ഇരുന്നൂറ്റിനാല്പത്തിമൂന്നാം ദിവസം: എസക്കിയേല്‍ 25 - 28


അദ്ധ്യായം 25

അമ്മോന്യര്‍ക്കെതിരേ

1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ,
2: അമ്മോന്യരുടെനേരേതിരിഞ്ഞു്, അവര്‍ക്കെതിരേ പ്രവചിക്കുക.
3: അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനംശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കുപോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നുപറഞ്ഞുപരിഹസിച്ചു.
4: അതിനാല്‍ ഞാന്‍ നിന്നെ പൗരസ്ത്യര്‍ക്ക് അവകാശമായിക്കൊടുക്കാന്‍പോകുന്നു; അവര്‍ നിന്നില്‍ പാളയമടിച്ചുവാസമുറപ്പിക്കും. അവര്‍ നിനക്കുള്ള ഫലം ഭക്ഷിക്കുകയും പാല്‍ കുടിക്കുകയുംചെയ്യും.
5: ഞാന്‍ റബ്ബായെ ഒട്ടകങ്ങള്‍ക്കു മേച്ചില്‍സ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആട്ടിന്‍പറ്റങ്ങള്‍ക്കു താവളവുമാക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ദേശത്തിനെതിരേ, നിന്റെ ഹൃദയത്തിലുള്ള ദുഷ്ടതമൂലം കൈകൊട്ടിത്തുള്ളിച്ചാടിയാഹ്ലാദിച്ചതിനാല്‍,
7: ഞാന്‍ നിനക്കെതിരേ എന്റെ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ചചെയ്യാന്‍ വിട്ടുകൊടുക്കുകയുംചെയ്യും. ജനതകളില്‍നിന്നു നിന്നെ ഞാന്‍ വിച്ഛേദിക്കും. രാജ്യങ്ങളുടെയിടയില്‍നിന്നു നിന്നെ ഞാന്‍ ഉന്മൂലനംചെയ്യും; ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.

മൊവാബിനെതിരേ
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാഭവനം മറ്റുജനതകളെപ്പോലെയാണെന്നു മൊവാബ് പറഞ്ഞതുകൊണ്ടു്
9: മൊവാബിന്റെ പാര്‍ശ്വങ്ങളായ അതിര്‍ത്തിനഗരങ്ങള്‍ ഞാന്‍ വെട്ടിത്തുറക്കും- രാജ്യത്തിന്റെ മഹത്വമായ ബേത്‌യഷിമോത്തു്, ബാല്‍മെയോന്‍, കിരിയാത്തായിം എന്നീ നഗരങ്ങള്‍.
10: അതിനെയും ഞാന്‍ അമോന്യരോടൊപ്പം പൗരസ്ത്യര്‍ക്കവകാശമായിക്കൊടുക്കും. അതൊരിക്കലും സ്മരിക്കപ്പെടുകയില്ല.
11: മൊവാബിന്റെമേല്‍ ഞാന്‍ ശിക്ഷാവിധിനടത്തും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

ഏദോമിനെതിരേ
12: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാഭവനത്തോടു് ഏദോം പ്രതികാരബുദ്ധിയോടെ ക്രൂരമായി പെരുമാറിയിരിക്കുന്നു.
13: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഏദോമിനെതിരേ ഞാന്‍ കരമുയര്‍ത്തും. മനുഷ്യരെയും മൃഗങ്ങളെയും അവിടെനിന്നു ഞാന്‍ നീക്കിക്കളയും. ഞാനതിനെ വിജനമാക്കും; തേമാന്‍മുതല്‍ ദദാന്‍വരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
14: എന്റെ ജനമായ ഇസ്രായേലിന്റെ കരംകൊണ്ടു് ഏദോമിനെതിരേ ഞാന്‍ പ്രതികാരം ചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനുമനുസൃതമായി അവരവിടെ വര്‍ത്തിക്കും. അങ്ങനെ അവരെന്റെ പ്രതികാരമറിയും.

ഫിലിസ്ത്യര്‍ക്കെതിരേ
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ പ്രതികാരംചെയ്തിരിക്കുന്നു. ഒടുങ്ങാത്ത വിരോധത്താല്‍ നശിപ്പിക്കാന്‍വേണ്ടി ദുഷ്ടതയോടെയവര്‍ പ്രതികാരംചെയ്തിരിക്കുന്നു.
16: അതിനാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ക്കെതിരായി ഞാന്‍ കരമുയര്‍ത്തും; ക്രേത്യരെ ഞാന്‍ കൊല്ലുകയും കടല്‍ത്തീരത്തു ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
17: ക്രോധംനിറഞ്ഞ പ്രഹരങ്ങളാല്‍ ഞാനവരോടു കഠിനമായി പ്രതികാരംചെയ്യും. ഞാന്‍ പ്രതികാരംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.

അദ്ധ്യായം 26

ടയിറിനെതിരേ
1: പതിനൊന്നാംവര്‍ഷം മാസത്തിന്റെ ആദ്യദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ചു ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അതെനിക്കായി തുറന്നിരിക്കുന്നു. അവള്‍ നശിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമ്പന്നയാകും.
3: അതിനാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ടയിര്‍, ഇതാ ഞാന്‍ നിനക്കെതിരാണു്. കടല്‍, തിരമാലകളെയെന്നപോലെ ഞാനനേകംജനതകളെ നിനക്കെതിരേ അണിനിരത്തും.
4: അവര്‍ ടയിറിന്റെ കോട്ടകള്‍ ഇടിച്ചുനിരത്തി, ഗോപുരങ്ങള്‍ തകര്‍ക്കും. മണ്ണെല്ലാം വടിച്ചുകോരി ഞാനവളെ വെറും പാറപോലെയാക്കും.
5: സമുദ്രമദ്ധ്യത്തില്‍, വല വിരിച്ചുണക്കാനുള്ള സ്ഥലമായി അവള്‍ പരിണമിക്കും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണു് ഇതു പറയുന്നതു്; അവള്‍ ജനതകള്‍ക്കൊരു കവര്‍ച്ചവസ്തുവായിത്തീരും.
6: സമതലത്തിലുള്ള അവളുടെ പുത്രിമാര്‍ വാളിനിരയാകും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
7: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. ഞാന്‍ വടക്കുനിന്നു് ബാബിലോണിലെ രാജാവും രാജാധിരാജനുമായ നബുക്കദ്‌നേസറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും സൈന്യവ്യൂഹങ്ങളോടുംകൂടെ ടയിറിനെതിരേ കൊണ്ടുവരും.
8: സമതലത്തിലുള്ള നിന്റെ പുത്രിമാരെയവന്‍ വാളിനിരയാക്കുകയും നിനക്കെതിരേ ഉപരോധസങ്കേതമുയര്‍ത്തി, പരിചകള്‍കൊണ്ടു മറയുണ്ടാക്കുകയുംചെയ്യും.
9: നിന്റെ മതിലുകള്‍, അവന്‍ യന്ത്രമുട്ടികള്‍കൊണ്ടു് ഇടിച്ചു തകര്‍ക്കും; കോടാലികൊണ്ടു ഗോപുരങ്ങള്‍ തകര്‍ക്കും.
10: അവന്റെ അശ്വബാഹുല്യത്താല്‍ ഉയരുന്ന പൊടി, നിന്നെ മൂടിക്കളയും. കോട്ടയിടിഞ്ഞ പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോള്‍ കുതിരക്കാരുടെയും വണ്ടികളുടെയും രഥങ്ങളുടെയും ശബ്ദംകൊണ്ടു നിന്റെ മതിലുകള്‍ നടുങ്ങും.
11: കുതിരകളുടെ കുളമ്പുകള്‍കൊണ്ടു നിന്റെ തെരുവീഥികളവന്‍ ചവിട്ടിമെതിക്കും; നിന്റെ ജനത്തെ വാളിനിരയാക്കും; നിന്റെ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.
12: അവര്‍ നിന്റെ ധനം കവര്‍ച്ചചെയ്യുകയും വ്യാപാരച്ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്യും. നിന്റെ മതിലുകളും നിന്റെ മനോഹരങ്ങളായ ഭവനങ്ങളും അവര്‍ നശിപ്പിക്കുകയും കല്ലും മണ്ണും മരവും സമുദ്രമദ്ധ്യത്തിലേക്കു വലിച്ചെറിയുകയും ചെയ്യും.
13: നിന്റെ സംഗീതത്തിന്റെ സ്വരം ഞാന്‍ നിര്‍ത്തും; വീണാനാദം മേലില്‍ കേള്‍ക്കുകയില്ല.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ വെറും പാറപോലെയാക്കും. വലവിരിച്ചുണക്കുന്നതിനുള്ള സ്ഥലമായി നീ തീരും. ഒരിക്കലും നീ പുനരുദ്ധരിക്കപ്പെടുകയില്ല. കര്‍ത്താവായ ഞാനാണിതു പറയുന്നതു്.
15: ദൈവമായ കര്‍ത്താവു ടയിറിനോടരുളിച്ചെയ്യുന്നു: നിന്റെ മദ്ധ്യത്തില്‍ സംഹാരംനടക്കുമ്പോള്‍, മുറിവേറ്റവര്‍ ഞരങ്ങുമ്പോള്‍, നിന്റെ പതനത്തിന്റെ ശബ്ദത്താല്‍ ദ്വീപുകള്‍ നടുങ്ങുകയില്ലേ?
16: അപ്പോള്‍ സമുദ്രത്തിലെ എല്ലാ രാജാക്കന്മാരും സിംഹാസനംവിട്ടിറങ്ങി മേലങ്കികള്‍ മാറ്റി, അലംകൃതവസ്ത്രങ്ങളുരിഞ്ഞുകളയും. അവരെ വിറയല്‍ പൊതിയും, അവര്‍ നിലത്തിരിക്കുകയും ഓരോ നിമിഷവും ഞെട്ടുകയും നിന്നെയോര്‍ത്തു ചകിതരാവുകയുംചെയ്യും.
17: നിന്നെക്കുറിച്ചു് അവരുച്ചത്തില്‍ വിലപിച്ചുപറയും; സമുദ്രമദ്ധ്യത്തില്‍ ശക്തിയും കീര്‍ത്തിയുംപരത്തിയ നഗരമേ, കരയില്‍ ഭയമുളവാക്കിയ നീയും നിന്നില്‍ വസിക്കുന്നവരും സമുദ്രത്തില്‍നിന്നു മാഞ്ഞുപോയതെങ്ങിനെ?
18: നിന്റെ പതനദിവസം ദ്വീപുകള്‍ വിറയ്ക്കുകയും നിന്റെ തിരോധാനത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ സംഭ്രമിക്കുകയുംചെയ്യുന്നു.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിര്‍ജ്ജനനഗരംപോലെ നിന്നെ ഞാന്‍ ശൂന്യമാക്കുമ്പോള്‍, ആഴിയെ നിന്റെമേലൊഴുക്കി പെരുവെള്ളംകൊണ്ടു നിന്നെമൂടുമ്പോള്‍,
20: പാതാളത്തില്‍പ്പതിക്കുന്ന പുരാതനജനങ്ങളോടൊപ്പം നിന്നെ ഞാന്‍ തള്ളിയിടും. നിന്നില്‍ ആരും വസിക്കാതിരിക്കാനും ജീവനുള്ളവരുടെ നാട്ടില്‍ നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി, പാതാളത്തില്‍ താഴ്ന്നവരുടെകൂടെ പുരാതനാവശിഷ്ടങ്ങള്‍ക്കിടയില്‍ അധോലോകത്തില്‍ നിന്നെ ഞാന്‍ പാര്‍പ്പിക്കും.
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഭീതിജനകമായ അവസാനം ഞാന്‍ നിനക്കു വരുത്തും. നീ എന്നേയ്ക്കുമായി ഇല്ലാതാകും; നിന്നെയന്വേഷിക്കുന്നവര്‍ ഒരിക്കലും കണ്ടെത്തുകയില്ല.

അദ്ധ്യായം 27

ടയിറിനെക്കുറിച്ചു് വിലാപഗാനം
1: കര്‍ത്താവെന്നോടരുളിച്ചെയ്തു.
2: മനുഷ്യപുത്രാ, ടയിറിനെക്കുറിച്ചു് ഒരു വിലാപഗാനമാലിപിക്കുക.
3: സമുദ്രമുഖത്തു സ്ഥിതിചെയ്ത്, അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ടയിര്‍, അവികലസൗന്ദര്യത്തിടമ്പെന്ന് നീയഹങ്കരിച്ചു.
4: നിന്റെ അതിര്‍ത്തികള്‍ സമുദ്രത്തിന്റെ ഹൃദയഭാഗത്താണു്; നിന്റെ നിര്‍മ്മാതാക്കള്‍ നിന്റെ സൗന്ദര്യം തികവുറ്റതാക്കി.
5: സെനീറിലെ സരളമരംകൊണ്ടു് അവര്‍ നിന്റെ തട്ടുപലകകളുണ്ടാക്കി. ലബനോനിലെ ദേവദാരുകൊണ്ടു് അവര്‍ നിനക്കു പായ്മരം നിര്‍മ്മിച്ചു.
6: ബാഷാനിലെ കരുവേലകംകൊണ്ടു് അവര്‍ നിനക്കു തുഴയുണ്ടാക്കി. സൈപ്രസ്‌തീരങ്ങളില്‍നിന്നുള്ള കാറ്റാടിമരത്തില്‍ ആനക്കൊമ്പു പതിച്ചു്, അവര്‍ നിനക്കു മേല്‍ത്തട്ടൊരുക്കി.
7: നിന്റെ കപ്പല്‍പ്പായ് ഈജിപ്തില്‍നിന്നുകൊണ്ടുവന്ന ചിത്രാലംകൃതമായ ചണവസ്ത്രമായിരുന്നു. അതായിരുന്നു നിന്റെ അടയാളം. എലീഷാദ്വീപില്‍നിന്നുള്ള നീലാംബരവും ധൂമ്രപടവുമായിരുന്നു നിന്റെ ആവരണം.
8: സീദോനിലെയും അര്‍വ്വാദിലെയും നിവാസികളായിരുന്നു നിന്റെ തണ്ടുവലിക്കാര്‍. സേമറില്‍നിന്നുവന്ന വിദഗ്ദ്ധന്മാരായ കപ്പിത്താന്മാര്‍ നിനക്കുണ്ടായിരുന്നു.
9: ഗേബാലിലെ ശ്രേഷ്ഠന്മാരും നിപുണന്മാരും നിനക്കു് ഓരായപ്പണിചെയ്യാനുണ്ടായിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും കപ്പല്‍ക്കാരും നീയുമായി കച്ചവടം ചെയ്യാന്‍ വന്നിരുന്നു.
10: പേര്‍ഷ്യ, ലൂദ്, പുത് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ നിന്റെ സൈന്യത്തിലുണ്ടായിരുന്നു. അവര്‍ അവരുടെ പരിചയും പടത്തൊപ്പിയും നിന്നില്‍ത്തൂക്കിയിട്ടു. അവര്‍ നിനക്കു മഹിമചാര്‍ത്തി.
11: അര്‍വ്വാദിലെയും ഹേലെക്കിലെയും ജനങ്ങള്‍ നിനക്കുചുററുമുള്ള മതിലുകളിലും ഗാമാദിലെ ജനങ്ങള്‍ നിന്റെ ഗോപുരങ്ങളിലും കാവല്‍നിന്നു. അവരവരുടെ പരിചകള്‍ നിനക്കുചുറ്റും മതിലുകളില്‍ത്തൂക്കി; നിന്റെ സൗന്ദര്യം അവര്‍ പരിപൂര്‍ണ്ണമാക്കി.
12: നിന്റെ എല്ലാത്തരത്തിലുമുള്ള സമ്പത്തുകണ്ടു താര്‍ഷീഷുകാര്‍ നീയുമായി വ്യാപാരത്തിനു വന്നു. വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്റെ ചരക്കുകള്‍ക്കു പകരംതന്നു.
13: യാവാന്‍, തൂബാല്‍, മേഷെക് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അവര്‍ നിന്റെ ചരക്കുകള്‍ക്കുപകരം ആളുകളെയും ഓട്ടുപാത്രങ്ങളെയും തന്നു.
14: ബേത്തോഗര്‍മാക്കാര്‍ കുതിരകളെയും പടക്കുതിരകളെയും, കോവര്‍കഴുതകളെയും നിന്റെ ചരക്കുകള്‍ക്കുപകരം തന്നു.
15: ദദാന്‍കാര്‍ നീയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടു. നിന്റെ പ്രത്യേകവ്യാപാരകേന്ദ്രങ്ങളായി ധാരാളം ദ്വീപുകളുണ്ടായിരുന്നു. ആനക്കൊമ്പും കരിന്താളിയും അവിടെനിന്നു നിനക്കു പ്രതിഫലമായി ലഭിച്ചു.
16: നിന്റെ ചരക്കുകളുടെ ബാഹുല്യംനിമിത്തം ഏദോം നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അവര്‍ രത്നക്കല്ലുകളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തുന്നലുള്ള വസ്ത്രങ്ങളും നേര്‍ത്തചണവസ്ത്രങ്ങളും പവിഴവും പത്മരാഗവും പകരംതന്നു.
17: യൂദായും ഇസ്രായേല്‍ദേശവും നിന്നോടു വ്യാപാരംചെയ്തു. മിനിത്തിലെ ഗോതമ്പ്, അത്തിപ്പഴം,തേന്‍, എണ്ണ, സുഗന്ധലേപനങ്ങളെന്നിവ അവര്‍ പകരംതന്നു.
18: നിന്റെ ധാരാളമായ ചരക്കുകളും ബഹുവിധസമ്പത്തുംകണ്ടു ദമാസ്‌ക്കസ് നിന്നോടു വ്യാപാരബന്ധത്തിലേര്‍പ്പെട്ടു.
19: ഹെല്‍ബോനിലെ വീഞ്ഞു്, വെളുത്ത ആട്ടിന്‍രോമം, ഉസാലില്‍നിന്നുള്ള വീഞ്ഞു്, ഇരുമ്പുരുപ്പടികള്‍, ഇലവര്‍ങ്ങം, കറുവാപ്പട്ടയെന്നിവ നിന്റെ ചരക്കുകള്‍ക്കുപകരം അവര്‍ കൊണ്ടുവന്നു.
20: രഥത്തില്‍ വിരിക്കാനുള്ള പരവതാനി, ദദാനിലെ ജനങ്ങള്‍ കൊണ്ടുവന്നു.
21: അറേബ്യക്കാരും കേദാര്‍പ്രഭുക്കന്മാരുമാണു് ആടുകള്‍, ആട്ടുകൊറ്റന്മാര്‍, കോലാടുകളെന്നിവയെ നിനക്കു വിറ്റതു്.
22: ഷേബായിലെയും റാമായിലെയും ആളുകള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. ഏറ്റവും നല്ലയിനം പരിമളതൈലങ്ങള്‍, വിലപിടിച്ചരത്നങ്ങള്‍, സ്വര്‍ണ്ണം എന്നിവ നിന്റെ ചരക്കുകള്‍ക്കുപകരമായി അവര്‍ തന്നു.
23: ഹാരാന്‍, കന്നെ, ഏദന്‍, അഷൂര്‍, കില്‍മാദ് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു.
24: അവര്‍ വിശിഷ്ടവസ്ത്രങ്ങള്‍, ചിത്രത്തുന്നലുള്ള നീലത്തുണികള്‍, പിരിച്ചചരടുകൊണ്ടു ബലപ്പെടുത്തിയ നാനാവര്‍ണ്ണത്തിലുള്ള പരവതാനികളെന്നിവ നിനക്കു പകരംനല്കി.
25: താര്‍ഷീഷിലെക്കപ്പലുകള്‍ നിന്റെ വ്യാപാരച്ചരക്കുകളുമായി സഞ്ചരിച്ചു. അങ്ങനെ സമുദ്രമദ്ധ്യേ നീ നിറഞ്ഞു്, വളരെ ധനികയായിത്തീര്‍ന്നു.
26: തണ്ടുവലിച്ചിരുന്നവര്‍ പ്രക്ഷുബ്ദ്ധമായ സമുദ്രത്തിലേക്കു നിന്നെക്കൊണ്ടുപോയി; സമുദ്രമദ്ധ്യേ കിഴക്കന്‍കാറ്റു നിന്നെ തകര്‍ത്തുകളഞ്ഞു.
27: നിന്റെ ധനവും വിഭവങ്ങളും ചരക്കുകളും നാവികരും കപ്പിത്താന്മാരും ഓരായപ്പണിക്കാരും വ്യാപാരികളും പടയാളികളും കപ്പല്‍ജോലിക്കാരും നിന്റെ നാശത്തിന്റെനാളില്‍ നിന്നോടൊപ്പം ആഴിയുടെയടിത്തട്ടില്‍ത്താണു.
28: നിന്റെ കപ്പിത്താന്മാരുടെ നിലവിളിയാല്‍ നാട്ടിന്‍പുറങ്ങള്‍ നടുങ്ങി.
29: നിന്റെ തണ്ടുവലിക്കാരും നാവികരും കപ്പിത്താന്മാരും കരയിലിറങ്ങിനില്ക്കുന്നു.
30: അവര്‍ നിന്നെക്കുറിച്ചു്, ഉറക്കെക്കരയുകയും കഠിനദുഃഖത്തോടെ വിലപിക്കുകയുംചെയ്യുന്നു; അവര്‍ തലയില്‍ പൂഴിവിതറി, ചാരത്തില്‍ക്കിടന്നുരുളുന്നു.
31: നിന്നെപ്രതി അവര്‍ ശിരസ്സു മുണ്ഡനംചെയ്തു ചാക്കുടുക്കുന്നു; ഹൃദയവ്യഥയോടും അതീവ ദുഃഖത്തോടുംകൂടെ വിലപിക്കുന്നു.
32: നിന്നെപ്രതിയുള്ള അവരുടെ കരച്ചിൽ, ഒരു വിലാപഗാനമായി ഉയരുന്നു. ടയിറിനെപ്പോലെ സമുദ്രമദ്ധ്യത്തില്‍ വേറെയാരുനശിച്ചിട്ടുള്ളൂ എന്നു്, അവര്‍ വിലപിക്കുന്നു.
33: സമുദ്രത്തില്‍നിന്നു നിന്റെ കച്ചവടസാധനങ്ങള്‍ വന്നിരുന്നപ്പോള്‍ അനേകജനതകളെ നീ തൃപ്തരാക്കി. നിന്റെ വലിയസമ്പത്തും ചരക്കുകളുംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി.
34: ഇപ്പോള്‍ സമുദ്രംതന്നെ നിന്നെത്തകര്‍ത്തിരിക്കുന്നു. നിന്റെ വ്യാപാരവസ്തുക്കളും കപ്പലിലുണ്ടായിരുന്നവരും നിന്നോടുകൂടെ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയി.
35: ദ്വീപുനിവാസികള്‍ നിന്നെയോര്‍ത്തു സ്തബ്ധരായി; അവരുടെ രാജാക്കന്മാര്‍ പരിഭ്രാന്തരായി. അവരുടെ മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിനിന്നു.
36: ജനതകള്‍ക്കിടയിലുള്ള വ്യാപാരികള്‍ നിന്നെ നിന്ദിക്കുന്നു; ഭയാനകമായ അവസാനം, നിനക്കു വന്നുകഴിഞ്ഞു. എന്നേയ്ക്കുമായി നീ നശിച്ചുകഴിഞ്ഞു.

അദ്ധ്യായം 28

ടയിര്‍രാജാവിനെതിരേ

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ടയിര്‍രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണു്; സമുദ്രമദ്ധ്യേ ദേവന്മാരുടെ സിംഹാസനത്തില്‍ ഞാനിരിക്കുന്നു. എന്നാല്‍ നീ ദൈവത്തെപ്പോലെ ബുദ്ധിമാനെന്നു തന്നത്താന്‍ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യന്‍മാത്രമാണു്.
3: തീര്‍ച്ചയായും നീ ദാനിയേലിനെക്കാള്‍ ബുദ്ധിമാനാണു്. ഒരു രഹസ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല.
4: ബുദ്ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തില്‍ സംഭരിച്ചു.
5: വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു വര്‍ദ്ധിപ്പിച്ചു. ധനംമൂലം അഹങ്കരിച്ചു.
6: ആകയാല്‍, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ നിന്നെത്തന്നെ ദൈവത്തെപ്പോലെ ജ്ഞാനിയായി കണക്കാക്കി.
7: അതിനാല്‍ ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരായവരെ ഞാന്‍ നിന്റെമേലയയ്ക്കും. നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കുനേരേ അവര്‍ വാളൂരും. അവര്‍ നിന്റെ തേജസ്സു കെടുത്തിക്കളയും.
8: അവര്‍ നിന്നെ പാതാളത്തിലേക്കു തള്ളിയിടും. വധിക്കപ്പെട്ടവനെപ്പോലെ നീ സമുദ്രമദ്ധ്യേ മരിക്കും.
9: നിന്നെക്കൊല്ലുന്നവന്റെ മുമ്പില്‍വച്ചു് ഞാന്‍ ദേവനാണെന്ന് നീയിനിയും പറയുമോ? നിന്നെ മുറിവേല്പിക്കുന്നവന്റെ കൈകളില്‍ നീ ദേവനല്ല, വെറും മനുഷ്യനാണു്.
10: അപരിച്ഛേദിതനെപ്പോലെ നീ വിദേശികളുടെ കരത്താല്‍ മരിക്കും. കര്‍ത്താവായ ഞാനാണിതു പറഞ്ഞിരിക്കുന്നതു്.
11: കര്‍ത്താവെന്നോടരുളിച്ചെയ്തു:
12: മനുഷ്യപുത്രാ, ടയിര്‍രാജാവിനെക്കുറിച്ചു് ഒരു വിലാപഗാനമാലപിക്കുക, അവനോടുപറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ പൂര്‍ണ്ണതയ്ക്കു മാതൃകയായിരുന്നു; വിജ്ഞാനംതികഞ്ഞവനും സൗന്ദര്യസമ്പുഷ്ടനും.
13: നീ ദൈവത്തിന്റെ തോട്ടമായ ഏദനിലായിരുന്നു. മാണിക്യം, പുഷ്യരാഗം, സൂര്യകാന്തം, പത്മരാഗം, ചന്ദ്രകാന്തം, ഗോമേദകം, ഇന്ദ്രനീലം, വൈഡൂര്യം, മരതകം എന്നിവ നിന്നെപ്പൊതിഞ്ഞിരുന്നു. നിന്റെ തംബുരുവും പുല്ലാംകുഴലും സ്വര്‍ണ്ണനിര്‍മ്മിതമായിരുന്നു. നീ സൃഷ്ടിക്കപ്പെട്ട ദിവസംതന്നെ അവയെല്ലാം ഒരുക്കിയിരുന്നു.
14: ഒരു അഭിഷിക്തകെരൂബിനെ നിനക്കു കാവല്‍നിറുത്തി. നീ ദൈവത്തിന്റെ വിശുദ്ധഗിരിയിലായിരുന്നു. തീപോലെ തിളങ്ങുന്ന രത്നങ്ങളുടെയിടയില്‍ നീ സഞ്ചരിച്ചു.
15: നിന്നെ സൃഷ്ടിച്ചനാള്‍മുതല്‍ അധര്‍മ്മം നിന്നില്‍ പ്രത്യക്ഷപ്പെട്ടതുവരെ നീ നിഷ്കളങ്കനായിരുന്നു.
16: വ്യാപാരത്തിന്റെ പെരുപ്പത്തില്‍ അക്രമവും പാപവും നിന്നില്‍ നിറഞ്ഞു. അതുകൊണ്ടു ദൈവത്തിന്റെ ഗിരിയില്‍നിന്നു നിന്നെ ഞാനശുദ്ധവസ്തുവായി ദൂരെയെറിഞ്ഞു. നിനക്കു കാവല്‍നിന്ന കെരൂബ്, തിളങ്ങുന്ന രത്നങ്ങളുടെയിടയില്‍നിന്നു് നിന്നെ ആട്ടിപ്പുറത്താക്കി. നിന്റെ സൗന്ദര്യത്തില്‍ നീയഹങ്കരിച്ചു.
17: നിന്റെ മഹിമയ്ക്കായി ജ്ഞാനത്തെ നീ ദുരുപയോഗപ്പെടുത്തി. നിന്നെ ഞാന്‍ നിലത്തെറിഞ്ഞു കളഞ്ഞു. രാജാക്കന്മാര്‍ക്കു കണ്ടുരസിക്കാന്‍ നിന്നെ ഞാനവരുടെ മുമ്പില്‍ നിറുത്തി.
18: നിന്റെ ദുഷ്‌കൃത്യങ്ങളുടെ ആധിക്യവും വ്യാപാരത്തിലെ അനീതിയും നിമിത്തം നിന്റെ വിശുദ്ധസ്ഥലങ്ങള്‍ നീ അശുദ്ധമാക്കി. നിന്റെ മദ്ധ്യത്തില്‍നിന്നൊരഗ്നി പുറപ്പെടുവിച്ചു്, എല്ലാവരും കാണ്‍കേ ഞാന്‍ നിന്നെ ദഹിപ്പിച്ചു ഭസ്മമാക്കി.
19: നിന്നെയറിയുന്ന ജനതകള്‍ നിന്നെക്കണ്ടു സ്തബ്ദ്ധരാകും. ഭീകരമായ അവസാനത്തിലേക്കു നീയെത്തിയിരിക്കുന്നു. എന്നേക്കുമായി നീയില്ലാതാകും.

സീദോനെതിരേ
20: കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: മനുഷ്യപുത്രാ, സീദോനുനേരേ മുഖംതിരിച്ചു്, അവള്‍ക്കെതിരായി പ്രവചിക്കുക.
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: സീദോന്‍, ഇതാ, ഞാന്‍ നിനക്കെതിരാണു്. നിന്റെ മദ്ധ്യേ ഞാനെന്റെ മഹത്വം പ്രകടിപ്പിക്കും; എന്റെ ന്യായവിധി അവളില്‍ ഞാന്‍നടത്തും. എന്റെ വിശുദ്ധി അവളില്‍ ഞാന്‍ വെളിപ്പെടുത്തും. ഞാനാണു കര്‍ത്താവെന്നു് അപ്പോളെല്ലാവരുമറിയും.
23: ഞാനവളുടെനേരേ പകര്‍ച്ചവ്യാധികളയയ്ക്കും; അവരുടെ തെരുവീഥികളില്‍ രക്തമൊഴുക്കും. ചുററുംനിന്നു് അവള്‍ക്കെതിരേവരുന്ന വാളേറ്റു മരിക്കുന്നവർ അവളുടെ മദ്ധ്യത്തില്‍ വീഴും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

ഇസ്രായേലിനു രക്ഷ
24: ഇസ്രായേല്‍ഭവനത്തെ നിന്ദിച്ച അയല്‍ക്കാരിലാരും മേലില്‍ കുത്തുന്ന മുള്‍പ്പടര്‍പ്പോ മുറിവേല്പിക്കുന്ന മുള്ളോ ആയിരിക്കുകയില്ല. ഞാനാണു ദൈവമായ കര്‍ത്താവെന്നു് അപ്പോളവരറിയും.
25: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകളുടെയിടയില്‍ ചിതറിക്കിടക്കുന്ന ഇസ്രായേല്‍ഭവനത്തെ ഞാനൊന്നിച്ചുകൂട്ടും. ജനതകളുടെ മുമ്പില്‍വച്ച്, ഞാനെന്റെ വിശുദ്ധി അവരില്‍ വെളിപ്പെടുത്തും. എന്റെ ദാസനായ യാക്കോബിനു ഞാന്‍നല്കിയ അവരുടെ സ്വന്തം ദേശത്തു് അവര്‍ വസിക്കും.
26: അവരവിടെ സുരക്ഷിതരായിരിക്കും, അവര്‍ വീടുപണിയുകയും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുകയും ചെയ്യും. അവരോടവജ്ഞയോടെ പെരുമാറിയ ചുറ്റുമുള്ളവരുടെമേല്‍ ഞാന്‍ വിധിനടത്തുമ്പോള്‍ അവര്‍ സുരക്ഷിതരായിരിക്കും. ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവെന്നു് അപ്പോളവരറിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ