ഇരുന്നൂറ്റിമുപ്പത്തിയെട്ടാം ദിവസം: എസക്കിയേല്‍ 10 - 13



അദ്ധ്യായം 10

കര്‍ത്താവിന്റെ മഹത്വം ദേവാലയംവിടുന്നു

1: ഞാന്‍ നോക്കി. അതാ, കെരൂബുകളുടെ മീതേയുള്ള വിതാനത്തില്‍, അവയുടെ തലയ്ക്കുമുകളിലായി ഇന്ദ്രനീലനിര്‍മ്മിതമായ സിംഹാസനംപോലെ എന്തോ ഒന്നു്.
2: അവിടുന്നു ചണവസ്ത്രധാരിയോടാജ്ഞാപിച്ചു: നീ കെരൂബുകളുടെ കീഴിലുള്ള ചക്രങ്ങള്‍ക്കിടയിലേക്കു പോവുക. കെരൂബുകളുടെയിടയില്‍നിന്നു നിന്റെ കൈനിറയെ ജ്വലിക്കുന്ന തീക്കനലെടുത്തു നഗരത്തിനുമീതേ വിതറുക. ഞാന്‍ നോക്കിനില്‍ക്കേ അവന്‍ പോയി.
3: അവന്‍ ഉള്ളില്‍ക്കടന്നപ്പോള്‍ കെരൂബുകള്‍ ആലയത്തിന്റെ തെക്കുഭാഗത്തു നില്ക്കുകയായിരുന്നു. അകത്തളത്തിലൊരു മേഘം നിറഞ്ഞുനിന്നു.
4: കര്‍ത്താവിന്റെ മഹത്വം കെരൂബുകളില്‍നിന്നുയര്‍ന്ന് ആലയത്തിന്റെ പടിവാതില്ക്കലേക്കു പോയി, ആലയംമുഴുവന്‍ മേഘത്താല്‍ നിറഞ്ഞു. അങ്കണമാകെ കര്‍ത്താവിന്റെ മഹത്വത്തിന്റെ ശോഭയാല്‍ പൂരിതമായി.
5: സര്‍വ്വശക്തനായ ദൈവം സംസാരിക്കുമ്പോഴുള്ള സ്വരംപോലെ, കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ അങ്കണംവരെ കേള്‍ക്കാമായിരുന്നു.
6: അവിടുന്നു ചണവസ്ത്രധാരിയോട്, തിരിയുന്ന ചക്രങ്ങള്‍ക്കിടയില്‍നിന്നു്, കെരൂബുകള്‍ക്കിടയില്‍നിന്നു് അഗ്നിയെടുക്കുക എന്നാജ്ഞാപിച്ചപ്പോള്‍, അവനകത്തുകടന്നു ചക്രത്തിനുസമീപം നിന്നു.
7: കെരൂബുകള്‍ക്കിടയില്‍നിന്നൊരു കെരൂബ്, തങ്ങളുടെയിടയിലുള്ള അഗ്നിയിലേക്കു കൈനീട്ടി. അതില്‍നിന്നു് കുറച്ചെടുത്തു് ചണവസ്ത്രധാരിയുടെ കൈയില്‍വച്ചു. അവനതു വാങ്ങി പുറത്തേക്കുപോയി.
8: കെരൂബുകള്‍ക്ക്, ചിറകിന്‍കീഴില്‍, മനുഷ്യകരത്തിന്റെ രൂപത്തില്‍ എന്തോ ഒന്നുള്ളതായി കാണപ്പെട്ടു.
9: ഞാന്‍ നോക്കി. അതാ, കെരൂബുകളുടെ സമീപത്തു നാലു ചക്രങ്ങള്‍, ഓരോ കെരൂബിനും സമീപത്തു് ഓരോ ചക്രം. ചക്രങ്ങള്‍ വെട്ടിത്തിളങ്ങുന്ന ഗോമേദകംപോലെ.
10: നാലിനും ഒരേ രൂപമാണുണ്ടായിരുന്നതു്. ഒരു ചക്രം മറ്റൊന്നിനുള്ളിലെന്നപോലെ കാണപ്പെട്ടു.
11: നാലുദിക്കുകളില്‍ ഏതിലേക്കുമവയ്ക്കു പോകാമായിരുന്നു. പോകുമ്പോൾ അവ ഇടംവലംതിരിയുകയില്ല. മുന്‍ചക്രത്തെ മറ്റുള്ളവ അനുഗമിച്ചു. സഞ്ചരിക്കുമ്പോൾ, അവ ഇടംവലംതിരിഞ്ഞിരുന്നില്ല.
12: കെരൂബുകളുടെ ശരീരമാകെ - പിന്നിലും കൈകളിലും ചിറകുകളിലും ചക്രങ്ങളിലും - നിറയെ കണ്ണുകളുണ്ടായിരുന്നു.
13: ഞാന്‍ കേള്‍ക്കെത്തന്നെ ചക്രങ്ങള്‍ ചുഴലിച്ചക്രമെന്നു പേര്‍വിളിക്കപ്പെട്ടു.
14: ഓരോന്നിനും നാലു മുഖങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ മുഖം കെരൂബിന്റേതുപോലെ, രണ്ടാമത്തേതു് മനുഷ്യന്റേതുപോലെ, മൂന്നാമത്തേതു് സിംഹത്തിന്റേതുപോലെ, നാലാമത്തേതു് കഴുകന്റേതുപോലെ.
15: കെരൂബുകള്‍ മുകളിലേക്കുയര്‍ന്നു. കേബാര്‍നദീതീരത്തുവച്ചു ഞാന്‍ ദര്‍ശിച്ച ജീവികള്‍തന്നെയാണിവ.
16: കെരൂബുകള്‍ പോയപ്പോള്‍ ചക്രങ്ങളവയോടു ചേര്‍ന്നുപോയി. കെരൂബുകള്‍ ഭൂമിയില്‍നിന്നുയരാനായി ചിറകുകള്‍ പൊക്കിയപ്പോള്‍ ചക്രങ്ങളവയില്‍നിന്നു വേര്‍പെട്ടില്ല.
17: കെരൂബുകള്‍ നിശ്ചലരായപ്പോള്‍ ചക്രങ്ങളും നിശ്ചലമായി. കെരൂബുകളുയര്‍ന്നപ്പോള്‍ ചക്രങ്ങളും ഒപ്പമുയര്‍ന്നു. കാരണം, ആ ജീവികളുടെ ആത്മാവ്, അവയിലുണ്ടായിരുന്നു.
18: കര്‍ത്താവിന്റെ മഹത്വം ആലയത്തിന്റെ പടിവാതില്‍ക്കല്‍നിന്നു പുറപ്പെട്ടു്, കെരൂബുകളുടെമീതേ നിന്നു.
19: ഞാന്‍ നോക്കിനില്ക്കേ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തി, ഭൂമിയില്‍നിന്നുയര്‍ന്നു. അവ പോയപ്പോള്‍ സമീപത്തായി ചക്രങ്ങളുമുണ്ടായിരുന്നു. കര്‍ത്താവിന്റെ ആലയത്തിന്റെ കിഴക്കേ കവാടത്തിങ്കല്‍ അവനിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മുകളില്‍ നിലകൊണ്ടു.
20: കേബാര്‍നദീതീരത്തുവച്ചു് ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിലായി, ഞാന്‍ കണ്ട ജീവികള്‍തന്നെയാണിവ. ഇവ കെരൂബുകളാണെന്നു ഞാന്‍ മനസ്സിലാക്കി.
21: ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകകളുമുണ്ടായിരുന്നു. ചിറകുകള്‍ക്കുകീഴില്‍ മനുഷ്യകരങ്ങള്‍ക്കു സദൃശ്യമായ രൂപവും.
22: കേബാര്‍നദീതീരത്തുവച്ചു് ഞാന്‍കണ്ട ജീവികളുടെ മുഖത്തിന്റെ രൂപംതന്നെയായിരുന്നു ഇവയുടെ മുഖത്തിനും. അവയോരോന്നും നേരേ മുമ്പോട്ടുപോയി.

അദ്ധ്യായം 11

നേതാക്കന്മാര്‍ക്കു ശിക്ഷ

1: ആത്മാവെന്നെ ഉയര്‍ത്തി കര്‍ത്താവിന്റെ ആലയത്തിന്റെ കിഴക്കേക്കവാടത്തിലേക്കു കൊണ്ടുവന്നു. അതാ, അവിടെ ഇരുപത്തിയഞ്ചു പേര്‍. ജനപ്രമാണികളായ ആസൂറിന്റെ പുത്രന്‍ യാസാനിയായെയും ബനായായുടെ പുത്രന്‍ പെലാത്തിയായെയും അവരുടെയിടയില്‍ ഞാന്‍ കണ്ടു.
2: അവിടുന്നെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇവരാണു പട്ടണത്തില്‍ ദുഷ്കൃത്യങ്ങള്‍ക്കു കളമൊരുക്കുകയും ദുരുപദേശങ്ങള്‍ നല്കുകയുംചെയ്യുന്നവര്‍.
3: അവര്‍ പറയുന്നു: നാം വീടുപണിയേണ്ട സമയമായിട്ടില്ല. ഈ നഗരം കുട്ടകവും നാം മാംസവുമാണു്.
4: ആകയാല്‍ പ്രവചിക്കുക, മനുഷ്യപുത്രാ, അവര്‍ക്കെതിരായി പ്രവചിക്കുക.
5: കര്‍ത്താവിന്റെ ആത്മാവ്, എന്റെമേല്‍ വന്നു്, എന്നോടു കല്പിച്ചു: കര്‍ത്താവരുളിച്ചെയ്യുന്നുവെന്നു പറയുക. ഇസ്രായേല്‍ഭവനമേ, നിങ്ങളിങ്ങനെ വിചാരിക്കുന്നു; നിങ്ങളുടെ മനസ്സിലുദിക്കുന്നതെല്ലാം ഞാനറിയുന്നു.
6: ഈ നഗരത്തില്‍ നിങ്ങളെണ്ണമറ്റ വധംനടത്തി. മൃതശരീരങ്ങള്‍കൊണ്ടു നഗരവീഥികള്‍ നിങ്ങള്‍ നിറച്ചു.
7: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ നഗരമദ്ധ്യത്തില്‍ കൊന്നിട്ടിരിക്കുന്നവരാണു മാംസം. ഈ നഗരമാണു കുട്ടകം.
8: എന്നാല്‍, നിങ്ങളെ ഞാനതിന്റെ മദ്ധ്യത്തില്‍നിന്നു പുറത്തുകൊണ്ടുവരും. നിങ്ങള്‍ വാളിനെ ഭയപ്പെടുന്നു. ഞാന്‍ നിങ്ങളുടെമേല്‍ വാള്‍വീഴ്ത്തും. ദൈവമായ കര്‍ത്താവാണു് ഇതു പറയുന്നതു്.
9: നിങ്ങളെ ഞാന്‍ നഗരമദ്ധ്യത്തില്‍നിന്നു പുറത്തുകൊണ്ടുവന്നു്, വിദേശീയരുടെ കൈയിലേല്പിക്കും. നിങ്ങളുടെമേല്‍ എന്റെ ശിക്ഷാവിധി ഞാന്‍ നടപ്പിലാക്കും.
10: നിങ്ങള്‍ വാളിനിരയാകും. ഇസ്രായേലിന്റെ അതിര്‍ത്തിയില്‍വച്ചു്, നിങ്ങളെ ഞാന്‍ വിധിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
11: ഈ നഗരം നിങ്ങള്‍ക്കു കുട്ടകമായിരിക്കുകയില്ല. നിങ്ങളതിലെ മാംസവുമായിരിക്കുകയില്ല. നിങ്ങളെ ഞാന്‍ ഇസ്രായേലിന്റെ അതിര്‍ത്തിയില്‍വച്ചു വിധിക്കും.
12: ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും. നിങ്ങളെന്റെ കല്പനകളനുസരിച്ചു ജീവിച്ചില്ല. എന്റെ നിയമങ്ങള്‍ പാലിച്ചില്ല. നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങളനുസരിച്ചാണു നിങ്ങള്‍ പ്രവര്‍ത്തിച്ചതു്.
13: ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ബനായായുടെ പുത്രനായ പെലാത്തിയ മരിച്ചു. ഞാന്‍ കമിഴ്ന്നുവീണു് ഉച്ചത്തില്‍ നിലവിളിച്ചു: ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ അങ്ങു പൂര്‍ണ്ണമായി നശിപ്പിക്കുമോ?

പ്രവാസികള്‍ക്കു വാഗ്ദാനം
14: കര്‍ത്താവെന്നോടരുളിച്ചെയ്തു:
15: മനുഷ്യപുത്രാ, നിന്റെ സഹോദരങ്ങളോട്, നിന്റെ സഹോദരരോടും ബന്ധുക്കളോടും ഇസ്രായേല്‍ഭവനം മുഴുവനോടുമാണ്, ജറുസലെംനിവാസികള്‍ ഇങ്ങനെ പറഞ്ഞതു്: നിങ്ങള്‍ കര്‍ത്താവില്‍നിന്നകന്നുപോയി. ഈ ദേശം ഞങ്ങള്‍ക്കാണു് അവകാശമായി നല്കിയിരിക്കുന്നതു്.
16: ആകയാൽ, ഇങ്ങനെ പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. അവരെ ഞാന്‍ ജനതകളുടെയിടയിലേക്കു് അകറ്റിയെങ്കിലും, രാജ്യങ്ങളുടെയിടയില്‍ അവരെ ഞാന്‍ ചിതറിച്ചെങ്കിലും, അരെത്തിച്ചേര്‍ന്ന രാജ്യങ്ങളില്‍ തത്കാലത്തേക്കു ഞാനവര്‍ക്കു ദേവാലയമായി.
17: വീണ്ടും പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെയിടയില്‍നിന്ന്, ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്നു്, നിങ്ങളെ ഞാന്‍ ശേഖരിക്കും. ഇസ്രായേല്‍ദേശം നിങ്ങള്‍ക്കു ഞാന്‍ നല്കും.
18: അവിടെ വരുമ്പോളവര്‍ എല്ലാ നിന്ദ്യവസ്തുക്കളും മ്ലേച്ഛതകളും അവിടെനിന്നു നീക്കിക്കളയും.
19: അവര്‍ക്കു ഞാനൊരു പുതിയ ഹൃദയം നല്കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍നിന്നു് ശിലാഹൃദയമെടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും.
20: അങ്ങനെ അവര്‍ എന്റെ കല്പനകളനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയുംചെയ്യും. അവര്‍ എന്റെ ജനവും ഞാനവരുടെ ദൈവവുമായിരിക്കും.
21: എന്നാല്‍ നിന്ദ്യവസ്തുക്കളിലും മ്ലേച്ഛതകളിലും ഹൃദയമര്‍പ്പിച്ചിരിക്കുന്നവരുടെ പ്രവൃത്തികള്‍ക്ക്, അവരുടെ തലയില്‍ത്തന്നെ ഞാന്‍ ശിക്ഷവരുത്തും; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

കര്‍ത്താവിന്റെ മഹത്വം ജറുസലെംവിടുന്നു
22: കെരൂബുകള്‍ ചിറകുകളുയര്‍ത്തി; ചക്രങ്ങളും അവയുടെ വശങ്ങളിലുയര്‍ന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെമീതേ നിലകൊണ്ടു.
23: കര്‍ത്താവിന്റെ മഹത്വം നഗരമദ്ധ്യത്തില്‍നിന്നുയര്‍ന്ന്, നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു.
24: ആത്മാവു് എന്നെയെടുത്തുയര്‍ത്തി. ദൈവാത്മാവില്‍നിന്നുള്ള ദര്‍ശനത്തില്‍ കല്‍ദായദേശത്തു പ്രവാസികളുടെയടുത്തേക്കു കൊണ്ടുപോയി. ഞാന്‍കണ്ട ദര്‍ശനം അപ്രത്യക്ഷമായി.
25: കര്‍ത്താവെനിക്കു കാണിച്ചുതന്നതെല്ലാം ഞാന്‍ പ്രവാസികളോടു പറഞ്ഞു.

അദ്ധ്യായം 12

പ്രവാസത്തിന്റെ പ്രതീകം

1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണു നീ വസിക്കുന്നതു്.
2: അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.
3: എന്തെന്നാല്‍ അവര്‍ ധിക്കാരികളുടെ ഭവനമാണു്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാണ്ഡംതയ്യാറാക്കി, പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു് അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും ഒരുപക്ഷേ, അവര്‍ കാര്യം മനസ്സിലാക്കിയേക്കും.
4: നിന്റെ ഭാണ്ഡം പ്രവാസത്തിനുള്ള ഭാണ്ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ സായംകാലത്തു് അവര്‍ നോക്കിനില്‍ക്കേ പുറപ്പെടണം.
5: അവര്‍കാണ്‍കേ ഭിത്തിയിലൊരു ദ്വാരമുണ്ടാക്കി അതിലൂടെ കടന്നുപോകണം.
6: അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തുകടക്കുക. നിലംകാണാതിരിക്കാന്‍ നീ മുഖം മൂടിയിരിക്കണം, എന്തെന്നാല്‍ നിന്നെ ഞാന്‍ ഇസ്രായേല്‍ഭവനത്തിന് ഒരടയാളമാക്കിയിരിക്കുന്നു.
7: എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു. പ്രവാസത്തിനുള്ള ഭാണ്ഡമെന്നപോലെ എന്റെ ഭാണ്ഡം പകല്‍ സമയത്തു ഞാന്‍ പുറത്തുകൊണ്ടുവന്നു. സായംകാലത്തു് എന്റെ കൈകൊണ്ടുതന്നെ ഭിത്തി തുരന്നു ഭാണ്ഡം തോളിലേറ്റി അവര്‍ കാണ്‍കെത്തന്നെ ഇരുട്ടത്തു ഞാന്‍ പുറപ്പെട്ടു.
8: പ്രഭാതത്തില്‍ കര്‍ത്താവെന്നോടരുളിച്ചെയ്തു:
9: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം, ധിക്കാരികളുടെ ആ ഭവനം, നീ എന്താണീച്ചെയ്യുന്നതെന്നു ചോദിച്ചില്ലേ?
10: നീയവരോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു; ഈ അരുളപ്പാട് ജറുസലെമിലെ രാജാവിനെയും അവിടെയുള്ള ഇസ്രായേല്‍ഭവനം മുഴുവനെയുംകുറിച്ചുള്ളതാണു്.
11: നീയവര്‍ക്ക് ഒരടയാളമാണു്; നീ ഈ ചെയ്തതുപോലെ അവര്‍ക്കും സംഭവിക്കും. പ്രവാസത്തിനും അടിമത്തത്തിനും അവര്‍ വിധേയരാകുമെന്നു് അവരോടു പറയുക.
12: അവരുടെ രാജാവു തന്റെ ഭാണ്ഡം തോളിലേറ്റി, ഇരുട്ടത്തു പുറപ്പെടും. അവന്‍ ഭിത്തിതുരന്നു് അതിലൂടെ കടന്നുപോകും. നിലം കാണാതിരിക്കാൻ, അവന്‍ മുഖം മറച്ചിരിക്കും.
13: എന്റെ വല, ഞാനവന്റെമേല്‍ വീശും. അവനെന്റെ കെണിയില്‍പ്പെടും. കല്‍ദായരുടെ ദേശമായ ബാബിലോണിലേക്കു ഞാനവനെ കൊണ്ടുപോകും. അവനതു കാണുകയില്ല. അവിടെവച്ചു് അവന്‍ മരിക്കും.
14: അവനു ചുറ്റുമുള്ളവരെയെല്ലാം, അവന്റെ സഹായകരെയും സൈന്യത്തെയും, നാലുദിക്കിലേക്കും ഞാന്‍ ചിതറിക്കും. ഊരിയവാളുമായി ഞാനവരെ പിന്തുടരും.
15: ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ അവരെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
16: തങ്ങളെത്തിച്ചേരുന്നിടത്തെ ജനതകളുടെയിടയില്‍ സ്വന്തം മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി വാളില്‍നിന്നും ക്ഷാമത്തില്‍നിന്നും പകര്‍ച്ചവ്യാധികളില്‍നിന്നും അവരില്‍ക്കുറച്ചുപേര്‍ രക്ഷപെടാന്‍ ഞാനിടയാക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
17: കര്‍ത്താവെന്നോടരുളിച്ചെയ്തു:
18: മനുഷ്യപുത്രാ, വിറയലോടെ അപ്പംഭക്ഷിക്കുകയും ഭയത്തോടും ഉത്കണ്ഠയോടുംകൂടെ വെള്ളംകുടിക്കുകയും ചെയ്യുക.
19: ആ ദേശത്തു വസിക്കുന്നവരോടു പറയുക: ഇസ്രായേലില്‍, ജറുസലെമില്‍, പാര്‍ക്കുന്നവരെപ്പറ്റി ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ വിറയലോടെ അപ്പം ഭക്ഷിക്കും; സംഭ്രമത്തോടെ വെള്ളം കുടിക്കും. എന്തെന്നാല്‍, അവിടെ വസിക്കുന്നവരുടെ അക്രമംനിമിത്തം അവരുടെ നാട്ടില്‍നിന്നു് എല്ലാമപഹരിക്കപ്പെടും.
20: ജനനിബിഡമായ നഗരങ്ങള്‍ ശൂന്യമാക്കപ്പെടും. ദേശം നിര്‍ജ്ജനമായിത്തീരും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.

പ്രവചനം നിറവേറും
21: കര്‍ത്താവെന്നോടരുളിച്ചെയ്തു:
22: മനുഷ്യപുത്രാ, നാളുകള്‍ നീളുന്നു; ദര്‍ശനം നിറവേറുന്നില്ലെന്നു് ഇസ്രായേലില്‍ നിലവിലിരിക്കുന്ന പഴമൊഴിയുടെ അര്‍ത്ഥമെന്താണു്?
23: അവരോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ഈ പഴമൊഴിക്കു വിരാമമിടും. ഇനിയതു് ഇസ്രായേലില്‍ പഴമൊഴിയായിരിക്കുകയില്ല. എന്തെന്നാല്‍ സമയമായി; എല്ലാ ദര്‍ശനങ്ങളും പൂര്‍ത്തിയാകാന്‍പോകുന്നുവെന്നു് അവരോടു പറയുക.
24: ഇസ്രായേല്‍ഭവനത്തിലിനി വ്യര്‍ത്ഥദര്‍ശനങ്ങളോ, മുഖസ്തുതിക്കുവേണ്ടിയുള്ള വ്യാജപ്രവചനങ്ങളോ ഉണ്ടാവുകയില്ല.
25: കര്‍ത്താവായ ഞാന്‍ പറയും; പറയുന്നവ നിറവേറ്റുകയുംചെയ്യും. താമസമുണ്ടാവുകയില്ല. ധിക്കാരികളുടെ ഭവനമേ, നിങ്ങളുടെ നാളില്‍ത്തന്നെ ഞാന്‍ സംസാരിക്കുകയും അതു നിറവേറ്റുകയുംചെയ്യുമെന്നു് ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
26: കര്‍ത്താവെന്നോടു വീണ്ടുമരുളിച്ചെയ്തു:
27: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം പറയുന്നു, ഇവന്റെ ദര്‍ശനങ്ങള്‍ അടുത്തെങ്ങുംസംഭവിക്കാത്തവയും ഇവന്റെ പ്രവചനങ്ങള്‍ വിദൂരഭാവിയെക്കുറിച്ചുള്ളവയുമാണു്.
28: ആകയാല്‍ നീയവരോടു പറയുക: ഞാന്‍പറഞ്ഞ കാര്യങ്ങള്‍ക്ക് ഇനി ഒട്ടും വിളംബം സംഭവിക്കുകയില്ല; അവ നിറവേറ്റുകതന്നെ ചെയ്യുമെന്നു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 13

വ്യാജപ്രവാചകര്‍ക്കെതിരേ

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍നടത്തുന്നവരോടു പറയുക: കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ദര്‍ശനംലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാര്‍ക്കു ദുരിതം!
4: ഇസ്രായേലേ, നിന്റെ പ്രവാചകന്മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ക്കഴിയുന്ന കുറുനരികളെപ്പോലെയാണു്.
5: കര്‍ത്താവിന്റെ ദിനത്തില്‍ ഇസ്രായേല്‍ഭവനം യുദ്ധത്തിലുറച്ചുനില്ക്കാന്‍വേണ്ടി, നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ, കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല.
6: അവര്‍ കള്ളം പറയുകയും വ്യാജപ്രവചനംനടത്തുകയും ചെയ്യുന്നു. കര്‍ത്താവവരെ അയച്ചിട്ടില്ലെങ്കിലും കര്‍ത്താവരുളിച്ചെയ്യുന്നുവെന്ന്  അവര്‍ പറയുകയും അവിടുന്നതു നിറവേറ്റുമെന്നു പ്രതീക്ഷിക്കുകയുംചെയ്യുന്നു.
7: ഞാന്‍ പറയാതിരിക്കേ കര്‍ത്താവരുളിച്ചെയ്യുന്നുവെന്നു നിങ്ങള്‍ പറഞ്ഞപ്പോഴൊക്കെ നിങ്ങള്‍ മിഥ്യാദര്‍ശനംകാണുകയും വ്യാജപ്രവചനംനടത്തുകയുമല്ലേ ചെയ്തതു്?
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ വ്യാജംപറഞ്ഞതുകൊണ്ടും മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരാണു്. ദൈവമായ കര്‍ത്താവാണു് ഇതു പറയുന്നതു്.
9: വ്യാജംപ്രവചിക്കുകയും വ്യര്‍ത്ഥദര്‍ശനങ്ങള്‍ കാണുകയുംചെയ്യുന്ന പ്രവാചകന്മാര്‍ക്കെതിരേ എന്റെ കരമുയരും. എന്റെ ജനത്തിന്റെ ആലോചനാസംഘത്തില്‍ അവരുണ്ടായിരിക്കുകയില്ല. ഇസ്രായേല്‍ജനത്തിന്റെ വംശാവലിയില്‍ അവരുടെ പേരെഴുതപ്പെടുകയില്ല; അവര്‍ ഇസ്രായേല്‍ദേശത്തു പ്രവേശിക്കുകയുമില്ല. ഞാനാണു ദൈവമായ കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
10: സമാധാനമില്ലാതിരിക്കേ സമാധാനം എന്നുദ്‌ഘോഷിച്ചു് അവരെന്റെ ജനത്തെ വഴിതെറ്റിച്ചു. എന്റെ ജനം കോട്ടപണിതപ്പോൾ, അവരതിന്മേല്‍ വെള്ളപൂശി.
11: കോട്ടയ്ക്കു വെള്ളപൂശുന്നവരോടു പറയുക: അതു നിലംപരിചാകും; പെരുമഴ പെയ്യും; വലിയ കന്മഴ വര്‍ഷിക്കും; കൊടുങ്കാറ്റടിക്കും.
12: കോട്ട നിലംപതിക്കുമ്പോള്‍ നിങ്ങള്‍ വെള്ളപൂശിയ കുമ്മായമെവിടെയെന്നു് അവര്‍ നിങ്ങളോടു ചോദിക്കുകയില്ലേ?
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ക്രോധത്തില്‍ ഞാനൊരു കൊടുങ്കാറ്റഴിച്ചുവിടും. എന്റെ കോപത്തിലൊരു പെരുമഴ വര്‍ഷിക്കും. എന്റെ ക്രോധത്തില്‍ എല്ലാം നശിപ്പിക്കുന്ന കന്മഴ
യയ്ക്കും.
14: നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ തകര്‍ക്കും; അസ്തിവാരം തെളിയത്തക്കവിധം ഞാനതിനെ നിലംപതിപ്പിക്കും. അതു നിലംപതിക്കുമ്പോള്‍ അതിനടിയില്‍പ്പെട്ടു നിങ്ങളും നശിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
15: കോട്ടയും അതിനു വെള്ളപൂശിയവരും എന്റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയവരോ അവശേഷിക്കുകയില്ല.
16: ജറുസലെമിനെപ്പറ്റി പ്രവചനങ്ങള്‍നടത്തിയവരും, സമാധാനമില്ലാതിരിക്കേ, സമാധാനത്തിന്റെ ദര്‍ശനങ്ങള്‍ കണ്ടവരുമായ ഇസ്രായേലിലെ പ്രവാചകന്മാരുമവശേഷിക്കുകയില്ല. ദൈവമായ കര്‍ത്താവാണു് ഇതു പറയുന്നതു്.
17: മനുഷ്യപുത്രാ, സ്വന്തമായ പ്രവചനങ്ങള്‍നടത്തുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാര്‍ക്കുനേരേ മുഖംതിരിച്ചു്, അവര്‍ക്കെതിരേ പ്രവചിക്കുക.
18: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: മനുഷ്യാത്മാക്കളെ വേട്ടയാടാന്‍വേണ്ടി എല്ലാ കൈത്തണ്ടുകള്‍ക്കും മന്ത്രച്ചരടുകള്‍ നെയ്യുന്നവരും എല്ലാ വലുപ്പത്തിലുമുള്ളവരുടെ തലയ്ക്കു യോജിച്ച മൂടുപടമുണ്ടാക്കുന്നവരുമായ സ്ത്രീകള്‍ക്കും ദുരിതം! സ്വാര്‍ത്ഥലാഭത്തിനുവേണ്ടി നിങ്ങളെന്റെ ജനത്തിന്റെ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്ഷിക്കുകയുമല്ലേ?
19: ഒരുപിടി യവത്തിനും കുറച്ചു് അപ്പക്കഷണങ്ങള്‍ക്കുംവേണ്ടി എന്റെ ജനത്തിന്റെ മുമ്പില്‍വച്ചു് നിങ്ങളെന്റെ പരിശുദ്ധിയില്‍ കളങ്കം ചേര്‍ത്തു. നിങ്ങളുടെ വ്യാജവാക്കുകള്‍ക്കു ചെവിതരുന്ന എന്റെ ജനത്തെ കബളിപ്പിച്ചു്, ജീവിച്ചിരിക്കേണ്ടവരെ നിങ്ങള്‍ കൊല്ലുകയും ജീവിക്കാന്‍പാടില്ലാത്തവരുടെ ജീവന്‍ പരിരക്ഷിക്കുകയും ചെയ്തു.
20: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ മനുഷ്യരെക്കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ക്കു ഞാനെതിരാണു്. അവ നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ പൊട്ടിച്ചുകളയും. നിങ്ങള്‍ വേട്ടയാടുന്ന മനുഷ്യരെ പക്ഷികളെപ്പോലെ ഞാന്‍ സ്വതന്ത്രരാക്കും.
21: നിങ്ങളുടെ മൂടുപടങ്ങള്‍ ഞാന്‍ കീറിക്കളയും. എന്റെ ജനത്തെ നിങ്ങളുടെ പിടിയില്‍നിന്നു ഞാന്‍ വിടുവിക്കും. അവര്‍ ഇനിയൊരിക്കലും നിങ്ങള്‍ക്കിരയാവുകയില്ല. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
22: ഞാനൊരിക്കലും നിരാശപ്പെടുത്തിയിട്ടില്ലാത്ത നീതിമാനെ നിങ്ങള്‍ നുണപറഞ്ഞുനിരാശനാക്കി. ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിഞ്ഞ്, തന്റെ ജീവന്‍ രക്ഷിക്കാതിരിക്കാന്‍ ദുഷ്ടനെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
23: നിങ്ങളിനി മിഥ്യാദര്‍ശനങ്ങള്‍ കാണുകയില്ല. വ്യാജപ്രവചനങ്ങള്‍നടത്തുകയുമില്ല. എന്റെ ജനത്തെ, നിങ്ങളുടെ കൈയില്‍നിന്നു ഞാന്‍ മോചിപ്പിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ