ഇരുനൂറ്റിമുപ്പത്തിമൂന്നാം ദിവസം: വിലാപങ്ങള്‍ 1 - 5


അദ്ധ്യായം 1

1: ഒരിക്കല്‍ ജനനിബിഡമായിരുന്ന നഗരം ഇന്നെത്ര ഏകാന്തമായിരിക്കുന്നു; ജനതകളില്‍ ഉന്നതയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെയായിരിക്കുന്നു. നഗരങ്ങളുടെ റാണിയായിരുന്നവള്‍ ഇന്നു കപ്പംകൊടുത്തു കഴിയുന്നു.
2: രാത്രിമുഴുവന്‍ അവള്‍ കയ്പോടെ കരയുന്നു. അവള്‍ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീരൊഴുക്കുന്നു. അവളെയാശ്വസിപ്പിക്കാന്‍ അവളുടെ പ്രിയന്മാരിലാരുമില്ല. അവളുടെ സുഹൃത്തുക്കളെല്ലാവരും അവളോടു വഞ്ചനകാണിച്ചു, അവര്‍, അവളുടെ ശത്രുക്കളായിത്തീര്‍ന്നു.
3: നിന്ദനത്തിനും ക്രൂരമായ അടിമത്തത്തിനുമധീനയായി യൂദാ നാടുകടത്തപ്പെട്ടു. വിശ്രമിക്കാനിടംലഭിക്കാതെ അവള്‍ ജനതകളുടെയിടയില്‍ കഴിഞ്ഞുകൂടുന്നു. അവളെ അനുധാവനംചെയ്യുന്നവര്‍ ദുരിതങ്ങള്‍ക്കിടയില്‍വച്ച് അവളെപ്പിടികൂടി.
4: സീയോനിലേക്കുള്ള വഴികള്‍ വിലപിക്കുന്നു; നിശ്ചയിക്കപ്പെട്ട ഉത്സവങ്ങള്‍ക്ക് ആരുമെത്തുന്നില്ല. അവളുടെ കവാടങ്ങള്‍ വിജനമായിരിക്കുന്നു, അവളുടെ പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു. അവളുടെ തോഴിമാരെ വലിച്ചിഴച്ചുകൊണ്ടുപോയി, അവള്‍ കഠിനയാതനയ്ക്കിരയായി.
5: ശത്രുക്കള്‍ അവളുടെ അധിപന്മാരായി. അവളുടെ വൈരികള്‍ ഐശ്വര്യംപ്രാപിക്കുന്നു. എന്തെന്നാല്‍, എണ്ണമില്ലാത്ത തെറ്റുകള്‍നിമിത്തം അവളെ കര്‍ത്താവു പീഡിപ്പിച്ചു. ശത്രുക്കള്‍, അവളുടെ മക്കളെ അടിമകളായി പിടിച്ചുകൊണ്ടുപോയി.
6: സീയോന്‍പുത്രിയില്‍നിന്ന് അവളുടെ മഹിമ വിട്ടകന്നു. അവളുടെ പ്രഭുക്കന്മാര്‍ മേച്ചില്‍സ്ഥലം കണ്ടെത്താത്ത മാനുകളെപ്പോലെയായി. അനുധാവനംചെയ്യുന്നവരുടെ മുമ്പില്‍ അവര്‍ ദുര്‍ബ്ബലരായി പലായനംചെയ്തു.
7: പീഡനത്തിന്റെയും കഷ്ടതയുടെയുംകാലത്ത്, ജറുസലെം പണ്ടുമുതലേ തന്റേതായിരുന്ന അമൂല്യവസ്തുക്കളെ അനുസ്മരിക്കുന്നു. അവളുടെ ജനം ശത്രുകരങ്ങളില്‍ പതിച്ചു. അവളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍, ശത്രു അവളുടെ പതനംകണ്ടു പരിഹസിച്ചുരസിച്ചു.
8: ജറുസലെം കഠിനമായി പാപംചെയ്തു. അങ്ങനെ അവള്‍ മലിനയായി. അവളെയാദരിച്ചിരുന്നവര്‍ അവളുടെ നഗ്നതകണ്ട് അവളെ നിന്ദിക്കുന്നു. അവള്‍ വിലപിച്ചുകൊണ്ടു മുഖംതിരിക്കുന്നു.
9: അവളുടെ അശുദ്ധി, അവളുടെ വസ്ത്രത്തിലുണ്ടായിരുന്നു. തന്റെ വിനാശത്തെപ്പറ്റി അവള്‍ ചിന്തിച്ചില്ല. അതുകൊണ്ട്, അവളുടെ വീഴ്ച ഭീകരമാണ്. അവളെയാശ്വസിപ്പിക്കാനാരുമില്ല. കര്‍ത്താവേ, എന്റെ പീഡനമവിടുന്നു കാണണമേ! എന്റെ ശത്രു വിജയിച്ചിരിക്കുന്നു.
10: ശത്രു അവളുടെ അമൂല്യവസ്തുക്കളിന്മേലെല്ലാം കൈവച്ചിരിക്കുന്നു. അങ്ങയുടെ സഭയില്‍ പ്രവേശിക്കരുതെന്ന് അങ്ങു കല്പിച്ചിരുന്ന ജനതകള്‍ തന്റെ വിശുദ്ധമന്ദിരമാക്രമിക്കുന്നത് അവള്‍ കണ്ടു.
11: അവളുടെ ജനം ആഹാരംലഭിക്കാതെ നെടുവീര്‍പ്പിടുന്നു. തങ്ങളുടെ ശക്തികെട്ടുപോകാതിരിക്കാന്‍മാത്രമുള്ള ആഹാരത്തിനുവേണ്ടി അവര്‍ തങ്ങളുടെ നിധികള്‍ വില്ക്കുന്നു. കര്‍ത്താവേ, കടാക്ഷിക്കണമേ! ഞാന്‍ നിന്ദനമേല്ക്കുന്നു.
12: കടന്നുപോകുന്നവരേ, നിങ്ങള്‍ക്കിതു നിസ്സാരമാണോ? നോക്കിക്കാണുവിന്‍, ഞാനനുഭവിക്കുന്ന ദുഃഖത്തിനു തുല്യമായ, കര്‍ത്താവു തന്റെ ഉഗ്രകോപത്തിന്റെനാളില്‍ എന്റെമേല്‍ വരുത്തിയ ദുഃഖത്തിനുതുല്യമായ, ദുഃഖമുണ്ടോ?
13: ഉന്നതത്തില്‍നിന്ന് അവിടുന്നഗ്നിയയച്ചു; എന്റെ അസ്ഥികളിലേക്ക് അവിടുന്നതു ചൊരിഞ്ഞു. അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വല വിരിച്ചു. അവിടുന്ന് എന്നെ നിലംപതിപ്പിച്ചു. അവിടുന്നെന്നെയുപേക്ഷിച്ചു. ദിവസംമുഴുവനും ഞാന്‍ ബോധംകെട്ടു കിടന്നു.
14: എന്റെ അകൃത്യങ്ങള്‍ ഒരു നുകമായിക്കെട്ടി, അവിടുത്തെ കരം അവ ഒരുമിച്ചുചേര്‍ത്തു. അവ, എന്റെ കഴുത്തില്‍വച്ചു. എന്റെ ശക്തി അവിടുന്നു ചോര്‍ത്തിക്കളഞ്ഞു. എനിക്കെതിര്‍ത്തുനില്ക്കാനാവാത്തവരുടെ കൈയില്‍ കര്‍ത്താവെന്നെ ഏല്പിച്ചുകൊടുത്തു.
15: എന്റെ മദ്ധ്യത്തിലുള്ള എല്ലാ ശക്തന്മാരെയും കര്‍ത്താവു പരിഹസിച്ചു. എന്റെ യുവാക്കളെത്തകര്‍ക്കാന്‍ അവിടുന്നൊരു സംഘത്തെ വിളിച്ചുവരുത്തി. കര്‍ത്താവു യൂദായുടെ കന്യകയായപുത്രിയെ മുന്തിരിച്ചക്കിലെന്നപോലെ ചവിട്ടിഞെരിച്ചു.
16: ഇവമൂലം ഞാന്‍ വിലപിക്കുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. എനിക്കു ധൈര്യംപകരാന്‍ ഒരാശ്വാസകന്‍ അടുത്തില്ല. ശത്രുക്കള്‍ ജയിച്ചതിനാല്‍ എന്റെ മക്കള്‍ അഗതികളായി.
17: സീയോന്‍ കൈനീട്ടുന്നു; അവളെയാശ്വസിപ്പിക്കാനാരുമില്ല. യാക്കോബിന്റെ അയല്‍ക്കാര്‍ അവന്റെ ശത്രുക്കളായിരിക്കണമെന്നു കര്‍ത്താവു കല്പിച്ചിരിക്കുന്നു. ജറുസലെം അവരുടെയിടയില്‍ മലിനയായിരിക്കുന്നു.
18: കര്‍ത്താവിന്റെ പ്രവൃത്തി നീതിയുക്തമാണ്. ഞാനങ്ങയുടെ വചനത്തെ ധിക്കരിച്ചു. ജനതകളേ, കേള്‍ക്കുവിന്‍. എന്റെ ദുരിതങ്ങള്‍ കാണുവിന്‍. എന്റെ തോഴിമാരും എന്റെ യുവാക്കളും നാടുകടത്തപ്പെട്ടു.
19: ഞാനെന്റെ പ്രിയന്മാരെ വിളിച്ചു എന്നാല്‍, അവരെന്നെ വഞ്ചിച്ചു. തളര്‍ന്നുപോകാതിരിക്കാന്‍ ആഹാരമന്വേഷിച്ചുനടക്കുന്നതിനിടയില്‍ എന്റെ പുരോഹിതന്മാരും ശ്രേഷ്ഠന്മാരും നഗരത്തില്‍ മരിച്ചുവീണു.
20: കര്‍ത്താവേ, കാണണമേ! ഞാന്‍ ദുരിതത്തിലാണ്. എന്റെയാത്മാവ് അസ്വസ്ഥമാണ്. എന്റെ ഹൃദയം വിങ്ങുന്നു. എന്തെന്നാല്‍, ഞാന്‍ ഏറെ ധിക്കാരംകാണിച്ചു. നഗരവീഥികളില്‍ വാള്‍ വിയോഗദുഃഖം വിതയ്ക്കുന്നു. വീടിനകം മരണതുല്യമാണ്.
21: കേള്‍ക്കണമേ! ഞാനെത്ര നെടുവീര്‍പ്പിടുന്നു! എന്നെയാശ്വസിപ്പിക്കാനാരുമില്ല. എന്റെ ശത്രുക്കള്‍ എന്റെ കഷ്ടതകളെപ്പറ്റി കേട്ടു. അങ്ങിതു വരുത്തിയതിനാല്‍ അവരാനന്ദിക്കുന്നു. അവിടുന്നു പ്രഖ്യാപിച്ച ദിനംവരുത്തണമേ! അവരും എന്നെപ്പോലെയാകട്ടെ!
22: അവരുടെ ദുഷ്‌കര്‍മ്മങ്ങള്‍ അങ്ങയുടെ മുമ്പില്‍വരട്ടെ! എന്റെ അതിക്രമങ്ങള്‍മൂലം എന്നോടു പ്രവര്‍ത്തിച്ചതുപോലെ അവരോടും പ്രവര്‍ത്തിക്കണമേ. എന്തെന്നാല്‍, ഞാനത്യധികം നെടുവീര്‍പ്പിട്ടു കരയുന്നു. എന്റെ ഹൃദയം തളരുന്നു.

അദ്ധ്യായം 2

1: ഇതാ, കര്‍ത്താവു തന്റെ കോപത്തില്‍ സീയോന്‍പുത്രിയെ മേഘംകൊണ്ടു മൂടിയിരിക്കുന്നു. ഇസ്രായേലിന്റെ മഹത്വത്തെ അവിടുന്ന് ആകാശത്തില്‍നിന്നു ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. തന്റെ കോപത്തിന്റെ ദിനത്തില്‍ അവിടുന്നു തന്റെ പാദപീഠത്തെയോര്‍മ്മിച്ചില്ല.
2: കര്‍ത്താവു യാക്കോബിന്റെ കൂടാരങ്ങളെ നിഷ്‌കരുണം നശിപ്പിച്ചു. തന്റെ ക്രോധത്തില്‍ യൂദാപുത്രിയുടെ ശക്തിദുര്‍ഗ്ഗങ്ങളെ അവിടുന്നു തകര്‍ത്തു. രാജ്യത്തെയും ഭരണാധിപന്മാരെയും അവമാനംകൊണ്ടു നിലംപറ്റിച്ചു.
3: തന്റെ ഉഗ്രകോപത്തില്‍ ഇസ്രായേലിന്റെ സര്‍വ്വശക്തിയും അവിടുന്നു വെട്ടിവീഴ്ത്തി. ശത്രുക്കളുടെ മുമ്പില്‍വച്ച് അവിടുന്നു തന്റെ വലത്തുകൈ അവരില്‍നിന്നു പിന്‍വലിച്ചു. സംഹാരാഗ്നിപോലെ അവിടുന്നു യാക്കോബിനെതിരേ ജ്വലിച്ചു.
4: ശത്രുവിനെപ്പോലെ അവിടുന്നു വില്ലുകുലച്ചു. വൈരിയെപ്പോലെ അവിടുത്തെ വലത്തുകൈയില്‍ അമ്പെടുത്തു. സീയോന്‍പുത്രിയുടെ കൂടാരത്തില്‍ നമ്മുടെ കണ്ണുകള്‍ക്കഭിമാനംപകര്‍ന്ന എല്ലാവരെയും അവിടുന്നു വധിച്ചു. അവിടുന്ന്, അഗ്നിപോലെ ക്രോധംചൊരിഞ്ഞു.
5: കര്‍ത്താവു ശത്രുവിനെപ്പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു. അതിന്റെ കൊട്ടാരങ്ങളെല്ലാം അവിടുന്നു തകര്‍ത്തു. അതിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ നാശക്കൂമ്പാരമായി, യൂദാപുത്രിക്കു കരച്ചിലും വിലാപവും പെരുകാനിടയാക്കി.
6: അവിടുന്നു തന്റെ കൂടാരത്തെ തോട്ടത്തിലെ കുടിലെന്നപോലെ തകര്‍ത്തു. നിര്‍ദ്ദിഷ്ടോത്സവങ്ങള്‍ ആഘോഷിക്കേണ്ടസ്ഥലത്തെ അവിടുന്നു നാശക്കൂമ്പാരമാക്കി. കര്‍ത്താവു സീയോനില്‍ നിര്‍ദിഷ്‌ടോത്സവവും സാബത്തുമില്ലാതാക്കി. തന്റെ ഉഗ്രമായ രോഷത്തില്‍ രാജാവിനെയും പുരോഹിതനെയും വെറുത്തു.
7: കര്‍ത്താവു തന്റെ ബലിപീഠത്തെ വെറുത്തുതള്ളി. തന്റെ വിശുദ്ധമന്ദിരത്തെ തള്ളിപ്പറഞ്ഞു. അവളുടെ കൊട്ടാരങ്ങളുടെ മതിലുകളെ ശത്രുകരങ്ങളില്‍ ഏല്പിച്ചുകൊടുത്തു. കര്‍ത്താവിന്റെ ഭവനത്തില്‍, നിര്‍ദിഷ്‌ടോത്സവത്തിലെന്നപോലെ ആരവമുയര്‍ന്നു.
8: സീയോന്‍പുത്രിയുടെ മതിലുകള്‍ നശിപ്പിക്കാന്‍ കര്‍ത്താവുറച്ചു. അതിനെ അവിടുന്ന്, അളവുനൂല്‍കൊണ്ടടയാളപ്പെടുത്തി. അതിനെ നശിപ്പിക്കുന്നതില്‍നിന്നു തന്റെ കരത്തെ അവിടുന്നു തടഞ്ഞില്ല. കോട്ടയും മതിലും വിലപിക്കാനിടയാക്കി. അവ രണ്ടും ഒപ്പം തളര്‍ന്നുപോയി.
9: അവളുടെ കവാടങ്ങള്‍ ധൂളിയിലമര്‍ന്നു. അവിടുന്നവളുടെ ഓടാമ്പലുകളെ ഒടിച്ചുതകര്‍ത്തു; അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകളുടെയിടയിലായി; നിയമമില്ലാതായി. അവളുടെ പ്രവാചകന്മാര്‍ക്കു കര്‍ത്താവില്‍നിന്നു ദര്‍ശനംലഭിക്കുന്നില്ല.
10: സീയോന്‍പുത്രിയുടെ ശ്രേഷ്ഠന്മാര്‍ മൂകരായി നിലത്തിരിക്കുന്നു. അവര്‍ തങ്ങളുടെ തലയില്‍ പൂഴിവിതറി; അവര്‍ ചാക്കുടുത്തു. ജറുസലെംകന്യകമാര്‍ നിലംപറ്റെ തലകുനിച്ചു.
11: കരഞ്ഞുകരഞ്ഞ്, എന്റെ കണ്ണുകള്‍ ക്ഷയിച്ചു. എന്റെ ആത്മാവസ്വസ്ഥമാണ്. എന്റെ ഹൃദയമുരുകിപ്പോയി; എന്തെന്നാല്‍, എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും, നഗരവീഥികളില്‍ മയങ്ങിവീഴുന്നു.
12: മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളര്‍ന്നുവീഴുമ്പോള്‍, മാതാക്കളുടെ മടിയില്‍വച്ചു ജീവന്‍വാര്‍ന്നുപോകുമ്പോള്‍, അവര്‍ തങ്ങളുടെ അമ്മമാരോടു കരഞ്ഞുകൊണ്ട്, അപ്പവും വീഞ്ഞുമെവിടെയെന്നു ചോദിക്കുന്നു.
13: ജറുസലെംപുത്രീ, നിനക്കുവേണ്ടി ഞാനെന്തുപറയും? നിന്നെ ഞാന്‍ എന്തിനോടുപമിക്കും? കന്യകയായ സീയോന്‍പുത്രീ, നിന്നെയാശ്വസിപ്പിക്കാന്‍ ഞാന്‍ നിന്നെ എന്തിനോടു താരതമ്യപ്പെടുത്തും? നിന്റെ നാശം സമുദ്രംപോലെ വിശാലമാണ്. ആര്‍ക്കു നിന്നെ പുനരുദ്ധരിക്കാനാവും?
14: നിന്റെ പ്രവാചകന്മാര്‍ നിനക്കുവേണ്ടി കണ്ടത് വഞ്ചനാത്മകമായ വ്യാജദര്‍ശനങ്ങളാണ്. നിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കാന്‍വേണ്ടി നിന്റെ അകൃത്യങ്ങള്‍ അവര്‍ മറനീക്കിക്കാണിച്ചില്ല. അവരുടെ ദര്‍ശനങ്ങള്‍ മിഥ്യയും വഞ്ചനാത്മകവുമായിരുന്നു.
15: കടന്നുപോകുന്നവരെല്ലാം നിന്നെനോക്കി കൈകൊട്ടുന്നു. അവര്‍ ജറുസലെംപുത്രിയെ നോക്കി ചൂളമടിക്കുകയും തലയാട്ടുകയും ചെയ്യുന്നു. സൗന്ദര്യത്തികവെന്നും ഭൂമിമുഴുവന്റെയും ആനന്ദമെന്നും വിളിക്കപ്പെട്ട നഗരമാണോ ഇതെന്നവര്‍ ചോദിക്കുന്നു.
16: നിന്റെ സകലശത്രുക്കളും നിന്നെ നിന്ദിക്കുന്നു; അവര്‍ ചൂളമടിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു. നമ്മളവളെ തകര്‍ത്തു, ഇതാണു നമ്മളാശിച്ചിരുന്ന ദിവസം. ഇപ്പോള്‍ അതു വന്നുചേര്‍ന്നു; നാമതു കാണുന്നുവെന്ന് അവരട്ടഹസിക്കുന്നു.
17: കര്‍ത്താവു തന്റെ നിശ്ചയം നിറവേറ്റി. അവിടുന്നു തന്റെ ഭീഷണി നടപ്പിലാക്കി. പണ്ടു നിര്‍ണ്ണയിച്ചതുപോലെ നിഷ്കരുണം അവിടുന്നു നശിപ്പിച്ചു. ശത്രു നിന്റെമേല്‍ സന്തോഷിക്കാന്‍ അവിടുന്നിടയാക്കി. നിന്റെ ശത്രുക്കളുടെ ശക്തിയെ ഉയര്‍ത്തി.
18: സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവുംപകലും മഹാപ്രവാഹംപോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്കു വിശ്രമം നല്കരുത്.
19: രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തിലെഴുന്നേറ്റ്, ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക.
20: കര്‍ത്താവേ, നോക്കിക്കാണണമേ! ആരോടാണ് അവിടുന്നിപ്രകാരം പ്രവര്‍ത്തിച്ചത്? സ്ത്രീകള്‍ തങ്ങളുടെ മക്കളെ, തങ്ങള്‍ താലോലിച്ചുവളര്‍ത്തുന്ന കുഞ്ഞുങ്ങളെ, തിന്നണമോ? കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തില്‍വച്ചു പുരോഹിതനും പ്രവാചകനും വധിക്കപ്പെടണമോ?
21: യുവാക്കളും വൃദ്ധരും തെരുവീഥികളിലെ പൊടിമണ്ണില്‍ വീണുകിടക്കുന്നു. എന്റെ കന്യകമാരും എന്റെ യുവാക്കളും വാളിനിരയായി വീണു. അങ്ങയുടെ കോപത്തിന്റെ ദിനത്തില്‍ അവിടുന്നവരെ വധിച്ചു. കരുണകൂടാതെ കൊന്നു.
22: നിര്‍ദിഷ്ടോത്സവത്തിനെന്നപോലെ അവിടുന്നു ഭീകരതകളെ എനിക്കുചുറ്റും വിളിച്ചുവരുത്തി. കര്‍ത്താവിന്റെ കോപത്തിന്റെ ദിനത്തില്‍ ആരും രക്ഷപെടുകയോ അവശേഷിക്കുകയോ ചെയ്തില്ല. ഞാന്‍ താലോലിച്ചുവളര്‍ത്തിയവരെ എന്റെ ശത്രു നിഗ്രഹിച്ചു.

അദ്ധ്യായം 3

1: അവിടുത്തെ ക്രോധത്തിന്റെ ദണ്ഡനമനുഭവിച്ചറിഞ്ഞവനാണു ഞാന്‍.
2: പ്രകാശത്തിലേക്കല്ല, കൂരിരുട്ടിലേക്കാണ് അവിടുന്നെന്നെ തള്ളിവിട്ടത്.
3: അവിടുത്തെ കരം, ദിവസംമുഴുവന്‍ വീണ്ടുംവീണ്ടും പതിക്കുന്നത് എന്റെമേലാണ്.
4: എന്റെ മാംസവും തൊലിയും ജീര്‍ണ്ണിക്കാന്‍ അവിടുന്നിടയാക്കി. എന്റെ അസ്ഥികളെ അവിടുന്നു തകര്‍ത്തു.
5: അവിടുന്നെന്നെ ആക്രമിക്കുകയും യാതനയും ദുരിതവുംകൊണ്ട് എന്നെ പൊതിയുകയും ചെയ്തു.
6: പണ്ടേ മരിച്ചവനെയെന്നപോലെ അവിടുന്നെന്നെ അന്ധകാരത്തില്‍ പാര്‍പ്പിച്ചു.
7: രക്ഷപെടാതിരിക്കാന്‍ അവിടുന്നെനിക്കു ചുറ്റും മതിലു കെട്ടി, ഭാരമുള്ള ചങ്ങലകള്‍കൊണ്ട് എന്നെ ബന്ധിച്ചു.
8: ഞാന്‍ വിളിച്ചപേക്ഷിക്കുന്നെങ്കിലും അവിടുന്നെന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളുന്നില്ല.
9: ചെത്തിയെടുത്ത കല്ലുകൊണ്ട്, അവിടുന്നെന്റെ വഴിയടച്ചു. എന്റെ പാതകളെ അവിടുന്നു വളഞ്ഞതാക്കി.
10: അവിടുന്നെനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയുമാണ്.
11: അവിടുന്നെന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി, ചീന്തിക്കീറി ഏകനായുപേക്ഷിച്ചു.
12: അവിടുന്നു വില്ലുകുലച്ച്, എന്നെ അസ്ത്രത്തിനു ലക്ഷ്യമാക്കി.
13: അവിടുന്ന്, ആവനാഴിയിലെ അമ്പ് എന്റെ ഹൃദയത്തിലേക്കയച്ചു.
14: ഞാന്‍ ജനതകള്‍ക്കു പരിഹാസപാത്രമായി. ദിവസംമുഴുവന്‍ അവരെന്നെ പരിഹസിച്ചു പാടുന്നു.
15: അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു. അവിടുന്നെന്നെ കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചു.
16: കല്ലുചവച്ചു പല്ലു പൊടിയാനും ചാരം തിന്നാനും എനിക്കിടവരുത്തി.
17: എന്റെയാത്മാവിനു സ്വസ്ഥതയില്ല. സന്തോഷമെന്തെന്നു ഞാന്‍ മറന്നു.
18: അതുകൊണ്ട്, എന്റെ ശക്തിയും കര്‍ത്താവിലുള്ള പ്രത്യാശയും പൊയ്‌പോയെന്നു ഞാന്‍ വിലപിക്കുന്നു.
19: എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയുമോര്‍മ്മ കയ്പേറിയ വിഷമാണ്.
20: അതിനെപ്പറ്റി നിരന്തരം ചിന്തിച്ച്, എന്റെ മനം തകരുന്നു.
21: എന്നാല്‍, ഞാന്‍ ഒരു കാര്യമോര്‍മ്മിക്കുന്നു, അതെനിക്കു പ്രത്യാശതരുന്നു.
22: കര്‍ത്താവിന്റെ സ്നേഹം ഒരിക്കലുമസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
23: ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്.
24: കര്‍ത്താവാണെന്റെ ഓഹരി, അവിടുന്നാണെന്റെ പ്രത്യാശ എന്നു ഞാന്‍ പറയുന്നു.
25: തന്നെക്കാത്തിരിക്കുന്നവര്‍ക്കും തന്നെത്തേടുന്നവര്‍ക്കും കര്‍ത്താവു നല്ലവനാണ്.
26: കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നതുത്തമം.
27: യൗവനത്തില്‍ നുകംവഹിക്കുന്നതു മനുഷ്യനു നല്ലതാണ്.
28: അവിടുന്നത് അവന്റെമേല്‍ വയ്ക്കുമ്പോള്‍ അവന്‍ ഏകനായി മൗനമായിരിക്കട്ടെ!
29: അവന്‍ മുഖം മണ്ണില്‍ പൂഴ്ത്തട്ടെ! ഇനിയും പ്രത്യാശയ്ക്കു വകയുണ്ട്.
30: അവന്റെ കവിള്‍ത്തടം തല്ലേറ്റുവാങ്ങട്ടെ! നിന്ദനംകൊണ്ടവന്‍ നിറയട്ടെ!
31: എന്തെന്നാല്‍, കര്‍ത്താവ് എന്നേയ്ക്കുമായി ഉപേക്ഷിക്കുകയില്ല.
32: അവിടുന്നു വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയകാണിക്കും.
33: അവിടുന്നൊരിക്കലും മനഃപൂര്‍വ്വം മനുഷ്യമക്കളെ പീഡിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല.
34: തടവുകാരെ ചവിട്ടിമെതിക്കുന്നതും
35: അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടംമറിക്കുന്നതും
36: മനുഷ്യനു നീതി നിഷേധിക്കുന്നതും കര്‍ത്താവംഗീകരിക്കുന്നില്ല.
37: കല്പനകൊണ്ടുമാത്രം കാര്യം നടപ്പിലാക്കാന്‍ ആര്‍ക്കുകഴിയും? കര്‍ത്താവിനല്ലാതെ ആര്‍ക്ക്?
38: അത്യുന്നതന്റെ അധരത്തില്‍നിന്നല്ലേ നന്മയും തിന്മയും വരുന്നത്?
39: മനുഷ്യന്‍ - വെറും മര്‍ത്ത്യന്‍ - ജീവിക്കുന്നിടത്തോളംകാലം തന്റെ പാപത്തിനു കിട്ടിയ ശിക്ഷയെപ്പറ്റി എന്തിനു പരാതിപ്പെടുന്നു?
40: നമുക്കു നമ്മുടെ വഴികള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയുംചെയ്യാം.
41: നമുക്കു നമ്മുടെ ഹൃദയവും കരങ്ങളും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കുയര്‍ത്താം.
42: ഞങ്ങള്‍ പാപം ചെയ്തു, ധിക്കാരം കാണിച്ചു. അവിടുന്നു മാപ്പുനല്കിയില്ല.
43: അവിടുന്നു കോപംപൂണ്ടു ഞങ്ങളെ പിന്തുടര്‍ന്നു; ഞങ്ങളെ നിഷ്കരുണം വധിച്ചു.
44: ഒരു പ്രാര്‍ത്ഥനയും കടന്നുചെല്ലാനാവാത്തവിധം അവിടുന്നു മേഘംകൊണ്ട് ആവൃതനായി.
45: ജനതകളുടെയിടയില്‍ ഞങ്ങളെയവിടുന്നു ചപ്പും ചവറുമാക്കി.
46: ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരേ വായ് പിളര്‍ന്നു.
47: സംഭ്രാന്തിയും കെണിയും ഞങ്ങളുടെമേല്‍ പതിച്ചു; വിനാശവും ശൂന്യതയും ഞങ്ങളെ ഗ്രസിച്ചു.
48: എന്റെ ജനതയുടെ പുത്രിക്കുണ്ടായ നാശംനിമിത്തം എന്റെ കണ്ണുകളില്‍നിന്ന് നീര്‍ച്ചാലുകളൊഴുകുന്നു.
49: എന്റെ കണ്ണുനീര്‍ അവിരാമം പ്രവഹിക്കും.
50: കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കിക്കാണുന്നതുവരെ അതു നിലയ്ക്കുകയില്ല.
51: എന്റെ നഗരത്തിലെ കന്യകമാരുടെ വിധി എന്റെ കണ്ണുകളെ ദുഃഖപൂര്‍ണ്ണമാക്കുന്നു.
52: അകാരണമായി എന്റെ ശത്രുവായവര്‍, എന്നെ പക്ഷിയെയെന്നപോലെ വേട്ടയാടി.
53: അവരെന്നെ ജീവനോടെ കുഴിയില്‍ത്തള്ളി; അവരെന്റെമേല്‍ കല്ലുരുട്ടിവച്ചു.
54: വെള്ളം എന്നെമൂടി. ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു.
55: കുഴിയുടെ അടിയില്‍നിന്നു കര്‍ത്താവേ, ഞാനങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
56: സഹായത്തിനായുള്ള എന്റെ നിലവിളിക്കെതിരേ അവിടുത്തെ ചെവിയടയ്ക്കരുതേയെന്ന എന്റെ യാചന അവിടുന്നു കേട്ടു.
57: ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്നടുത്തുവന്നു. ഭയപ്പെടേണ്ടായെന്ന് അവിടുന്നു പറഞ്ഞു.
58: കര്‍ത്താവേ, അവിടുന്നെനിക്കുവേണ്ടി ന്യായവാദം നടത്തി; അവിടുന്നെന്റെ ജീവനെ രക്ഷിച്ചു.
59: കര്‍ത്താവേ, എനിക്കേറ്റ ദ്രോഹം അവിടുന്നു കണ്ടു. എനിക്കുവേണ്ടി നീതി നടത്തണമേ!
60: അവരുടെ പ്രതികാരവും അവരെനിക്കുവേണ്ടിവച്ച കെണികളും അവിടുന്നു കണ്ടു.
61: കര്‍ത്താവേ, അവരുടെ നിന്ദനങ്ങളും ദുരാലോചനകളും അവിടുന്നു കേട്ടു.
62: എന്നെ ആക്രമിക്കുന്നവരുടെ വാക്കുകളും വിചാരങ്ങളും ദിവസംമുഴുവന്‍ എനിക്കെതിരായിട്ടാണ്.
63: അവരുടെ ഇരിപ്പും നില്പും അവിടുന്നു കാണണമേ! ഞാനാണവരുടെ പരിഹാസഗാനങ്ങളുടെ വിഷയം.
64: കര്‍ത്താവേ, അവരുടെ പ്രവൃത്തികള്‍ക്കുതക്ക പ്രതിഫലം നല്‍കണമേ!
65: അവരുടെ ഹൃദയത്തെ മരവിപ്പിക്കണമേ! അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കട്ടെ!
66: കര്‍ത്താവേ, കോപത്തോടെ അവരെ പിന്തുടര്‍ന്ന്, അവിടുത്തെ ആകാശത്തിന്‍കീഴില്‍നിന്ന് അവരെ നശിപ്പിക്കണമേ!

അദ്ധ്യായം 4

1: സ്വര്‍ണ്ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിനെങ്ങനെ മാറ്റംവന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍ വാഴിക്കവലയ്ക്കല്‍ ചിതറിക്കിടക്കുന്നു.
2: സീയോന്റെ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍, കുശവന്റെ കരവേലയായ മണ്‍പാത്രങ്ങള്‍പോലെ ഗണിക്കപ്പെട്ടതെങ്ങനെ?
3: കുറുനരികള്‍പോലും കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. എന്നാല്‍ എന്റെ ജനത്തിന്റെ പുത്രി, മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായി.
4: മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു വരണ്ട്, അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു. കുട്ടികള്‍ ഭക്ഷണമിരക്കുന്നു. പക്ഷേ, ആരും നല്കുന്നില്ല.
5: സ്വാദിഷ്ഠഭോജനമാസ്വദിച്ചിരുന്നവര്‍ തെരുവുകളില്‍ പട്ടിണികൊണ്ടു നശിക്കുന്നു. പട്ടുവസ്ത്രംധരിച്ചു വളര്‍ന്നവര്‍ ചാരക്കൂമ്പാരത്തിന്മേല്‍ കിടക്കുന്നു.
6: എന്റെ ജനത്തിന്റെ പുത്രിക്കു ലഭിച്ച ശിക്ഷ, ഒരു നിമിഷംകൊണ്ട് ആരും കൈവയ്ക്കാതെതന്നെ നശിപ്പിക്കപ്പെട്ട സോദോമിന്റേതിനെക്കാള്‍ വലുതാണ്.
7: അവളുടെ പ്രഭുക്കന്മാര്‍ മഞ്ഞിനെക്കാള്‍ നിര്‍മ്മലരും പാലിനെക്കാള്‍ വെണ്മയുള്ളവരുമായിരുന്നു. അവരുടെ ശരീരം പവിഴത്തെക്കാള്‍ തുടുത്തതും അവരുടെ ആകാരഭംഗി ഇന്ദ്രനീലത്തിനു തുല്യവുമായിരുന്നു.
8: ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു. തെരുവീഥികളില്‍ അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെ തൊലി എല്ലിനോടൊട്ടിയിരിക്കുന്നു. അതുണങ്ങിയ വിറകുപോലെയായിരിക്കുന്നു.
9: വാളേറ്റുമരിച്ചവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്മാരാണ്. അവര്‍ വയലിലെ ഫലങ്ങള്‍ ലഭിക്കാതെ വിശന്നുതളര്‍ന്നു നശിച്ചു.
10: കരുണാമയികളായ സ്ത്രീകളുടെ കൈകള്‍ സ്വന്തം മക്കളെ വേവിച്ചു. എന്റെ ജനത്തിന്റെ പുത്രിയുടെ വിനാശത്തിന്റെ നാളുകളില്‍, അവര്‍ അവരുടെ ഭക്ഷണമായിത്തീര്‍ന്നു.
11: കര്‍ത്താവു തന്റെ ക്രോധമഴിച്ചുവിട്ടു. അവിടുന്നു ജ്വലിക്കുന്ന കോപം വര്‍ഷിച്ചു. സീയോനില്‍ അവിടുന്നൊരഗ്നി ജ്വലിപ്പിച്ചു. അതിന്റെ അടിസ്ഥാനങ്ങളെ അതു ദഹിപ്പിച്ചു.
12: ശത്രുവിനോ വൈരിക്കോ ജറുസലെമിന്റെ കവാടങ്ങള്‍ കടക്കാനാവുമെന്ന് ഭൂമിയിലെ രാജാക്കന്മാരോ ഭൂവാസികളോ വിശ്വസിച്ചിരുന്നില്ല.
13: അവരുടെ മദ്ധ്യേ, നീതിമാന്മാരുടെ രക്തംചൊരിഞ്ഞ അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തിന്മകളും നിമിത്തമാണ് ഇതു സംഭവിച്ചത്.
14: അവര്‍ തെരുവീഥികളിലൂടെ അന്ധരായി അലഞ്ഞുനടക്കുന്നു. രക്തപങ്കിലമായ അവരുടെ വസ്ത്രം ആരും സ്പര്‍ശിക്കുകയില്ല.
15: അശുദ്ധരേ, അകന്നുമാറുവിന്‍, അകന്നുപോകുവിന്‍, തൊടരുത് എന്നിങ്ങനെ ആളുകള്‍ അവരോടു വിളിച്ചുപറയുന്നു. അതുകൊണ്ടവര്‍ നാടുകടത്തപ്പെട്ട് അലയുന്നവരായി. അവര്‍ നമ്മോടുകൂടെയിനി താമസിക്കരുതെന്നു ജനതകള്‍ പറയുന്നു.
16: കര്‍ത്താവുതന്നെ അവരെ ചിതറിച്ചു; അവിടുത്തേക്കിനി അവരെക്കുറിച്ചു കരുതലില്ല. പുരോഹിതന്മാര്‍ക്കു ബഹുമാനവും ശ്രേഷ്ഠന്മാര്‍ക്കു പരിഗണനയും ലഭിച്ചില്ല.
17: സഹായത്തിനുവേണ്ടി വൃഥാ കാത്തിരുന്ന ഞങ്ങളുടെ കണ്ണുകള്‍ മങ്ങി. രക്ഷിക്കാന്‍കഴിയാത്ത ഒരു ജനതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ നോക്കിയിരുന്നത്.
18: തെരുവീഥികളിലൂടെ ഞങ്ങള്‍ക്കു നടക്കാനാവാത്തവിധം ആളുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു. ഞങ്ങളുടെ അവസാനമടുത്തു. ഞങ്ങളുടെ ദിവസങ്ങളെണ്ണപ്പെട്ടു. ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു.
19: ഞങ്ങളെ അനുധാവനംചെയ്തിരുന്നവര്‍ ആകാശത്തിലെ കഴുകന്മാരെക്കാള്‍ വേഗമുള്ളവരായിരുന്നു. അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു മലകളിലൂടെയോടിച്ചു. ഞങ്ങളെ പിടിക്കാന്‍ അവര്‍ മരുഭൂമിയില്‍ പതിയിരുന്നു.
20: ഞങ്ങളുടെ ജീവശ്വാസം, കര്‍ത്താവിന്റെ അഭിഷിക്തന്‍, അവരുടെ കുഴിയില്‍ പതിച്ചു. അവന്റെ തണലില്‍ ഞങ്ങള്‍ ജനതകളുടെയിടയില്‍ വസിക്കുമെന്ന് അവനെപ്പറ്റിയാണു ഞങ്ങള്‍ പറഞ്ഞിരുന്നത്.
21: ഊസ്‌ദേശത്തു പാര്‍ക്കുന്ന ഏദോംപുത്രീ, സന്തോഷിച്ചാഹ്ലാദിച്ചുകൊള്ളുക! എന്നാല്‍, നിന്റെ കൈയിലും ഈ പാനപാത്രമെത്തും. നീ കുടിച്ചു മത്തുപിടിച്ച് അനാവൃതയാകും.
22: സീയോന്‍പുത്രീ, നിന്റെ പാപത്തിന്റെ ശിക്ഷ പൂര്‍ത്തിയായി. നിന്റെ പ്രവാസം തുടരാന്‍ ഇനിയവിടുന്നനുവദിക്കുകയില്ല. എന്നാല്‍, ഏദോംപുത്രീ, നിന്റെ അകൃത്യങ്ങള്‍ക്ക് അവിടുന്നു നിന്നെ ശിക്ഷിക്കും. അവിടുന്നു നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തും.

അദ്ധ്യായം 5

1: കര്‍ത്താവേ, ഞങ്ങള്‍ക്കു സംഭവിച്ചതെന്തെന്നോര്‍ക്കണമേ! ഞങ്ങള്‍ക്കുനേരിട്ട അപമാനം, അവിടുന്നു കാണണമേ!
2: ഞങ്ങളുടെ അവകാശം അന്യര്‍ക്ക്, ഞങ്ങളുടെ വീടുകള്‍ വിദേശികള്‍ക്ക്, നല്കപ്പെട്ടു.
3: ഞങ്ങള്‍ അനാഥരുമഗതികളുമായി. ഞങ്ങളുടെയമ്മമാര്‍ വിധവകളെപ്പോലെയായി.
4: കുടിനീരും വിറകും ഞങ്ങള്‍ക്കു വിലയ്ക്കു വാങ്ങേണ്ടിവരുന്നു.
5: കഴുത്തില്‍ നുകവുമായി ഞങ്ങള്‍ക്കു കഠിനാദ്ധ്വാനംചെയ്യേണ്ടിവരുന്നു. ഞങ്ങള്‍ ക്ഷീണിച്ചു തളര്‍ന്നു, ഞങ്ങള്‍ക്കു വിശ്രമമില്ല.
6: ആവശ്യത്തിനാഹാരം ലഭിക്കാന്‍, ഞങ്ങള്‍ക്ക് ഈജിപ്തിന്റെയും അസ്സീറിയായുടെയുംനേരേ കൈനീട്ടേണ്ടി വന്നു.
7: ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു; അവര്‍ മരിക്കുകയും ചെയ്തു. ഞങ്ങള്‍ അവരുടെ അകൃത്യങ്ങള്‍ വഹിക്കുന്നു.
8: അടിമകള്‍ ഞങ്ങളെ ഭരിക്കുന്നു. അവരുടെ കൈയില്‍നിന്നു ഞങ്ങളെ മോചിപ്പിക്കാനാരുമില്ല.
9: മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണന്‍ പണയംവച്ചാണു ഞങ്ങള്‍ അപ്പം നേടുന്നത്.
10: ക്ഷാമത്തിന്റെ പൊള്ളുന്ന ചൂടുകൊണ്ടു ഞങ്ങളുടെ തൊലി ചൂളപോലെ തപിക്കുന്നു.
11: സീയോനില്‍ സ്ത്രീകളും യൂദാനഗരങ്ങളില്‍ കന്യകമാരും അപമാനിതരായി.
12: പ്രഭുക്കന്മാരെ അവര്‍ തൂക്കിക്കൊന്നു. ശ്രേഷ്ഠന്മാരോട് ഒട്ടും ബഹുമാനംകാണിച്ചില്ല.
13: യുവാക്കന്മാര്‍ തിരികല്ലില്‍ പൊടിക്കാന്‍ നിര്‍ബ്ബന്ധിതരായി. ബാലന്മാര്‍ വിറകുചുമടിന്റെ ഭാരംകൊണ്ടു തളര്‍ന്നുവീഴുന്നു.
14: വൃദ്ധന്മാര്‍ നഗരകവാടങ്ങളുപേക്ഷിച്ചു. യുവാക്കന്മാര്‍ സംഗീതമാലപിക്കുന്നില്ല.
15: ഞങ്ങളുടെ ഹൃദയത്തിന്റെ സന്തോഷമവസാനിച്ചു. ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
16: ഞങ്ങളുടെ ശിരസ്സില്‍നിന്നു കിരീടം വീണുപോയി. ഞങ്ങള്‍ക്കു ദുരിതം! ഞങ്ങള്‍ പാപം ചെയ്തു.
17: ഞങ്ങളുടെ ഹൃദയം വിങ്ങുന്നു; ഞങ്ങളുടെ കണ്ണുകള്‍ മങ്ങി.
18: എന്തെന്നാല്‍, സീയോന്‍മല ശൂന്യമായിക്കിടക്കുന്നു. അവിടെ കുറുനരികള്‍ പതുങ്ങി നടക്കുന്നു.
19: എന്നാല്‍, കര്‍ത്താവേ, അങ്ങെന്നേയ്ക്കും വാഴുന്നു. അങ്ങയുടെ സിംഹാസനം തലമുറകളോളം നിലനില്‍ക്കുന്നു.
20: എന്തുകൊണ്ടാണ് അവിടുന്നു ഞങ്ങളെ എന്നേയ്ക്കുമായി മറന്നത്? എന്തുകൊണ്ടാണ് ഇത്രയേറെനാള്‍ ഞങ്ങളെ പരിത്യജിച്ചത്?
21: കര്‍ത്താവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിനു ഞങ്ങളെ അങ്ങയിലേയ്ക്കു തിരിക്കണമേ! ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ!
22: എന്തെന്നാല്‍, അവിടുന്നു ഞങ്ങളെ നിശ്ശേഷമുപേക്ഷിച്ചു. അവിടുന്നു ഞങ്ങളോട് അത്യധികം കോപിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ