്റെ വാഴ്ചയുടെ അഞ്ചാംവര്‍ഷം ഒമ്പതാംമാസം ജറുസലെമിലെ ജനത്തിനും യൂദായിലെ മറ്റു നഗരങ്ങളില്‍നിന്ന് അവിടെവന്ന ജനങ്ങള്‍ക്കുമായി കര്‍ത്താവിന്റെ സന്നിധിയില്‍ ഉപവാസം പ്രഖ്യാപിക്കപ്പെട്ടു.
10: അപ്പോള്‍ ജറെമിയാ പറഞ്ഞെഴുതിച്ച കര്‍ത്താവിന്റെ വചനങ്ങള്‍ ജനങ്ങളെല്ലാംകേള്‍ക്കേ ദേവാലയത്തില്‍ കാര്യവിചാരകനായ ഷാഫാന്റെ മകന്‍ ഗമാറിയായുടെ മുറിയില്‍വച്ചു ബാറൂക്ക് ചുരുളില്‍നിന്നു വായിച്ചു. ദേവാലയത്തിന്റെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിലാണ് ഈ മുറി.
11: കര്‍ത്താവിന്റെ വചനം ചുരുളില്‍നിന്നു വായിക്കുന്നതു ഷാഫാന്റെ മകനായ ഗമാറിയായുടെ മകന്‍ മിക്കായാ കേട്ടു.
12: അനന്തരം അവന്‍ കൊട്ടാരത്തില്‍ കാര്യവിചാരകന്റെ മുറിയില്‍ വന്നു. പ്രഭുക്കന്മാരെല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കാര്യവിചാരകനായ എലിഷാമ, ഷെമായായുടെ പുത്രന്‍ ദലായാ, അക്‌ബോറിന്റെ പുത്രന്‍ എല്‍നാഥാന്‍, ഷാഫാന്റെ പുത്രന്‍ ഗമാറിയാ, ഹനനിയായുടെ പുത്രന്‍ സെദെക്കിയാ തുടങ്ങിയ സകല പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്നു.
13: ജനംകേള്‍ക്കേ, ബാറൂക്ക് ചുരുളില്‍നിന്നു വായിച്ചപ്പോള്‍ താന്‍ കേട്ട കാര്യങ്ങളെല്ലാം മിക്കായാ അവരോടു പറഞ്ഞു.
14: ജനംകേള്‍ക്കേ വായിച്ച ചുരുള്‍ എടുത്തുകൊണ്ടുവരുക എന്ന കല്പനയുമായി പ്രഭുക്കന്മാര്‍ ബാറൂക്കിന്റെയടുക്കലേക്ക് കൂഷിയുടെ മകനായ ഷെലേമിയായുടെ മകനായ നത്താനിയായുടെ മകന്‍ യഹൂദിയെ അയച്ചു. അതനുസരിച്ച്, നേരിയായുടെ മകന്‍ ബാറൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കല്‍ വന്നു.
15: ഇരുന്നു ഞങ്ങള്‍ കേള്‍ക്കേ വായിക്കുകയെന്ന് അവരവനോടു പറഞ്ഞു. അവനവരെ വായിച്ചു കേള്‍പ്പിച്ചു.
16: വായിച്ചുകേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു പരസ്പരം പറഞ്ഞു: ഇക്കാര്യങ്ങള്‍ രാജാവിനെയറിയിക്കണം.
17: അവര്‍ ബാറൂക്കിനോടു ചോദിച്ചു; ഇവയെല്ലാം നീ എങ്ങനെ എഴുതിയെന്നു ഞങ്ങളോടു പറയുക, ജറെമിയാ പറഞ്ഞുതന്നതാണോ?
18: ബാറൂക്ക് മറുപടി പറഞ്ഞു: അവന്‍ ഈ വചനങ്ങളെല്ലാം എന്നോടു പറഞ്ഞു; ഞാനവ മഷികൊണ്ട് ചുരുളിലെഴുതിവച്ചു.
19: അപ്പോള്‍ പ്രഭുക്കന്മാര്‍ ബാറൂക്കിനോടു പറഞ്ഞു: നീയും ജറെമിയായും പോയി ഒളിക്കുക. നിങ്ങളെവിടെയാണെന്ന് ആരുമറിയരുത്.
20: അവര്‍ കാര്യവിചാരകനായ എലിഷാമായുടെ മുറിയില്‍ ചുരുള്‍ വച്ചശേഷം രാജാവിന്റെയടുക്കല്‍ ചെന്ന് സംഭവിച്ചതെല്ലാമറിയിച്ചു.
21: ചുരുള്‍ എടുത്തുകൊണ്ടുവരാന്‍ രാജാവു യഹൂദിയെ അയച്ചു. അവന്‍ കാര്യവിചാരകന്റെ മുറിയില്‍നിന്ന് അതെടുത്തുകൊണ്ടുവന്ന്, രാജാവും രാജസന്നിധിയില്‍നിന്ന പ്രഭുക്കന്മാരുംകേള്‍ക്കേ വായിച്ചു.
22: അത് ആണ്ടിന്റെ ഒമ്പതാം മാസമായിരുന്നു. രാജാവു ശീതകാലവസതിയില്‍ നെരിപ്പോടിന്റെ മുമ്പിലിരിക്കുകയായിരുന്നു.
23: യഹൂദി ഓരോ ഭാഗവും വായിച്ചുകഴിയുമ്പോള്‍ രാജാവതു കത്തികൊണ്ടു മുറിച്ചെടുത്തു നെരിപ്പോടിലെ തീയിലിടും. ചുരുള്‍ മുഴുവന്‍ തീരുന്നതുവരെ അങ്ങനെ ചെയ്തു.
24: എങ്കിലും ഈ വചനം ശ്രവിച്ച രാജാവോ സേവകന്മാരോ ഭയപ്പെടുകയോ വസ്ത്രംകീറുകയോ ചെയ്തില്ല.
25: ചുരുള്‍ കത്തിച്ചുകളയരുതെന്ന് എല്‍നാഥാനും ദലായായും ഗമാറിയായും അപേക്ഷിച്ചെങ്കിലും അവനതു വകവച്ചില്ല.
26: എഴുത്തുകാരനായ ബാറൂക്കിനെയും പ്രവാചകനായ ജറെമിയായെും ബന്ധിക്കാന്‍ രാജാവു തന്റെ പുത്രനായ യറഹ്‌മേലിനോടും അസ്രിയേലിന്റെ മകനായ സെരായായോടും അബ്‌ദേലിന്റെ പുത്രനായ ഷെലെമിയായോടും കല്പിച്ചു. എന്നാല്‍ കര്‍ത്താവവരെ ഒളിപ്പിച്ചു.
27: ജറെമിയാ പറഞ്ഞുകൊടുത്ത് ബാറൂക്കെഴുതിയ ചുരുള്‍ രാജാവു കത്തിച്ചതിനുശേഷം, കര്‍ത്താവു ജറെമിയായോട് അരുളിച്ചെയ്തു:
28: നീ വേറൊരു ചുരുളെടുത്ത് അതില്‍ യൂദാരാജാവായ യഹോയാക്കിം നശിപ്പിച്ച ആദ്യ ചുരുളിലുണ്ടായിരുന്ന സകലതുമെഴുതുക.
29: യൂദാരാജാവായ യഹോയാക്കിമിനെതിരേ ഇപ്രകാരം പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: ആ ചുരുള്‍ നീ കത്തിച്ചു; ബാബിലോണ്‍രാജാവു വന്ന് ഈ ദേശം നശിപ്പിക്കുമെന്നും ഇവിടെ മനുഷ്യരോ മൃഗങ്ങളോ അവശേഷിക്കുകയില്ലെന്നും എന്തിനതിലെഴുതി എന്നു നീ ചോദിച്ചു.
30: അതിനാല്‍ യൂദാരാജാവായ യഹോയാക്കിമിനെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: അവന്റെ സന്തതികളാരും ദാവീദിന്റെ സിംഹാസനത്തിലിരിക്കുകയില്ല. അവന്റെ മൃതശരീരം പകലത്തെ വെയിലും രാത്രിയിലെ മഞ്ഞുമേറ്റു വെളിയില്‍ കിടക്കും.
31: ഞാനവനെയും അവന്റെ സന്താനങ്ങളെയും ദാസന്മാരെയും അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. അവരും ജറുസലെംനിവാസികളും യൂദായിലെ ജനങ്ങളും ഞാന്‍ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ചതു വകവച്ചില്ല. എന്നാല്‍ അവയെല്ലാം അവരുടെമേല്‍ ഞാന്‍ വരുത്തും.
32: അനന്തരം ജറെമിയാ മറ്റൊരു ചുരുളെടുത്തു നേരിയായുടെ മകനായ ബാറൂക്കിന്റെ കൈയില്‍ക്കൊടുത്തു യൂദാരാജാവായ യഹോയാക്കിം കത്തിച്ചുകളഞ്ഞചുരുളിലെ എല്ലാ വചനങ്ങളും ജറെമിയാ പറഞ്ഞുകൊടുത്ത്, അവനെഴുതി. ആദ്യത്തേതിനു സദൃശമായ മറ്റുവാക്യങ്ങളും അതിലുണ്ടായിരുന്നു.

അദ്ധ്യായം 37

സെദെക്കിയായുടെ അഭ്യര്‍ത്ഥന

1: യഹോയാക്കിമിന്റെ മകനായ കോണിയായ്ക്കു പകരം ജോസിയായുടെ മകനായ സെദെക്കിയാ രാജ്യഭരണമേറ്റു. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറാണ് അവനെ യൂദാരാജാവാക്കിയത്.
2: എന്നാല്‍, അവനോ അവന്റെ ദാസരോ ദേശത്തെ ജനങ്ങളോ, പ്രവാചകനായ ജറെമിയാവഴി കര്‍ത്താവരുളിച്ചെയ്ത വചനം ശ്രവിച്ചില്ല.
3: സെദെക്കിയാരാജാവ്, ഷെലെമിയായുടെ പുത്രന്‍ യഹുക്കാലിനെയും മാസെയായുടെ പുത്രനും പുരോഹിതനുമായ സെഫാനിയായെയും ജറെമിയാ പ്രവാചകന്റെയടുത്തയച്ച് നമ്മുടെ ദൈവമായ കര്‍ത്താവിനോടു ഞങ്ങള്‍ക്കുവേണ്ടിയപേക്ഷിക്കുക എന്നു പറയിച്ചു.
4: അന്നു ജറെമിയാ ജനത്തിന്റെയിടയില്‍ സഞ്ചരിച്ചിരുന്നു; അവര്‍ തടവിലാക്കപ്പെട്ടിരുന്നില്ല.
5: ഫറവോയുടെ സൈന്യങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു. ജറുസലെമിനെ ആക്രമിച്ചിരുന്ന കല്‍ദായര്‍ അതു കേട്ടു പിന്‍വാങ്ങി.
6: അപ്പോള്‍ ജറെമിയാപ്രവാചകനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
7: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു; എന്റെ ഹിതമാരായാന്‍ നിങ്ങളെ എന്റെ അടുക്കലേക്കയച്ച യൂദാരാജാവിനോടു പറയുവിന്‍. നിങ്ങളെ രക്ഷിക്കാന്‍വന്ന ഫറവോയുടെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്തിലേക്കു മടങ്ങും.
8: കല്‍ദായര്‍ തിരിച്ചുവരും. അവര്‍ ഈ നഗരത്തിനെതിരേ യുദ്ധംചെയ്യുകയും അതു പിടിച്ചടക്കി അഗ്നിക്കിരയാക്കുകയും ചെയ്യും.
9: കര്‍ത്താവരുളിച്ചെയ്യുന്നു: കല്‍ദായര്‍ നമ്മെ വിട്ടുപൊയ്‌ക്കൊള്ളും എന്നു പറഞ്ഞ്, നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കേണ്ടാ. അവരിവിടംവിട്ടുപോവുകയില്ല.
10: നിങ്ങള്‍ക്കെതിരേ യുദ്ധംചെയ്യുന്ന കല്‍ദായരുടെ സകലസൈന്യത്തെയും നിങ്ങള്‍ പരാജയപ്പെടുത്തുകയും മുറിവേറ്റവര്‍മാത്രമേ അവശേഷിച്ചുള്ളു എന്നു വരികയും ചെയ്താലും ആ മുറിവേറ്റ ഓരോരുത്തരും കൂടാരങ്ങളില്‍നിന്നെഴുന്നേറ്റ്, ഈ നഗരം ചുട്ടു ചാമ്പലാക്കും.

ജറെമിയാ കാരാഗൃഹത്തില്‍
11: ഫറവോയുടെ സൈന്യത്തെ ഭയന്നു കല്‍ദായസൈന്യം ജറുസലെമില്‍നിന്നു പിന്‍വാങ്ങിയപ്പോള്‍
12: ജറെമിയാ കുടുംബാംഗങ്ങളുമായി അവകാശം പങ്കുവയ്ക്കാന്‍ ജറുസലെമില്‍നിന്നു ബഞ്ചമിന്‍ ദേശത്തേക്കു പുറപ്പെട്ടു.
13: ബഞ്ചമിന്‍കവാടത്തിലെത്തിയപ്പോള്‍ ഇരിയാ എന്നു പേരായ കാവല്‍സേനാനായകന്‍ ജറെമിയായെ തടഞ്ഞുനിര്‍ത്തി. ഹനനിയായുടെ മകനായ ഷെലെമിയായുടെ മകനാണ് ഇരിയാ. നീ കല്‍ദായരോടു ചേരാന്‍പോവുകയാണെന്ന് അവന്‍ ജറെമിയായോടു പറഞ്ഞു.
14: അതു നുണയാണ്, ഞാന്‍ കല്‍ദായരുടെ അടുക്കലേക്കു പോവുകയല്ല എന്നു ജറെമിയാ പറഞ്ഞെങ്കിലും അതു സമ്മതിക്കാതെ ഇരിയാ അവനെപ്പിടിച്ച് അധികാരികളുടെ മുമ്പാകെ കൊണ്ടുവന്നു.
15: കുപിതരായ അധികാരികള്‍ ജറെമിയായെ പ്രഹരിച്ചു തടവിലിട്ടു. കാര്യവിചാരകനായ ജോനാഥാന്റെ വീടാണു കാരാഗൃഹമായി ഉപയോഗിച്ചിരുന്നത്.
16: കാരാഗൃഹത്തിലെ ഇരുട്ടറയില്‍ ജറെമിയാ വളരെനാള്‍ കഴിച്ചുകൂട്ടി.
17: സെദെക്കിയാരാജാവു ജറെമിയായെ ആളയച്ചുവരുത്തി കര്‍ത്താവില്‍നിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ എന്നു രഹസ്യമായി ചോദിച്ചു. ജറെമിയാ പറഞ്ഞു: ഉണ്ട്; നീ ബാബിലോണ്‍രാജാവിന്റെ കൈകളിലേല്പിക്കപ്പെടും.
18: അനന്തരം ജറെമിയാ സെദെക്കിയാ രാജാവിനോടു ചോദിച്ചു: നിനക്കോ നിന്റെ ദാസര്‍ക്കോ ഈ ജനത്തിനോ എതിരായി ഞാനെന്തു തെറ്റുചെയ്തിട്ടാണ് നീയെന്നെ തടവിലിട്ടത്?
19: ബാബിലോണ്‍രാജാവു നിനക്കും ഈ ദേശത്തിനുമെതിരേ വരുകയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാരെവിടെ?
20: ആകയാല്‍ യജമാനനായ രാജാവ് എന്റെ അപേക്ഷ കേട്ടാലും. എന്റെ വിനീതമായ യാചന അങ്ങു സ്വീകരിക്കണമേ. ഞാന്‍ മരിച്ചുപോകാതിരിക്കാന്‍ കാര്യവിചാരകനായ ജോനാഥാന്റെ ഭവനത്തിലേക്ക് എന്നെ തിരിച്ചയയ്ക്കരുതേ.
21: ജറെമിയായെ കാവല്‍പ്പുരത്തളത്തില്‍ സൂക്ഷിക്കാനും നഗരത്തിലെ അപ്പം തീരുന്നതുവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസവും ഓരോ കഷണം അപ്പം കൊടുക്കാനും സെദെക്കിയാ രാജാവു കല്പിച്ചു. അങ്ങനെ ജറെമിയാ കാവല്‍പുരയുടെ തളത്തില്‍ വസിച്ചു.

അദ്ധ്യായം 38

ജറെമിയാ കിണറ്റില്‍
1: മത്താന്റെ പുത്രന്‍ ഷെഫാത്തിയാ, പാഷൂറിന്റെ പുത്രന്‍ ഗദാലിയാ, ഷെലെമിയായുടെ പുത്രന്‍യൂക്കാല്‍, മല്‍ക്കിയായുടെ പുത്രന്‍ പാഷൂര്‍, ജറെമിയാ ജനത്തോടിപ്രകാരം പറയുന്നതു കേട്ടു.
2: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ വസിക്കുന്നവരെല്ലാം വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംവഴി മരിക്കും. എന്നാല്‍ കല്‍ദായരുടെ അടുക്കലേക്കു പോകുന്നവര്‍ ജീവിക്കും. കൊള്ളമുതലായിത്തീരുന്ന അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയില്ല.
3: ഈ നഗരം ബാബിലോണ്‍രാജാവിന്റെ സൈന്യങ്ങളുടെ കൈയിലേല്പിക്കപ്പെടും; അവനതു കീഴടക്കുകയും ചെയ്യും- കര്‍ത്താവരുളിച്ചെയ്യുന്നു.
4: അപ്പോള്‍ പ്രഭുക്കന്മാര്‍ രാജാവിനോടു പറഞ്ഞു: ഇവനെ വധിക്കണം. ഇപ്രകാരമുള്ള വാക്കുകള്‍കൊണ്ട്, നഗരത്തിലവശേഷിച്ചിരിക്കുന്ന സൈന്യങ്ങളെയും ജനങ്ങളെയും ഇവന്‍ നിര്‍വീര്യരാക്കുന്നു. ജനത്തിനു നന്മയല്ല, നാശമാണ് ഇവനാഗ്രഹിക്കുന്നത്.
5: സെദെക്കിയാ രാജാവു പറഞ്ഞു: ഇതാ, അവന്‍ നിങ്ങളുടെ കൈകളിലാണ്. നിങ്ങള്‍ക്കെതിരേ യാതൊന്നുംചെയ്യാന്‍ രാജാവിനു സാധിക്കുകയില്ലല്ലോ.
6: അവര്‍ ജറെമിയായെ കാവല്‍പ്പുരയുടെ മുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്കിറക്കി. രാജകുമാരന്‍ മല്‍ക്കിയായുടെ കിണര്‍ എന്നറിയപ്പെടുന്ന അതിലേക്ക് അവനെ കയറില്‍ക്കെട്ടിത്താഴ്ത്തി. കിണറ്റില്‍ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു. ജറെമിയാ ചെളിയില്‍ത്താണു.
7: അവര്‍ ജറെമിയായെ കിണറ്റില്‍ താഴ്ത്തിയെന്നു കൊട്ടാരത്തിലുണ്ടായിരുന്ന എത്യോപ്യാക്കാരനായ എബെദ്‌മെലെക്ക് എന്ന ഷണ്ഡന്‍ കേട്ടു. രാജാവു ബഞ്ചമിന്‍കവാടത്തില്‍ ഇരിക്കുകയായിരുന്നു.
8: എബെദ്‌മെലെക്ക് കൊട്ടാരത്തില്‍നിന്ന് ഇറങ്ങിച്ചെന്നു രാജാവിനോടു പറഞ്ഞു:
9: യജമാനനായ രാജാവേ, ജറെമിയായെ കിണറ്റില്‍ത്താഴ്ത്തിയ ഇവര്‍ തിന്മ ചെയ്തിരിക്കുന്നു. അവന്‍ അവിടെക്കിടന്നു വിശന്നുമരിക്കും. നഗരത്തില്‍ അപ്പം തീര്‍ന്നുപോയിരിക്കുന്നു.
10: രാജാവ് എത്യോപ്യാക്കാരനായ എബെദ്‌മെലെക്കിനോടു കല്പിച്ചു: നീ ഇവിടെനിന്നു മൂന്നുപേരെയും കൂട്ടിക്കൊണ്ടു ജറെമിയാ പ്രവാചകനെ മരിക്കുന്നതിനുമുമ്പു കിണറ്റില്‍നിന്നു കയറ്റുക.
11: അതനുസരിച്ച് എബെദ്‌മെലെക്ക് ആളുകളെയും കൂട്ടിക്കൊണ്ട് കൊട്ടാരത്തില്‍ വസ്ത്രം സൂക്ഷിക്കുന്ന മുറിയില്‍നിന്നു കീറിയ പഴന്തുണികളെടുത്തു ജറെമിയായ്ക്കു കിണറ്റിലേക്കു കയറുവഴി ഇറക്കിക്കൊടുത്തു.
12: ഈ പഴന്തുണികള്‍ കക്ഷത്തില്‍വച്ച് അതിനു പുറമേ കയറിടുകയെന്ന് അവന്‍ ജറെമിയായോടു പറഞ്ഞു. ജറെമിയാ അങ്ങനെ ചെയ്തു.
13: അവര്‍ ജറെമിയായെ കിണറ്റില്‍നിന്നു കയറുകൊണ്ടു വലിച്ചുകയറ്റി. ജറെമിയാ കാവല്‍പുരത്തളത്തില്‍ വാസം തുടര്‍ന്നു.

സെദെക്കിയാ ഉപദേശം തേടുന്നു
14: സെദെക്കിയാരാജാവു കര്‍ത്താവിന്റെ ആലയത്തിന്റെ മൂന്നാംകവാടത്തിലേക്കു ജറെമിയാ പ്രവാചകനെ ആളയച്ചു വരുത്തി. ഞാന്‍ നിന്നോടൊന്നു ചോദിക്കാം, ഒന്നും മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു.
15: ജറെമിയാ സെദക്കിയായോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നീയെന്നെ കൊല്ലുകയില്ലേ? എന്റെ ഉപദേശം നീ സ്വീകരിക്കുകയില്ല.
16: അപ്പോള്‍ സെദെക്കിയാ രാജാവു ജറെമിയായോടു രഹസ്യമായി ശപഥംചെയ്തു പറഞ്ഞു: നമുക്കു ജീവന്‍ നല്‍കിയ കര്‍ത്താവാണേ, ഞാന്‍ നിന്നെ വധിക്കുകയോ വധിക്കാന്‍ശ്രമിക്കുന്നവരുടെ കൈകളില്‍ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.
17: അപ്പോള്‍ ജറെമിയാ സെദെക്കിയായോടു പറഞ്ഞു, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്റെ പ്രഭുക്കന്മാര്‍ക്കു നീ കീഴ്‌പ്പെടുകയാണെങ്കില്‍ നിന്റെ ജീവന്‍ രക്ഷപെടും. നഗരം അഗ്നിക്കിരയാവുകയില്ല. നീയും നിന്റെ കുടുംബവും ജീവിക്കും.
18: എന്നാല്‍ നീ ബാബിലോണ്‍രാജാവിന്റെ പ്രഭുക്കന്മാര്‍ക്കു കീഴ്‌പ്പെടുന്നില്ലെങ്കില്‍ ഈ നഗരം കല്‍ദായരുടെ കൈകളില്‍ ഏല്പിക്കപ്പെടും. അവരതു ചുട്ടു ചാമ്പലാക്കും. അവരുടെ കൈകളില്‍നിന്നു നീ രക്ഷപെടുകയില്ല.
19: സെദെക്കിയാരാജാവു ജറെമിയായോടു പറഞ്ഞു: കല്‍ദായര്‍ തങ്ങളുടെ പക്ഷത്തുചേര്‍ന്നിരിക്കുന്ന യഹൂദരുടെ കൈകളില്‍ എന്നെ ഏല്പിച്ചുകൊടുക്കുകയും അവരെന്നെ ഉപദ്രവിക്കുകയും ചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.
20: ജറെമിയാ പറഞ്ഞു: നിന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുക്കുകയില്ല. ഞാന്‍ നിന്നോടു പറയുന്ന കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. നിനക്കു ശുഭം ഭവിക്കും. നിന്റെ ജീവന്‍ സുരക്ഷിതമായിരിക്കും.
21: എന്നാല്‍, നീ കീഴടങ്ങാന്‍ വിസമ്മതിച്ചാല്‍, ഇതാണ് കര്‍ത്താവെനിക്കു വെളിപ്പെടുത്തിയിരിക്കുന്നത്:
22: യൂദാരാജാവിന്റെ കൊട്ടാരത്തില്‍ അവശേഷിച്ചിരിക്കുന്ന സ്ത്രീകളെ ബാബിലോണ്‍ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും. നിന്റെ വിശ്വസ്തമിത്രങ്ങള്‍ നിന്നെ വഞ്ചിച്ചു; അവര്‍ നിന്നെ തോല്പിച്ചു; നിന്റെ കാല്‍ ചെളിയില്‍ത്താണപ്പോള്‍ അവരകന്നുപോയി എന്ന് അവര്‍ പറയും.
23: നിന്റെ ഭാര്യമാരും മക്കളുമെല്ലാം കല്‍ദായരുടെ അടുക്കലേക്ക് ആനയിക്കപ്പെടും; നീയും അവരുടെ കൈകളില്‍നിന്നു രക്ഷപെടുകയില്ല. ബാബിലോണ്‍ രാജാവിന്റെ കൈകളില്‍ നീ ഏല്‍പ്പിക്കപ്പെടും; ഈ നഗരം അഗ്നിക്കിരയാവുകയും ചെയ്യും.
24: സെദെക്കിയാ ജറെമിയായോടു പറഞ്ഞു; ഇക്കാര്യം ആരുമറിയരുത്; എന്നാല്‍ നീ മരിക്കുകയില്ല.
25: ഞാന്‍ നിന്നോടു സംസാരിച്ചുവെന്നറിഞ്ഞ്, പ്രഭുക്കന്മാര്‍ നിന്റെയടുക്കല്‍ വന്ന്, നീ രാജാവിനോടെന്തു പറഞ്ഞു, രാജാവു നിന്നോടെന്തുപറഞ്ഞു, ഒന്നും മറച്ചുവയ്ക്കരുത്, എന്നാല്‍ ഞങ്ങള്‍ നിന്നെ വധിക്കുകയില്ല എന്നു പറയുകയാണെങ്കില്‍,
26: ഞാന്‍ മരിച്ചുപോകാതിരിക്കാന്‍ എന്നെ ജോനാഥാന്റെ ഭവനത്തിലേക്കു തിരിച്ചയയ്ക്കരുതെന്നു രാജസന്നിധിയില്‍ അപേക്ഷിക്കുകയായിരുന്നുവെന്ന് അവരോടു പറയണം.
27: പ്രഭുക്കന്മാര്‍ ഒന്നിച്ചുകൂടി ജറെമിയായെ ചോദ്യം ചെയ്തു. രാജാവു തന്നോടു കല്പിച്ചതുപോലെ ജറെമിയാ അവരോടു പറഞ്ഞു. അവരവനെ വിട്ടുപോയി. എന്തെന്നാല്‍, രാജാവു നടത്തിയ സംഭാഷണം മറ്റാരും കേട്ടിരുന്നില്ല.
28: ജറുസലെം പിടിച്ചടക്കപ്പെട്ട നാള്‍വരെ ജറെമിയാ കാവല്‍പ്പുരത്തളത്തില്‍ വസിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ