ഇരുനൂറ്റിമുപ്പത്തിയാറാം ദിവസം: എസക്കിയേല്‍ 1 - 4


അദ്ധ്യായം 1

എസെക്കിയേലിനു ദൈവദര്‍ശനം

1: മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാംദിവസം, ഞാന്‍ കേബാര്‍നദിയുടെ തീരത്തു പ്രവാസികളോടൊത്തുകഴിയുമ്പോള്‍ സ്വര്‍ഗ്ഗംതുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍ശനങ്ങളുണ്ടായി.
2: മാസത്തിന്റെ അഞ്ചാംദിവസം, യഹോയാക്കിന്‍രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവര്‍ഷം.
3: കല്‍ദായദേശത്തു് കേബാര്‍നദീതീരത്തുവെച്ചു് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കര്‍ത്താവിന്റെ കരം അവന്റെമേലുണ്ടായിരുന്നു.
4: ഞാന്‍ നോക്കി. ഇതാ, വടക്കുനിന്നൊരു കൊടുങ്കാറ്റുപുറപ്പെടുന്നു. ഒരു വലിയമേഘവും അതിനുചുറ്റും പ്രകാശംപരത്തി, ജ്വലിക്കുന്ന തീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും.
5: നാലുജീവികളുടെ രൂപങ്ങൾ അതിന്റെ മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു.
6: എന്നാല്‍, ഓരോന്നിനും നാലുമുഖങ്ങളും നാലുചിറകുകളുമുണ്ടായിരുന്നു.
7: അവയുടെ കാലുകള്‍ നിവര്‍ന്നതും കാലടികള്‍ കാളക്കുട്ടിയുടെ കുളമ്പുപോലെയുള്ളതുമായിരുന്നു. തേച്ചുമിനുക്കിയ ഓടുപോലെ അവ തിളങ്ങി.
8: അവയുടെ നാലുവശത്തും ചിറകുകള്‍ക്കുകീഴില്‍ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളുമുണ്ടായിരുന്നു.
9: അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചിരുന്നു. ഓരോന്നും ഇടംവലംതിരിയാതെ, നേരേ മുമ്പോട്ടുനീങ്ങിയിരുന്നു.
10: അവയുടെ മുഖങ്ങള്‍ ഇപ്രകാരമായിരുന്നു - നാലിനും മുന്‍ഭാഗത്തു മനുഷ്യന്റെ മുഖം; വലത്തുവശത്തു സിംഹത്തിന്റെ മുഖം; ഇടത്തുവശത്തു കാളയുടെ മുഖം; പിന്‍ഭാഗത്തു കഴുകന്റെ മുഖം,
11: അവയുടെ മുഖങ്ങളങ്ങനെ. ചിറകുകള്‍ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തുനില്ക്കുന്ന ജീവിയുടെ ചിറകുകളെ സ്പര്‍ശിക്കുന്ന ഈരണ്ടു ചിറകുകളും, ശരീരംമറയ്ക്കുന്ന ഈരണ്ടു ചിറകുകളുമുണ്ടായിരുന്നു.
12: അവയോരോന്നും നേരേ മുമ്പോട്ടുപോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവിച്ഛിച്ചുവോ അങ്ങോട്ടവ പോയി; ഇടംവലം തിരിഞ്ഞില്ല.
13: ആ ജീവികളുടെ രൂപം, ജ്വലിക്കുന്ന തീക്കനൽപോലെയായിരുന്നു. അവയ്ക്കിടയില്‍ തീപ്പന്തംപോലെ എന്തോഒന്നു ചലിച്ചിരുന്നു. ആ അഗ്നി, ശോഭയുള്ളതായിരുന്നു. അതില്‍നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടിരുന്നു.
14: ആ ജീവികള്‍ ഇടിമിന്നൽപോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.
15: ഞാന്‍ ആ ജീവികളെ സൂക്ഷിച്ചുനോക്കി. അതാ, അവയ്‌ക്കോരോന്നിനും സമീപത്തു ഭൂമിയിൽ ഓരോ ചക്രം.
16: അവയുടെ രൂപവും ഘടനയും: അവ ഗോമേദകംപോലെ ശോഭിച്ചിരുന്നു. അവയ്ക്കു നാലിനും ഒരേ രൂപമായിരുന്നു. ഒരു ചക്രത്തിനുള്ളില്‍ മറ്റൊന്ന് എന്നവിധമായിരുന്നു അവയുടെ ഘടന.
17: അവ ചരിക്കുമ്പോള്‍ നാലില്‍ ഏതു ദിക്കിലേക്കും ഇടംവലംതിരിയാതെ പോകാമായിരുന്നു.
18: അവയുടെ പട്ടകള്‍ ഭയമുളവാക്കത്തക്കവിധം ഉയരമുള്ളതായിരുന്നു.
19: നാലിന്റെയും പട്ടകള്‍ക്കുചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു. ആ ജീവികള്‍ നടന്നപ്പോള്‍, ചക്രങ്ങളും അവയോടുചേര്‍ന്നു നീങ്ങിയിരുന്നു. ജീവികള്‍ നിലത്തുനിന്നുയരുമ്പോള്‍ ചക്രങ്ങളുമുയരും.
20: അവ എവിടെപ്പോകണമെന്ന് ആത്മാവിച്ഛിച്ചുവോ അവിടെയെല്ലാം അവ പോയി. അവയോടൊപ്പം ചക്രങ്ങളും പോയി, എന്തെന്നാല്‍ ആ ജീവികളുടെ ആത്മാവ്, ആ ചക്രങ്ങളിലുണ്ടായിരുന്നു.
21: ജീവികള്‍ ചലിക്കുമ്പോള്‍ ചക്രങ്ങളും ചലിച്ചിരുന്നു. അവ നില്ക്കുമ്പോള്‍ ചക്രങ്ങളും നില്ക്കും. അവ ഭൂമിയില്‍നിന്നുയര്‍ന്നപ്പോള്‍ ചക്രങ്ങളുമുയര്‍ന്നു. കാരണം, ആ ജീവികളുടെയാത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.
22: ആ ജീവികളുടെ തലയ്ക്കുമുകളില്‍ സ്ഫടികംപോലെതിളങ്ങുന്ന ഒരു വിതാനമുണ്ടായിരുന്നു. അതവയുടെ തലയ്ക്കു മുകളില്‍ വിരിഞ്ഞുനിന്നു.
23: അവയുടെ ചിറകുകള്‍ ആ വിതാനത്തിനുകീഴില്‍, ഒന്നിന്റെ ചിറക് അടുത്തതിന്റേതില്‍ സ്പര്‍ശിക്കുമാറു നിവര്‍ത്തിപ്പിടിച്ചിരുന്നു. അവയോരോന്നിനും തങ്ങളുടെ ശരീരം മറയ്ക്കുന്നതിന് ഈരണ്ടു ചിറകുകളുണ്ടായിരുന്നു.
24: അവ പറന്നപ്പോള്‍, അവയുടെ ചിറകുകളുടെ ശബ്ദം ഞാന്‍ കേട്ടു. അതു മലവെള്ളത്തിന്റെ ഇരമ്പൽപോലെയും സര്‍വ്വശക്തന്റെ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവംപോലെയും മുഴക്കമുള്ളതായിരുന്നു. അവ, നിശ്ചലമായിനിന്നപ്പോള്‍, ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.
25: അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനുമുകളില്‍നിന്നൊരു സ്വരമുണ്ടായി. അവ നിശ്ചലമായിനിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.
26: അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മീതേ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപമുണ്ടായിരുന്നു. മനുഷ്യന്റേതുപോലെയുള്ള ഒരു രൂപം അതിലിരിപ്പുണ്ടായിരുന്നു.
27: അവന്റെ അരക്കെട്ടുപോലെ തോന്നിച്ചിരുന്നതിന്റെ മുകള്‍ഭാഗം തിളങ്ങുന്ന ഓടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരുന്നാലെന്നപോലെയും കാണപ്പെട്ടു. താഴെയുള്ള ഭാഗം അഗ്നിപോലെ കാണപ്പെട്ടു.
28: അവനുചുററും പ്രകാശവുമുണ്ടായിരുന്നു. മഴയുള്ള ദിവസം, മേഘത്തില്‍ കാണപ്പെടുന്ന മഴവില്ലുപോലെയായിരുന്നു അവന്റെ ചുറ്റുമുണ്ടായിരുന്ന പ്രകാശം. കര്‍ത്താവിന്റെ മഹത്വത്തിന്റെ രൂപം കാണപ്പെട്ടതു് ഈ വിധത്തിലാണ്. ഇവ ദര്‍ശിച്ചമാത്രയില്‍ ഞാന്‍ കമിഴ്ന്നുവീണു. ആരോ സംസാരിക്കുന്ന സ്വരം ഞാന്‍ കേട്ടു.

അദ്ധ്യായം 2 

എസെക്കിയേലിന്റെ ദൗത്യം

1: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.
2: അവനെന്നോടു സംസാരിച്ചപ്പോള്‍ ആത്മാവെന്നില്‍ പ്രവേശിച്ചു്, എന്നെ കാലുകളിലുറപ്പിച്ചുനിറുത്തി. അവനെന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
3: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തിന്റെയടുത്തേക്കു നിന്നെ ഞാനയയ്ക്കുന്നു - എന്നെയെതിര്‍ത്ത, നിഷേധികളുടെയടുത്തേക്ക്. അവരും അവരുടെ പിതാക്കന്മാരും ഇന്നേദിവസംവരെ എന്നെ ധിക്കരിച്ചവരാണ്.
4: അവര്‍ മര്‍ക്കടമുഷ്ടികളും കഠിനഹൃദയരുമാണ്. അവരുടെയടുത്തേക്കാണു നിന്നെ ഞാനയയ്ക്കുന്നതു്. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുവെന്ന്, നീയവരോടു പറയുക.
5: അവര്‍ ധിക്കാരികളുടെ ഭവനമാണ്. അവര്‍ കേട്ടാലും കേള്‍ക്കാന്‍ വിസമ്മതിച്ചാലും അവരുടെയിടയിലൊരു പ്രവാചകനുണ്ടായിരുന്നെന്ന് അവരറിയും.
6: മനുഷ്യപുത്രാ, നീ അവരെയോ അവരുടെ വാക്കുകളെയോ ഭയപ്പെടേണ്ടാ. മുള്ളുകളും മുള്‍ച്ചെടികളും നിന്നോടൊപ്പമുണ്ടായേക്കാം. തേളുകളുടെമേല്‍ നിനക്കിരിക്കേണ്ടിവരാം. എന്നാലും നീ അവരുടെ വാക്കുകേട്ടു ഭയപ്പെടുകയോ നോട്ടംകണ്ടു പരിഭ്രമിക്കുകയോ വേണ്ട. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.
7: അവര്‍ കേട്ടാലുമില്ലെങ്കിലും എന്റെ വാക്കുകള്‍ നീയവരോടു പറയണം. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.
8: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുതു്. ഞാന്‍ നിനക്കുതരുന്നതു വായ്‍തുറന്നു ഭക്ഷിക്കുക.
9: ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതിലൊരു ലേഖനച്ചുരുളും.
10: അവനതെന്റെ മുമ്പില്‍ വിടര്‍ത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.


അദ്ധ്യായം 3 

1: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന, ഈ ചുരുള്‍ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ഭവനത്തോടു സംസാരിക്കുക.
2: ഞാന്‍ വായ്‍തുറന്നു. അവന്‍ ആ ചുരുളെനിക്കു ഭക്ഷിക്കാന്‍തന്നു.
3: അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാനതു ഭക്ഷിച്ചു. എന്റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു.
4: അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ഭവനത്തില്‍ച്ചെന്ന് എന്റെ വാക്കുകളവരെയറിയിക്കുക.
5: അന്യഭാഷയും ദുര്‍ഗ്രഹമായശൈലിയും ഉപയോഗിക്കുന്നവരുടെയടുത്തേക്കല്ല, ഇസ്രായേല്‍ഭവനത്തിലേക്കാണു നിന്നെ ഞാനയയ്ക്കുന്നതു്.
6: അന്യഭാഷയും ദുര്‍ഗ്രഹമായശൈലിയും കഠിനപദങ്ങളുമുപയോഗിക്കുന്ന ജനതകളുടെയടുത്തേക്കല്ല നിന്നെ ഞാനയയ്ക്കുന്നതു്. അങ്ങനെയുള്ളവരുടെയടുത്തേക്കായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും നിന്റെ വാക്കു ശ്രവിക്കുമായിരുന്നു.
7: എന്നാല്‍, ഇസ്രായേല്‍ഭവനം നിന്റെ വാക്കു കേള്‍ക്കുകയില്ല. കാരണം, എന്റെ വാക്കുകേള്‍ക്കാനവര്‍ തയ്യാറല്ല, എന്തെന്നാല്‍ ഇസ്രായേല്‍ഭവനംമുഴുവന്‍ കടുത്ത നെറ്റിയും കഠിനഹൃദയവുമുള്ളവരാണ്.
8: നിന്റെ മുഖം, അവരുടെ മുഖങ്ങള്‍ക്കെതിരേയും നിന്റെ നെറ്റി, അവരുടെ നെറ്റികള്‍ക്കെതിരേയും ഞാന്‍ കഠിനമാക്കിയിരിക്കുന്നു.
9: തീക്കല്ലിനെക്കാള്‍ക്കടുപ്പമുള്ള വജ്രക്കല്ലുപോലെ, നിന്റെ നെറ്റി ഞാന്‍ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീയവരെ ഭയപ്പെടേണ്ടാ, അവരുടെ നോട്ടത്തില്‍ പരിഭ്രമിക്കുകയുംവേണ്ടാ. അവര്‍ ധിക്കാരികളുടെ ഭവനമാണ്.
10: അവന്‍ തുടര്‍ന്നു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ചെവിതുറന്നുകേള്‍ക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയുംചെയ്യുക.
11: നീ പ്രവാസികളുടെയടുത്തേക്ക്, നിന്റെ ജനത്തിന്റെയടുത്തേക്കുചെന്നു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു എന്നു പറയുക. അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ.
12: ആത്മാവെന്നെ മേല്പോട്ടുയര്‍ത്തി. കര്‍ത്താവിന്റെ മഹത്വം സ്വസ്ഥാനത്തുനിന്നുയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്റേതുപോലെ ഒരു ശബ്ദം എന്റെ പിന്നില്‍ ഞാന്‍ കേട്ടു.
13: ആ ജീവികളുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചുണ്ടായ ശബ്ദവും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെ ശബ്ദവുമാണു വലിയ ഭൂകമ്പത്തിന്റെ ശബ്ദംപോലെ ഞാന്‍ കേട്ടതു്.
14: ആത്മാവെന്നെ ഉയരത്തിലൂടെ വഹിച്ചുകൊണ്ടുപോയി. പര്യാകുലനും അമര്‍ഷംപൂണ്ടവനുമായിട്ടാണു ഞാന്‍ പോയതു്. എന്തെന്നാല്‍ ദൈവത്തിന്റെ കരം, എന്റെമേല്‍ ശക്തമായിരുന്നു.
15: തെല്‍-അബീബില്‍ കേബാര്‍നദീതീരത്തു വസിച്ചിരുന്ന പ്രവാസികളുടെയടുത്തു ഞാനെത്തി. അവരുടെയിടയില്‍ സ്തബ്ധനായി ഏഴുദിവസം ഞാന്‍കഴിച്ചു.
16: ഏഴുദിവസംകഴിഞ്ഞപ്പോൾ, എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
17: മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീതു് അവരെയറിയിക്കണം.
18: തീര്‍ച്ചയായും നീ മരിക്കും എന്നു ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീയവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതുചെയ്യാതിരുന്നാല്‍, ആ ദുഷ്ടൻ, അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
19: നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മാര്‍ഗ്ഗത്തില്‍നിന്നും പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും.
20: നീതിമാന്‍ തന്റെ നീതിവെടിഞ്ഞു തിന്മപ്രവര്‍ത്തിച്ചാല്‍ അവന്‍ വീഴാന്‍ ഞാനിടയാക്കും; അവന്‍ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാല്‍ അവന്‍ തന്റെ പാപംനിമിത്തം മരിക്കും. അവന്‍ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികളനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
21: പാപംചെയ്യരുതെന്ന നിന്റെ താക്കീതുസ്വീകരിച്ചു്, നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍, അവന്‍ തീര്‍ച്ചയായും ജീവിക്കും. കാരണം അവന്‍ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും.
22: അവിടെ കര്‍ത്താവിന്റെ കരം, എന്റെമേലുണ്ടായിരുന്നു. അവിടുന്ന് എന്നോടരുളിച്ചെയ്തു: എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.
23: ഞാനെഴുന്നേറ്റു സമതലത്തിലേക്കു പോയി. ഇതാ, കര്‍ത്താവിന്റെ മഹത്വം അവിടെ നില്‍ക്കുന്നു. കേബാര്‍നദിയുടെ തീരത്തു ഞാന്‍കണ്ട മഹത്വംപോലെതന്നെ. ഞാന്‍ കമിഴ്ന്നുവീണു.
24: ആത്മാവെന്നില്‍ പ്രവേശിച്ചു്, എന്നെയെഴുന്നേല്പിച്ചുനിറുത്തി, എന്നോടു സംസാരിച്ചു. അവിടുന്നെന്നോടരുളിച്ചെയ്തു: നീ വീട്ടിൽപ്പോയി കതകടച്ചിരിക്കുക.
25: മനുഷ്യപുത്രാ, നീ ജനത്തിന്റെയടുത്തേക്കുചെല്ലാതിരിക്കാന്‍, നീ കയറുകൊണ്ടു വരിഞ്ഞുകെട്ടപ്പെടും.
26: നിന്റെ നാവിനെ ഞാനണ്ണാക്കിനോട് ഒട്ടിച്ചുനിര്‍ത്തും. അവരെ ശാസിക്കാനാവാത്തവിധം നിന്റെ നാവു ബന്ധിക്കപ്പെടും. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.
27: എന്നാല്‍, ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്റെ അധരങ്ങള്‍ തുറക്കപ്പെടും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു എന്നു നീ അപ്പോളവരോടു പറയണം. കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാന്‍ മനസ്സില്ലാത്തവന്‍ കേള്‍ക്കാതിരിക്കട്ടെ. അവര്‍ ധിക്കാരികളുടെ ഭവനമാണ്.

അദ്ധ്യായം 4 

ഉപരോധവും പ്രവാസവും പ്രതീകങ്ങളില്‍
1: മനുഷ്യപുത്രാ, നീ ഒരിഷ്ടികയെടുത്തു മുമ്പില്‍വച്ചു്, അതില്‍ ജറുസലെംപട്ടണത്തിന്റെ പടം വരയ്ക്കുക.
2: അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയുമുയര്‍ത്തുക. ചുററും പാളയംപണിയുക. എല്ലായിടത്തും യന്ത്രമുട്ടി സ്ഥാപിക്കുക.
3: ഒരിരുമ്പു തകിടെടുത്തു നിനക്കും പട്ടണത്തിനുംമദ്ധ്യേ ഇരുമ്പുമതിലെന്നപോലെ സ്ഥാപിക്കുക. അതിനഭിമുഖമായി നില്ക്കുക. നീ, അതിനെയാക്രമിക്കാന്‍പോവുകയാണ്. ഉപരോധം ബലപ്പെടുത്തുക. ഇതു് ഇസ്രായേല്‍ഭവനത്തിന് അടയാളമായിരിക്കും.
4: നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക. ഇസ്രായേല്‍ഭവനത്തിന്റെ പാപം ഞാന്‍ നിന്റെമേല്‍ച്ചുമത്തും. അങ്ങനെ നീ കിടക്കുന്നിടത്തോളംനാൾ അവരുടെ പാപഭാരം നീ ചുമക്കും.
5: ഞാന്‍ നിനക്കായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളുടെ എണ്ണം അവരുടെ ദുഷ്ടതയുടെ വത്സരങ്ങള്‍ക്കനുസരിച്ചാണ് - മുന്നൂറ്റിത്തൊണ്ണൂറു ദിവസം. ഇസ്രായേല്‍ഭവനത്തിന്റെ പാപഭാരം അത്രയുംനാള്‍ നീ വഹിക്കണം.
6: അതു പൂര്‍ത്തിയാക്കിയശേഷം നീ വലത്തുവശംചരിഞ്ഞു കിടക്കുക. യൂദാഭവനത്തിന്റെയും പാപഭാരം നീ വഹിക്കണം. ഒരു വര്‍ഷത്തിന് ഒരു ദിവസംവച്ചു്, നാല്പതുദിവസം നിനക്കായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.
7: നീ ജറുസലെമിന്റെ ഉപരോധത്തിനുനേരേ മുഖംതിരിക്കുക. നിന്റെ കൈ നഗ്നമാക്കിക്കൊണ്ടു നഗരത്തിനെതിരായി പ്രവചിക്കണം.
8: നിന്റെ ഉപരോധത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നീ ഒരുവശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കാന്‍, ഇതാ നിന്നെ ഞാന്‍ കയറുകൊണ്ടു വരിഞ്ഞുകെട്ടുന്നു.
9: ഗോതമ്പ്, ബാര്‍ലി, പയര്‍, തുവര, തിന, ചോളം എന്നിവ ഒരു പാത്രത്തിലെടുത്തു്, അതുകൊണ്ട് അപ്പമുണ്ടാക്കുക. നീ വശംചരിഞ്ഞുകിടക്കുന്ന കാലംമുഴുവന്‍, മുന്നൂറ്റിത്തൊണ്ണൂറു ദിവസവും അതു ഭക്ഷിക്കണം.
10: ഒരു ദിവസം നീ ഇരുപതു ഷെക്കല്‍മാത്രമേ ഭക്ഷിക്കാവൂ. അതു പലപ്രാവശ്യമായി കഴിക്കണം.
11: വെള്ളവും അളവനുസരിച്ചേ കുടിക്കാവൂ. ഒരു ഹിന്നിന്റെ ആറിലൊന്നു പലപ്രാവശ്യമായി കുടിക്കുക.
12: ബാര്‍ലിയപ്പംപോലെവേണം നീയതു ഭക്ഷിക്കാന്‍. അവരുടെ കണ്മുമ്പില്‍വച്ചു് മനുഷ്യമലംകൊണ്ടുവേണം അതു ചുട്ടെടുക്കാന്‍.
13: കര്‍ത്താവരുളിച്ചെയ്തു: ഞാന്‍ ചിതറിക്കുന്ന ഇടങ്ങളില്‍, വിജാതീയരുടെയിടയില്‍, ഇസ്രായേല്‍മക്കള്‍ ഇതുപോലെ അശുദ്ധമായ അപ്പം ഭക്ഷിക്കും.
14: ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാനൊരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതലിന്നുവരെ ഞാനൊരിക്കലും ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ ഒന്നിനെയും ഭക്ഷിച്ചിട്ടില്ല; ചീഞ്ഞമാംസം ഞാനൊരിക്കലും രുചിച്ചിട്ടില്ല.
15: കര്‍ത്താവെന്നോടരുളിച്ചെയ്തു: ഇതാ, അപ്പം ചുടുന്നതിനു മനുഷ്യമലത്തിനുപകരം പശുവിന്‍ചാണകമുപയോഗിക്കാന്‍ നിന്നെ ഞാനനുവദിക്കുന്നു:
16: അവിടുന്നു തുടര്‍ന്നു: മനുഷ്യപുത്രാ, ജറുസലെമില്‍ അപ്പത്തിന്റെ അളവു ഞാന്‍ കുറയ്ക്കും. അവര്‍ ഭയത്തോടെ, അപ്പം തൂക്കിഭക്ഷിക്കുകയും പരിഭ്രാന്തിയോടെ, വെള്ളം അളന്നുകുടിക്കുകയുംചെയ്യും.
17: അങ്ങനെ അവര്‍ക്ക് അപ്പവും വെള്ളവുമില്ലാതാവുകയും അവര്‍ പരിഭ്രാന്തിയോടെ പരസ്പരംനോക്കുകയും അവരുടെ ദുഷ്‌കൃത്യങ്ങള്‍മൂലം നശിച്ചുപോവുകയുംചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ