ഇരുനൂറ്റിയിരുപത്തിയൊമ്പതാം ദിവസം: ജറെമിയ 39 - 43


അദ്ധ്യായം 39

ജറുസലെമിന്റെ പതനം
1: യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ ഒമ്പതാംവര്‍ഷം പത്താംമാസം ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ തന്റെ സൈന്യം മുഴുവനോടുംകൂടെ ജറുസലെം വളഞ്ഞു.
2: സെദെക്കിയായുടെ പതിനൊന്നാംവര്‍ഷം നാലാം മാസം ഒമ്പതാം ദിവസം കോട്ട ഭേദിക്കപ്പെട്ടു.
3: ജറുസലെം പിടിച്ചടക്കിയശേഷം ബാബിലോണ്‍രാജാവിന്റെ പ്രഭുക്കന്മാര്‍ - സിന്മാഗീറിലെ പ്രഭു നെര്‍ഗാല്‍ഷരേസര്‍, കൊട്ടാരം വിചാരിപ്പുകാരന്‍ നെബുഷാസ്ബാന്‍, അതിര്‍ത്തി സൈന്യത്തിന്റെ നായകന്‍ നെര്‍ഗാല്‍ഷരേസര്‍, എന്നിവരും മറ്റു സേവകന്മാരും - നഗരത്തിന്റെ മദ്ധ്യവാതില്‍ക്കല്‍ സമ്മേളിച്ചു.
4: അവരെക്കണ്ടപ്പോള്‍ സെദെക്കിയാരാജാവും യോദ്ധാക്കളും രാത്രിയില്‍ കൊട്ടാരത്തിന്റെ ഉദ്യാനത്തിലൂടെ രണ്ടു മതിലുകള്‍ക്കിടയിലുള്ള വാതിലുകള്‍കടന്ന്, അരാബായിലേക്കുള്ള വഴിയേ പലായനംചെയ്തു.
5: എന്നാല്‍ കല്‍ദായസൈന്യം അവരെ പിന്തുടര്‍ന്നു. ജറീക്കോസമതലത്തില്‍വച്ച് സെദെക്കിയായെവളഞ്ഞ്, തടവുകാരനാക്കി ഹമാത്തു പ്രദേശത്തു റിബ്‌ലായില്‍ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ
ടുക്കല്‍ കൊണ്ടുവന്നു. സെദെക്കിയായുടെമേല്‍ അവന്‍ വിധികല്പിച്ചു.
6: ബാബിലോണ്‍ രാജാവ് അവിടെവച്ച്, സെദെക്കിയാ കാണ്‍കെ അവന്റെ പുത്രന്മാരെയും പ്രഭുക്കന്മാരെയും വധിച്ചു.
7: സെദെക്കിയായുടെ കണ്ണുകള്‍ ചൂഴ്ന്നുകളഞ്ഞ്, ബാബിലോണിലേക്കു കൊണ്ടുപോകാന്‍ അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു.
8: കല്‍ദായര്‍ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും ചുട്ടെരിച്ചു. ജറുസലെംമതിലുകള്‍ ഇടിച്ചുതകര്‍ത്തു.
9: തന്റെയടുക്കല്‍ അഭയംപ്രാപിച്ചവരെയും നഗരത്തിലവശേഷിച്ചവരെയും സേനാനായകനായ നെബുസരദാന്‍ ബാബിലോണിലേക്കു നാടുകടുത്തി.
10: എന്നാല്‍, സ്വന്തമായി ഒന്നുമില്ലാതിരുന്ന കുറെ ദരിദ്രരെ യൂദാദേശത്തുതന്നെ അവന്‍ പാര്‍പ്പിച്ചു. അവര്‍ക്കു മുന്തിരിത്തോട്ടങ്ങളും വയലുകളും നല്‍കി.

ജറെമിയായുടെ മോചനം
11: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ സേനാനായകനായ നെബുസരദാനോടു ജറെമിയായെക്കുറിച്ച് ഇപ്രകാരം കല്പിച്ചു:
12: നീ അവനെക്കൊണ്ടുവന്നു പരിരക്ഷിക്കുക. അവനു യാതൊരുപദ്രവവും നേരിടരുത്. അവനാവശ്യപ്പെടുന്നതുപോലെ നീ അവനോടു വര്‍ത്തിച്ചുകൊള്ളണം.
13: അതനുസരിച്ച് ബാബിലോണ്‍രാജാവിന്റെ അംഗരക്ഷകനായ നെബുസരദാന്‍, കൊട്ടാരംവിചാരിപ്പുകാരനായ നെബുഷാസ്ബാന്‍, അതിര്‍ത്തിസൈന്യത്തിന്റെ നായകന്‍ നെര്‍ഗാല്‍ഷരേസര്‍ എന്നിവരും മറ്റു സേവകരുംചേര്‍ന്ന് ആളയച്ചു.
14: ജറെമിയായെ കാവല്‍പ്പുരത്തളത്തില്‍നിന്നു  വരുത്തി. അവനെ ഷാഫാന്റെ മകനായ അഹിക്കാമിന്റെ മകന്‍ ഗദാലിയായെ ഏല്പിച്ചു. അവന്‍ ജറെമിയായെ തന്റെ വീട്ടില്‍ക്കൊണ്ടുപോയി. അങ്ങനെ ജറെമിയാ ജനത്തിന്റെയിടയില്‍ വസിച്ചു.
15: കാവല്‍പ്പുരത്തളത്തില്‍ ബന്ധനസ്ഥനായിരുന്നപ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
16: നീ പോയി എത്യോപ്യാക്കാരന്‍ എബദ്‌മെലെക്കിനോടു പറയുക, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ പറഞ്ഞിരുന്നതുപോലെ നന്മയല്ല, തിന്മ ഈ നഗരത്തിന്റെമേല്‍ ഞാന്‍ വരുത്താന്‍ പോകുന്നു. നിന്റെ കണ്ണുകള്‍ അതു കാണും.
17: അന്നു നിന്നെ ഞാന്‍ രക്ഷിക്കുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. നീ ഭയപ്പെടുന്നവരുടെ കൈയില്‍, നിന്നെ ഞാന്‍ ഏല്പിച്ചു കൊടുക്കുകയില്ല.
18: ഞാന്‍ നിന്നെ നിശ്ചയമായും രക്ഷിക്കും. നീ വാളിനിരയാവുകയില്ല. യുദ്ധസമ്മാനമായി നിന്റെ ജീവന്‍ സംരക്ഷിക്കപ്പെടും. എന്തെന്നാല്‍, നീ എന്നിലാശ്രയിച്ചു - കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 40

ഗദാലിയാ ഭരണാധിപന്‍
1: ജറുസലെമില്‍നിന്നും യൂദായില്‍നിന്നും ചങ്ങലകളാല്‍ബന്ധിച്ച്, ബാബിലോണിലേക്ക് അടിമകളായിക്കൊണ്ടുപോയവരുടെ ഇടയില്‍നിന്ന്, ജറെമിയായെ റാമായില്‍വച്ച് സേനാനായകനായ നെബുസരദാന്‍ സ്വതന്ത്രനാക്കി. അപ്പോള്‍ ജറെമിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
2: സേനാനായകന്‍ ജറെമിയായെ വിളിച്ചുപറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവ് ഈ സ്ഥലത്തിനെതിരേ ഈ അനര്‍ത്ഥങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. താന്‍ അരുളിച്ചെയ്തതുപോലെ കര്‍ത്താവ് എല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു.
3: നിങ്ങള്‍ കര്‍ത്താവിനെതിരേ പാപം ചെയ്യുകയും അവിടുത്തെ വചനങ്ങള്‍ അവഗണിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം നിങ്ങളുടെമേല്‍ വന്നുഭവിച്ചത്.
4: ഇതാ, നിന്റെ കൈകളില്‍നിന്നു ഞാന്‍ ചങ്ങലയഴിച്ചുമാറ്റുന്നു. എന്നോടുകൂടെ ബാബിലോണിലേക്കു പോരാന്‍ ഇഷ്ടമെങ്കില്‍ വരുക. ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം. ഇഷ്ടമില്ലെങ്കില്‍ പോരേണ്ടാ. ഇതാ, ദേശം മുഴുവന്‍ നിന്റെ മുമ്പില്‍, ഇഷ്ടമുള്ളിടത്തേക്കു പോകാം.
5: ഇവിടെത്തന്നെ പാര്‍ക്കുന്നെങ്കില്‍ യൂദായിലെ പട്ടണങ്ങളുടെ ഭരണാധിപനായി ബാബിലോണ്‍രാജാവു നിയമിച്ച ഷാഫാന്റെ മകനായ അഹിക്കാമിന്റെ മകന്‍ ഗദാലിയായുടെ അടുത്തേക്കുപോയി അവനോടൊപ്പം ജനത്തിന്റെയിടയില്‍ വസിക്കുക. അല്ലെങ്കില്‍ ഉചിതമെന്നു തോന്നുന്നിടത്തേക്കു പൊയ്‌ക്കൊള്ളുക. നെബുസരദാന്‍ ഭക്ഷണവും സമ്മാനവും നല്‍കി അവനെ യാത്രയാക്കി.
6: ജറെമിയാ മിസ്പായില്‍ അഹിക്കാമിന്റെ മകന്‍ ഗദാലിയായുടെ അടുത്തേക്കു പോയി. ദേശത്ത് അവശേഷിച്ചിരുന്ന ജനത്തിന്റെയിടയില്‍ അവനോടുകൂടെ വസിച്ചു.
7: ബാബിലോണ്‍രാജാവ്, അഹിക്കാമിന്റെ പുത്രന്‍ ഗദാലിയായെ ദേശത്തിന്റെ ഭരണാധികാരിയാക്കിയെന്നും ബാബിലോണിലേക്കു നാടുകടത്താതെ ദേശത്ത് അവശേഷിച്ച പാവപ്പെട്ട സ്ത്രീപുരുഷന്മാരെയും കുട്ടികളെയും അവനെ ഭരമേല്പിച്ചുവെന്നും നാട്ടിന്‍പുറത്തുണ്ടായിരുന്ന പടത്തലവന്മാരും അവരുടെ ആളുകളും അറിഞ്ഞു.
8: നെത്താനിയായുടെ പുത്രന്‍ ഇസ്മായേല്‍, കരേയായുടെ പുത്രന്‍ യോഹനാന്‍, തന്‍ഹുമേത്തിന്റെ പുത്രന്‍ സെരായാ, നെത്തോഫാത്യനായ എഫായിയുടെ പുത്രന്മാര്‍, മക്കാത്ത്യനായ യസാനിയാ എന്നിവര്‍ തങ്ങളുടെ ആളുകളോടൊപ്പം മിസ്പായില്‍ ഗദാലിയായുടെ അടുത്തേക്കു ചെന്നു.
9: ഷാഫാന്റെ മകനായ അഹിക്കാമിന്റെ പുത്രന്‍ ഗദാലിയാ അവരോടു ശപഥംചെയ്തു പറഞ്ഞു: കല്‍ദായര്‍ക്കു കീഴ്‌പ്പെട്ടിരിക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ. ദേശത്തു വസിച്ചുകൊണ്ടു ബാബിലോണ്‍രാജാവിനു സേവനം ചെയ്യുക. അതു നിങ്ങള്‍ക്കു നന്മയായി ഭവിക്കും.
10: ഇങ്ങോട്ടുവരുന്ന കല്‍ദായരുടെ മുമ്പില്‍ നിങ്ങളെ പ്രതിനിധീകരിക്കാന്‍ ഞാന്‍ മിസ്പായില്‍ വസിക്കും. എന്നാല്‍, നിങ്ങള്‍ വീഞ്ഞും വേനല്‍ക്കാലഫലങ്ങളും എണ്ണയും പാത്രങ്ങളില്‍ ശേഖരിച്ച്, നിങ്ങള്‍ കൈവശമാക്കിയ നഗരങ്ങളില്‍ വസിക്കുവിന്‍.
11: മൊവാബിലും അമ്മോന്യരുടെയും ഏദോമ്യരുടെയുമിടയിലും മറ്റു ദേശങ്ങളിലുമുണ്ടായിരുന്ന യഹൂദരും ബാബിലോണിലെ രാജാവു യൂദായില്‍ കുറേപ്പേരെ അവശേഷിപ്പിച്ചിട്ടുണ്ടെന്നും ഷാഫാന്റെ മകനായ അഹിക്കാമിന്റെ പുത്രന്‍ ഗദാലിയായെ അവരുടെ ഭരണാധിപനായി നിയമിച്ചുവെന്നുംകേട്ടു.
12: ഇതരദേശങ്ങളിലേക്ക് ഓടിപ്പോയ യഹൂദര്‍ അവിടെനിന്നു യൂദായിലേക്ക്, മിസ്പായില്‍ ഗദാലിയായുടെ അടുത്തു മടങ്ങിവന്നു. അവര്‍ വീഞ്ഞും ഫലങ്ങളും സമൃദ്ധമായി ശേഖരിച്ചു.

ഗദാലിയാ വധിക്കപ്പെടുന്നു
13: ഒരിക്കല്‍ കരേയായുടെ പുത്രന്‍ യോഹനാനും നാട്ടിന്‍പുറത്തുണ്ടായിരുന്ന പടത്തലവന്മാരും മിസ്പായില്‍ ഗദാലിയായുടെ അടുത്തു വന്നു.
14: അമ്മോന്യരുടെ രാജാവായ ബാലിസ് നിന്നെ വധിക്കാന്‍ നെത്താനിയായുടെ പുത്രന്‍ ഇസ്മായേലിനെ അയച്ചിരിക്കുന്നതു നീയറിഞ്ഞോയെന്ന് അവര്‍ ചോദിച്ചു. എന്നാല്‍ അഹിക്കാമിന്റെ പുത്രന്‍ ഗദാലിയാ അതു വിശ്വസിച്ചില്ല.
15: അപ്പോള്‍ കരേയായുടെ പുത്രന്‍ യോഹനാന്‍ മിസ്പായില്‍വച്ചു ഗദാലിയായോടു രഹസ്യമായി സംസാരിച്ചു: ഞാന്‍ പോയി നെത്താനിയായുടെ മകന്‍ ഇസ്മായേലിനെക്കൊല്ലാം; ആരുമറിയുകയില്ല. അവന്‍ നിന്നെ വധിക്കുകയും നിന്റെയടുക്കല്‍ കൂടിയിരിക്കുന്ന യഹൂദരെ ചിതറിക്കുകയും യൂദായില്‍ അവശേഷിക്കുന്നവരെ നശിപ്പിക്കുകയുംചെയ്യുന്നതെന്തിന്?
16: എന്നാല്‍ അഹിക്കാമിന്റെ പുത്രന്‍ അവനോടു പറഞ്ഞു: അരുത്, നീ ഇസ്മായേലിനെപ്പറ്റി പറയുന്നതെല്ലാം വ്യാജമാണ്.

അദ്ധ്യായം 41

1: അതേ വര്‍ഷം, ഏഴാംമാസം എലിഷാമായുടെ മകനായ നെത്താനിയായുടെ പുത്രനും രാജവംശജനും രാജാവിന്റെ സേവകപ്രമുഖരില്‍ ഒരുവനുമായ ഇസ്മായേല്‍ പത്ത് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്പായില്‍ അഹിക്കാമിന്റെ പുത്രന്‍ ഗദാലിയായുടെ അടുത്തു ചെന്നു.
2: അവര്‍ ഒരുമിച്ചു ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇസ്മായേലും കൂടെയുണ്ടായിരുന്ന പത്തുപേരും എഴുന്നേറ്റ് ഷാഫാന്റെ പുത്രനായ അഹിക്കാമിന്റെ പുത്രനും ബാബിലോണ്‍രാജാവു ദേശത്തിന്റെ ഭരണാധികാരിയായി നിയമിച്ചവനുമായ ഗദാലിയായെ വാള്‍കൊണ്ടു വധിച്ചു.
3: ഗദാലിയായോടൊപ്പം അവിടെയുണ്ടായിരുന്ന എല്ലാ യഹൂദരെയും കല്‍ദായയോദ്ധാക്കളെയും ഇസ്മായേല്‍ സംഹരിച്ചു.
4: ഗദാലിയായെ വധിച്ചതിന്റെ പിറ്റേദിവസം, അതു പരസ്യമാകുന്നതിനുമുമ്പ്
5: ഷെക്കെം, ഷീലോ, സമരിയാ എന്നിവിടങ്ങളില്‍നിന്ന് എണ്‍പതു പുരുഷന്മാര്‍ മുഖം ക്ഷൗരംചെയ്തും വസ്ത്രങ്ങള്‍ കീറിയും ശരീരത്തില്‍ മുറിവേല്പിച്ചും കര്‍ത്താവിന്റെ ആലയത്തില്‍ കാഴ്ചകളും ധൂപവും സമര്‍പ്പിക്കാന്‍ വന്നു.
6: നെത്താനിയായുടെ പുത്രന്‍ ഇസ്മായേല്‍ മിസ്പായില്‍നിന്ന് അവരെ എതിരേല്‍ക്കാന്‍ വിലപിച്ചുകൊണ്ടുവന്നു. അവരെക്കണ്ടപ്പോള്‍ അഹിക്കാമിന്റെ പുത്രനായ ഗദാലിയായുടെ അടുത്തേക്കു വരുവിന്‍ എന്നു പറഞ്ഞു.
7: അവര്‍ നഗരത്തിലെത്തിയപ്പോള്‍ നെത്താനിയായുടെ മകന്‍ ഇസ്മായേലും കൂടെ ഉണ്ടായിരുന്നവരുംചേര്‍ന്ന് അവരെ വധിച്ച്, ഒരു കിണറ്റിലെറിഞ്ഞുകളഞ്ഞു.
8: എന്നാല്‍, അവരില്‍ പത്തുപേര്‍ ഇസ്മായേലിനോട്, ഞങ്ങളെ കൊല്ലരുത്, ഞങ്ങള്‍ ഗോതമ്പ്, ബാര്‍ലി, എണ്ണ, തേന്‍ എന്നിവ സംഭരിച്ച് വയലില്‍ ഒളിച്ചുവച്ചിട്ടുണ്ട് എന്നു പറഞ്ഞു. അതിനാല്‍ അവന്‍ അവരെ മറ്റുള്ളവരോടൊപ്പം വധിച്ചില്ല.
9: ഇസ്മായേല്‍ കൊന്നവരുടെ ശരീരങ്ങള്‍ വലിച്ചെറിയപ്പെട്ട കിണര്‍, ഇസ്രായേല്‍രാജാവായ ബാഷായെ ഭയന്ന്, ആസാരാജാവു സ്വരക്ഷയ്ക്കുവേണ്ടി നിര്‍മ്മിച്ചതായിരുന്നു. നെത്താനിയായുടെ മകനായ ഇസ്മായേല്‍ അതു മൃതദേഹങ്ങള്‍കൊണ്ടു നിറച്ചു.
10: അതിനുശേഷം അവന്‍ മിസ്പായില്‍ അവശേഷിച്ച എല്ലാവരെയും - രാജകുമാരികളെയും, സേനാനായകനായ നെബുസരദാന്‍ അഹിക്കാമിന്റെ മകനായ ഗദാലിയായെ ഏല്‍പ്പിച്ചവരില്‍ അവശേഷിച്ചവരെയും- തടവുകാരാക്കി അമ്മോന്യരുടെയടുക്കലേക്കു പുറപ്പെട്ടു.
11: നെത്താനിയായുടെ മകന്‍ ഇസ്മായേല്‍ വരുത്തിവച്ച അനര്‍ത്ഥങ്ങള്‍ കരേയായുടെ മകന്‍ യോഹനാനും പടത്തലവന്മാരുമറിഞ്ഞു.
12: അവര്‍ യോദ്ധാക്കളെയുംകൂട്ടി ഇസ്മായേലിനെതിരേ പുറപ്പെട്ടു; ഗിബയോനിലുള്ള വലിയ കുളത്തിനരികേവച്ച് അവനുമായി ഏറ്റുമുട്ടി.
13: കരേയായുടെ പുത്രനായ യോഹനാനെയും പടത്തലവന്മാരെയും കണ്ടപ്പോള്‍ ഇസ്മായേലിന്റെ കൂടെയുണ്ടായിരുന്നവര്‍ അത്യധികം സന്തോഷിച്ചു.
14: മിസ്പായില്‍നിന്നു തടവുകാരായിക്കൊണ്ടുപോയ എല്ലാവരും ഇസ്മായേലിനെവിട്ട് കരേയായുടെ മകന്‍ യോഹനാനോടു ചേര്‍ന്നു.
15: എന്നാല്‍, ഇസ്മായേല്‍ എട്ടുപേരോടൊപ്പം യോഹനാനില്‍നിന്നു രക്ഷപെട്ട്, അമ്മോന്യരുടെയടുത്തേക്ക് ഓടിപ്പോയി.
16: ഗദാലിയായെ വധിച്ചതിനുശേഷം ഇസ്മായേല്‍ മിസ്പായില്‍നിന്നു തടവുകാരായി കൊണ്ടുവന്ന യോദ്ധാക്കളെയും സ്ത്രീകളെയും കുട്ടികളെയും ഷണ്ഡന്മാരെയും യോഹനാനും പടത്തലവന്മാരും കൂട്ടിക്കൊണ്ടുപോയി.
17: അവര്‍ ബേത്‌ലെഹെമിനു സമീപം കിംഹാം താവളത്തില്‍ താമസിച്ചു. ഈജിപ്തിലേക്കു രക്ഷപെടുകയായിരുന്നു അവരുടെ ലക്ഷ്യം.
18: ദേശത്തെ ഭരണാധികാരിയായി ബാബിലോണ്‍ രാജാവു നിയമിച്ച ഗദാലിയായെ ഇസ്മായേല്‍ വധിച്ചതിനാല്‍ അവര്‍ കല്‍ദായരെ ഭയപ്പെട്ടു.

അദ്ധ്യായം 42

ഈജിപ്തിലേക്കു പലായനം 

1: പടത്തലവന്മാരും കരേയായുടെ മകന്‍ യോഹനാനും ഹോഷായായുടെ മകന്‍ അസറിയായും വലിപ്പച്ചെറുപ്പമെന്നിയേ സകലജനവുംവന്ന്, 
2: ജറെമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടെ അപേക്ഷകേട്ടാലും. അവശേഷിച്ചിരിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി നിന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക. വലിയ ജനമായിരുന്ന ഞങ്ങളില്‍ കുറച്ചുപേര്‍മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു നീ കാണുന്നുവല്ലോ. 
3: ഞങ്ങള്‍ ചരിക്കേണ്ട മാര്‍ഗ്ഗവും ചെയ്യേണ്ട കാര്യങ്ങളും നിന്റെ ദൈവമായ കര്‍ത്താവു ഞങ്ങള്‍ക്കു കാണിച്ചുതരുമാറാകട്ടെ. 
4: ജറെമിയാ അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുടെ അഭ്യര്‍ത്ഥനയനുസരിച്ച്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു ഞാന്‍ പ്രാര്‍ത്ഥിക്കാം. അവിടുന്നു നല്കുന്ന മറുപടി നിങ്ങളെയറിയിക്കാം; ഒന്നും മറച്ചുവയ്ക്കുകയില്ല. 
5: അവര്‍ ജറെമിയായോടു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവു നീ വഴി കല്പിക്കുന്നതെല്ലാം ഞങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അവിടുന്നുതന്നെ ഞങ്ങള്‍ക്കെതിരേ സത്യസന്ധനും വിശ്വസ്തനുമായ സാക്ഷിയായിരിക്കട്ടെ. 
6: നമ്മുടെ ദൈവമായ കര്‍ത്താവിന്റെയടുത്തേക്ക് ഞങ്ങള്‍ നിന്നെയയയ്ക്കുന്നു. അവിടുത്തെ കല്പന ഗുണമോ ദോഷമോ ആകട്ടെ, ഞങ്ങളനുസരിക്കും. നമ്മുടെ ദൈവമായ കര്‍ത്താവിന്റെ കല്പനയനുസരിച്ചാല്‍ ഞങ്ങള്‍ക്കു ശുഭംഭവിക്കും. 
7: പത്തുദിവസം കഴിഞ്ഞ്, ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടു ലഭിച്ചു. 
8: അവന്‍ കരേയായുടെ മകനായ യോഹനാനെയും പടത്തലവന്മാരെയും വലിപ്പച്ചെറുപ്പമെന്നിയേ സകലജനത്തെയും വിളിച്ചുകൂട്ടി. 
9: അവന്‍ അവരോടു പറഞ്ഞു: ആരുടെ അടുക്കല്‍ നിങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ നിങ്ങളെന്നെ അയച്ചുവോ ഇസ്രായേലിന്റെ ദൈവമായ ആ കര്‍ത്താവരുളിച്ചെയ്യുന്നു: 
10: നിങ്ങള്‍ ഈ ദേശത്തുതന്നെ വസിച്ചാല്‍ ഞാന്‍ നിങ്ങളെ പണിതുയര്‍ത്തും; ഇടിച്ചുതകര്‍ക്കുകയില്ല. ഞാന്‍ നിങ്ങളെ നട്ടുവളര്‍ത്തും; പിഴുതുകളയുകയില്ല. എന്തെന്നാല്‍, നിങ്ങള്‍ക്കു വരുത്തിയ അനര്‍ത്ഥങ്ങളെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു. 
11: നിങ്ങള്‍ ഭയപ്പെട്ടിരുന്ന ബാബിലോണ്‍രാജാവിനെ ഇനി നിങ്ങള്‍ ഭയപ്പെണ്ടോ. കര്‍ത്താവരുളിച്ചെയ്യുന്നു: അവനെ നിങ്ങള്‍ പേടിക്കേണ്ടാ. ഞാന്‍ നിങ്ങളുടെകൂടെയുണ്ട്. ഞാന്‍ നിങ്ങളെ അവനില്‍നിന്നു മോചിപ്പിക്കും. 
12: ഞാന്‍ നിങ്ങളോടു കാരുണ്യംകാണിക്കും. അങ്ങനെ അവന്‍ നിങ്ങളോടു ദയാപൂര്‍വ്വം പെരുമാറുകയും നിങ്ങളുടെ ദേശത്തുതന്നെ വസിക്കാന്‍ നിങ്ങളെയനുവദിക്കുകയും ചെയ്യും. 
13: എന്നാല്‍, ഞങ്ങള്‍ ഈദേശത്തു വസിക്കുകയില്ല, കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുകയുമില്ല. 
14: ഞങ്ങള്‍ ഈജിപ്തിലേക്കുപോയി അവിടെ വസിക്കും, അവിടെ യുദ്ധമോ യുദ്ധകാഹളമോ ഇല്ല, ക്ഷാമം ഉണ്ടാവുകയുമില്ല എന്നു നിങ്ങള്‍ പറഞ്ഞാല്‍, 
15: യൂദായിലവശേഷിച്ചിരിക്കുന്നവരേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിലേക്കു പോയി, അവിടെ വസിക്കാനാണു നിങ്ങളുറച്ചിരിക്കുന്നതെങ്കില്‍, 
16: നിങ്ങള്‍ ഭയപ്പെടുന്ന വാള്‍ ഈജിപ്തില്‍വച്ച് നിങ്ങളുടെമേല്‍പ്പതിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം നിങ്ങളെ വേട്ടയാടും; അവിടെവച്ചു നിങ്ങള്‍ മരിക്കും. 
17: ഈജിപ്തിലേക്കു പോയി അവിടെ വസിക്കാന്‍ തീരുമാനിക്കുന്ന സകലരും അവിടെവച്ച്, വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംമൂലം മരിക്കും. ഞാന്‍വരുത്തുന്ന അനര്‍ത്ഥങ്ങളില്‍നിന്ന് ആരും രക്ഷപെടുകയില്ല, ആരുമവശേഷിക്കുകയില്ല. 
18: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ജറുസലെംനിവാസികളുടെമേല്‍ എന്റെ കോപവും ക്രോധവും നിപതിച്ചതുപോലെ, ഈജിപ്തിലേക്കു പോകുന്ന നിങ്ങളുടെമേലും എന്റെ ക്രോധം ഞാന്‍ വര്‍ഷിക്കും. നിങ്ങള്‍ ശാപത്തിനും വിഭ്രാന്തിക്കുമിരയാകും. നിന്ദയ്ക്കും പരിഹാസത്തിനും പാത്രമാകും. ഇവിടം ഇനിയൊരിക്കലും നിങ്ങള്‍ കാണുകയില്ല. 
19: യൂദായിലവശേഷിക്കുന്നവരേ, നിങ്ങള്‍ ഈജിപ്തിലേക്കു പോകരുതെന്നു കര്‍ത്താവു കല്പിക്കുന്നു. സംശയിക്കേണ്ടാ, വ്യക്തമായ മുന്നറിയിപ്പു നിങ്ങള്‍ക്കു ഞാന്‍ തന്നിരിക്കുന്നു. 
20: നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, അവിടുന്നു പറയുന്നതെല്ലാം ഞങ്ങളെയറിയിക്കുക, ഞങ്ങളനുസരിച്ചുകൊള്ളാം എന്നു പറഞ്ഞ്, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെയടുക്കലേക്ക് എന്നെയയച്ചപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മാരകമായി വഞ്ചിക്കുകയായിരുന്നു. 
21: ഇന്നു ഞാന്‍ എല്ലാക്കാര്യങ്ങളും നിങ്ങളെ വ്യക്തമായറിയിച്ചു. എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കു നിങ്ങള്‍ ചെവിക്കൊണ്ടില്ല. നിങ്ങളെയറിയിക്കാന്‍ അവിടുന്നെന്നെയേല്പിച്ച ഒരു കാര്യവും നിങ്ങളനുസരിച്ചില്ല. 
22: ആകയാല്‍, നിങ്ങള്‍ചെന്നു വസിക്കാനാഗ്രഹിക്കുന്ന ദേശത്തുവച്ച്, വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ടു നിങ്ങള്‍ മരിക്കുമെന്ന് ഉറച്ചുകൊള്ളുവിന്‍.

അദ്ധ്യായം 43

1: ദൈവമായ കര്‍ത്താവു പറയാനേല്പിച്ച കാര്യങ്ങള്‍ ജറെമിയാ ജനത്തെയറിയിച്ചു. 
2: അപ്പോള്‍ ഹോഷായായുടെ മകന്‍ അസറിയായും കരേയായുടെ മകന്‍ യോഹനാനും അഹങ്കാരികളായ മറ്റുള്ളവരോടുചേര്‍ന്നു ജറെമിയായോടു പറഞ്ഞു: നീ വ്യാജമാണു പറയുന്നത്. ഈജിപ്തില്‍ വസിക്കാന്‍പോകരുതെന്നു പറയാന്‍ നമ്മുടെ ദൈവമായ കര്‍ത്താവു നിന്നെയയച്ചിട്ടില്ല. 
3: ഞങ്ങള്‍ കല്‍ദായരുടെ കൈകളിലകപ്പെട്ടു വധിക്കപ്പെടുന്നതിനോ അവര്‍ ഞങ്ങളെ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോകുന്നതിനോവേണ്ടി നേരിയായുടെ മകന്‍ ബാറൂക്ക് നിന്നെ പ്രേരിപ്പിക്കുന്നു. 
4: യൂദാദേശത്തു വസിക്കണമെന്നുള്ള കര്‍ത്താവിന്റെ കല്പന കരേയായുടെ മകന്‍ യോഹനാനും പടത്തലവന്മാരും ജനവുമനുസരിച്ചില്ല. 
5: ജനത്തിന്റെയിടയില്‍ ചിതറിപ്പോയതിനുശേഷവും 
6: വീണ്ടും യൂദാദേശത്തു താമസിക്കാന്‍ തിരിച്ചെത്തിയ യൂദായുടെ അവശിഷ്ടവിഭാഗത്തെ - പുരുഷന്മാര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, രാജകുമാരിമാര്‍, സേനാധിപനായ നെബുസരദാന്‍, ഷാഫാന്റെ മകനായ അഹിക്കാമിന്റെ മകന്‍ ഗദാലിയായെ ഏല്പിച്ചിരുന്നവര്‍ എന്നിവരെയും ജറെമിയാപ്രവാചകനെയും നേരിയായുടെ മകന്‍ ബാറൂക്കിനെയും കരേയായുടെ മകന്‍ യോഹനാനും പടത്തലവന്മാരും ഈജിപ്തിലേക്കു കൊണ്ടുപോയി. 
7: അവര്‍ കര്‍ത്താവിന്റെ വാക്കുകേള്‍ക്കാതെ ഈജിപ്തില്‍ തഹ്പന്‍ഹെസില്‍ എത്തി. 
8: കര്‍ത്താവു ജറെമിയായോടു തഹ്പന്‍ഹെസില്‍വച്ച് അരുളിച്ചെയ്തു: 
9: നീ വലിയ കല്ലുകളെടുത്ത്, യൂദായിലെ ആളുകള്‍ കാണ്‍കേ തഹ്പന്‍ഹെസില്‍ ഫറവോയുടെ കൊട്ടാരത്തിന്റെ പടിവാതില്‍ക്കലുള്ള കല്‍പ്പടവിലെ കളിമണ്ണില്‍ പൂഴ്ത്തിവയ്ക്കുക. 
10: അനന്തരം അവരോടു പറയണം: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ദാസനായ ബാബിലോണ്‍രാജാവു നബുക്കദ് നേസറിനെ ഞാനിവിടെ വിളിച്ചുവരുത്തും. ഞാന്‍ ഒളിച്ചുവച്ച കല്ലുകളിന്മേല്‍ അവന്‍ തന്റെ സിംഹാസനമുറപ്പിക്കും. അവയുടെമേല്‍ തന്റെ രാജകീയവിതാനം വിരിക്കും. 
11: അവന്‍ വന്ന് ഈജിപ്തിനെ തോല്പിക്കും. പകര്‍ച്ചവ്യാധിക്കു വിധിക്കപ്പെട്ടവരെ പകര്‍ച്ചവ്യാധിക്കും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനുമേല്പിക്കും. 
12: ഈജിപ്തിലെ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ക്ക്, അവന്‍ തീവയ്ക്കും. ദേവന്മാരെ ചുട്ടു ചാമ്പലാക്കുകയോ കൊള്ളയടിക്കുകയോ ചെയ്യും. ഇടയന്‍ തന്റെ കമ്പിളിയില്‍നിന്നു കീടങ്ങളെ അകറ്റുന്നതുപോലെ ഈജിപ്തുദേശത്തെ അവന്‍ ശുദ്ധീകരിക്കും. എന്നിട്ടു നിര്‍ബ്ബാധം അവിടെനിന്നുപോകും. 
13: അവന്‍ ഈജിപ്തിലെ സൂര്യക്ഷേത്രത്തിന്റെ സ്തൂപങ്ങള്‍ തകര്‍ക്കും. അവരുടെ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ അഗ്നിക്കിരയാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ