ഇരുനൂറ്റിപ്പതിനെട്ടാം ദിവസം: ജെറെമിയ 1 - 3


അദ്ധ്യായം 1

ജറെമിയായെ വിളിക്കുന്നു

1: ബഞ്ചമിന്‍ദേശത്ത്, അനാത്തോത്തിലെ പുരോഹിതന്മാരിലൊരാളായ ഹില്‍ക്കിയായുടെ മകന്‍ ജറെമിയായുടെ വാക്കുകള്‍:
2: യൂദാരാജാവായ ആമോന്റെ മകന്‍ ജോസിയായുടെ വാഴ്ചയുടെ പതിമ്മൂന്നാംവര്‍ഷം ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
3: യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ കാലത്തും ജോസിയാരാജാവിന്റെ മകന്‍ സെദെക്കിയായുടെ ഭരണത്തിന്റെ പതിനൊന്നാംവര്‍ഷം അഞ്ചാംമാസം ജറുസലെംനിവാസികള്‍ നാടുകടത്തപ്പെടുന്നതുവരെയും അവനു കര്‍ത്താവിന്റെ വചനം ലഭിച്ചുകൊണ്ടിരുന്നു.
4: കര്‍ത്താവെന്നോടരുളിച്ചെയ്തു.
5: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപംനല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെയറിഞ്ഞു; ജനിക്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
6: അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല.
7: കര്‍ത്താവെന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്പിക്കുന്നതെന്തും സംസാരിക്കണം.
8: നീയവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്.
9: അനന്തരം കര്‍ത്താവു കൈനീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ടരുളിച്ചെയ്തു: ഇതാ, എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു.
10: പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനുംവേണ്ടി, ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാനവരോധിച്ചിരിക്കുന്നു.
11: കര്‍ത്താവെന്നോടു ചോദിച്ചു: ജറെമിയാ, നീയെന്തു കാണുന്നു? ജാഗ്രതാവൃക്ഷത്തിന്റെ ഒരു ശാഖ - ഞാന്‍ മറുപടി പറഞ്ഞു.
12: അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: നീ കണ്ടതു ശരി. എന്റെ വചനം നിവര്‍ത്തിക്കാന്‍ ഞാന്‍ ജാഗ്രതയോടെ കാത്തിരിക്കുന്നു.
13: കര്‍ത്താവു വീണ്ടുമെന്നോടു ചോദിച്ചു: നീയെന്തു കാണുന്നു? ഞാന്‍ പറഞ്ഞു: തിളയ്ക്കുന്ന ഒരു പാത്രം വടക്കുനിന്നു ചരിയുന്നതു ഞാന്‍ കാണുന്നു.
14: അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: ഈ ദേശത്തു വസിക്കുന്നവരെ മുഴുവന്‍ഗ്രസിക്കുന്ന ദുരന്തം വടക്കുനിന്നു തിളച്ചൊഴുകും.
15: ഉത്തരദിക്കിലെ സകല രാജവംശങ്ങളെയും ഞാന്‍ വിളിച്ചുവരുത്തുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. അവരോരോരുത്തരുംവന്നു തങ്ങളുടെ സിംഹാസനം ജറുസലെമിന്റെ പ്രവേശനകവാടങ്ങളിലും, ചുറ്റുമുള്ള മതിലുകളുടെമുമ്പിലും യൂദായുടെ നഗരങ്ങള്‍ക്കുമുമ്പിലും സ്ഥാപിക്കും.
16: അവര്‍ചെയ്ത എല്ലാ ദുഷ്ടതയ്ക്കും ഞാന്‍ അവരുടെമേല്‍ വിധിപ്രസ്താവിക്കും; അവര്‍ എന്നെയുപേക്ഷിച്ച്, അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിച്ചു; സ്വന്തം കരവേലകളെയാരാധിച്ചു. നീയെഴുന്നേറ്റ്, അരമുറുക്കുക.
17: ഞാന്‍ കല്പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെമുമ്പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും.
18: ദേശത്തിനു മുഴുവനും യൂദായിലെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദേശവാസികള്‍ക്കുമെതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലുമായി ഇന്നു നിന്നെ ഞാനുറപ്പിക്കും.
19: അവര്‍ നിന്നോടു യുദ്ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്റെ രക്ഷയ്ക്കു ഞാന്‍കൂടെയുണ്ട് എന്നു കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 2

ഇസ്രായേലിന്റെ അവിശ്വസ്തത

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: നീ ജറുസലെമില്‍ച്ചെന്നു വിളിച്ചുപറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്നേഹവും ഞാനോര്‍മ്മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്ത നാട്ടില്‍, നീയെന്നെ അനുഗമിച്ചതു ഞാനോര്‍ക്കുന്നു.
3: ഇസ്രായേല്‍, കര്‍ത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടുത്തെ വിളവില്‍ ആദ്യഫലവുമായിരുന്നു. അതില്‍നിന്നു ഭക്ഷിച്ചവര്‍ വിലകൊടുക്കേണ്ടിവന്നു; അവരുടെമേല്‍ വിനാശം നിപതിച്ചുവെന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
4: യാക്കോബിന്റെ ഭവനമേ, ഇസ്രായേല്‍കുടുംബത്തിലെ സകല ഭവനങ്ങളുമേ, കര്‍ത്താവിന്റെ വചനംകേള്‍ക്കുവിന്‍.
5: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നിലെന്തു കുറ്റംകണ്ടിട്ടാണ് എന്നില്‍നിന്നകന്നുപോയത്? മ്ലേച്ഛമായവയെ അനുധാവനംചെയ്ത്, അവരും മ്ലേച്ഛന്മാരായിത്തീര്‍ന്നു.
6: ഈജിപ്തില്‍നിന്നു മോചിപ്പിച്ച്, വിജനഭൂമിയിലൂടെ, മരുപ്രദേശങ്ങളും ഗര്‍ത്തങ്ങളുംനിറഞ്ഞ, വരള്‍ച്ചബാധിച്ച, മരണത്തിന്റെനിഴല്‍വീണ നാട്ടിലൂടെ, ഞങ്ങളെ നയിച്ച കര്‍ത്താവെവിടെ എന്നവര്‍ ചോദിച്ചില്ല.
7: ഞാന്‍ നിങ്ങളെ സമൃദ്ധിനിറഞ്ഞൊരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങളാസ്വദിക്കാനായിരുന്നു അത്. എന്നാല്‍, അവിടെയെത്തിയശേഷം എന്റെദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്റെയവകാശം മ്ലേച്ഛമാക്കി.
8: കര്‍ത്താവെവിടെയെന്നു പുരോഹിതന്മാര്‍ ചോദിച്ചില്ല, നീതിപാലകന്‍ എന്നെയറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു; പ്രവാചകന്മാര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ത്ഥമായവയെ പിഞ്ചെല്ലുകയുംചെയ്തു.
9: അതുകൊണ്ടു ഞാന്‍ നിങ്ങളെ കുറ്റംവിധിക്കും; നിങ്ങളുടെ മക്കളുടെ മക്കളുടെമേലും ഞാന്‍ കുറ്റംവിധിക്കും- കര്‍ത്താവരുളിച്ചെയ്യുന്നു.
10: നിങ്ങള്‍ കടന്നു കിത്തിം ദ്വീപുകളില്‍പ്പോയി നോക്കൂ; ആളയച്ചു കേദാര്‍ദേശത്തന്വേഷിക്കൂ, ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നു സൂക്ഷ്മമായി പരിശോധിക്കൂ.
11: ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ, അവ വ്യാജദേവന്മാരായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു.
12: ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - കര്‍ത്താവരുളിച്ചെയ്യുന്നു.
13: എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെയവരുപേക്ഷിച്ചു; ജലംസൂക്ഷിക്കാന്‍കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു.
14: ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചവനാണോ? അല്ലെങ്കില്‍ പിന്നെയെന്തിനാണ് അവനാക്രണത്തിനിരയാകുന്നത്?
15: സിംഹങ്ങള്‍ അവന്റെനേരേ ഗര്‍ജ്ജിച്ചു; അത്യുച്ചത്തിലലറി. അവന്റെ നാട്, അവ മരുഭൂമിയാക്കി; അവന്റെ നഗരങ്ങള്‍ നശിപ്പിച്ചു വിജനമാക്കി.
16: മാത്രമല്ല, മെംഫിസിലെയും തഹ്ഫാനിസിലെയും ആളുകള്‍, നിന്റെ ശിരസ്സിലെ കിരീടം തകര്‍ത്തു.
17: യാത്രയില്‍ നിന്നെ നയിച്ച, ദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുകവഴി നീ ഇവയെല്ലാം സ്വയം വരുത്തിവച്ചതല്ലേ?
18: നൈല്‍നദിയിലെ വെള്ളംകുടിക്കാന്‍ ഈജിപ്തില്‍പ്പോകുന്നതുകൊണ്ടു നിനക്കെന്തു ഗുണമുണ്ടാകും? യൂഫ്രട്ടീസിലെ വെളളംകുടിക്കാന്‍ അസ്സീറിയായില്‍പ്പോകുന്നതുകൊണ്ടു നിനക്കെന്തു ഗുണമുണ്ടാകും?
19: നിന്റെതന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്തതയായിരിക്കും നിന്നെ കുറ്റംവിധിക്കുക. നിന്റെ കര്‍ത്താവായ ദൈവത്തെയുപേക്ഷിക്കുന്നത്, എത്ര ദോഷകരവും കയ്പുനിറഞ്ഞതുമാണെന്നു നീയനുഭവിച്ചറിയും. എന്നെക്കുറിച്ചുള്ള ഭയം നിന്നിലില്ലെന്നു സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നു.
20: വളരെമുമ്പേ, നീ നിന്റെ നുകമൊടിച്ചു; നിന്റെ കെട്ടുകള്‍ പൊട്ടിച്ചു; ഞാന്‍ അടിമവേല ചെയ്യുകയില്ല എന്നു നീ പറഞ്ഞു. എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും, സകല പച്ചമരങ്ങളുടെ ചുവട്ടിലും നീ വേശ്യയെപ്പോലെ വഴങ്ങി.
21: തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട മുന്തിരിച്ചെടിയായിട്ടാണു ഞാന്‍ നിന്നെ നട്ടത്. പിന്നെങ്ങനെ നീ ദുഷിച്ചു കാട്ടുമുന്തിരിയായിത്തീര്‍ന്നു?
22: എത്രയേറെ താളിയും കാരവുംതേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുമ്പിലുണ്ടായിരിക്കുമെന്നു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
23: ഞാന്‍ മലിനയല്ല, ബാലിന്റെപിറകേ പോയിട്ടില്ല എന്നുപറയാന്‍ നിനക്കെങ്ങനെ സാധിക്കും? താഴ്‌വരയില്‍പ്പതിഞ്ഞ നിന്റെ കാല്പാടുകള്‍ കാണുക; ചെയ്തകുറ്റം സമ്മതിക്കുക. ഉന്മത്തയായി പാഞ്ഞുനടന്ന പെണ്ണൊട്ടകമായിരുന്നു നീ.
24: മരുഭൂമിയില്‍ പരിചയിച്ച കാട്ടുകഴുത, മദംപൂണ്ടു മത്തുപിടിച്ച്, അവളോടുകയായിരുന്നു. അവളുടെ വിഷയാസക്തി ആര്‍ക്കു നിയന്ത്രിക്കാനാവും? അവളെ ആഗ്രഹിക്കുന്നവര്‍ക്ക്, അവളെ തേടിപ്പോകേണ്ടിവരില്ല. മൈഥുനമാസത്തില്‍ അവളവരുടെ മുമ്പിലുണ്ടാകും.
25: നിന്റെ ചെരിപ്പു തേഞ്ഞുപോകാതെ സൂക്ഷിക്കുക; തൊണ്ട വരണ്ടുപോകാതെയും. എന്നാല്‍, നീ പറഞ്ഞു: അതു സാദ്ധ്യമല്ല; ഞാന്‍ അന്യരുമായി സ്നേഹബന്ധത്തിലാണ്; അവരുടെ പിന്നാലെ ഞാന്‍ പോകും.
26: കണ്ടുപിടിക്കപ്പെടുമ്പോള്‍ കള്ളനെന്നപോലെ ഇസ്രായേല്‍ഭവനം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ലജ്ജിക്കും.
27: നീയെന്റെ പിതാവാണെന്നു മരക്കഷണത്തോടും നീയെന്റെ മാതാവാണെന്നു കല്ലിനോടും അവര്‍ പറയുന്നു. അവര്‍ മുഖമല്ല, പൃഷ്ഠമാണ് എന്റെനേരേ തിരിച്ചിരിക്കുന്നത്. എന്നാല്‍ അനര്‍ത്ഥംവരുമ്പോള്‍ അവര്‍വന്ന്, എന്നോടു ഞങ്ങളെ രക്ഷിക്കണമേയെന്നു പറയുന്നു.
28: യൂദാ, നീ നിനക്കായി നിര്‍മ്മിച്ച ദേവന്മാരെവിടെ? നിന്റെ കഷ്ടകാലത്തു നിന്നെ രക്ഷിക്കാന്‍ കഴിവുണ്ടെങ്കില്‍ അവരെഴുന്നേറ്റു വരട്ടെ. നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാര്‍ നിനക്കുണ്ടല്ലോ.
29: നിങ്ങള്‍ എന്തിനെന്റെനേരേ പരാതികളുന്നയിക്കുന്നു? നിങ്ങളെല്ലാവരും എന്നോടു മറുതലിച്ചിരിക്കുന്നു? കര്‍ത്താവരുളിച്ചെയ്യുന്നു.
30: ഞാന്‍ നിങ്ങളുടെ മക്കളെ പ്രഹരിച്ചതു വെറുതെയായിപ്പോയി. അവര്‍ തെറ്റുതിരുത്തിയില്ല. ആര്‍ത്തിപൂണ്ട സിംഹത്തെപ്പോലെ നിങ്ങളുടെതന്നെ വാള്‍ നിങ്ങളുടെ പ്രവാചകന്മാരെ വിഴുങ്ങി.
31: ഈ തലമുറ കര്‍ത്താവിന്റെ വാക്കുകേള്‍ക്കട്ടെ. ഇസ്രായേലിനു ഞാന്‍ ഒരു മരുഭൂമിയായിരുന്നോ, അന്ധകാരംനിറഞ്ഞ ദേശമായിരുന്നോ? അല്ലെങ്കില്‍ പിന്നെന്തിനാണു ഞങ്ങള്‍ സ്വതന്ത്രരാണ്, ഇനിയൊരിക്കലും നിന്റെയടുക്കല്‍ ഞങ്ങള്‍ വരുകയില്ല എന്നെന്റെ ജനം പറയുന്നത്?
32: യുവതി തന്റെ ആഭരണങ്ങളോ മണവാട്ടി തന്റെ വിവാഹവസ്ത്രമോ മറക്കാറുണ്ടോ? എന്നാല്‍ എണ്ണമറ്റ ദിനങ്ങളായി എന്റെ ജനം എന്നെ മറന്നിരിക്കുന്നു.
33: കാമുകന്മാരെ കണ്ടുപിടിക്കാന്‍ നീയെത്ര സമര്‍ത്ഥയാണ്. വേശ്യകളെപ്പോലും പഠിപ്പിക്കാന്‍പോന്നവളാണു നീ.
34: നിന്റെ വസ്ത്രാഞ്ചലത്തില്‍ നിരപരാധരായ പാവങ്ങളുടെ ജീവരക്തം പുരണ്ടിരിക്കുന്നു; അവരാരും ഭവനഭേദംനടത്തുന്നതായി നീ കണ്ടില്ല.
35: ഇതൊക്കെയായിട്ടും ഞാന്‍ കുറ്റമൊന്നുംചെയ്തിട്ടില്ല, അവിടുത്തേക്ക് എന്നോടു യാതൊരു കോപവുമില്ല എന്നു നീ പറയുന്നു. പാപംചെയ്തിട്ടില്ലെന്നു നീ പറഞ്ഞതുകൊണ്ടു നിന്നെ ഞാന്‍ കുറ്റംവിധിക്കും. എത്ര ലാഘവത്തോടെ നീ വഴിമാറി നടക്കുന്നു.
36: അസ്സീറിയായെപ്പോലെ ഈജിപ്തും നിന്നെയപമാനിക്കും.
37: അവിടെനിന്നു തലയില്‍ കൈവച്ചുകൊണ്ടു നീ മടങ്ങിവരും; നീ വിശ്വാസമര്‍പ്പിക്കുന്നവരെ കര്‍ത്താവു നിരാകരിച്ചിരിക്കുന്നു. അവരില്‍നിന്നു യാതൊരു നന്മയും നിനക്കു കൈവരുകയില്ല.

അദ്ധ്യായം 3

1: കര്‍ത്താവരുളിച്ചെയ്യുന്നു: ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവളവനെവിട്ടു മറ്റൊരുവന്റെ ഭാര്യയാവുകയുംചെയ്തശേഷം ആദ്യ ഭര്‍ത്താവ്, അവളെത്തേടിപ്പോകുമോ? ആ ഭൂമി പൂര്‍ണ്ണമായും ദുഷിച്ചുപോയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിലേര്‍പ്പെട്ട നീ, ഇനിയുമെന്റെയടുക്കലേക്കു തിരിച്ചുവരുന്നുവോ?
2: കണ്ണുയര്‍ത്തി കുന്നുകളിലേക്കു നോക്കുക! ഒരു സ്ഥലമെങ്കിലുമുണ്ടോ നീ ശയിക്കാത്തതായി? മരുഭൂമിയില്‍ അറബിയെന്നപോലെ നീ വഴിയരികേ ജാരന്മാരെ കാത്തിരുന്നു. നികൃഷ്ടമായ വേശ്യാവൃത്തിയാല്‍ നീ നാടു ദുഷിപ്പിച്ചു.
3: തന്നിമിത്തം മഴ പെയ്യാതായി; വസന്തകാലവൃഷ്ടി ഉണ്ടായതുമില്ല. എന്നിട്ടും നിന്റെ കടക്കണ്ണുകള്‍ വേശ്യയുടേതുതന്നെ. ലജ്ജയെന്തെന്നു നിനക്കറിയില്ല.
4: നീയിപ്പോള്‍ എന്നോടു പറയുന്നു: എന്റെ പിതാവേ, അങ്ങെന്റെ യൗവനത്തിലെ കൂട്ടുകാരനാണ്.
5: അവിടുന്നെന്നോട് എന്നും കോപിഷ്ഠനായിരിക്കുമോ? അവിടുത്തെ കോപത്തിനവസാനമുണ്ടാവുകയില്ലേ? ഇങ്ങനെയല്ലൊം നീ പറയുന്നുണ്ടെങ്കിലും ആവുന്നത്ര തിന്മ, നീ ചെയ്തുകൂട്ടുന്നു.


അനുതാപത്തിനാഹ്വാനം

6: ജോസിയാരാജാവിന്റെകാലത്തു കര്‍ത്താവെന്നോടരുളിച്ചെയ്തു: അവള്‍, അവിശ്വസ്തയായ ഇസ്രായേല്‍, ചെയ്തതെന്താണെന്നു നീ കണ്ടോ? എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും സകല പച്ചമരങ്ങളുടെ ചുവട്ടിലും അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടു.
7: ഇതെല്ലാം ചെയ്തശേഷവും, അവളെന്റെയടുക്കല്‍ തിരിച്ചുവരുമെന്നു ഞാന്‍ വിചാരിച്ചു. എന്നാലവള്‍ വന്നില്ല. അവളുടെ വഞ്ചകിയായ സഹോദരി, യൂദാ അതുകണ്ടു.
8: അവിശ്വസ്തയായ ഇസ്രായേലിന്റെ വ്യഭിചാരജീവിതംമൂലം ഞാനവള്‍ക്കു മോചനപത്രംനല്കി പറഞ്ഞയയ്ക്കുന്നതും യൂദാ കണ്ടതാണ്. എന്നിട്ടും കാപട്യംനിറഞ്ഞ ആ സഹോദരി, യൂദാ ഭയന്നില്ല; അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു.
9: അവള്‍ നിര്‍ലജ്ജം വേശ്യാവൃത്തിയിലേര്‍പ്പെട്ടു. കല്ലിനും മരത്തിനും ആരാധനയര്‍പ്പിച്ചു. അവള്‍ വ്യഭിചരിച്ചു; അങ്ങനെ നാടു ദുഷിപ്പിച്ചു.
10: ഇവയ്ക്കെല്ലാംശേഷം വഞ്ചകിയായ ആ സഹോദരി എന്റെയടുക്കല്‍ തിരിച്ചുവന്നത് പൂര്‍ണ്ണഹൃദയത്തോടെയല്ല, കപടമായിട്ടാണ് - കര്‍ത്താവരുളിച്ചെയ്യുന്നു.
11: കര്‍ത്താവെന്നോടരുളിച്ചെയ്തു: അവിശ്വസ്തയായ ഇസ്രായേല്‍, വഞ്ചകിയായ യൂദായോളം കുറ്റക്കാരിയല്ല.
12: നീ ഇക്കാര്യങ്ങള്‍ വടക്കുദിക്കിനോടു പ്രഖ്യാപിക്കുക - കര്‍ത്താവരുളിച്ചെയ്യുന്നു. അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരുക. ഞാന്‍ നിന്നോടു കോപിക്കുകയില്ല. ഞാന്‍ കാരുണ്യവാനാണ്. ഞാനെന്നേയ്ക്കും കോപിക്കുകയില്ല- കര്‍ത്താവരുളിച്ചെയ്യുന്നു.
13: നിന്റെ ദൈവമായ കര്‍ത്താവിനോടു നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴില്‍ അന്യദേവന്മാര്‍ക്കു നിന്നെത്തന്നെ കാഴ്ചവച്ചു; നീയെന്നെയനുസരിച്ചില്ല. ഈ കുറ്റങ്ങള്‍ നീ ഏറ്റുപറഞ്ഞാല്‍മതി - കര്‍ത്താവരുളിച്ചെയ്യുന്നു.
14: അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിന്‍. ഞാന്‍മാത്രമാണു നിങ്ങളുടെ നാഥന്‍. ഒരു നഗരത്തില്‍നിന്ന് ഒരു നായകനെയും ഒരു കുടുംബത്തില്‍നിന്നു രണ്ടുപേരെയും തിരഞ്ഞെടുത്ത്, ഞാന്‍ നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും - കര്‍ത്താവരുളിച്ചെയ്യുന്നു.
15: എനിക്കിഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ നിങ്ങളെ പാലിക്കും.
16: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ പെരുകി, നാടുനിറഞ്ഞു കഴിയുമ്പോള്‍ കര്‍ത്താവിന്റെ സാക്ഷ്യപേടകത്തെപ്പറ്റി ആരുമൊന്നും പറയുകയില്ല. അവര്‍ അതിനെപ്പറ്റി ചിന്തിക്കുകയോ, അതാവശ്യമെന്നു കരുതുകയോ ഇല്ല; മറ്റൊന്നു നിര്‍മ്മിക്കുകയുമില്ല.
17: കര്‍ത്താവിന്റെ സിംഹാസനമെന്ന് അന്നു ജറുസലെം വിളിക്കപ്പെടും. സകലജനതകളും അവിടെ കര്‍ത്താവിന്റെ നാമത്തില്‍ സമ്മേളിക്കും. ഇനിയൊരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ഇംഗിതങ്ങള്‍ക്കു വഴിപ്പെടുകയില്ല.
18: ആദിവസങ്ങളില്‍ യൂദാകുടുംബം ഇസ്രായേല്‍കുടുംബത്തോടു ചേരും. അവര്‍ ഒരുമിച്ചു വടക്കുനിന്നു പുറപ്പെട്ട്, നിങ്ങളുടെ പിതാക്കന്മാര്‍ക്കവകാശമായി ഞാന്‍കൊടുത്ത ദേശത്തു വരും.
19: എന്റെ മക്കളുടെകൂടെ നിന്നെപ്പാര്‍പ്പിക്കാനും സകലജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്കു നല്കാനും ഞാനെത്രയേറെ ആഗ്രഹിച്ചു. എന്റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്റെ മാര്‍ഗ്ഗം നീയുപേക്ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു.
20: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, അവിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെയുപേക്ഷിക്കുന്നതുപോലെ, നീയും വിശ്വാസവഞ്ചനചെയ്തിരിക്കുന്നു.
21: ശൂന്യമായ കുന്നുകളില്‍നിന്ന്, ഒരു സ്വരമുയരുന്നു. ഇസ്രായേല്‍മക്കളുടെ വിലാപത്തിന്റെയും യാചനയുടെയും സ്വരം. അവര്‍ അപഥസഞ്ചാരംചെയ്ത് തങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിച്ചു.
22: അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെയടുത്തേക്കു വരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവ്.
23: കുന്നുകളും അവിടെനടന്ന മദിരോത്സവവും വ്യാമോഹമായിരുന്നു. ഇസ്രായേലിന്റെ രക്ഷ ഞങ്ങളുടെ ദൈവമായ കര്‍ത്താവില്‍മാത്രം.
24: ഞങ്ങളുടെ പിതാക്കന്മാര്‍ അദ്ധ്വാനിച്ചുനേടിയ സര്‍വ്വവും, ആടുമാടുകളും പുത്രീപുത്രന്മാരുമെല്ലാം ഞങ്ങളുടെ യൗവ്വനത്തില്‍ത്തന്നെ ലജ്ജാകരമായ വിഗ്രഹാരാധനയ്ക്കിരയായിത്തീര്‍ന്നു.
25: ലജ്ജാവിവശരായി ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കട്ടെ; അപമാനം ഞങ്ങളെ ആവരണം ചെയ്യട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവ്വനംമുതല്‍ ഇന്നുവരെ ദൈവമായ കര്‍ത്താവിനെതിരേ പാപംചെയ്തു. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഞങ്ങളനുസരിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ